Monday 8 October 2018

Padayottam - film review

പടയോട്ടം 

ഒരു നാടോടിക്കഥ കേള്‍ക്കാന്‍ പോകുന്ന ലാഘവത്തോടെ  വേണം  പടയോട്ടം കാണാന്‍ പോകേണ്ടത്. ചിത്രത്തിന്‍റെ ലോജിക്ക്  ഒന്നും ചിന്തിക്കാതെ ഓരോ ഫ്രെയിമും കണ്ട് ആസ്വദിച്ച് തീയറ്റര്‍ വിടാനുള്ള മനസുണ്ടാവണം. ഗുണ്ടകളുടെ കഥ ചോരയും വയലന്‍സുമില്ലാതെ , നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് നവാഗതനായ റഫീക്ക് ഇബ്രാഹിം ചെയ്തിരിക്കുന്നത്. അര്‍ജുന്‍.എ.ആര്‍, അജയ് രാഹുല്‍, സോനു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച നിലയില്‍ അതിനുള്ള സ്ക്രിപ്റ്റും  തയ്യാറാക്കി. തിരുവനന്തപുരം, കൊച്ചി, ചാവക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മലയാളത്തിന്‍റെ വൈവിധ്യം നന്നായി ഉപയോഗിക്കുന്നുണ്ട് ചിത്രത്തില്‍. പുതിയ തലമുറ മിടുക്കരാണ്. അവര്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍  വളരെ ഇന്‍റന്‍സീവായിത്തന്നെ അവതരിപ്പിക്കുന്നു. സിനിമ ചെറുപ്പക്കാരുടെ സ്വപ്നമാണ് എല്ലാക്കാലത്തും. പണ്ട് അത് നടപ്പിലാക്കാന്‍ എളുപ്പമല്ലായിരുന്നു, ഇന്നത് എളുപ്പമായിരിക്കുന്നു. ചിലര്‍ നിലനില്‍ക്കും , മറ്റുള്ളവര്‍ വിസ്മൃതരാകും. റഫീക്കും ടീമും നിലനില്‍ക്കാന്‍ സാധ്യതയുള്ള ടീമാണ്. 

        തിരുവനന്തപുരം നഗരത്തില്‍ തരികിട കളിച്ചു നടക്കുന്ന പിങ്കു മദ്യ ലഹരിയില്‍ ബൈക്ക് ഒരു കാറില്‍കൊണ്ടുചെന്ന്  ഇടിക്കുകയും തുടര്‍ന്ന്   അടി കൊണ്ട് ആശുപത്രിയിലാകുകയും ചെയ്യുന്നിടത്താണ് കഥയുടെ തുടക്കം. തിരിച്ചടിക്കാനുള്ള കൂട്ടുകാരുടെ  തീരുമാനത്തിലാണ് അന്വേഷണത്തില്‍ പ്രതി കാസര്‍ഗോഡുകാരനാണ് എന്നറിയുന്നത്. പ്രതിയെ കൈകാര്യം ചെയ്യാന്‍  ഒരു ഗുണ്ട കൂടി വേണം എന്ന കണക്കുകൂട്ടലിലാണ്  അവര്‍ സുഹൃത്തായ ചെങ്കല്‍  രഘുവിനെ സമീപിക്കുന്നത്. തുടര്‍ന്ന് രഘുവിന്‍റെ നേതൃത്വത്തിലുള്ള യാത്രയാണ്. കാസര്‍ഗോഡ് എത്തുമ്പോഴേക്കും ഇന്‍റര്‍വെല്ലാകുന്നു. മികച്ചൊരു ഗുണ്ടയുടെ മകനാണ്  പ്രതി എന്നും തിരിച്ചറിയുന്നു. അവിടെനിന്നുള്ള മടക്കയാത്രയാണ്  അടുത്ത പകുതിയില്‍. 

     നിലവാരമുള്ള നര്‍മ്മമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊന്നുമില്ലാതെ  സംഭാഷണം ഒരുക്കിയത് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ചെങ്കല്‍ രഘുവായി ബിജു മേനോനെ തെരഞ്ഞെടുത്തതാണ്  ചിത്രത്തിനെ കൂടുതല്‍ മികവുറ്റതാക്കുന്നത്. പിങ്കുവായി വരുന്ന ബേസില്‍ ജോസഫ്,  സുഹൃത്തുക്കളായ സേനന്‍,ശ്രീ, രഞ്ജു എന്നിവരായി വന്ന ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. വില്ലന്മാരായി വരുന്ന രാഹുല്‍ ദേവ്, രവി സിംഗ് , ലിജോ പല്ലിശേരി ,സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍ ,അനു സിത്താര, അയ്മ റോസ്മി, ഗണപതി പൊതുവള്‍ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. ലളിതാക്കനായി വന്ന സേതു ലക്ഷമിയും ശ്രദ്ധേയയായി. 
 സതീഷ് കുറുപ്പിന്‍റെ ക്യാമറയും  രതീഷ് രാജിന്‍റെ എഡിറ്റിംഗും നല്‍കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. ഹരി നാരായണന്‍റെ  വരികളും പ്രശാന്ത് പിള്ളയുടെ സംഗീതവും നന്നായിട്ടുണ്ട്. 
--











No comments:

Post a Comment