Tuesday, 20 March 2018

Sikkim trip -5

നാഥുല പാസിലേക്കുള്ള വഴി

തേഗു

ഹര്‍ബജന്‍ കുടീരം
 സിക്കിം ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടിഅഞ്ചാം ഭാഗം
ഫോട്ടോ പ്രമോദ്.വി.ആര്‍
2017 നവംബര്‍ 12
 രാവിലെ ഒന്‍പതിന് നാഥുല പാസിലേക്ക് യാത്ര പുറപ്പെട്ടു.തലേദിവസം സെക്യൂരിറ്റി ക്ലിയറന്‍സെല്ലാം പ്രമോദും ലാംഗ്ഡോയും ചേര്‍ന്ന് ശരിയാക്കിയിരുന്നു.ബുധന്‍ മുതല്‍ ഞായര്‍ വരെയാണ് അവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. തലേദിവസം തന്നെ വാഹന വിവരവും യാത്ര ചെയ്യുന്നവരുടെ ഐഡന്‍റിറ്റി കാര്‍ഡ് കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം.200 രൂപയാണ് ഫീസ്. രജിസ്റ്റര് ചെയ്ത ട്രാവല്‍ ഏജന്‍സി കാറുകളെ അനുവദിക്കുകയുള്ളു.എല്ലാം നേരത്തെ ശരിയാക്കിയെങ്കിലും ഒരു കെണി പറ്റി. ഹനുമാന്‍ ടോക്കിനടുത്തുള്ള സെക്യൂരിറ്റി പോയിന്‍റില്‍ വാഹനമെത്തിയപ്പോള്‍ ഐസ് കോരിനീക്കാനുള്ള കോരികയില്ല എന്ന ന്യായം പറഞ്ഞ് സിക്കിം പോലീസുകാരന്‍ വണ്ടി തിരിച്ചുവിട്ടു. യാത്ര മുടങ്ങി എന്നുതന്നെ കരുതിയതാണ്. കൈക്കൂലിയാണോ ലക്ഷ്യമെന്നറിയില്ല. ബെല്‍ച്ചോ എന്നാണ് കോരികയ്ക്ക് സിക്കിം ഭാഷയില്‍ പറയുക. ലാംഗ്ഡോ കുറേ അന്വേഷിച്ചു. ഒരിടത്തും സാധനമില്ല. ഒടുവില്‍ ഒരു വീട്ടില്‍ നിന്നും ബെല്‍ച്ചോ സംഘടിപ്പിച്ചു. സെക്യൂരിറ്റി ക്ലിയറന്‍സിനായി തിരികെ എത്തുമ്പോള്‍ അവിടെ പഴയ പോലീസുകാരന് പകരം മറ്റൊരാള്‍. അയാള്‍ ബല്‍ച്ചോയുണ്ടോ എന്നന്വേഷിച്ചതേയില്ല എന്നതാണ് വിചിത്രം.
10,400 അടി ഉയരമുള്ള കിയോ നോഗ്സുലയിലെത്തിയ ഞങ്ങള്‍ക്ക് ബലം കുറഞ്ഞ മണ്ണും പാറയും ഇടിഞ്ഞു വീഴുന്ന മലകള്‍ കണ്ടുള്ള യാത്ര ഒരു പ്രത്യേകാനുഭവമായിരുന്നു.പതിനാലാം മൈല്‍ ജെ.എന്‍.റോഡിലെ മാന്‍സുന്‍ വിസിറ്റേഴ്സ് കഫെയില്‍ നിന്നും ചായ കുടിച്ചു.തിരികെ വരുമ്പോള്‍ കഴിക്കാന്‍ ഉച്ചഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഭക്ഷണം കിട്ടില്ല. ചോറും മുട്ടക്കറിയും. നല്ല വൃത്തിയുള്ള കഫെ.(pemalama@gmail.com, M-9434410326) അവിടെനിന്നും 1500 രൂപയ്ക്ക് ഒരു ഓവര്‍കോട്ടും 300 രൂപയ്ക്ക് കൈയ്യുറയും വാങ്ങി. മഞ്ഞിന്‍റെ പേരുപറഞ്ഞ് സിക്കിം പോലീസുകാരന്‍ നേരത്തെ പേടിപ്പിച്ചതിനാലാണ് ഇതൊക്കെ വാങ്ങിയത്. തീരെ മരങ്ങളില്ലാത്ത ആ ഉയരത്തിലും ഒരാല് തല ഉയര്‍ത്തി നില്ക്കുന്നു. സിമന്‍റ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ പോലും സ്ഥാനമുറപ്പിക്കാന്‍ കഴിയുന്ന ആലിന് ഇത് വല്ലതും പ്രയാസമുള്ള കാര്യമാണോ എന്നും ഓര്‍ത്തു.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ലാന്‍ഡ് ഓഫ് മിസ്റ്റിക് ബ്യൂട്ടി എന്ന പേര് സാര്‍ത്ഥകമാക്കുന്ന കാഴ്ചകളാണ് എവിടെയും. സബ് ട്രോപ്പിക്കല്‍ വനങ്ങളും ടെമ്പറേറ്റ് ഇടങ്ങളും നനഞ്ഞു വരണ്ട ആല്‍പ്പൈന്‍ കാലാവസ്ഥയും കടന്ന് ഒടുവില്‍ സസ്യങ്ങളില്ലാത്ത തണുത്ത തുണ്ട്ര പ്രദേശത്തെത്തുന്നു. വഴിയില്‍ റോഡോ ഡെന്‍ഡ്ഡരണ്‍ ഉള്പ്പെടെ പരിചിതമല്ലാത്ത ചെടികള്‍. ഒറ്റപ്പെട്ട് ചില പക്ഷികള്‍. ജീവിക്കാന്‍ അനുയോജ്യമല്ലാത്ത ഇടം എന്ന് ജീവജാലങ്ങള്‍ മനസിലാക്കുന്ന ഇടത്തേക്കാണ് യാത്ര. പട്ടാളവും നാടോടികളായ ഡോക്പാസ്സും മാത്രമെ ഇവിടെ തണുപ്പുകാലത്ത് ഉണ്ടാവുകയുള്ളു. യാക്കും ചെമ്മരിയാടും പഷ്മിന ആടുകളും അവിടവിടെയായി കാണാം.
സിക്കിമിനെയും തിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയന്‍ പാതയാണ് നാഥുലാ ചുരം. അതിര്‍ത്തി റോഡ് ഓര്ഗനൈസേഷന്‍ നിര്‍മ്മിച്ച നല്ല റോഡാണ് നാഥുലയിലേക്കുള്ളത്. ചരിത്ര പ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാര്‍ഗ്ഗത്തിന്‍റെ ഭാഗമാണിത്. ഗാംഗ്ടോക്കില്‍ നിന്നും 56 കിലോമീറ്റര്‍ മാറിയാണ് നാഥുല. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്നും 4310 മീറ്റര്‍( 14,140 അടി) ഉയരത്തിലാണ് നാഥുല.ശീതകാലത്ത് -25 ഡിഗ്രി വരെയെത്തി ഇവിടം തണുത്തുറയും. ചൂടുകാലത്ത് 15 ഡിഗ്രിവരെ മാത്രമെ ചൂടുണ്ടാവൂ. തിബറ്റിലെ ലാസയിലേക്ക് ഇവിടന്നുള്ള ദൂരം 550 കിലോമീറ്ററാണ്. കൈലാസ യാത്രയുടെ ഭാഗമായി നാഥുല കടക്കുന്നത് എളുപ്പമാര്ഗ്ഗമായിരുന്നു. എന്നാല് 2017 ജൂണിലെ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് ചൈന ആ വഴി അടച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ മൂന്ന് തുറന്ന വ്യാപാര പോസ്റ്റുകളാണ് ഉള്ളത്. ഹിമാചലിലെ ഷിപ്കിലയും ഉത്തരാഘണ്ഡിലെ ലിഫുലേഖുമാണ് മറ്റ് രണ്ടിടങ്ങള്‍. നാഥുല 1962 ല്‍ യുദ്ധത്തെ തുടര്‍ന്ന് അടയ്ക്കുകയും 2006ല്‍ ഭാഗികമായി തുറക്കുകയുമാണ് ചെയ്തത്.സാധാരണയായി വ്യാപാരം നടക്കുന്ന സമയം ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയാണ്. അതും തിങ്കള്‍ മുതല്‍ വ്യാഴം വരെ. കച്ചവടക്കാരുടെ എക്സൈസ് കസ്റ്റംസ് പരിശോധന നടക്കുന്ന ഇടമാണ് ഷെറാതാംഗ്. ചൈനയിലും നാഥുലയ്ക്കപ്പുറം ഒരു പരിശോധന കേന്ദ്രമുണ്ട്, റിന്‍ക്വിന്‍ഗാംഗ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍റര്‍നെറ്റ് കഫെ ഷെറാതാംഗിലാണുള്ളത്.ഇവിടം സമുദ്രനിരപ്പില്‍ നിന്നും 13,500 അടി ഉയരത്തിലാണ്.  ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള എടിഎമ്മും നാഥുലയിലാണ്. തെഗുവിലെ യുടിഐ ബാങ്ക് എടിഎം നില്‍ക്കുന്നത് 13,200 അടി ഉയരത്തിലാണ്. ലേയിലെ എസ്ബിഐ എടിഎമ്മിന്‍റെ  ഉയരം 11,500 അടി മാത്രമാണ് എന്നോര്‍ക്കുക.
ലാസ മുതല്‍ ബംഗാള്‍ വരെ 563 കിലോമീറ്ററാണ് സില്‍ക്ക് പാത. 1815 ല്‍ സിക്കിമും നേപ്പാളും ഭൂട്ടാനും ബ്രിട്ടന്‍ അധീനപ്പെടുത്തിയതോടെ ഈ ഭാഗത്തുകൂടിയുള്ള വ്യാപാരം മെച്ചപ്പെട്ടു. 1894 ല്‍ സിക്കിമും തിബറ്റും വ്യാപാരക്കരാര്‍ ഒപ്പിട്ടു. 1903-4 ല്‍  റഷ്യയെ പ്രതിരോധിക്കാന്‍ ബ്രട്ടീഷുകാര്‍ തിബറ്റിലെത്തിയതും നാഥുല വഴിയായിരുന്നു.1947 ല്‍ സിക്കിം ഇന്ത്യയ്ക്കൊപ്പം ചേരാന്‍ വിസമ്മതിച്ചെങ്കിലും ഇന്ത്യ അവര്‍ക്ക് പ്രത്യേക പദവി നല്‍കി ഇന്ത്യന്‍ പട്ടാളത്തെ രാജ്യ സംരക്ഷണത്തിന് അതിര്‍ത്തിയില്‍  നിയോഗിച്ചു. ഈ കാലത്ത് 1000 കോവര് കഴുതകളുമായി 700 വ്യാപാരികള്‍ കച്ചവടം നടത്തി വന്നിരുന്നു. 1949ലാണ് സിക്കിമിലുണ്ടായിരുന്ന ചൈനക്കാരെ രാജ്യം പുറത്താക്കിയത്. അധികം കഴിയും മുന്‍പ് 1950ല്‍ ചൈന തിബറ്റ് കൈയ്യടക്കി. 1959ല്‍ ചൈനയെ പ്രതിരോധിച്ച് പരാജയപ്പെട്ട തിബറ്റന്‍ അഭയാര്ത്ഥികളുടെ വന്‍ ഒഴുക്കുണ്ടായതും നാഥുല വഴിയായിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധം വലുതായി ഈ പ്രദേശത്തെ ബാധിച്ചില്ല , എന്നാല്‍  1967 സെപ്തംബര്‍ 7 മുതല്‍ 13 വരെയുണ്ടായ  ഏറ്റുമുട്ടലില്‍ അനേകം ജവാന്മാര്‍ വീരമൃത്യു വരിച്ചു.ഇവരുടെ വിവരങ്ങള്‍ അതിര്‍ത്തി ഗേറ്റിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. 1975ലാണ് അനേക നാളത്തെ ചര്‍ച്ചകളുടെ ഒടുവില്‍ സിക്കിം ഇന്ത്യയുടെ ഭാഗമായി തീര്‍ന്നത്.
 പ്രതിരോധ വകുപ്പിന്‍റെ പ്രത്യേക അനുമതിയുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ വാഹനം അതിര്‍ത്തിയിലെ കെട്ടിടം വരെയെത്തി.  കരിയപ്പ ലൌഞ്ചിലൂടെ കയറി അതിര്‍ത്തി വേലിയിലെത്തി. ഓക്സിജന്‍ കുറവുള്ള വായു ആയതിനാല്‍ തിരക്കിട്ട് നടക്കുന്നത് അപകടമാണ്. അനേകം പേര്‍, പ്രായം ചെന്നവര്‍ ഉള്‍പ്പെടെ , പടികയറി വരുന്നുണ്ടായിരുന്നു. അടിസ്ഥാനം മാത്രം കെട്ടിയിരിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി. അവിടെ എതിര്‍വശത്ത് നില്ക്കുന്ന തോക്കുധാരിയായ ചൈനീസ് പട്ടാളക്കാരന്‍ പൊക്കം കുറഞ്ഞ് വെളുത്ത സുന്ദരനാണ്. അയാള്‍ വളരെ സന്തോഷത്തിലാണ്.അതിര്‍ത്തി കാണുന്ന ഇന്ത്യക്കാരുടെ വീഡിയോ അയാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് അതിര്‍ത്തി കാത്ത് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഹിമാചലുകാരന്‍ സുനില്‍ കുമാര്‍, രാജസ്ഥാനിലെ മഹേന്ദ്രസിംഗ് തുടങ്ങിയവരായിരുന്നു. ഐസ് കോരികയ്ക്ക് നിര്‍ബ്ബന്ധിച്ച പോലീസുകാരനെ ഓര്‍ത്ത് ചിരിക്കാനാണ് തോന്നിയത്. ഐസ് പോയിട്ട് മഞ്ഞിന്‍റെ സാധ്യതപോലും എങ്ങുമില്ല. എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ സാഹചര്യം മാറാം എന്ന് സുനില്‍കുമാര്‍ പറഞ്ഞു. പൂര്‍ണ്ണമായും മഞ്ഞ് മൂടുമ്പോഴും ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടി വരുന്ന പട്ടാളക്കാരെ ഓര്‍ത്തപ്പോള്‍ സങ്കടവും ഒപ്പം അഭിമാനവും തോന്നി. അതിര്‍ത്തികളോടുള്ള ഇഷ്ടമില്ലായ്മയും മനസിലുണ്ടായി. അതിരുകള്‍ ഇല്ലാതാകുന്ന കാലം വെറും സങ്കല്പ്പം മാത്രമാണല്ലൊ എന്നോര്‍ക്കുകയും ചെയ്തു. നാഥുലയ്ക്ക് പുറമെ ജലെപ് ലാ, ചോ ലാ, താങ് ലാ എന്നീ വഴികളും കിഴക്കു ഭാഗത്തുണ്ട്. ദോംകിന, കോംഗ്രലാമു,നബേയു എന്നിവ വടക്കും കംഗല നാംഗ്മ, ചിയ ഭാംജിയാംഗ് എന്നിവ പടിഞ്ഞാറും അതിര്‍ത്തി തുറക്കുന്ന വഴികളാണ്.
അവിടെ നിന്നും മടങ്ങി നതാങ്ങ് താഴ്വരയും തേഗുവും കടന്ന്  ബാബാ ഹര്‍ബജന്‍ കുടീരത്തിലെത്തി . 1946 ആഗസ്റ്റ് 30ന് ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ ഗുജ്റന്‍ വാലയിലെ സഹ്രാന ഗ്രാമത്തിലാണ് ഹര്‍ബജന്‍ ജനിച്ചത്. 1966 ഫെബ്രുവരി 9ന് പഞ്ചാബ് റജിമെന്‍റില്‍ നിയമനം ലഭിച്ചു. 1968ല്‍ കിഴക്കന്‍ സിക്കിമിലെ 23 പഞ്ചാബ് റജിമെന്‍റില്‍ ജോലി നോക്കി വരവെ ഒക്ടോബര്‍ 4 ന് അന്തരിച്ചു. തുക്കു ലെയില്‍ നിന്നും ഡോംഗ്ചുയി ലെയിലേക്ക് കോവര്‍കഴുതകളുടെ കൂട്ടത്തിന് അകമ്പടി പോകുമ്പോള്‍ ഹര്‍ബജന്‍ ഒരു കുത്തൊഴുക്കുള്ള തോട്ടില്‍ വീണു പോവുകയും 2 കിലോമീറ്ററോളം ദൂരം താണ്ടി മരണപ്പെടുകയുമായിരുന്നു. കാലം കടന്നുപോകെ മറ്റൊരു സെപ്പോയിക്ക് ഹര്‍ബജന്‍റെ സ്വപ്ന ദര്‍ശനമുണ്ടാവുകയും തനിക്കൊരു സമാധി വേണം എന്നാവശ്യപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം.ഇപ്പോള്‍ കുടീരം നില്‍ക്കുന്നിടത്തു നിന്നും ഏകദേശം 9 കിലോമീറ്റര്‍ ദൂരെയായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. പിന്നീട് സന്ദര്‍ശകരുടെ സൌകര്യാര്ത്ഥം ഇങ്ങോട്ട് മാറ്റുകയായിരുന്നു. വലിയ ദേശീയ പതാകയും  അതിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്.തുറന്ന ഇടത്ത് കാറ്റ് തട്ടി പതാക പാറിക്കളിക്കുന്നത് മനോഹരകാഴ്ചയാണ്.  ദേശഭക്തി ഗാനങ്ങളും ആലപിക്കുന്നുണ്ടായിരുന്നു.ഇവിടെ പൂജ ചെയ്ത് തിരിച്ചെടുക്കുന്ന ജലം 21 ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ കുടിക്കുന്നയാളിന്‍റെ രോഗം മാറും എന്നൊരന്ധ വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഈ സമയം രോഗിയുടെ ബന്ധുക്കളെല്ലാം സസ്യഭുക്കുകളായിരിക്കണമത്രെ. ധാരാളം പേര്‍ ജലം പൂജ ചെയ്യുന്നതായി കണ്ടു. അവിടെ സിക്കിമിന്‍റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന മൊമന്‍റോകളും വാങ്ങാന്‍ കിട്ടും. എല്ലാവരും ഓര്‍മ്മയ്ക്കായി ഓരോ സാധനങ്ങള്‍ വാങ്ങി. ഞാന്‍ നേപ്പാളികളുടെ പരമ്പരാഗത കത്തിയായ കുഫ്രിയുടെ മാതൃകയുള്ള കീചെയിനാണ് വാങ്ങിയത്. അത് മടക്കയാത്രയില്‍ കൈയ്യില്‍ കൊണ്ടുവന്ന ബാഗിലായിരുന്നു. അത് പോലീസുകാര്‍ വാങ്ങിവച്ചു. ജവാന്‍റെ സ്മാരകത്തില്‍ നിന്നും ഞങ്ങള്‍ സോംഗ്മോ തടാകത്തിലെത്തി. വളരെ മനോഹരമായ തടാകമാണ്. അവിടെ യാക്കുകളുടെ കൂട്ടം. യാക്ക് സവാരി വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരിനമാണ്.യാക്കിന്‍റെ മുതുകില്‍ കയറി ചിത്രമെടുക്കാന്‍ അന്‍പത് രൂപയും യാത്രയ്ക്ക് ദൂരപരിധി അനുസരിച്ച് നൂറു രൂപ മുതല്‍ മുകളിലേക്കുമാണ് ഈടാക്കുന്നത്. ഞങ്ങള്‍ കയറിയ യാക്കിന്‍റെ ഉടമ ഗോപി ന്യൂസെ വളരെ സന്തോഷത്തിലായിരുന്നു. ഇന്ന് ടൂറിസ്റ്റുകള്‍ ഏറെയുണ്ട്, ബസിനസ് മോശമല്ല എന്ന് ന്യൂസെ പറയുകയുണ്ടായി.അവിടെ നിന്നും കാഴ്ചകളുടെ പൊലിമയില്‍ ഒരു മടക്കയാത്ര. ആറുമണിക്ക് തിരികെ എത്തി. 
ദേശീയ പതാക 

നതാങ് താഴ്വര

സോംഗ്മോ തടാകം 

സോഗ്മോ തീരത്ത്  യാക്ക് സവാരിയില്‍

No comments:

Post a Comment