Tuesday, 30 April 2019

Remembering Gopan chettan

ഗോപന്‍ ചേട്ടന്‍  ഓര്‍മ്മയായി 
മലയാളികള്‍ക്ക് എന്നും പ്രിയങ്കരമായിരുന്ന ആ ശബ്ദം നിലച്ചു. വാര്‍ത്തകള്‍ക്ക് ആകാശവാണിയെയും  പത്രങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന കാലത്ത് രാവിലെ 7.25, ഉച്ചയ്ക്ക് 12.50, വൈകിട്ട് 7.25 എന്നീ സമയങ്ങളിലായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ലഭിച്ചിരുന്നത്. അന്നു മുതല്‍  മനസില്‍ പതിഞ്ഞ ശബ്ദമാണ് വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍  എന്നത്. 1994 ല്‍ ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് ഗോപന്‍ ചേട്ടനെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. ഒരു സിനിമ നടന്‍റെ സൌന്ദര്യവും ലാളിത്യമാര്‍ന്ന പെരുമാറ്റവും നിറഞ്ഞ പുഞ്ചിരിയും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി ഗോപന്‍ ചേട്ടന്‍ ഇപ്പോഴും മുന്നിലുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെ മുറുക്ക് ഒഴിവാക്കൂ എന്ന് സരസമായി പറയുമായിരുന്നു ചേട്ടന്‍.

  സര്‍ക്കാര്‍ പരിപാടികളുടെ കോംപിയറിംഗിന് മടിച്ചു മടിച്ചാണ് ഗോപന്‍ ചേട്ടനെ വിളിച്ചിട്ടുള്ളത്. ഇത്ര വലിയ ഒരാളിനെ കോംപിയറിംഗിന് വിളിക്കുന്നത് ശരിയാണോ എന്ന തോന്നലായിരുന്നു. എന്നാല്‍ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അതേറ്റെടുക്കുകയും കോംപിയറിംഗ് മാറ്ററിലെ ചെറിയ സംശയങ്ങള്‍ പോലും ചോദിച്ചു മനസിലാക്കുകയും ചെയ്യുന്ന ഗോപന്‍ ചേട്ടന്‍  ഓരോ സന്ദര്‍ഭങ്ങളിലും നമ്മുടെ ആദരവ് കൂടുതല്‍ കൂടുതലായി പിടിച്ചു പറ്റുകയായിരുന്നു.

ആ സൌഹൃദത്തിന്‍റെ തുടര്‍ച്ചയെന്നവിധം മോള്‍ ഗോപന്‍ ചേട്ടനൊപ്പം ശബ്ദം കൊടുത്ത പരസ്യങ്ങള്‍ നിരവധി. പട്ടോഡി ഗ്രാമത്തില്‍  ക്രിക്കറ്റര്‍ പട്ടോഡിയുടെ പാലസില്‍ ആല്‍പ്പിന്‍ ലിബെ മിഠായിയുടെ വീഡിയോ പരസ്യത്തിനായി ചിലവഴിച്ചത് രണ്ടു ദിവസം. ഓണവുമായി ബന്ധപ്പെട്ട പരസ്യത്തില്‍ കാരണവരായി ഗോപന്‍ ചേട്ടനും കുട്ടികളില്‍ പ്രധാനിയായി  ഹിന്ദി സിനിമയിലെ ബാലനടിയും ഒപ്പം മോളും.
രസകരമായ ഓര്‍മ്മകള്‍.

 ഗോപന്‍ ചേട്ടന്‍ പോപ്പുലറാകുന്നത് വാര്‍ത്താവായനക്കാരന്‍ എന്ന നിലയിലല്ല. മറിച്ച് സര്‍ക്കാര്‍ പരസ്യങ്ങളിലൂടെയാണ്. ജീവിതത്തില്‍ നിന്നും പെന്‍ഷനാകാതെ, അവസാന നിമിഷം വരെയും പ്രവര്‍ത്തന നിരതനായിരുന്ന ഒരപൂര്‍വ്വ പ്രതിഭാസമായിരുന്നു  ചേട്ടന്‍. ഡല്‍ഹിയില്‍ എത്രയോ ആളുകളെ പരസ്യ ശബ്ദങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്ന്  ഉപജീവന മാര്‍ഗ്ഗം കാട്ടിക്കൊടുത്ത ചേട്ടന്‍ ഒരിക്കലും പരസ്യത്തിന്‍റെ കരാറിനായി ആരെയും സമീപിച്ചതായോ ആരോടെങ്കിലും കലഹിച്ചതായോ കേട്ടിട്ടില്ല. ചേട്ടന് ഇതൊരാഘോഷമായിരുന്നു, ലഹരിയായിരുന്നു, തന്‍റെ മുറുക്കുപോലെ.

ഭൌതികശരീരം ഇല്ലാതായെങ്കിലും ശബ്ദത്തിലൂടെയും വിഷ്വലുകളിലൂടെയും ഗോപന്‍ ചേട്ടന്‍ എന്നു നമ്മോടൊപ്പമുണ്ടാകും. അതുറപ്പ്. ആദരഞ്ജലികള്‍

Saturday, 27 April 2019

story -- No More Chowmeen

അനന്യ - (7 വയസ്) വരച്ചത്
ചൗമീന്‍ വേണ്ടേ വേണ്ട

1998 ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു സംഭവത്തിന്റെ കഥാവിഷ്‌ക്കാരം

ദീപക്, അധ്യാപകര്‍ക്ക് വളരെ ഇഷ്ടമുള്ളൊരു കുട്ടിയാണ്.നന്നായി പഠിക്കുകയും കലാകായിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മിടുക്കനായ വിദ്യാര്‍ത്ഥി. ഒരു ദിവസം അവന്‍ സ്‌കൂളില്‍ പെട്ടെന്ന് ബോധംകെട്ടു വീണു. അവന്റെ വായില്‍ നിന്നും നുരയും പതയും വന്നു. കൂട്ടുകാര്‍ ഭയന്നുപോയി. അവര്‍ ഓടിച്ചെന്ന് ക്ലാസ് ടീച്ചറോട് പറഞ്ഞു. ക്ലാസ് ടീച്ചറും പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും ഓടിയെത്തി. ഉടന്‍തന്നെ ഒരു വാഹനം വിളിച്ച് അവനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ച് ദീപക്കിന് ബോധം തെളിഞ്ഞു. ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നടത്തി.  അപ്പോഴേക്കും വീട്ടില്‍ അറിയിച്ചതനുസരിച്ച് അവന്റെ അച്ഛനും അമ്മയും വന്നു. അവര്‍ക്ക് ആകെ വിഷമമായി. പ്രിന്‍സിപ്പാളും ഡോക്ടര്‍മാരും അവരെ സമാധാനിപ്പിച്ചു.

'വിഷമിക്കാനൊന്നുമില്ല. തലച്ചോറില്‍ ഏതോ ചെറിയ തടസമാകാം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി വിവരം പറയാം. പേടിക്കാനൊന്നുമില്ല, ബോധം തെളിഞ്ഞല്ലൊ', ഡോക്ടര്‍ പറഞ്ഞു.

കുറേ കഴിഞ്ഞ് പ്രിന്‍സിപ്പാളും അധ്യാപകരും പോയി. ആ ദിവസം അച്ഛനും അമ്മയ്ക്കുമൊപ്പം ദീപക് ആശുപത്രിയിലെ വാര്‍ഡില്‍ കഴിഞ്ഞു. ദീപക്കിന് ഉറക്കം വന്നില്ല. നാളെ സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്നുള്ള ദുഃഖം അവനെ നിദ്രാവിഹീനനാക്കി. താനൊരു രോഗിയായല്ലൊ എന്ന ദുഃഖവും അവനുണ്ടായിരുന്നു. ജനാലയിലൂടെ ചന്ദ്രനെയും ആകാശത്തെയും നോക്കി അവന്‍ അങ്ങിനെ കിടന്നു. എപ്പോള്‍ ഉറങ്ങി എന്നറിയില്ല.

  അടുത്ത ദീവസം രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ സ്‌കാനിംഗിനു പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അമ്മ അവനെ ഒരുക്കി. ഭക്ഷണമൊന്നും കഴിക്കാതെയാണ് സ്‌കാനിംഗിനു പോയത്. സ്‌കാന്‍ ചെയ്യാനുള്ള പ്രത്യേക മുറിയില്‍ അതിനുള്ള മെഷീനിനു താഴെയായി അവന്‍ കിടന്നു. പ്രകാശരശ്മികള്‍ കടന്നുപോകുമ്പോഴാണ് തലച്ചോറിന്റെ നെഗറ്റീവ്, ഫിലിമില്‍ പതിയുന്നത്. സ്‌കാനിംഗ് കഴിഞ്ഞ് പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. ഉച്ച കഴിഞ്ഞ് ഡോക്ടര്‍ വന്നപ്പോള്‍ അദ്ദേഹം ഫിലിം കൊണ്ടുവന്നു.

ദീപക്കിന്റെ അച്ഛന്‍ ജോലിക്ക് പോയിരുന്നതിനാല്‍ അമ്മയോട് അദ്ദേഹം എല്ലാം വിശദീകരിച്ചുകൊടുത്തു. ' നോക്കൂ, ഈ കാണുന്നതാണ് തലച്ചോര്‍. ഇതിന്റെ മടക്കുകള്‍ക്കിടയില്‍ ഒരു ചെറിയ ഉരുണ്ട വസ്തു കണ്ടൊ, അതാണിപ്പോള്‍ തടസമായി നില്‍ക്കുന്നത്. അതിന്റ ചലനങ്ങളാണ് കുട്ടിക്ക് അപസ്മാരമുണ്ടാക്കുന്നത്'.

'ഇതെങ്ങിനെ ഉണ്ടായി ഡോക്ടര്‍? എന്റെ കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നം--?', അമ്മ വേവലാതിപ്പെട്ടു.

' അതു പറയാം, അതിനുമുന്‍പായി അവന്റെ ഭക്ഷണരീതികള്‍ എനിക്കൊന്നറിയണം. ദീപക്ക് മോനെ, എന്താ നിന്റെ ഇഷ്ടഭക്ഷണം', ഡോക്ടര്‍ ചോദിച്ചു.

' എനിക്കേറ്റവും ഇഷ്ടം ചൗമീനാണ്. എത്ര കഴിച്ചാലും മടുക്കില്ല. പിന്നെ ശീതള പാനീയങ്ങള്‍, ചിപ്‌സ്, കുര്‍കുറെ, ചീറ്റോസ് -- ', ദിപക് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

' അപ്പോള്‍ അമ്മയുണ്ടാക്കിത്തരുന്ന നല്ല ഭക്ഷണങ്ങള്‍ ഒന്നും കഴിക്കില്ല എന്നുതന്നെ. ചോറ്, കറികള്‍, ചപ്പാത്തി, മീന്‍കറി, ഇഢലി, ദോശ ഇതൊന്നും ഇഷ്ടമല്ല', ഡോക്ടര്‍ ചോദിച്ചു.

' സത്യം ഡോക്ടറങ്കിള്‍, ഇതൊന്നും എനിക്കിഷ്ടമേയല്ല. ചപ്പാത്തി പിന്നെയും വേണ്ടില്ല', അവന്‍ പറഞ്ഞു.

ഡോക്ടര്‍ ചിരിച്ചു, എന്നിട്ട് ചോദിച്ചു, ' എന്താ ഈ ചൗമീന്‍?'

'ഓ- ഈ ഡോക്ടറങ്കിളിന് ഒന്നുമറിയില്ല. വലിയ ന്യൂഡിലുകളും കാബേജും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ചൗമീന്‍', ദീപക് പറഞ്ഞു.

ഡോക്ടര്‍ കുറച്ചു സമയം ആലോചിച്ചു നിന്നു. വീണ്ടും സ്‌കാനില്‍ നോക്കി. എന്നിട്ട് പറഞ്ഞ, ' ഇപ്പോള്‍ കാര്യം പിടികിട്ടി. ആ ചൗമീനിലെ കാബേജാണ് മോന് രോഗമുണ്ടാക്കിയത്. മനുഷ്യന്റെയൊ മറ്റു ജീവികളുടെയൊ മലത്തിലൂടെ പുറത്തുവന്ന നാടവിരയുടെ, കട്ടിയുള്ള പുറന്തോടുള്ള മുട്ടയാണ് ശരീരത്തില്‍ കടന്ന് പതുക്കെപതുക്കെ തലച്ചോറില്‍ എത്തിയത്. ഉയര്‍ന്ന ചൂടില്‍ വേവിച്ചാല്‍ പോലും മരിക്കാത്ത ഈ മുട്ടകള്‍ കാബേജിന്റെ ഇലകള്‍ക്കിടയില്‍ കയറി ഇരിക്കുകയും നന്നായി കഴുകാതെ അരിഞ്ഞിട്ട് ചെറിയ ചൂടില്‍ വേവിച്ചപ്പോള്‍ ജീവനോടെ ഉള്ളില്‍ കടക്കുകയും ചെയ്തു. വയറ്റില്‍ വച്ചും മരണം സംഭവിക്കാതെ അത് രക്തത്തില്‍ കടന്ന് പിന്നീട് തലച്ചോറില്‍ എത്തുകയാണുണ്ടായത്. ചൗമീന്‍ വരുത്തിവച്ച വിന മോനിപ്പോള്‍ മനസിലായി കാണുമെന്നു കരുതുന്നു', ഡോക്ടര്‍ പറഞ്ഞു.

ദീപക് തലയാട്ടി.

' മോനിനി ചൗമീന്‍ കഴിക്കുമോ?', ഡോക്ടര്‍ ചേദിച്ചു.

അവന്‍ അല്പ്പം ആലോചിച്ച ശേഷം പറഞ്ഞു, ' ഇത്ര ദോഷകരമാണെങ്കില്‍ ഇല്ലേ ഇല്ല. എനിക്ക് അസുഖം മാറി .സ്‌കൂളില്‍ പോയാല്‍ മതിയായിരുന്നു ഡോക്ടര്‍', അവന്‍ പറഞ്ഞു.

' പായ്ക്കറ്റില്‍ വരുന്ന ആഹാരം, ശീതളപാനീയങ്ങള്‍ ഇവയെല്ലാം വന്‍രോഗങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ദീപക് ഇനി അതൊന്നും കഴിക്കണ്ട, കേട്ടല്ലൊ', ഡോക്ടര്‍ ഉപദേശിച്ചു.

' ശരി അങ്കിള്‍', അവന്‍ സമ്മതിച്ചു.

' ഞാന്‍ കുറച്ചു മരുന്നുകള്‍ തരാം. അത് കഴിക്കുമ്പോള്‍ ഈ മുട്ട അലിഞ്ഞില്ലാതാകും. പിന്നെ പേടിക്കണ്ട. അപ്പോള്‍ നാളെ രാവിലത്തേക്ക് മോനെന്താ ഭക്ഷണമായി വേണ്ടത്', ഡോക്ടര്‍ ചോദിച്ചു.

ദീപക് ഒന്നു ശങ്കിച്ചു എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു, ' ഇഢലി അല്ലെങ്കില്‍ ദോശ. ഉച്ചയ്ക്ക് ചോറും കറികളും. വൈകിട്ട് കഞ്ഞിയും പയറും.'  അവന്റെ വേഗത്തിലുള്ള പറച്ചില്‍ കേട്ട് ഡോക്ടറും അമ്മയും ചിരിച്ചു. അവനും അതില്‍ പങ്കുചേര്‍ന്നു.

Wednesday, 24 April 2019

Words,words,words - book review

വോര്‍ഡ്‌സ്,വേര്‍ഡ്‌സ്,വേര്‍ഡ്‌സ് -- ടി.പി.ശ്രീനിവാസന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ 37 വര്‍ഷം ജോലി ചെയ്ത ടി.പി. ശ്രീനിവാസന്‍ സ്വാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് Words,Words, Words. സര്‍വ്വീസില്‍ എത്തിയ കഥയും വ്യക്തിജീവിതവും നയതന്ത്രവും അതിന്റെ ഗൗരവം ചോര്‍ന്നുപോകാതെ തന്നെ തമാശകള്‍ ചേര്‍ത്ത് രചിച്ചിരിക്കുന്ന ഗ്രന്ഥം നല്ലൊരു വായനാനുഭവമാണ്.

   മകന്‍ ഐഎഫ്എസുകാരനാകണം എന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അച്ഛന്‍ ആഗ്രഹിക്കുന്നത് ആ ജോലിയുടെ മഹത്വം മനസിലാക്കിയല്ല. നാട്ടിലെ ഏറ്റവും മുന്തിയ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചയാള്‍ ഐഎഫ്എസുകാരനാണ് എന്നതായിരുന്നു കാരണം. മരുമക്കത്തായ കാലത്ത് മക്കത്തായത്തിലേക്ക് മാറി കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ താത്പ്പര്യം പ്രകടിപ്പിച്ചു അച്ഛനും അമ്മയും. നാട്ടിന്‍ പുറത്തുനിന്നും തിരുവനന്തപുരം നഗരത്തിലെ കോളേജിലെത്തിയപ്പോള്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങള്‍ ടിപി നന്നായി പ്രതിപാദിച്ചിട്ടുണ്ട് ആദ്യഭാഗത്ത്. ഇത്തരമൊരനുഭവം എനിക്കുമുണ്ടായിട്ടുണ്ട് എന്നതിനാല്‍ അതിന്റെ ഇന്റന്‍സിറ്റി മനസിലാക്കാന്‍ സാധിച്ചു. ഭാഷയുടെ കടുകട്ടി അതിജീവിക്കാന്‍ സയന്‍സിലേക്ക് മാറാന്‍ ശ്രമിച്ച ശ്രീനിവാസനെ ഇംഗ്ലീഷ് സാഹിത്യമെടുത്ത് പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് അച്ഛന്‍ ചെയ്തത്.ചിലര്‍ ഇത്തരം അവസ്ഥകളില്‍ പരാജയപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ശ്രീനിവാസന്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ച് പഠിച്ച് ഒന്നാം സ്ഥാനത്തെത്തി. പിജി കഴിഞ്ഞ് മാര്‍ ഇവാനിയോസില്‍ ഗസ്റ്റ് ലക്ചററായി. ലേഖയെന്ന സുന്ദരിയായ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു പ്രണയിച്ചു. ട്രയല്‍ എന്ന നിലയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി. ആദ്യ ശ്രമത്തില്‍തന്നെ പാസായി. ഐഎഫ്എസിലേക്ക് കാലെടുത്തുവച്ചു. മസൂറിയിലെ അക്കാദമി ജീവിതവും പരിശീലനവും പിന്നീട് ഡല്‍ഹി സപ്രു ഹൗസിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡിസിലെ തുടര്‍ പരിശീലനവുമൊക്കെ രസകരമായി വിവരിക്കുന്നുണ്ട് എഴുത്തുകാരന്‍.ഐഎഫ്എസുകാര്‍ ഒരു വിദേശ ഭാഷ നിര്‍ബ്ബന്ധമായും പഠിക്കണം. ശ്രീനി തെരഞ്ഞെടുത്തത് ജാപ്പനീസായിരുന്നു.

പരിശീലനം കഴിഞ്ഞതോടെ വിവാഹമായി .ലേഖ സമ്പന്നകൂടിയായതിനാല്‍ അച്ഛന്റെ ഇഷ്ടത്തോടെ വിവാഹം. തുടര്‍ന്ന് കേരള കേഡറില്‍ പരിശീലനം. ഇപ്പോള്‍ ഐഎഫ്എസുകാര്‍ക്ക് സ്റ്റേറ്റ് പരിശീലനമില്ല. ഒരു സംതൃപ്തജീവിതത്തിനുള്ള ആദ്യപടികള്‍ കയറിയ അദ്ദേഹത്തെ തേടി നല്ലതും മോശവുമായ അനുഭവങ്ങളുടെ വിദേശജീവിതം തുറന്നുവയ്ക്കപ്പെടുകയായിരുന്നു. ടോക്കിയോയില്‍ അംബാസഡര്‍ എസ്.കെ.ബാനര്‍ജിയുടെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശം സ്വീകരിച്ചുള്ള മധുവിധു ആഘോഷം. ലേഖയുടെ ജാപ്പനീസ് പഠനം ഒക്കെയായി ഒരു ജീവിതം ജപ്പാനില്‍. 1970ല്‍ മകന്‍ ജനിക്കുന്നതും ജപ്പാനിലാണ്.

  അവിടെ നിന്നും 9 മാസം പ്രായമായ മകനുമൊത്ത് ഭൂട്ടാനിലേക്ക്. അവിടെ തിംബുവിലായിരുന്നു താമസം. ഭൂട്ടാന്‍ ജീവിതത്തിലെ രസകരമായ കഥകളും ഭരണമാറ്റങ്ങളുമൊക്കെ നന്നായി വിവരിക്കുന്നുണ്ട് ടിപി. ന്യൂയോര്‍ക്കില്‍ പോസ്റ്റിംഗ് ആഗ്രഹിച്ചെങ്കിലും അടുത്ത പോസ്റ്റിംഗ് കിട്ടിയത് മോസ്‌കോയില്‍. ഇന്ത്യ-സോവിയറ്റ് സൗഹൃദത്തിന്റെ നല്ല അനുഭവങ്ങള്‍ക്കൊപ്പം മൊറാര്‍ജി തമാശകളും ചേര്‍ത്ത് കൊഴുപ്പുകൂട്ടിയിട്ടുണ്ട് ഈ ഭാഗത്ത്.1975ല്‍ ഗുജ്‌റാള്‍ അംബാസഡറായി വന്നു. വളരെ പ്രിയപ്പെട്ട ഒരു സൗഹൃദം അവിടെ തുടങ്ങി. ബ്രഷ്‌നേവിന്റെ കാലമാണ്.

1977ല്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി വിദേശകാര്യ സെക്രട്ടറിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി. നിര്‍ണ്ണായ ഫയലുകള്‍ നീക്കുന്ന വ്യക്തി എന്ന നിലയില്‍ വലിയ സൗഹൃദവലയം ഉണ്ടാകുന്നത് അവിടെനിന്നാണ്. തുടര്‍ പോസ്റ്റിംഗ് സ്വയം നിശ്ചയിക്കാവുന്ന അവസ്ഥയില്‍ ടോക്കിയോ വേണോ ന്യൂയോര്‍ക്ക് വേണമൊ എന്ന ചിന്ത ഒടുവില്‍ എത്തിച്ചത് ന്യൂയോര്‍ക്കില്‍. യുണൈറ്റഡ് നേഷന്‍സ് അവസരങ്ങളുടെ വെള്ളിത്താലമാണ് സമ്മാനിച്ചത്. മലയാളി സംഘടനകളുമായും വ്യവസായികളുമായും സൗഹൃദുണ്ടായി.

  എന്നാല്‍ ന്യൂഡല്‍ഹിയിലെ ചേരിചേരാ സമ്മിറ്റിന് ശേഷം കിട്ടിയ നിയമനം റംഗൂണിലേക്കായിരുന്നു. ഒരു വലിയ ഷോക്കായിരുന്നു അത്. ബര്‍മ്മയുടെ തലസ്ഥാനമാണ് റംഗൂണ്‍. U Ne Win എന്ന ഏകാധിപതിയുടെ ഭരണം. ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായിട്ടായിരുന്നു നിയമനം .ജി.ജി. സ്വെല്‍ എന്ന മേഘാലയില്‍ നിന്നുള്ള രാഷ്ട്രീയക്കാരനാണ് അംബാസഡര്‍. അയാള്‍ക്ക് ഒരു ഡപ്യൂട്ടിയെ ആവശ്യമുണ്ടായിരുന്നില്ല.എങ്കിലും അവിടെ സാമൂഹികമായും സാംസ്‌ക്കാരികവുമായും നല്ല ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. ബ്രിട്ടീഷ് എംബസിയില്‍ നാടകം അഭിനയിക്കുക, നാടകം വായിക്കുക ഉള്‍പ്പെടെ . ഗോള്‍ഫ് പഠിച്ചതും അവിടെവച്ചാണ്. അവിടെ കഴിയുന്ന നെല്‍കര്‍ഷകരായ ഇന്ത്യക്കാരുടെ ദുരിതം നേരിട്ട് ബോധ്യമായതും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.

1986ല്‍ വീണ്ടും ചേരിചേരാ സമ്മേളന സംഘാടനത്തിനായി ഡല്‍ഹിയിലെത്തി. തുടര്‍ന്നുള്ള നിയമനം ഫിജിയിലായിരുന്നു. അംബാസഡറായുള്ള ആദ്യ നിയമനം. അവിടെ പപ്പുവ ന്യൂഗിനിയ, Vanuatu, സോളമന്‍ ദ്വീപ്, നൗറു, ടോംഗ, കിരിബാട്ടി,Tuvalu എന്നീ രാജ്യങ്ങളുടെ നയതന്ത്രം.ഫിജി ഇന്ത്യന്‍സിന്റെ സൗഹൃദങ്ങള്‍, ദുരിതം, രണ്ടാം തരം പൗരന്മാരായുള്ള ട്രീറ്റ്‌മെന്റ് തുടങ്ങി പ്രവാസികളുടെ ജീവിതവും നന്നായി ചിത്രീകരിക്കുന്നുണ്ട് പുസ്തകത്തില്‍.  അത് ഭംഗിയായി നിര്‍വ്വഹിച്ചതിനെ തുടര്‍ന്ന് മൗറീഷ്യസിലാവും നിയമനം എന്നു കണക്കുകൂട്ടിയിരിക്കെ ഉത്തരവ് വന്നത് നയ്‌റോബിയിലേക്ക്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി, ഹാബിറ്റാറ്റ് എന്നിവയുടെ കേന്ദ്രം കൂടിയാണ് നെയ്‌റോബി. അത് സ്വീകരിച്ചു. എന്നാല്‍ അവിടെ ഒരു ദുരന്തം പതിയിരിക്കുന്നുണ്ടായിരുന്നു. 1995 ജൂലൈയില്‍ നയ്‌റോബിയില്‍ എത്തി. ഇന്ത്യ ഹൗസില്‍ നവംബര്‍ നാലിന്  ക്രിമിനലുകള്‍ വീട്ടിനുള്ളില്‍ കയറി ആക്രമിച്ചു. അവിടത്തെ ഭരണ പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായിരുന്നു അത്. ക്രമസമാധാനം തകര്‍ന്നു എന്നു വരുത്തി തീര്‍ക്കാനുള്ള വളഞ്ഞ വഴി. ലേഖയുടെ ചില വാരിയെല്ലുകള്‍ ഒടിഞ്ഞു, മുഖത്ത് 20 തയ്യലും. ടിപിയുടെ ഇടതുകൈയും വലതുകാലും ഒടിഞ്ഞു. തലയില്‍ 100ലേറെ തയ്യലും. പക്ഷെ ധൈര്യം കൈവിട്ടില്ല. അവിടെത്തന്നെ തുടര്‍ന്നു. 1997ല്‍ സോണിയ ഗാന്ധി വീട് സന്ദര്‍ശിച്ചതും അദ്ദേഹം സ്മരിക്കുന്നുണ്ട്.

  ഗുജ്‌റാള്‍ പ്രധാനമന്ത്രിയായതോടെ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫായി. 2000 ല്‍ വിയന്നയില്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ നിയമനമായി. ഒപ്പം ആസ്ട്രിയയും സ്ലൊവേനിയയിലെ അക്രഡിറ്റേഷന്‍ സന്ദര്‍ശനവും.ഐഎഇഎ ഒരു തമാശ പുസ്തകമാണെന്നു ടിപി പറയുന്നു. ശക്തന്മാരുടെ കളികള്‍ മാത്രമാണ് മിക്ക അന്തരാഷ്ട്ര ഏജന്‍സികളിലും ഉണ്ടാകുന്നത്.ഇവിടെയും അങ്ങിനെ തന്നെ. ഐക്യരാഷ്ട്ര സഭയെ ദൂരെ നിന്നു വീക്ഷിക്കുമ്പോള്‍ ലോകത്തെ യുദ്ധത്തില്‍ നിന്നും സമാധാനത്തിലേക്ക് നയിക്കുന്ന ഒരു കേന്ദ്രമെന്നു തോന്നുക സ്വാഭാവികം. എന്നാല്‍ അമേരിക്കയും ചൈനയും റഷ്യയുമൊക്കെ അവിടെ നടത്തുന്ന അന്തര്‍നാടകങ്ങള്‍ ടിപി നന്നായി വിവരിക്കുന്നു. പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ലാത്ത ഒരു സംവിധാനം എന്ന് നമുക്കുതന്നെ തോന്നും വിധമാണ് അവിടെ കാര്യങ്ങള്‍ എന്ന് പുസ്തകം വായിക്കുന്നവര്‍ക്ക് ബോധ്യമാകും. ചേരിചേരാ പ്രസ്ഥാനവും കോമണ്‍വെല്‍ത്തുമെല്ലാം ഇത്തരത്തിലുള്ള ചില സംവിധാനങ്ങള്‍ മാത്രമാണ്. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ബ്ലന്‍ഡറുകളൊക്കെ ചിരി ഉതിര്‍ക്കും.അനേകം കമ്മറ്റികളും വെറും ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും മാത്രം സംഭാവന ചെയ്യുന്ന പ്രസ്ഥാനം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പണമൊഴുക്കുന്ന വൃഥാ വ്യായാമം.

ക്ലിന്റന്റെ സന്ദര്‍ശനം, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒക്കെ രസകരമായ നയതന്ത്ര കഥകളില്‍ വിവരിക്കുന്നു. 2004 ജൂണ്‍ 30 ന് ഫോറിന്‍ സര്‍വ്വീസിലെ സേവനം അവസാനിക്കുന്നു. വായനാനുഭവത്തില്‍ കല്ലുകടിക്കുന്ന ഒരു ഭാഗം മാത്രമെയുള്ളു. ഇപ്പോള്‍ ഐഎഫ്എസ് അനാകര്‍ഷകമാകാനുള്ള കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇങ്ങിനെ. The foreign service has become less attractive not because it suffers in comparison with the other srevices in terms of legitimate earnings but because it, rightly, has fewer avenues for illegal enrichment. ഇതിന ് മറുപടി പറയേണ്ടത് മറ്റു കേഡറുകളില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരാണ്. എന്താണ് അദ്ദേഹത്തെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തീരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.

Sunday, 21 April 2019

A trip to Vattakottai

അസിഫി ബിരിയാണിയിലെ  ലഞ്ച്

സബ് കലക്ടര്‍ ഓഫീസിലെ കന്യാകുമാരി ദേവി
വട്ടക്കോട്ടയിലേക്ക് ഒരു യാത്ര 

നാഗര്‍കോവിലില്‍ എത്തിയിട്ട് കുറച്ചു ദിവസമായെങ്കിലും വിഷ്ണുവിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായിരുന്നതിനാല്‍ കാര്യമായ യാത്രകളൊന്നും നടത്തിയിരുന്നില്ല. ഇന്നലെയാണ് ഒരു പികിനിക്കിന് സമയമുണ്ടായത്. പരവൂരില്‍ നിന്നും വിജയശ്രീയും കുട്ടികളും കൂടി എത്തിയിരുന്നതിനാല്‍ അവര്‍ക്കും അതൊരു സന്തോഷമായി. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു. കാറില്‍ പോകുമ്പോള്‍ മഴ തുടങ്ങി. ആസിഫി ബിരിയാണിയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കളക്ടറേറ്റില്‍ ഒന്നു കയറണം, അതുകഴിഞ്ഞാല്‍ വട്ടക്കോട്ടയിലേക്ക് എന്നതായിരുന്നു പ്ലാന്‍. 

ആസിഫിയിലെത്തുമ്പോഴും മഴ തുടരുകയായിരുന്നു. അവിടത്തെ ഭക്ഷണം വളരെ നല്ലതും രുചികരവുമാണ്.നല്ല ആംബിയന്‍സാണ് എന്നതും പ്രധാനം്. ഒരിക്കല്‍ ദേവക്കോട്ടയില്‍ നിന്നും വരുമ്പോള്‍ അവിടെ കയറിയ ഓര്‍മ്മയുണ്ടായിരുന്നു.ഹോട്ട്&സോര്‍ സൂപ്പും ക്രീം സൂപ്പും ഓരോന്ന് വാങ്ങി രുചി നോക്കി. പിന്നെ ചിക്കന്‍ ഡ്രം സ്റ്റിക്ക്, മട്ടന്‍ ബിരിയാണി, ഫിഷ് ബിരിയാണി, ഫ്രൈഡ് റൈസ്, ഫിഷ് മസാല,നാന്‍,ബട്ടര്‍ ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍ എന്നിങ്ങനെ വിഭവങ്ങളും. പുതിനയുടെ തണ്ട് ഇട്ടുവച്ചിരിക്കുന്ന , ചൂടാക്കി തണുപ്പിച്ചതും ഗ്ലാസ് കുപ്പിയിലുള്ളതുമായ കുടിവെളളം മറ്റൊരു പ്രത്യേകതയാണ്. ടാറ്റാ മിനറല്‍ വാട്ടറും ഞാനാദ്യമായി കാണുകയായിരുന്നു അവിടെ. 

ഭക്ഷണം കഴിഞ്ഞ് കളക്ടറേറ്റ് കോമ്പൗണ്ടിലെ സബ് കളക്ടര്‍  ഓഫീസിലേക്ക് പോയി. തിരുവിതാംകൂര്‍ രാജഭരണ കാലത്തുണ്ടാക്കിയ കെട്ടിടത്തിലാണ് സബ്കളക്ടര്‍ ഓഫീസ് നില്‍ക്കുന്നത്. പഴയ കളക്ടറേറ്റായിരുന്നു. ഇപ്പോള്‍ അതിനു മുന്നിലുള്ള പുതിയ കെട്ടിടത്തിലാണ് കലക്ടറേറ്റ് സ്ഥിതി ചെയ്യുന്നത്. തടി കൊണ്ടു മേല്‍ക്കൂരയും തട്ടും നിര്‍മ്മിച്ച് ,ഓടു പാകിയ കേരളീയ വാസ്തുശില്‍പ്പത്തിന്റെയും ഗോത്തിത് മാതൃകയുടെയും സങ്കലനം. തിരുവനന്തപുരത്തെ ആകാശവാണി നിലനില്‍ക്കുന്ന ദിവാന്റെ വീടും പടിഞ്ഞാറെ കോട്ടയിലെ ചില അമ്മവീടുകളുമൊക്കെ ഓര്‍മ്മപ്പെടുത്തുന്ന കെട്ടിടം. ആഢ്യത്വം നിറയുന്ന വരാന്ത വളരെ ശ്രദ്ധേയമാണ്. ഈ കെട്ടിടം നാശോന്മുഖമാകാതെ നിലനിര്‍ത്തുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ചെന്നു കയറുന്ന പ്രധാന മുറിയോടു ചേര്‍ന്ന് കന്യാകുമാരി ദേവിയുടെ ഒരു പ്രതിഷ്ഠയും ഉണ്ട്. കെട്ടിടത്തിനു മുന്നിലെ പഴയ കാല വിളക്ക് കോര്‍പ്പറേഷനു മുന്നിലെ ദിവാന്‍ വിളക്കിനെ ഓര്‍മ്മപ്പെടുത്തും. 

   അവിടെ നിന്നും ഇറങ്ങിയപ്പോള്‍ നാലരയായി. അഞ്ചുമണിവരെയാണ് വട്ടക്കോട്ടയില്‍ പ്രവേശനം. നാഗര്‍കോവില്‍- കന്യാകുമാരി റോഡില്‍ നിന്നും മൈലാടി തിരിഞ്ഞ് അഞ്ചുഗ്രാമമെത്തി അവിടെ നിന്നും പൊട്ടക്കുളം റോഡ് വഴിയാണ് വട്ടക്കോട്ടയിലേക്ക് പോകേണ്ടത്. നല്ല പ്രകൃതി ഭംഗിയും സമൃദ്ധമായ പച്ചപ്പും കൃഷിയുമുളള ഇടങ്ങള്‍. തെങ്ങും വാഴയും മുരിങ്ങയും പപ്പായയുമൊക്കെ സമൃദ്ധം. റോഡ് ചില ഭാഗങ്ങള്‍ പൊളിഞ്ഞിട്ടാണ്. എങ്കിലും പൊതുവെ മോശമല്ല. പഞ്ചായത്തിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് വാഹനത്തിന്റെ പ്രവേശനത്തിന് പണം പിരിക്കുന്നത്. 25 രൂപയാണ് വാങ്ങുക. അഞ്ചുമണിക്ക് വരുന്നവരില്‍ നിന്നുപോലും അവര്‍ പണം വാങ്ങും. എന്നാല്‍ അഞ്ചായാല്‍ കോട്ടയുടെ വാതില്‍ അടയ്ക്കും. അതാണ് രീതി. ചിലര്‍ ഈ കാര്യം പറഞ്ഞ് അധികൃതരുമായി കലഹിക്കുന്നുണ്ടായിരുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം. ഇത് ഒന്‍പതു മുതല്‍ ആറു വരെയാക്കുന്നതാകും അഭികാമ്യം എന്നു തോന്നി. 

    വിഷ്ണു ഒപ്പമുണ്ടായിരുന്നതുകൊണ്ട് കോട്ടയില്‍ കയറാന്‍ സാധിച്ചു. വട്ടക്കോട്ട എന്നാണ് പേരെങ്കിലും ഏകദേശം ദീര്‍ഘചതുരമാണ് കോട്ട. ഒരു പ്രതിരോധ കേന്ദ്രം എന്ന നിലയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ വേണാട് രാജാക്കന്മാരാണ് വട്ടക്കോട്ട നിര്‍മ്മിച്ചത്. പഴയ കോട്ട വൃത്താകൃതിയിലുളളതായിരുന്നിരിക്കാം. ഡച്ചുകാരെ കൊളച്ചല്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമായിരുന്നു പിടിക്കപ്പെട്ട ഡച്ചുസേനാ നായകന്‍ ഡി ലനോയ്. അദ്ദേഹമാണ് വട്ടക്കോട്ടയെ ഇന്നു കാണുന്ന വിധം പുതുക്കി പണിതത്. പാറകൊണ്ടാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മൂന്നര ഏക്കര്‍ വരുന്ന കോട്ടയുടെ മതിലിന് 26 അടി ഉയരമുണ്ട്. കോട്ടയ്ക്കുള്ളില്‍ നിരീക്ഷണ ടവറും ആയുധപ്പുരയുമുണ്ട്. നടു ഭാഗത്തുള്ള കുളവും പച്ചപ്പുള്ള തറയും വേപ്പുകളും കോട്ടയ്ക്ക് ചാരുത നല്‍കുന്നു. വാതില്‍ കടന്ന് ഉളളില്‍ ചെല്ലുമ്പോള്‍ കാണുന്ന വേപ്പിന്റെ ഇല കയ്പ്പില്ലാത്തതാണ്. ലക്ഷം വേപ്പുകളില്‍ ഒന്നിനുമാത്രമുള്ള പ്രത്യേകതായാണിത് എന്ന് ജീവനക്കാരന്‍ പറഞ്ഞു. രുചിച്ചു നോക്കിയപ്പോള്‍ അത്ഭുതം തോന്നി. ലക്ഷക്കണക്കിനു ടണ്‍ മണ്ണിട്ടാണ് മുകളിലെ പരേഡ് ഗ്രൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ദൂരെ അനേക കാതം അകലെ നിന്നുപോലും കടലിലൂടെ ശത്രുക്കള്‍ വന്നാല്‍ കാണാന്‍ കഴിയുംവിധമാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. അവിടെ വളര്‍ച്ച തീരെ കുറഞ്ഞ, എന്നാല്‍ കുടപോലെ വിടര്‍ന്നു നില്‍ക്കുന്ന വേപ്പും പിന്നില്‍ പരന്നു കിടക്കുന്ന കടലും ഒരപൂര്‍വ്വ ചാരുതയാണ് ഈ ഇടത്തിന് നല്‍കുന്നത്. 

    കോട്ടയുടെ ഇടതുവശം കാര്‍ പാര്‍ക്കിഗിംനിടയിലൂടെ ഒരു ചെറു വഴി. അവിടെ കരിക്കിന്റെ തൊണ്ടും മറ്റും വാരിയിട്ടിരിക്കുന്നു. ആ വഴിയിലൂടെ , മുള്‍ച്ചെടികളും കടന്ന് താഴേക്കു പോയാല്‍ ബീച്ചാണ്. മുള്‍ച്ചെടികള്‍ കഴിഞ്ഞാല്‍ നൂറുകണക്കിന് വേപ്പുകള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. വേപ്പ് തമിഴ്‌നാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. ബീച്ച് വളരെ മനോഹരം. അധികം ആളുകള്‍ സന്ദര്‍ശിക്കാത്ത ബീച്ച്. വികസിപ്പിച്ചെടുത്താല്‍ വട്ടക്കോട്ടയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ കഴിയും. ഒപ്പം നാട്ടുകാര്‍ക്ക് ചെറിയ ചെറിയ ബിസിനസുകള്‍ക്കും സൗകര്യമുണ്ടാകും. പക്ഷെ ബീച്ചിലേക്കുള്ള ഭൂമി സ്വകാര്യ സ്വത്താണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു പക്ഷെ അധികം വൈകാതെ അവിടം ഒരു റിസോര്‍ട്ടായി മാറിക്കൂടെന്നില്ല. ഏകദേശം ഏഴുമണിയോടെ അവിടെ നിന്നും മടങ്ങി. വട്ടക്കോട്ട വികസനം ദാഹിക്കുന്ന ഒരു കുഞ്ഞുഗ്രാമമാണെന്ന് മടക്കയാത്രയില്‍ കണ്ട ഗ്രാമീണര്‍ ഓര്‍മ്മപ്പെടുത്തുന്നതായി തോന്നി. 


വിഷ്ണുചന്ദ്രന്‍ ഓഫീസില്‍

സബ്കലക്ടര്‍ ഓഫീസ് 

പ്രതാപമാര്‍ന്ന വരാന്ത 

ഓഫീസിന്‍റെ വാസ്തുവിദ്യ മനോഹരം

പഴയ കാല വിളക്ക്

വട്ടക്കോട്ടയിലേക്കുള്ള യാത്ര

കാര്‍ഷിക സമൃദ്ധമായ പ്രദേശങ്ങള്‍

വട്ടക്കോട്ട ബീച്ച്

ബീച്ചിന്‍റെ മറ്റൊരു ദൃശ്യം

ബീച്ചില്‍ അനഘ

ബീച്ചിലെ കുടുംബഫോട്ടോ

വട്ടക്കോട്ടയിലെ  പ്രവേശന പാത

കുളം

മുകളിലേക്ക് പോകാനുള്ള പാത

മുകളിലെ പരേഡ് ഗ്രൌണ്ട്

കടലിലേക്കുള്ള  മതില്‍

കോട്ടയില്‍  നിന്നുള്ള കാഴ്ച

കോട്ടയും കടലും

അസ്തമയ സമയം 

കയ്പ്പില്ലാത്ത വേപ്പ് 

31st wedding anniversary

Anniversary cake

family group

Yes, its 31st year 
31ാം വിവാഹ വാര്ഷികം 

ഇന്നലെ രാത്രി പന്ത്രണ്ട് മണി സമയം. പാതിമയക്കത്തില്‍ നിന്നാണ് ശ്രീക്കുട്ടന്‍ വിളിച്ച് Happy wedding anniversary ആശംസ നേര്‍ന്നത്. ഇങ്ങനെ കിടന്നാല്‍ മതിയൊ, താഴെ എല്ലാവരും ആഘോഷത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ് എന്നുകൂടി അറിയിച്ചു. പകല്‍ ചെറിയ മഴ പെയ്തതിന്റെയും സുഖവും വട്ടക്കോട്ടയില്‍ പോയി വന്നതിന്റെ ക്ഷീണവുമുണ്ടായിരുന്നു. ചുവന്ന ലുങ്കിയിലും ടീ ഷര്‍ട്ടിലും മാറ്റമൊന്നും വരുത്താതെ താഴേക്കിറങ്ങി. നാഗര്‍കോവിലില്‍ വിഷ്ണുവിന്റെ ക്വാര്‍ട്ടേഴിസിലാണ്. വിജയശ്രീയും ഉണ്ണിക്കണ്ണനും അനഘയുമുണ്ട്. സജീവും ഉണ്ണിക്കുട്ടനും ചില അത്യാവശ്യങ്ങള്‍ ഉള്ളതിനാല്‍ രാവിടെ തന്നെ മടങ്ങിപോയിരുന്നു. ജയശ്രീയെയും ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തുകയായിരുന്നു. ഇതൊക്കെയല്ലെ ഒരു രസം എന്നു മനസില്‍ തോന്നി. താഴെ മുറിയില്‍ വൈദ്യൂതാലങ്കാരം, മനോഹരമായ ഒരു ചോക്ലേറ്റ് കേക്ക്, മെഴുകുതിരി ഒക്കെ തയ്യാര്‍. 

ക്രൂശിതനായ യേശു ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ദിനം കൂടിയാണ്. ലോകമെങ്ങും ആഘോഷത്തിന്റെ മഞ്ഞുമഴപെയ്യുന്ന ദിനം. 31 വര്‍ഷം പിറകില്‍ പരവൂരിലെ പുതിയിടം ക്ഷേത്രത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നത് ഓര്‍ത്തുപോയി. അന്നു ഉണ്ടായിരുന്ന അച്ഛന്‍ ഇന്നില്ല. പല സുഹൃത്തുക്കളും ബന്ധുക്കളും യാത്ര പറയാതെ പോയി. 


 കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു. ശ്രീക്കുട്ടനും ഉണ്ണിക്കണ്ണനും ഉള്ളതല്ലെ, നിമിഷങ്ങള്‍ക്കകം കേക്ക് വാനിഷായി. വിജയശ്രീ പുതുവസ്ത്രങ്ങള്‍ നല്‍കി. കുറേ സമയം സംസാരിച്ചിരുന്നു. പിന്നീട് അടുത്ത യാമത്തിലെ മഴയുമേറ്റ് ഉറക്കം പിടിച്ചു. രാവിലെ വൈകിയുണര്‍ന്നു. എല്ലാം പതിവുപോലെ. ദിവസങ്ങള്‍ എല്ലാം ഒന്നുപോലെയാണെങ്കിലും ചില ദിനങ്ങള്‍ ചിലര്‍ക്ക് വ്യത്യസ്തങ്ങളാകുന്നു. അത്തരമൊരു വ്യത്യസ്തത ഈ ദിനത്തിനുമുണ്ട്. 

Friday, 12 April 2019

Fast pronouncement of murder case at Thiruvananthapuram



കൊലപാതകം - വിധി രണ്ട് വര്‍ഷത്തിനുള്ളില്‍ - അഭിനന്ദനാര്‍ഹം

2016 ജൂലൈ 7നാണ് കൊളിയൂരിലെ 45 വയസുകാരനായ മരിയാദാസിനെ വട്ടപ്പാറയിലെ കൊലുസ് ബിനു എന്നറിയപ്പെടുന്ന അനില്‍ കുമാറും വെല്ലൂര്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരനും ചേര്‍ന്ന് ഭവനഭേദനം നടത്തി കൊലപ്പെടുത്തിയത്. മരിയാദാസിന്റെ ഭാര്യയെ ഉപദ്രവിക്കുകയും ബോധംകെട്ടശേഷം ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു അനില്‍. വീട്ടിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളുമായി പ്രതികള്‍ കടന്നു എന്നതായിരുന്നു കേസ്സ്. തലയ്ക്കടിയേറ്റ മരിയാദാസിന്റെ ഭാര്യ ഇപ്പോഴും സാധാരണ അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഇത് കേരളം ഉള്‍പ്പെടെ പലയിടത്തും നടക്കുന്ന കാടത്ത മനസിന്റെ പ്രകടനങ്ങളാണ്.

തിരുവനന്തപുരം സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട ജഡ്ജ് മിനി. എസ്. ദാസ് അനിലിന് വധശിക്ഷയും ചന്ദ്രശേഖരന് ജീവപര്യന്തവും വിധിച്ചു എന്നതാണ് സുപ്രധാനമായ കാര്യം. ക്രൈം നടന്ന് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് വിധിയുണ്ടായത് ശ്ലാഘനീയമാണ്. ജഡ്ജ് അഭിനന്ദനം അര്‍ഹിക്കുന്നു. ഒപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാറും പോലീസും അഡ്വക്കേറ്റുമാരും. ഇനി ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെയുണ്ട്. ഈ നരാധമന്റെ ശിക്ഷ നീട്ടിക്കൊണ്ടപോകുന്ന ഒരു നിയമ സംവിധാനമാണ് നമുക്കുള്ളത്. അത്തരത്തില്‍ അനിശ്ചിതമായി നീളാതെയും ശിക്ഷ ലഘൂകരിക്കപ്പെടാതെയും എത്രയും വേഗം വിധി നടപ്പിലാക്കാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

അറബ് നാട്ടിലെ അത്ര വേണമെന്നാഗ്രഹമില്ലെങ്കിലും ശിക്ഷാവിധികള്‍ വേഗം നടപ്പിലാക്കാനുള്ള ഒരു സംവിധാനം നമ്മുടെ ജനാധിപത്യത്തിനും അനിവാര്യമാണ് എന്നു പറയാതെ വയ്യ. നമ്മുടെ നിയമജ്ഞരുടെയും സാമാജികരുടെയും ശ്രദ്ധ ഇതില്‍ പതിയുമെന്നു കരുതാം.

Thursday, 11 April 2019

Need a change in judicial system

  
നിയമ സംവിധാനം മാറേണ്ടത് അനിവാര്യം


നമ്മുടെ ജുഡീഷ്യറിക്ക് കാര്യമായ തകരാറുണ്ട്. അത് മാറിയെ തീരു. വളരെ ഗൗരവമായ ചിന്ത ഈ മേഖലയിലുണ്ടാകുന്നില്ല എന്നത് കഷ്ടമാണ്. കണ്ണുകള്‍ കെട്ടിയ ജുഡീഷ്യറി, കേള്‍ക്കുക മാത്രമെ ചെയ്യുന്നുള്ളു, അവര്‍ ഒന്നും കാണുന്നില്ല എന്നു വരുന്നത് ശരിയല്ല. ഇന്നലെ തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോര്‍ട്ട് 8 രാഷ്ട്രീയ കുറ്റവാളികളെ ( ആരോപിത എന്നാണല്ലൊ കോടതി ഭാഷ്യം) വെറുതെ വിട്ടു. 2008 മാര്‍ച്ചില്‍ സി.രഞ്ജിത്ത് എന്ന സിപിഎം പ്രവര്‍ത്തകനെ കൊലചെയ്ത കേസിലാണ് ഈ വിധി. ആട്ടൊറിക്ഷ ഡ്രൈവറായിരുന്നു രഞ്ജിത്ത്. ആട്ടോറിക്ഷയില്‍ നിന്നും പിടിച്ചിറക്കി വെട്ടികൊന്ന കേസ്സില്‍ 24 സാക്ഷികളും 40 ഡോക്യുമെന്റുകളും 14 എവിഡന്‍സുകളുമുണ്ടായിരുന്നു എന്നാണ് പറയുന്നത്. സാക്ഷികളില്‍ ചിലര്‍ കൂറുമാറി, ചിലര്‍ക്ക് കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നൊക്കെയാണ് വിധിയിലുള്ളത്. ഇവിടെ പ്രസക്തമാകുന്ന ചോദ്യം മരിച്ചയാള്‍ സിപിഎമ്മൊ ബിജെപിയൊ എന്നതല്ല, ഒരു മനുഷ്യനെ ചില മനുഷ്യര്‍ ചേര്‍ന്ന് തച്ചുകൊന്നതാണ്. വടക്കേ ഇന്ത്യയില്‍ പശുക്കടത്തിനാണെങ്കില്‍ ഇവിടെ പോസ്റ്റര്‍ പതിക്കാനുള്ള മതിലിനായുള്ള തര്‍ക്കമാകാം. പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളെ കിട്ടുന്നത് താത്ക്കാലിക നേട്ടമാകാം, പക്ഷെ വീട്ടുകാര്‍ക്ക് എന്നത്തേക്കുമായി അവരുടെ പ്രിയപ്പെട്ട ഒരംഗത്തെ നഷ്ടമാവുകയാണ്. കൂട്ടായി നടത്തിയ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍നിന്നും കുറ്റവാളികള്‍ രക്ഷപെടുമ്പോള്‍ വീണ്ടും വീണ്ടും കുറ്റം ചെയ്യാന്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് ഇത് പ്രേരണയാവുകയാണ്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര്‍ തമ്മിലുള്ള ഒരു ഇടപാടിലൂടെയൊ, സാക്ഷിയെ ഭീഷണിപ്പെടുത്തിയൊ പ്രലോഭിപ്പിച്ചോ കേസ്സില്‍ വരുത്തുന്ന ഈ മാറ്റം അപകടകരമാണ്. കൊല നടന്നത് സത്യമാണെങ്കില്‍ അതിന് കൊലപാതകിയുമുണ്ടാകും. കോടതിക്ക് മുന്നില്‍ ഹാജരാക്കപ്പെട്ടവരല്ല പ്രതികള്‍ എന്ന് നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ , ഇനി ആരാണ് ഈ കൊലപാതകം നടത്തിയത് എന്നു കണ്ടെത്താനുള്ള ഒരു സംവിധാനം വേണ്ടെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോലീസിലെ ക്രൈംബ്രാഞ്ച് കോടതിക്കു കീഴിലല്ലെ വരേണ്ടത് ? കൂടുതല്‍ ചര്‍ച്ചകള്‍ ഈ മേഖലയില്‍ ആവശ്യമാണ്. അല്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കിയിട്ടുള്ള കടുത്ത ആദര്‍ശത്തിന്റെ ഫിലോസഫിയായ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ന്യായവള്ളിയിലൂടെ ക്രിമിനലുകള്‍ പൂക്കുകയും അനേകം വിഷവിത്തുകള്‍ പരത്തുകയും ചെയ്യും, സംശയമില്ല.

Sunday, 7 April 2019

Lucifer - film review


ലൂസിഫര്‍ -- ശ്രദ്ധേയമായ ക്രാഫ്റ്റ് 


ആശിര്‍വാദ് സിനിമയ്ക്കുവേണ്ടി മുരളി ഗോപി രചന നിര്‍വ്വഹിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. കഥയുടെ ലോജിക്കിനെപ്പറ്റിയൊന്നും ചിന്തിക്കേണ്ട കാര്യമില്ല. കഥ ആസ്വാദ്യകരമാണ്. ഓരോ ഫ്രയിമും കാഴ്ചക്കാരന് ഇഷ്ടപ്പെടുകയും ചെയ്യും. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ലൂസിഫര്‍ കാണേണ്ട ചിത്രം തന്നെയാണ്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമല്ല, തിന്മയും തിന്മയും തമ്മിലുളള യുദ്ധമാണ് കാണാന്‍ പോകുന്നതെന്ന സന്ദേശം ആദ്യം തന്നെ എഴുത്തുകാരന്‍ നല്‍കുന്നുണ്ട്.
ചിത്രത്തിന് അതിസൂക്ഷ്മമായ മറ്റൊരു തലം കൂടിയുണ്ട് എന്ന് കഥ പറയുന്ന ഗോവര്‍ദ്ധനും സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പി കെ ആര്‍ മരണപ്പെടുമ്പോള്‍ പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഗോവര്‍ദ്ധന്‍ പറയുന്നത് ശ്രദ്ധിക്കുക. മകള്‍,മകന്‍, മരുമകന്‍, മഹേഷ് വര്‍മ്മയെന്ന പാര്‍ട്ടിയിലെ രണ്ടാമന്‍, പിന്നെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന എംഎല്‍എ. സ്റ്റീഫന് വിശേഷണങ്ങളുണ്ട്. ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവരന്‍, ഇസ്ലാമിന് ഇബിലീസ്, ക്രിസ്റ്റ്യാനിക്കിവന്‍ ലൂസിഫര്‍. മഹിരാവരന്‍ പാതാളത്തിന്റെ അധിപതിയാണ്, രാവണപുത്രനുമാണ്.പക്ഷെ അവന്‍ സീതയെ അച്ഛന്‍ തട്ടിക്കൊണ്ടുവന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇബിലീസ് പിശാചാണ്. ലൂസിഫര്‍ എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് പിശാചിന്റെ രാജാവാണ്.എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ വഴികാട്ടിയായ ശുക്രനക്ഷത്രമാണ്. തിന്മയുടെ പ്രതീകങ്ങളാകുമ്പോഴും മഹിരാവരന്‍ സ്ത്രീകളെ അവഹേളിക്കുന്നതിനെ എതിര്‍ത്തതായി കാണാം. സ്റ്റീഫനും സ്ത്രീകളെ ബഹുമാനിക്കാത്തവരെ വകവരുത്തുന്നുണ്ട്.
സ്റ്റീഫന്‍ ഇല്യൂമിനാറ്റി സംഘത്തിന്റെ നേതാവാണ് എന്നത് ഒടുവിലാണ് വ്യക്തമാക്കുന്നത്. ഇല്യൂമിനാറ്റിക്കാര്‍ വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ബുദ്ധിജീവികളുടെ അധോലോകമാണ്. അവര്‍ സഭാവിശ്വാസികളല്ലെന്നു മാത്രമല്ല സഭയെ ധിക്കരിക്കുന്നവരുമാണ്. സ്റ്റീഫനെ അത്തരത്തിലൊരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നൃത്തരംഗത്ത് കാണിക്കുന്ന മൂങ്ങ, ലാലിന്റെ കണ്ണുകള്‍കൊണ്ടുള്ള അസാധാരണ നീക്കങ്ങള്‍, ജയിലില്‍ കിടക്കുമ്പോഴും എല്ലാം അറിയുന്ന ജ്ഞാനയോഗം, പ്രിയ രാംദാസിനെ കാണാനായി ക്ഷണിക്കുന്ന പള്ളിയിലെ കഴുത്തൊടിഞ്ഞ ക്രിസ്തുദേവന്റെ പ്രതിമയും അതിലെ പാമ്പും കാറിന്റെ നമ്പരും (666) devil's number ഒക്കെ രചയിതാക്കള്‍ വളരെ സമര്‍ത്ഥമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒടുവിലാണ് അയാള്‍ മതം മാറി എബ്രഹാം ഖഷോഗിയായി എന്നു കൂടി വെളിപ്പെടുത്തുന്നത്. ഇല്യൂമിനാറ്റിക്കാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത രണ്ട് ബിസിനസുകളാണുള്ളത്. ഒന്ന് സ്ത്രീകളെ കച്ചവടം ചെയ്യുന്നതും മറ്റൊന്ന് മയക്കുമരുന്നുകച്ചവടവും. സ്വര്‍ണ്ണവും ഭൂമിയുമൊക്കെ കച്ചവടം ചെയ്യുന്ന അധോലോകം ചെറിയ തെറ്റുകളാണ് ചെയ്യുന്നതെന്നും മയക്കുമരുന്നുകാരന്‍ വലിയ തെറ്റിന്റെ ഉടമയാണെന്നുമുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്. Drug is a dirty business എന്ന് കൃത്യമായി സ്റ്റീഫന്‍ പറയുന്നുമുണ്ട്.
പൃഥ്വിരാജ് തന്റെ ആദ്യസംരഭം അളന്നുതൂക്കിയാണ് ചെയ്തിരിക്കുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഉറപ്പായും അടുത്ത ചിത്രമാണ് പൃഥ്വിക്ക് വെല്ലുവിളിയാവുക. സ്‌ക്രിപ്റ്റിന്റെ ചാരുത പതിന്മടങ്ങ് മെച്ചപ്പെടുത്തിയ ചിത്രം. ഐ.വി.ശശിയാണ് മലയാളത്തില്‍ ഏറ്റവും വലിയ ജനക്കൂട്ട സിനിമയുടെ ഉപജ്ഞാതാവ്. പൃഥ്വിി ഈ ചിത്രത്തില്‍ ആ റെക്കോര്‍ഡും തകര്‍ത്തിരിക്കയാണ്. മുരളി ഗോപിയുടെ സ്‌ക്രിപ്റ്റ് മികച്ചതാണ്. മുരളിയെ അഭിനയിപ്പിക്കാതിരുന്നത് പൃഥ്വി എടുത്ത ഏറ്റവും മികച്ച തീരുമാനം. അല്ലെങ്കില്‍ ആ കഥാപാത്രത്തിന് ആവശ്യമില്ലാത്ത പ്രാധാന്യം നല്‍കി കുഴപ്പമാക്കുന്ന, ഒരു പക്ഷെ അറിയാതെ സംഭവിക്കുന്നതാകാം, ഒരു രീതി മുരളിക്കുണ്ട്.
സുജിത് വാസുദേവിന്റെ ക്യാമറയും സംജിത്ത് മുഹമ്മദിന്റെ എഡിറ്റിംഗും ദീപക് ദേവിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകുന്നു.കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനയോജ്യരായ നടീ നടന്മാരെ കണ്ടെത്തിയതും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ഹീറോകളില്‍ ഒന്നുകൂടി. ചലനങ്ങളും സ്റ്റണ്ടും ഒക്കെ മാസാക്കി മാറ്റാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. വിവേക് ഒബ്‌റോയ് എത്ര സോഫ്റ്റായാണ് മികച്ച വില്ലന്‍ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ടൊവിനൊയെ അത്രയ്ക്ക് ഇഷ്ടപ്പെടാത്ത മോഹന്‍ലാല്‍ -പൃഥ്വി ഫാന്‍സും അയാളെ ഇഷ്ടപ്പെട്ടു തുടങ്ങും എന്നത് മറ്റൊരു പ്രത്യേകതയാണ്. മഞ്ജു വാര്യരും പ്രിഥ്വിരാജും ഇന്ദ്രജിത്തും സാനിയ അയ്യപ്പന്‍,സായികുമാര്‍, ഷാജോണ്‍, നൈല ഉഷ, ജിജു,ബിജു,ഫാസില്‍, സച്ചിന്‍ ഘടേത്കര്‍,സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, നന്ദു, ജോണ്‍ വിജയ്, കൈനകരി തങ്കരാജ്, ശക്തി കപൂര്‍ തുടങ്ങിയ അഭിനേതാക്കള്‍ ചെറുതും വലുതുമായ വിവിധ റോളുകളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. ചുരുക്കത്തില്‍ മലയാളസിനിമയിലെ ഒരു ഉത്സവവിരുന്നാണ് ലൂസിഫര്‍.