|
പാസന്‍റെ കട |
|
ഭൂട്ടിയ |
|
ഗുരു ദോംഗ്മാറിലേക്കുള്ള വഴി |
സിക്കിം –
ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി—ഏഴാം ഭാഗം
2017 നവംബര്‍ 14
രാവിലെ അഞ്ചിന് തന്നെ ഗുരുദോംഗ്മാറിലേക്ക് പുറപ്പെട്ടു. അതി
ദീര്‍ഘമായ യാത്രയാണ്. ദുര്‍ഘടം പിടിച്ച വഴികളിലൂടെ. പലയിടത്തും റോഡ് തന്നെയില്ല.
പൊട്ടിവീണ പാറകള്‍ക്കു മുകളിലൂടെയാണ് യാത്ര. ഒരുപാട് അപകട മേഖലകള്‍ തരണം ചെയ്തും
ഒരിക്കല്‍ വണ്ടിയ്ക്കുണ്ടായ പങ്ചര്‍ അതിജീവിച്ചും താംഗുവിലെത്തി.അവിടെ ലെന്‍ഡുപ് ഖാംഗ്സാര്‍ ലോഡ്ജില്‍ കയറി. കടയുടമ
ഒരു സ്ത്രീയാണ്, പാസന്‍. അവിടെ ഒരു പ്രായം ചെന്ന മനുഷ്യന്‍ തീ
കായുന്നുണ്ടായിരുന്നു.ചുളുങ്ങിയ തൊലിയുള്ള ഒരു വൃദ്ധന്‍
. മേജര്‍ ഭൂട്ടിയ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെങ്കിലും മിലിട്ടറിയില്‍ കരാര്‍ പണിയിലോ
ക്യാന്‍റീന്‍ സ്റ്റാഫായോ ജോലി ചെയ്തിട്ടുണ്ടാവും എന്നേ ചിന്തിക്കാന്‍ കഴിയൂ.
ഇംഗ്ലീഷ് സംസാരിക്കുന്നില്ല എന്നു മാത്രമല്ല ജോലിസ്ഥലത്തെക്കുറിച്ചോ സൈന്യത്തിന്‍റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉള്ള ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനോ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല.
പിറകില്‍ നദിയൊഴുകുന്ന കളകള ശബ്ദം. അവിടവിടെ ചില പട്ടാളക്കാര്‍. കുറച്ചുമാറി
പട്ടാളക്യാമ്പ്. അപൂര്‍വ്വമായി വരുന്ന വാഹനങ്ങളുടെ ശബ്ദം ദൂരെനിന്ന് അടുത്തേക്ക് വരുന്നതിന്‍റെ ഒരു റിഥം. കാറ്റിന്‍റെ
തണുത്ത ഹുങ്കാരം. അങ്ങിനെ ഒട്ടു പരിചിതമല്ലാത്ത കാലാവസ്ഥയും ജനതയും. പാസന്‍റെ
കടയില്‍ നിന്നും ചായ കുടിച്ചു.മാഗി,ഓംലറ്റ്,ചായ ,കാപ്പി എന്നിങ്ങനെ കുറഞ്ഞ
ചോയ്സുകളെ ആ ചെറിയ തടി പീടികയിലുണ്ടായിരുന്നുള്ളു.ഞങ്ങളും കുറേ സമയം
ചൂളയ്ക്കടുത്തിരുന്ന് ചൂട് കൊണ്ടു. ടോയ്ലറ്റില്‍ പോകേണ്ടവര്‍ അതും നിര്‍വ്വഹിച്ചു.
സിക്കിമില്‍ മിക്കയിടത്തും ടോയ്ലറ്റുകള്‍ അരുവിയിലേക്ക് തുറക്കുന്നു എന്നത്
പരിസ്ഥിതിയോട് കാട്ടുന്ന ഒരനീതിയാണ് എന്ന് പറയാതെ വയ്യ. ഇവിടെയും സംവിധാനം
മറിച്ചല്ല.
ദേവദാരുവിന്‍റെ ചെറിയ തണ്ടുകള്‍ മുറിച്ചത് കവറിലാക്കി വില്പ്പനയ്ക്ക് വച്ചിരിക്കുന്നത്
കണ്ടു. തീ കായാനാകും.ജനുവരി-ഫെബ്രുവരി കാലത്ത് താംഗുവില് അഞ്ചടി വരെ
മഞ്ഞുമൂടുമെന്ന് ഭൂട്ടിയ പറഞ്ഞു.സീസണ്‍ കഴിഞ്ഞാല്‍ പട്ടാളക്കാരൊഴികെ
ബാക്കിയെല്ലാവരും നാടിറങ്ങും. വീണ്ടും സീസണിലില്‍ തിരികെ വരും.ഭൂട്ടിയയുടെ
കഥകളൊക്കെ കേട്ടിരുന്നാല്‍ സമയം നഷ്ടമാകും എന്ന് ലാംഗ്ഡോ മുന്നറിയിപ്പ് നല്‍കി.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹിമാലയന്‍ കാവല്‍റിയും കടന്ന് ഗുരു ദോംഗ്മാറിലേക്ക്.
17,000 അടി ഉയരത്തിലുള്ള തടാകമാണ് ഗുരു ദോംഗ് മാര്‍. മനോഹരമായ നീല ജലാശയം. ഇതില്‍
പകുതിയോളം ഐസായി മാറിയിട്ടുണ്ട്. എന്നാല്‍ സുതാര്യമാണ് താനും. താഴെയുള്ള കല്ലുകള്‍
പോലും കാണാം. മഞ്ഞുകട്ടകള്‍ വലിച്ചെറിഞ്ഞാല്‍ ജലത്തിന് മുകളിലൂടെ തെന്നിതെന്നി
പോകുന്ന മനോഹര കാഴ്ച. ഖചോട് പാല്‍റി, ചോ ലാമോ, മെന്‍ മോയ് സോ എന്നീ തടാകങ്ങളും
ദോഗ്മാറിനെപ്പോലെ മനോഹരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും വലിയ ഉയരത്തിലെത്തുമ്പോള്‍
പെട്ടെന്ന് ഇറങ്ങി നടക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഓക്സിജന്‍ കുറവാണ് എന്നതും ബാലന്‍സിംഗിലുള്ള
പ്രശ്നങ്ങളുമാണ് കാരണം. ഡസ്റ്റിനേഷനിലെത്തി കുറച്ച് വിശ്രമിച്ചശേഷം ഇറങ്ങി വേഗം
കുറച്ച് നടക്കുന്നതാണ് ഉചിതം.
ഗുരു പത്മസംഭവ അഥവാ റിംഗ് പോച്ചെ അതിര്‍ത്തി കടന്ന്
എത്തിയ ഇടമാണ് ഗുരുദോംഗ്മാര്‍. അദ്ദേഹം
സ്ഥാപിച്ച ഒരു ക്ഷേത്രവും ഇവിടുണ്ട്. തിബറ്റില്‍ മഹായാന പ്രസ്ഥാനം തുടങ്ങിയ
ഗുരുവാണ് റിംപോച്ചെ. സിക്കിമിലേക്കുള്ള ഉത്തരവാതായനം എന്ന് വിശേഷിപ്പിക്കാം ഈ
ഇടത്തെ. ഗുരുദോംഗ്മാറിന് മുകളിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. അത്
പട്ടാളമേഖലയാണ്. ആശയും(മകള്‍) കൂട്ടരും അവരുടെ ഭാരതപര്യടനത്തിന്‍റെ ഭാഗമായി 23,000
അടി വരെ പട്ടാളക്കാര്‍ക്കൊപ്പം യാത്രതുടര്‍ന്നതും ഛര്‍ദ്ദിച്ച് അവശതയനുഭവിച്ചതുമൊക്കെ
പറഞ്ഞുകേട്ടുള്ള അറിവുകളായിരുന്നു. അവര്‍ പോയ ഇടത്തേക്ക് കുറച്ചു സമയം
നോക്കിനിന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്ര മനോഹരമായ ഒരു നിശ്ചല ദൃശ്യം
കണ്ടിട്ടില്ല.നോക്കെത്താ ദൂരം തിബറ്റന്‍ പീഠഭൂമിയാണ്. യാക്കുകള്‍ മേയുന്നിടം.അവിടെ
ഭൂമിയും ആകാശവും ചേരുന്ന മനോഹരമായ കാഴ്ചയ്ക്കൊപ്പമാണ് കടുംനീലയിലുള്ള ഈ നിശ്ചല തടാകം.
ഒരുപക്ഷെ മെഡിറ്റേറ്റ് ചെയ്യാനായി ഇരുന്നാല്‍ പിന്നീട് എങ്ങോട്ടേക്കും പോകേണ്ട
എന്നു തോന്നിയേക്കാം. ജീവിതത്തിന്‍റെ ഓട്ടം വെറും വ്യര്‍ത്ഥമാണ് എന്ന് ഒരു നിമിഷം
നമുളില്‍ തോന്നല്‍ ജനിപ്പിക്കാന്‍ ഇത്തരം ഇടങ്ങള്‍ക്ക് കഴിയും. വടക്കന്‍
സിക്കിമില്‍ പോകുന്ന ഏതൊരാളും ഒരുമാസം ആരുമറിയാതെ, ലോകത്ത് നടക്കുന്ന തമാശകള്‍
കേട്ടറിയാതെ ഇവിടെ തങ്ങിയാലെന്താ എന്നു ചിന്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
വാക്കുകള്‍ക്ക് കോറിയിടാന്‍ കഴിയാത്ത ചില അനുഭവസാക്ഷ്യങ്ങളുണ്ട്. അതിലൊന്നിന്
സാക്ഷ്യം വഹിച്ച് അങ്ങിനെ നിന്നുപോയി, എത്രയോ സമയം.
മടങ്ങും വഴി ഒരു മറച്ചുകെട്ടിയ താത്ക്കാലിക ഷെഡില്‍
നിന്നും ലാംഗ്ഡു ഡീസല്‍ വാങ്ങി വണ്ടിയില്‍ ഒഴിച്ചു. ഈ ഡീസല്‍ എവിടെനിന്നും വരുന്നു
എന്നറിയില്ല. ഏതായാലും നിയമപരമല്ല എന്നു തോന്നുന്നു.മൂന്നുമണിയോടെ ഞങ്ങള്‍
ഹോട്ടലില്‍ മടങ്ങിയെത്തി ഭക്ഷണം കഴിച്ചു.
അവിടെ നിന്നും ലാച്ചുംഗിലേക്ക് പുറപ്പെട്ടു.യാത്രയുടെ ഓരോ നിമിഷവും പകര്‍ത്തേണ്ടതാണെന്നു
തോന്നുന്ന കാഴ്ചകള്‍. രാത്രിയോടെ ഞങ്ങള്‍ ലാച്ചുംഗിലെത്തി. മോഡേണ്‍
ഹോസ്പ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ മോഡേണ്‍ റസിഡന്‍സി താഗ്സിംഗ് റിട്രീറ്റില്‍ മുറിയെടുത്തു.(www.modern-hospitality.com/
M-9474355433) ലാച്ചുംഗ് ഹോട്ടലിയേഴ്സ് ആന്‍റ് ലോഡ്ജേഴ്സ്
ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നല്ല മനോഹരമായ ഹോട്ടല്‍.തിബറ്റന്‍ ആശ്രമത്തിന്‍റെ
രൂപവും അലങ്കാരങ്ങളും. ഒരു ഹോട്ടലാണ് എന്ന് തോന്നുകയില്ല. സസ്യഭക്ഷണമാണ്
തയ്യാറാക്കുക. നിറയെ ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട് ഇവിടെ. സിക്കിമിലെ മിക്ക
വീടുകളിലും ചെടികളുടെ സമൃദ്ധി കാണാം. പ്രധാനമായും ലൂപ്പിനുകളാണ്. ഇവ മാര്‍ച്ച്-ഏപ്രില്‍
മാസങ്ങളില്‍ മനോഹരമായ പൂക്കള്‍ നല്‍കും. രാത്രിയില്‍ പേടിയോടെയാണെങ്കിലും അവിടത്തെ
പ്രാദേശിക മദ്യം വാങ്ങി കഴിച്ചു. ദോല്‍മാ ബാര്‍ ആന്‍റ് ഫാസ്റ്റ് ഫുഡ് എന്ന്
കേട്ടാല്‍ ഗംഭീര ഹോട്ടല്‍ എന്നൊന്നും കരുതണ്ട. വീടിന് മുന്നിലെ വലത് വശത്തെ മുറിയാണിത്.അവിടെ
നിന്നും തോങ്ബാ എന്നും ചാംഗ് എന്നും
വിളിപ്പേരുള്ള തിന വാറ്റ് വാങ്ങി.അത് വില്‍ക്കുന്ന കടയുടമയായ സ്ത്രീ ഡിഗ്രി
ബിരുദമുള്ളവളാണ്. വിവാഹം കഴിഞ്ഞ് ഇവിടെ എത്തിയതുകൊണ്ടാണ് ഇങ്ങനെയായത്, ഇല്ലെങ്കില്‍
സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികിട്ടുമായിരുന്നു എന്നു പറഞ്ഞു. പക്ഷെ അവര്‍ സംതൃപ്തയാണ്.രണ്ട്
കുട്ടികളുണ്ട്. നന്നായി പഠിപ്പിക്കണം. അതിനാണ് തൊഴിലെടുക്കുന്നത്. ഭര്‍ത്താവ്
മദ്യം കഴിച്ചും കസ്റ്റമേഴ്സിനോട് സംസാരിച്ചും രസിച്ചിരിക്കുന്നുണ്ടായിരുന്നു.
ഹോട്ടില്‍ തീകാഞ്ഞും മദ്യപിച്ചും തമാശ പറഞ്ഞും ഞങ്ങള്‍ സമയം കഴിച്ചു.
വെള്ളമൊഴിച്ച് പുളിപ്പിച്ച തിനയിലേക്ക് ചൂട് വെള്ളമെഴിച്ച് ഇളക്കും. അതിന് ശേഷം
മുളംതണ്ട് സ്ട്രാ ഉപയോഗിച്ചാണ് മദ്യം കുടിക്കുക. വലിയ മുളംകുഴലിലാണ് മദ്യം നല്‍കുന്നതും.
സ്ട്രായുടെ മുളംകുഴലിലാര്‍ത്തുന്ന ഭാഗം തിനകടക്കാത്തവിധം സൂക്ഷ്മമായ ദ്വാരമുള്ളതും
ചുണ്ടോട് ചേര്‍ക്കുന്നിടം തുറന്നുമാണിരിക്കുക. രസകരമായ ഒരനുഭവമായിരുന്നു അത്. ഇനി
സീറോ പോയിന്‍റിലേക്ക്. അവിടെ എത്താന്‍ കഴിയുമോ എന്നറിയില്ല. പ്രമോദ് ചോദിച്ചു, “സീറോ പോയിന്‍റിലേക്ക് പോകണമോ അതോ
പടിഞ്ഞാറന്‍ സിക്കിമിലെ പെല്ലിംഗിലേക്ക് പോകണമോ?” ചോദ്യം വന്നാല്‍ വ്യത്യസ്ത അഭിപ്രായവുമുണ്ടാകും.
രാവിലത്തെ മലകയറ്റത്തില്‍ കിടുങ്ങിയവര്‍ക്ക് സീറോ പോയിന്‍റ് വേണ്ട എന്ന
അഭിപ്രായമായിരുന്നു. പിന്നീട് പെല്ലിംഗിലേക്കുള്ള ദൂരം, തിരികെ ഗാഗ്ടോക്കിലേക്കുള്ള
വരവ്, ഇങ്ങനെ പലതും ചര്‍ച്ചയില്‍ വന്നു, ഒടുവില്‍ സീറോ പോയിന്‍റ് എന്നുറപ്പിച്ചാണ് ഉറങ്ങാന്‍ കിടന്നത്.
|
തകര്‍ന്നുകിടക്കുന്ന വഴി |
|
യാത്രാ വഴി |
|
മഞ്ഞിന്‍റെ വരവറിയിക്കുന്ന മലകള്‍ |
|
യാക്കുകള്‍ മേയുന്ന പീഠഭൂമി |
|
ഗുരു ദോംഗ്മാറിലെ ക്ഷേത്രം |
|
തടാകക്കാഴ്ച |
|
തണുത്തുറഞ്ഞ തടാകം |
|
തടാകത്തിലെ ഉരുളന്‍ കല്ലുകള്‍ |
|
നദിയുടെ ഒരു കാഴ്ച |
|
ലാച്ചുംഗ് |
|
നദിക്കാഴ്ച |
|
തോങ്ബാ എന്ന നാടന്‍ മദ്യം |
|
തോംങ്ബായുടെ ലഹരി |
No comments:
Post a Comment