നഗരക്കാഴ്ച |
എയര്‍പോര്‍ട്ടിന് സമീപം |
മരുഭൂമിയിലെ പച്ചപ്പും പൂക്കളും |
പഴമയുടെ കാഴ്ച |
മൂന്ന് വിദേശ യാത്രകള്‍ - മൂന്ന് തരം അനുഭവങ്ങള്‍
ആദ്യത്തെ വിദേശയാത്ര ബസ്സിലായിരുന്നു. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയായ ഗോരഖ്പൂരിലെ ഒരു കവാടം കടന്ന് അപ്പുറമെത്തുമ്പോള്‍ നേപ്പാളായി. പാസ്പോര്‍ട്ടും വേണ്ട, വിസയും വേണ്ട. 1983ലായിരുന്നു ആ യാത്ര. വിദീഷയില്‍ പഠിക്കുമ്പോള്‍ പഠനത്തിന്റെ ഭാഗമായുള്ള യാത്ര. അത് കാത്മണ്ഡുവിലേക്ക് നീണ്ടു. നന്ദാദേവി പര്‍വ്വതം കണ്‍കുളിര്‍ക്കെ കണ്ടുള്ള യാത്ര. അന്ന് ഇന്ത്യ തുറന്ന കമ്പോളമല്ല. വിദേശഉത്പ്പന്നങ്ങളോടൊക്കെ വലിയ മതിപ്പുള്ള കാലം. ഗള്‍ഫുകാര്‍ക്ക് വലിയ മാര്‍ക്കറ്റാണ്. അവര്‍ കൊണ്ടുവരുന്ന ബാഗുകള്‍,ഉടുപ്പ്, ലുങ്കി , വാച്ച്, സ്പ്രേ എന്നിങ്ങനെ എല്ലാം അത്ഭുതമായിരുന്നു. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ടൊയോട്ടാ കാറാണ് അന്ന് നേപ്പാളിലെ ടാക്സികള്‍. ധാരാളം ബാറുകളും മദ്യം സര്‍വ്വ് ചെയ്യുന്ന സ്ത്രീകളും നല്ല റോഡുകളുമൊക്കെയായി ഒരുപാട് പുതിയ കാഴ്ചകള്‍ നേപ്പാള്‍ തന്നു. എന്നാല്‍ അധികം പുരോഗതിയില്ലാത്ത ഒരിടവുമായിരുന്നു അത്. നേപ്പാളികള്‍ക്ക് അന്നും ഇന്നും ഇന്ത്യക്കാരെ അത്ര ഇഷ്ടമല്ല. ചൈനയോട് ഇത്തിരി പ്രിയം കൂടും. വിദേശ വസ്തുക്കളുടെ വിനിമയം കുറച്ചേറെയുണ്ടായിരുന്നു അവിടെ. നാലായി മടക്കി സിബ്ബിട്ട് ഒരു ഡയറിപോലെയാക്കാവുന്ന സ്വര്‍ണ്ണ നിറമുള്ള ഒരു ബാഗ് ഞാന്‍ അവിടെനിന്നും വാങ്ങിയിരുന്നു. അത് ഒത്തിരിക്കാലം വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പിന്നെ മറ്റ് ചില സാധനങ്ങളും വാങ്ങിയത് ഓര്‍ക്കുന്നു. അന്ന് പശുപതിനാഥ ക്ഷേത്രത്തിലും മറ്റും പോയ ഓര്‍മ്മളള്‍ ഇപ്പോഴുമുണ്ട്. ഏറ്റവും രസകരമായ ഓര്‍മ്മ ഞങ്ങളുടെ വകുപ്പ് മേധാവിയും ഭാര്യയും കൂടി കാത്മണ്ഡുവില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതാണ്. ഇത് നിയമപരമായി കുറ്റകരമാണെന്ന് തോന്നുന്നു. അവര്‍ തലയിണക്കുള്ളിലോ മറ്റോ ഒളിപ്പിച്ചിരിക്കയായിരുന്നു സ്വര്‍ണ്ണം. എന്നാല്‍ ഇതിനൊക്കെ ഇന്‍ഫോമേഴ്സുണ്ടെന്നു തോന്നുന്നു. ട്രെയിനില്‍ കയറിയതുമുതല്‍ ഉദ്യോഗസ്ഥന്മാര്‍ വരാന്‍ തുടങ്ങി. ഇവര്‍ക്ക് കൈക്കൂലി കൊടുത്ത് അദ്ദേഹം വശംകെട്ടു. ഒടുവില്‍ എവിടെയോ ഇറങ്ങി സ്ഥലം വിട്ടു. ട്രയിനില്‍ ബഹളം വച്ചതിന് ഞങ്ങളോട് കര്‍ക്കശമായി സംസാരിച്ച ഗുരുപത്നിയോട് ഞങ്ങള്‍ക്കൊരു കലിപ്പുണ്ടായിരുന്നതിനാല്‍ സത്യത്തില്‍ ആ പരിശോധന ഞങ്ങള്‍ ആസ്വദിച്ചു എന്നുവേണമെങ്കില്‍ പറയാം.
അടുത്ത വിദേശയാത്ര മലേഷ്യയിലേക്കായിരുന്നു. അത് ഐടി@സ്കൂള്‍ വിക്ടേഴ്സ് ചാനലിന്റെ തലവനായിരുന്ന കാലത്താണ്. 2009 ആണെന്നു തോന്നുന്നു. അന്‍വര്‍ സാദത്ത്, നാരായണ സ്വാമി എന്നിവര്‍ക്കൊപ്പം കോലാലംപൂരിലേക്കാണ് പോയത്. സ്മാര്‍ട്ട് ബോര്‍ഡ് വികസിപ്പിച്ച കനേഡിയന്‍ കമ്പനിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍. ഒരുപാട് വികസിതമായ ,തിരക്കും വേഗതയും മാത്രമുള്ള നഗരം. അംബരചുംബികളായ കെട്ടിടങ്ങള്‍, വഴിയോര ഭക്ഷണശാലകള്‍, വിവിധ ദേശത്തുകാര്‍ ,വ്യക്തമായ ചിട്ടയോടെ വാഹനമോടിക്കുന്നവര്‍, സമരങ്ങളും ബോര്‍ഡു കളും ബാനറും രാഷ്ട്രീയക്കാരും പ്രത്യക്ഷത്തിലില്ലാത്ത ഒരു നഗരം. വൈറ്റ്‍ഫോര്‍ട്ട് എന്ന നക്ഷത്രഹോട്ടലില്‍ സുഖഭക്ഷണം, താമസം. എന്റെ ബന്ധു ബിജുവിന്റെയും അദ്ദേഹത്തിന്‍റെ ബോസിന്റെയും ക്ഷണപ്രകാരം മലേഷ്യയ്ക്ക് കുറുകെ ഒരു യാത്ര.
ബിജു കാറുമായി വന്നു. ഒരു സുഹൃത്തും ഉണ്ടായിരുന്നു. കോലാലംപൂരില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായുള്ള ജെന്റിംഗ് ഹൈലാന്റില്‍ പോയി. സുഖകരമായ കാലാവസ്ഥയില്‍ കാസിനോകളിലും തീയറ്ററുകളിലുമൊക്കെ കറങ്ങി നടക്കാനുള്ള ഒരിടം. 1800 മീറ്റര്‍ ഉയരമുള്ള ഇവിടെ മലേഷ്യക്കാരും വിദേശികളുമായ ആയിരക്കണക്കിന് സന്ദര്‍ശകര്‍ നിത്യേന എത്തുന്നു. സ്വാഭാവികമായ പ്രകൃതിയോട് മമത കാട്ടുന്ന ഒരാള്‍ എന്ന നിലിയല്‍ ജെന്റിംഗ് എനിക്ക് ഇഷ്ടമായില്ല. നഗരം വിട്ട് പുറത്തേക്കിറങ്ങിയപ്പോള്‍ എത്ര ആശ്വാസം. നല്ല വാഴത്തോപ്പുകള്‍, റബ്ബര്‍ തുടങ്ങി വിവിധ കൃഷികള്‍. ഗ്രാമീണര്‍, ഗ്രാമീണവീടിന്റെ മാതൃകകള്‍ സൂക്ഷിക്കുന്ന മ്യൂസിയം അങ്ങിനെ യാത്ര സിംഗപ്പൂര്‍ അതിര്‍ത്തി വരെയെത്തി. ജോഹറിലായിരുന്നു ബിജുവും ബോസും. ചാത്തന്നൂര്‍കാരനായ ബോസും സഹോദരങ്ങളും ഉമ്മയും ഒക്കെയായി വലിയൊരു കൂട്ടുകടുംബം . അതിശയകരമായ ആതിഥ്യമര്യാദ. വിഭവസമൃദ്ധമായ ഭക്ഷണമൊക്കെ കഴിച്ച് , അദ്ദേഹം തന്നെ എടുത്തുതന്ന ടിക്കറ്റില്‍ വലിയ ഗ്ലാസ് പാനലുള്ള ട്രെയിനില്‍ കാഴ്ചകള്‍ കണ്ട് മടക്കം . കോലാലംപൂരില്‍ നിന്നും സിംഗപ്പൂരിലേക്ക്. അവിടെ മണ്ണില്‍ ഇറക്കാതെ എയര്‍പോര്‍ട്ടില്‍ നിന്നും ബസില്‍ ഒരു നഗരപ്രദക്ഷിണം. ഇന്ത്യ ടൌണ്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഇരുന്നുകണ്ടു. തിരികെ എയര്‍പോര്‍ട്ടി ലെത്തി അവിടെനിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി. അന്ന് ആ യാത്രയ്ക്കുവേണ്ടിയാണ് അടിയന്തിരമായി പാസ്പോര്‍ട്ട് എടുത്തത്. ഇനി ഒരു വിദേശയാത്രയുണ്ടാകും എന്നുകരുതിയതുമില്ല.
അപ്പോഴാണ് കൃഷി ജാഗ്രണ്‍ മാനേജിംഗ് എഡിറ്റര്‍ ഡൊമിനിക്കിന്റെ ക്ഷണം.2017 മാര്‍ച്ചില്‍. ദുബായിലെ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ നടക്കുന്ന “അഗ്രാമി” അതായത് അഗ്രികള്‍ച്ചര്‍ മിഡില്‍ഈസ്റ്റ് എന്ന കൃഷിമേളയില്‍ കൃഷി ജാഗരണ്‍ മീഡിയ പാര്‍ട്ട്ണറാണ്. നമുക്ക് അതില്‍ പങ്കെടുക്കണം. സമ്മതിച്ചു. ഡൊമിനിക്കും ഷൈനിയും മകന്‍ രാജയും ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. ഞാന്‍ തനിച്ച് തിരുവനന്തപുരത്തുനിന്നും. ഒരങ്കലാപ്പുണ്ടായി. എങ്ങിനെ തനിച്ച്. അതിന് പരിഹാരമുണ്ടാക്കിയത് വിക്ടേഴ്സ് ചാനലിലെ പ്രൊഡ്യൂസറായ സന്തോഷ്.പി.ഡിയാണ്. എന്റെ കൂടി സുഹൃത്തായ വിക്ടേഴ്സിലെ മുന്‍ ഉദ്യോഗസ്ഥന്‍ അന്‍സ് ദുബായിലാണുള്ളത്. സന്തോഷ് ദുബായില്‍ പോയപ്പോള്‍ അന്‍സ് കൂടെയുണ്ടായിരുന്നു. വലിയ സഹായമായിരുന്നു “സര്‍ ഒട്ടും പേടിക്കണ്ട, നമ്മുടെ അന്‍സുണ്ട് അവിടെ”. സന്തോഷിന്റെ വാക്കുകള്‍ ആശ്വാസമായി. അന്‍സുമായി സംസാരിച്ചു.തുടര്‍ന്ന് അന്‍സ് താമസത്തിനായി അന്വേഷണം തുടങ്ങി. അന്‍സിന്റെ സഹോദരതുല്യനായ രാജനിലൂടെ അത് നെന്മാറക്കാരന്‍ രാജുവിലെത്തി. രാജു ഇന്റര്‍നാഷണല്‍ ക്ലസ്റ്ററില്‍ ചൈനാ ടൌണിലെ ഫ്ലാറ്റിലാണ് താമസം. കുടുംബം നാട്ടില്‍ പോയിരിക്കയാണ്. നമുക്കൊരു വാടക നിശ്ചയിച്ച് താമസിക്കാം എന്നു പറഞ്ഞു. ആശ്വാസം.
അങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ദുബായ്ക്ക് തിരിച്ചു. ചുമ്മാ കടല്‍ കടന്നൊരു ചാട്ടം, അത്രതന്നെ. ലോകത്തിലെ തിരക്കേറിയ മൂന്നാമത്തെ എയര്‍പോര്‍ട്ടാണ് ദുബായിലേത്. സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിറചിരിയുമായി അന്‍സ്. രാജനുമുണ്ട്. സായാഹ്നം. മണലാരണ്യത്തിലെ അത്ഭുതക്കാഴ്ചകളായ വലിയ കെട്ടിടങ്ങളും വ്യാപാരവും റോഡുകളുമൊക്കെകണ്ട് പോകുംവഴി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു, പിന്നെ നേരെ എത്തിയത് രാജുവിന്റെ വീട്ടില്‍. വളരെ പക്വതയുള്ള ഒരു ചെറുപ്പക്കാരന്‍. പരിചയപ്പെട്ടു, താമസവും തുടങ്ങി. നഗരം രാത്രി വെളിച്ചത്തിന്റെു സമൃദ്ധിയില്‍ ഉറങ്ങാതെ കിടന്നു. രാവിനും പകലിനും അതിര്‍ത്തി നിശ്ചയിക്കാത്ത നഗരത്തില്‍ പച്ചപ്പുകള്‍ വലിയ കാഴ്ചകളായിരുന്നു. അവിടവിടെയുള്ള ഈന്തപ്പനകളും പൂന്തോട്ടത്തിലെ ചെടികളും മാത്രം. വേപ്പും യൂക്കാലിയും അപൂര്‍വ്വമായി കാണാം.
രാജു തന്റെ ജീവിതകഥകളൊക്കെ എന്നോട് പറഞ്ഞു. വളരെ ലളിതമായ ഒരു ഫിലോസഫിയാണ് രാജുവിന്റേത്. ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വ്വഹിക്കുക , കുടുംബത്തിനോട് അങ്ങേയറ്റം അടുത്തും കുട്ടികളെ സ്നേഹിച്ചും ജീവിക്കുക. ആരെയും ഉപദ്രവിക്കാതിരിക്കുക, ആരെയും കുറ്റം പറയാതിരിക്കുക. എനിക്കത് ഇഷ്ടമായി. ഞാനും കുറെ ജീവിതമൊക്കെ പറഞ്ഞു. ഞങ്ങള്‍ എപ്പൊഴോ ഉറങ്ങി. ഞാന്‍ ഉണരുമ്പോള്‍ രാജു ജോലിക്ക് പൊയ്ക്കഴിഞ്ഞിരുന്നു. പാതിമയക്കത്തില്‍ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു , രാജു മകളുമായി നടത്തുന്ന ഫോണ്‍ ചാറ്റിംഗ്. പെട്ടെന്ന് എന്റെ മകളുടെ കുട്ടിക്കാലം മനസിലേക്ക് ഓടിയെത്തി.
ഉണര്‍ന്ന് പുറത്തേക്ക് നോക്കുമ്പോള്‍ നഗരം ചീറിപ്പായുന്ന കാഴ്ചയാണ് എവിടെയും . തൊട്ടുതാഴെയുള്ള മലപ്പുറംകാരന്റെ കടയില്‍ നിന്നും അപ്പവും മീന്‍കറിയും കഴിച്ചു. കേരള ഭക്ഷണം നാട്ടിലെവിടെയും ഇത്ര രുചിയോടെ കിട്ടിയിട്ടില്ല എന്നു തോന്നി. അന്‍സ് ഏര്‍പ്പാടാക്കിയ മലയാളിയുടെ ടാക്സി വന്നു. അതില്‍ വേള്‍ഡ് ട്രേയ്ഡ് സെന്ററിലേക്ക് പോയി. എക്സിബിഷന്‍ ഹാള്‍ കണ്ടു. ഡൊമിനിക്കും വന്നിരുന്നു. ട്രാഫിക് അതിഭീകരമാണ്. പിന്നെ എവിടെയും ദിനോസറുകളെപോലെ ഉയര്‍ന്നു നില്ക്കുന്ന ബഹുദശഗോപുരങ്ങളും . ഓഫീസുകളും താമസസ്ഥലങ്ങളും ഹോട്ടലുകളും മാളുമൊക്കെ മാത്രമുള്ള ഈ ഇടത്തേക്ക് മനുഷ്യര്‍ ഈയാംപാറ്റകളെപോലെ വന്നണയുന്നത് എന്തിനാണ് എന്നു ഞാന്‍ സ്വയം ചോദിച്ചുപോയി.
ആദ്യ രണ്ടുദിവസം ഞങ്ങള്‍ക്ക് സ്വന്തമാണ്. യാത്രകള്‍ക്ക് മാത്രം. ആദ്യ ദിനം ലോക്കല്‍ കാഴ്ചകളും രണ്ടാം ദിനം മരുഭൂമിയും എന്ന് നിശ്ചയിച്ചു. ആദ്യം പോയത് ദുബായ് മ്യൂസിയത്തിലേക്കാണ്. കേരളചരിത്രത്തില്‍ മുസിരിസിനെപറ്റിയൊക്കെ പറയുന്നപോലെ കുറെ കച്ചവടകേന്ദ്രങ്ങളും മണ്‍വിടുകളുമൊക്കെ ഉള്‍പ്പെട്ട പഴയ ദുബായുടെ കാഴ്ചകള്‍ ചിത്രങ്ങളായും ശില്‍പ്പങ്ങളായും ഉപകരണങ്ങളായും അവിടെ നിറഞ്ഞുനില്ക്കുന്നു. പിന്നീട് അറ്റ്ലാന്റിസ് ഹോട്ടലില്‍ പോയി. മനോഹരമായ ഹോട്ടല്‍. കടലിനടിയിലൂടെ കടന്നുവരുന്ന ടണലിലൂടെയാണ് അവിടെ എത്തുക.മുന്‍പില്‍ നല്ലൊരു ബീച്ചും. അവിടെ കയറി കുറച്ച് കാഴ്ചകളൊക്കെ സൌജന്യമായി കാണാം. അതിനാല്‍ എപ്പോഴും തിരക്കാണ്. 1539 മുറികളുണ്ട് ഈ ഹോട്ടലില്‍. ഫോര്‍ച്യൂണ്‍ അല്‍ കിസൈനും അവിടെയാണ്. ദുബായ് മറീനയിലെ പാം ജുമൈറ കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അവിടെ അടുത്തായി ഒരു നോളജ് പാര്‍ക്കുമുണ്ട്. ഒരു പനയുടെ ഇലകള്‍ പോലെയാണ് ദുബായ് മറീനയില്‍ ഫ്ലാറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്. ദേര, കരാമ, ജുമൈറ ബീച്ച് എന്നിവയും ഹൃദ്യമായ കാഴ്ചകളാണ്. ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഐലന്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യാത്രപോകുന്ന ഒരു കപ്പലിന്റെ രീതിയിലാണ് നിര്‍മ്മാണം. അവിടെ നിന്നും ഒരു വളഞ്ഞ് മനോഹരമായ പാലം വഴിയാണ് കരയിലേക്ക് വരുക. അല്‍ ഖസര്‍ ഹോട്ടലിന് മുന്നിലെ വിവിധ പോസുകളിലുള്ള വെങ്കലക്കുതിരകളുടെ കാഴ്ചയും മായാത്ത ഒന്നാണ്. ദുബായ് മാളും വലിയ തിരക്കുള്ള ഇടമാണ്. ഗ്ലാസ് അക്വേറിയവും കടലിനിടയിലൂടെ യാത്ര ചെയ്യുന്ന തോന്നലുണ്ടാക്കുന്ന ആധുനിക സംവിധാനങ്ങളും നമ്മെ ഭ്രമിപ്പിക്കും. അതിനടുത്താണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. 2722 അടി പൊക്കവും മരുഭൂമിയില്‍ കാണുന്ന ഹൈമെനോ കാലിസ് എന്ന പൂവിന്റെ ആകൃതിയുമുള്ള ഒരു ആധുനിക വാസ്തുശില്പ്പവിസ്മയം. എത്ര നേരം വേണമെങ്കിലും നോക്കിനില്ക്കാന്‍ തോന്നുന്ന ഈ കെട്ടിടം കാര്‍ യാത്രയില്‍ നിരന്തരം നമ്മള്‍ കണ്ടുകൊണ്ടിരിക്കും. ദുബായ് ക്രീക്കും ഇതുപോലെ തന്നെ മടുപ്പുളവാക്കാത്ത ഇടമാണ്.
ലുലു, ദേറ സിറ്റി, ഡ്രാഗണ്‍ തുടങ്ങി എത്രയോ മാളുകളില്‍ പോയി. പലയിടങ്ങളില്‍ ഭക്ഷണം കഴിച്ചു, സ്മാളടിച്ചു. അങ്ങിനെ കുറച്ച് ദിവസങ്ങള്‍. രണ്ടാം നാളില്‍ മരുഭൂമിയിലേക്ക് പോയി. നോക്കെത്താ ദൂരം മണല്‍ മാത്രം. അതും പ്രകൃതിയെന്ന ചിത്രകാരന്‍ വരച്ച പല രൂപങ്ങളില്‍. ഡ്യൂണ്‍ ബാഷിംഗും സൂര്യാസ്തമയ കാഴ്ചയും രാത്രിയില്‍ തുറസായ മരുഭൂമിയില്‍ നിന്നുകൊണ്ടുള്ള ആകാശക്കാഴ്ചയും ആകര്‍ഷ്കമായിരുന്നു. ഡസര്‍ട്ട് ക്യാമ്പിലെ ബഫറ്റ് ഡിന്നറും ലൈവ് ഫയര്‍ ഷോയും ബല്ലി ഡാന്‍സുമൊക്കെ ഡിന്നറിനൊപ്പം ആസ്വാദ്യമായി. അടുത്ത ദിവസം മുതല്‍ എക്സിബിഷനില്‍ പങ്കെടുത്തു. മോളുടെ കൂട്ടുകാരി ശ്രീജയും മറ്റൊരു സുഹൃത്തും ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു. എക്സിബിഷന്‍ ഒരു നല്ല അനുഭവമായി. ദുബായ് മെട്രോയില്‍ യാത്ര ചെയ്തു. അതും ഷൈനിയുടെ സഹോദരന്റെ ഡയമണ്ട് കാര്‍ഡില്‍. വളരെ കുറച്ചു യാത്രക്കാരെ വിഐപി ബോഗിയിലുണ്ടാവുകയുള്ളു. ഗ്രീന്‍ ലൈന്‍ എറ്റിസലാറ്റ് മുതല്‍ ക്രീക്ക് വരെയും റെഡ് ലൈന്‍ റഷീദിയ മുതല്‍ ജെബേല്‍ അലി യുഎഇ എക്സേചേഞ്ച് സ്റ്റേഷന്‍ വരെയുമാണ്. രണ്ടിലും കൂടി കയറിയാലെ വേള്‍ഡ് ട്രേയ്ഡ് സെന്റററില്‍ നിന്നും എയര്‍പോര്‍ട്ട് സ്റ്റേഷനിലെത്തൂ. അവിടെ അന്‍സ് വരും. ഇതായിരുന്നു ഷെഡ്യൂള്‍.
അനിയന്‍ സജീവിന്റെ ഒരു സുഹൃത്തിനെയും കണ്ടിരുന്നു.
ഗള്‍ഫില്‍ രാഷ്ട്രീയമില്ല, അനാവശ്യവര്‍ത്തമാനങ്ങളില്ല , ജോലി ചെയ്യുക, പണമുണ്ടാക്കുക, നാട്ടിലുള്ളവരെ സംതൃപ്തിപ്പെടുത്തുക. ഇതുതന്നെ ജീവിതം. എണ്ണയുടെ വ്യവസായം താരതമ്യേന കുറവാണെങ്കിലും മിഡില്‍ ഈസ്റ്റിന്റെവ വ്യവസായ- വിനോദസഞ്ചാര- സാങ്കേതികവിദ്യ കേന്ദ്രമായി ദുബായ് മാറിക്കഴിഞ്ഞു. അന്തരാഷ്ട്രമേളകളുടെയും സമ്മേളനങ്ങളുടെയുമൊക്കെ പ്രധാന കേന്ദ്രമാണ് ദുബായ്. നിയന്ത്രണങ്ങളുള്ള, എന്നാല്‍ മറ്റ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി യൂറോപ്പിന്റെയും അമേരിക്കയുടെയും സ്വാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടം. മിനിസ്ട്രി ഓഫ് ഹാപ്പിനസ്, മിനിസ്ട്രി ഓഫ് ടോളറന്‍സ് ഒക്കെയുള്ള രാജ്യം. ശ്രീ. നരേന്ദ്രമോദിക്കും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ് !
ഷൈനിയുടെ സഹോദരനും സഹോദരിയും അവിടെയാണ് ജോലി ചെയ്യുന്നത്. ഞാനവിടെ പോയിരുന്നു. രണ്ട് നില ഫ്ലാറ്റ് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പട്ടത്ത് ആര്‍ടെ്ക് നിര്‍മ്മിച്ച ഫ്ലാറ്റ് അത്തരത്തിലാണ് എന്നു പറയപ്പെടുന്നു.
പോരുന്നതിന് തലേദിവസമാണ് കൊട്ടാരം കാണാന്‍ പോയത്. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പോലെ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. ഇവിടെ മയിലിനെയൊക്കെ കണ്ടു. വന്യമൃഗങ്ങളെയും വളര്‍ത്തുന്നുണ്ട് എന്ന് അന്‍സ് പറഞ്ഞു. അന്‍സിന്റെ വീട്ടിലും കയറി. വളരെ സംതൃപ്തമായ കുഞ്ഞുകുടുംബം. അന്‍സും ഭാര്യയും മോനും കുഞ്ഞുവാവയും. പരമ്പരാഗത ശൈലിയിലുള്ള ഒരു മനോഹരമായ വീട്. നഗരത്തിലാണ് എന്ന് തോന്നുകയില്ല അവിടം കണ്ടാല്‍. രാജന്റെ വീട്ടിലും പോയിരുന്നു. അവരുടെ ആതിഥേയത്വം സ്വീകരിച്ച് ഒരു രാത്രിയിലെ ഭക്ഷണം അവിടെനിന്നും കഴിച്ചു. രാജുവുമായുള്ള സൌഹൃദം എത്ര ആഴത്തിലായി എന്നു ചോദിച്ചാല്‍ ഞങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു എന്നു ചുരുക്കം.
വാടകയെപറ്റി മിണ്ടിപ്പോകരുത് എന്നായിരുന്നു അന്‍സിനോട് രാജു പറഞ്ഞത്. യാത്രയില്‍ വായിക്കാനായി ബുക്കില്‍ ക്ലിപ്പ് ചെയ്യാവുന്ന ഒരു ലാമ്പും എനിക്ക് തന്നു. ഓര്‍മ്മയ്ക്കായി. എനിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു ഗിഫ്റ്റ്. ഇപ്പോഴും ട്രെയിന്‍ യാത്രയില്‍ അതെന്റെ കൂട്ടിനുണ്ട്. അങ്ങിനെ ഒത്തിരി ഓര്‍മ്മകളുമായി മൂന്നാം വിദേശയാത്ര.
ഡൊമിനിക് തായ്ലാന്‍റിലേക്ക് വിളിച്ചതാണ്, പോകാന്‍ കഴിഞ്ഞില്ല.ഇനി എവിടേക്ക് ? ചോദ്യം എനിക്ക് നേരെ തന്നെയാണ്. എങ്ങോട്ടെങ്കിലുമൊന്ന് പോകണം, സമയവും സൌകര്യവും ഒത്തു വരുമ്പോള്‍.
ദുബായ് മ്യൂസിയം |
മ്യൂസിയം പുറംകാഴ്ച |
മ്യൂസിയത്തിനുള്ളിലെ ഒരു ദൃശ്യം |
No comments:
Post a Comment