Tuesday, 18 September 2018

Official language department, is it essential?


 
 ഔദ്യോഗിക ഭാഷാ വകുപ്പ് ഒരു വെള്ളാന
 
കുറേക്കാലം മുന്‍പ്  മുഖ്യമന്ത്രിക്ക് കൊടുത്ത ഒരു കത്തിലെ വിഷയം ഇവിടെ ചര്‍ച്ചയ്ക്കായി വയ്ക്കുന്നു. കോഴിക്കുഞ്ഞിനെ കുറുക്കനെ ഏല്‍പ്പിക്കുന്ന പോലെ അദ്ദേഹം  കത്ത് പരിശോധനയ്ക്കായി കുറുക്കന്മാര്‍ക്ക് തന്നെ നല്‍കിയതിനാല്‍  ഇതുവരെ സര്‍ക്കരിന്‍റെ പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നുകൂടി അറിയിക്കട്ടെ

ഓരോ കാലത്തും അനിവാര്യമെന്നു തോന്നുന്ന ചില വകുപ്പുകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ആരംഭിക്കാറുണ്ട്. അത്തരത്തില്‍ ആരംഭിച്ച വകുപ്പാണ് ഔദ്യോഗിക ഭാഷാ വകുപ്പ്. ഇംഗ്ലീഷില്‍ മാത്രം സര്‍ക്കാര്‍ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നിടത്തു നിന്നും മലയാളത്തിലേക്കുള്ള മാറ്റത്തിനുവേണ്ടിയായിരുന്നു ഈ വകുപ്പ് ആരംഭിച്ചത്. എന്നാല്‍ ഔദ്യോഗിക ഭാഷ ഏതാണ്ടെല്ലായിടത്തും മലയാളമായി മാറിയതോടെ , ഐഎഎസ് ഉദ്യോഗസ്ഥനെ  ഒതുക്കിയിരുത്താനുള്ള തസ്തികയായി ഔദ്യോഗിക ഭാഷ സെക്രട്ടറി തസ്തിക മാറി. വീട് നിര്‍മ്മാണം, പഠനം , ചില അല്ലറ ചില്ലറ ചുറ്റിക്കളി, പണിയെടുക്കാനുള്ള കഴിവില്ലായ്മ എന്നിവയുള്ളവരെ സൌകര്യപ്രദമായി ശമ്പളം നല്‍കി ഇരുത്താനും വകുപ്പ് ഉപകരിക്കുന്നു എന്ന മട്ടായി. രസകരമായതും വിചിത്രമായതുമായ മറ്റൊരു സംവിധാനം കൂടി അവിടെയുണ്ട്. വകുപ്പില്‍ മൂന്ന് കംപാര്‍ട്ട്മെന്‍റുകളാണ് ഉള്ളത്. നിയമ വകുപ്പില്‍ നിന്നുള്ള ഡപ്യൂട്ടി സെക്രട്ടറി, നേരിട്ട് നിയമനം ലഭിച്ച മലയാളം പിജിയും നിയമത്തില്‍ ഡിഗ്രിയുമുള്ള ഭാഷാ വിദഗ്ധന്‍, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി താഴോട്ട് അസിസ്റ്റൻറ് വരെയുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍. ഒരാള്‍ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാത്ത ഒരു വിചിത്ര സംവിധാനം. ഇവരുടെ  ഈഗോയും അതുയര്‍ത്തുന്ന     പ്രശ്നങ്ങളും പറഞ്ഞുതീര്‍ക്കുകയാണ് സെക്രട്ടറിയുടെ പ്രധാന ജോലി. ജില്ലകളില്‍ പോയി മലയാള ഭാഷ സംബ്ബന്ധിച്ച വഴിപാട് യോഗങ്ങളില്‍ പങ്കെടുക്കുക എന്നതിന് പുറമെ ഈ വകുപ്പിലെ ജീവനക്കാര്‍ക്ക്  നല്‍കാന്‍ കഴിയുന്ന സംഭാവന പൂജ്യമാണെന്നു പറയാം. ഇതിനായി ശമ്പളമിനത്തില്‍ ചിലവിടുന്നത് ലക്ഷങ്ങളാണ് എന്നു കാണേണ്ടതുണ്ട്. 
യഥാര്‍ത്ഥത്തില്‍ ഇനി ആവശ്യമുള്ളത് എല്ലാ വകുപ്പിലും ഒരു മലയാള വിഭാഗമാണ്. കേന്ദ്രം അയച്ചു നല്‍കുന്ന ഉത്തരവുകളും നിയമങ്ങളും മറ്റും വിവര്‍ത്തനം ചെയ്യാനും മലയാളം വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാനും ഈ സംവിധാനം ഉപകരിക്കും. വകുപ്പുകളിലെ ഔദ്യോഗിക ഭാഷാ പ്രവര്‍ത്തനം കുറ്റമറ്റ നിലയിലാണ് എന്നുറപ്പാക്കാന്‍ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി, ഭാഷാ വിദഗ്ധന്‍, ഒന്നോ രണ്ടോ അനൌദ്യോഗികാംഗങ്ങള്‍ എന്നിവരുടെ ഒരു സമിതി ഉണ്ടാക്കാവുന്നതാണ്. ഔദ്യോഗിക ഭാഷാ വകുപ്പ്, വകുപ്പിന്‍റെ സെക്രട്ടറി എന്ന രീതി അവസാനിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുകയും ചെയ്യാവുന്നതാണ്. നിയമ വകുപ്പിലും ഒരു ഔദ്യോഗിക ഭാഷാ വകുപ്പുണ്ട്. അതും ഒഴിവാക്കാവുന്നതാണ്. കേന്ദ്ര നിയമങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഈ സംവിധാനം അവസാനിപ്പിച്ച്, പുസ്തകങ്ങള്‍ തയ്യാറാക്കി വില്‍ക്കാന്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനെ ചുമതലപ്പെടുത്തുകയാണ് വേണ്ടത്. അപ്പോള്‍ ഗ്രന്ഥങ്ങള്‍ ജനങ്ങളിലെത്തുമെന്നു മാത്രമല്ല വേഗത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനും കഴിയും. 
--



No comments:

Post a Comment