Monday 8 October 2018

sabarimala -entry to women of all ages

സ്വാമിയേ ശരണമയ്യപ്പാ
 
"എടീ അമ്മിണീ , ഞാന് പറഞ്ഞാ നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല, എങ്കിലും ഞാന് പറയുവാ", വാസുവേട്ടന് വെളുപ്പിന് തന്നെ അമ്മിണി ചേച്ചിയുടെ അടുത്തെത്തി
"നിങ്ങള് പറയുന്നത് വിശ്വസിക്കാതിരിക്കാന് ഞാന് അവിശ്വാസിയൊന്നുമല്ലല്ലോ" , അമ്മിണി പറഞ്ഞു
"ങ്ഹാ, അങ്ങിനെ വഴിക്ക് വാ , ഞാന് പറയാന് പോകുന്നതും വിശ്വാസത്തിന്റെ കാര്യാ. നിനക്കറിയാമല്ലൊ, ഞാന് ഈ ശബരിമലയില് ഒരു വട്ടമല്ലേ പോയിട്ടുള്ളു, പമ്പയിലെ അഴുക്ക് കണ്ട് ഞാന് പിന്നെ അതങ്ങ് നിര്ത്തി. കന്നി അയ്യപ്പനാണ്, 41 ദിവസം വൃതം വേണം ,അല്ലെങ്കില് പുലി പിടിക്കും എന്നൊക്കെ വീട്ടുകാര് പറഞ്ഞെങ്കിലും എല്ലാ വൃതവും തെറ്റിച്ചാണ് അന്ന് പോയതും. ഒന്നും സംഭവിച്ചില്ല, അയ്യപ്പന്റെ കൃപ. അന്നും ഇന്നും ഭക്തി അര്ദ്ധ മനസുള്ള ഒരു കാര്യാ. വിശ്വാസവും കമ്മ്യൂണിസവും ചേര്ന്ന് ദഹിക്കാണ്ട് കിടന്ന് മറിയുകയാ ഇപ്പോഴും . അതുപോട്ടെ , ഇന്നലെ സംഭവിച്ച കാര്യം പറയാം. ചാനല് ചര്ച്ചയൊക്കെ കണ്ട് കഴിഞ്ഞ് നിന്റെ അഭിപ്രായവും കേട്ടാണല്ലൊ ഞാന് ഉറങ്ങാന് കിടന്നത്."
"അതെ" , അമ്മിണി പറഞ്ഞു." എന്റെ അഭിപ്രായത്തിന് മാറ്റം ഇപ്പോഴുമില്ല, പോകണ്ടവര് പോകണം, അല്ലാത്തവര് പോകണ്ട. പോകുന്നവരെ തടയുന്നത് ശരിയല്ല."
"ആണല്ലൊ, ഇതുതന്നെയാ അയ്യപ്പനും എന്നോട് പറഞ്ഞത്. "
അമ്മിണി ചേച്ചി സംശയത്തോടെ വാസുവേട്ടനെ നോക്കി.
"ഉം, സത്യം. രാത്രി നല്ല ഉറക്കത്തിലാ പുള്ളി പ്രത്യക്ഷപ്പെട്ടത്, പുലിപ്പുറത്തൊന്നുമല്ല, നല്ല കാഷായ വസ്ത്രമൊക്കെ ധരിച്ച്. നിറഞ്ഞ തേജസായിരുന്നു. എന്നോടൊരു ചോദ്യം , ദൈവമാണോ ആദ്യമുണ്ടായത് അതോ മനുഷ്യനാണോന്ന്. ഞാന് പറഞ്ഞു മനുഷ്യനാണെന്ന്. ങ്ഹാ , നിനക്ക് വിവരമുണ്ട്, അതുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് അദ്ദേഹം എന്റടുത്തിരുന്നു. എന്നിട്ട് സങ്കടത്തോടെ പറഞ്ഞു, എന്തൊക്കെ പുകിലാ ഈ മണ്ടന്മാര് ഉണ്ടാക്കുന്നത്, അതും അറിവുകേടുകൊണ്ടും താത്പ്പര്യങ്ങള് സംരക്ഷിക്കാന് വേണ്ടിയും. ഞാനൊരു മഹായാന ബുദ്ധ ഭിക്ഷുവായിപ്പോയി, ഇല്ലെങ്കില് എല്ലാറ്റിനേയും നല്ല കാട്ടുചൂരല് വെട്ടി തച്ചേനെ .ആ മീശയൊന്നും കുരുക്കാത്ത ഒരു ചെക്കനുണ്ടല്ലൊ,
ഞാന് പറഞ്ഞു, രാഹുല് ഈശ്വര്,
ങ്ഹാ, അവന്റെ പേരിനൊപ്പം ഈശ്വര് എന്നുള്ളതുകൊണ്ടാണ് ഞാനത് ഉച്ചരിക്കാത്തത് , ഭൌതികജീവിതത്തിന്റെ എല്ലാ വൃത്തികേടുകളും അനുഭവിച്ച് സുഖിക്കാന്, എന്നെ കരുവാക്കുന്ന അവന് ചൂരല് കഷായം മാത്രം പോരാ, ചൊറിതണ മെത്തിയല് ഒരാഴ്ച കിടത്തുകയും വേണം, അവനെ പ്രോത്സാഹിപ്പിക്കുന്നവരെ അവന്റെ കൂടെത്തന്നെ കിടത്തണം.
എനിക്ക് ഒരു ചോദ്യമേയുള്ളു, വാസൂന് കൂട്ടുകാരായി എത്ര അയ്യപ്പന്മാരുണ്ട്.
ഒരഞ്ചു പേരെങ്കിലും കാണും, ഞാന് പറഞ്ഞു.
അതുപോലെയാണോ ഞാനും. ശബരിമല അയ്യപ്പന്, കുളത്തൂപ്പുഴ അയ്യപ്പന്, ശാസ്താംകോട്ട അയ്യപ്പന് എന്നൊക്കെ പ്രത്യേകം ആളുകളാണോ. എന്റെ പ്രതിരൂപങ്ങളല്ലെ അതെല്ലാം. അവിടെയെല്ലാം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്ക്കും വരാം എങ്കില് എന്നെ കാണാന് മല കയറുന്നതില് എന്താ തെറ്റ്.
പണ്ട് കാട്ടില് ആനയും കരടിയും സ്വൈരവിഹാരം നടത്തിയിരുന്നു, സ്ത്രീകള്ക്ക് വരാന് സൌകര്യം കുറവായിരുന്നു, അതുകൊണ്ട് ബുദ്ധിമാന്മാരായ മനുഷ്യര് അവരുടെ ബുദ്ധിയില് തോന്നിയ ഒരു തീരുമാനം കൈക്കൊണ്ടു. അതന്ന് ശരിയുമായിരുന്നു. ഇന്നിപ്പോള് കാടില്ലാതായി, മൃഗങ്ങള് ഓടിയൊളിച്ചു, മല കയറാനുള്ള സൌകര്യം വര്ദ്ധിച്ചു, നമ്മുടെ സഹോദരിമാരും മല കയറി വരട്ടെ. ഞാനവരെ സ്വാഗതം ചെയ്യാന് സദാ സന്നദ്ധന്. മഴക്കാലം, മൃഗങ്ങള് പ്രസവിക്കുന്ന സമയം ഇതൊക്കെ നോക്കിയാണ് നിങ്ങളുടെ കാരണവന്മാര് ഇടയ്ക്ക് കുറെ അവധി ദിനം വച്ചിരുന്നത്. ഇന്നതിന്റെയൊന്നും ആവശ്യമില്ല, 365 ദിവസവും ഇരുപത്തിനാല് മണിക്കൂറും നട തുറന്നുവച്ചാലും എനിക്കൊരു വിരോധവുമില്ല, ഭക്തരെ നിയന്ത്രിക്കണം എന്നു മാത്രം, അല്ലെങ്കില് ഇത്ര ദൂരം വന്നിട്ട് , സമാധാനപരമായ ഒരു ദര്ശനം കൊടുക്കണ്ടെ അവര്ക്ക്. നിങ്ങള്ക്ക് ആധുനിക സംവിധാനമൊക്കെ ഉപയോഗിച്ച് അത് നടപ്പിലാക്കാമല്ലൊ. വരുന്നവരോട് ഇരുമുടിക്കെട്ടൊന്നും കൊണ്ടുവന്നില്ലെങ്കിലും കഴിഞ്ഞു, ഓരോ മരത്തൈകള് വീതം കൊണ്ടുവന്ന് വച്ചുപിടിപ്പിക്കാനും കൂടി പറയുക.
 
ഞാന് എന്തോ ഒരു കാര്യം ചോദിക്കാനായി മുതിരുമ്പോഴേക്കും കണ്ണു തുറന്നു. ഒരു നിഴല് നടന്നു മറയുന്നതും കണ്ടു."
 
വാസുവേട്ടന് പറഞ്ഞു നിര്ത്തിയിട്ടും അമ്മിണിച്ചേച്ചിക്ക് ഒരനക്കവുമില്ല.
 
"വാസുവേട്ടന് വിളിച്ചു, അമ്മിണി, എടീ അമ്മിണി."
 
അമ്മിണി ഞെട്ടിയുണര്ന്നു. നീ എന്താ ഒന്നും പറയാത്തത് .
"നമുക്ക് മക്കളെയും കൂട്ടി ഇത്തവണ മല കയറണം",അമ്മിണി ചേച്ചി പറഞ്ഞു
വാസുവേട്ടന് സന്തോഷത്തോടെ അമ്മിണിയെ പുണര്ന്നു.

No comments:

Post a Comment