|
എംജി റോഡില്‍ കട നടത്തുന്ന വിനോദിനൊപ്പം |
|
ബന്‍ജാഗ്രയിലെ കാഴ്ച |
|
റൂംടെക് മൊണാസ്ട്രി |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—നാലാം
ഭാഗം
2017 നവംബര്‍ 11
പ്രഭാതത്തില്‍ പടിഞ്ഞാറ് മലയിലെ മഞ്ഞിന് സ്വര്‍ണ്ണത്തിളക്കം.
സാവധാനം അത് വെള്ളിയായി മാറി. കിഴക്കു നിന്നുള്ള സൂര്യവെളിച്ചം തട്ടിയാണ് ഈ
തിളക്കം. ഇവിടെ പ്രഭാതം വളരെ നേരത്തെയാണ്. അഞ്ചുമണിക്കും ചിലപ്പോള്‍ അതിന് മുന്‍പും
സൂര്യനുദിക്കും.ഞങ്ങളുടെ മുറിയില്‍ നിന്നുള്ള കാഴ്ച മനോഹരം.അവിടെ ഫോട്ടോ
എടുക്കുവാന്‍ രാവിലെ തന്നെ തിരക്കായി.പുറത്തിറങ്ങി ഒരു ചായ കുടിച്ചു. വളരെ ചെറിയ
ഒരു കട. രാവിലെ തന്നെ ബ്രഡ് ഓംലറ്റും മോമോയുമൊക്കെ കഴിച്ച് ജോലിക്ക് പോകാന്‍
തിരക്കുകൂട്ടുന്ന ആളുകള്‍. ചായയും മോമോയും വില്‍ക്കുന്ന ഒരു വീട്ടമ്മയെ കണ്ടു. അവര്‍
ഒരു നിശ്ചിത അളവില്‍ ഭക്ഷണവും ചായയും കൊണ്ടുവന്ന് വില്‍ക്കും . നേരം
പുലരുംപോഴേക്കും ജോലി കഴിയും. പിന്നീട് വീട്ടിലെത്തി വീട്ടുജോലികളില്‍
വ്യാപൃതയാകും എന്നവര്‍ പറഞ്ഞു. നിശ്ചിത വരുമാനം മാത്രം ആഗ്രഹിക്കുന്ന നിര്‍മ്മലമാനസര്‍.
അവര്‍ ഒന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. കാപ്പികുടി കഴിഞ്ഞ് ഗാംഗ്ടോക്ക്
കാഴ്ചകളിലേക്ക് എന്നതാണ് തീരുമാനം. മഹാത്മാഗാന്ധി മാര്‍ഗ്ഗിലെ മഹാരാജാ സ്വീറ്റ്സ്
ആന്‍റ് സ്നാക്സില്‍ നിന്നും ചപ്പാത്തിയും കടലക്കറിയും കഴിച്ചു. കുറച്ചു സമയം
ഇളവെയില്‍ കൊണ്ടു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുണ്ട് തെരുവില്‍
വെയില്‍ കായുന്നതിന്.രാവിലെ ഒന്‍പതിനുതന്നെ കടകള്‍ സജീവം.എത്ര വലിയ ചുമടും
മുതുകില്‍ കയറ്റി അതിന്‍റെ കടിഞ്ഞാണ്‍ നെറ്റിയിലൂടെ തൂക്കിയുള്ള പണിക്കാരുടെ യാത്ര
കാണാന്‍ കൌതുകകരമാണ്.എംജി മാര്‍ഗ്ഗില്‍ പലചരക്ക് കട നടത്തുന്ന വികാസിനെ
പരിചയപ്പെട്ടു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ഒന്‍പത് വരെ കട തുറന്നുവയ്ക്കും .
കച്ചവടം മോശമല്ല എന്ന് പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
ആദ്യം ബന്‍ജാഗ്ര വെള്ളച്ചാട്ടത്തിലേക്കാണ് ഞങ്ങള്‍
പോയത്.ബന്‍ജാഗ്ര എന്നാല്‍ കാട്ടിലെ മന്ത്രവാദി ഡോക്ടര്‍ എന്നാണ് അര്‍ത്ഥം. ഇവിടെ
ഗുഹയില്‍ താമസിച്ചിരുന്ന കോണാകൃതിയിലുള്ള മുഖവും രോമം നിറഞ്ഞ ശരീരവുമുള്ള
മന്ത്രവാദി നല്ല മനസ്സും ഹൃദയവുമുള്ളവരെ തട്ടിക്കൊണ്ടുപോയി മന്ത്രവാദി ഡോക്ടറാക്കി
തിരികെ നാട്ടിലെത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ആളുകള്‍
ഭയപ്പെട്ടിരുന്ന ഇടമാണ് ബന്‍ജാഗ്ര. സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഇതിനെ
മാറ്റിയത് മുഖ്യമന്ത്രിയായിരുന്ന പവന്‍
ചാംമ്ലിംഗാണ്. മലയാളിക്ക് അത്ഭുതം തോന്നുന്ന തരം വലിയ വെള്ളച്ചാട്ടമല്ല
ഇവിടുള്ളത്. എങ്കിലും ഇവിടെ ഒരു മൈക്രോ ഹൈഡല്‍ പ്രോജക്ടുണ്ട്എന്നത് ശ്രദ്ധേയമാണ്.
ഇത്തരം പ്രോജക്ടുകള്‍ കേരളത്തില്‍ നൂറുകണക്കിന് ഉണ്ടാക്കാന്‍ കഴിയും എന്ന്
തോന്നുന്നു.
അവിടെ നിന്നും ഞങ്ങള്‍ റൂം ടെക് മൊണാസ്ട്രിയിലേക്കാണ്
പോയത്.ഗാംഗ്ടോക്കില്‍ നിന്നും 24 കിലോമീറ്റര്‍ മാറിയാണ് റൂം ടെക് മൊണാസ്ട്രി അഥവാ
ധര്‍മ്മ ചക്ര കേന്ദ്രം.തിബറ്റന്‍ ബുദ്ധിസത്തിലെ കാഗ്യു വിഭാഗത്തിന്‍റെ പതിനാറാമത്
തലവനായിരുന്ന ഗ്യാല്‍വ കര്‍മ്മപാ റാംഗ്ജുംഗ് റിഗ്പേ ദേര്‍ജെ 1960ലാണ് ഇത്
പണികഴിപ്പിച്ചത്. മഹായാന ബുദ്ധിസം പിന്‍തുടരുന്ന കര്‍മ്മ കാഗ്യു വിഭാഗത്തിന്‍റെ
അന്താരാഷ്ട്ര കേന്ദ്രവും നാടുകടത്തപ്പെട്ട ഗ്യാല്‍വ കര്‍മപായുടെ ആസ്ഥാനവുമാണ് ഇത്.
ഇവര്‍ക്ക് ലോകമൊട്ടാകെയായി 300 ഉപകേന്ദ്രങ്ങളുണ്ട്. തിബറ്റന്‍ വാസ്തുശില്പ്പ
മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഈ കേന്ദ്രം. പതിനൊന്നാം നൂറ്റാണ്ടില്‍
തിബറ്റില്‍ നിര്‍മ്മിച്ച കര്‍മ്മപാമാരുടെ പ്രധാനകേന്ദ്രമായ സുര്‍ഫു ആശ്രമത്തിന്‍റെ
മാതൃകയാണ് നിര്‍മ്മാണത്തിന് പിന്‍തുടര്‍ന്നിരിക്കുന്നത്.ബുദ്ധിസത്തില്‍ ഉപരിപഠനം
നടത്താന്‍ കഴിയുന്ന കര്‍മ്മശ്രീ നളന്ദ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഹയര്‍
ബുദ്ധിസ്റ്റ് സ്റ്റഡീസ് ഇവിടെ സ്ഥിതിചെയ്യുന്നു.വാരണാസിയിലെ സമ്പൂര്‍ണ്ണാനന്ദ്
സംസ്കൃത സര്‍വ്വകലാശാലയുമായി ഇതിനെ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 10നും
ഡിസംബര്‍ 29നുമാണ് ഏറ്റവും പ്രധാനപ്പെട്ട പൂജകളും ആഘോഷങ്ങളും ഇവിടെ
അരങ്ങേറുക.നവംബര്‍ 11 ഖാസ് പൂജാ
ദിനമായിരുന്നതിനാല്‍ വലിയ തിരക്കായിരുന്നു കേന്ദ്രത്തില്‍
ആത്മീയ ജീവിതം ആരംഭിക്കുന്ന സന്ന്യാസിയും
സന്ന്യാസിനിയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചുകൊണ്ടാണ് ജീവിതം
ആരംഭിക്കുക.ആശ്രമത്തിനായി ഉപയോഗിക്കുന്ന തടിയുടെ ഇരട്ടി തടി ലഭിക്കുന്നവിധം
വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക ബുദ്ധമതക്കാരുടെ രീതിയാണ്. വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുക,സംരക്ഷിക്കുക,പ്രകൃതിയോട് അടുത്ത് ജീവിക്കുക എന്നിവയാണ് അവരുടെ
മന്ത്രങ്ങള്‍.ഊര്‍ജ്ജ ഉപയോഗത്തെപ്പറ്റിയും അത് നിയന്ത്രിക്കേണ്ട
പ്രാധാന്യത്തെപ്പറ്റിയും അവബോധമുണര്‍ത്തുന്ന ബോര്‍ഡുകളും ഇവിടെ
സ്ഥാപിച്ചിട്ടുണ്ട്.തണുപ്പുള്ള ഇടങ്ങളില്‍ കെട്ടിടം തെക്ക് ദിശ നോക്കി വേണമെന്നും
ചൂടുള്ളിടത്ത് തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഓരോരുത്തരും സ്വന്തം
പച്ചക്കറിത്തോട്ടം ഉണ്ടാക്കണമെന്നും സന്ദേശമുണ്ട്. ക്ലാസ് മുറിയും പണിമുറിയും
കിഴക്കോട്ട് ദര്‍ശനം വേണം എന്നും പറയുന്നു.
വായുവും ജലവും മണ്ണും മറ്റ് സൌകര്യങ്ങളും തന്ന ഭൂമിയെപ്പോലെയാകാന്‍ എനിക്ക്
കഴിഞ്ഞിരുന്നെങ്കില്‍ എന്ന പതിനേഴാം കര്‍മ്മപായുടെ സന്ദേശവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ജലസംരക്ഷണ സന്ദേശവും ഇവിടെ കാണാം. ജീവികളുടെ രോമവും തുകലും ഉപയോഗിക്കുന്നതും
വന്യജീവികളെ ഉപദ്രവിക്കുന്നതും
നിരുത്സാഹപ്പെടുത്തണം, പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കും മുന്‍പ് അതിന്‍റെ
നിര്‍മ്മിതിയില്‍ ജീവികളെ
ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം
വായിച്ചും കണ്ടും കേട്ടും ഞങ്ങള്‍ ആശ്രമത്തില്‍ കയറിയിറങ്ങി. ബുദ്ധക്ഷേത്രങ്ങള്‍ക്ക്
എല്ലായിടത്തും ഒരേ സ്വഭാവമാണ്. ധരംശാലയിലെ ദലൈലാമയുടെ ആശ്രമത്തില്‍ പലവട്ടം
പോയിട്ടുള്ളത് അപ്പോള്‍ ഓര്‍ത്തു. സന്ന്യാസിമാരുടെ ഉച്ചഭക്ഷണ സമയമായിരുന്നു.
തണുപ്പ് കാലാവസ്ഥയില്‍ നല്ല ഭക്ഷണം ആരോഗ്യത്തിന് അനിവാര്യമാണ്. പാത്രം നിറയെ ചോറും
വിവിധങ്ങളായ കറികളും മൂന്ന് പുഴുങ്ങിയ മുട്ടയുമായിരുന്നു ഭക്ഷണം. ഹിമാചലില്‍
നിന്നു വന്ന ടെന്‍സിംഗ് എന്ന സന്ന്യാസിയെ പരിചയപ്പെട്ടു. കുറച്ചു സമയം
ആഘോഷങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. ലോകത്തിന്‍റെ സംരക്ഷകന്‍ എന്നാണ് ടെന്‍സിംഗ്
എന്ന വാക്കിന്‍റെ അര്‍ത്ഥം. നല്ല തേജസുള്ള മനുഷ്യന്‍. അദ്ദേഹത്തോടൊപ്പവും മറ്റൊരു
സന്ന്യാസിക്കൊപ്പവും ഞങ്ങള്‍ ചിത്രങ്ങളെടുത്തു.
മടക്കയാത്രയില്‍ ഗ്രാമങ്ങളിലെ ടെറസ് ഫാമിംഗ് കാണാന്‍
കഴിഞ്ഞു. തട്ടുതട്ടായി കൃഷിചെയ്യുന്ന രീതിയാണിത്. നെല്‍കൃഷിയാണ്
പ്രധാനം.വൈയ്ക്കോല്‍ പിരമിഡ് രൂപത്തില്‍ അടുക്കിയിരിക്കുന്നതും മനോഹര
കാഴ്ചയാണ്.എംജി മാര്‍ഗ്ഗിലെ പരിവാര്‍ റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു.
മിനി താലിയാണ് ഓര്‍ഡര്‍ ചെയ്തത്, പക്ഷെ അതൊരു ഹെവി താലിയായിരുന്നു. നാല് ചപ്പാത്തി,
ഒരു പാത്രം ചോറ്, കറികള്‍ എന്നിങ്ങനെ.ഒരു താലിക്ക് 190 രൂപ . എംജി മാര്ഗില്‍ ഒരു
എക്സിബിഷന്‍ കണ്ടു. പബ്ളിക് സ്കൂളുകളില്‍ കുട്ടികളുടെ പ്രവേശനത്തിന് വേണ്ടിയുള്ള
എക്സിബിഷനാണ്. എല്ലാവര്‍ഷവും അധ്യയന വര്‍ഷം തുടങ്ങും മുന്‍പ് ഇത്തരമൊരു
എക്സിബിഷനുണ്ടാകും. രക്ഷകര്‍ത്താക്കള്‍ക്ക് ബ്രോഷര്‍ നോക്കിയും അധികൃതരുമായി ചര്‍ച്ച
ചെയ്തും തങ്ങളുടെ കൊക്കിലൊതുങ്ങുന്ന സ്കൂളുകള്‍ കണ്ടെത്താം. ഫീസ്
കുറച്ചധികമാണെന്ന്മാത്രം.
തുടര്‍ന്ന് പൂന്തോട്ടം കാണാന് പോയി.സിംലയിലെ പ്രധാന
പൂക്കളെല്ലാം ഒരുക്കിയ ഒരു ചെറു ഗാര്‍ഡനാണ് അത്.വിവിധയിനം ഓര്‍ക്കിഡുകളും
ആന്തൂറിയവും നല്ല നിറമുള്ള മറ്റനേകം ചെടികളും ഗാര്‍ഡനിലുണ്ടായിരുന്നു. അവിടെ
ബിബിസി റേഡിയോയില്‍ ഹിന്ദി ഗാനങ്ങള്‍ ചെറിയ ശബ്ദത്തില്‍ വച്ചിട്ടുണ്ടായിരുന്നു.
ഇരുപത് രൂപയാണ് ടിക്കറ്റ്.സഞ്ചാരികള്‍ക്കും ഡ്രൈവരന്മാര്‍ക്കുമുള്ള ഇക്കോഫ്രണ്ട്ലി
ഗൈഡ്ലൈന്‍സും അവിടെ എഴുതി വച്ചിണ്ടുണ്ടായിരുന്നു.
ഓര്‍ക്കിഡ് ഗാര്‍ഡനില്‍ നിന്നും നേരെ ഹനുമാന്‍
ടോക്കിലേക്ക്. ഗാംഗ്ടോക്കില്‍ നിന്നും കിഴക്കോട്ട് 11 കിലോമീറ്റര്‍ മാറി നാഥുല
പാസിലേക്കുള്ള വഴിയില്‍ സെക്യൂരിറ്റി ചെക്കിംഗ് നടത്തുന്നിടത്തുനിന്നും ഇടത്തോട്ട്
തിരിഞ്ഞാണ് ഹനുമാന്‍ ടോക്കിലേക്ക് മല കയറേണ്ടത്. 7200 അടി ഉയരത്തിലാണ് ഹനുമാന്‍
ടോക്ക്.ഹനുമാന്‍ ലക്ഷ്മണനെ രക്ഷിക്കാനായി സജ്ജീവനിയുമായി ലങ്കയ്ക്ക് യാത്ര
പോകുന്നതിനിടയില്‍ വിശ്രമിച്ച ഇടം എന്നാണ് വിശ്വാസം.അവിടെയുള്ള ക്ഷേത്രം പക്ഷെ
പുതിയതാണ്. നാട്ടുകാര്‍ ഒരു കല്ല് വച്ച് ആരാധിച്ചുവന്നതായിരുന്നു. 1950ല്‍
ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഓഫീസറായിരുന്ന അപ്പാജി പന്തിന് ഹനുമാന്‍ ദര്‍ശനമുണ്ടായതിനെ
തുടര്‍ന്നാണ് ഹനുമാന്‍റെ ചുമന്ന വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയത്. സൈന്യത്തിന്‍റെ
പതിനേഴാം മൌണ്ടന്‍ ഡിവിഷന്‍റെ കീഴിലാണ് ഇപ്പോള്‍ ഈ പ്രദേശം.ഹനുമാന്‍ ടോക്കില്‍
നിന്നുള്ള കൊടുമുടികളുടെ കാഴ്ച അപാരം.ജോപുനോ,ദക്ഷിണ കാബ്റു,ഉത്തര കാബ്റു,പാന്‍ഡിം,നാര്‍സിംഗ്,
താലുങ്,ദക്ഷിണ കാഞ്ചന്‍ജംഗ,കാഞ്ചന്‍ജംഗ, സെമുമുടി,കസമു, ഇരട്ട സിംവു, നേപ്പാള്‍
മുടി,ടെന്‍റ് മുടി എന്നിവ വ്യക്തമായും മനോഹരമായും കാട്ടിത്തരുന്നു ഇവിടം.മലകളും
ആകാശവും പരിസരവും കറുക്കും വരെ അവിടെനിന്നും പോരാന്‍ തോന്നിയില്ല.
വിശ്രമാഘോഷം ഇന്ന് മുറിയില്‍ത്തന്നെയായിരുന്നു. അത്
കഴിഞ്ഞ് രാത്രി എട്ടു മണിക്കാണ് ഭക്ഷണം കഴിക്കാനായി ഹോളിഡേ ഹോമില്‍ നിന്നും
ഇറങ്ങിയത്. അപ്പോഴേക്കും റസ്റ്റാറന്‍റുകള്‍ മിക്കതും അടച്ചുകഴിഞ്ഞിരുന്നു.
അത്തരമൊരു അടഞ്ഞ ഹോട്ടലിന് മുന്നില്‍ നിന്ന മേല്‍നോട്ടക്കാരന്‍ മറ്റേതോ ഹോട്ടലില്‍
നിന്നും പാഴ്സല്‍ ഭക്ഷണം തരമാക്കി തന്നു.അതുമായി തിരികെ വന്ന് അത്താഴം
കഴിച്ചു.കാഴ്ചകളുടെ നിറവില്‍ മിസ്റ്റിക് സ്വപ്നങ്ങള്‍ കണ്ടുറങ്ങി.
|
ഓര്‍ക്കിഡ് |
|
മാംസാഹാരിയായ പുഷ്പം |
|
ഹനുമാന്‍ ടോക്കില്‍ നിന്നുള്ള കാഴ്ച |
|
ഹനുമാന്‍ ടോക്കില്‍ |
|
ഹോളിഡേ ഹോമില്‍ നിന്നുള്ള കാഞ്ചന്‍ജംഗ കാഴ്ച |
|
ബന്‍ജാഗ്ര വെള്ളച്ചാട്ടം |
|
ഹനുമാന്‍ ടോക്കിലെ ഹനുമാന്‍ |
|
ഹനുമാന്‍ടോക്കില്‍ നിന്നു കാണുന്ന കൊടുമുടികളുടെ വിശദവിവരം ചിത്രമായി |
|
റൂംടെക് മൊണാസ്ട്രിയിലെ പ്രതിമ |
No comments:
Post a Comment