താഴെ പറയുന്ന കഥയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. എന്‍റെ പ്രിയ സുഹൃത്ത്,
കോഴിക്കോട് പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടറായിരിക്കെ മരണപ്പെട്ട സജീവാണ്
ഫോണിലൂടെ സെക്രട്ടറിയുടെ കഥ എനിക്ക് പറഞ്ഞുതന്നത്. ഞാന്‍ സെക്രട്ടറിയെ
കണ്ടിട്ടില്ല. എന്നാല്‍ കണ്ടമട്ടില്‍ രസകരമായി വര്‍ണ്ണിക്കാന്‍
മിടുക്കനായിരുന്നു സജീവ്. നിരന്തരം വിളിച്ച് നിര്‍ബ്ബന്ധിച്ചാണ് കഥ
എഴുതിച്ചത്. അദ്ദേഹവും അതില്‍ കഥാപാത്രമാണ്. കഥയ്ക്കായി ചില രസക്കൂട്ടുകള്‍
ചേര്‍ത്തിട്ടുണ്ട് എന്നേയുള്ളു. കഥ ഞാന്‍ അയച്ചുകൊടുത്തു. അത് ഫോട്ടോ
കോപ്പിയെടുത്ത് അദ്ദേഹം സുഹൃത്തുക്കള്‍ക്കെല്ലാം വിതരണം ചെയ്തു. അത്
മരണത്തിന് ഒരു മാസം മുന്‍പായിരുന്നു.---------------
സെക്രട്ടറി
പള്ളിയിലെ നിസ്ക്കാരവും കഴിഞ്ഞിറങ്ങിയപ്പോഴാണ് ജബ്ബാര്‍ ഇടിവെട്ടിയപോലത്തെ
ആ വാര്‍ത്ത പറഞ്ഞത്. "സെക്രട്ടറി, നിങ്ങളാ മോഹനന്‍ മാഷിന്‍റെ വീട്ടില്
കേറ്യോ - "
"- ന്നി പ്പൊ ന്താ ത്ര ബിശേഷം- ന്ന് . ഞാനിന്നലെയല്ലെ
പുള്ളീന് സാധനം കൊടുത്തേ. അതിത്ര പെട്ടന്നങ്ങ് തീര്‍ന്നോ- എങ്കിത്തന്നെ
അതിപ്പൊ നിന്നോട് പറയണ്ട കാര്യന്താ-"
"നിങ്ങളെന്തുദ്ദേശിച്ചാ ഈ പറയണേന്ന്- , അയാളിന്നലെ വടിയായെന്ന് - "
"വടിയായെന്നോ- ഏയ്- എത്ര കുടിച്ചാലും ഒന്നുമാകാത്തയാളാ അയാള്. ഏയ് -
അയാളങ്ങിനെ തീര്വോന്നൂല്ല", സംശയം ബാക്കി നില്‍ക്കുന്ന മനസുമായി സെക്രട്ടറി
ജബ്ബാറെ ഒന്നു നോക്കി.
"ജബ്ബാറെ , നീ കള്ളം പറയല്ലെ - ", ഒരരച്ചിരി
വരുത്തി ,ചുളിഞ്ഞ മുഖം കുറേക്കൂടി ചുളിച്ച് അയാള്‍ ജബ്ബാറിനോട് ചോദിച്ചു,
"ഇതാര് നെന്നോട് പറഞ്ഞേ?"
"എന്നോടാരും പറഞ്ഞതല്ല സെക്രട്ടറി,
പത്രവാര്‍ത്തയാ- ", ഒരു പത്രം കൈകൊണ്ട് തട്ടി നിവര്‍ത്തി അയാള്‍
സെക്രട്ടറിയുടെ മുന്നിലേക്ക് നീട്ടി.
"സത്യം തന്നെല്ലാ- പഹയന്‍റെ ഫോട്ടോ തന്നെ "
പിന്നെ ആലോചിച്ചു നിന്നില്ല, നെല്ലിപ്പറമ്പിലേക്ക് ഒറ്റ നടത്തം വച്ചുകൊടുത്തു.
കൈയ്യിലെ പ്ലാസ്റ്റിക് കവര്‍ നടത്തയില്‍ ഉലയുന്നുണ്ടായിരുന്നു. ഭൂമി
മൊത്തമായി ഉലയുന്നു എന്നവിധമാണ് സെക്രട്ടറിയുടെ നടത്തം. കൈകാലുകളിലും
ദേഹത്തും വരണ്ട ചര്‍മ്മം തീര്‍ത്ത ചെതുമ്പലുകള്‍ ചൂടില്‍ തിളങ്ങി.
വിയര്‍ക്കാത്ത ദേഹത്ത് ഉള്ളിലും പുറത്തും ചൊറിച്ചില്‍ കലശലായെങ്കിലും
നിന്നു ചൊറിയാന്‍ തോന്നിയില്ല. മോഹന്‍ സാറിന്‍റെ വീട്ടില് കയറിയിട്ടുവേണം
കൈയ്യിലെ ഭാരമൊഴിക്കാന്‍. ദിവാകരന്‍ സാറും ജോസഫേട്ടനും കുഞ്ചറിയാച്ചനും
വിറയല് തുടങ്ങും മുന്‍പ് എത്തണം. നല്ലൊരു കൈയ്യാണ് നഷ്ടമായത്. രണ്ടീസം
കൂടുമ്പോ കുറഞ്ഞത് ഒന്നെങ്കിലും സാറിന് വേണമായിരുന്നു. അവധി ദിവസായാല്‍
രണ്ട്. രൊക്കം പണം, കടമില്ല. നിറഞ്ഞ ചിരിയുമായെ അങ്ങേരെ കണ്ടിട്ടുള്ളു.
നല്ല തങ്കപ്പെട്ട മനുഷ്യന്‍. ദൈവം ഇങ്ങനെയാവും , നല്ലവരെ വേഗം
വിളിക്കൂന്നാ. അത് ശരിയാവണോന്നുമില്ല, ഏത് സ്വര്‍ഗ്ഗത്തീ ചെന്നാലും ഈ
നാടിന്‍റേം നാട്ടാര്ടേം മണോം കൊണോം - ണ്ടാവുമോ. കുറച്ച് കുശുമ്പും
കുന്നായ്മയും സന്തോഷവും ദു:ഖവും ഒക്കെയായി- എന്തിന് --മീന്‍ ചന്തേലെ മണവും
പ്ലാസ്റ്റിക് കത്തിക്കുന്ന പൊകയും എല്ലാം ഒരു രസാല്ലെ - നല്ലവരെ ആദ്യം
വിളിക്കുമെങ്കി - തന്നെ വിളിക്കേണ്ട കാലം കഴിഞ്ഞൂന്ന് സെക്രട്ടറി സ്വയം
വിലയിരുത്തി.
വീടടുക്കാറായപ്പോള്‍ സെക്രട്ടറിയുടെ വേഗത
കുറഞ്ഞു. തെന്താപ്പാ -- മരണവീടിന്‍റെ ഒരു ലക്ഷണോല്ല- ടാര്‍പാളിന്‍ വലിച്ചു
കെട്ടീട്ടില്ല, കസേരകളില്ല, ഇലക്ട്രിക് പോസ്റ്റുകളില്‍ പടം
ഒട്ടിച്ചിട്ടില്ല, എന്തിന് ,കറുത്ത കൊടി പോലുമില്ല. വീട്ടുമുറ്റത്ത് ഒരാളേം
കാണാനുമില്ല. മടിച്ചു മടിച്ചാണ് പറമ്പിലേക്ക് കയറിയത്. അപ്പോ തന്നെ
അമ്മത്ത വാതിലും തുറന്നു. സാറിന്‍റമ്മയാ, -ല്ലാരും അമ്മത്താന്നാ വിളിക്കാ.
എന്താണോ ആവോ അര്‍ത്തം!
അവര്‍ക്കാണെങ്കി സെക്രട്ടറിയെ കണ്ണെടുത്താല്‍
കണ്ടൂടാ - ല്ലാ പ്രശ്നത്തിനും കാരണം ഇവനൊരുത്തനാന്ന് ഒരിക്കെ കൈചൂണ്ടി
സംസാരിച്ചതുമാ. പൊതുവെ ശാന്തശീലയായ അമ്മത്തയുടെ തനിനിറം അന്നാ കണ്ടത്.
ഇപ്പോഴും ആ ദേഷ്യം മുഖത്തുണ്ട്. ആവശ്യക്കാരനും ഔചിത്യമില്ല,
കൊടുക്കുന്നോനും ഔചിത്യമില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇപ്പോഴും ഒരു
മടിയും കൂടാതെ ഈ വീട്ടിലേക്ക് കടന്നുവരാന്‍ സെക്രട്ടറിക്ക് കഴിഞ്ഞത്.
ങ്ഹും- എന്താ എന്ന രണ്ട് വാക്കുകള്‍ മുഖത്തുനിറച്ച് അമ്മത്ത നിന്നു.
അവിടവിടെ ചതുരം വീണ, വരണ്ട മുഖത്ത് ഒരു മണ്ടന്‍ ചിരിയുമായി സെക്രട്ടറിയും.
വലതുകൈയ്യിലെ കവര്‍ ഇടത്തേ കൈയ്യിലാക്കി , വലത് കൈ മുന്നോട്ടും പിറകോട്ടും ചലിപ്പിച്ച് അവന്‍ ചോദിക്കാനാഞ്ഞു, "സാറ്--"
"സാറിവിടില്ല സെക്രട്ടറി, ഇയാള് വേഗം പോകാന്‍ നോക്ക്", എന്നു പറഞ്ഞ്
അമ്മത്ത വാതില്‍ വലിച്ചടച്ചു. ഇനി അവിടെ നില്‍ക്കുന്നത് വശക്കേടാകുമെന്ന്
കണ്ട സെക്രട്ടറി പതുക്കെ തിരിഞ്ഞു. മാഷ് സ്ഥിരമായിരിക്കാറുള്ള കസേര കാര്‍
ഷെഡിനരുകിലുണ്ട്. അവിടെ തന്നെകാത്ത് ആകാംഷയോടെ ഇരിക്കാറുള്ള മോഹനന്‍ മാഷ് ,
അദ്ദേഹം മരിച്ചിട്ടില്ല എന്നറിഞ്ഞത് ഒരു സമാധാനമായി. ജബ്ബാര്‍- കഴുവേറി ,
ഓന്‍ പറ്റിച്ചതാ. അവനീയിടെ മോറിത്തിരി കൂടണുണ്ട് എന്നൊക്കെ ഒരു കൂട്ടം
ചിന്തിച്ച് വീണ്ടും വെയിലിലേക്കിറങ്ങി.
മനുഷ്യന്‍റെ ആകാംഷയ്ക്കൊക്കെ ഒരതിരുണ്ടെന്ന് എനിക്കുമറിയാം.
അതുകൊണ്ടുതന്നെ ഞാനീ സെക്രട്ടറിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഒറ്റ
മുണ്ടും അയഞ്ഞ ഷര്‍ട്ടുമിട്ട് ഒറ്റക്കോലം പോലെ നടന്നുപോകുന്ന അയാളുടെ ഒരു
ദൂരക്കാഴ്ചയില്‍ നിന്നുകൊണ്ട് എനിക്കറിയുന്ന കാര്യങ്ങള്‍ പറയാം. ചരിത്രം
എപ്പോഴും അങ്ങിനെയാണല്ലൊ, ഓരോരുത്തരും അവരുടെ അറിവുകള്‍ പങ്കുവയ്ക്കുന്നു.
ഒരിക്കലും ചരിത്രം പൂര്‍ണ്ണമല്ല എന്ന് നമുക്കറിയാം. സെക്രട്ടറിയുടെ
ചരിത്രവും അപൂര്‍ണ്ണമായെങ്കിലും നിങ്ങളും അറിഞ്ഞിരിക്കണം.
അച്ഛന്‍ പാറക്കോണത്ത് നാരായണന്‍ സ്കൂള്‍മാഷായിരുന്നു. അമ്മ നെരിയേടത്ത്
ഗോമതിയമ്മ തികഞ്ഞ വീട്ടമ്മയും. ഇവര്‍ക്കുണ്ടായ ആദ്യ സന്താനത്തിന് അവര്‍
ഇട്ടപേര് ഇന്നാര്‍ക്കും അറിയില്ല. അയ്യപ്പനെന്നോ ഗോവിന്ദനെന്നോ മറ്റോ ഒരു
ദൈവനാമമായിരിക്കാം. കുഞ്ഞ് പിറന്നു വീണപ്പോഴെ ഗോമതിയമ്മ ഒഴികെ
കണ്ടുനിന്നവരെല്ലാം ഞെട്ടി. പാമ്പിന്‍റെ പടം പോലെയാണ് ദേഹം. ശല്ക്കങ്ങള്‍
നിറഞ്ഞ് അറപ്പുളവാക്കുംവിധം. ഏതോ ജനിതക വൈകല്യമാണെങ്കിലും ആളുകള്‍ കഥകള്‍
ഒരുപാടുണ്ടാക്കി. മാഷിന്‍റെ അച്ഛന്‍ വീട് പണിയാന്‍ തറ കുഴിപ്പിച്ചപ്പോള്‍
അവിടെ നൂറുകണക്കിന് പാമ്പുകള്‍ ഉണ്ടായിരുന്നു.എല്ലാറ്റിനേയും തീയിട്ടു
കൊന്നു എന്നായിരുന്നു ഒരു കഥ. ഗോമതിയമ്മയുടെ അച്ഛന്‍ കാട് വെട്ടിത്തെളിച്ച്
കൃഷി ചെയ്തത് കാരണം പാമ്പുകള്‍ വസിക്കാനിടമില്ലാതെ അനാഥരായെന്നും അവരുടെ
ശാപമാകാമെന്നും മറ്റൊരു കൂട്ടരും അടക്കം പറഞ്ഞു. കഥ എന്തുതന്നെയായാലും
കുട്ടിയുടെ അവസ്ഥ ദയനീയമായിരുന്നു. മാഷ് പിന്നീട് ആ കുട്ടിയെ തിരിഞ്ഞ്
നോക്കിയില്ല. എന്നാല്‍ ഗോമതിയമ്മ അവനെ സ്നേഹിച്ചു. അവന്‍റെ കൈ വളരുന്നതും
കാല്‍ വളരുന്നതും കണ്ട് സന്തോഷിച്ചു. മറ്റുള്ളവര്‍ കാണാതെ വീട്ടിനുള്ളില്‍
ഒളിപ്പിച്ചു വച്ചു. അവന് അഞ്ചുവയസുള്ളപ്പോള്‍ ഗോമതി ഒരിക്കലെ മാഷിനോട്
ചോദിച്ചുള്ളു, "കുട്ടീനെ ഉസ്കൂളില്‍ വിടണ്ടേ?"
"എന്തിന് ,നാട്ടാരെക്കൊണ്ട് അതുമിതും പറയിക്കാനോ?, കൂട്ടാനും കുറയ്ക്കാനുമൊക്കെ നീ പറഞ്ഞുകൊടുത്താല്‍ മതി. പശുവും കോഴിയുമൊക്കെ
വളരുംപോലെ അവനും വളര്‍ന്നോളും, അതുമതി", നാരായണന്‍ മാഷ് കുടയെടുത്തിറങ്ങി.
മാഷിപ്പൊ ഇങ്ങനെയാ, മുന്‍ശുണ്ഠിയും നാട്ടുകാര്യവും. വീട്ടുകാര്യത്തില്‍
താത്പ്പര്യേ-ല്ല.
ഗോമതിയമ്മ ഒരിക്കല്‍കൂടി പെറ്റു. ആ കുട്ടി ഭൂമി
കണ്ടപ്പോഴെ മരിക്കുകയും ചെയ്തു. അതെന്തിനാ ഇങ്ങനെ ദൈവം ചെയ്യുന്നെ എന്ന
ഒരു ചോദ്യം മാത്രമെ മകന്‍ ചോദിച്ചുള്ളു. അതിന് മറുപടി പറയാന്‍ കഴിയാതെ
ഗോമതിയമ്മ ഇരുന്നു കരഞ്ഞു. അവന്‍ പരുക്കന്‍ കൈകള്‍കൊണ്ട് ആ കണ്ണീര്
തുടച്ചു. പിന്നീട് അമ്മയ്ക്കൊരു തുണയായി അവന്‍ വളര്‍ന്നു. എല്ലാ
കാര്യത്തിലും അവനായിരുന്നു സഹായി. ദിവസം കഴിയുന്തോറും അവന്‍ സുന്ദരനാണെന്ന്
ആ അമ്മയ്ക്ക് തോന്നി. അവനെ കടയിലും മറ്റും പോകാന്‍ പരിശീലിപ്പിച്ചതും
അമ്മയാണ്. അച്ഛന്‍റെ കണ്‍വെട്ടത്ത് എത്താതിരിക്കാന്‍ അവന്‍ പ്രത്യേകം
ശ്രദ്ധിച്ചു. എന്നിട്ടും ചിലപ്പോഴൊക്കെ ചെന്നുപെടും. അപ്പോള്‍ ആ മുഖം
കോപംകൊണ്ട് തുടുക്കും. എന്നിട്ട് പറയും,"അശ്രീകരം , പോ- അപ്പുറത്ത് "
അറിവായിക്കഴിഞ്ഞപ്പോള്‍ ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമുണ്ട്
അയാള്‍ക്ക്.ഞാന്‍ പറഞ്ഞിട്ടല്ലല്ലോ നിങ്ങളെന്നെ ജനിപ്പിച്ചത്
എന്നതായിരുന്നു ആ ചോദ്യം. പക്ഷെ ചോദിച്ചില്ല. ഒരാളിനേം വിഷമിപ്പിക്കാന്‍
അയാള്‍ക്ക് കഴിയില്ലായിരുന്നു. മാഷിന്‍റെ മരണശേഷം വീട് കുറച്ച്
പ്രയാസത്തിലായി. അമ്മ മകന് പെണ്ണാലോചിച്ച് കുഴഞ്ഞു. ഒന്നുരണ്ടിടത്ത്
പോവുകയും ചെയ്തു. ആക്ഷേപങ്ങളായിരുന്നു ഫലം. പിന്നീട് അയാള്‍ അതുപേക്ഷിച്ചു.
ഒറ്റയാനായുള്ള ജീവിതത്തില്‍ സുഖം കണ്ടെത്തി.
ജീവിതദുരിതം കടുത്തപ്പോഴാണ് അമ്മയും മകനുംകൂടി പശു വളര്‍ത്താന്‍
തുടങ്ങിയത്. പാല് വാങ്ങാന്‍ ആള് കുറഞ്ഞ കാലത്താണ് അവിടെ പാല്‍ സൊസൈറ്റി
തുടങ്ങുന്നത്. മില്‍മയിലേക്ക് പാല്‍ നല്‍കാനുള്ള സംവിധാനം . ആ യോഗത്തില്‍
വച്ചാണ് സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം വന്നപ്പോള്‍ ആരോ തമാശമട്ടില്‍
ഇയാളുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. കളി കാര്യമായി.
എന്നാല്‍ അങ്ങിനെതന്നെ , ഇയാളാ ഇനി സെക്രട്ടറി എന്ന് എല്ലാവരും ഏകകണ്ഠമായി
അംഗീകരിച്ചു. പ്രതികരണങ്ങള്‍ പുറത്തറിയാത്ത വിധം ശല്‍ക്കങ്ങളുള്ള
ശരീരവുമായി സെക്രട്ടറി കസേരയില്‍ അയാള്‍ ഇരുപ്പായി. അന്നുമുതല്‍ നമ്മുടെ
കഥാനായകന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട സെക്രട്ടറിയായി. മറ്റുള്ളവര്‍
പറയുന്നിടത്തൊക്കെ വിരലുപതിച്ചു കൊടുത്തു. ഇപ്പൊ സംഘവുമില്ല,
സെക്രട്ടറിക്ക് പശുവളര്‍ത്തലുമില്ല. അമ്മയുടെ മരണത്തോടെയാണ് സെക്രട്ടറി
അതൊക്കെ ഉപേക്ഷിച്ചത്. നേരം പ്രഭാതമായാല്‍ പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞ്
,കുളിച്ച് ഇറങ്ങുകയായി. രാത്രി വളരെ വൈകി വീട്ടിലെത്തി മേല്‍ കഴുകി
ഉറങ്ങും. ഒരു സത്രം പോലെയായി വീട്.
എത്രയോ കാലം
കുന്നുംപുറത്തുകാരുടെ കാര്യസ്ഥനായി ജോലി ചെയ്തു. പറമ്പ് നോട്ടം,
വീട്ടുസാമാനങ്ങള്‍ വാങ്ങല്‍ തുടങ്ങി പുറംപണികളെല്ലാം. മൂന്ന് നേരം ഭക്ഷണവും
ആവശ്യത്തിന് പണവും കിട്ടിയിരുന്നു. ശരിക്കും സെക്രട്ടറിക്ക് ആവശ്യങ്ങള്‍
ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പഴയ മുണ്ടും ഉടുപ്പും ആരെങ്കിലും
നല്‍കും. പിന്നെന്താ ചിലവ്.സോപ്പ്,എണ്ണ ഒന്നും തന്നെ ശരീരത്തിന്
ഇണങ്ങില്ല.ആ വിധ ചിലവുകളും ഇല്ല. പിന്നെ വല്ലപ്പോഴും ഒരു ചായയോ കടിയോ
പുറത്തൂന്നു കഴിച്ചാലായി. കാര്‍ന്നോര്‍ ശങ്കരന്‍ നായരുടെ മരണത്തോടെ മക്കള്‍
സ്വത്ത് ഭാഗിച്ചെടുത്തു. പലരും വിറ്റ് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും
കുടിയേറി. അങ്ങിനെ അനാഥനായി നില്‍ക്കുന്ന കാലത്താണ് ദൈവം സെക്രട്ടറിക്കായി
മറ്റൊരു വഴി തുറന്നത്.
നാട്ടിലെ ബാറുകളെല്ലാം പൂട്ടി മദ്യം
ബിവറേജസ് കോര്‍പ്പറേഷനിലും പഞ്ചനക്ഷത്ര ഹോട്ടലിലും മാത്രം ലഭിക്കുന്ന കാലം
വന്നു. വല്ലപ്പോഴും ഒരു നേരം ഭക്ഷണം തന്നുകൊണ്ടിരുന്ന രാജപ്പന്‍ സാറാണ്
ശരിക്കും ദൈവമായി അവതരിച്ചത്. അദ്ദേഹത്തിന്‍റെ തുണികള്‍ ഇസ്തിരിയിടുവിച്ച്
കൊണ്ടുകൊടുക്കുകയും ശ്യാമചേച്ചിക്ക് മീന്‍ വാങ്ങിക്കൊടുക്കുകയും
ചെയ്തിരുന്നത് സെക്രട്ടറിയായിരുന്നു. ചേച്ചിയെന്ന് വിളിക്കുന്നെങ്കിലും
പ്രായത്തില്‍ അവര്‍ സെക്രട്ടറിയേക്കാള്‍ ഇളയതായിരുന്നു. നിത്യവും ബീച്ച്
ഹോട്ടലില്‍ നിന്നും മദ്യം കഴിച്ചുകൊണ്ടിരുന്ന രാജപ്പന്‍ സാറിന് വലിയ
ഷോക്കായിരുന്നു ബാറുകള്‍ അടച്ച തീരുമാനം. ദിവസം ഒരുവട്ടമെങ്കിലും അതിന്
കാരണക്കാരായവരെ അദ്ദേഹം തെറി വിളിക്കും. സെക്രട്ടറി അതുകേട്ട്
പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കും. വലിയവരുടെ കാര്യത്തില്‍ നമുക്കെന്താ
എന്ന മട്ടില്‍. സര്‍ക്കാര്‍ നടപടിയുടെ ഗുണദോഷങ്ങളൊന്നും സെക്രട്ടറിക്ക്
അറിയില്ലല്ലോ. അറിയാന്‍ താത്പ്പര്യവുമില്ല.
ഒരു ദിവസം രാജപ്പന്‍
സാര്‍ വിളിച്ച് ഒരു തുണ്ടുപേപ്പറും കുറച്ച് പൈസയും കൈയ്യില്‍ കൊടുത്തു.
"ആലുംമൂട്ടിലെ മദ്യക്കടയില്‍ നീ ഇത് കാണിച്ച് പൈസയും കൊടുത്താല്‍ മതി,
കുപ്പി കിട്ടും. അത് വാങ്ങിച്ചോണ്ടു വാ, ദാ - ഈ കവറും കൂടി
കൊണ്ടുപോ",രാജപ്പന്‍ സാറ് പറഞ്ഞു. സെക്രട്ടറി നേരെ വിട്ടു. അവിടെ വലിയ
പുരുഷാരമാണ്. അതിലേക്ക് അയാള്‍ ലയിച്ചുചേര്‍ന്നു. ക്ഷമയോടെ ക്യൂ
നില്‍ക്കുന്ന മനുഷ്യരില്‍ ഒരാളായി സെക്രട്ടറി മാറി. തുണ്ടും പൈസയും നല്‍കി
കിട്ടിയ കുപ്പി ഭദ്രമായി കവറിലാക്കി രാജപ്പന്‍ സാറിനെകണ്ട് അത് കൊടുത്തു.
അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോള്‍ കണ്ട സന്തോഷം പോലെ ഒന്ന് സെക്രട്ടറി
അതിനുമുന്‍പും ശേഷവും ഒരാളിലും കണ്ടിട്ടില്ല. അന്‍പതിന്‍റെ ഒരു നോട്ടാണ്
അദ്ദേഹം പ്രതിഫലമായി നല്‍കിയത്. അപ്പോഴും ഇതാണ് തന്‍റെ ഭാവി
കരുപ്പിടിപ്പിക്കുക എന്ന് സെക്രട്ടറി കരുതിയില്ല. അവിടെ ചുറ്റിപ്പറ്റി
നിന്നപ്പോള്‍ രാജപ്പന്‍ സാര്‍ ആരോടോ ഫോണില്‍ പറയുന്നുണ്ടായിരുന്നു, "-പ്പൊ
ശരിയാക്കിത്തരാന്ന്"
എന്താണോ ആവോ എന്നു ചിന്തിക്കുമ്പോഴേക്കും
വിളിവന്നു, "സെക്രട്ടറി, നമ്മുടെ ജോസഫില്ലെ, കോട്ടണ്‍വില്ലയിലെ, അയാളൊരു
തുണ്ട് തരും, അയാക്കൂടെ ഒരെണ്ണം വാങ്ങിക്കൊട്."
അതൊരു
തുടക്കമായിരുന്നു. ജീവിതം മാറ്റിമറിച്ച തുടക്കം. പിന്നെ സെക്രട്ടറി
പിടിച്ചാല്‍ കിട്ടാത്തവിധം ഉയര്‍ന്നു. ഒരു നേരം ആറ് കുപ്പി എന്ന നിലയില്‍
ദിവസം മൂന്ന് വട്ടം. ആറ് മൂന്ന് പതിനെട്ട്. അതിനപ്പുറം എടുക്കില്ല. അന്‍പത്
രൂപയില്‍ ഒരു പൈസ കുറച്ചും വാങ്ങില്ല, കൂട്ടിയും വാങ്ങില്ല. ആര്‍ത്തി
മനുഷ്യനെ അപകടത്തില്‍ കൊണ്ടുചാടിക്കും എന്ന പാഠവും ബിവറേജസ് ക്യൂവില്‍
നിന്നാണ് സെക്രട്ടറി പഠിച്ചത്. ദിവസവും മൂന്നുവട്ടം പോകുന്നതിന് പകരം ഒരു
നേരം തന്നെ രണ്ടുവട്ടം ക്യൂ നിന്ന് പന്ത്രണ്ട് കുപ്പി കരസ്ഥമാക്കിയത്
അങ്ങിനെയാണ്. ഇത് നോക്കി നില്‍ക്കുകയായിരുന്നു ഷോഡോ പോലീസ്. നല്ല മനുഷ്യരാ,
വേണമെങ്കില്‍ കേസ്സെടുക്കാം, ശിക്ഷ നല്‍കാം, അങ്ങിനെ പലതുമാകാം. പക്ഷെ,
അവരതിനൊന്നും പോയില്ല. "നെന്നെ ഞങ്ങള്‍ക്കറിയാം, നീ ഒരു കച്ചോടം ചെയ്ത്
ജീവിച്ചോട്ടെ , നാട്ടാര് മാന്യന്മാര്‍ക്ക് ഇത്തിരി കള്ളും
കിട്ടിക്കോട്ടേന്ന് കരുതിയതാ. പക്ഷെ, നിയമം പാലിക്കണം. നിനക്ക് ആറുകുപ്പി
കൊണ്ടുപോകാം, ബാക്കി ആറ് , അത് ഞങ്ങളിങ്ങെടുക്കുവാ."
സെക്രട്ടറിയുടെ നെഞ്ചത്ത് തീ ആളി. ശല്‍ക്കങ്ങള്‍ക്കിടയിലൂടെ ചൂട്
പുറത്തുവന്നില്ലെന്നു മാത്രം. രൂപ എത്രയാ പോയത്. അത് തിരിച്ചുപിടിക്കാന്‍
കാലമെത്രയെടുത്തു, എങ്കിലും കേസാക്കിയില്ലല്ലോ എന്നു സമാധാനിച്ച്
പിന്നീടൊരിക്കലും ആ പണിക്ക് നിന്നിട്ടില്ല. എന്നുമാത്രമല്ല, മദ്യം
വാങ്ങിയശേഷം നിത്യവും കയറി പ്രാര്‍ത്ഥിക്കുന്ന സെന്‍റ് ജോസഫ്സ് പള്ളിയിലെ
കുരിശ് ദൈവത്തോടോ അങ്ങാടി പള്ളീലെ അള്ളാഹുവിനോടോ തെക്കുംപുറത്തെ പരമശിവനോടോ
ഒരു ദേഷ്യവും തോന്നിയതുമില്ല. അവരൊക്കെയുണ്ടായതുകൊണ്ട് ജയിലീ പോവാതെ
രക്ഷപെട്ടു എന്നു സമാധാനിച്ചു. ദൈവത്തിന്‍റെ അനേകം പരീക്ഷണങ്ങളില്‍
ഒന്നുമാത്രം എന്ന് സ്വയം പറഞ്ഞുറപ്പിക്കുകയും ചെയ്തു.
ഇടയ്ക്കിടെ ഇരുട്ടടിപോലെ ഓരോന്നുവന്നു ചേരും. അത്തരത്തിലൊന്നായിരുന്നു
ആലുംമൂട്ടിലെ ബിവറേജസ് കൌണ്ടര്‍ അടച്ച സംഭവം. സര്‍ക്കാരിന്‍റെ
പടിപടിയായുള്ള മദ്യവര്‍ജ്ജന നയത്തിന്‍റെ ഭാഗമായാണ് കട അടച്ചത്. അന്ന്
സെക്രട്ടറിക്ക് ഒരു നെഞ്ചുവേദനയും ബോധക്കേടുമൊക്കെയുണ്ടായി. എങ്കിലും അതിനെ
അതിജീവിച്ചു. നഗരത്തില്‍ ഒരു കട മാത്രം ഇനിയും ബാക്കിയുണ്ട് എന്നു
മനസിലാക്കി സെക്രട്ടറി ആദ്യമായി ബസില്‍ കയറി യാത്ര ചെയ്തു. നഗരത്തിലെത്തി
ചോദിച്ചും പറഞ്ഞും കടയിലെത്തി. പോകുന്ന വഴിയിലെ ചില അടയാളങ്ങള്‍ മനസില്‍
കുറിച്ചിട്ടു. തിരികെ വരുമ്പോള്‍ വഴി തെറ്റരുതല്ലൊ. അങ്ങിനെ നഗരം കണ്ട
സെക്രട്ടറി ഒന്നന്ധാളിച്ചെങ്കിലും മറ്റൊന്നിലേക്കും ശ്രദ്ധകൊടുക്കാതെയും
നഗരത്തിന്‍റെ ധാരാളിത്തം കാണാതെയും ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രം നീങ്ങി.
ബിവറേജസ് എന്ന ലക്ഷ്യത്തിലേക്ക്. അവിടെ എത്തിച്ചേരാന്‍ മറ്റ് പല
എളുപ്പവഴികള്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ സ്വയം കണ്ടെത്തിയ
മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട മാറാതെയാണ് മാസങ്ങളായുള്ള ഈ യാത്ര.
വശങ്ങളൊന്നും കാണാതെ , മുന്നോട്ടുള്ള വഴിമാത്രം കാണുന്ന ഒരു കുതിരയായി മാറി
സെക്രട്ടറി. യാത്ര കുറച്ചേറെയുണ്ടെങ്കിലും പതിവുകാര്‍ക്ക് സാധനം
എത്തിക്കുന്നതില്‍ അദ്ദേഹം കൃത്യത പാലിച്ചു. മൂന്നുവട്ടം യാത്രയ്ക്ക്
കുറവുണ്ടായില്ല. ബസുകൂലി കുറച്ചധികമായെങ്കിലും കമ്മീഷന്‍ തുക അന്‍പത് എന്ന
നിരക്കില്‍ ഒരു മാറ്റവും വരുത്തിയില്ല.
സെക്രട്ടറിയുടെ ജീവിതം
ഇത്തരത്തില്‍ സ്വച്ഛസുന്ദരമായി തുടരുമ്പോഴാണ് അടുത്തൊരാഘാതമുണ്ടായത്.
കേന്ദ്രസര്‍ക്കാര്‍ വലിയ നോട്ടുകള്‍ നിരോധിച്ചു.സെക്രട്ടറിയുടെ അക്കൌണ്ട്
പ്രാദേശിക സഹകരണ ബാങ്കിലായിരുന്നു. ഒന്നും രണ്ടുമല്ല, അഞ്ച് അക്കൌണ്ടുകള്‍.
എല്ലാറ്റിലും ലക്ഷങ്ങളാണുള്ളത്. ഇതൊക്കെ ആര്‍ക്ക്വേണ്ടീന്ന് ചോദിച്ചാ
സെക്രട്ടറിക്കറിയില്ല. ചിലര്‍ അങ്ങിനെയാണല്ലൊ, സമ്പാദിച്ചു കൂട്ടും,
ആര്‍ക്ക്, എന്തിന് എന്നൊന്നുമറിയില്ല. മരങ്ങള്‍ നട്ടുപിടിപ്പിക്കുംപോലെ ,
മൃഗങ്ങളെ വളര്‍ത്തുംപോലെ, അവര്‍ പണത്തെയും വളര്‍ത്തുന്നു എന്നു കരുതിയാല്‍
മതി. ഈ പണമൊക്കെ നഷ്ടപ്പെടും എന്നാണ് ചില കുബുദ്ധികള്‍ സെക്രട്ടറിയോട്
പറഞ്ഞത്. അന്നും സെക്രട്ടറിക്ക് ബോധക്ഷയമുണ്ടായി. കണ്ണീരുവരാത്ത കണ്ണുകള്‍
ചുവന്നു. വികാരം പ്രദര്‍ശിപ്പിക്കാത്ത പേശികള്‍ ഉള്ളിലിരുന്നു വലിഞ്ഞു.
അന്ന് ആശ്വാസമായത് മോഹനന്‍ മാഷായിരുന്നു. ഒന്നും നഷ്ടമാകില്ലെന്നും പണം
എടുക്കാന്‍ തത്ക്കാലം വിഷമമുണ്ടാകും എന്നേയുള്ളുവെന്നും അദ്ദേഹം
പറഞ്ഞുകൊടുത്തു. പണം ഒരിക്കലും തിരികെ എടുത്തിട്ടില്ലാത്ത സെക്രട്ടറിക്ക്
ആശ്വാസമായി.
എന്തു തങ്കപ്പെട്ട മനുഷേനാ, ഒരിക്കലും മറ്റുള്ളോരെ
ബേജാറാക്കില്ല മാഷ് എന്ന് സ്വയം പറഞ്ഞ് സമാധാനിക്കാനും സെക്രട്ടറി
മറന്നില്ല. ആ മനുഷ്യനെക്കുറിച്ചല്ലെ ജബ്ബാറ് തോന്ന്യാസം പറഞ്ഞ് മനസ്
നീറ്റിയത്. അവനെ മനസുകൊണ്ടെങ്കിലും കൊല്ലാന്‍ തോന്നി. അവനാ ചാവണ്ടത്,
അല്ലാണ്ട് ആ മനുഷേനല്ല. ഇങ്ങനെ ഓരോന്നാലോചിച്ച് നടക്കുമ്പോഴാണ് ജയനന്ദനെ
കണ്ടത്." സെക്രട്ടറി ഇതെവിടെ പോയിരുന്നു?", ജയനന്ദന്‍ വെറുതെ ഒരു ലോഹ്യം
ചോദിച്ചു.
" ഓ- ഞാനാ മോഹനന്‍ മാഷിന്‍റെ വീട്ടില്‍ പോയി വരുവാ. ആ
ജബ്ബാറെന്നെ പറ്റിച്ചു", എന്നു തുടങ്ങി നടന്നതൊക്കെ പറഞ്ഞു കേള്‍പ്പിച്ചു.
ജയനന്ദന്‍ എല്ലാം കേട്ടശേഷം ഉറക്കെയുറക്കെ ചിരിച്ചു. എന്നിട്ടു പറഞ്ഞു,
"എന്‍റെ സെക്രട്ടറി, മോഹനന്‍ മാഷ് ഒരു ജോലിതട്ടിപ്പ് കേസില്‍ പ്രതിയായി
,പോലീസുകാര് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോയി. അതിന്‍റെ
വാര്‍ത്തയല്ലെ ഇന്ന് പത്രത്തീ വന്നത്. ഓ - ഞാനതങ്ങ് മറന്നു, ഇയാള്‍ക്ക്
വായിക്കാനറിയത്തില്ലല്ലോ, അതാ ജബ്ബാറ് പറ്റിച്ചത്. ഉം- ഏതായാലും
അവിടോട്ടൊന്നും കുറേ ദിവസത്തേക്ക് പോവണ്ട, ജാമ്യം കിട്ടുവോ ആവോ ? ", എന്നു
പറഞ്ഞ് ജയനന്ദനന്‍ നടന്നു.
"ശ്ശെ - നല്ലവനായ ഈ മനുഷ്യന്
ഇങ്ങനെയും ചെയ്യാന്‍ പറ്റുമോ? ങ്ഹാ - ആര്‍ക്കറിയാം ഓരോരുത്തര്
എങ്ങിനെയാണെന്ന്. പുറമെ കാണുന്നവിധമാകണമെന്നില്ലല്ലോ ഉള്ളില്‍ എന്ന്
മനസില്‍ ചിന്തിച്ച് സെക്രട്ടറി നടന്നു. അപ്പോള്‍ സെക്രട്ടറിയുടെ മനസില്‍
തെളിഞ്ഞ മുഖം അച്ഛന്‍റേതായിരുന്നു.
ഇനീപ്പൊ പുതിയൊരാളെ
കണ്ടെത്തണം, ആഴ്ചയില്‍ നാല് കുപ്പി മോഹനന്‍ മാഷിനുള്ളതായിരുന്നു.
സെക്രട്ടറി സെന്‍റ് ജോസഫിന് മുന്നിലെത്തിയത് അറിഞ്ഞില്ല.കൈയ്യിലെ കവറ്
സുരക്ഷിതമായി പിടിച്ച് അയാള്‍ പള്ളിയിലേക്ക് കയറി.
ഈ സമയം മികച്ച
സാഹിത്യകാരനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ മോഹനനെ ആദരിക്കുന്ന ചടങ്ങ്
പ്രസ് ക്ലബ്ബില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സുഹൃത്തുക്കളായ ജബ്ബാറും
ജയനന്ദനനും ഒരു ഗൂഢസ്മിതവുമായി അവസാന വരിയില്‍ ഇടം
പിടിച്ചിട്ടുണ്ടായിരുന്നു.