|
ഗാംഗ്ടോക്കിലെ കേന്ദ്രസര്‍ക്കാര്‍ ഹോളിഡേ ഹോം |
|
ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—ആറാം ഭാഗം
2017 നവംബര്‍ 13
പ്രഭാതത്തിലെ കാഴ്ചകള്‍ ഒരിക്കല്‍കൂടി ആസ്വദിച്ച് ഗാംഗ്ടോക്കിന് വിട നല്‍കി
ഇറങ്ങി. ഗസ്റ്റ് ഹൌസിലെ ജീവനക്കാര്‍ ബംഗാളികളാണ്. കരാറില്‍ ഹൌസ് കീപ്പിംഗ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന
സ്ഥാപനത്തിലെ ജീവനക്കാരാണ് എല്ലാവരും. മാനേജര്‍ പയ്യന് ശമ്പളം 8000 രൂപ, മറ്റ്
ജോലിക്കാര്ക്ക് 4000-4500 മാത്രം. ഹയര്‍ സെക്കണ്ടറി വരെ പഠിച്ചവരാണ്.പാവം
കുട്ടികള്‍. അവര്‍ക്ക് മാന്യമായ ഒരു ടിപ്പ് നല്‍കി വീണ്ടും കാണാം എന്ന ഭംഗി
വാക്കും പറഞ്ഞ് ഇറങ്ങി. ഇനി ,അധികമാരും പോകാത്ത വടക്കന്‍ സിക്കിമിലേക്കാണ്
യാത്ര. വഴി മോശമാണ് എന്നത് മാത്രമല്ല, വഴി
തടസപ്പെടാനുള്ള സാധ്യതകളും കണക്കിലെടുത്ത് സാഹസിക സഞ്ചാരികള്‍ മാത്രമെ ആ വഴിക്ക് പോകാറുള്ളു. അത്തരമൊരു യാത്രയ്ക്കായി
മുന്നിട്ടിറങ്ങിയതാണ് എന്നതിനാല്‍ നാഥുല
പാസ് യാത്രയേക്കാള്‍ ഞങ്ങളില്‍ നിറഞ്ഞുനിന്നത് സീറോ പോയിന്‍റും ഗുരു ദോംഗ്മാര്‍
തടാകവുമൊക്കെയായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ പ്രതിരോധ വകുപ്പിന്‍റെ അനുമതി
വേണ്ട, കാരണം ഒരാള്‍ക്കും അതിര്‍ത്തിയില്‍ എത്താന്‍ കഴിയില്ലെന്ന് സൈന്യത്തിന്
നല്ല ഉറപ്പുണ്ട്. എന്നാല്‍ പോലീസിന്‍റെ അനുമതി ആവശ്യമാണ്. ഉത്തര സിക്കിമിലേക്ക്
പോയവര്‍ തിരികെയെത്തി എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നു. വഴിയില്‍ പോലീസ്
ചെക്ക്പോസ്റ്റുകളില്‍ ഗാംഗ്ടോക്ക് പോലീസ് സൂപ്രണ്ട് നല്‍കിയ അനുമതി രേഖയുടെ ഓരോ
പകര്‍പ്പ് നല്‍കണം. മടങ്ങി വരുമ്പോള്‍ രേഖപ്പെടുത്തി അവ തിരികെ വാങ്ങുകയും വേണം.
ദുര്‍ബ്ബലമായ മലയുടെ അടരുകള്‍ വീണ് പലയിടവും പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. റോഡ്
പണിയാണ് ഉത്തര സിക്കിമിലെ പ്രധാന ജോലിയെന്നു തോന്നും. ഹിമാലയത്തിന്‍റെ
ദക്ഷിണഭാഗമായ ഹിമാചലിലെ ബര്‍മോര്‍ പോലുള്ള ഇടങ്ങളിലും ഇതുതന്നെയാണ് സ്ഥതി. ഒറ്റ
വണ്ടിക്ക് മാത്രം പോകാവുന്ന ഇടങ്ങള്‍, താത്ക്കാലിക പാലങ്ങള്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍
നിര്‍മ്മിച്ച പുതിയ പാലങ്ങള്‍ അങ്ങിനെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍.
ഗ്രാമങ്ങളിലെ മനുഷ്യര്‍ പൊതുവെ നിശബ്ദരാണ്. എപ്പോഴും
ധ്യാനത്തിലാണോ എന്ന് തോന്നിപ്പോകും. വഴികളിലെവിടെയും ഫ്ലാസ്കില്‍ നിറച്ച ചൂട്ചായയും
പുഴുങ്ങിയ മുട്ടയും മോമോയും പ്ലാസ്റ്റിക് കവറിലെ ഭക്ഷ്യോത്പ്പന്നങ്ങളുമായി കുഞ്ഞുകടകള്‍.
മിക്കതും സ്ത്രീകളാണ് നടത്തുന്നത്. അമൂലിന്‍റെ ടെട്രാപാക്കിലുള്ള പാലാണ് ചായയ്ക്ക്
ഉപയോഗിക്കുന്നത്. പശുക്കളും ആടുകളും നന്നെ കുറവ്. കോഴികളും പട്ടിയും പൂച്ചയും
ധാരാളം.കേരളത്തിലെ 50-60 വര്‍ഷം മുന്‍പുള്ള ഗ്രാമങ്ങളിലെ കാഴ്ചകളെ ഓര്‍മ്മപ്പെടുത്തുന്നു
ഇവിടം. സിമന്‍റ് മതിലുകളും അതിര്‍ത്തികളുമില്ലാത്ത ഗ്രാമവീടുകള്‍. കാലാവസ്ഥയുടെ
പ്രത്യേകതകൊണ്ടാവാം പട്ടികള്‍ക്കും പൂച്ചകള്‍ക്കും ശരീരം നിറഞ്ഞ് രോമങ്ങളുള്ളത്.
കബി ഔട്ട്പോസ്റ്റും ഫെന്‍സോംഗും കടന്ന് ഞങ്ങള്‍ സെവന്‍
വാട്ടര്‍ഫാളിലെത്തി. വളരെ ഉയരത്തില്‍ നിന്നും പാല്‍പോലെ ഒഴുകി വരുന്ന തണുത്ത ജലം
ഏഴ് തട്ടുകളിലൂടെ കടന്നാണ് താഴെ പതിക്കുന്നത്. കാഴ്ചയ്ക്കായി ഒരു വ്യൂ പോയിന്‍റും
മറ്റും വിനോദസഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ കുറവ്
കാരണമാകാം മെയിന്‍റനന്‍സ് നടത്താതെ നശിച്ചുകിടക്കുകയാണ്.
വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഒരു വിവരണമോ ഒന്നും തന്നെ അവിടെയില്ല. രണ്ട് ചെറിയ
ചായക്കടകള്‍ മാത്രം .അവിടെ പരമ്പരാഗത വേഷത്തില്‍ ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്.
അത് കച്ചവടക്കാര്‍ക്ക് ഒരു ചെറിയ വരുമാന മാര്‍ഗ്ഗമാണ്. വകുപ്പിലെ ജീവനക്കാരോ പ്രവേശന ടിക്കറ്റോ ഒന്നുംതന്നെ
അവിടെയില്ലതാനും.
അവിടെ നിന്നും തുടര്‍യാത്ര നാമോക്കിലേക്ക്. പിന്നെ
രംഗ്രംഗ് ഔട്ട്പോസ്റ്റില്‍ .സുതാംഗിലെ പൊട്ടിയ റോഡ് വളരെ
ദയനീയാവസ്ഥയിലാണ്.മൊട്ടയായ ടയര്‍ ഇടയ്ക്കിടെ മനസില്‍ വന്നുപോകുമെങ്കിലും ആരും
ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഓരോ ഉലച്ചിലും ഒരുഭീതി
കോരിയിടുന്നുണ്ടായിരുന്നു എന്ന് തിരികെ എത്തിയശേഷം പരസ്പരം പറഞ്ഞു എന്നുമാത്രം.
മ്യൂസിസ് പാലവും കടന്ന് അത് നീളുന്നത് നാഗാ വെള്ളച്ചാട്ടത്തിലേക്ക്. മനോഹരം എന്ന
ഒറ്റ വാക്കില്‍ ഒതുക്കാന്‍ കഴിയാത്ത ജലസമൃദ്ധി. അവിടെയിറങ്ങി കൈയ്യുംമുഖവും കഴുകി.
ഹിമാചലിലെ മഞ്ഞിന്‍റെ രുചിയും തണുപ്പും അറിഞ്ഞു. പിന്നീട് മിക്ക വളവുകളിലും
വെള്ളച്ചാട്ടങ്ങള്‍ ഉണ്ടായിരുന്നു. തൂങ് പോലീസ് ഔട്ട്പോസ്റ്റ് കഴിഞ്ഞ് വീണ്ടും
മുന്നോട്ട്. തീസ്തയെ തടഞ്ഞുനിര്‍ത്തി ചുങ്താംഗില്‍ ഡാം കെട്ടിയിരിക്കുന്നു. നല്ല
പച്ച നിറമാണ് വെള്ളത്തിന്. ഒരു വശം ഇടിഞ്ഞുവീഴാവുന്ന പാറകളും മറുവശം താഴെ തീസ്തയും
ഒപ്പം സഞ്ചരിക്കുകയായിരുന്നു. തണുപ്പിന്‍റെ ലോകത്ത് മദ്യക്കടകള്‍
സുലഭം.ചുംഗ്താംഗില്‍ തന്നെ മൂന്ന് മദ്യക്കടകള്‍. എല്ലാം ചെറിയ ഒറ്റമുറികടകള്‍.
സ്ത്രീകളാണ് കച്ചവടക്കാര്‍.നല്ല പഹാഡി സുന്ദരികള്‍. ഞങ്ങള്‍ മധുരമുള്ളതും വീര്യം
കുറഞ്ഞതുമായ മദ്യം വാങ്ങി കഴിച്ചു. അത് സാധാരണയായി സ്ത്രീകള്‍ കഴിക്കുന്ന
മദ്യമാണ്. ലാംഗ്ഡു, യതാനിയിലെ ഒരു കടയില്‍ നിന്നും കോഴിയെ വാങ്ങി.” നമ്മുടെ ഹോട്ടലുടമ വിളിച്ചു പറഞ്ഞിരുന്നു ചിക്കന്‍ വാങ്ങാന്‍.
നിങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്”, അയാള്‍ പറഞ്ഞു. കോഴി ഇറച്ചി വണ്ടിയുടെ കാരിയറില്‍
ബാഗേജിനൊപ്പം വച്ചു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഫ്രീസറില്‍ അത് കേടാകാതെ
ഇരുന്നു.
കാലെപ്പും താങ്ങ് വാലിയും കടന്ന് വൈകുന്നേരത്തോടെ
ലാച്ചനിലെത്തി. ഒരു ചെറു ഗ്രാമമാണ് ലാച്ചന്‍. ഒച്ചയും ബഹളവുമൊന്നുമില്ലാത്ത ഒരിടം.
അവിടെ സോംസാ ലാച്ചന്‍ എന്ന ചെറിയ ഹോംസ്റ്റേയില്‍ താമസമായി.(മൊബൈല്‍-- 8670813572/9474531568) രാത്രിയില്‍ ചിക്കനും കൂട്ടി
ചപ്പാത്തിയും ചോറും കഴിച്ചു. പരിപ്പുകറിയും മിക്സ് വെജിറ്റബിളുമുണ്ടായിരുന്നു.
നല്ല ചൂടും രുചിയുമുള്ള ഭക്ഷണം.മലയാളിയുടെ നാവിന് ഇഷ്ടം തോന്നുന്ന എരിവും മസാലയും
തന്നെയാണ് സിക്കിമില്‍ എവിടെയും.തണുപ്പിനെ പ്രിതിരോധിക്കാനുള്ള രജായി മൂടി വേഗം
ഉറക്കമായി. (ഫോട്ടോ - വി.ആര്‍.പ്രമോദ് )
|
വടക്കന്‍ സിക്കിമിലേക്കുള്ള പ്രവേശന പാലം |
|
സെവന്‍ വാട്ടര്‍ഫാള്‍സ് |
|
തീസ്ത |
|
നാഗാ വെള്ളച്ചാട്ടം |
|
ചുംഗ്താംഗ് ഡാം |
|
മഞ്ഞുമൂടുന്ന മലകള്‍ |
|
റോഡും തീസ്തയും ഒപ്പത്തിനൊപ്പം |
No comments:
Post a Comment