Friday, 14 September 2018

Trip to Gujarat -- chapter 9 / final

ഗോശാലയിലെ കാഴ്ച

ഗിര്‍വനം ഓഫീസിന് മുന്‍വശം

ഗുജറാത്ത് യാത്ര - ഭാഗം -9 സമാപനം

ഗിര്‍ വനം
ഗ്രാമവഴികളിലൂടെ താമസസ്ഥലത്തേക്ക്. വഴിയില്‍ ഉടനീളം ഇലക്ട്രിക് പോസ്റ്റുകള്‍ തെങ്ങോലകൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിവിധ ഒരുക്കങ്ങളും. വിവാഹമാകാം എന്നാണ് കരുതിയത്. പക്ഷെ അത് ഭാഗവതസപ്താഹത്തിന്റെ അലങ്കാരമായിരുന്നു എന്ന് പിന്നീട് മനസ്സിലായി. ഭോജ്ഡേ ഗിര്‍ എന്ന ബോര്‍ഡ് വച്ചിരുന്നതിന്റെ എതിര്‍ദിശയിലെ വഴി ശിവ് റിസോര്‍ട്ടിലേക്ക് ഞങ്ങളെ നയിച്ചു. റിസോര്‍ട്ട് ശരിക്കുമൊരു മാവിന്‍തോപ്പാണ്. സപ്പോട്ട മരങ്ങളുമുണ്ട്. മുറ്റത്ത് കട്ടിലുകളും ഇരുന്നാടാന്‍ ഊഞ്ഞാലുകളും. തലാലയിലാണ് റിസോര്‍ട്ട് ഉടമ താമസം.
എട്ട് മാസമാണ് ഗിറിലെ സീസണ്‍. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നാല് മാസം അടച്ചിടും. ദീപാവലിക്കാലത്താണ് വലിയ തിരക്കുണ്ടാവുക. 60 പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട് റിസോര്‍ട്ടില്‍. നാട്ടിലെ പൊതുകുളം പോലെ ഒരു സ്വിമ്മിംഗ് പൂളും. ഗ്രാമവാസികളാണ് ജോലിക്കാര്‍. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റിസോര്‍ട്ടിന് ബോര്‍ഡ് വച്ചിട്ടില്ല. ഹൈക്കോടതിയില്‍ കേസ്സ് നടക്കുകയാണ്. അവിടത്തെ അനേകം റിസോര്‍ട്ടുകളില്‍ ശ്യാം റിസോര്‍ട്ടിന് മാത്രമെ അനുമതി ലഭിച്ചിട്ടുള്ളു.
ഭോജ്ഡേയിലെ ജനസംഖ്യ ഏകദേശം മൂവായിരമാണ്. ഈ പ്രദേശത്ത് മയിലുകള്‍ ധാരാളമുണ്ട്. അടുത്തായി പഴക്കമുള്ള ഒരു ശിവക്ഷേത്രവും. ശ്രീഗംഗാനാഥക്ഷേത്രം. പ്രദേശത്തെ മറ്റൊരു പ്രത്യേകത ഗോശാലയാണ്. അവിടെ നൂറോളം പശുക്കളുണ്ട്. അടുത്തായി ഒരു ചെക്ക്ഡാമും കാണാം. റിസോര്‍ട്ടിലെ മിടുക്കനായ ജോലിക്കാരനാണ് ജുനേദ്.
ഭാഗവത സപ്താഹം നടക്കുന്നിടത്ത് ഒരു കൌതുകത്തിനാണ് പോയത്. ഒരു ചെറുപ്പക്കാരനാണ് പ്രാസംഗികന്‍. 3-4 വര്‍ഷം കൂടുമ്പോഴാണിത് നടത്തുക. 15-20 ലക്ഷം ചിലവ് വരും. ടെന്റില്‍ ഭക്ഷണം,ചായ ഒക്കെയുമുണ്ട്. സ്റ്റേജില്‍ ഒരുയര്‍ന്ന പീഠത്തിലാണ് അയാള്‍ ഇരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നു. കുലച്ച വാഴകള്‍ കൊണ്ടുള്ള അലങ്കാരവും ശ്രദ്ധേയമായി. ഇതൊക്കെ ഇന്ത്യയൊട്ടാകെ ഒരേ നിലയിലാണ് എന്നും മനസ്സിലായി.
ഗിറിലെത്തിയ ആദ്യ രാത്രിയിലെ അനുഭവം ഭയവും ഒപ്പം ആകാംഷയും നിറഞ്ഞതായിരുന്നു. റിസോര്‍ട്ടിന് സമീപം തുറന്ന വയലിടത്തില്‍ വേട്ടയാടുന്ന ഒരു കൂട്ടം സിംഹങ്ങള്‍ ഉണ്ടെന്ന് റിസോര്‍ട്ട് ഉടമയ്ക്ക് വിവരം കിട്ടി. റിസോര്‍ട്ട് ഉടമകള്‍ ടോര്‍ച്ചും മഴുവുമൊക്കെയായി മുന്നേയും ഞങ്ങള്‍ പിന്നിലുമായി അവിടേക്ക് പുറപ്പെട്ടു. നല്ല ഇരുട്ട്. പാടത്ത് ഷീറ്റ് വിരിച്ച് മൂന്ന് സ്ത്രീകള്‍ ഇരിക്കുന്നു. ഞങ്ങള്‍ക്ക് പിന്നാലെ വന്ന കുടുംബത്തിനൊപ്പം ബഹളം വയ്ക്കുന്ന കുട്ടികള്‍. ടോര്‍ച്ച് തെളിക്കരുതെന്ന് പറഞ്ഞിട്ടും കേള്‍ക്കാത്ത മനുഷ്യര്‍. അടുത്ത പറമ്പിലാണ് വേട്ടയാടല്‍ നടന്നിരിക്കുന്നത്. കുറെ സിംഹങ്ങളുണ്ടെന്ന് അലര്‍ച്ചയില്‍ നിന്നും വ്യക്തമായി. എന്നാല്‍ ആള്‍ബഹളം കാരണം അവ അവിടെനിന്നും മാറി. വീണ്ടും കുറെ കഴിയുമ്പോള്‍ തിരികെ വരുമെന്ന് അവര്‍ പറഞ്ഞു. രാവിലെ യാത്ര പുറപ്പെടേണ്ടതിനാല്‍ ഞങ്ങള്‍ മടങ്ങി വന്നില്ല. സിംഹത്തെ കാണാന്‍ 2500 രൂപ നല്കണം എന്നായിരുന്നു കരാര്‍. കാണാതിരുന്നതിനാല്‍ പണം നല്കേണ്ടി വന്നില്ല.
ഗിറില്‍ രാവിലെ 6-9,9-12,3-6 എന്ന് മൂന്ന് സമയത്താണ് വനസഫാരിയുള്ളത്. ഒരു സമയം 30 വണ്ടികള്‍. ബുക്കിംഗ് ഓണ്‍ലൈനായിട്ടാണ്. ഒരു ടീം ക്യാന്‍സല്‍ ചെയ്താലും പുതിയ ടീമിനെ അനുവദിക്കില്ല. ഞങ്ങള്‍ രാവിലത്തെ സെഷനിലാണ് ബുക്ക് ചെയ്തിരുന്നത്. ആറുമണിക്ക് അവിടെ എത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 6.30ന് ജീപ്പ് പുറപ്പെട്ടു. ഗൈഡിന്റെ പേര് ദേശി എന്നായിരുന്നു. നന്നായി കാര്യങ്ങള്‍ വിശദീകരിച്ചു തന്നു ദേശി. ഡ്രൈവര്‍ കിംഭായിയും നല്ല സഹകരണമായിരുന്നു. ഒന്നു മുതല്‍ ഏഴുവരെ വ്യത്യസ്ഥ വനപാതകളിലൂടെയാണ് യാത്ര. ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ തിരികെ വരും. ഇതില്‍ കുറച്ചുപേര്‍ക്ക് സിംഹങ്ങളെ കാണാന്‍ കഴിയും. ഞങ്ങളുടേത് രണ്ടാം പാതയായിരുന്നു. യാത്ര പറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ റോഡരുകില്‍ സിംഹക്കൂട്ടം. എട്ടു പേരുണ്ടായിരുന്നു. തുറന്ന ജീപ്പിന് തൊട്ടടുത്ത് മരക്കൂട്ടത്തിനടുത്ത് അലസമായി വിശ്രമിക്കുന്നു. കുറേ സമയം ആ കാഴ്ച കണ്ട് ഞങ്ങള്‍ വിസ്മയിച്ചിരുന്നു. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി . വീഡിയോ എടുത്തു. ഉള്ളില്‍ ഭയമുണ്ടായിരുന്നു. സിംഹം ഉപദ്രവിക്കില്ല എന്ന് ദേശി നേരത്തെ പറഞ്ഞിരുന്നു. മൊബൈലില്‍ വീഡിയോ എടുക്കുമ്പോള്‍ ചാടിക്കടിക്കുമോ അതല്ലെങ്കില്‍ ആ ഉപകരണം എന്ത് എന്ന ആകാംഷയില്‍ കാലുകൊണ്ട് തട്ടുമോ എന്നൊക്കെ ആശങ്കപ്പെടാതിരുന്നില്ല.
തുടര്‍ യാത്രയില്‍ ചെന്നായ, മയിലുകള്‍,സ്പ്പോട്ടഡ് ഔള്‍,പുള്ളിമാന്‍ ,സാമ്പാര്‍ ഡീര്‍ എന്നിവയെയും കണ്ടു. മാന്‍കൂട്ടങ്ങള്‍ എപ്പോഴും ഭയമുള്ള ജീവികളാണ്. കാട് അധികം ഇടതൂര്‍ന്നതല്ല. അതിലെ പുല്ലുകളും തേക്കിന്റെ ഉണങ്ങിയ ഇലകളുമെല്ലാം സിംഹങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ അനുയോജ്യം. പെട്ടെന്ന് അവയെ കാണാന്‍ കഴിയില്ല. ഞങ്ങളുടെ യാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു ഗിറിലേത്. കാട്ടിലൂടെ ഒരു റയില്‍പാത കടന്നു പോകുന്നു. ദിവസം ആറ് തീവണ്ടികള്‍ വളരെ സാവധാനം കടന്നുപോകും. ഒരു ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായുള്ള പാതയുമുണ്ട്. അതിലൂടെ വനംവകുപ്പിന്റെ അനുമതിയില്ലാതെയും യാത്രചെയ്യാം. ഗിര്‍ വനത്തിനടുത്താണ് കമലേശ്വര്‍ ഡാം. അവിടെ മുതലകളുള്ളതായി ഗൈഡ് പറഞ്ഞു.
ശിവ് ഫാമില്‍ കേസര്‍,ആഫൂസ് അഥവാ ദേശി മാവുകളാണുള്ളത്. മാങ്ങകള്‍ ഒന്നിന് 350 ഗ്രാം തൂക്കമുണ്ടാകും. പത്ത് കിലോവീതം വരുന്ന ഏഴായിരം പെട്ടി മാങ്ങവരെ ഇവിടെ നിന്ന് ഒരു വര്‍ഷം ലഭിക്കാറുണ്ട്. പഴുത്ത മാങ്ങയും മുളക് പൊടിയും ചേര്‍ന്ന അച്ചാര്‍ ഉച്ചയൂണിനുണ്ടായിരുന്നു. അത് ഏറെ രുചികരമായിരുന്നു. ഗിറില്‍ നിന്നും ഊണ് കഴിഞ്ഞ് പുറപ്പെട്ടു. വണ്ടിയുടെ ഗിയര്‍ ബോക്സിലെ പ്രശ്നം രൂക്ഷമായിരിക്കയാണ്. ദിയുവില്‍ വച്ച് തുടങ്ങിയതാണ്. ഒന്നാം ഗിയര്‍ ഇടാന്‍ കഴിയുന്നില്ല.രണ്ടും മൂന്നും മാത്രം ഉപയോഗിച്ചായിരുന്നു യാത്ര. രാത്രിയോടെ അഹമ്മദാബാദിലെത്തി. ഒയോ വഴി ഹോട്ടല്‍ ക്രിസ്റ്റല്‍ ബുക്ക് ചെയ്തു. ആശ്രമം റോഡിലാണ് ഹോട്ടല്‍. തൊട്ടടുത്ത് സബര്‍മതി നദിയുടെ റിവര്‍ വ്യൂ പോയിന്റാണ്.
രാവിലെ സബര്‍മതി ആശ്രമത്തിലേക്ക് പോയി. അവിടെ പരിപാവനമായ ഗാന്ധജിയുടെ വീട് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ എഴുത്തുമുറി,കസ്തൂര്‍ബായുടെ മുറി,അടുക്കള ഒക്കെയും കണ്ടു. വിനോബഭാവെ ജീവിച്ച വിനോബ കുടിരും കണ്ടു. പിന്നീടത് മീരയുടെ വാസസ്ഥലമായിരുന്നു. മീര കുടിര്‍ എന്നും അവിടം അറിയപ്പെടുന്നു. 1918-30 കാലത്താണ് ഹൃദയകുഞ്ചില്‍ മഹാത്മാവും ബായും താമസിച്ചിരുന്നത്. പ്രാര്‍ത്ഥനാ സ്ഥലം ഉള്‍പ്പെടെ കണ്ട് മരത്തണലില്‍ വിശ്രമിച്ച് ഉച്ചയോടെ പുറത്തിറങ്ങി.
മുകേഷ് റവ സമചതുരമായി മുറിച്ച് പച്ചമുളകും ചേര്‍ത്ത് കഴിക്കുന്ന ധോഖ്ല വാങ്ങി നല്കി. ഉപ്പും എരിവുമുള്ള നല്ല പലഹാരം. ആശ്രമത്തിനോട് ചേര്‍ന്നാണ് മൊറാര്‍ജി‍യുടെ സമാധിസ്ഥലം. അവിടെയും കയറി. തുടര്‍ന്ന് അദ് ലജ്-കി-വാവ് എന്ന പടിക്കിണര്‍ കാണാന്‍ പോയി. 1498ല്‍ വഗേല നേതാവ് വീരസിംഹന്റെ ഭാര്യ രുദയുടെ താത്പ്പര്യപ്രകാരമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
അവിടെനിന്നും വിന്റേജ് കാര്‍ മ്യൂസിയത്തിലേക്കാണ് പോയത്. പ്രാണ്‍ ലാല്‍ ഭോഗിലാല്‍ പട്ടേലിന്റെറ സ്വകാര്യ മ്യൂസിയത്തില്‍ 106 കാറുകളാണുള്ളത്. 1906ലെ ബല്‍ജിയം വാഹനമായ മിനര്‍വ്വയാണ് ഏറ്റവും പഴക്കമുള്ളത്. കുവൈറ്റില്‍ നിന്നും വാങ്ങിയതാണിത്. 1906ലെ മറ്റൊരു വണ്ടി ഫ്രാന്‍സിന്റെ മോര്‍ഗാണ്. ഇത്തരത്തിലുള്ള 247 വണ്ടികള്‍ ഉടമയുടെ വിവിധ ഫാം ഹൌസുകളിലായി ഉപയോഗത്തിലുണ്ട്. ചില വാഹനങ്ങള്‍ വിവാഹപാര്‍ട്ടികള്‍ക്ക് വാടകയ്ക്ക് നല്കാറുണ്ട്. അന്‍പ‍തിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് വാടക. മ്യൂസിയത്തിന്റെ ചുറ്റാകെ എട്ടുകിലോമീറ്റര്‍ ദൂരം വരുന്ന ഭൂമി പ്രാണ്‍ ലാലിന്റേതാണ്. ആയിരം ഏക്കറിലാണ് അദ്ദേഹത്തിന് കൃഷിയുള്ളത്. 1937ലെ ജര്‍മ്മന്‍ വാഹനമായ മേബാച്ച് എസ്ഡബ്ല്യൂ 38ന്റെ പുതിയ മോഡല്‍ മെഴ്സിഡസ് ഇറക്കിയത് ആറരക്കോടി രൂപയ്ക്കാണ്. മുകേഷ് അംബാനിയും മാണിക് ചന്ദും വാങ്ങിയ ഇത്തരം അഞ്ച് വണ്ടികള്‍ക്ക് പകരമായി ഈ പഴയവാഹനം കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉടമ നല്കിയില്ല എന്ന് മാനേജര്‍ വിശദീകരിച്ചു.
വൈകിട്ട് ഗുജറാത്ത് കേബിള്‍ നെറ്റ് വര്‍ക്കിന്റെ‍ സാങ്കേതിക വിഭാഗം മേധാവി ഗുരുമൂര്‍ത്തി വന്നു. വെങ്കിട്ടിന്റെ സുഹൃത്താണ്. ഫോര്‍ച്യൂ ണില്‍ ഭക്ഷണം കഴിച്ചു. ഫിഷ് ടിക്കയും കോഴിക്കറിയും തന്തൂര്‍ റൊട്ടിയുമുണ്ടായിരുന്നു. തുടര്‍ന്ന് സബര്‍മതി തീരത്ത് പോയി കാഴ്ചകള്‍ കണ്ടിരുന്നു. വളരെ വിശാലമായ പാര്‍ക്കാണ് തീരത്ത് ഒരുക്കിയിരിക്കുന്നത്. നടക്കാനും സൈക്കിളോടിക്കാനും സമയം ചിലവിടാനും ആയിരങ്ങള്‍ ഇവിടെ വരുന്നു. സബര്‍മതിയില്‍ വേണ്ടത്ര ജലമില്ല. നര്‍മ്മദയിലെ വെള്ളം കൊണ്ടുവന്ന് ചെക്ക്ഡാമുകള്‍ കെട്ടി അതില്‍ നിറച്ചു നിര്‍ത്തിയിരിക്കയാണ്. നല്ല വെള്ളമാണ്. അഴുക്ക് ഒട്ടുമില്ല, മോശം ഗന്ധവുമില്ല. ഡ്രയിനേജും മറ്റ് അഴുക്കുകളും ഗുജറാത്തിലെ നദികളില്‍ എത്താന്‍ അനുവദിച്ചിട്ടില്ല. നദിയില്‍ എത്തും മുന്‍പ് പ്രോസസ് ചെയ്ത് ട്രീറ്റഡ് ജലമാണ് നദിയില്‍ തിരികെ എത്തുന്നത്. പത്തരയോടെ തിരികെ എത്തി. രാവിലെ എട്ടിന് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. വിജയകരമായ ഒരു യാത്രയുടെ പരിസമാപ്തി.
സബര്‍മതി ആശ്രമം

മഹാത്മാഗാന്ധിയുടെ എഴുത്തുമുറി

സബര്‍മതി തീരം

അദ് ലജ് കി വാവ്

വാവിലേക്കിറങ്ങുന്ന പടികള്‍

No comments:

Post a Comment