നമ്മുടെ യൗവ്വനങ്ങള്‍ക്ക് സംഭവിക്കുന്നത്
നമ്മുടെ ചെറുപ്പക്കാര്‍ ആരെയും ഒന്നിനെയും ഭയക്കാതെ ജീവിക്കുന്നവരാവുകയാണ്. അച്ഛനമ്മമാര്‍,ഗുരുക്കന്മാര്‍, നേതാക്കള്‍, പോലീസ്, നീതി-ന്യായ വ്യവസ്ഥ, എല്ലാറ്റിനോടും അവന്‍ കലഹിക്കുകയാണ്, അതല്ലെങ്കില്‍ അവരുടെ മനസില്‍ രൂപപ്പെടുന്ന ഐക്കണുകള്‍ ക്രിമിനല്‍ സ്വഭാവമുള്ളവരോ ക്രിമിനലുകളോ ആയി മാറുകയാണ്. മാനസിക രോഗികളും മയക്കുമരുന്നിനടിമകളുമായ യുവാക്കള്‍ വര്‍ദ്ധിക്കുന്നു. ഇന്റര്‍നെറ്റിന്റെ വേഗതയ്‌ക്കൊപ്പം വാഹനമോടിക്കുകയും നെറ്റ് കിട്ടാത്തപ്പോള്‍ അടുത്തു കാണുന്ന എന്തും നശിപ്പിക്കുകയോ മനോനില തെറ്റിയപോലെ പെരുമാറുകയോ ചെയ്യുന്നവരായി അവര്‍ മാറുകയാണ്. ഇതിന്റെ മറ്റൊരു തരം മനോനിലയാണ് കണ്ണൂരിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്നത്. അവരുടെ ഈഗോയ്ക്ക് ക്ഷതമേറ്റാല്‍ അത് എതിരാളിയെ കൊലചെയ്യുന്നതിലേക്കാണ് നയിക്കുന്നത്. ഇത്തരം ദുരൂഹതകള്‍ നിറഞ്ഞ ഗ്രാമങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ കേട്ടിട്ടുണ്ടെങ്കിലും അതിശയോക്തി എന്നു വിശ്വസിക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ അതിദാരുണമായ കൊലകള്‍ കണ്ണൂരും കാസര്‍ഗോഡുമൊക്കെ നടക്കുമ്പോള്‍ ഈ ഭാഗത്തൊക്കെയുളള നന്മ നിറഞ്ഞ അനേകം മനുഷ്യരെ അന്യ സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളില്‍ കണ്ടത് ഓര്‍ക്കും. ഒരു പക്ഷെ സൗമ്യ മുഖവും മനസുമുള്ളവര്‍ അവിടെനിന്നും പലായനം ചെയ്തതാണോ എന്നുപോലും ചിന്തിച്ചു പോകാറുണ്ട്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും സമാനതകളില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ തോട്ടടയില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശ് പോലെ ക്രിമിനലുകളുടെ തേര്‍വാഴ്ചയുളള ഇടങ്ങളില്‍ ജന്മിമാരും ഗുണ്ടകളും ആളുകളെ തോക്കിനിരയാക്കുന്നത് നമ്മള്‍ വായിക്കാറുണ്ട്. അടുത്ത കാലത്ത് കര്‍ഷകരെ കൊല ചെയ്ത മന്ത്രിപുത്രനെതിരെ ഒക്കെ നമ്മള്‍ അനേകദിവസം പ്രതിഷേധിക്കയുണ്ടായി. കര്‍ഷകരുടെ മരണത്തിന്റെ ഷോക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. അപ്പോഴാണ് ഓര്‍ക്കുമ്പോള്‍ പോലും അറപ്പും ദുഖവും ഉദ്യോതിപ്പിക്കുന്ന സംഭവം കണ്ണിന് മുന്നില്‍ വരുന്നത്. ശിരസ് ചിതറിപോയ ഒരു യുവാവ്. അത് വാഹനം ഇടിച്ചിട്ടോ വെടിയേറ്റിട്ടോ ആള്‍ക്കൂട്ടത്തിന്റെ കല്ലേറ് ഏറ്റിട്ടോ അല്ല, അവനുള്‍പ്പെടുന്ന ഒരു സംഘം രാത്രിയുടെ ഇരുട്ടില്‍ തയ്യാറാക്കിയ ബോംബ് മറ്റൊരു കൂട്ടരെ ലക്ഷ്യമാക്കി അവന്റെ സുഹൃത്ത് എറിയുമ്പോള്‍ ആകസ്മികമായി അവന്റെ തലയില്‍ പതിക്കുകയാണ്.
ഇനി എന്തിനായിരുന്നു ബോംബ് ഉണ്ടാക്കിയത് എന്നു നോക്കാം. സുഹൃത്തുക്കളില്‍ ഒരുവന്റെ വിവാഹം നടക്കുകയാണ്. തലേദിവസം രണ്ട് സ്ഥലത്തു നിന്നായി സുഹൃത്തുക്കളുടെ സംഘം അവന്റെ വീട്ടിലെത്തുന്നു. ആഘോഷത്തിന്റെ ഭാഗമായി രണ്ടുകൂട്ടരും മദ്യപാനമോ ലഹരി ഉപയോഗമോ നടത്തിയിട്ടുണ്ടാകാം. ഏതായാലും നിസാരമായ കാര്യങ്ങള്‍ക്കായി കശപിശയും ചെറിയ തോതില്‍ അടിപിടിയുമുണ്ടാകുന്നു. അടിപിടിയില്‍ പരാജിതരാകയവരാകണം കോര്‍പ്പറേഷനിലെ ചവര്‍ നിക്ഷേപകേന്ദ്രത്തില്‍ സംഘടിച്ച് പടക്കവും സ്‌ഫോടകവസ്തുക്കളും ചേര്‍ത്ത് ബോംബ് നിര്‍മ്മിച്ചത്. രണ്ട് ബോംബുകള്‍ തയ്യാറാക്കി ഒന്ന് പരീക്ഷിച്ച് വിജയം ഉറപ്പാക്കിയശേഷമായിരുന്നു രാവിടെ വിവാഹത്തിനായി പുറപ്പെട്ടത് എന്നും പറയപ്പെടുന്നു. നേരത്തെ ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം സിദ്ധിച്ച ഒരാളെങ്കിലും ആ കൂട്ടത്തിലുണ്ട് എന്നു വ്യക്തം.
തെയ്യം കെട്ടിയാടുന്ന അതേ സ്പിരിറ്റോടെ പടക്കം പൊട്ടിച്ചും അലങ്കാരവസ്തുക്കള്‍ വാരിയെറിഞ്ഞും ഒരേ തരം വസ്ത്രം ധരിച്ച് ആഹ്ലാദത്തോടെ വിവാഹപാര്‍ട്ടിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പകയുടെ അഗ്നിനാളങ്ങളായിരുന്നു അവരുടെ ഉള്ളില്‍. സുഹൃത്തിന്റെ വിവാഹമാണ്, എല്ലാവരും വേണ്ടപ്പെട്ടവരാണ്, ചടങ്ങ് അലങ്കോലമാകരുത് എന്നൊന്നുമുള്ള പോസിറ്റീവായ ചിന്തകള്‍ അവരുടെ ഉള്ളില്‍ ഉണ്ടാകുന്നില്ല. തങ്ങളുടെ ഈഗോ ഹര്‍ട്ടു ചെയ്ത സംഘത്തെ അടുത്തു കിട്ടുന്ന നിമിഷം ബോംബ് എറിയുക എന്ന ഏക ലക്ഷ്യത്തോടെയാണവര്‍ നീങ്ങുന്നത്. അതുവഴി വളരെ സാധാരണക്കാരായ പലരും മരിച്ചേക്കാം, പലര്‍ക്കും പരുക്കു പറ്റിയേക്കാം എന്നൊന്നും ചിന്തിക്കാന്‍ കഴിയാത്തവിധം തല മരവിച്ചവര്‍. ജീവിക്കാന്‍ വേണ്ടി കുപ്പായമിട്ട സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തുന്ന നക്‌സലുകളുടെ അതേ വികാരമാണ്, പൊതുഇടങ്ങളില്‍ ബോംബുവച്ച് സാധാരണക്കാരെ കൊല ചെയ്യുന്ന തീവ്രവാദികളുടെ അതേ വികാരമാണ് ഈ യുവാക്കളെ അപ്പോള്‍ ഭരിക്കുന്നത്. തങ്ങളുടെ ശത്രുവിനെ, അതും ആദര്‍ശത്തിന്റെയോ മതവികാരത്തിന്റെയോ മറ്റെന്തെങ്കിലും പേരിലോ ജന്മമെടുത്ത ശത്രുവല്ല, ഒരു നിമിഷം ഈഗോ ഹര്‍ട്ടു ചെയ്തതോടെ ശത്രുവായി മാറിയവനെ തിരിച്ചുതല്ലണം എന്നല്ല ഉന്മൂലനം ചെയ്യണം എന്നാണ് നിശ്ചയിക്കുന്നത്.
ഇത് ഭ്രാന്തമായ, വന്യമായ ഒരു സൈക്കോ ആണ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന് ചിന്തിക്കുന്ന, നിയമവ്യവസ്ഥയ്ക്കു പുല്ലുവില കല്‍പ്പിക്കുന്ന ഇത്തരം ചെറുപ്പക്കാരെ സഹായിക്കാന്‍ പൊതുസമൂഹവും രാഷ്ട്രീയക്കാരും കൂട്ടുനില്‍ക്കരുത്. ഇത്തരം ക്രിമിനലുകള്‍ മുഴുവന്‍ ജീവിതകാലവും ജയിലില്‍ കഴിയുകയാണ് വേണ്ടത്. പരോള്‍ പോലുമില്ലാതെയുള്ള ജയില്‍. പശ്ചാത്തപിക്കുക, നല്ലവനാകുക എന്നൊക്കെ പറയുന്ന ക്ലീഷേകള്‍ക്കിടമില്ലാത്തവിധം നമ്മുടെ നിയമസംവിധാനം പൊളിച്ചുപണിയേണ്ടതുണ്ട്. ക്രമിനലുകള്‍ സമൂഹത്തില്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കുകയാണ്. ഈ നിര്‍മ്മിതി നടത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. നേര്‍വഴി രാഷ്ട്രീയവും സംസ്‌കൃത ചിത്തരായ യുവാക്കളുമാകട്ടെ രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം
Monday, 14 February 2022
What is happening to our youth - a write up based on Kannur bomb scare & death of a youth
Subscribe to:
Post Comments (Atom)
No comments:
Post a Comment