നിയമ സംവിധാനം മാറേണ്ടത് അനിവാര്യം
നമ്മുടെ ജുഡീഷ്യറിക്ക് കാര്യമായ തകരാറുണ്ട്. അത് മാറിയെ തീരു. വളരെ ഗൗരവമായ ചിന്ത ഈ മേഖലയിലുണ്ടാകുന്നില്ല എന്നത് കഷ്ടമാണ്. കണ്ണുകള്‍ കെട്ടിയ ജുഡീഷ്യറി, കേള്‍ക്കുക മാത്രമെ ചെയ്യുന്നുള്ളു, അവര്‍ ഒന്നും കാണുന്നില്ല എന്നു വരുന്നത് ശരിയല്ല. ഇന്നലെ തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോര്‍ട്ട് 8 രാഷ്ട്രീയ കുറ്റവാളികളെ ( ആരോപിത എന്നാണല്ലൊ കോടതി ഭാഷ്യം) വെറുതെ വിട്ടു. 2008 മാര്‍ച്ചില്‍ സി.രഞ്ജിത്ത് എന്ന സിപിഎം പ്രവര്‍ത്തകനെ കൊലചെയ്ത കേസിലാണ് ഈ വിധി. ആട്ടൊറിക്ഷ ഡ്രൈവറായിരുന്നു രഞ്ജിത്ത്. ആട്ടോറിക്ഷയില്‍ നിന്നും പിടിച്ചിറക്കി വെട്ടികൊന്ന കേസ്സില്‍ 24 സാക്ഷികളും 40 ഡോക്യുമെന്റുകളും 14 എവിഡന്‍സുകളുമുണ്ടായിരുന്നു എന്നാണ് പറയുന്നത്. സാക്ഷികളില്‍ ചിലര്‍ കൂറുമാറി, ചിലര്‍ക്ക് കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നൊക്കെയാണ് വിധിയിലുള്ളത്. ഇവിടെ പ്രസക്തമാകുന്ന ചോദ്യം മരിച്ചയാള്‍ സിപിഎമ്മൊ ബിജെപിയൊ എന്നതല്ല, ഒരു മനുഷ്യനെ ചില മനുഷ്യര്‍ ചേര്‍ന്ന് തച്ചുകൊന്നതാണ്. വടക്കേ ഇന്ത്യയില്‍ പശുക്കടത്തിനാണെങ്കില്‍ ഇവിടെ പോസ്റ്റര്‍ പതിക്കാനുള്ള മതിലിനായുള്ള തര്‍ക്കമാകാം. പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളെ കിട്ടുന്നത് താത്ക്കാലിക നേട്ടമാകാം, പക്ഷെ വീട്ടുകാര്‍ക്ക് എന്നത്തേക്കുമായി അവരുടെ പ്രിയപ്പെട്ട ഒരംഗത്തെ നഷ്ടമാവുകയാണ്. കൂട്ടായി നടത്തിയ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍നിന്നും കുറ്റവാളികള്‍ രക്ഷപെടുമ്പോള്‍ വീണ്ടും വീണ്ടും കുറ്റം ചെയ്യാന്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് ഇത് പ്രേരണയാവുകയാണ്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര്‍ തമ്മിലുള്ള ഒരു ഇടപാടിലൂടെയൊ, സാക്ഷിയെ ഭീഷണിപ്പെടുത്തിയൊ പ്രലോഭിപ്പിച്ചോ കേസ്സില്‍ വരുത്തുന്ന ഈ മാറ്റം അപകടകരമാണ്. കൊല നടന്നത് സത്യമാണെങ്കില്‍ അതിന് കൊലപാതകിയുമുണ്ടാകും. കോടതിക്ക് മുന്നില്‍ ഹാജരാക്കപ്പെട്ടവരല്ല പ്രതികള്‍ എന്ന് നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ , ഇനി ആരാണ് ഈ കൊലപാതകം നടത്തിയത് എന്നു കണ്ടെത്താനുള്ള ഒരു സംവിധാനം വേണ്ടെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോലീസിലെ ക്രൈംബ്രാഞ്ച് കോടതിക്കു കീഴിലല്ലെ വരേണ്ടത് ? കൂടുതല്‍ ചര്‍ച്ചകള്‍ ഈ മേഖലയില്‍ ആവശ്യമാണ്. അല്ലെങ്കില്‍ നമ്മള്‍ ഉണ്ടാക്കിയിട്ടുള്ള കടുത്ത ആദര്‍ശത്തിന്റെ ഫിലോസഫിയായ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ന്യായവള്ളിയിലൂടെ ക്രിമിനലുകള്‍ പൂക്കുകയും അനേകം വിഷവിത്തുകള്‍ പരത്തുകയും ചെയ്യും, സംശയമില്ല.
No comments:
Post a Comment