നോവലിന്‍റെ മുഖപടം |
കളങ്കമറ്റ ജനാധിപത്യ കാഴ്ചപ്പാടുകളുമായി വി.ആര്‍.അജിത് കുമാറിന്‍റെ നോവല്‍”ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍”
- പൂവറ്റൂര്‍ ബാഹുലേയന്‍
ജനാധിപത്യം കൊതിക്കുമ്പോള്‍ എന്നു പറയുന്നിടത്തുതന്നെ ജനാധിപത്യമില്ല എന്നത് ധ്വന്യാത്മകം. അകലെയാണ് ജനാധിപത്യമെന്ന് അറിയുമ്പോഴും ജനാധിപത്യത്തില്‍ വിശ്വസിച്ച് ജനങ്ങള്‍ മുറതെറ്റാതെ തങ്ങളുടെ കര്‍മ്മം ചെയ്യുന്നു. ജനാധിപത്യപ്പഴുതിലൂടെ അധികാരത്തിലെത്തുന്നവര്‍ ജനാധിപത്യായുധം ഉപയോഗിച്ചുതന്നെ ജനാധിപത്യത്തെ കശാപ്പുചെയ്ത് മുന്നേറുകയാണ് വി.ആര്‍.അജിത് കുമാര്‍ എഴുതിയ ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ എന്ന നോവലിലെ ചാന്ദ്രദേശത്ത്.
പെരുമയേറിയ ചാന്ദ്രദേശം വീറോടെ പൊരുതി വിദേശികളില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ഏറെ കൊതിച്ചത് ജനാധിപത്യത്തിന്‍റെ സുന്ദരാനുഭവങ്ങളാണ്. അനുഭവം അവരെ വിഢികളാക്കി മുന്നേറുമ്പോള്‍ ഭാരതരഥം തന്നെയാണ് ചാക്രിക വ്യൂഹത്തിലകപ്പെട്ടു നില്‍ക്കുന്നത് അല്ലെങ്കില്‍ കുണ്ടും കുഴിയും നിറഞ്ഞ ജനാധിപത്യപ്പാതയിലൂടെ ഉരുളുന്നത്.
പണ്ടൊരുനാള്‍ ശങ്കരകൌടില്യന് വയലരുകില്‍ നിന്നും കിട്ടിയ ചോരക്കുഞ്ഞ് വളര്‍ന്ന് ചന്ദ്രഗുപ്തനെന്ന യുവാവായി മാറുമ്പോള്‍ ജനാധിപത്യത്തെ കുറിച്ച് അവന് അറിയാന്‍ ഏറെയുണ്ടായിരുന്നു.അവനെ പഠിപ്പിക്കുന്നതിനിടയില്‍ കൌടില്യന്‍ ഇങ്ങനെ പറയുന്നു. “തിന്മകള്‍ ഇല്ലാതാകുന്ന ഒരു കാലം വരും ചന്ദ്രാ, അന്നേ ഞാന്‍ മരിക്കൂ, എന്‍റെ മരണം ഞാന്‍ നിശ്ചയിക്കും.”ദൃഢചിത്തനായ കൌടില്യന്‍ തുടരുന്നു. “എല്ലാ ദിവസവും ഒരുപോലെതന്നെയാക്കി ജീവിക്കുന്ന മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം? വെല്ലുവിളികളാകുന്ന ജോലികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അത് ചിലപ്പോള്‍ വേദന നല്കാം. ചിലപ്പോള്‍ സുഖവും. രണ്ടും ഒരു ചങ്ങലയിലെ കണ്ണികള്‍ മാത്രം. പ്രകൃതി നല്കിയ നല്ല കാര്യങ്ങളെല്ലാം തച്ചുടയ്ക്കുന്നവനാണ് മനുഷ്യന്‍ എന്നു വരുന്നത് ശരിയല്ല ചന്ദ്രാ, അത് എതിര്‍ക്കപ്പെടണം. തിന്മ നന്മയെ ഭരിക്കുന്നിടത്തും വലിയ തെറ്റുകള്‍ മൂടിവയ്ക്കാന്‍ ചെറിയ തെറ്റുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയിലും നടപ്പിലാക്കാന്‍ നിനക്കൊരു നീതിയുണ്ടാവണം”
പറഞ്ഞുതീരാത്ത ചാന്ദ്രദേശത്തിന്‍റെ കഥയിലുടനീളം ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്ന ദാര്‍ശനികത ഇതിലുണ്ട്.
ഭരണം നിലനിര്‍ത്താനും ഭരണം അട്ടിമറിക്കാനും ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന ജനാധിപത്യപാഠങ്ങള്‍ ആധുനിക ഇന്ത്യയില്‍ നാം ഒരുപാട് കാണുന്നതാണ്. ആധുനിക കൌടില്യന്‍ ഇവിടെ ചന്ദ്രഗുപ്തനോട് സംയമനം പാലിച്ച് മനസാക്ഷിയെ ആശ്രമത്തില്‍ ഇറക്കിവയ്ക്കാനാണ് ,ജനായത്തം ആടിയുലയുന്ന ശനികാലത്തില്‍ ആവശ്യപ്പെടുന്നത്. എവിടെയും വിശ്വസ്തനായിതീര്‍ന്ന ചന്ദ്രഗുപ്തന്‍ ,പക്ഷെ ,കൌടില്യന്‍റെ നിര്‍ദ്ദേശാനുസരണം തന്നെ ഇരുട്ടറ ഇടപാടുകളും ചര്‍ച്ചകളുമെല്ലാം കുറിച്ചുവയ്ക്കുന്നുണ്ടായിരുന്നു. ഭരണവും ജനാധിപത്യവും രാജ്യത്താകമാനം പാലുംതേനുമൊഴുക്കി പിന്നെയും മുന്നേറുകയാണ്.
ആശങ്കകളുടെ കാറൊഴിഞ്ഞൊരു പുലര്‍കാലം നല്‍കിക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുവാങ്ങി വിജയിച്ച ചന്ദ്രഗുപ്തന്‍ പാര്‍ട്ടിയെ നയിക്കുന്ന അമ്മയുടെയും ഗുരുകാരണവരുടെയും അനുഗ്രഹത്തോടെ അധികാരത്തിലെത്തുകയാണ്. “താല്‍പ്പര്യങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ് ഞാന്‍. മാര്‍ക്സിനെയും ഗാന്ധിജിയെയും ഒരുപോലെ ആരാധിക്കുന്ന ആളാണ് ഞാന്‍. ചില നടപടികള്‍ വേണ്ടപ്പെട്ടവര്‍ക്ക് ദോഷമുണ്ടാക്കും, ദേഷ്യപ്പെടരുത്.” അമ്മയോട് ചന്ദ്രഗുപ്തന്‍ ഇങ്ങനെ പറയുമ്പോള്‍ നിലവിലുള്ള അധികാര വടംവലികളും അഴിമതികളും നശിപ്പിച്ച ജനാധിപത്യത്തെ നിഷ്കാമിയായ ഒരു ഭരണാധികാരിയിലൂടെ രക്ഷപെടുത്താനുള്ള പരിശ്രമത്തില്‍ ഗ്രന്ഥകാരന്‍റെ മനസും ചേര്‍ത്തുവയ്ക്കാവുന്നതാണ്. “അമ്മെ, ശ്രീബുദ്ധന്‍റെ പാതയാണെനിക്കിഷ്ടം”എന്നും ചന്ദ്രഗുപ്തന്‍ പറയുന്നുണ്ട്.
ശീര്‍ഷകങ്ങള്‍ സൂചിപ്പിക്കും പോലെ ജനാധിപത്യത്തിനുമുകളില്‍ വിരിയുന്ന അദൃശ്യകരങ്ങള്‍ ,ജനാധിപത്യ വയലുകള്‍ ഉഴുതുമറിക്കുന്ന കാലമാണ് നാം പിന്നീട് കാണുന്നത്. അഞ്ച് ദിവസവും മുന്‍നിശ്ചയപ്രകാരമുള്ള ജോലിയും രണ്ട് ദിവസം തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനവും എന്ന നിലയില്‍ ചന്ദ്രഗുപ്തന്‍ നടപ്പാക്കിയ നിയമം സാമാജികരുടെ വലിയ എതിര്‍പ്പിന് ഇടയാക്കി. തന്നില്‍ നിക്ഷിപ്തമായ ഭരണ നിര്‍വ്വഹണ നടപടികള്‍ മുഴുവന്‍ കാറ്റില്‍ പറത്തി, ജയിച്ച മണ്ഡലത്തിലെ മരണം,വിവാഹം, നിശ്ചയം തുടങ്ങിയ ചടങ്ങുകളില്‍ കയറിയിറങ്ങി പുഞ്ചിരി വിതറി തോളില്‍ കൈയ്യിട്ടും ഉള്ളില്‍ തട്ടാത്ത സൌഹൃദങ്ങളിലൂടെ ,ജനങ്ങളെ പറ്റിക്കുന്ന നിലവിലുള്ള രാഷ്ട്രീയ രീതികള്‍ക്കുള്ള ഒരു പ്രതിവിധിയാണിവിടെ കഥയിലൂടെ കൊണ്ടുവരുന്നത്.
ശ്വേതദേശം അടിമകളാക്കി വച്ചിരുന്ന നാടുകള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മ പൊളിച്ചടുക്കി ,അതിന്‍റെ പേരിലുള്ള മുഴുവന്‍ ധൂര്‍ത്തുകളും അവസാനിപ്പിക്കണമെന്നുള്ള ചന്ദ്രഗുപ്തന്‍റെ തീരുമാനം കോമണ്‍വെല്‍ത്തിന്‍റെ സാംഗത്യത്തെകുറിച്ച് പുനര്‍ചിന്തനം നടത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റി രാജ്യം ഭരിച്ച വിദേശികള്‍ ഭരണം അവസാനിപ്പിച്ച് പോകുമ്പോഴും അന്തമില്ലാത്ത അശാന്തനാളുകള്‍ക്ക് വിഷവിത്ത് പാകിയിരുന്നു. ചാന്ദ്രദേശത്തിന്‍റെയും ശുക്രദേശത്തിന്‍റെയും ഇടയില്‍ ഹരിദേശത്തിന്‍റെ കഥ പറഞ്ഞ് കാഷ്മീര്‍ സംഘര്‍ഷത്തെ പ്രതിപാദിക്കുകയാണ് താഴ്വരയിലെ വസന്തം എന്ന കഥാഭാഗത്ത്. ആഭ്യന്തരവും വൈദേശികവുമായ ഒട്ടേറെ നടപടികളിലൂടെ ,നന്മയുടെ വിത്തെറിഞ്ഞ് ,തിന്മകളെ തിരസ്ക്കരിച്ച് ജനഹൃദയങ്ങളില്‍ ചന്ദ്രഗുപ്തന്‍ എന്ന അസാധാരണ ഭരണാധികാരി കയറിക്കൂടുന്ന രീതി എഴുത്തുകാരന്‍ ഭംഗിയായി അവതരിപ്പിക്കുന്നു.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലൂടെ ആധുനിക കാലത്തിലേക്ക് നോവല്‍ കടക്കുമ്പോള്‍, കാല്‍പ്പനികതയുടെ സ്വപ്നഭൂമിയിലേക്ക് നമ്മെ നയിക്കുകയാണ് കഥാകൃത്ത്. കാലവും ദേശവും കൂട്ടിക്കിഴിച്ച് ,കണക്ക് തെറ്റാതെ കാതങ്ങള്‍ക്കുമുന്നേ നീങ്ങുന്ന കൌടില്യന്‍റെ പാഠങ്ങള്‍ ഒരുപടി മുമ്പേ നടപ്പാക്കി ചന്ദ്രഗുപ്തന്‍ പുതുചരിത്രമെഴുതുമ്പോള്‍ ,കാലവും ജനങ്ങളും ഒപ്പം മാറുകയായിരുന്നു. ചന്ദ്രഗുപ്തന്‍റെ ഭരണത്തിന്‍റെ രണ്ടാമങ്കവും ഏതാണ്ട് അവസാനിക്കാറായി. അടുത്ത തിരഞ്ഞെടുപ്പിനുള്ള വട്ടങ്ങളായി. ഈച്ചകളും ഉറുമ്പുകളും ജനാധിപത്യത്തില്‍ കൊതിച്ച മാറ്റങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇവിടെയാണ്. സമൂലപരിവര്‍ത്തനങ്ങളിലൂടെ എങ്ങും പുരോഗതി കൈവരിച്ച രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യത്തിനുള്ള പുതുനിദര്‍ശനങ്ങളാണ് കൌടില്യന്‍റെ ആശിര്‍വാദത്തോടെ ചന്ദ്രഗുപ്തന്‍ നടപ്പാക്കിയത്. ദേശസഭയിലേക്കായാലും ഏത് മണ്ഡലത്തിലേക്കായാലും ഒരാള്‍ രണ്ട് പ്രാവശ്യം മാത്രമെ പ്രതിനിധിയാകാന്‍ പാടുള്ളു. ജയിക്കുന്നയാളിനാവട്ടെ മൊത്തം വോട്ടുചെയ്തവരില്‍ പകുതിയിലധികം പേരുടെ പിന്തുണ ഉണ്ടാവണം. അങ്ങിനെ ഉണ്ടാവാത്ത മണ്ഡലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തുവന്നവര്‍ വീണ്ടും മത്സരിക്കുകയും അതില്‍ ജയിക്കുന്നയാള്‍ പ്രതിനിധിയാവുകയും വേണം.
രണ്ടാമങ്കം കഴിഞ്ഞ ചന്ദ്രഗുപ്തന്‍ ഇനി മത്സരത്തിനില്ലെന്നറിഞ്ഞ് ജനങ്ങള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആര്‍ത്തലച്ചെങ്കിലും അവരെ പറഞ്ഞു മനസിലാക്കി പുതുജനാധിപത്യ ചരിത്രം കുറിച്ചു ചന്ദ്രഗുപ്തന്‍. ആശിച്ചപോലെ തെരഞ്ഞെടുപ്പും പുതുഭരണവും നിലവില്‍ വന്നപ്പോള്‍ ഇതിനെല്ലാം ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ഗുരു ശങ്കരകൌടില്യന്‍ തന്‍റെ ജനാധിപത്യധര്‍മ്മം പൂര്‍ത്തിയാക്കി വിഭൂതിയിലൊളിഞ്ഞത് ചന്ദ്രഗുപ്തനും മുഴുവന്‍ ദേശവാസികള്‍ക്കും മാത്രമല്ല വായനക്കാര്‍ക്കും ഹൃത്തടം കുത്തുന്നതായി.
അധികാരത്തിലെത്തുന്ന ഭരണവര്‍ഗ്ഗത്തിന് ബഹുഭൂരിപക്ഷം സീറ്റുകളുണ്ടെങ്കിലും മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ പകുതിയില്‍ വളരെ താഴെയാണെന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ നല്ലൊരു ശതമാനം നേടിയിട്ടും ജയിച്ച സീറ്റുകളുടെ അഭാവത്തില്‍ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥയും പുതുചര്‍ച്ചകളാവുന്ന വേളയിലാണ് യാഥാര്‍ത്ഥ്യാധിഷ്ഠിത കാല്‍പ്പനികത എന്നു പറയാവുന്ന ഈ നോവലിലെ അപൂര്‍വ്വ കാഴ്ചപ്പാട്. ജനാധിപത്യത്തിന്‍റെ സാരവത്തായ മേഖലകളെ ഫലപ്രദമായി ആവിഷ്ക്കരിച്ചിട്ടുള്ള ഈ നോവല്‍ കക്ഷിഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വായിച്ചിരിക്കേണ്ടതാണ്. നോവല്‍ അവസാനിക്കുന്നതുപോലെ , ഗുരു അകലെയെവിടെയോ മറഞ്ഞിരിക്കുകയാണ്. ആകാശത്ത് തെളിഞ്ഞുവരുന്ന ചാന്ദ്രമുഖത്ത് ആ ഗുരുവിന്‍റെ രൂപം ഈ നോവലിലൂടെ നമുക്ക് കാണാം.
പൂവറ്റൂര്‍ ബാഹുലേയന്‍
ശങ്കരത്തില്‍,ഉദിമൂട്,വട്ടപ്പാറ.പി.ഓ
തിരുവനന്തപുരം-- 695028