Monday 1 October 2018

Varathan - film review

വരത്തനില്‍ ഫഹദും ഐശ്വര്യലക്ഷ്മിയും

 വരത്തന്‍


അമല്‍ നീരദിന്‍റെ  വരത്തന്‍ തീയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്. നാട്ടിന്‍പുറം എല്ലാ കാലത്തും വരത്തനെ (വിവാഹം കഴിച്ച് ഭാര്യയുടെ നാട്ടിലെത്തുന്നവന്‍) അന്യനായാണ് കാണുക. പ്രത്യേകിച്ചും അവള്‍ സുന്ദരികൂടിയാണെങ്കില്‍, അവളെ പ്രണയിക്കുന്നതായി സ്വപ്നം കണ്ടവരും ഞരമ്പുരോഗികളുമൊക്കെ ഒട്ടൊരസൂയയോടെയാവും അവനെ നോക്കുക, പെരുമാറുക. നാട്ടിന്‍ പുറത്തിന് നന്മകള്‍ ഏറെയുണ്ടെങ്കിലും തിന്മകള്‍ക്കും ഒട്ടും കുറവില്ല എന്നതാണ് സത്യം. സദാചാര പോലീസും അസൂയയും കുശുമ്പും അന്യന്‍റെ ജീവിതത്തിലേക്കുള്ള ഒളിച്ചുനോട്ടവുമൊക്കെ ഉദാഹരണങ്ങളാണ്. എന്ത് തോന്ന്യാസവും കാട്ടുന്ന പണവും സ്വാധീനവുമുള്ളവന്‍ അതൊന്നും മറ്റുള്ളവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ല എന്ന നിലപാടാവും എടുക്കുക.

        ഇത്തരമൊരു ഗ്രാമത്തിലേക്കാണ്  അബിനും ഭാര്യ പ്രിയയും ഒരിടക്കാല വാസത്തിനായി എത്തുന്നത്. ഒട്ടും സുഖപ്രദമല്ലാത്ത ചെറിയ ചെറിയ സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ആഴത്തിലുള്ള അപകടങ്ങളിലേക്ക് ഈ ദമ്പതികള്‍ എത്തിച്ചേരുന്ന വളരെ സ്വാഭാവികമായ സന്ദര്‍ഭങ്ങളാണ് ചിത്രീകരിക്കുന്നത്. ആസാധാരണമായ ഒന്നു മില്ലാത്ത നല്ലൊരു ചിത്രം. വളരെ കൈയ്യടക്കത്തോടെ അമല്‍ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ സുഹാസും ഷര്‍ഫും നന്നായി നിര്‍വ്വഹിച്ചു. ഫഹദ്  പതിവുപോലെ അഭിനയ മികവ് പ്രകടിപ്പിച്ചു. ഐശ്വര്യ ലക്ഷ്മിയുടെ മികവുറ്റ അഭിനയം ശ്രദ്ധേയമാണ്.

       ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കും. ഷറഫുദീന്‍, ദിലീഷ് പോത്തന്‍, ലിസ്തര്‍ ഷേത്ത്, അര്‍ജുന്‍ അശോകന്‍, വിജിലീഷ് കാരയാട്, ചേതന്‍ ജയലാല്‍, ഉണ്ണിമായ പ്രസാദ്, പാര്‍വ്വതി, കൊച്ചുപ്രേമന്‍,ജിനു ജോസഫ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ലിറ്റില്‍ സ്വയമ്പിന്‍റെ ക്യാമറയും വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു. നല്ല ലൊക്കേഷനും കഥയ്ക്ക് അനുയോജ്യമായ വീടും സംവിധാനങ്ങളും എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

No comments:

Post a Comment