96-ല്‍ തൃഷയും വിജയ് സേതുപതിയും |
- 96-
96 എന്ന തമിഴ് സനിമ കാമം ഇല്ലാത്ത പ്രണയത്തിന്‍റെ കഥയാണ്
പറയുന്നത്. 1996 ല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് കറുമ്പനായ കെ.രാമചന്ദ്രന്‍
,വെളുത്ത , സുന്ദരിയും പാട്ടുകാരിയും സ്മാര്‍ട്ടുമായ ജാനകി ദേവിയെ
പ്രണയിക്കുന്നത്. തീവ്രമായ അനുരാഗം അവനെ നെര്‍വസാക്കുന്ന ഒരു പാട്
മുഹൂര്‍ത്തങ്ങളുണ്ട്. അത് ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്.
പെണ്‍കുട്ടിയുടെ സാമീപ്യവും സ്പര്‍ശവുമൊക്കെ ഹൃദയമിടിപ്പ് കൂട്ടുന്ന കാലം.
നോക്കിലും വാക്കിലും പ്രണയം കത്തുന്ന എറ്റേര്‍ണല്‍ ലൌ. എന്നാല്‍ അവധിക്കാലം
കഴിയുന്നതോടെ , അവളെ അറിയിക്കാന്‍ പോലും
കഴിയാതെ , രാമചന്ദ്രന്‍ തഞ്ചാവൂര്‍ നിന്നും ചെന്നൈയിലേക്ക് പറിച്ചു
നടപ്പെടുന്നു. പിന്നീട് അവളെ കോളേജില്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ ,
സാധിക്കാതെ വരുന്നു. ജാനകി ഇതൊന്നുമറിയാതെ വളരുകയായിരുന്നു. അവള്‍
വിവാഹിതയായി സിംഗപ്പൂരിലേക്കും പോയി. രാമചന്ദ്രന്‍ ഫോട്ടോഗ്രഫി - യാത്ര
ഭ്രമത്തില്‍ പെടുകയും അലഞ്ഞു നടക്കുകയും കുട്ടികള്‍ക്ക് ഫോട്ടോഗ്രഫി
പഠിപ്പിക്കുകയും ചെയ്യുന്നു.നാട്ടിലേക്കുള്ള ഒരു യാത്രയിലാണ് കൂടെ പഠിച്ചവര്‍ ഒത്തുകൂടണം എന്ന ആശയം വന്നത്. വാട്ട്സ് ആപ്പില്‍ പരിചിതരായ ചിലരെ കൂട്ടി ആ നീക്കം ജാനകിയില്‍ വരെയെത്തുന്നു. അവളും അതിനായി വരുന്നു. അപ്പോഴും കന്യകനായി തുടരുന്ന രാമചന്ദ്രന്‍റെ അവസ്ഥ പഴയതുതന്നെയായിരുന്നു. കനത്ത ടെന്‍ഷന്‍. അവര്‍ ഒരു രാത്രി കൊണ്ട് തീരുന്ന അവരുടെ സംഗമത്തിനിടയില്‍ കടന്നു പോയ കാലവും സംഭവിച്ച അബദ്ധങ്ങളും അയവിറക്കുന്നു. പ്രണയം കാമത്തിന് വഴി മാറാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളെ രാമചന്ദ്രന്‍ അതിജീവിക്കുന്നു. ഒരു നോക്ക് കാണുന്നതില്‍ നിറയുന്ന പ്രണയം ബാക്കിയാക്കി അവള്‍ മടങ്ങുമ്പോള്‍ , അവളെ ഓര്‍ക്കാന്‍ സൂക്ഷിച്ചിട്ടുള്ള വിവിധ വസ്തുക്കള്‍ക്കൊപ്പം കുറച്ചു വസ്ത്രങ്ങള്‍ കൂടി ചേര്‍ക്കാന്‍ രാമചന്ദ്രന് കഴിയുന്നു.
വളരെ മനോഹരമായ ഒരു കഥ പറഞ്ഞിരിക്കുകയാണ് , നേരത്തെ ക്യാമറാമാനായി പ്രവര്‍ത്തിച്ച് പരിചയമുള്ള സി.പ്രേംകുമാര്‍ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രത്തില്‍. കുറച്ചുകൂടി ചുരുക്കാമായിരുന്നു ചിത്രം എന്നു തോന്നിയേക്കാം. എന്നാല്‍ ഫ്രയിമുകള്‍ ഒന്നും മോശമായി എന്നുപറയാനും കഴിയില്ല. ട്രാവല്‍ ഫോട്ടോഗ്രാഫറാണ് എന്ന് എസ്റ്റാബ്ലിഷ് ചെയ്യുന്ന ആദ്യ ഭാഗത്തെ ലൊക്കേഷനുകളും ചിത്രീകരണവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. എന്‍.ഷണ്‍മുഖസുന്ദരം ക്യാമറയും ആര്‍.ഗോവിന്ദരാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. തൈക്കൂടം ബ്രിഡ്ജിലെ വോക്കലിസ്റ്റും വയലിനിസ്റ്റുമായ ഗോവിന്ദ് മേനോനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
രാമചന്ദ്രനായി വിജയ് സേതുപതിയും ജാനകിയായി തൃഷയും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. ഇവരുടെ കുട്ടിക്കാലം അഭിനയിച്ച , നടന്‍ ഭാസ്ക്കറിന്‍റെ മകന്‍ ആദിത്യ ഭാസ്ക്കറും ഗൌരി.ജി.കിഷനും നല്ല ഒതുക്കമുള്ള അഭിനയമാണ് കാഴ്ചവച്ചത്. സുഭാഷിണിയായി അഭിനയിച്ച ദേവദര്‍ശിനിയും അവളുടെ കുട്ടിക്കാലം അഭിനയിച്ച മകള്‍ നിയതി കഡംബിയും പ്രഭയായി വേഷമിട്ട വര്‍ഷ ബൊല്ലമ്മയും നല്ല പിന്‍തുണ നല്‍കി. കാവല്‍ ദാവമായി ജനകരാജും മുരളിയായി ഭഗവതി പെരുമാളും ബാര്‍ബറായി കവിതാലയ കൃഷ്ണനും സതീഷായി ആടുകളം മുരുഗദോസും ചിത്രത്തിന് മിഴിവേകി. മദ്രാസ് എന്‍റര്‍പ്രൈസസിന്‍റെ നന്ദഗോപാലാണ് നിര്‍മ്മാതാവ്.
No comments:
Post a Comment