Thursday, 22 March 2018

Sikkim trip -- chapter 7

പാസന്‍റെ കട

ഭൂട്ടിയ

ഗുരു ദോംഗ്മാറിലേക്കുള്ള വഴി


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഏഴാം  ഭാഗം
2017 നവംബര്‍ 14
രാവിലെ അഞ്ചിന് തന്നെ ഗുരുദോംഗ്മാറിലേക്ക് പുറപ്പെട്ടു. അതി ദീര്‍ഘമായ യാത്രയാണ്. ദുര്‍ഘടം പിടിച്ച വഴികളിലൂടെ. പലയിടത്തും റോഡ് തന്നെയില്ല. പൊട്ടിവീണ പാറകള്‍ക്കു മുകളിലൂടെയാണ് യാത്ര. ഒരുപാട് അപകട മേഖലകള്‍ തരണം ചെയ്തും ഒരിക്കല്‍ വണ്ടിയ്ക്കുണ്ടായ പങ്ചര്‍ അതിജീവിച്ചും താംഗുവിലെത്തി.അവിടെ   ലെന്‍ഡുപ് ഖാംഗ്സാര്‍ ലോഡ്ജില്‍ കയറി. കടയുടമ ഒരു സ്ത്രീയാണ്, പാസന്‍. അവിടെ ഒരു പ്രായം ചെന്ന മനുഷ്യന്‍ തീ കായുന്നുണ്ടായിരുന്നു.ചുളുങ്ങിയ തൊലിയുള്ള  ഒരു  വൃദ്ധന്‍ . മേജര്‍ ഭൂട്ടിയ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെങ്കിലും മിലിട്ടറിയില്‍ കരാര്‍ പണിയിലോ ക്യാന്‍റീന്‍ സ്റ്റാഫായോ ജോലി ചെയ്തിട്ടുണ്ടാവും എന്നേ ചിന്തിക്കാന്‍ കഴിയൂ. ഇംഗ്ലീഷ് സംസാരിക്കുന്നില്ല എന്നു മാത്രമല്ല ജോലിസ്ഥലത്തെക്കുറിച്ചോ സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉള്ള ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി  പറയാനോ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പിറകില്‍ നദിയൊഴുകുന്ന കളകള ശബ്ദം. അവിടവിടെ ചില പട്ടാളക്കാര്‍. കുറച്ചുമാറി പട്ടാളക്യാമ്പ്. അപൂര്‍വ്വമായി വരുന്ന വാഹനങ്ങളുടെ ശബ്ദം ദൂരെനിന്ന്   അടുത്തേക്ക് വരുന്നതിന്‍റെ ഒരു റിഥം. കാറ്റിന്‍റെ തണുത്ത ഹുങ്കാരം. അങ്ങിനെ ഒട്ടു പരിചിതമല്ലാത്ത കാലാവസ്ഥയും ജനതയും. പാസന്‍റെ കടയില്‍ നിന്നും ചായ കുടിച്ചു.മാഗി,ഓംലറ്റ്,ചായ ,കാപ്പി എന്നിങ്ങനെ കുറഞ്ഞ ചോയ്സുകളെ ആ ചെറിയ തടി പീടികയിലുണ്ടായിരുന്നുള്ളു.ഞങ്ങളും കുറേ സമയം ചൂളയ്ക്കടുത്തിരുന്ന് ചൂട് കൊണ്ടു. ടോയ്ലറ്റില്‍ പോകേണ്ടവര്‍ അതും നിര്‍വ്വഹിച്ചു. സിക്കിമില്‍ മിക്കയിടത്തും ടോയ്ലറ്റുകള്‍ അരുവിയിലേക്ക് തുറക്കുന്നു എന്നത് പരിസ്ഥിതിയോട് കാട്ടുന്ന ഒരനീതിയാണ് എന്ന് പറയാതെ വയ്യ. ഇവിടെയും സംവിധാനം മറിച്ചല്ല.
ദേവദാരുവിന്‍റെ ചെറിയ തണ്ടുകള്‍ മുറിച്ചത്  കവറിലാക്കി വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു. തീ കായാനാകും.ജനുവരി-ഫെബ്രുവരി കാലത്ത് താംഗുവില് അഞ്ചടി വരെ മഞ്ഞുമൂടുമെന്ന് ഭൂട്ടിയ പറഞ്ഞു.സീസണ്‍ കഴിഞ്ഞാല്‍ പട്ടാളക്കാരൊഴികെ ബാക്കിയെല്ലാവരും നാടിറങ്ങും. വീണ്ടും സീസണിലില്‍ തിരികെ വരും.ഭൂട്ടിയയുടെ കഥകളൊക്കെ കേട്ടിരുന്നാല്‍ സമയം നഷ്ടമാകും എന്ന് ലാംഗ്ഡോ മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹിമാലയന്‍ കാവല്‍റിയും കടന്ന് ഗുരു ദോംഗ്മാറിലേക്ക്. 17,000 അടി ഉയരത്തിലുള്ള തടാകമാണ് ഗുരു ദോംഗ് മാര്‍. മനോഹരമായ നീല ജലാശയം. ഇതില്‍ പകുതിയോളം ഐസായി മാറിയിട്ടുണ്ട്. എന്നാല്‍ സുതാര്യമാണ് താനും. താഴെയുള്ള കല്ലുകള്‍ പോലും കാണാം. മഞ്ഞുകട്ടകള്‍ വലിച്ചെറിഞ്ഞാല്‍ ജലത്തിന് മുകളിലൂടെ തെന്നിതെന്നി പോകുന്ന മനോഹര കാഴ്ച. ഖചോട് പാല്‍റി, ചോ ലാമോ, മെന്‍ മോയ് സോ എന്നീ തടാകങ്ങളും ദോഗ്മാറിനെപ്പോലെ മനോഹരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും വലിയ ഉയരത്തിലെത്തുമ്പോള്‍ പെട്ടെന്ന് ഇറങ്ങി നടക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.  ഓക്സിജന്‍ കുറവാണ് എന്നതും ബാലന്‍സിംഗിലുള്ള പ്രശ്നങ്ങളുമാണ് കാരണം. ഡസ്റ്റിനേഷനിലെത്തി കുറച്ച് വിശ്രമിച്ചശേഷം ഇറങ്ങി വേഗം കുറച്ച് നടക്കുന്നതാണ് ഉചിതം.
ഗുരു പത്മസംഭവ അഥവാ റിംഗ് പോച്ചെ അതിര്‍ത്തി കടന്ന് എത്തിയ  ഇടമാണ് ഗുരുദോംഗ്മാര്‍. അദ്ദേഹം സ്ഥാപിച്ച ഒരു ക്ഷേത്രവും ഇവിടുണ്ട്. തിബറ്റില്‍ മഹായാന പ്രസ്ഥാനം തുടങ്ങിയ ഗുരുവാണ് റിംപോച്ചെ. സിക്കിമിലേക്കുള്ള ഉത്തരവാതായനം എന്ന് വിശേഷിപ്പിക്കാം ഈ ഇടത്തെ. ഗുരുദോംഗ്മാറിന് മുകളിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. അത് പട്ടാളമേഖലയാണ്. ആശയും(മകള്‍) കൂട്ടരും അവരുടെ ഭാരതപര്യടനത്തിന്‍റെ ഭാഗമായി 23,000 അടി വരെ പട്ടാളക്കാര്‍ക്കൊപ്പം യാത്രതുടര്‍ന്നതും  ഛര്‍ദ്ദിച്ച് അവശതയനുഭവിച്ചതുമൊക്കെ പറഞ്ഞുകേട്ടുള്ള അറിവുകളായിരുന്നു. അവര്‍ പോയ ഇടത്തേക്ക് കുറച്ചു സമയം നോക്കിനിന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്ര മനോഹരമായ ഒരു നിശ്ചല ദൃശ്യം കണ്ടിട്ടില്ല.നോക്കെത്താ ദൂരം തിബറ്റന്‍ പീഠഭൂമിയാണ്. യാക്കുകള്‍ മേയുന്നിടം.അവിടെ ഭൂമിയും ആകാശവും ചേരുന്ന മനോഹരമായ കാഴ്ചയ്ക്കൊപ്പമാണ് കടുംനീലയിലുള്ള ഈ നിശ്ചല തടാകം. ഒരുപക്ഷെ മെഡിറ്റേറ്റ് ചെയ്യാനായി ഇരുന്നാല്‍ പിന്നീട് എങ്ങോട്ടേക്കും പോകേണ്ട എന്നു തോന്നിയേക്കാം. ജീവിതത്തിന്‍റെ ഓട്ടം വെറും വ്യര്‍ത്ഥമാണ് എന്ന് ഒരു നിമിഷം നമുളില്‍ തോന്നല്‍ ജനിപ്പിക്കാന്‍ ഇത്തരം ഇടങ്ങള്‍ക്ക് കഴിയും. വടക്കന്‍ സിക്കിമില്‍ പോകുന്ന ഏതൊരാളും ഒരുമാസം ആരുമറിയാതെ, ലോകത്ത് നടക്കുന്ന തമാശകള്‍ കേട്ടറിയാതെ ഇവിടെ തങ്ങിയാലെന്താ എന്നു ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. വാക്കുകള്‍ക്ക് കോറിയിടാന്‍ കഴിയാത്ത ചില അനുഭവസാക്ഷ്യങ്ങളുണ്ട്. അതിലൊന്നിന് സാക്ഷ്യം വഹിച്ച് അങ്ങിനെ നിന്നുപോയി, എത്രയോ സമയം.
മടങ്ങും വഴി ഒരു മറച്ചുകെട്ടിയ താത്ക്കാലിക ഷെഡില്‍ നിന്നും ലാംഗ്ഡു ഡീസല്‍ വാങ്ങി വണ്ടിയില്‍ ഒഴിച്ചു. ഈ ഡീസല്‍ എവിടെനിന്നും വരുന്നു എന്നറിയില്ല. ഏതായാലും നിയമപരമല്ല എന്നു തോന്നുന്നു.മൂന്നുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ മടങ്ങിയെത്തി  ഭക്ഷണം കഴിച്ചു. അവിടെ നിന്നും ലാച്ചുംഗിലേക്ക് പുറപ്പെട്ടു.യാത്രയുടെ ഓരോ നിമിഷവും പകര്‍ത്തേണ്ടതാണെന്നു തോന്നുന്ന കാഴ്ചകള്‍. രാത്രിയോടെ ഞങ്ങള്‍ ലാച്ചുംഗിലെത്തി. മോഡേണ്‍ ഹോസ്പ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ മോഡേണ്‍ റസിഡന്‍സി താഗ്സിംഗ് റിട്രീറ്റില്‍  മുറിയെടുത്തു.(www.modern-hospitality.com/ M-9474355433)  ലാച്ചുംഗ് ഹോട്ടലിയേഴ്സ് ആന്‍റ് ലോഡ്ജേഴ്സ് ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നല്ല മനോഹരമായ ഹോട്ടല്‍.തിബറ്റന്‍ ആശ്രമത്തിന്‍റെ രൂപവും അലങ്കാരങ്ങളും. ഒരു ഹോട്ടലാണ് എന്ന് തോന്നുകയില്ല. സസ്യഭക്ഷണമാണ് തയ്യാറാക്കുക. നിറയെ ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട് ഇവിടെ. സിക്കിമിലെ മിക്ക വീടുകളിലും ചെടികളുടെ സമൃദ്ധി കാണാം. പ്രധാനമായും ലൂപ്പിനുകളാണ്. ഇവ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മനോഹരമായ പൂക്കള്‍ നല്‍കും. രാത്രിയില്‍ പേടിയോടെയാണെങ്കിലും അവിടത്തെ പ്രാദേശിക മദ്യം വാങ്ങി കഴിച്ചു. ദോല്‍മാ ബാര്‍ ആന്‍റ് ഫാസ്റ്റ് ഫുഡ് എന്ന് കേട്ടാല്‍ ഗംഭീര ഹോട്ടല്‍ എന്നൊന്നും കരുതണ്ട. വീടിന് മുന്നിലെ വലത് വശത്തെ മുറിയാണിത്.അവിടെ നിന്നും  തോങ്ബാ എന്നും ചാംഗ് എന്നും വിളിപ്പേരുള്ള തിന വാറ്റ് വാങ്ങി.അത് വില്‍ക്കുന്ന കടയുടമയായ സ്ത്രീ ഡിഗ്രി ബിരുദമുള്ളവളാണ്. വിവാഹം കഴിഞ്ഞ് ഇവിടെ എത്തിയതുകൊണ്ടാണ് ഇങ്ങനെയായത്, ഇല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികിട്ടുമായിരുന്നു എന്നു പറഞ്ഞു. പക്ഷെ അവര്‍ സംതൃപ്തയാണ്.രണ്ട് കുട്ടികളുണ്ട്. നന്നായി പഠിപ്പിക്കണം. അതിനാണ് തൊഴിലെടുക്കുന്നത്. ഭര്‍ത്താവ് മദ്യം കഴിച്ചും കസ്റ്റമേഴ്സിനോട് സംസാരിച്ചും രസിച്ചിരിക്കുന്നുണ്ടായിരുന്നു. ഹോട്ടില്‍ തീകാഞ്ഞും മദ്യപിച്ചും തമാശ പറഞ്ഞും ഞങ്ങള്‍ സമയം കഴിച്ചു. വെള്ളമൊഴിച്ച് പുളിപ്പിച്ച തിനയിലേക്ക് ചൂട് വെള്ളമെഴിച്ച് ഇളക്കും. അതിന് ശേഷം മുളംതണ്ട് സ്ട്രാ ഉപയോഗിച്ചാണ് മദ്യം കുടിക്കുക. വലിയ മുളംകുഴലിലാണ് മദ്യം നല്‍കുന്നതും. സ്ട്രായുടെ മുളംകുഴലിലാര്‍ത്തുന്ന ഭാഗം തിനകടക്കാത്തവിധം സൂക്ഷ്മമായ ദ്വാരമുള്ളതും ചുണ്ടോട് ചേര്‍ക്കുന്നിടം തുറന്നുമാണിരിക്കുക. രസകരമായ ഒരനുഭവമായിരുന്നു അത്. ഇനി സീറോ പോയിന്‍റിലേക്ക്. അവിടെ എത്താന്‍ കഴിയുമോ എന്നറിയില്ല. പ്രമോദ് ചോദിച്ചു, സീറോ പോയിന്‍റിലേക്ക് പോകണമോ അതോ പടിഞ്ഞാറന്‍ സിക്കിമിലെ  പെല്ലിംഗിലേക്ക് പോകണമോ? ചോദ്യം വന്നാല്‍ വ്യത്യസ്ത അഭിപ്രായവുമുണ്ടാകും. രാവിലത്തെ മലകയറ്റത്തില്‍ കിടുങ്ങിയവര്‍ക്ക് സീറോ പോയിന്‍റ് വേണ്ട എന്ന അഭിപ്രായമായിരുന്നു. പിന്നീട് പെല്ലിംഗിലേക്കുള്ള ദൂരം, തിരികെ ഗാഗ്ടോക്കിലേക്കുള്ള വരവ്, ഇങ്ങനെ പലതും ചര്‍ച്ചയില്‍ വന്നു, ഒടുവില്‍ സീറോ പോയിന്‍റ് എന്നുറപ്പിച്ചാണ്  ഉറങ്ങാന്‍ കിടന്നത്.  

തകര്‍ന്നുകിടക്കുന്ന വഴി

യാത്രാ വഴി

മഞ്ഞിന്‍റെ വരവറിയിക്കുന്ന മലകള്‍

യാക്കുകള്‍ മേയുന്ന പീഠഭൂമി

ഗുരു ദോംഗ്മാറിലെ ക്ഷേത്രം

തടാകക്കാഴ്ച

തണുത്തുറഞ്ഞ തടാകം

തടാകത്തിലെ ഉരുളന്‍ കല്ലുകള്‍

നദിയുടെ ഒരു കാഴ്ച

ലാച്ചുംഗ്

നദിക്കാഴ്ച

തോങ്ബാ എന്ന നാടന്‍ മദ്യം

തോംങ്ബായുടെ ലഹരി

Wednesday, 21 March 2018

Sikkim trip - Chapter -6

ഗാംഗ്ടോക്കിലെ കേന്ദ്രസര്‍ക്കാര്‍ ഹോളിഡേ ഹോം

ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിആറാം ഭാഗം
2017 നവംബര്‍ 13
            പ്രഭാതത്തിലെ കാഴ്ചകള്‍ ഒരിക്കല്‍കൂടി ആസ്വദിച്ച് ഗാംഗ്ടോക്കിന് വിട നല്‍കി ഇറങ്ങി. ഗസ്റ്റ് ഹൌസിലെ ജീവനക്കാര്‍ ബംഗാളികളാണ്. കരാറില്‍  ഹൌസ് കീപ്പിംഗ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് എല്ലാവരും. മാനേജര്‍ പയ്യന് ശമ്പളം 8000 രൂപ, മറ്റ് ജോലിക്കാര്ക്ക് 4000-4500 മാത്രം. ഹയര്‍ സെക്കണ്ടറി വരെ പഠിച്ചവരാണ്.പാവം കുട്ടികള്‍. അവര്‍ക്ക് മാന്യമായ ഒരു ടിപ്പ് നല്‍കി വീണ്ടും കാണാം എന്ന ഭംഗി വാക്കും പറഞ്ഞ് ഇറങ്ങി. ഇനി ,അധികമാരും പോകാത്ത വടക്കന്‍ സിക്കിമിലേക്കാണ് യാത്ര.  വഴി മോശമാണ് എന്നത് മാത്രമല്ല, വഴി തടസപ്പെടാനുള്ള സാധ്യതകളും കണക്കിലെടുത്ത് സാഹസിക സഞ്ചാരികള്‍  മാത്രമെ ആ വഴിക്ക് പോകാറുള്ളു. അത്തരമൊരു യാത്രയ്ക്കായി മുന്നിട്ടിറങ്ങിയതാണ് എന്നതിനാല്‍  നാഥുല പാസ് യാത്രയേക്കാള്‍ ഞങ്ങളില്‍ നിറഞ്ഞുനിന്നത് സീറോ പോയിന്‍റും ഗുരു ദോംഗ്മാര്‍ തടാകവുമൊക്കെയായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ പ്രതിരോധ വകുപ്പിന്‍റെ അനുമതി വേണ്ട, കാരണം ഒരാള്‍ക്കും അതിര്‍ത്തിയില്‍ എത്താന്‍ കഴിയില്ലെന്ന് സൈന്യത്തിന് നല്ല ഉറപ്പുണ്ട്. എന്നാല്‍ പോലീസിന്‍റെ അനുമതി ആവശ്യമാണ്. ഉത്തര സിക്കിമിലേക്ക് പോയവര്‍ തിരികെയെത്തി എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നു. വഴിയില്‍ പോലീസ് ചെക്ക്പോസ്റ്റുകളില്‍ ഗാംഗ്ടോക്ക് പോലീസ് സൂപ്രണ്ട് നല്‍കിയ അനുമതി രേഖയുടെ ഓരോ പകര്‍പ്പ് നല്‍കണം. മടങ്ങി വരുമ്പോള്‍ രേഖപ്പെടുത്തി അവ തിരികെ വാങ്ങുകയും വേണം. ദുര്‍ബ്ബലമായ മലയുടെ അടരുകള്‍ വീണ് പലയിടവും പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. റോഡ് പണിയാണ് ഉത്തര സിക്കിമിലെ പ്രധാന ജോലിയെന്നു തോന്നും. ഹിമാലയത്തിന്‍റെ ദക്ഷിണഭാഗമായ ഹിമാചലിലെ ബര്‍മോര്‍ പോലുള്ള ഇടങ്ങളിലും ഇതുതന്നെയാണ് സ്ഥതി. ഒറ്റ വണ്ടിക്ക് മാത്രം പോകാവുന്ന ഇടങ്ങള്‍, താത്ക്കാലിക പാലങ്ങള്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പുതിയ പാലങ്ങള്‍ അങ്ങിനെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍.
ഗ്രാമങ്ങളിലെ മനുഷ്യര്‍ പൊതുവെ നിശബ്ദരാണ്. എപ്പോഴും ധ്യാനത്തിലാണോ എന്ന് തോന്നിപ്പോകും. വഴികളിലെവിടെയും ഫ്ലാസ്കില്‍ നിറച്ച ചൂട്ചായയും പുഴുങ്ങിയ മുട്ടയും മോമോയും പ്ലാസ്റ്റിക് കവറിലെ ഭക്ഷ്യോത്പ്പന്നങ്ങളുമായി കുഞ്ഞുകടകള്‍. മിക്കതും സ്ത്രീകളാണ് നടത്തുന്നത്. അമൂലിന്‍റെ ടെട്രാപാക്കിലുള്ള പാലാണ് ചായയ്ക്ക് ഉപയോഗിക്കുന്നത്. പശുക്കളും ആടുകളും നന്നെ കുറവ്. കോഴികളും പട്ടിയും പൂച്ചയും ധാരാളം.കേരളത്തിലെ 50-60 വര്‍ഷം മുന്‍പുള്ള ഗ്രാമങ്ങളിലെ കാഴ്ചകളെ ഓര്‍മ്മപ്പെടുത്തുന്നു ഇവിടം. സിമന്‍റ് മതിലുകളും അതിര്‍ത്തികളുമില്ലാത്ത ഗ്രാമവീടുകള്‍. കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാവാം പട്ടികള്‍ക്കും പൂച്ചകള്‍ക്കും ശരീരം നിറഞ്ഞ് രോമങ്ങളുള്ളത്.
കബി ഔട്ട്പോസ്റ്റും ഫെന്‍സോംഗും കടന്ന് ഞങ്ങള്‍ സെവന്‍ വാട്ടര്‍ഫാളിലെത്തി. വളരെ ഉയരത്തില്‍ നിന്നും പാല്‍പോലെ ഒഴുകി വരുന്ന തണുത്ത ജലം ഏഴ് തട്ടുകളിലൂടെ കടന്നാണ് താഴെ പതിക്കുന്നത്. കാഴ്ചയ്ക്കായി ഒരു വ്യൂ പോയിന്‍റും മറ്റും വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ കുറവ് കാരണമാകാം മെയിന്‍റനന്‍സ് നടത്താതെ നശിച്ചുകിടക്കുകയാണ്. വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഒരു വിവരണമോ ഒന്നും തന്നെ അവിടെയില്ല. രണ്ട് ചെറിയ ചായക്കടകള്‍ മാത്രം .അവിടെ പരമ്പരാഗത വേഷത്തില്‍ ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. അത് കച്ചവടക്കാര്‍ക്ക് ഒരു ചെറിയ വരുമാന മാര്‍ഗ്ഗമാണ്.  വകുപ്പിലെ ജീവനക്കാരോ പ്രവേശന ടിക്കറ്റോ ഒന്നുംതന്നെ അവിടെയില്ലതാനും.
അവിടെ നിന്നും തുടര്‍യാത്ര നാമോക്കിലേക്ക്. പിന്നെ രംഗ്രംഗ് ഔട്ട്പോസ്റ്റില്‍ .സുതാംഗിലെ പൊട്ടിയ റോഡ് വളരെ ദയനീയാവസ്ഥയിലാണ്.മൊട്ടയായ ടയര്‍ ഇടയ്ക്കിടെ മനസില്‍ വന്നുപോകുമെങ്കിലും ആരും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഓരോ ഉലച്ചിലും ഒരുഭീതി കോരിയിടുന്നുണ്ടായിരുന്നു എന്ന് തിരികെ എത്തിയശേഷം പരസ്പരം പറഞ്ഞു എന്നുമാത്രം. മ്യൂസിസ് പാലവും കടന്ന് അത് നീളുന്നത് നാഗാ വെള്ളച്ചാട്ടത്തിലേക്ക്. മനോഹരം എന്ന ഒറ്റ വാക്കില്‍ ഒതുക്കാന്‍ കഴിയാത്ത ജലസമൃദ്ധി. അവിടെയിറങ്ങി കൈയ്യുംമുഖവും കഴുകി. ഹിമാചലിലെ മഞ്ഞിന്‍റെ രുചിയും തണുപ്പും അറിഞ്ഞു. പിന്നീട് മിക്ക വളവുകളിലും വെള്ളച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. തൂങ് പോലീസ് ഔട്ട്പോസ്റ്റ് കഴിഞ്ഞ് വീണ്ടും മുന്നോട്ട്. തീസ്തയെ തടഞ്ഞുനിര്‍ത്തി ചുങ്താംഗില്‍ ഡാം കെട്ടിയിരിക്കുന്നു. നല്ല പച്ച നിറമാണ് വെള്ളത്തിന്. ഒരു വശം ഇടിഞ്ഞുവീഴാവുന്ന പാറകളും മറുവശം താഴെ തീസ്തയും ഒപ്പം സഞ്ചരിക്കുകയായിരുന്നു. തണുപ്പിന്‍റെ ലോകത്ത് മദ്യക്കടകള്‍ സുലഭം.ചുംഗ്താംഗില്‍ തന്നെ മൂന്ന് മദ്യക്കടകള്‍. എല്ലാം ചെറിയ ഒറ്റമുറികടകള്‍. സ്ത്രീകളാണ് കച്ചവടക്കാര്‍.നല്ല പഹാഡി സുന്ദരികള്‍. ഞങ്ങള്‍ മധുരമുള്ളതും വീര്യം കുറഞ്ഞതുമായ മദ്യം വാങ്ങി കഴിച്ചു. അത് സാധാരണയായി സ്ത്രീകള്‍ കഴിക്കുന്ന മദ്യമാണ്. ലാംഗ്ഡു, യതാനിയിലെ ഒരു കടയില്‍ നിന്നും കോഴിയെ വാങ്ങി. നമ്മുടെ ഹോട്ടലുടമ വിളിച്ചു പറഞ്ഞിരുന്നു ചിക്കന്‍ വാങ്ങാന്‍. നിങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്, അയാള്‍ പറഞ്ഞു. കോഴി ഇറച്ചി വണ്ടിയുടെ കാരിയറില്‍ ബാഗേജിനൊപ്പം വച്ചു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഫ്രീസറില്‍ അത് കേടാകാതെ ഇരുന്നു.
കാലെപ്പും താങ്ങ് വാലിയും കടന്ന് വൈകുന്നേരത്തോടെ ലാച്ചനിലെത്തി. ഒരു ചെറു ഗ്രാമമാണ് ലാച്ചന്‍. ഒച്ചയും ബഹളവുമൊന്നുമില്ലാത്ത ഒരിടം. അവിടെ സോംസാ ലാച്ചന്‍ എന്ന ചെറിയ ഹോംസ്റ്റേയില്‍ താമസമായി.(മൊബൈല്‍-- 8670813572/9474531568) രാത്രിയില്‍ ചിക്കനും കൂട്ടി ചപ്പാത്തിയും ചോറും കഴിച്ചു. പരിപ്പുകറിയും മിക്സ് വെജിറ്റബിളുമുണ്ടായിരുന്നു. നല്ല ചൂടും രുചിയുമുള്ള ഭക്ഷണം.മലയാളിയുടെ നാവിന് ഇഷ്ടം തോന്നുന്ന എരിവും മസാലയും തന്നെയാണ് സിക്കിമില്‍ എവിടെയും.തണുപ്പിനെ പ്രിതിരോധിക്കാനുള്ള രജായി മൂടി വേഗം ഉറക്കമായി. (ഫോട്ടോ - വി.ആര്‍.പ്രമോദ് )

വടക്കന്‍ സിക്കിമിലേക്കുള്ള പ്രവേശന പാലം

സെവന്‍ വാട്ടര്‍ഫാള്‍സ്

തീസ്ത

നാഗാ വെള്ളച്ചാട്ടം

ചുംഗ്താംഗ് ഡാം

മഞ്ഞുമൂടുന്ന മലകള്‍

റോഡും തീസ്തയും ഒപ്പത്തിനൊപ്പം

Tuesday, 20 March 2018

Sikkim trip -5

നാഥുല പാസിലേക്കുള്ള വഴി

തേഗു

ഹര്‍ബജന്‍ കുടീരം
 സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഅഞ്ചാം ഭാഗം
ഫോട്ടോ പ്രമോദ്.വി.ആര്‍
2017 നവംബര്‍ 12
 രാവിലെ ഒന്‍പതിന് നാഥുല പാസിലേക്ക് യാത്ര പുറപ്പെട്ടു.തലേദിവസം സെക്യൂരിറ്റി ക്ലിയറന്‍സെല്ലാം പ്രമോദും ലാംഗ്ഡോയും ചേര്‍ന്ന് ശരിയാക്കിയിരുന്നു.ബുധന്‍ മുതല്‍ ഞായര്‍ വരെയാണ് അവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. തലേദിവസം തന്നെ വാഹന വിവരവും യാത്ര ചെയ്യുന്നവരുടെ ഐഡന്‍റിറ്റി കാര്‍ഡ് കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം.200 രൂപയാണ് ഫീസ്. രജിസ്റ്റര് ചെയ്ത ട്രാവല്‍ ഏജന്‍സി കാറുകളെ അനുവദിക്കുകയുള്ളു.എല്ലാം നേരത്തെ ശരിയാക്കിയെങ്കിലും ഒരു കെണി പറ്റി. ഹനുമാന്‍ ടോക്കിനടുത്തുള്ള സെക്യൂരിറ്റി പോയിന്‍റില്‍ വാഹനമെത്തിയപ്പോള്‍ ഐസ് കോരിനീക്കാനുള്ള കോരികയില്ല എന്ന ന്യായം പറഞ്ഞ് സിക്കിം പോലീസുകാരന്‍ വണ്ടി തിരിച്ചുവിട്ടു. യാത്ര മുടങ്ങി എന്നുതന്നെ കരുതിയതാണ്. കൈക്കൂലിയാണോ ലക്ഷ്യമെന്നറിയില്ല. ബെല്‍ച്ചോ എന്നാണ് കോരികയ്ക്ക് സിക്കിം ഭാഷയില്‍ പറയുക. ലാംഗ്ഡോ കുറേ അന്വേഷിച്ചു. ഒരിടത്തും സാധനമില്ല. ഒടുവില്‍ ഒരു വീട്ടില്‍ നിന്നും ബെല്‍ച്ചോ സംഘടിപ്പിച്ചു. സെക്യൂരിറ്റി ക്ലിയറന്‍സിനായി തിരികെ എത്തുമ്പോള്‍ അവിടെ പഴയ പോലീസുകാരന് പകരം മറ്റൊരാള്‍. അയാള്‍ ബല്‍ച്ചോയുണ്ടോ എന്നന്വേഷിച്ചതേയില്ല എന്നതാണ് വിചിത്രം.
10,400 അടി ഉയരമുള്ള കിയോ നോഗ്സുലയിലെത്തിയ ഞങ്ങള്‍ക്ക് ബലം കുറഞ്ഞ മണ്ണും പാറയും ഇടിഞ്ഞു വീഴുന്ന മലകള്‍ കണ്ടുള്ള യാത്ര ഒരു പ്രത്യേകാനുഭവമായിരുന്നു.പതിനാലാം മൈല്‍ ജെ.എന്‍.റോഡിലെ മാന്‍സുന്‍ വിസിറ്റേഴ്സ് കഫെയില്‍ നിന്നും ചായ കുടിച്ചു.തിരികെ വരുമ്പോള്‍ കഴിക്കാന്‍ ഉച്ചഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഭക്ഷണം കിട്ടില്ല. ചോറും മുട്ടക്കറിയും. നല്ല വൃത്തിയുള്ള കഫെ.(pemalama@gmail.com, M-9434410326) അവിടെനിന്നും 1500 രൂപയ്ക്ക് ഒരു ഓവര്‍കോട്ടും 300 രൂപയ്ക്ക് കൈയ്യുറയും വാങ്ങി. മഞ്ഞിന്‍റെ പേരുപറഞ്ഞ് സിക്കിം പോലീസുകാരന്‍ നേരത്തെ പേടിപ്പിച്ചതിനാലാണ് ഇതൊക്കെ വാങ്ങിയത്. തീരെ മരങ്ങളില്ലാത്ത ആ ഉയരത്തിലും ഒരാല് തല ഉയര്‍ത്തി നില്ക്കുന്നു. സിമന്‍റ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ പോലും സ്ഥാനമുറപ്പിക്കാന്‍ കഴിയുന്ന ആലിന് ഇത് വല്ലതും പ്രയാസമുള്ള കാര്യമാണോ എന്നും ഓര്‍ത്തു.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്ന പേര് സാര്‍ത്ഥകമാക്കുന്ന കാഴ്ചകളാണ് എവിടെയും. സബ് ട്രോപ്പിക്കല്‍ വനങ്ങളും ടെമ്പറേറ്റ് ഇടങ്ങളും നനഞ്ഞു വരണ്ട ആല്‍പ്പൈന്‍ കാലാവസ്ഥയും കടന്ന് ഒടുവില്‍ സസ്യങ്ങളില്ലാത്ത തണുത്ത തുണ്ട്ര പ്രദേശത്തെത്തുന്നു. വഴിയില്‍ റോഡോ ഡെന്‍ഡ്ഡരണ്‍ ഉള്പ്പെടെ പരിചിതമല്ലാത്ത ചെടികള്‍. ഒറ്റപ്പെട്ട് ചില പക്ഷികള്‍. ജീവിക്കാന്‍ അനുയോജ്യമല്ലാത്ത ഇടം എന്ന് ജീവജാലങ്ങള്‍ മനസിലാക്കുന്ന ഇടത്തേക്കാണ് യാത്ര. പട്ടാളവും നാടോടികളായ ഡോക്പാസ്സും മാത്രമെ ഇവിടെ തണുപ്പുകാലത്ത് ഉണ്ടാവുകയുള്ളു. യാക്കും ചെമ്മരിയാടും പഷ്മിന ആടുകളും അവിടവിടെയായി കാണാം.
സിക്കിമിനെയും തിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയന്‍ പാതയാണ് നാഥുലാ ചുരം. അതിര്‍ത്തി റോഡ് ഓര്ഗനൈസേഷന്‍ നിര്‍മ്മിച്ച നല്ല റോഡാണ് നാഥുലയിലേക്കുള്ളത്. ചരിത്ര പ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാര്‍ഗ്ഗത്തിന്‍റെ ഭാഗമാണിത്. ഗാംഗ്ടോക്കില്‍ നിന്നും 56 കിലോമീറ്റര്‍ മാറിയാണ് നാഥുല. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്നും 4310 മീറ്റര്‍( 14,140 അടി) ഉയരത്തിലാണ് നാഥുല.ശീതകാലത്ത് -25 ഡിഗ്രി വരെയെത്തി ഇവിടം തണുത്തുറയും. ചൂടുകാലത്ത് 15 ഡിഗ്രിവരെ മാത്രമെ ചൂടുണ്ടാവൂ. തിബറ്റിലെ ലാസയിലേക്ക് ഇവിടന്നുള്ള ദൂരം 550 കിലോമീറ്ററാണ്. കൈലാസ യാത്രയുടെ ഭാഗമായി നാഥുല കടക്കുന്നത് എളുപ്പമാര്ഗ്ഗമായിരുന്നു. എന്നാല് 2017 ജൂണിലെ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് ചൈന ആ വഴി അടച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ മൂന്ന് തുറന്ന വ്യാപാര പോസ്റ്റുകളാണ് ഉള്ളത്. ഹിമാചലിലെ ഷിപ്കിലയും ഉത്തരാഘണ്ഡിലെ ലിഫുലേഖുമാണ് മറ്റ് രണ്ടിടങ്ങള്‍. നാഥുല 1962 ല്‍ യുദ്ധത്തെ തുടര്‍ന്ന് അടയ്ക്കുകയും 2006ല്‍ ഭാഗികമായി തുറക്കുകയുമാണ് ചെയ്തത്.സാധാരണയായി വ്യാപാരം നടക്കുന്ന സമയം ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയാണ്. അതും തിങ്കള്‍ മുതല്‍ വ്യാഴം വരെ. കച്ചവടക്കാരുടെ എക്സൈസ് കസ്റ്റംസ് പരിശോധന നടക്കുന്ന ഇടമാണ് ഷെറാതാംഗ്. ചൈനയിലും നാഥുലയ്ക്കപ്പുറം ഒരു പരിശോധന കേന്ദ്രമുണ്ട്, റിന്‍ക്വിന്‍ഗാംഗ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍റര്‍നെറ്റ് കഫെ ഷെറാതാംഗിലാണുള്ളത്.ഇവിടം സമുദ്രനിരപ്പില്‍ നിന്നും 13,500 അടി ഉയരത്തിലാണ്.  ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള എടിഎമ്മും നാഥുലയിലാണ്. തെഗുവിലെ യുടിഐ ബാങ്ക് എടിഎം നില്‍ക്കുന്നത് 13,200 അടി ഉയരത്തിലാണ്. ലേയിലെ എസ്ബിഐ എടിഎമ്മിന്‍റെ  ഉയരം 11,500 അടി മാത്രമാണ് എന്നോര്‍ക്കുക.
ലാസ മുതല്‍ ബംഗാള്‍ വരെ 563 കിലോമീറ്ററാണ് സില്‍ക്ക് പാത. 1815 ല്‍ സിക്കിമും നേപ്പാളും ഭൂട്ടാനും ബ്രിട്ടന്‍ അധീനപ്പെടുത്തിയതോടെ ഈ ഭാഗത്തുകൂടിയുള്ള വ്യാപാരം മെച്ചപ്പെട്ടു. 1894 ല്‍ സിക്കിമും തിബറ്റും വ്യാപാരക്കരാര്‍ ഒപ്പിട്ടു. 1903-4 ല്‍  റഷ്യയെ പ്രതിരോധിക്കാന്‍ ബ്രട്ടീഷുകാര്‍ തിബറ്റിലെത്തിയതും നാഥുല വഴിയായിരുന്നു.1947 ല്‍ സിക്കിം ഇന്ത്യയ്ക്കൊപ്പം ചേരാന്‍ വിസമ്മതിച്ചെങ്കിലും ഇന്ത്യ അവര്‍ക്ക് പ്രത്യേക പദവി നല്‍കി ഇന്ത്യന്‍ പട്ടാളത്തെ രാജ്യ സംരക്ഷണത്തിന് അതിര്‍ത്തിയില്‍  നിയോഗിച്ചു. ഈ കാലത്ത് 1000 കോവര് കഴുതകളുമായി 700 വ്യാപാരികള്‍ കച്ചവടം നടത്തി വന്നിരുന്നു. 1949ലാണ് സിക്കിമിലുണ്ടായിരുന്ന ചൈനക്കാരെ രാജ്യം പുറത്താക്കിയത്. അധികം കഴിയും മുന്‍പ് 1950ല്‍ ചൈന തിബറ്റ് കൈയ്യടക്കി. 1959ല്‍ ചൈനയെ പ്രതിരോധിച്ച് പരാജയപ്പെട്ട തിബറ്റന്‍ അഭയാര്ത്ഥികളുടെ വന്‍ ഒഴുക്കുണ്ടായതും നാഥുല വഴിയായിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധം വലുതായി ഈ പ്രദേശത്തെ ബാധിച്ചില്ല , എന്നാല്‍  1967 സെപ്തംബര്‍ 7 മുതല്‍ 13 വരെയുണ്ടായ  ഏറ്റുമുട്ടലില്‍ അനേകം ജവാന്മാര്‍ വീരമൃത്യു വരിച്ചു.ഇവരുടെ വിവരങ്ങള്‍ അതിര്‍ത്തി ഗേറ്റിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. 1975ലാണ് അനേക നാളത്തെ ചര്‍ച്ചകളുടെ ഒടുവില്‍ സിക്കിം ഇന്ത്യയുടെ ഭാഗമായി തീര്‍ന്നത്.
 പ്രതിരോധ വകുപ്പിന്‍റെ പ്രത്യേക അനുമതിയുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ വാഹനം അതിര്‍ത്തിയിലെ കെട്ടിടം വരെയെത്തി.  കരിയപ്പ ലൌഞ്ചിലൂടെ കയറി അതിര്‍ത്തി വേലിയിലെത്തി. ഓക്സിജന്‍ കുറവുള്ള വായു ആയതിനാല്‍ തിരക്കിട്ട് നടക്കുന്നത് അപകടമാണ്. അനേകം പേര്‍, പ്രായം ചെന്നവര്‍ ഉള്‍പ്പെടെ , പടികയറി വരുന്നുണ്ടായിരുന്നു. അടിസ്ഥാനം മാത്രം കെട്ടിയിരിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി. അവിടെ എതിര്‍വശത്ത് നില്ക്കുന്ന തോക്കുധാരിയായ ചൈനീസ് പട്ടാളക്കാരന്‍ പൊക്കം കുറഞ്ഞ് വെളുത്ത സുന്ദരനാണ്. അയാള്‍ വളരെ സന്തോഷത്തിലാണ്.അതിര്‍ത്തി കാണുന്ന ഇന്ത്യക്കാരുടെ വീഡിയോ അയാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് അതിര്‍ത്തി കാത്ത് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഹിമാചലുകാരന്‍ സുനില്‍ കുമാര്‍, രാജസ്ഥാനിലെ മഹേന്ദ്രസിംഗ് തുടങ്ങിയവരായിരുന്നു. ഐസ് കോരികയ്ക്ക് നിര്‍ബ്ബന്ധിച്ച പോലീസുകാരനെ ഓര്‍ത്ത് ചിരിക്കാനാണ് തോന്നിയത്. ഐസ് പോയിട്ട് മഞ്ഞിന്‍റെ സാധ്യതപോലും എങ്ങുമില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ സാഹചര്യം മാറാം എന്ന് സുനില്‍കുമാര്‍ പറഞ്ഞു. പൂര്‍ണ്ണമായും മഞ്ഞ് മൂടുമ്പോഴും ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടി വരുന്ന പട്ടാളക്കാരെ ഓര്‍ത്തപ്പോള്‍ സങ്കടവും ഒപ്പം അഭിമാനവും തോന്നി. അതിര്‍ത്തികളോടുള്ള ഇഷ്ടമില്ലായ്മയും മനസിലുണ്ടായി. അതിരുകള്‍ ഇല്ലാതാകുന്ന കാലം വെറും സങ്കല്പ്പം മാത്രമാണല്ലൊ എന്നോര്‍ക്കുകയും ചെയ്തു. നാഥുലയ്ക്ക് പുറമെ ജലെപ് ലാ, ചോ ലാ, താങ് ലാ എന്നീ വഴികളും കിഴക്കു ഭാഗത്തുണ്ട്. ദോംകിന, കോംഗ്രലാമു,നബേയു എന്നിവ വടക്കും കംഗല നാംഗ്മ, ചിയ ഭാംജിയാംഗ് എന്നിവ പടിഞ്ഞാറും അതിര്‍ത്തി തുറക്കുന്ന വഴികളാണ്.
അവിടെ നിന്നും മടങ്ങി നതാങ്ങ് താഴ്വരയും തേഗുവും കടന്ന്  ബാബാ ഹര്‍ബജന്‍ കുടീരത്തിലെത്തി . 1946 ആഗസ്റ്റ് 30ന് ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ ഗുജ്റന്‍ വാലയിലെ സഹ്രാന ഗ്രാമത്തിലാണ് ഹര്‍ബജന്‍ ജനിച്ചത്. 1966 ഫെബ്രുവരി 9ന് പഞ്ചാബ് റജിമെന്‍റില്‍ നിയമനം ലഭിച്ചു. 1968ല്‍ കിഴക്കന്‍ സിക്കിമിലെ 23 പഞ്ചാബ് റജിമെന്‍റില്‍ ജോലി നോക്കി വരവെ ഒക്ടോബര്‍ 4 ന് അന്തരിച്ചു. തുക്കു ലെയില്‍ നിന്നും ഡോംഗ്ചുയി ലെയിലേക്ക് കോവര്‍കഴുതകളുടെ കൂട്ടത്തിന് അകമ്പടി പോകുമ്പോള്‍ ഹര്‍ബജന്‍ ഒരു കുത്തൊഴുക്കുള്ള തോട്ടില്‍ വീണു പോവുകയും 2 കിലോമീറ്ററോളം ദൂരം താണ്ടി മരണപ്പെടുകയുമായിരുന്നു. കാലം കടന്നുപോകെ മറ്റൊരു സെപ്പോയിക്ക് ഹര്‍ബജന്‍റെ സ്വപ്ന ദര്‍ശനമുണ്ടാവുകയും തനിക്കൊരു സമാധി വേണം എന്നാവശ്യപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം.ഇപ്പോള്‍ കുടീരം നില്‍ക്കുന്നിടത്തു നിന്നും ഏകദേശം 9 കിലോമീറ്റര്‍ ദൂരെയായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. പിന്നീട് സന്ദര്‍ശകരുടെ സൌകര്യാര്ത്ഥം ഇങ്ങോട്ട് മാറ്റുകയായിരുന്നു. വലിയ ദേശീയ പതാകയും  അതിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്.തുറന്ന ഇടത്ത് കാറ്റ് തട്ടി പതാക പാറിക്കളിക്കുന്നത് മനോഹരകാഴ്ചയാണ്.  ദേശഭക്തി ഗാനങ്ങളും ആലപിക്കുന്നുണ്ടായിരുന്നു.ഇവിടെ പൂജ ചെയ്ത് തിരിച്ചെടുക്കുന്ന ജലം 21 ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ കുടിക്കുന്നയാളിന്‍റെ രോഗം മാറും എന്നൊരന്ധ വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഈ സമയം രോഗിയുടെ ബന്ധുക്കളെല്ലാം സസ്യഭുക്കുകളായിരിക്കണമത്രെ. ധാരാളം പേര്‍ ജലം പൂജ ചെയ്യുന്നതായി കണ്ടു. അവിടെ സിക്കിമിന്‍റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന മൊമന്‍റോകളും വാങ്ങാന്‍ കിട്ടും. എല്ലാവരും ഓര്‍മ്മയ്ക്കായി ഓരോ സാധനങ്ങള്‍ വാങ്ങി. ഞാന്‍ നേപ്പാളികളുടെ പരമ്പരാഗത കത്തിയായ കുഫ്രിയുടെ മാതൃകയുള്ള കീചെയിനാണ് വാങ്ങിയത്. അത് മടക്കയാത്രയില്‍ കൈയ്യില്‍ കൊണ്ടുവന്ന ബാഗിലായിരുന്നു. അത് പോലീസുകാര്‍ വാങ്ങിവച്ചു. ജവാന്‍റെ സ്മാരകത്തില്‍ നിന്നും ഞങ്ങള്‍ സോംഗ്മോ തടാകത്തിലെത്തി. വളരെ മനോഹരമായ തടാകമാണ്. അവിടെ യാക്കുകളുടെ കൂട്ടം. യാക്ക് സവാരി വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിനമാണ്.യാക്കിന്‍റെ മുതുകില്‍ കയറി ചിത്രമെടുക്കാന്‍ അന്‍പത് രൂപയും യാത്രയ്ക്ക് ദൂരപരിധി അനുസരിച്ച് നൂറു രൂപ മുതല്‍ മുകളിലേക്കുമാണ് ഈടാക്കുന്നത്. ഞങ്ങള്‍ കയറിയ യാക്കിന്‍റെ ഉടമ ഗോപി ന്യൂസെ വളരെ സന്തോഷത്തിലായിരുന്നു. ഇന്ന് ടൂറിസ്റ്റുകള്‍ ഏറെയുണ്ട്, ബസിനസ് മോശമല്ല എന്ന് ന്യൂസെ പറയുകയുണ്ടായി.അവിടെ നിന്നും കാഴ്ചകളുടെ പൊലിമയില്‍ ഒരു മടക്കയാത്ര. ആറുമണിക്ക് തിരികെ എത്തി. 
ദേശീയ പതാക 

നതാങ് താഴ്വര

സോംഗ്മോ തടാകം 

സോഗ്മോ തീരത്ത്  യാക്ക് സവാരിയില്‍

Sunday, 18 March 2018

Sikkim trip - 4

എംജി റോഡില്‍ കട നടത്തുന്ന വിനോദിനൊപ്പം

ബന്‍ജാഗ്രയിലെ കാഴ്ച

റൂംടെക് മൊണാസ്ട്രി


സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിനാലാം ഭാഗം
2017 നവംബര്‍ 11
പ്രഭാതത്തില്‍ പടിഞ്ഞാറ് മലയിലെ മഞ്ഞിന് സ്വര്‍ണ്ണത്തിളക്കം. സാവധാനം അത് വെള്ളിയായി മാറി. കിഴക്കു നിന്നുള്ള സൂര്യവെളിച്ചം തട്ടിയാണ് ഈ തിളക്കം. ഇവിടെ പ്രഭാതം വളരെ നേരത്തെയാണ്. അഞ്ചുമണിക്കും ചിലപ്പോള്‍ അതിന് മുന്‍പും സൂര്യനുദിക്കും.ഞങ്ങളുടെ മുറിയില്‍ നിന്നുള്ള കാഴ്ച മനോഹരം.അവിടെ ഫോട്ടോ എടുക്കുവാന്‍ രാവിലെ തന്നെ തിരക്കായി.പുറത്തിറങ്ങി ഒരു ചായ കുടിച്ചു. വളരെ ചെറിയ ഒരു കട. രാവിലെ തന്നെ ബ്രഡ് ഓംലറ്റും മോമോയുമൊക്കെ കഴിച്ച് ജോലിക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ആളുകള്‍. ചായയും മോമോയും വില്‍ക്കുന്ന ഒരു വീട്ടമ്മയെ കണ്ടു. അവര്‍ ഒരു നിശ്ചിത അളവില്‍ ഭക്ഷണവും ചായയും കൊണ്ടുവന്ന് വില്‍ക്കും . നേരം പുലരുംപോഴേക്കും ജോലി കഴിയും. പിന്നീട് വീട്ടിലെത്തി വീട്ടുജോലികളില്‍ വ്യാപൃതയാകും എന്നവര്‍ പറഞ്ഞു. നിശ്ചിത വരുമാനം മാത്രം ആഗ്രഹിക്കുന്ന നിര്‍മ്മലമാനസര്‍. അവര്‍ ഒന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. കാപ്പികുടി കഴിഞ്ഞ് ഗാംഗ്ടോക്ക് കാഴ്ചകളിലേക്ക് എന്നതാണ് തീരുമാനം. മഹാത്മാഗാന്ധി മാര്‍ഗ്ഗിലെ മഹാരാജാ സ്വീറ്റ്സ് ആന്‍റ് സ്നാക്സില്‍ നിന്നും ചപ്പാത്തിയും കടലക്കറിയും കഴിച്ചു. കുറച്ചു സമയം ഇളവെയില്‍ കൊണ്ടു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുണ്ട് തെരുവില്‍ വെയില്‍ കായുന്നതിന്.രാവിലെ ഒന്‍പതിനുതന്നെ കടകള്‍ സജീവം.എത്ര വലിയ ചുമടും മുതുകില്‍ കയറ്റി അതിന്‍റെ കടിഞ്ഞാണ്‍ നെറ്റിയിലൂടെ തൂക്കിയുള്ള പണിക്കാരുടെ യാത്ര കാണാന്‍ കൌതുകകരമാണ്.എംജി മാര്‍ഗ്ഗില്‍ പലചരക്ക് കട നടത്തുന്ന വികാസിനെ പരിചയപ്പെട്ടു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ഒന്‍പത് വരെ കട തുറന്നുവയ്ക്കും . കച്ചവടം മോശമല്ല എന്ന് പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
ആദ്യം ബന്‍ജാഗ്ര വെള്ളച്ചാട്ടത്തിലേക്കാണ് ഞങ്ങള്‍ പോയത്.ബന്‍ജാഗ്ര എന്നാല്‍ കാട്ടിലെ മന്ത്രവാദി ഡോക്ടര്‍ എന്നാണ് അര്‍ത്ഥം. ഇവിടെ ഗുഹയില്‍ താമസിച്ചിരുന്ന കോണാകൃതിയിലുള്ള മുഖവും രോമം നിറഞ്ഞ ശരീരവുമുള്ള മന്ത്രവാദി നല്ല മനസ്സും ഹൃദയവുമുള്ളവരെ തട്ടിക്കൊണ്ടുപോയി മന്ത്രവാദി ഡോക്ടറാക്കി തിരികെ നാട്ടിലെത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന ഇടമാണ് ബന്‍ജാഗ്ര. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഇതിനെ മാറ്റിയത് മുഖ്യമന്ത്രിയായിരുന്ന  പവന്‍ ചാംമ്ലിംഗാണ്. മലയാളിക്ക് അത്ഭുതം തോന്നുന്ന തരം വലിയ വെള്ളച്ചാട്ടമല്ല ഇവിടുള്ളത്. എങ്കിലും ഇവിടെ ഒരു മൈക്രോ ഹൈഡല്‍ പ്രോജക്ടുണ്ട്എന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രോജക്ടുകള്‍ കേരളത്തില്‍ നൂറുകണക്കിന് ഉണ്ടാക്കാന്‍ കഴിയും എന്ന് തോന്നുന്നു.
അവിടെ നിന്നും ഞങ്ങള്‍ റൂം ടെക് മൊണാസ്ട്രിയിലേക്കാണ് പോയത്.ഗാംഗ്ടോക്കില്‍ നിന്നും 24 കിലോമീറ്റര്‍ മാറിയാണ് റൂം ടെക് മൊണാസ്ട്രി അഥവാ ധര്‍മ്മ ചക്ര കേന്ദ്രം.തിബറ്റന്‍ ബുദ്ധിസത്തിലെ കാഗ്യു വിഭാഗത്തിന്‍റെ പതിനാറാമത് തലവനായിരുന്ന ഗ്യാല്‍വ കര്‍മ്മപാ റാംഗ്ജുംഗ് റിഗ്പേ ദേര്‍ജെ 1960ലാണ് ഇത് പണികഴിപ്പിച്ചത്. മഹായാന ബുദ്ധിസം പിന്‍തുടരുന്ന കര്‍മ്മ കാഗ്യു വിഭാഗത്തിന്‍റെ അന്താരാഷ്ട്ര കേന്ദ്രവും നാടുകടത്തപ്പെട്ട ഗ്യാല്‍വ കര്‍മപായുടെ ആസ്ഥാനവുമാണ് ഇത്. ഇവര്‍ക്ക് ലോകമൊട്ടാകെയായി 300 ഉപകേന്ദ്രങ്ങളുണ്ട്. തിബറ്റന്‍ വാസ്തുശില്പ്പ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ കേന്ദ്രം. പതിനൊന്നാം നൂറ്റാണ്ടില്‍ തിബറ്റില്‍ നിര്‍മ്മിച്ച കര്‍മ്മപാമാരുടെ പ്രധാനകേന്ദ്രമായ സുര്‍ഫു ആശ്രമത്തിന്‍റെ മാതൃകയാണ് നിര്‍മ്മാണത്തിന് പിന്‍തുടര്‍ന്നിരിക്കുന്നത്.ബുദ്ധിസത്തില്‍ ഉപരിപഠനം നടത്താന്‍ കഴിയുന്ന കര്‍മ്മശ്രീ നളന്ദ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഹയര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഇവിടെ സ്ഥിതിചെയ്യുന്നു.വാരണാസിയിലെ സമ്പൂര്‍ണ്ണാനന്ദ് സംസ്കൃത സര്‍വ്വകലാശാലയുമായി ഇതിനെ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 10നും ഡിസംബര്‍ 29നുമാണ് ഏറ്റവും പ്രധാനപ്പെട്ട പൂജകളും ആഘോഷങ്ങളും ഇവിടെ അരങ്ങേറുക.നവംബര്‍ 11  ഖാസ് പൂജാ ദിനമായിരുന്നതിനാല്‍ വലിയ തിരക്കായിരുന്നു കേന്ദ്രത്തില്‍
ആത്മീയ ജീവിതം ആരംഭിക്കുന്ന സന്ന്യാസിയും സന്ന്യാസിനിയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചുകൊണ്ടാണ് ജീവിതം ആരംഭിക്കുക.ആശ്രമത്തിനായി ഉപയോഗിക്കുന്ന തടിയുടെ ഇരട്ടി തടി ലഭിക്കുന്നവിധം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക ബുദ്ധമതക്കാരുടെ രീതിയാണ്. വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക,സംരക്ഷിക്കുക,പ്രകൃതിയോട് അടുത്ത് ജീവിക്കുക എന്നിവയാണ് അവരുടെ മന്ത്രങ്ങള്‍.ഊര്‍ജ്ജ ഉപയോഗത്തെപ്പറ്റിയും അത് നിയന്ത്രിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും അവബോധമുണര്‍ത്തുന്ന ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.തണുപ്പുള്ള ഇടങ്ങളില്‍ കെട്ടിടം തെക്ക് ദിശ നോക്കി വേണമെന്നും ചൂടുള്ളിടത്ത് തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഓരോരുത്തരും സ്വന്തം പച്ചക്കറിത്തോട്ടം ഉണ്ടാക്കണമെന്നും സന്ദേശമുണ്ട്. ക്ലാസ് മുറിയും പണിമുറിയും കിഴക്കോട്ട് ദര്‍ശനം വേണം എന്നും പറയുന്നു.  വായുവും ജലവും മണ്ണും മറ്റ് സൌകര്യങ്ങളും തന്ന ഭൂമിയെപ്പോലെയാകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന പതിനേഴാം കര്‍മ്മപായുടെ സന്ദേശവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ജലസംരക്ഷണ സന്ദേശവും ഇവിടെ കാണാം. ജീവികളുടെ രോമവും തുകലും ഉപയോഗിക്കുന്നതും വന്യജീവികളെ ഉപദ്രവിക്കുന്നതും  നിരുത്സാഹപ്പെടുത്തണം, പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കും മുന്‍പ് അതിന്‍റെ നിര്‍മ്മിതിയില്‍  ജീവികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം വായിച്ചും കണ്ടും കേട്ടും ഞങ്ങള്‍ ആശ്രമത്തില്‍ കയറിയിറങ്ങി. ബുദ്ധക്ഷേത്രങ്ങള്‍ക്ക് എല്ലായിടത്തും ഒരേ സ്വഭാവമാണ്. ധരംശാലയിലെ ദലൈലാമയുടെ ആശ്രമത്തില്‍ പലവട്ടം പോയിട്ടുള്ളത് അപ്പോള്‍ ഓര്‍ത്തു. സന്ന്യാസിമാരുടെ ഉച്ചഭക്ഷണ സമയമായിരുന്നു. തണുപ്പ് കാലാവസ്ഥയില്‍ നല്ല ഭക്ഷണം ആരോഗ്യത്തിന് അനിവാര്യമാണ്. പാത്രം നിറയെ ചോറും വിവിധങ്ങളായ കറികളും മൂന്ന് പുഴുങ്ങിയ മുട്ടയുമായിരുന്നു ഭക്ഷണം. ഹിമാചലില്‍ നിന്നു വന്ന ടെന്‍സിംഗ് എന്ന സന്ന്യാസിയെ പരിചയപ്പെട്ടു. കുറച്ചു സമയം ആഘോഷങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. ലോകത്തിന്‍റെ സംരക്ഷകന്‍ എന്നാണ് ടെന്‍സിംഗ് എന്ന വാക്കിന്‍റെ അര്‍ത്ഥം. നല്ല തേജസുള്ള മനുഷ്യന്‍. അദ്ദേഹത്തോടൊപ്പവും മറ്റൊരു സന്ന്യാസിക്കൊപ്പവും ഞങ്ങള്‍ ചിത്രങ്ങളെടുത്തു.
മടക്കയാത്രയില്‍ ഗ്രാമങ്ങളിലെ ടെറസ് ഫാമിംഗ് കാണാന്‍ കഴിഞ്ഞു. തട്ടുതട്ടായി കൃഷിചെയ്യുന്ന രീതിയാണിത്. നെല്‍കൃഷിയാണ് പ്രധാനം.വൈയ്ക്കോല്‍ പിരമിഡ് രൂപത്തില്‍ അടുക്കിയിരിക്കുന്നതും മനോഹര കാഴ്ചയാണ്.എംജി മാര്‍ഗ്ഗിലെ പരിവാര്‍ റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. മിനി താലിയാണ് ഓര്‍ഡര്‍ ചെയ്തത്, പക്ഷെ അതൊരു ഹെവി താലിയായിരുന്നു. നാല് ചപ്പാത്തി, ഒരു പാത്രം ചോറ്, കറികള്‍ എന്നിങ്ങനെ.ഒരു താലിക്ക് 190 രൂപ . എംജി മാര്ഗില്‍ ഒരു എക്സിബിഷന്‍ കണ്ടു. പബ്ളിക് സ്കൂളുകളില്‍ കുട്ടികളുടെ പ്രവേശനത്തിന് വേണ്ടിയുള്ള എക്സിബിഷനാണ്. എല്ലാവര്‍ഷവും അധ്യയന വര്‍ഷം തുടങ്ങും മുന്‍പ് ഇത്തരമൊരു എക്സിബിഷനുണ്ടാകും. രക്ഷകര്‍ത്താക്കള്‍ക്ക് ബ്രോഷര്‍ നോക്കിയും അധികൃതരുമായി ചര്‍ച്ച ചെയ്തും തങ്ങളുടെ കൊക്കിലൊതുങ്ങുന്ന സ്കൂളുകള്‍ കണ്ടെത്താം. ഫീസ് കുറച്ചധികമാണെന്ന്മാത്രം.
തുടര്‍ന്ന് പൂന്തോട്ടം കാണാന് പോയി.സിംലയിലെ പ്രധാന പൂക്കളെല്ലാം ഒരുക്കിയ ഒരു ചെറു ഗാര്‍ഡനാണ് അത്.വിവിധയിനം ഓര്‍ക്കിഡുകളും ആന്തൂറിയവും നല്ല നിറമുള്ള മറ്റനേകം ചെടികളും ഗാര്‍ഡനിലുണ്ടായിരുന്നു. അവിടെ ബിബിസി റേഡിയോയില്‍ ഹിന്ദി ഗാനങ്ങള്‍ ചെറിയ ശബ്ദത്തില്‍ വച്ചിട്ടുണ്ടായിരുന്നു. ഇരുപത് രൂപയാണ് ടിക്കറ്റ്.സഞ്ചാരികള്‍ക്കും ഡ്രൈവരന്മാര്‍ക്കുമുള്ള ഇക്കോഫ്രണ്ട്ലി ഗൈഡ്ലൈന്‍സും അവിടെ എഴുതി വച്ചിണ്ടുണ്ടായിരുന്നു. 
ഓര്‍ക്കിഡ് ഗാര്‍ഡനില്‍ നിന്നും നേരെ ഹനുമാന്‍ ടോക്കിലേക്ക്. ഗാംഗ്ടോക്കില്‍ നിന്നും കിഴക്കോട്ട് 11 കിലോമീറ്റര്‍ മാറി നാഥുല പാസിലേക്കുള്ള വഴിയില്‍ സെക്യൂരിറ്റി ചെക്കിംഗ് നടത്തുന്നിടത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞാണ് ഹനുമാന്‍ ടോക്കിലേക്ക് മല കയറേണ്ടത്. 7200 അടി ഉയരത്തിലാണ് ഹനുമാന്‍ ടോക്ക്.ഹനുമാന്‍ ലക്ഷ്മണനെ രക്ഷിക്കാനായി സജ്ജീവനിയുമായി ലങ്കയ്ക്ക് യാത്ര പോകുന്നതിനിടയില്‍ വിശ്രമിച്ച ഇടം എന്നാണ് വിശ്വാസം.അവിടെയുള്ള ക്ഷേത്രം പക്ഷെ പുതിയതാണ്. നാട്ടുകാര്‍ ഒരു കല്ല് വച്ച് ആരാധിച്ചുവന്നതായിരുന്നു. 1950ല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഓഫീസറായിരുന്ന അപ്പാജി പന്തിന് ഹനുമാന്‍ ദര്‍ശനമുണ്ടായതിനെ തുടര്‍ന്നാണ് ഹനുമാന്‍റെ ചുമന്ന വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയത്. സൈന്യത്തിന്‍റെ പതിനേഴാം മൌണ്ടന്‍ ഡിവിഷന്‍റെ കീഴിലാണ് ഇപ്പോള്‍ ഈ പ്രദേശം.ഹനുമാന്‍ ടോക്കില്‍ നിന്നുള്ള കൊടുമുടികളുടെ കാഴ്ച അപാരം.ജോപുനോ,ദക്ഷിണ കാബ്റു,ഉത്തര കാബ്റു,പാന്‍ഡിം,നാര്‍സിംഗ്, താലുങ്,ദക്ഷിണ കാഞ്ചന്‍ജംഗ,കാഞ്ചന്‍ജംഗ, സെമുമുടി,കസമു, ഇരട്ട സിംവു, നേപ്പാള്‍ മുടി,ടെന്‍റ് മുടി എന്നിവ വ്യക്തമായും മനോഹരമായും കാട്ടിത്തരുന്നു ഇവിടം.മലകളും ആകാശവും പരിസരവും കറുക്കും വരെ അവിടെനിന്നും പോരാന്‍ തോന്നിയില്ല. 
വിശ്രമാഘോഷം ഇന്ന് മുറിയില്‍ത്തന്നെയായിരുന്നു. അത് കഴിഞ്ഞ് രാത്രി എട്ടു മണിക്കാണ് ഭക്ഷണം കഴിക്കാനായി ഹോളിഡേ ഹോമില്‍ നിന്നും ഇറങ്ങിയത്. അപ്പോഴേക്കും റസ്റ്റാറന്‍റുകള്‍ മിക്കതും അടച്ചുകഴിഞ്ഞിരുന്നു. അത്തരമൊരു അടഞ്ഞ ഹോട്ടലിന് മുന്നില്‍ നിന്ന മേല്‍നോട്ടക്കാരന്‍ മറ്റേതോ ഹോട്ടലില്‍ നിന്നും പാഴ്സല്‍ ഭക്ഷണം തരമാക്കി തന്നു.അതുമായി തിരികെ വന്ന് അത്താഴം കഴിച്ചു.കാഴ്ചകളുടെ നിറവില്‍ മിസ്റ്റിക് സ്വപ്നങ്ങള്‍ കണ്ടുറങ്ങി.

ഓര്‍ക്കിഡ്

മാംസാഹാരിയായ  പുഷ്പം

ഹനുമാന്‍ ടോക്കില്‍ നിന്നുള്ള കാഴ്ച

ഹനുമാന്‍ ടോക്കില്‍

ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച

ബന്‍ജാഗ്ര വെള്ളച്ചാട്ടം

ഹനുമാന്‍ ടോക്കിലെ ഹനുമാന്‍

ഹനുമാന്‍ടോക്കില്‍ നിന്നു കാണുന്ന കൊടുമുടികളുടെ വിശദവിവരം ചിത്രമായി

റൂംടെക് മൊണാസ്ട്രിയിലെ പ്രതിമ