നമ്പി നാരായണന് |
ലോകത്ത് നടക്കുന്ന ഓരോ പ്രധാന സംഭവങ്ങളും ഇതിഹാസ കഥകളുമായി ചേര്‍ത്തുവയ്ക്കാവുന്നവയാണ്. കൃഷ്ണന്‍റെ ജന്മം കംസന്‍റെ മരണത്തില്‍ അവസാനിക്കുന്നപോലെ, മന്ഥരയുടെ ഇടപെടല്‍ രാമന്‍റെ അധികാരക്കസേര തെറിപ്പിക്കുന്നപോലെ, അംബയെ കാമുകന്‍റെ മുന്നിലൂടെ വലിച്ചിറക്കിക്കൊണ്ടുപോകുന്ന, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം കണ്ടിട്ടും പ്രതിക്ഷേധിക്കാതെ നിന്ന ഭീക്ഷ്മരുടെ അന്തകനായി ശിഖണ്ഡി പിറവിയെടുത്തപോലെ പല കഥകളും നമുക്ക് ആധുനികകാല സംഭവങ്ങളുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഭീക്ഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ.കരുണാകരന്‍റെ രാഷ്ട്രീയജീവിതത്തിന് അന്ത്യം കുറിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് ഇത്തരത്തിലുള്ള ഒരു ശിഖണ്ഡിയാണ് എന്ന് നിരീക്ഷിച്ചാല്‍ മനസിലാവും. രാജന്‍ കേസ് ഉള്‍പ്പെടെ അനേകം വിഷയങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ കെ.കരുണാകരന് കിട്ടിയ സ്വാഭാവിക നീതി എന്നേ ആ സംഭവങ്ങളെപ്പറ്റി പറയാന്‍ കഴിയൂ.
എന്നാല്‍, നമ്പി നാരായണന്‍ ഉള്‍പ്പെടെ ഈ കേസില്‍ ഇരയാക്കപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. നമ്പി നാരായണന് നീതികിട്ടി എന്ന മട്ടിലുള്ള വാര്‍ത്തകള്‍ ശരിയാണോ എന്നു നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. 1994 ല്‍ ഐഎസ്ആര്‍ഒായില്‍ ക്രയോജനിക് എന്‍ജിന്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിവന്ന ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. അമേരിക്കയില്‍ പരിശീലനം സിദ്ധിച്ച് , അവിടെ നാസയില്‍ ലഭിക്കാവുന്ന ജോലി വേണ്ടെന്നു വച്ച് സ്വന്തം നാട്ടിലെ ബഹിരാകാശ ശാസ്ത്രമേഖലയെ പുഷ്ടിപ്പെടുത്താന്‍ വന്ന വ്യക്തിത്വം. ഐഎസ്ആര്‍ഓയിലെ ആദ്യകാല ജീവനക്കാരില്‍ ഒരാള്‍. അദ്ദേഹത്തിന് രണ്ട് ജീവിതമാണുള്ളത്. 94ന് മുന്‍പും ശേഷവും. 94 വരെ മികച്ച ശാസ്ത്രജ്ഞന്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് സേവനമനുഷ്ടിച്ച വ്യക്തിത്വം. 94ന് ശേഷം ചാരന്‍ എന്ന അപകീര്‍ത്തി മുദ്രയുമായി , ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഒരു കുടുംബനാഥനും നീതിക്ക് വേണ്ടി പോരാടുന്ന ഒരു ഒറ്റയാനും.
നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് നല്‍കാന്‍ കഴിഞ്ഞത് 50 ലക്ഷം രൂപയും ആത്മാഭിമാനവും മാത്രം. സുപ്രീംകോടതിക്ക് അത്രയെങ്കിലും ചെയ്യാന്‍ കേസിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനുമുന്‍പ് കഴിഞ്ഞു എന്നത് സന്തോഷകരം. എന്നാല്‍ യഥാര്‍ത്ഥ നീതിയാണെങ്കില്‍ കേസ് കത്തിനിന്ന കാലത്തുതന്നെ , രണ്ട് വര്‍ഷത്തിനുള്ളിലെങ്കിലും നീതി ലഭിക്കണമായിരുന്നു. അതിന് വേണ്ടവിധം നമ്മുടെ നീതി സംവിധാനം വേഗതയാര്‍ജ്ജിച്ചിട്ടില്ല എന്നത് സങ്കടകരം. രാജഭരണ കാലത്തെ ശിക്ഷാരീതിയാണ് തുടര്‍ന്നുവന്നിരുന്നതെങ്കില്‍ ,ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ, തല മാത്രം പുറത്തു നിര്‍ത്തി കുഴിച്ചിട്ട് ആനയെക്കൊണ്ട് കാല്‍പ്പന്ത് തട്ടിച്ചോ വിജനപ്രദേശത്ത് കൈകാലുകള്‍ ഛേദിച്ച് ഉപേക്ഷിച്ചോ ശിക്ഷ നടപ്പാക്കുമായിരുന്നു.
ഹൈക്കോടതിയുടെ വിധിന്യായം ശരിയല്ലായിരുന്നു എന്ന് സുപ്രീംകോടതി പറയുന്നുണ്ട്. അപ്പോള്‍ ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജഡ്ജിക്ക് എന്ത് ശിക്ഷയാണ് നല്‍കുക. താഴെത്തട്ടിലെ തെറ്റായ ശക്ഷാവിധികള്‍ പ്രഖ്യാപിക്കുന്നവര്‍ക്കും ശിക്ഷ നല്‍കാന്‍ കഴിയുന്നൊരു സംവിധാനം ഉണ്ടാവണ്ടെ?
ഇപ്പോള്‍ അന്വേഷണക്കമ്മീഷന്‍ വരുകയാണ്. മുന്‍കാലങ്ങളില്‍ നടന്ന പ്രമാദമായ കേസുകളിലൊന്നിലും പൂര്‍ണ്ണമായി ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ,രാജേഷ് പൈലറ്റ് തുടങ്ങി അനേകം നേതാക്കളുടെ മരണങ്ങള്‍, കേരളത്തിലെ രാജന്‍ കേസ്, പാമോയില്‍ കേസ്, സിസ്റ്റര്‍ അഭയ കേസ് , ഏറ്റവും ഒടുവില്‍ നടന്ന സരിത കേസ് തുടങ്ങി വലുതും ചെറുതുമായ ആയിരക്കണക്കിന് വിഷയങ്ങളിലെ ഗൂഢാലോചനകള്‍ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല, വരുകയുമില്ല. ഇതും അത്തരത്തില്‍ അവസാനിക്കുകയില്ലെ എന്ന ആശങ്ക പങ്കിടാതിരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരന്വേഷണമാണ് നടക്കുകയെങ്കില്‍ അത് അഭിനന്ദനാര്‍ഹമായിരിക്കും.
ഋഷിരാജ് സിംഗ് ,മെഡിക്കല്‍ കോളേജ് പരിസരത്ത് താമസിക്കുന്ന മാലിക്കാരുടെ സ്ഥിതിവിവരക്കണക്കെടുക്കാന്‍ വിജയനെ ചുമതലപ്പെടുത്തിയിരുന്നോ?
വിജയന്‍, മറിയം റഷീദ, ഫൌസിയ എന്നിവരിലേക്ക് എത്തപ്പെടാനും അവര്‍ക്കെതിരെ കേസ്സെടുക്കാനുമുണ്ടായ സാഹചര്യം എന്ത്?
വിജയന്‍, ഋഷിരാജ് സിംഗ്, രാജീവന്‍,സിബി മാത്യൂസ് എന്നീ ഉദ്യോഗസ്ഥരമായി നടത്തിയ ആശയവിനിമയം എന്തായിരുന്നു?
നമ്പി നാരായണനും മറ്റും ഇതിലേക്ക് ഉള്‍പ്പെടുത്തപ്പെട്ടത് യാദൃശ്ചികമോ മന:പൂര്‍വ്വമോ? മന:പൂര്‍വ്വമെങ്കില്‍ ഇതിന് സിഐഎ ബന്ധമുണ്ടോ?ഉണ്ടെങ്കില്‍ അവരുടെ കേരള ഏജന്‍റ് ആര് ?
ഏത് ഘട്ടത്തില്‍ ആരിലൂടെയാണ് ഇതിനെ കെ.കരുണാകരനുമായി ബന്ധപ്പെടുത്തിയത്?
അതിനെത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ- മാധ്യമ സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ ആരെല്ലാം? അവരിലൂടെ കേസിന് പുതിയ മാനങ്ങള്‍ ഉണ്ടാക്കിയത് ആരെല്ലാം?
രമണ്‍ ശ്രീവാസ്തവയെ ഇതിനോട് ലിങ്ക് ചെയ്തത് ആര് ?
ഇതെല്ലാം തെളിയുകയും ഇവരെല്ലാം ജയിലിലടയ്ക്കപ്പെടുകയും ചെയ്യാന്‍ കെല്‍പ്പുള്ള ഒരു നിയമ സംവിധാനം നമുക്കുണ്ടോ?
അതോ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ പിറകോട്ടടിക്കുകയും കുറേ വ്യക്തിത്വങ്ങളേയും കുടുംബങ്ങളെയും തകര്‍ത്തില്ലാതാക്കുകയും ചെയ്ത മറ്റൊരു അടഞ്ഞ അധ്യായമായി ഈ കേസിനെയും ചരിത്രം വിധിയെഴുതുമോ ? കാത്തിരുന്നു കാണാം.
No comments:
Post a Comment