Saturday, 18 June 2016

Rulers of ancient Kerala

കേരളത്തിലെ ആദ്യകാല  ഭരണരീതി
സംഘടിത ഭരണകൂടം ആദ്യമുണ്ടായത് മുല്ലൈ  പ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടത്തെ മേച്ചില്‍ സ്ഥലത്തെ ഉത്സാഹിയും നായകസ്ഥാനം  വഹിക്കുന്നവനുമായ പശുപാലന്‍ , അടുത്തുള്ള കൃഷിപ്രദേശത്തു നിന്നും കന്നാലികളെ  തട്ടിക്കൊണ്ടുപോരാന്‍  കൂട്ടുകാരെ പ്രേരിപ്പിക്കുകയും അവര്‍ക്ക്  നേതൃത്വം  നല്‍കുകയും ചെയ്തു. ഈ കന്നാലി മോഷണം ഒരു യുദ്ധത്തിന് ഇടയാക്കി. അപ്പോള്‍  രണ്ടു കൂട്ടരും തങ്ങളുടെ നേതാക്കന്മാരെ യുദ്ധത്തിനായി തെരഞ്ഞെടുത്തു. ജയിച്ച കക്ഷിയുടെ നേതാവ് 'കോ(നായകന്‍)'നായി തീര്‍ന്നു.തുടര്‍ന്ന് ഇടയ സംഘത്തിന്‍റെ എതിരില്ലാത്ത നേതാവ് കൂടുതല്‍ കന്നാലി മോഷണത്തിനു തയ്യാറാകുന്നു. ഇങ്ങനെ പരിചയ സമ്പന്നനായ യുദ്ധകാല നേതാവ് സമാധാന കാലത്തും നേതാവായി തുടര്‍ന്നു. ഈ വിധത്തില്‍ അയാള്‍ക്ക്  രാജത്വം  അഥവാ കോയ്മ സ്ഥാപിക്കപ്പെട്ടു.
വേട്ടക്കാര്‍ ധാരാളമുള്ള മലമ്പ്രദേശങ്ങളിലും  വന്യമൃഗങ്ങള്‍ക്കെതിരെ നായാട്ടു സംഘത്തെ നയിക്കുന്ന നായാടി നേതാവ്, നിഷ്പ്രയാസം സ്വന്തം സമൂഹത്തിന്‍റെ ആജ്ഞാപകനായി തീര്‍ന്നു. ചേരന്‍റെ രാജകീയ ചിഹ്നം വില്ലാണ് എന്നതിനാല്‍ അവരുടെ പൂര്‍വ്വസൂരികള്‍  നായാടികളായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. നേതാവായ 'കോന്‍' ഇടയന്‍റെ കോല്‍ അല്ലെങ്കില്‍ നായാടിയുടെ അമ്പ് നേതൃഛിഹ്നമായി വഹിച്ചിരുന്നു.
മലമ്പ്രദേശങ്ങളിലെയും വനപ്രദേശങ്ങളിലെയും കൂടുതല്‍ അക്രമാസക്തരായ ജനങ്ങള്‍ ,ശാന്തി നിറഞ്ഞ ഗ്രാമങ്ങള്‍ ആക്രമിച്ചു  കീഴടക്കിയതിനു ശേഷം പരിഷ്കൃത ജനസമുദായങ്ങള്‍  സാധാരണയായി  പാര്‍ത്തുവന്ന ഫലപുഷ്ടിയുള്ള  നദീമുഖ  പ്രദേശങ്ങളിലേക്ക് രാജവാഴ്ച  വ്യാപിച്ചു. ദ്രാവിഡര്‍ പഞ്ചാബില്‍ നിന്നും പടിഞ്ഞാറെ തീരം വഴി ദക്ഷിണേന്ത്യയില്‍ പ്രവേശിച്ചുവെന്നു കരുതുന്നു. അവര്‍ ആദ്യം ചേര രാജ്യവും പിന്നീട് ചോള-പാണ്ഡ്യ രാജ്യങ്ങളും  സ്ഥാപിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. മലനാട് ഭരിച്ച ചേരന്മാരെ വാനവര്‍ എന്നും നായാടികളായവരെ വില്ലവര്‍ എന്നും പടിഞ്ഞാറു ദേശക്കാരെ കുടവര്‍ അഥവാ കുട്ടുവര്‍ എന്നും മലമ്പ്രദേശം ഭരിച്ചവരെ പൊറൈയര്‍ എന്നും പൂഴിനാട് ഭരിച്ചവരെ  പൂഴിയര്‍ എന്നും വിളിച്ചു വന്നു.രാജാവിന്‍റെ  വസതിയും ക്ഷേത്രവും കോവിലെന്നാണ് അറിയപ്പെട്ടത്. സ്ഥിരമായ യശസ്സു നേടിയ അധികാരിയാണ് മന്നന്‍. മഹത്വവും വലിപ്പവും കൂടിയ അധികാരിക്ക് കിരീടമുണ്ടാകും. കിരീടമുള്ളവനാണ് വേന്തന്‍. പരമ്പരാഗത രാജത്വമായിരുന്നു സംഘകാലത്ത് നിലനിന്നത്. നാടുവാഴിയുടെ മൂത്തപുത്രന്‍ പിന്‍തുടര്‍ച്ചക്കാരനായി വരുന്ന ഈ സമ്പ്രദായത്തെ മുറൈ മുതല്‍ കട്ടില്‍ എന്നു പറഞ്ഞു വന്നു.
ചേരരാജാവായ ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍റെ രണ്ടു പുത്രന്മാരില്‍ ഇളയവന്‍ (ഇളങ്കോ) സിംഹാസനാരൂഢനാകുമെന്ന് ജോത്സ്യന്‍   പ്രവചിച്ചപ്പോള്‍  സ്വന്തം അവകാശം നിഷേധിക്കപ്പെടുന്നുവെന്നു കണ്ട് ചെങ്കുട്ടുവന്‍ രോഷാകുലനായതായി  എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ രാജ്യാവകാശിയായ ജ്യേഷ്ഠന്‍റെ തെറ്റിദ്ധാരണ ഒഴിവാക്കാനായി അനുജന്‍ അവധൂതനായി മാറുകയും പില്‍ക്കാലത്ത് ഇളങ്കോവടികള്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും ചെയ്തു എന്നതും ചരിത്രം. കിരീടാവകാശിയായ രാജകുമാരന്‍ കോമകന്‍ എന്നും ഇളയയാള്‍ ഇളങ്കോ ,ഇളഞ്ചെഴിയന്‍,ഇളഞ്ചേരന്‍,ഇളങ്കോശന്‍,ഇളവെളിമാന്‍,ഇളവിച്ചിക്കോന്‍ തുടങ്ങിയ പദവികളിലും അറിയപ്പെട്ടു. അവര്‍ സ്ഥാനപതി ചുമതലയാണ് വഹിച്ചിരുന്നത്. പിന്‍തുടര്‍ച്ചാവകാശത്തിന് തായം എന്നായിരുന്നു പറഞ്ഞുവന്നത്.
ഏതെങ്കിലും അസാധാരണമായ അപായംമൂലം സിംഹാസനം ഒഴിഞ്ഞു കിടക്കുകയും അതിലേക്ക് യോഗ്യരായ അവകാശികള്‍ ഇല്ലാതെ വരികയും ചെയ്താല്‍ പൌരമുഖ്യന്മാരും മുമ്പേ ഉണ്ടായിരുന്ന മന്ത്രിമാരും മറ്റുള്ളവരും ചേര്‍ന്ന് പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതിന് ഒരു വിചിത്രമായ  സമ്പ്രദായം സ്വീകരിച്ചിരുന്നു. ഒരു ആനയെ ഒരുക്കി അതിന്‍റെ തുമ്പിക്കൈയില്‍ ഒരു മാലയും കൊടുത്ത് നാടുചുറ്റാന്‍ വിടുകയും ആനയുടെ ഇഷ്ടം പോലെ ഏതെങ്കിലും  ഒരുവന്‍റെ കഴുത്തില്‍ മാലയിട്ട് കൂട്ടിക്കൊണ്ടു വരുകയും അയാളെ ഈശ്വരഹിതപ്രകാരമുള്ള രാജാവായി കരുതിപ്പോരുകയുമായിരുന്നു  പതിവ്. ചോളരാജാവായ കരികാലന്‍ ഈ വിധത്തില്‍ രാജാവാക്കപ്പെട്ട ആളാണ്.
ഇടയ്ക്കിടെ നിശ്ചയിക്കുന്ന പ്രത്യേക സന്ദര്‍ഭങ്ങളിലല്ലാതെ ദക്ഷിണേന്ത്യയിലെ രാജാക്കന്മാര്‍ പൊതുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതും രാജ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ജനങ്ങള്‍ക്ക്  കൂടെക്കൂടെ കാണാന്‍ അവസരം നല്‍കിയാല്‍ രാജാക്കന്മാരുടെ മാന്യത നഷ്ടമാവുകയും അവര്‍ക്കുള്ള പ്രത്യേകാധികാരങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യുമെന്ന് അവര്‍ വിചാരിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ മുണ്ടുമാത്രവും ഭേദപ്പെട്ടവര്‍ മുണ്ടിനു പുറമെ തോളത്തുകൂടി രണ്ടാംമുണ്ടും  ധരിച്ചു. ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മേല്‍മുണ്ടു ധരിച്ചിരുന്നു. അവരാണ് കഞ്ചുക മുതല്‍വര്‍. രാജകല്‍പ്പനകള്‍ അതുല്യ വിളംബരങ്ങളായിരുന്നു. അതിന് രണ്ടാമതായോ വിരുദ്ധമായോ  യാതൊരുത്തരവും സാധ്യമായിരുന്നില്ല. മഴയും യോഗികളുടെ തപസ്സും കന്യകമാരുടെ ചാരിത്ര്യവും രാജാവിന്‍റെ ധാര്‍മ്മിക ഭരണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. രാജാവിന്‍റെ ചുമതലകള്‍ ദുര്‍വ്വഹവും മിക്കവാറും കൃതജ്ഞതാശൂന്യവുമായിരുന്നു. കിരീടമണിഞ്ഞ തലയ്ക്ക്  സ്വൈര്യമില്ല എന്ന് അന്നും പറയുമായിരുന്നു. രാജാവിന്‍റെ ജന്മദിനം ദാനകര്‍മ്മങ്ങളാല്‍ സജീവമായിരുന്നു. സ്വര്‍ണ്ണക്കട്ടികൊണ്ട് രാജാവിനു  തുലാഭാരം  നടത്തുകയും ആ സ്വര്‍ണ്ണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ജ്ഞാനസമ്പാദനം,യാഗാനുഷ്ഠാനം,സമ്മാനദാനം,പ്രജാസംരക്ഷണം,ദുഷ്ടന്മാരെയും  കുറ്റവാളികളെയും ശിക്ഷിക്കല്‍ എന്നിവയായിരുന്നു രാജാവിന്‍റെ  അടിസ്ഥാന കര്‍ത്തവ്യങ്ങള്‍. പുത്രകമേഷ്ടിയെന്ന  വൈദികയാഗം നടത്തിയതിനാല്‍  ചേരന്‍ പെരുഞ്ചേരല്‍  ഇരുമ്പൊറയ്ക്ക് രാജ്യാവകാശിയായി  ഒരു പുരുഷസന്താനം ജനിച്ചതായും  പറയപ്പെടുന്നുണ്ട്.
രാജാവ് സൂര്യോദയത്തില്‍  വാദ്യഘോഷത്തോടൊപ്പം വന്ദികളുടെ  സ്തുതിഗീതം കേട്ട്  ഉണരും. പിന്നീട് അദ്ദേഹം അന്നത്തെ കാര്യക്രമം  നിശ്ചയിക്കും. പ്രഭാതകൃത്യങ്ങള്‍  കഴിഞ്ഞ് കുറച്ചു സമയം ഈശ്വര ധ്യാനത്തില്‍ കഴിയും. രാജാവ് അതിഥികളെ ആര്‍ഭാടപൂര്‍വ്വം സല്‍ക്കരിക്കുകയും അവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ അവര്‍ക്കൊപ്പം മദ്യമാംസാദികള്‍  രുചിയോടെ കഴിച്ച് ഉല്ലസിക്കുകയും പതിവായിരുന്നു. കഞ്ഞി പിഴിഞ്ഞുണക്കിയ കട്ടികൂടിയതും  തിളങ്ങുന്നതുമായ മിനുത്ത വസ്ത്രങ്ങളാണ് രാജാവ് ധരിച്ചിരുന്നത്. രാത്രികാലത്ത് മദ്യപാനം,നൃത്തശാലയിലെ  നൃത്ത-നാടകങ്ങള്‍ ,സ്ത്രീസേവ എന്നിവയായിരുന്നു പരിപാടികള്‍.

അമ്പും വില്ലും കവണയും ഉപയോഗിച്ചായിരുന്നു അന്നത്തെ നായാട്ട്. ആടുകളുടെ അടുത്തുനിന്നും കുറുക്കനെ തുരത്താന്‍ ഇടയന്മാര്‍ ശക്തിയായി ചൂളമിടുമായിരുന്നു.ഓരി എന്ന നാടുവാഴി പ്രഭുവിന് ഒരു വലിയ വില്ലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ വന്‍വില്‍ ഓരി  എന്നാണറിയപ്പെട്ടിരുന്നത്. ഒറ്റയമ്പിന് ആനയെയും കടുവയെയും മാനിനെയും കരടിയെയുമൊക്കെ കൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ആന നായാട്ടില്‍ പ്രത്യേക പരിശീലനം കിട്ടിയവരായിരുന്നു വേങ്കടം പ്രഭുക്കന്മാരെന്നും ചരിത്രം പറയുന്നു. 

Friday, 17 June 2016

Kerala konginis

കേരളത്തിലെ  കൊങ്ങിണികള്‍
-          വി .ആര്‍.അജിത് കുമാര്‍
മലബാറിലെ ബ്രാഹ്മണര്‍ രണ്ടു തരമായിരുന്നു. കച്ചവടത്തിനു വന്ന്  കുറേക്കാലം തങ്ങി മടങ്ങുന്ന പട്ടന്മാരും സ്ഥിരതാമസക്കാരായ  കൊങ്ങിണിമാരും. അവര്‍ക്ക് നാട്ടുകാരായ നമ്പൂതിരിമാരെയും ബ്രാഹ്മണരെയും പുച്ഛമായിരുന്നു. അവര്‍ക്ക് ഭരണകാര്യത്തില്‍ പങ്കുണ്ടായിരുന്നില്ല. കച്ചവടവും ചരക്കുകളുടെ ഉള്‍നാടന്‍ ഗതാഗതവും അവര്‍ നടത്തിവന്നു. കൊല്ലം,കൊച്ചി,തൃശൂര്‍,പൊന്നാനി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു കച്ചവടം നടത്തി വന്നു. ഇവര്‍ക്ക്  ക്ഷേത്രങ്ങളില്‍ ഭക്ഷണം സൌജന്യമായിരുന്നു. പകരം ക്ഷേത്രശുചീകരണത്തില്‍ സഹകരിക്കണമെന്നായിരുന്നു നിബന്ധന. സാധനങ്ങള്‍ ചുമക്കുന്നതിന് സ്വജാതിയില്‍പെട്ട  പാവപ്പെട്ടവര്‍ക്ക് മാത്രമെ ഇവര്‍ അവസരം നല്‍കിയിരുന്നുള്ളു. പട്ടന്മാര്‍ പല വിഭാഗങ്ങളായി  ജീവിക്കുകയും പരസ്പ്പരം വിവാഹമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്തു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൊങ്ങിണികള്‍  നല്ല ബന്ധത്തിലായിരുന്നു. അരി,പഴങ്ങള്‍,ലിനന്‍ തുടങ്ങിയവയുടെ കച്ചവടവും പണവിനിമയവും ഇവര്‍ നടത്തിവന്നു. തീരദേശത്താണ് ഇവര്‍ കുടിപാര്‍ത്തത്. കാഴ്ചയ്ക്ക് നല്ല ചന്തമുള്ളവരായിരുന്നു കൊങ്ങിണികള്‍. സുന്ദരികളായ സ്ത്രീകള്‍ സ്വര്‍ണ്ണമാല, കമ്മല്‍,മൂക്ക് കമ്മല്‍ എന്നിവ ധരിച്ചുവന്നു. ഇതില്‍ വില കൂടിയ കല്ലും പേളും അണിയുകയും ചെയ്തു. വളകള്‍ക്ക് പുറമെ ഒരു കാലില്‍ വെള്ളി വളയും ഇവര്‍ ചൂടി വന്നു. മുടി ചുറ്റി വശത്തു കെട്ടി പൂമാല വയ്ക്കുകയും ലിനന്‍ /സില്‍ക്ക് തുണി ചുറ്റി തോളിലൂടെ എടുത്ത് മുന്നില്‍ കുത്തുകയും ചെയ്യുന്നതായിരുന്നു വസ്ത്രധാരണ രീതി. പുരുഷന്മാര്‍ മുണ്ടു ധരിക്കുകയും കൈവളയും കമ്മലും ഇടുകയും  ചെയ്തു. തല ഷേവ് ചെയ്ത് ഉച്ചിമുടി ഉറുമാലുകൊണ്ടോ ബാന്‍ഡ് കൊണ്ടോ കെട്ടി വച്ചിരുന്നു. ഗോവയ്ക്കും ബോംബെയ്ക്കുമിടയിലുള്ള ഉയര്‍ന്ന പ്രദേശത്തു നിന്നു വന്നവരായിരുന്നു കൊങ്ങിണികള്‍. പോര്‍ച്ചുഗീസുകാര്‍ ഇവരില്‍ പലരെയും  ബലമായി  ക്രിസ്ത്യനികളാക്കിയിരുന്നു. കുട്ടികളെ ബലമായി മാമോദീസ മുക്കിയിരുന്നു.എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ സമീപനമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ബ്രിട്ടീഷ് ടൌണിനും കോട്ടയ്ക്കുമടുത്തായിരുന്നു കൌങ്ങിണികള്‍ താമസിച്ചിരുന്നത്. യൂറോപ്പുകാര്‍ വൃത്തിഹീനരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം തീറ്റിയും കുടിയുമുണ്ടായിരുന്നില്ല. തെറ്റുകള്‍ക്ക് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് ജയിലിലാകുന്നവര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുമായിരുന്നില്ല. വെറ്റിലയും തേങ്ങയും മാത്രം കഴിച്ചു. സൂര്യനസ്തമിക്കും മുന്‍പ് ന്യായാധിപന്‍റെ സാര്‍ജന്‍റിനൊപ്പം പുറത്തുവന്ന് കുളിച്ച് വസ്ത്രം മാറി കൂട്ടുകാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് മടങ്ങുവാനും ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു.
വൈഷ്ണവരും ശൈവരും എന്ന് രണ്ടു തരം കൊങ്ങിണികളുണ്ട്. ശൈവര്‍ രണ്ട് ചന്ദനക്കുറികള്‍ തൊടുമെന്നതാണ് വ്യത്യാസം. ബഹുപത്മീകത്വം ശൈവര്‍ക്ക് അനുവദനീയമായിരുന്നില്ല. പുത്രിയെ എട്ട്-ഒന്‍പത് വയസ്സില്‍ വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. പത്ത് കഴിഞ്ഞാല്‍ വിവാഹം പ്രയാസമാണ്. പൂജാരിയും മാതാപിതാക്കളും വളരെ നേരത്തെ തന്നെ  വരനെ അന്വേഷിച്ചു തുടങ്ങും. പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് വിലവയ്ക്കാറില്ലായിരുന്നു. വധൂവരന്മാരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ പയ്യനും കൂട്ടരും വീട്ടില്‍ വന്ന് പെണ്ണു ചോദിക്കും. മകളെ തരുമോ എന്നാണ് ചോദ്യം. ഉത്തരം അനുകൂലമായാല്‍ അവനെ ആനയിച്ച് ഒരു കുടിലില്‍ ഇരുത്തും. എന്നിട്ട് കൈയ്യില്‍ സ്ത്രീധനമായ പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കൊടുത്ത് വീട്ടിലേക്ക് ആനയിക്കും. രണ്ടു പേരെയും തമ്മില്‍ വേര്‍തിരിക്കുന്നത്  ഒരു വെള്ളമുണ്ടിന്‍റെ മറയാണ്. അവളെ അവിടെയിരുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ പേരും മാതാപിതാക്കളുടെ പേരും ദേശപ്പേരും പറയും. ഒരേ ദേശക്കാരാണെങ്കില്‍ വിവാഹം നടക്കില്ല, നിയമ പ്രകാരം അവര്‍ സഹോദരങ്ങളാണ്. ദേശം വ്യത്യസ്തമാണെങ്കില്‍ ഉടനെ മറ നീക്കും. എന്നിട്ടവര്‍ പരസ്പ്പരം കൈകോര്‍ക്കും. അപ്പോള്‍ പൂജാരി ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍ വായിച്ചു കേള്‍പ്പിക്കും. എന്നിട്ട് അവളുടെ കണ്ണടച്ച് കൈകള്‍ കൂപ്പി അതിഥികളുടെ മുന്നിലെത്തും. തുടര്‍ന്ന് അവര്‍ ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്ന് ദീപത്തിനു മുന്നില്‍ പ്രതിജ്ഞയെടുക്കും. പൂജാരി പറഞ്ഞ പോലെയും ഞങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചപോലെയും ജീവിക്കും എന്നാണ് പ്രതിജ്ഞ ചെയ്യുക. ഈ സമയം സ്ത്രീകള്‍ വന്ന് പാട്ടുപാടിക്കൊണ്ട് അരി തലയിലൂടെ തൂവും. പണക്കാര്‍ ഇതില്‍ മുത്തിന്‍റെ പൊടിയും ചേര്‍ക്കും. ആഘോഷം അഞ്ചു ദിവസം നീളും. ഈ ദിവസങ്ങളില്‍  ദ്വാരമുള്ള  മൂന്ന് കപ്പുകള്‍ വെള്ളത്തിലിടും. അവയില്‍ വെള്ളം നിറഞ്ഞ് നേരെ മുങ്ങിയാല്‍ നല്ല ശകുനമെന്നും ചരിഞ്ഞാല്‍  ദുഃശ്ശകുനമെന്നും വിലയിരുത്തിയിരുന്നു. സമ്പത്തിന് ആനുപാതികമായി നൃത്തങ്ങളും ആഘോഷങ്ങളുമുണ്ടാകും. ആറാം നാള്‍ വിശ്രമവും കഴിഞ്ഞ് ഏഴിന് പുതുപ്പെണ്ണും ചെറുക്കനും കുളിക്കുന്നതോടെ ആഘോഷം കഴിയും.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍റെ ദൈവാനുകൂല്യവും ഭാവിയും പ്രവചിക്കപ്പെടും. അച്ഛനും കൂട്ടുകാരും പത്തുദിവസം വാതില്‍ക്കല്‍ നില്‍ക്കും. പന്ത്രണ്ടിനാണ് പേരിടല്‍ ചടങ്ങ്. തുടര്‍ന്ന് അര്‍ച്ചനയോടെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ദൈവത്തെ കാട്ടും. പത്താം വയസ്സില്‍ പൂണുനൂലിടും. അന്നു തന്നെ തലമുണ്ഡനം ചെയ്ത് കുടുമ വയ്ക്കും. കുടുമ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കണമെന്നാണ് നിയമം. ആറേഴ് വയസ്സുള്ളപ്പോഴേ കച്ചവടകാര്യത്തില് ഇടപെടുത്തും. അതുകൊണ്ടുതന്നെ വാണിജ്യപരമായ  കൌശലവും കൃത്യതയും ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ വാക്കിന് വിലയില്ലാത്തവരായും തനിക്ക് കിട്ടേണ്ടത് കൃത്യമായി ചോദിച്ചു വാങ്ങുന്നവരും നല്‍കേണ്ടവയെ വിസ്മരിക്കുന്നവരുമായി  ഇക്കൂട്ടരെ രേഖപ്പെടുത്തിയിരിക്കുന്നത്  വിശ്വസനീയമല്ല. തരാനുള്ള കാശ് തരാന്‍ പരമാവധി വൈകിച്ച്  അതിന്‍റെ പലിശ കണക്കുകൂട്ടി സംതൃപ്തിപ്പെടുന്ന കൂട്ടരാണിവര്‍ എന്ന  വിലയിരുത്തലും വ്യക്തിപരമാകാം. സത്യസന്ധതയില്ലായ്മയെ കുറ്റപ്പെടുത്തിയാല്‍ ക്ഷമയോടെ കേട്ടു നില്‍ക്കുന്നവരും  പരുഷ വാക്കുകളെ സസന്തോഷം സ്വീകരിക്കുന്നവരും വിരുന്നുകാരെ സ്വീകരിക്കാന്‍  പൊതുവെ  മടിയുള്ളവരും  ആതിഥ്യമര്യാദ തീരെ കുറഞ്ഞവരുമാണെന്ന  അഭിപ്രായവും  ശരായാവണമെന്നില്ല.
കൊച്ചി ടൌണില്‍ നിന്നല്പ്പം മാറിയാണ് കൊങ്ങിണിത്തെരുവ്. പുരുഷന്മാര്‍ കച്ചവടത്തിന് പോകുമ്പോള്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്തും പരദൂഷണം നടത്തിയും സമയം കഴിച്ചു. യൂറോപ്യന്മാര്‍ പോകുമ്പോള്‍ വീട്ടിനുള്ളില്‍ കയറിയിരുന്ന് തല പുറത്തിട്ട് നോക്കിയിരിക്കുന്ന ഇക്കൂട്ടര്‍ അവരുടെ ഭാഷയറിയില്ലെങ്കിലും മദാമ്മമാരുമായി സംസാരിക്കാനും ശ്രമിച്ചിരുന്നു.

കൊങ്ങിണികള്‍ മരണത്തിനു മുന്‍പ് ഇഷ്ടാധാരമെഴുതും. ആണ്‍മക്കള്‍ക്ക് സ്വത്ത് തുല്യമായി വീതിക്കും. കെട്ടിയ പെണ്‍മക്കള്‍ക്ക്  പുതുതായി ഒന്നും നല്‍കില്ല. വിധവയെയും അവിവാഹിതയായ മകളെയും ആണ്‍മക്കള്‍ നോക്കണമെന്നാണ് കരാര്‍. ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്‍റെ മകനെ ദത്തെടുക്കും. മരണത്തിനു മുന്‍പായി പുരോഹിതന്‍ വന്ന് തെറ്റുകള്‍ പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തല മൊട്ടയടിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. പൂജാരിക്ക് ദാനവും സമ്മാനവും നല്‍കും. നല്ല കറവയുള്ള ഒരു പശുവിനെയും പൂജാരിക്ക് നല്‍കും. മരണം വരെയും  ഇതിന്‍റെ വാലില്‍ പിടിച്ചായിരിക്കും മരണാസന്നന്‍  കിടക്കുക. കര്‍മ്മം ചെയ്യേണ്ടവര്‍ തല മൊട്ടയിടിക്കുകയും താടി  വളര്‍ത്തുകയും  ചെയ്യും. ശവം വെള്ള ലിനന്‍ തുണിയില്‍ പൊതിഞ്ഞ് നാലാളുകള്‍ ചേര്‍ന്ന് എടുക്കും. മൂത്ത മകന്‍റെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍ നടത്തുക. ദഹനം കഴിഞ്ഞാല്‍ അടുത്ത ദിവസം ചാരമെടുത്ത് നദിയില്‍ ഒഴുക്കും. പന്ത്രണ്ട് ദിവസം മക്കള്‍ വീട്ടില്‍ കഴിയും. ഈ ദിവസങ്ങളില്‍ മൂത്തമകന്‍  മൂന്നുരുള ചോറ് കുളത്തിലെറിയും. മരിച്ചയാളിനുള്ള ഭക്ഷണമാണതെന്ന് വിശ്വസിക്കുന്നു. പന്ത്രണ്ട് ദിവസവും ഒരിക്കല്‍ ഊണാണ് ചിട്ട.ഈ സമയത്ത് വെറ്റിലയും ചവയ്ക്കില്ല. മരണത്തിന്‍റെ ആദ്യ വാര്‍ഷികം ഗംഭീര സദ്യയോടെ നടത്തും. തുടര്‍ വര്‍ഷങ്ങളില്‍  സദ്യ അത്ര മികച്ചതാവില്ല.

Kerala Caste System

കേരളത്തിലെ  സേനകളും വിചിത്രമായ ജാതി ഉപജാതി ശൃംഘലകളും
-          വി.ആര്‍.അജിത് കുമാര്‍
കേരളത്തില്‍, പ്രത്യേകിച്ചും മലബാറില്‍ ,നായന്മാര്‍ പൊതുവെ കര്‍ഷകരും യോദ്ധാക്കളുമായിരുന്നു. ജനിച്ചപ്പോഴേ  ആയുധവുമായി പിറന്നുവോ എന്നു സംശയം തോന്നും വിധമായിരുന്നു അവരുടെ രീതിയും മട്ടും. ക്ഷത്രിയ സ്വഭാവമുണ്ടെങ്കിലും ശൂദ്രഗണത്തില്‍  ഉള്‍പ്പെടുത്തി ബ്രാഹ്മണ മതക്കാര്‍ ഒപ്പം നിര്‍ത്തിയവരാണ് ഈ കൂട്ടര്‍. നിയമപരമായ വിവാഹ ജീവിതം ഇവര്‍ക്കുണ്ടായിരുന്നില്ല. കുട്ടികള്‍  അമ്മ വീട്ടിലാണ് വളര്‍ന്നിരുന്നത്. ആചാരരീതികളില്‍ പലതും ക്ഷത്രിയരീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. കുട്ടി പിറക്കുമ്പോഴുള്ള  ചടങ്ങുകളും ശവദാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ഉദാഹരണങ്ങളാണ്. പതിമൂന്നു വയസ്സാകുമ്പോള്‍ കുട്ടികളെ ജാതിനിയമങ്ങള്‍ പഠിപ്പിച്ച് പരിശീലനം തുടങ്ങും. പതിനാറു വയസ്സില്‍ കുട്ടികള്‍ ആയുധമെടുക്കും. നായന്മാരെ പൊതുവായി ശൂദ്രര്‍ എന്നു വിളിച്ചിരുന്നെങ്കിലും അതില്‍ സമ്പന്നരും സാധാരണക്കാരും  ഉണ്ടായിരുന്നു. മലബാറിലെ നമ്പ്യാതി,നമ്പ്യാര്‍,വെള്ളാളര്‍,ബ്രാഹ്മണരുടെ ശവദാഹത്തിന് സഹായിക്കുന്ന വിളക്കിത്തല നായര്‍,വെള്ളാള ശൂദ്രന്‍,ശൂദ്രന്‍ എന്നിവര്‍ ഉന്നത കുലജാതരായിരുന്നു. ഇവര്‍ പറമ്പിലെ ഉത്പ്പന്നങ്ങള്‍ കച്ചവടം ചെയ്തിരുന്നില്ല. പരസ്പ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സംവിധാനമാണ് നിലനിന്നത്. ചിലര്‍ സ്വന്തം നാട്ടില്‍ പ്രഭുക്കളായിരുന്നു.രാജസേനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നായന്മാര്‍ക്ക് ദേശത്ത് പ്രത്യേക മതിപ്പുണ്ടായിരുന്നു. അവര്‍ക്ക് പറമ്പില്‍ പണിയെടുക്കാന്‍ തലമുറ കൈമാറി വരുന്ന അടിമകളായിരുന്നു പുലയര്‍. യുദ്ധകാലത്ത് കുടുംബച്ചിലവ് രാജാവ് നിര്‍വ്വഹിച്ചിരുന്നു. ചില രാജാക്കന്മാര്‍ സേനയ്ക്ക് ശമ്പളം നല്കിയും നിലനിര്‍ത്തിയിരുന്നു. ദിവസം മൂന്നു വെള്ളി നാണയം  ശമ്പളമായി നല്‍കിവന്നു. പട്ടാളത്തിനു പുറമെ റവന്യൂവിലും  നായന്മാരെയാണ്  നിയമിച്ചിരുന്നത്. യുദ്ധകാലം കഴിഞ്ഞാല്‍  മറ്റു തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. ചാക്യാരും ചക്കാലനായരും എണ്ണയാട്ടുകാരും നിലമുഴുന്നവരും തുന്നല്‍ക്കാരുമെല്ലാം യുദ്ധകാലത്ത് സൈന്യത്തിലേക്ക് മാറേണ്ടിയിരുന്നു. മുക്കുവരും ആശാരിമാരും മേശരിമാരും  തട്ടാന്മാരുമൊക്കെ  മലബാറിലെ സേനകളില്‍ ഇടം പിടിച്ചിരുന്നു. താണജാതിക്കാരെ  നേര്‍ക്കുനേര്‍ കണ്ടാല്‍ അടിക്കുകയും  വെട്ടുകയും ചെയ്യാന്‍ അധികാരമുള്ള നായന്മാര്‍ എപ്പോഴും വാള്‍ കൊണ്ടുനടക്കുമായിരുന്നു. അധികാര ചിഹ്നമെന്ന നിലയില്‍ വീടുകളിലും വാളുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോളിലെ റിബണില്‍ രണ്ടറ്റവും കൂര്‍ത്ത വാളോ ചെറുകത്തിയോ തൂക്കിയിട്ടാണ് നായര്‍ പടയാളികള്‍ സഞ്ചരിച്ചിരുന്നത്. തോലില്‍ തീര്‍ത്ത് വിവിധ നിറങ്ങള്‍ നല്‍കിയ  പരിചയും വാളുമാണ് യുദ്ധത്തിനായി ഉപയോഗിച്ചിരുന്നത്. ചില പരിചകളില്‍ കടുവാത്തോലും  കെട്ടിയിരുന്നു. അമ്പും വില്ലും ഉപയോഗിക്കുന്ന  ആളുകളും ഉണ്ടായിരുന്നു. അവര്‍ മലകളില്‍ വസിക്കുന്നവരായിരുന്നു. കുതിരകള്‍ക്ക് അനുയോജ്യമായ ഭൂതലമല്ല കേരളത്തിന്‍റേത്. കാടുപിടിച്ച്  ചതുപ്പും നദികളുമായി കിടന്നിരുന്നതിനാല്‍  കുതിരകള്‍ക്ക് വേഗം മുന്നേറാന്‍ കഴിയില്ലായിരുന്നു. ചില പാതകള്‍ ഒറ്റയാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തരമായിരുന്നു.
യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തടി പടിക്കുന്നതിനും മറ്റു കഠിനജോലികള്‍ക്കും  ആനകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് ഇരുമ്പിന്‍റെ അച്ചുകോലായിരുന്നതിനാല്‍ ബ്രിട്ടീഷ് തോക്കിന്‍റെ റേഞ്ചുണ്ടായിരുന്നെങ്കിലും ഭാരം കൂടുതലായിരുന്നു. എന്നാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ ആകൃതിയിലുള്ള  ബുള്ളറ്റ് യൂറോപ്പുകാര്‍ ഉപയോഗിച്ചിരുന്ന  ബുള്ളറ്റിനേക്കാള്‍  വേദനയുളവാക്കുന്നതായിരുന്നു, മാത്രമല്ല ലക്ഷ്യം  കൃത്യവുമായിരുന്നു. എന്നാല്‍ ഓരോ തവണയും നിറയ്ക്കേണ്ടതിനാല്‍  മിക്കവാറും ആദ്യത്തെ ബുള്ളറ്റ് പായിച്ച് രണ്ടാമത്തേത് തയ്യാറാകും മുന്നേ എതിരാളി അവരെ നശിപ്പിച്ചു കഴിയും. പരമാവധി  മൂന്നു വെടിവരെ വയ്ക്കാന്‍ കഴിഞ്ഞതായി അനുഭവസ്ഥര്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിനും മൂക്കിനുമിടയില്‍ വിരല്‍ വച്ചാണ് വെടിവെക്കുക. മൂന്നാമത്തെ വെടിയോടെ മുഖത്ത് ആ ഭാഗത്തുള്ള തൊലി പോയിട്ടുണ്ടാവും.
പൊതുവായി പട്ടാളത്തിന് ഒരു നായകനുണ്ടാവും. എന്നാല്‍ ആ കാലത്തെ നായര്‍ പടയ്ക്ക് നേതൃത്വമോ റാങ്കോ ഉണ്ടായിരുന്നില്ല. നായകനെ  അനുസരിക്കുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ യുദ്ധം ചെയ്യുകയായിരുന്നു രീതി. അതുകൊണ്ടുതന്നെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം നായന്മാരെ ബ്രിട്ടീഷ്  പട്ടാളത്തില്‍ ചേര്‍ക്കുമായിരുന്നില്ല. നായര്‍ പട്ടാളത്തെ പ്രത്യേകമായി നിലനിര്‍ത്തി വന്നു. ബാലിയില്‍ നിന്നും ജാവയില്‍ നിന്നുമുള്ളവര്‍  ഉള്‍ക്കൊള്ളുന്ന ബ്രിട്ടീഷ് പട്ടാളം നായര്‍ പടയെ ഛിന്നഭിന്നമാക്കിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. യുദ്ധത്തിനിടയില്‍ മരിച്ചുവീഴുന്ന ഭടനെ  കാണുന്നത് ജീവിച്ചിരിക്കുന്നവരുടെ വീര്യം  കെടുത്തുമെന്ന  ഒരു വിശ്വാസം നായന്മാര്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ മരിച്ച ഭടനെ അപ്പോള്‍ തന്നെ നീക്കം ചെയ്തിരുന്നു. യുദ്ധത്തില്‍ നിന്നുള്ള ശ്രദ്ധ മരിച്ച ഭടനിലേക്ക് മാറുന്നതോടെ സേന കൂടുതല്‍ ദുര്‍ബ്ബലമാകും  എന്ന ചിന്ത നായര്‍ പടയ്ക്ക് ഉണ്ടായിരുന്നില്ല. അത് നഷ്ടത്തിന്‍റെ അളവ് കൂട്ടിയിരുന്നു എന്നതും വാസ്തവമാണ്.
കോട്ട  വളയുന്ന യുദ്ധശാസ്ത്രം  , പീരങ്കി പ്രയോഗം,ബോംബ്, ഗ്രനേഡ് ഇതൊന്നും നായര്‍ പടയ്ക്ക് പരിചിതമായിരുന്നില്ല. അഞ്ചുതെങ്ങിലെ  യുദ്ധത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം ഛിന്നഭിന്നമായി  പോയിട്ടും  കമ്പനി ജയിച്ചത് പീരങ്കിയുടെ ബലത്തിലായിരുന്നു. സംരക്ഷിത ഗ്രാമങ്ങളും കോട്ടകളും രക്ഷിക്കാന്‍ നായര്‍ പടയ്ക്ക്  മിടുക്കുണ്ടായിരുന്നെങ്കിലും തുറന്ന യുദ്ധത്തില്‍  അവര്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ രാജാക്കന്മാര്‍  യൂറോപ്പുകാരെ സേനാനായകനാക്കാന്‍ താത്പ്പര്യം  കാട്ടിയിരുന്നു. എന്നാല്‍ ഇവരില്‍  പലരും തോക്കുപോലും കണ്ടിട്ടില്ലാത്തവരായിരുന്നു എന്നതായിരുന്നു സത്യം.
പഴയ കാലത്ത് വീടുകള്‍ ഓലമേഞ്ഞവയായിരുന്നതിനാല്‍ ബോംബും  ഗ്രനേഡും കത്തുന്ന വസ്തുക്കളും ഉപയോഗിച്ച് യുദ്ധം നടത്തുന്നവര്‍ക്കായിരുന്നു  മേല്‍ക്കൈ. വീടുകള്‍ക്ക് തീ പിടിക്കുന്നതോടെ പട്ടാളം അങ്കലാപ്പിലാകും. ഇന്നു കാണുന്നവിധമുള്ള  യുദ്ധമായിരുന്നില്ല  നാട്ടുരാജാക്കന്മാര്‍ തമ്മില്‍  നടന്നുവന്നത്. ഇരുപത് പേര്‍ മരിക്കുന്ന ഒരു യുദ്ധത്തെ പ്രധാന യുദ്ധമായി കണക്കാക്കിയിരുന്നു. പ്രബലനായ രാജാവിനെതിരെ രണ്ടുമൂന്ന് ചെറു രാജാക്കന്മാര്‍ ചേര്‍ന്ന്  ആക്രമണം നടത്തുന്ന രീതിയും നിലനിന്നിരുന്നു. നഗരം നശിപ്പിക്കല്‍,പശുക്കളെ കെട്ടഴിച്ചു വിടല്‍,സാധനങ്ങളുടെ ഗതാഗതം തടയല്‍, പ്രജകളെ കഠിനമായി വേദനിപ്പിക്കല്‍ തുടങ്ങി യുദ്ധമുറകള്‍ വ്യത്യസ്തങ്ങളായിരുന്നു. കോട്ടകളും പട്ടാളം കാവലുള്ള  ഗ്രാമങ്ങളും കുറവായിരുന്നതിനാല്‍ ഒരു അതിര്‍ത്തിയില്‍ തോല്‍ക്കുന്ന രാജാവ് മറുവശത്ത് വിജയിക്കുന്ന വാര്‍ത്തകളും  അപൂര്‍വ്വമായിരുന്നില്ല.
യുദ്ധത്തില്‍ ഒരു രാജാവോ കുമാരന്മാരോ മരിച്ചാല്‍ ശത്രുരാജാവ് അവരുടെ കുടുംബത്തിന് ധനം നല്‍കി രക്ഷിക്കണം എന്നൊരു രീതി നിലനിന്നിരുന്നു. മങ്ങാട്ടില്‍ രാജാ മൂന്ന് രാജകുമാരന്മാരെ യുദ്ധത്തില്‍  വധിച്ചതിന് ധര്‍മ്മരക്ഷയെന്ന  നിലയില്‍ പകരം ധാരാളം ഭൂമി നല്‍കിയിരുന്നതായി രേഖകളുണ്ട്. സ്വന്തം സേനയുടെ അംഗസംഖ്യ പെരുപ്പിച്ചു പറയുന്ന രീതിയും സാധാരണമായിരുന്നു.
മലബാറിലെ മറ്റൊരു യുദ്ധമുറക്കാര്‍ ചേകവന്മാരാണ്. സിലോണിലെ യോദ്ധാക്കളായിരുന്നു ഇവരെന്നും ഇവര്‍ മലബാറിലെത്തിയത്  തികച്ചും യാദൃശ്ചികമായാണെന്നും കഥകള്‍ പ്രചാരത്തിലുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ കാലത്ത് ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക് ഉച്ചനീചത്വം നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു. ഒരു വെളുത്തേടത്ത് സ്ത്രീ ചാരവെള്ളത്തില്‍ തുണി കഴുകി വിരിക്കാന്‍ നോക്കുമ്പോള്‍ സഹായത്തിനായി വീട്ടിലാരെയും കണ്ടില്ല. അപ്പോഴാണ് അടുത്തവീട്ടിലെ ആശാരിയുടെ മകളെ സഹായത്തിന് വിളിച്ചത്. അത് ആചാര ലംഘനമാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. കുറേ ദിവസം കഴിഞ്ഞ് വെളുത്തേടത്ത് സ്ത്രീ ആശാരിയുടെ വീട്ടില്‍ കയറി. ആശാരി തട്ടിക്കയറിയപ്പോള്‍ നിന്‍റെ മകള്‍ എന്‍റെ തുണിയില്‍ തൊട്ടതോടെ നാം ഒരു ജാതിയായി മാറിയെന്നും  എനിക്കിനി അയിത്തമില്ലെന്നും പറഞ്ഞു. സമൂഹത്തിന്‍റെ ഭ്രഷ്ട് ഭയന്ന് ആശാരി അവരെ കൊന്നു. വിവരമറിഞ്ഞ വെളുത്തേടത്തുകാര്‍ അധികാരിക്ക് പരാതി  നല്‍കി. ശിക്ഷ ഭയന്ന് ആശാരിമാര്‍ സംഘടിച്ച് സിലോണിലേക്ക് പോയി. മലബാറുകാരോട് ആദരവുള്ള കാന്‍ഡിയിലെ രാജാ  അവരെ സ്വീകരിച്ചു. ഈ സംഭവത്തോടെ നാട്ടില്‍ ആശാരിയില്ലാതായി. ചേരമാന്‍ പെരുമാള്‍ ഏറെ വിഷമിച്ചു. വീടുണ്ടാക്കാന്‍ എന്നല്ല ഒരു തവിപോലുമുണ്ടാക്കാന്‍  ആളില്ലാത്ത അവസ്ഥ. അദ്ദേഹം ആശാരിമാരെ തിരികെ അയയ്ക്കാന്‍  കാന്‍ഡി രാജാവിനോട് അഭ്യര്‍ത്ഥിച്ചു. ഒരു തരത്തിലുള്ള ശിക്ഷയും ഉണ്ടാകില്ലെന്ന് രാജാവ് ഉറപ്പു നല്‍കി. ആശാരിമാര്‍ക്ക് വിശ്വാസം വന്നില്ല. അവര്‍ കാന്‍ഡി രാജാവിനോട് അപേക്ഷിച്ചതനുസരിച്ച് രണ്ട് ചേകവ കുടുംബങ്ങളെ ഒപ്പമയച്ചു. ഒരു വ്യവസ്ഥയും വച്ചു. കല്യാണം,മരണം തുടങ്ങിയ വിശേഷ അവസരങ്ങളില്‍  മുന്നാഴി അരി ചേകവന്മാര്‍ക്കും  പിന്‍ഗാമികള്‍ക്കും നല്‍കണമെന്നായിരുന്നു  വ്യവസ്ഥ. തീരെ പാവപ്പെട്ട ആശാരിയാണെങ്കില്‍ കടം വാങ്ങി നല്‍കണം. അത് ചേകവന്‍ തിരികെ നല്‍കുമെന്നും  വ്യവസ്ഥ   ചെയ്തു. ഈ രണ്ട് കുടുംബങ്ങളുടെ അനന്തര  തലമുറയാണ്  മലബാറിലെ ചേകവന്മാര്‍  എന്നതാണ് ഐതീഹ്യം.
മലബാറില്‍  നായര്‍  പട്ടാളത്തിന്‍റെ  കുറവ് പരിഹരിക്കാനാണ് ചേകവന്മാരെ  പട്ടാളത്തിലെടുത്തതെന്ന്  പറയപ്പെടുന്നു. ചേകവരുടെ പ്രധാന ജോലി കള്ള്ചെത്താണ്. നായരും ചേകവരും കഴിഞ്ഞാല്‍ അമ്പും വില്ലുമുണ്ടാക്കുന്ന കോലത്തിരിമാരാണ്  വരുക. കണിയാനും ദുര്‍മന്ത്രവാദികളായ കൊറവരും പാമ്പാട്ടികളും സമൂഹത്തിന്‍റെ ഭാഗമായിരുന്നു. മറ്റൊരു ജാതി മുക്കുവരായിരുന്നു. അവര്‍ യൂറോപ്യന്‍ പ്രേരണയില്‍ പിന്നീട് റോമന്‍ ക്രിസ്ത്യാനികളായി മാറി. അടിമജാതിയില്‍ മുഖ്യര്‍ പുലയരും കാണിക്കാരും വേട്ടുവരുമായിരുന്നു. പുലയര്‍ വിത്തുവിത, ഞാറുനടീല്‍,കൊയ്ത്ത് എന്നിവ നിര്‍വ്വഹിച്ച്  ഉടമയില്‍ നിന്നും പത്തില്‍ ഒന്ന് പതം  വാങ്ങി ജീവിക്കുന്നവരായിരുന്നു. അടിമകളില്‍ മേല്‍ക്കോയ്മ  പുലയര്‍ക്കായിരുന്നു. അവര്‍ക്ക് അവരുടേതായ ക്ഷുരകനും ഉണ്ടായിരുന്നു. തലയില്‍ കെട്ടാനും മുട്ടൊപ്പം തുണിയുടുക്കാനും അവകാശം നേടിയിരുന്നു. എന്നാല്‍ കാണിക്കാര്‍ക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പറയര്‍,ജാതിക്ക് പുറത്തുള്ളവരായിരുന്നു. പതിരു നീക്കലും കുട്ട നിര്‍മ്മാണവും മൃഗവൈദ്യവും മരിച്ച പശുവിന്‍റെ തോലെടുക്കലും മൃഗത്തെ കുഴിച്ചിടലും ഇവരുടെ ജോലിയായിരുന്നു. പച്ചമാംസം പൂജാദ്രവ്യമാക്കാനും പശുമാംസം കഴിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. തേനും മെഴുകുമെടുക്കുന്ന ഒട്ടര്‍  കാട്ടുജാതിയായിരുന്നു. അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ വാങ്ങി കച്ചവടക്കാര്‍ കയറ്റുമതി ചെയ്തു. ഈ കൂട്ടര് വസ്ത്രം ധരിക്കില്ലായിരുന്നു. കടുവയെ അമ്മാവനായി കരുതിയ ഇവര്‍ കടുവ മരിക്കുമ്പോള്‍ തല മൊട്ടയടിച്ച് മൂന്നു ദിവസം വേവിച്ച ഭക്ഷണം കഴിക്കാതെ കഴിയുമായിരുന്നു. കടുവ വേട്ടയാടി ഉപേക്ഷിച്ച ഇറച്ചിയായിരുന്നു ഇവരുടെ ഭക്ഷണം. വേടനും നായാടിയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അരി ആഹാരം കഴിക്കാത്ത ഇവര്‍ ഇലയും വേരും ഭക്ഷണമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ ആദിമ ജനത ചെറുമരും വേട്ടുവരും പുലയരും കാടരും മലയരും പറയരും കുറിച്യരും കുറുമ്പരുമായിരുന്നു. നമ്പൂതിരിയും നായരും തീയ്യരും വന്നു താമസമാക്കിയവരാണെന്നും കണക്കാക്കപ്പെടുന്നു. ശങ്കരാചാര്യരുടെ  ജാതിനിര്‍ണ്ണയപ്രകാരം ക്ഷത്രിയരും വൈശ്യരുമില്ലാത്ത  കേരളത്തില്‍ എഴുപത്തിരണ്ട് ജാതികളാണ് ഉണ്ടായിരുന്നത്. എട്ട് ബ്രാഹ്മണ ജാതികള്‍, രണ്ട് നിയുണ ജാതികള്‍, പന്ത്രണ്ട് അന്തരാള ജാതികള്‍, പതിനെട്ട് ശൂദ്രന്മാര്‍, ആറ് ശില്‍പ്പികള്‍, പത്ത് പതിതര്‍, എട്ട് നീച ജാതികള്‍, എട്ട് അധിക ജാതികള്‍ . ഇവര്‍ക്ക് തന്നെ ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു.
ബ്രാഹ്മണരില്‍ തമ്പ്രാക്കള്‍ ഭരണാധികാരികളും ഉയര്‍ന്ന പൂജാരികളുമായിരുന്നു. പ്രഭുക്കളും വേദോപാസകരുമായിരുന്ന ആഢ്യന്‍. ഉന്നത വിദ്യാഭ്യാസവും കുലീനതയുമുള്ള  വിശിഷ്ട ബ്രാഹ്മണന്‍, സാധാരണക്കാരായ സാമാന്യ ബ്രാഹ്മണന്‍, നാമം കൊണ്ടു മാത്രം ബ്രാഹ്മണരായ ജാതിമാത്രേയന്‍, മലബാര്‍ വിട്ടു പോയ ശേഷം തിരികെ വന്നവരായ സാങ്കേതികന്‍, പരശുരാമന്‍റെ ദൈവീകത്വം സംശയിക്കുന്ന ശാപഗ്രസ്ഥന്‍, പരമ്പരാഗതമായി കുറ്റാരോപിതരായ പാപിഷ്ടന്‍ എന്നിവരാണ് ബ്രാഹ്മണവിഭാഗങ്ങള്‍. ഇതില്‍  വിശിഷ്ട ബ്രാഹ്മണന്‍ യാഗം ചെയ്യുന്നതിന്‍റെ നിലയനുസരിച്ച്  അക്കിത്തിരി,ചോമാതിരി,അത്തിത്തിരി എന്ന് മൂന്നു വിഭാഗമുണ്ട്. അഷ്ടവൈദ്യനും ശാസ്ത്രംഗകാരനും ജാതിമാത്രേയന്മാരാണ്. സാങ്കേതികന്മാര്‍  ആറുതരമാണ്. ഇവരെ അക്കരദേശി,ഇക്കരദേശി,തൃപ്പൂണിത്തുറ ദേശി, തിരുവല്ല ദേശി,കര്‍ണ്ണാടക ദേശി,തുളു ദേശി  എന്നിങ്ങനെ തരം തിരിച്ചിരുന്നു.
ബ്രാഹ്മണനും ശൂദ്രനും ഇടയില്‍ വരുന്ന അമ്പലവാസികളാണ് അന്തരാളര്‍.അടികള്‍,പുഷ്പകന്‍,നമ്പീശന്‍,പൂപ്പള്ളി,പിഷാരടി,വാരിയര്‍,ചാക്യാര്‍,നമ്പ്യാര്‍,തീയ്യത്തുണ്ണി, പിതാരന്‍,നാട്ടുപട്ടര്‍ എന്നിവരാണ് ഈ കൂട്ടര്‍. പതിനെട്ടു തരം ശൂദ്രരാണുണ്ടായിരുന്നത്. കിരിയാത്തി നായര്‍,ഇല്ലക്കാര്‍,സ്വരൂപക്കാര്‍,പാദമംഗലം,ഇടശ്ശേരി,മാരാന്‍,ചെമ്പുകൊട്ടി, ഒടാട്ടുനായര്‍, പള്ളിച്ചന്‍,മാതേവന്‍,കലംകൊട്ടി, ചക്കാലനായര്‍,അത്തിക്കുറിശ്ശി,ചെട്ടി,ചാലിയന്‍,വെളുത്തേടന്‍,ക്ഷുരകന്‍ എന്നിവരായിരുന്നു അക്കൂട്ടര്‍. ആശാരി,മൂശാരി,കല്ലാശാരി,തട്ടാന്‍,കൊല്ലന്‍,ഈര്‍ച്ചകൊല്ലന്‍ എന്നിവരായിരുന്നു ശില്‍പ്പികള്‍. കണിയാനും വില്‍കുറുപ്പും തോല്‍കുറുപ്പും വേലനും പാണനും പറവനും തീയനും മുക്കുവനും പതിതരായിരുന്നു.പറയനും  പുലയനും നായാടിയും ഉള്ളാടരും കുറവനും മലവേടനും കണിയാനും നീചജാതിയില്‍പെട്ട മലവാസികളായിരുന്നു. പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരും പൂണൂലിട്ട നമ്പിടിയും പൂണിലില്ലാത്ത നമ്പിടിയും പൊതുവാളും പ്ലാപ്പിള്ളിയും സാമന്തനും കരിവേലത്തു നായരും നന്നനാട്ടു വെള്ളാളനും അധിക ജാതിക്കാരായിരുന്നു.
സംബ്ബന്ധം വഴിയാണ് നായരും അന്തരാളരും സങ്കരവര്‍ഗ്ഗമായി മാറിയത്. നമ്പൂതിരിമാര്‍ക്ക് വേളി കഴിച്ച് നല്‍കുക വഴി സങ്കരത വര്‍ദ്ധിച്ചു. ഇങ്ങനെ ബന്ധം കൂടിയ എമ്പ്രാന്തിരി ക്രമേണ നമ്പൂതിരിയായും മാറി. സാമൂതിരി കുടുംബക്കാരായ ഏറാടികളും നിലമ്പൂര്‍ തിരുമുല്‍പ്പാടും മറ്റ് ഉദാഹരണങ്ങളാണ്. പണവും പദവിയും ലഭിക്കുന്ന നായര്‍ നമ്പൂതിരിയുമായി അടുപ്പം കൂടി പുതിയ ജാതിപ്പേരുണ്ടാക്കുക പതിവായി. എന്നിട്ട് സ്വയം വലുപ്പം ചമയുകയായി രീതി. വടക്കേ മലബാര്‍ നായന്മാര്‍ക്ക് തെക്കേ മലബാര്‍,തിരു-കൊച്ചി നായന്മാര്‍ കുറഞ്ഞവരാണ് എന്നായിരുന്നു വിചാരം. തെക്കര്‍ തിരിച്ചും ഇങ്ങനെതന്നെ കരുതി. വടക്കേ മലബാറുകാര്‍ വടക്ക് പെരുമ്പുഴയ്ക്കും തെക്ക് കേശപ്പുഴയ്ക്കും അപ്പുറം ബന്ധം വേണ്ടെന്നുവച്ചു. തെക്കേ മലബാറുകാരുടെയും കൊച്ചിക്കാരുടെയും  അതിര്‍ത്തി കൊല്ലമായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തോടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉപജാതി ചിന്ത മാറാതെ നിന്നു. ബ്രാഹ്മണര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുകയും നായരായി അംഗീകരിക്കുകയും ചെയ്തുവന്നു. ഇപ്പോള്‍ എത്രയിനം ഉപജാതി നായന്മാര്‍ സമൂഹത്തിലുണ്ട് എന്ന് ആര്‍ക്കും വ്യക്തതയില്ലാത്തവിധം ഉപജാതികള്‍   വിവാഹങ്ങളിലൂടെ ഒന്നായി മാറി എന്നതാണ്  സത്യം.
 

Tuesday, 19 April 2016

Ivan Alekseyevich Bunin

ലേഖനം
ബുനിന്‍  ,മലയാളി അറിയാത്ത റഷ്യന്‍  എഴുത്തുകാരന്‍                            
റഷ്യന്‍ സാഹിത്യകാരന്മാര്‍  മലയാളികള്‍ക്ക്  എന്നും പ്രിയപ്പെട്ടവരാണ്. കമ്മ്യൂണിസം പ്രിയപ്പെട്ട തത്വസംഹിതയായതുപോലെ തന്നെ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമം നടത്തിയ റഷ്യയെയും അവര്‍ നെഞ്ചിലേറ്റി . വളരെ കുറഞ്ഞ വിലയ്ക്ക് മനോഹരമായ അച്ചടിയില്‍ പ്രഭാതിലൂടെ ലഭിച്ചിരുന്ന  വിവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍,സോവിയറ്റ് യൂണിയന്‍,സോവിയറ്റ് ലാന്‍ഡ് തുടങ്ങിയ മാസികകള്‍ ഒക്കെയും കേരളത്തിലെ രണ്ട് തലമുറകള്‍ക്ക്  ഓര്‍മ്മപ്പുസ്തകങ്ങളാണ്. ടോള്‍സ്റ്റോയിയും ചെക്കോവും പുഷ്കിനും മാക്സിം ഗോര്‍ക്കിയുമൊക്കെ വരച്ചുകാട്ടിയ ലോകവും ആശയങ്ങളും സ്വപ്നങ്ങളില്‍ പോലും മദിച്ച കാലം. അന്നൊന്നും ആരും കേട്ടിട്ടില്ലാത്ത എഴുത്തുകാരനാണ് ഇവാന്‍ അലക്സിയേവിച്ച് ബുനിന്‍. ഇന്നും ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത  റഷ്യന്‍ എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ഒരു പുസ്തകം പോലും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇംഗ്ലീഷിലെ വിവര്‍ത്തനവും ലഭ്യമാണോ എന്നു സംശയമാണ്.
റഷ്യന്‍ ഭരണകൂടത്തിന് അഭിമതരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ മാത്രമാണ് നമ്മെ പരിചയപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആന്‍റി ബോള്‍ഷെവിക്കായിരുന്ന ബുനിന്‍ റഷ്യയില് നിന്നുള്ള ആദ്യ നോബല്‍ സമ്മാന ജേതാവാണ് എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ ആന്‍റി ബോള്‍ഷെവിക്  പരിവേഷമാകാം നോബല്‍ സമിതിക്ക് ഇവാന്‍ പ്രിയങ്കരനാകാന്‍ കാരണമായതും. ഏതായാലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ നമ്മള്‍ പരിചയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല.
1870 ഒക്ടോബര്‍ 22ന് അലക്സി നിക്കോളേവിച്ച് ബുനിന്‍റെയും  ലുദ്മിള അലക്സാന്‍ട്രോവ്ന ബുനിനായുടെയും മൂന്നാമത്തെ പുത്രനായി റഷ്യന്‍ സാമ്രാജ്യത്തിലെ വൊറോവൊഷിലാണ്  ബുനിന്‍ ജനിച്ചത്. യുളിയും യെവ്ജനിയും മൂത്ത സഹോദരന്മാരും മാഷയും നാദിയയും ഇളയ സഹോദരിമാരുമായിരുന്നു. പോളിഷ് വേരുകളുള്ള കര്‍ഷക കുടുംബമായിരുന്നു ബുനിന്‍റേത്. കവികളായ അന്ന ബുനിനായും വാസിലി ഷുക്കാവ്സ്കിയും ബന്ധുക്കളായിരുന്നു. അച്ഛന്‍ ചൂതാട്ടത്തിന് അടിമപ്പെട്ടവനും ദേഷ്യക്കാരനുമായിരുന്നു. ക്രിമിയന്‍ യുദ്ധത്തിന് പോയശേഷം അദ്ദേഹം തികഞ്ഞ മദ്യപാനിയായി മാറി. അമ്മ ലുദ്മിളയാണ് റഷ്യന്‍ നാടോടിക്കഥകളിലൂടെ ബുനിനെ സാഹിത്യലോകം പരിചയപ്പെടുത്തിയത്. അപാരമായ നിരീക്ഷണ പാടവമുണ്ടായിരുന്ന കുട്ടിയായിരുന്നു ബുനിന്‍. മറ്റുള്ളവര്‍ കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിയുന്ന ഒരു ശക്തി അവന് കിട്ടിയിരുന്നു. അത് എഴുത്തില്‍ ബുനിനെ വ്യത്യസ്തനാക്കി. അധ്യാപകരായ റൊമാഷ്ക്കോവും യൂളി ബുനിനും വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് ബുനിനെ കൈപിടിച്ചു നടത്തി. ഒരു ചിത്രകാരന്‍റെ മനസ്സായിരുന്നു ബുനിന്‍റേത്. അത് എഴുത്തിന്‍റെ കാന്‍വാസ് മികച്ചതാക്കാന്‍ സഹായിച്ചു. അച്ഛന്‍റെ ചൂതാട്ടവും മദ്യപാനവും കൊണ്ട് തകര്‍ന്ന കുടുംബ സാഹചര്യത്തില്‍ ബുനിന്‍റെ  വിദ്യാഭ്യാസം  1886ല്‍ അവസാനിച്ചു.
1887ല്‍ വില്ലേജ് പാപ്പേഴ്സ് എന്ന ആദ്യ കവിത പ്രകാശിപ്പിച്ചു. 1889ല്‍ സര്‍ക്കാര്‍ ക്ലാര്‍ക്കായി ജോലിയിലും പ്രവേശിച്ചു. 1891ലാണ് കണ്‍ട്രി സ്കെച്ച് എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ഈ കാലത്ത് പ്രാദേശിക പത്രത്തില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍,ലൈബ്രേറിയന്‍, കോടതിയില്‍ സ്റ്റാറ്റിറ്റീഷ്യന്‍ എന്നീ  ജോലികള്‍ നോക്കി. ഈ ജോലികളിലൊന്നിലും സംതൃപ്തി കിട്ടാതിരിക്കെ ഒര്‍ലോവ്സ്കി വെസ്നിക് എന്ന പത്രത്തിന്‍റെ പത്രാധിപരായി. ഈ കാലത്താണ് എഴുത്ത് ശക്തമായത്. വര്‍വാര പാഷ്ചെങ്കോവിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഈ കാലത്താണ്. 1892-ഓടെ അവര്‍  പോള്‍ട്ടാവയിലെത്തി സഹോദരനൊപ്പം താമസമാക്കി. 1894ല്‍ അവിടെനിന്നും ഉക്രയിനിലേക്ക് പോയി. ടോള്‍സ്റ്റോയിയെ പരിചയപ്പെടുന്നതും അക്കാലത്താണ്. 1895ലാണ് ബുനിന്‍ റഷ്യന്‍ തലസ്ഥാനം സന്ദര്‍ശിക്കുന്നത്. ആന്‍റണ്‍ ചെക്കോവുമായുള്ള സൌഹൃദം തുടങ്ങുന്നത് അവിടെവച്ചാണ്. 1899ല്‍ മാക്സിം ഗോര്‍ക്കിയെയും പരിചയപ്പെട്ടു. 1903ലും 1909ലും സാഹിത്യത്തിനുള്ള പുഷ്കിന്‍ സമ്മാനം നേടി.1906ല്‍ വെറ മുറോസേവയുമായുള്ള  സൌഹൃദം തുടങ്ങി. അവളുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ ഈജിപ്ത്, പാലസ്തീന്‍,മിഡില്‍ ഈസ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു.
1909ലാണ് ദ വില്ലേജ് എന്ന നോവല്‍ എഴുതിയത്. മാക്സിം ഗോര്‍ക്കിയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചെറു നോവല്‍ 1905ലെ വിപ്ലവ പശ്ഛാത്തലത്തില്‍ സ്വന്തം ഗ്രാമത്തിന്‍റെ കഥ പറയുകയായിരുന്നു. മദ്യപാനിയായ ഒരു കര്‍ഷകനും മാന്യനായ അയാളുടെ സഹോദരനും കേന്ദ്ര കഥാപാത്രങ്ങളായ ഈ നോവല്‍ അന്ന് റഷ്യയില്‍ ജീവിച്ചിരുന്ന മുഴുവന്‍ കര്‍ഷകരുടെയും  ദുരിതങ്ങളും ആശങ്കകളുമാണ് പങ്കുവച്ചത്. ഈ നോവല്‍ എഴുതുന്ന കാലം ഊണും ഉറക്കവുമില്ലാതെ ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു ബുനിന്‍. പലപ്പോഴും ഹൃദയം നിലച്ചുപോകും എന്നു തോന്നിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലെ അഗ്നി കെടുംമുന്‍പെ എഴുതി തീര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു. എഴുതിയത് മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്കിയില്ലെങ്കില്‍ മാറ്റി എഴുതുന്ന രീതിയായിരുന്നു ബുനിന്‍റേത്. ദ മോണിംഗ് എന്ന ആദ്യ ഭാഗം പ്രസിദ്ധീകരിച്ച ശേഷം തുടര്‍ന്നുള്ള  ഭാഗം അടുത്ത മാസം നല്കാമെന്ന് പത്രാധിപര്‍ക്ക് ഉറപ്പു നല്കിയ ബുനിന്‍ വടക്കേ ആഫ്രിക്കയിലേക്ക് യാത്രപോയി. തിരികെ എത്തുമ്പോള്‍ അമ്മയ്ക്ക് അസുഖമായി. ചികിത്സ നല്‍കിയെങ്കിലും അമ്മ മരിച്ചു. ഇതെല്ലാം തുടര്‍ന്നുള്ള എഴുത്തിന് തടസ്സമായി. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ദ വില്ലേജ് പൂര്‍ത്തിയാക്കിയപ്പോള്‍  റഷ്യന്‍ സാഹിത്യത്തിലെ ഉജ്ജ്വല രചനയായി അത്  മാറി.
ചെക്കോവിന്‍റെയും തര്‍ജ്ജനോവിന്‍റെയും മറ്റും രചനകളില്‍ കാണുന്ന ശുഭാപ്തിയുടെ  നേരിയ വെളിച്ചം പോലും ഇവാന്‍റെ രചനയില്‍ കാണുന്നില്ല എന്ന് നിരൂപകര്‍ കുറ്റപ്പെടുത്തി. ഈ നോവലിന്‍റെ ഒറ്റ ദൌര്‍ബ്ബല്യം അതിന്‍റെ സാന്ദ്രതയാണ്. ഒരു പാട് മറ്റീരിയല്‍, ഓരോ പേജും ഒരു മ്യൂസിയം പോലെ തോന്നും.എന്നായിരുന്നു ഗോര്‍ക്കി അഭിപ്രായപ്പെട്ടത്. ഈ വാക്കുകള്‍ കൃതിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു.  1912ലാണ് ഡ്രൈവാലി പ്രസിദ്ധീകരിച്ചത്. ഇതും ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്. ഇവാന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെ കഥാപാത്രങ്ങളാകുന്ന നോവലാണിത്. 1912-14ലെ ശൈത്യകാലം ഗോര്‍ക്കിക്കൊപ്പം കാപ്റി ദ്വീപില് കഴിഞ്ഞ ബുനിന്‍  1920ലാണ് ഫ്രാന്‍സിലേക്ക് പോകുന്നത്. അവിടെവച്ചാണ് ആത്മാംശം നിറഞ്ഞദ ലൈഫ് ഓഫ് അര്‍സനേവ് എഴുതിയത് .12 വര്‍ഷം  എടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്.1927ല്‍ ഒന്നും രണ്ടും ഭാഗവും 28ല്‍ മൂന്നാം ഭാഗവും 29ല്‍ നാലാം ഭാഗവും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തിരുത്തിയെഴുത്തും യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പേരുമാറ്റവും ഒക്കെയായി നോവലിനെ സ്ഫുടം ചെയ്തെടുത്തു. 1939ല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചു. മരണവുമായുള്ള ഒരുവന്‍റെ മത്സരമാണ് ജീവിതം എന്ന് ബുനിന്‍ രേഖപ്പെടുത്തുന്നത് ഈ നോവലിലാണ്. 1917-18ലെ ഡയറിക്കുറിപ്പുകള്‍ കഴ്സ്ഡ് ഡേയ്സ് എന്ന പേരില്‍ 1926ല്‍ പ്രസിദ്ധീകരിച്ചു. കഴ്സ്ഡ് ഡേയ്സ് അപൂര്‍വ്വമായ ആന്‍റി ബോള്‍ഷെവിക് ഡയറികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ബോള്‍‍ഷെവിസത്തിന്‍റെ തകര്‍ച്ച സ്വപ്നം കണ്ടിരുന്ന എഴുത്തുകാരില്‍ പ്രമുഖനായിരുന്നു ബുനിന്‍.1933ലാണ് നോബല്‍ പുരസ്ക്കാരം ലഭിക്കുന്നത്. നോബല്‍ പ്രസംഗത്തിലും ചിന്താസ്വാതന്ത്ര്യം , മനസ്സാക്ഷിയോട് പുലര്‍ത്തേണ്ട നീതി എന്നിവയെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ചെക്കോവിന്‍റെയും ടോള്‍സ്റ്റോയിയുടെയും പാതയില്‍ യഥാതഥ്യവാദം പിന്‍തുടര്‍ന്ന ബുനിനെ ആന്‍റി കമ്മ്യൂണിസ്റ്റുകള്‍ ഏറെ ബഹുമാനിച്ചപ്പോള്‍  ബുനിന്  നോബല്‍ സമ്മാനം നല്‍കിയ തീരുമാനത്തെ സാമ്രാജ്യത്വത്തിന്‍റെ  ഉപജാപം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചത്. റഷ്യന്‍ ഭരണ കൂടത്തെ വിമര്‍ശിക്കുന്ന കാലത്തും റഷ്യയിലെ വിദേശ ഇടപെടലുകളെ ബുനിന്‍ എതിര്‍ത്തിരുന്നു. നമ്മുടെ തോണി തകര്‍ന്നതാണെങ്കിലും നാമതിനെ സ്നേഹിക്കണം എന്നായിരുന്നു ബുനിന്‍റെ വാദം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അമേരിക്ക ബുനിനെ അവിടേക്ക്  ക്ഷണിച്ചു. എന്നാല്‍ ക്ഷണം സ്വീകരിക്കാതെ ബുനിന്‍ ഫ്രാന്‍സിലെ ഒരു പര്‍വ്വത പ്രദേശത്ത് മാറിത്താമസിച്ചു. അവര്‍ ആറു പേരുണ്ടായിരുന്നു. തണുപ്പും ഭയവും പട്ടിണിയും താണ്ടാനായി അവര്‍ എപ്പോഴും എഴുതിക്കൊണ്ടേയിരുന്നതായി ബുനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍റി നാസിയായ  ഇവാന്‍ ഹിറ്റ്ലറേയും മുസോളിനിയേയും പേയിളകിയ കുരങ്ങന്മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ജൂതന്മാരെയും റഷ്യക്കാരെയും കൂടെ താമസിപ്പിക്കാനും അദ്ദേഹം ധൈര്യം കാട്ടി. ഈ സമയം മുന്നൂറു മീറ്റര്‍ അകലെ ജര്‍മ്മന്‍കാര്‍ താവളമുറപ്പിച്ചിരിക്കയായിരുന്നു എന്നത് ബുനിന്‍റെ ധൈര്യം വിളിച്ചറിയിക്കുന്നു. 1945ല്‍ ബുനിന്‍ പാരീസില്‍ തിരിച്ചെത്തി. അവസാന കാലം റഷ്യയില്‍ കഴിയണം എന്ന ചിന്ത മനസ്സില്‍ ഉറവായെങ്കിലും ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇതിനിടെ ആസ്ത്മയും ന്യുമോണിയയും കടുത്തു. 1953 നവംബര്‍ 8ന് പ്രഭാതത്തില്‍ പാരീസിലെ ഫ്ലാറ്റില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. പാരീസില്‍ സൂക്ഷിച്ച ശരീരം 1954 ജാനുവരി 30ന് റഷ്യന്‍ സെമിത്തേരിയില്‍ അടക്കി. തുടര്‍ന്ന്  ബുനിന്‍റെ പുസ്തകങ്ങള്‍ റഷ്യയില്‍ പ്രകാശിപ്പിച്ചു. 1980 വരെ കഴ്സ്ഡ് ഡേയ്സിന് വിലക്കുണ്ടായിരുന്നു. തുടര്‍ന്ന് അതും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ 120ാം ജന്മദിനത്തിന് റഷ്യ സ്റ്റാമ്പിറക്കി. 125ാം ജന്മനാളില്‍ ബുനിന്‍റെ സ്മരണാര്‍ത്ഥം നാണയവും ഇറക്കി.

എഴുത്തില്‍ റഷ്യയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യം കാത്തുസൂക്ഷിച്ച ബുനിന്‍റെ അലങ്കാര ഭാഷയെ ബുനിന്‍ കസവുപട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്.റഷ്യന്‍ ഭാഷയിലെ ഏറ്റവും സമ്പന്നമായ പദപ്രയോഗങ്ങള്‍ സ്വന്തമായിരുന്ന  ബുനിന്‍റെ രചനകള് വായിക്കാന്‍ മലയാളികള്‍ക്കും അവസരം ലഭിക്കുമെന്ന നമുക്ക് പ്രതീക്ഷിക്കാം. 

katha --Midhya yukthi

കഥ
മിഥ്യായുക്തി

       കാത്തിരിപ്പ് പോലെ  നൊമ്പരമുണര്‍ത്തുന്ന  കാര്യങ്ങള്‍  ജീവിതത്തില്‍ കുറവാണെന്ന് ജോര്‍ജ്ജ് ഓര്‍ത്തു. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നുന്ന അവസ്ഥ. ദൂരെ നിന്നുള്ള ആരവം പോലെയുള്ള മുഴക്കം. പാളങ്ങളിലെ കിരുകിരുപ്പ്. പാറകളുടെ കുലുക്കം. എല്ലാം കൂടി ഒന്നാകുന്ന ആ നിമിഷം ; എല്ലാറ്റില്നിന്നും , പ്രത്യേകിച്ചും ഓര്മ്മകളില്നിന്നും മോചനം നേടുന്ന നിമിഷം.
എന്തായിരുന്നു പ്രചോദനം. മദ്യം ഇളക്കിവിട്ട കാമാന്ധത എന്നൊക്കെ പറയുന്നത് ശരിയാകില്ല. അതൊരു ഒഴിഞ്ഞുമാറലാണ്. അതിനും അപ്പുറത്ത് അതിഗൂഢമായ ഒരു വികാരമുണ്ടായിരുന്നിരിക്കാം. അങ്ങിനെ സംശയത്തിന് വിട്ടിട്ടും കാര്യമില്ലല്ലോ, ഒരു വികാരമുണ്ടായിരുന്നു എന്നുതന്നെ പറയണം.
പിറവിയുടെ ആദ്യനാള്‍ ആസ്പത്രി വരാന്തയില്‍ കാത്തുനില്ക്കുമ്പോഴും ഇതേപോലെതന്നെയായിരുന്നു മനസ്സ്.
കര്‍ത്താവെ,രണ്ട് പ്രാണനും കേടില്ലാതെ വേര്പെടുത്തിതരേണമേ  എന്നായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടോ പ്രകൃതിയുടെ നിയോഗം കൊണ്ടോ അന്നയും കുഞ്ഞും പൊക്കിള്‍കൊടി മുറിഞ്ഞ് വേര്‍പെട്ടു. നഴ്സ് വന്ന് പെണ്‍കുഞ്ഞാണെന്നറിയിച്ചപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തന്‍റെ ആഗ്രഹം അതായിരുന്നല്ലോ; അന്നയുടേയും.
കുഞ്ഞിനെ കാണാനുള്ള കൊതിയും ആകാംഷയുമായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങള്‍ക്ക് ചിറകേറ്റിയത്. അവളുടെ നിറം എന്താകും, ആരുടെ ലക്ഷണമാകും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവുക  എന്നിങ്ങനെ ചിന്തകള്‍ ചുറ്റിയടിക്കവെ കുട്ടിയെ കാണാനായി സിസ്റ്റര്‍ വിളിച്ചു. അന്നയുടെ നിറവും സൌന്ദര്യവുമുള്ള കുട്ടി. ദൈവമെ,നല്ല ബുദ്ധികൂടി കൊടുക്കണേ എന്‍റെ കുഞ്ഞിന് എന്നായിരുന്നു തുടര്‍ന്ന് മനസ്സില്‍ വന്നത്.
അവളുടെ കൈ വളര്,കാല്‍ വളര് എന്നു താലോലിച്ച് കടന്നുപോയ ദിവസങ്ങള്‍.മോണകാട്ടിയുള്ള ചിരിയിലും  അവ്യക്തമായ വാക്കുകളിലും ലോകം പൂര്‍ണ്ണമായെന്നു തോന്നിയ നാളുകള്‍. ജീവിതം മറ്റൊരു വിധത്തില്‍ വഴിതിരിയുകയായിരുന്നു.
രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ തനിക്ക് ശമ്പളത്തിനുപരിയായി  കിട്ടുന്ന കിമ്പളം എന്നും ആഘോഷങ്ങള്‍ക്കുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കളേയും ധാരാളമായി കിട്ടി. മദ്യപാനവും ആഘോഷങ്ങളും ഉത്സവ പറമ്പുകളുമായി നടന്ന ജീവിതത്തിന് അന്ന വന്നതോടെ ചെറിയ മാറ്റമുണ്ടായെങ്കിലും പൂര്‍ണ്ണമായും മാറിയത് റൂബിമോളുടെ വരവോടെയായിരുന്നു.
ഞങ്ങള്ക്കും മക്കളൊക്കെയുണ്ടെട കൂവേ,നിന്റെ മട്ടുകണ്ടാല്തോന്നും ഭൂമിയിലാദ്യായിട്ടാ കുഞ്ഞു ജനിക്കുന്നേന്ന് , വറീതേട്ടന്‍റെ വാക്കുകളെ ചിരിച്ചു തള്ളാമായിരുന്നെങ്കിലും ഞാനത് ചെയ്തില്ല.
ഭൂമിയിലാദ്യായിട്ടല്ലേലും എനിക്കിതാദ്യത്തേതാ വറീതേട്ടാ, എനിക്ക് കളിച്ചുനില്ക്കാന്‍ സമയമില്ല,എന്‍റെ മോള്‍ടടുത്തെത്തണം, ഞാന്‍ നടന്നു.
എത്രയെത്ര കളിപ്പാട്ടങ്ങള്‍,പുത്തനുടുപ്പുകള്‍,വളകള്‍,മാലകള്‍. പിച്ചവയ്ക്കുന്ന കാലമായിരുന്നു ഏറ്റവും രസകരം. ഓരോ ചുവടും  ശ്രദ്ധിച്ച് ശ്രദ്ധിച്ച്
എന്നിട്ടും -- ?
മാമോദീസയുടെ  ഓര്‍മ്മകള്‍,പിറന്നാളുകള്‍. എല്ലാ പിറന്നാളിനും അയല്‍ക്കാര്‍ക്ക് ഊണ് കൊടുക്കുമായിരുന്നു. വലിയ സദ്യ,താറാവിറച്ചി സ്പെഷ്യലോടെ.
--- മ്മടെ  റൂബിമോള്ടെ  പിറന്നാളായില്ല്യോടാ ജോര്ജ്ജേ; --ച്ചി  താറാവെറച്ചി  തിന്നാന്‍  കൊതിയാവുന്നെടാ, വേലുമ്മാവന്ഇടയ്ക്കിടെ പറയും.
ആവുമ്പോ വിളിക്കാം മാമാ, മറക്കത്തില്ല,ഞാന്ചിരിച്ചുകൊണ്ട് മറുപടി പറയുമായിരുന്നു.
  ന്‍റെ  കുഞ്ഞ്, അവള്‍ക്ക് മൂന്നുവയസ്സുള്ളപ്പോഴാ  ടൈഫോയ്ഡ് വന്നെ. ഊണും ഉറക്കവുമില്ലാണ്ട് ഒറ്റയിരുപ്പായിരുന്നു ഞാന്.അന്നയ്ക്കുള്ളത്ര സമാധാനം പോലും എനിക്കില്ലായിരുന്നു. അവള്‍ ആശ്വസിപ്പിക്കാന് ശ്രമിക്കുമ്പോ ഞാന്‍ വിങ്ങിക്കരയുകയായിരുന്നു. ഡോക്ടര്‍ ഈയിടെ കണ്ടപ്പോഴും പറഞ്ഞു,ജോര്‍ജ്ജിന്‍റെ പ്രാര്‍ത്ഥനേടെ ഫലം കൂടിയാ കുട്ടീനെ രക്ഷിച്ചതെന്ന്. അതുകേട്ടപ്പൊ  മനസ്സിനുസുഖായിരുന്നു. എന്നിട്ട്- അതേ മനസ്സുതന്നെ
സ്കൂളില്‍ പോകാന് തുടങ്ങിയ കാലം ഓര്‍ക്കാന്‍ കുറേക്കൂടി രസം തോന്നുന്നുണ്ട്. സൈക്കിളില്‍ ഇരുത്തി ബാഗും പിറകില്‍ വച്ചുകെട്ടിയുള്ള യാത്ര. യാത്രക്കിടയില് നൂറുകൂട്ടം കഥകള്‍. കൂട്ടുകാരെക്കുറിച്ചും ടീച്ചര്‍മാരെക്കുറിച്ചുമുള്ള വിവരണങ്ങള്. എല്ലാ ടീച്ചര്‍മാര്‍ക്കും  പ്രിയങ്കരിയായിരുന്നു റൂബി. ഇപ്പോഴും അങ്ങിനെതന്നെയാണുതാനും.
ഇവള് വല്ല്യ മിടുക്കിയാവും ജോര്ജ്ജോ, ഏത് വിഷയമെടുത്താലും അവളതില്ഒന്നാമതെത്തും , മേരി സിസ്റ്റര്അത് പറയുമ്പോള്എവിടെയോ ഒരഹങ്കാരം നിറയുന്നുണ്ടായിരുന്നു.
എല്ലാ ക്ലാസ്സുകളിലും സ്കോളര്‍ഷിപ്പുള്ള  കുട്ടിയായി അവള്‍ മാറി. അഞ്ചാം ക്ലാസ്സിലെത്തിയതോടെയാണ്  പുതിയ സ്കൂളിലാക്കിയത്. കുറച്ചു ദൂരെയുള്ള സ്കൂള്. പിന്നെ യാത്ര സ്കൂള്‍ ബസ്സിലായി. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞു വന്നു. മോള്‍ക്ക് കളിച്ചു നടക്കാനും കൊച്ചു വര്‍ത്തമാനം പറയാനും നേരമില്ലാതായി. എപ്പോഴും പഠിത്തമാണ്.അതോടെയാണ് ഞാന്‍ പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചു പോയത്. അന്ന വിലക്കിയതുമില്ല. വൈകിട്ട് സുഹൃത്സദസ്സുകള്‍ക്കും ആഘോഷങ്ങള്‍ക്കും  ശേഷം വീട്ടിലെത്തി മിണ്ടാതെ കിടന്നുറങ്ങുന്നവനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരലോസരവുമുണ്ടായില്ല.
പെണ്ണു വളര്‍ന്നു വരികയാ,പൊന്നും പണവുമൊക്കെ കരുതേണ്ട കാലായീന്ന്  അന്ന ഓര്‍മ്മിപ്പിച്ചപ്പോ ഞാന്‍ പറഞ്ഞു, നീ എന്താ കരുതീരിക്കണെ എന്റന്നേ, പ്രവിഡന്റ് ഫണ്ടീ നല്ല കരുതലല്ലിയോ ചെയ്തിരിക്കണെ, പിന്നെ ചിട്ടികള്‍ എത്രാന്നാ നിന്‍റെ വിചാരം. ഭൂമി നമുക്ക് രണ്ടാള്‍ക്കുമില്ലെ, പിന്നെയീ വീടും. പുതിയ ഇനമൊന്നുമല്ലേലും നമ്മുടെ വീടിനെന്താ കുഴപ്പം. അവള് പിന്നൊന്നും പറഞ്ഞില്ല.
റൂബിമോള്‍  എട്ടിലായപ്പോഴാ അവള് ആധിയോടെ ഒരു കാര്യം പറഞ്ഞത്,   നമ്മടെ മോള് വലുതായി.- പ്പൊഴേ വലുതായി. കാലം മോശമാണ് ഇച്ചായാ, ട്യൂഷനൊക്കെ കഴിഞ്ഞ് വൈകിട്ട് തനിച്ച് വരുന്നത് ശരിയല്ല. ഇച്ചായന്‍  ഈ കൂട്ടൊക്കെ നിര്ത്തി  മോളെ കുറേക്കൂടി ശ്രദ്ധിക്കണം.
അന്ന അത് പറഞ്ഞശേഷാ  ഞാനെന്‍റെ കുഞ്ഞിനെ ശ്രദ്ധിച്ചേ, അവള് പറഞ്ഞത് നേരാ,റൂബിന്‍‍റെ മോള്  ഒരു മുട്ടത്തിയായിരിക്കുന്നു. എനിക്കുതന്നെ നേരെ നോക്കാന്‍ മടി തോന്നും വിധം അവള് വളര്‍ന്നിരിക്കുന്നു. ഞാന് വീണ്ടും പഴയപോലെയായി. കൂട്ടുകെട്ടുകള്‍ കുറച്ചു. കുഞ്ഞിനെ ട്യൂഷന് കൊണ്ടാക്കലും വിളിച്ചുകൊണ്ട് വരവുമൊക്കെയായി ജീവിതം മാറി. അതു പക്ഷെ കൊടുത്ത ജീവനെ കൊത്തണമാതിരിയാവുമെന്ന്  നിരീച്ചില്ല. മദ്യത്തിന്‍റെ  പുറത്ത്- ച്ഛെ- വീണ്ടും ഒരു ന്യായീകരണം--.
ഇച്ചായാന്താന്നറീല്ല, കുഞ്ഞിന് ഈയിടെയായൊരു മൌനം. പഠിത്തത്തിലും തീരെ ശ്രദ്ധയില്ല. എന്ത് ചോദിച്ചാലും ദേഷ്യാ. ന്‍റെ കുഞ്ഞിന് എന്തുപറ്റിയതാണോ ന്തോ. സ്കൂളിലെന്തെങ്കിലും പ്രശ്നമുണ്ടായതാണോ ന്തോ ? ഇച്ചായന്സ്കൂളി പോയൊന്നന്വേഷിക്കണം, അന്ന പറഞ്ഞു. ഞാന്മൂളി. ആ മൂളല്ഒരാധിയായി വളര്ന്ന് ശരീരമാകെ പടര്ന്നു. ശരീരം വിയര്ത്തു. നെഞ്ചിന്റെ  മിടിപ്പ് ഒറ്റയടിക്ക്  നിന്നിരുന്നെങ്കില്‍ എന്നു തോന്നിയ നേരം.
ഒരാഴ്ച കടന്നുപോയത് ഓരായിരം വര്‍ഷം പോലെയായിരുന്നു. റൂബിമോളോട്  ഞാന്‍ ഒന്നും തന്നെ സംസാരിച്ചില്ല. അന്നയോട് വെറുതെ കലഹിക്കുകയും ചെയ്തു. സ്കൂളില്‍ പോയോ എന്ന ചോദ്യം അവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നി പര്‍വ്വതത്തിന്‍റെ  ചൂട് അതിനുമാത്രമെ അറിയൂ എന്ന മട്ടിലായിരുന്നു ഞാന്‍. ഇന്ന്  ഉച്ച നേരത്താണ് അന്ന വിളിച്ചത്. ഇച്ചായാ,സ്കൂളീന്ന് ഹെഡ്മിസ്ട്രസ്സ് വിളിച്ചിരുന്നു.ഒന്നവിടെ വരെ ചെല്ലാന്‍ പറഞ്ഞു.എനിക്കാകെ പേടിയാവുന്നു ഇച്ചായാ. അപ്പനെ കൊണ്ടു വരണ്ട, കുട്ടീടമ്മ മാത്രം വന്നാമതീന്നാ പറഞ്ഞേ.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഇച്ചായനെന്താ മിണ്ടാത്തെ..
ഞാന് മുരടനക്കി ശബ്ദമുണ്ടാക്കിയെടുത്തു. നീ പോയിട്ടുവാ, ഞാന് പിറകെ വരാം. വീടിന്‍റെ താക്കോല്‍  ജനാലപ്പടിയില്‍ വച്ചേക്ക്.
ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് കുറേനേരം തളര്‍ന്നിരുന്നു.കരച്ചില്‍ വന്നില്ല. കരയേണ്ടവന്‍ ഞാനല്ലല്ലോ. ഓഫീസില്‍ നിന്നും ഉടനെ ഇറങ്ങി. അപ്പച്ചന്‍ പറഞ്ഞ ഒരു വാചകം മനസ്സിലുണ്ടായിരുന്നു. എടാ,മരിക്കുമ്പോ അന്തസ്സായി മരിക്കണം. എന്‍റെ മോഹം കസ്സേരയില്‍ ഇരുന്നു മരിക്കണമെന്നാ.
അപ്പച്ചന്‍റെ മോഹം നടന്നില്ല. ഒരു വര്‍ഷം ഒരേ കിടപ്പില്‍ കിടന്നിട്ടാണ് അപ്പച്ചന്‍ മരിച്ചത്. അങ്ങേരുടെ നടക്കാതെപോയ മോഹം ഈ ജോര്‍ജ്ജുകുട്ടിക്കെങ്കിലും സാധിക്കട്ടെ.
മനസ്സില്‍ നിന്നും എല്ലാ പാപബോധവും ഇറങ്ങിപ്പോയിരിക്കുന്നു.
ഇതെങ്ങനെ?
അറിയാന്‍ കഴിയുന്നില്ല.
സ്കൂട്ടറില്‍ വീട്ടിലെത്തി  മുറി തുറന്ന് ഒരു കസാലയെടുത്തു. അത് കയറുകൊണ്ട് സ്കൂട്ടറിനു പിന്നില്‍ കെട്ടിവച്ചു.മുറി പൂട്ടി താക്കോല്‍ വീണ്ടും ജനാലപ്പടിയില്‍  വച്ച ശേഷം യാത്ര ആരംഭിച്ചു. അത്  ഇവിടെയാണ് അവസാനിച്ചത്. ഈ വിജനമായ ഇടത്ത് സമാന്തരമായി പോകുന്ന രണ്ട് പാതകള്‍ക്ക് നടുവില്‍ കസേരയിട്ട് ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. പാതകള്‍ ഏറ്റുവാങ്ങുന്ന, പാറക്കഷണങ്ങള്‍ ഏറ്റുവാങ്ങുന്ന ആ കുലുക്കം ഞാനറിയുന്നു.
ഒന്ന്,രണ്ട് എന്ന് എണ്ണിത്തുടങ്ങിയാല്‍ നൂറിനപ്പുറം പോവില്ല.അതിനുമുന്‍പ്---
അന്ന എല്ലാം അറിയുന്നതിനു മുന്‍പ്---
അവളുടെ ശാപവാക്കുകള്‍ അന്തരീക്ഷത്തില്‍ നിറയുന്നതിനു മുന്‍പ്---
അമ്മയും മകളും പരസ്പ്പരം പുണര്‍ന്ന് കണ്ണീരില്‍ മുങ്ങുന്നതിനു മുന്‍പ്--
ഇരമ്പം അടുത്തു വരുന്നു.
ഞാന്‍  എണ്ണാന്‍  തുടങ്ങി.
ഒന്ന്---
രണ്ട്---

മൂന്ന്---

malayala bhasha billum kurae bhasha chinthakalum

ലേഖനം
മലയാള ഭാഷാ ബില്ലും  കുറെ ഭാഷാ ചിന്തകളും
 ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെ ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവരോട് മലയാളം പഠിക്കണം എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, എന്തിനാ അങ്കിളെ ഞങ്ങള്‍ മലയാളം പഠിക്കുന്നത്.ഞങ്ങളാരും നാട്ടിലേക്ക് വരുന്നില്ല, അഥവാ വന്നാലും ജോലി തേടുന്നതിന് മലയാളം നിര്‍ബ്ബന്ധമല്ലല്ലോ. അത്യാവശ്യം സംസാരിക്കാനൊക്കെയുള്ള മലയാളം ഞങ്ങളുടെ കൈയ്യിലുണ്ട്.ഇവിടെ ജീവിക്കാന്‍ ഹിന്ദിയും ഇംഗ്ലീഷും മതി. മലയാളം പഠിക്കുന്നതിനു പകരം ജര്‍മ്മനോ ഫ്രഞ്ചോ പഠിച്ചാല്‍ ആ രാജ്യത്ത് നല്ലൊരു ജോലിയെങ്കിലും സമ്പാദിക്കാം. ഇങ്ങനെയൊക്കെയായിരുന്നു അവരുടെ വാദങ്ങള്‍.
അവരുടെ വാദങ്ങള്‍ ശരിയാണെന്നിരിക്കെ അധികമൊന്നും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആ മലയാളിക്കുട്ടികളോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ സ്വപ്നം കാണുന്നത് ഏത് ഭാഷയിലാണ്. അത് മലയാളത്തിലാണ് എന്നായിരുന്നു മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് വീട്ടില്‍ കൂടുതലും സംസാരിക്കുന്ന ഭാഷ മലയാളമായതുകൊണ്ടാകാം എന്നായിരുന്നു അവരുടെ മറുപടി. നമ്മള്‍ സ്വപ്നം കാണുന്ന ഭാഷയാണ് നമ്മുടെ മാതൃഭാഷ, അതിനെ സ്നേഹിക്കണം എന്നും ആ ഭാഷ എഴുതാനും വായിക്കാനും പഠിക്കണമെന്നും  പറഞ്ഞു കൊടുത്തപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി. അവര്‍ മലയാളത്തെ പ്രണയിച്ചു തുടങ്ങി.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം കേരള നിയമസഭ പാസ്സാക്കിയ മലയാള ഭാഷാ ബില്ലാണ്. പിഎസ്സി പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബ്ബന്ധമാക്കിയില്ലെങ്കിലും മലയാളം പഠിക്കാതെ കേരളത്തില്‍ ജീവിക്കുക ബുദ്ധിമുട്ടാകും എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. മാതൃഭാഷയ്ക്ക് വേണ്ടി വളരെ വൈകിയെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന പരമായ നടപടി എന്നിതിനെ വിശേഷിപ്പിക്കാം. എന്നാല്‍ നമ്മുടെ അയല്‍ക്കാരായ തമിഴ്നാട്ടുകാരെപോലെ ഭാഷാഭ്രാന്ത് നമുക്കാവശ്യമില്ല എന്നാണ് എന്‍റെ അഭിപ്രായം. മലയാളി എന്നും വിവിധ ഭാഷകളെയും സംസ്ക്കാരത്തെയും  സ്വീകരിച്ച് വളര്‍ന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി  യൂറോപ്യന്‍ നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുള്ളതും. ഇംഗ്ലീഷും ഹിന്ദിയും അറബിയും ഉള്‍പ്പെടെ ഏത് ഭാഷയും സ്വന്തം ഭാഷപോലെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നും മലയാളവും ഇംഗ്ലീഷും ഒരുപോലെ കരഗതമാക്കിയ തലമുറകളായിരുന്നു നമുക്കുണ്ടായിരുന്നത്. പിന്നീടതിന് ശോഷണം സംഭവിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യശോഷണമുണ്ടായി. മാറിമാറിവന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്ത്  നടത്തിയ പരിഷ്ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം പിറകോട്ടടിച്ചു. ഇപ്പോള്‍ അക്ഷരങ്ങള്‍ പെറുക്കിവച്ചാല്‍ പോലും ഒരു കുട്ടി ജയിച്ചുകയറുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ആ വിഷയത്തിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
കരുനാഗപ്പള്ളിയിലെ ബോയ്സ് ഹൈസ്കൂളില്‍ മലയാളം മീഡിയം സ്കൂളില്‍ പത്താംതരം വരെ പഠിച്ചശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രിക്ക് വന്നു ചേര്‍ന്ന ഞാന്‍ അനുഭവിച്ച ഭാഷാപരമായ പ്രശ്നങ്ങള്‍ പുതിയ തലമുറയ്ക്ക് മനസ്സിലാകുമോ എന്നറിയില്ല. ക്ലാസ്സിലുള്ള തൊണ്ണൂറു ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുള്ളവര്‍. അവരുടെ നിലവാരത്തില്‍ മാത്രം ക്ലാസ്സുകള്‍  കൈകാര്യം ചെയ്യുന്ന അധ്യാപകര്‍. മലയാളത്തിനുവേണ്ടി വാദിക്കുന്ന നമ്മുടെ പ്രഗത്ഭരായ പല സാഹിത്യകാരന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കള്‍ അന്നവിടെയുണ്ടായിരുന്നു. അവരെല്ലാം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് വന്നവരായിരുന്നു.  അവരുടെ മക്കളും അത്തരത്തില്‍ തന്നെയാവും പഠിച്ചിട്ടുണ്ടാവുക. പലരും ജീവിക്കുന്നത് വിദേശരാജ്യങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമായതിനാല്‍ മലയാളികളുടെ മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാന്‍ കഴിയാതിരുന്നതിന്‍റെ വേദനയിലാണ് മാര്‍ ഇവാനിയോസില്‍ തുടര്‍ന്നുള്ള പഠനകാലം കഴിഞ്ഞുകൂടിയത്. ഇംഗ്ലീഷ് മീഡിയക്കാര്‍ക്കൊപ്പം എത്താന്‍ കഴിയാത്തതിനാല്‍ ഉഴപ്പന്മാരുടെ സംഘത്തില്‍ കൂടുകയും രണ്ടാം വര്‍ഷം ടിസി വാങ്ങി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് മാറുകയും ചെയ്തു.അപ്പോഴാണ് ഭാഷയുടെ  ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷ് കുറേയൊക്കെ വഴങ്ങിയെങ്കിലും ഇപ്പോഴും ഭയത്തോടെ മാത്രമെ ആ ഭാഷയെ സമീപിക്കാന്‍ കഴിയുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇതു പറയുമ്പോള്‍ രസകരമായ ഒരു സംഭവം കൂടി ഓര്‍മ്മവരുകയാണ്. മുന്‍മന്ത്രി മാത്യു.ടി.തോമസ്സ് പറഞ്ഞതാണ്. അദ്ദേഹത്തെ കാണാനായി ഒരു ദിവസം കുറെ അധ്യാപകര്‍ വന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുന്നവരാണ് . സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതുകൊണ്ട് ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്നുവെന്നും അവരെല്ലാം ജോലി നഷ്ടപ്പെടും എന്ന ഭീഷണിയിലാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമൊക്കെയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അദ്ദേഹം ചായയൊക്കെ കൊടുത്ത് പൊതുപ്രശ്നങ്ങളൊക്കെ പറഞ്ഞിരിക്കെ അവരുടെ കുട്ടികളെക്കുറിച്ച് ചോദിച്ചു. കുട്ടികള്‍ എവിടെ പഠിക്കുന്നു എന്ന ചോദ്യത്തിന് അവരെല്ലാം നല്‍കിയ മറുപടി കുട്ടികള്‍ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത് എന്നായിരുന്നു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്‍റെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാതിരിക്കുകയും മറ്റുള്ളവരുടെ കുട്ടികള്‍ നിങ്ങളുടെ സ്കൂളില്‍ പഠിക്കണമെന്നു പറയുകയും ചെയ്യുന്നതിന്‍റെ ലോജിക് മനസ്സിലാകുന്നില്ല. ആദ്യം നിങ്ങളുടെ സ്കൂളുകള്‍ പഠനത്തിന് കൊള്ളാമെന്ന് ബോധ്യപ്പെടേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങള്‍ മാതൃക കാട്ടിയശേഷം മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുക എന്നവരെ ഉപദേശിച്ച് അയയ്ക്കുകയും ചെയ്തു. മലയാള ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണെന്ന് നമുക്ക് മനസ്സിലാക്കാം. നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്തശേഷം മതി ഈ ഭാഷാപ്രേമം എന്നു നമ്മള്‍ സാധാരണക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒരുപക്ഷെ ഭാഷാപ്രേമികളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും അപ്രത്യക്ഷരാകാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.
മാതൃഭാഷയോട് പ്രണയം വേണ്ട എന്നല്ല ഞാന്‍ പറയുന്നത്, ഭാഷാഭ്രാന്ത് വേണ്ട എന്നാണ് . ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബ്ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷ(വ്യാപനവും പരിപോഷണവും)ബില്‍ ഈ ഒരു മര്യാദ നിലനിര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ്സുമുതല്‍ പത്താംക്ലാസ്സ് വരെ മലയാളം നിര്‍ബ്ബന്ധിത ഒന്നാംഭാഷയായി മാറുമെന്നത് ഭാഷയ്ക്ക് ഗുണം ചെയ്യും. ഇത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും നിയമപരമായി ബാധമാക്കാന്‍ നപടി കൈക്കൊള്ളേണ്ടതുണ്ട്. കേരളം ഒരു ബഹുഭാഷാ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അന്യഭാഷക്കാര്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷ പഠിക്കാനുള്ള അവസരം നല്കാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാവുകയാണ് എന്നത് സവിശേഷമായ വസ്തുതയാണ്. പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. കീഴ്ക്കോടതിയിലെ കേസ്സുകളും വിധിന്യായങ്ങളും പെറ്റിക്കേസ്സുകളിലെ വിധിന്യായവും അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാവും. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,സഹകരണം,പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പേര്,ഉദ്യോഗസ്ഥരുടെ പേര്,ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ വാഹന ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലും കൂടി രേഖപ്പെടുത്തേണ്ടി വരും. വാണിജ്യ,വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍,ട്രസ്റ്റുകള്‍,കൌണ്‍സിലിംഗ് സെന്‍ററുകള്‍,ആശുപത്രികള്‍,ലബോറട്ടറികള്‍,വിനോദകേന്ദ്രങ്ങള്‍,ഹോട്ടലുകള്‍ എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യ പകുതി മലയാളത്തിലാകും. സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍,പരസ്യങ്ങള്‍,രസീതുകള്‍,ബില്ലുകള്‍ , അറിയിപ്പുകള്‍ എന്നിവയും മലയാളത്തിലാകും. സംസ്ഥാനത്ത് നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യവസായിക ഉത്പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്ത് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തിലാകും. പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങളിലും ഒരു നിശ്ചിത ശതമാനം മലയാളത്തിലായിരിക്കണം.  സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദേശരാജ്യങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍,ഹൈക്കോടതി,സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആവശ്യപ്പെട്ടാല്‍ അതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് . മാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയ്ക്ക് പുറമെ മലയാളം കൂടി പഠിക്കാന്‍  അവസരം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളെ ഒമ്പത് ,പത്ത് ക്ലാസ്സുകളിലും ഹയര്‍ സെക്കണ്ടറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍  നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ ഗുണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് പാസ്സാക്കിയിരിക്കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുമെന്നും ബില്ല് അവതരിപ്പിച്ച മന്ത്രി.കെ.സി.ജോസഫ് പറയുകയുണ്ടായി. അത് അനിവാര്യമാണുതാനും.
മലയാളം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബ്ബന്ധമാക്കിയ ഈ സമയം ഓര്‍മ്മ വരുന്ന  ചില അനുഭവങ്ങള്‍ കൂടി പങ്കുവെയ്ക്കാമെന്നു കരുതുന്നു. ഒരിക്കല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്‍റെ ഒരു കത്ത് അന്നത്തെ കേരള മുഖ്യമന്ത്രി ഈ.കെ.നായനാര്‍ക്ക് ലഭിച്ചു. കത്ത് ഹിന്ദിയിലാണ്. ഹിന്ദി അറിയുന്നവരെ കണ്ടെത്തി ഉള്ളടക്കം മനസ്സിലാക്കി മറുപടി അയച്ചു,മലയാളത്തില്‍. ഓനും ഇത്തിരി കഷ്ടപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ചില ഓഫീസുകളില്‍ നിന്നും അപേക്ഷാഫോറവും മറ്റും ഹിന്ദിയിലാണ് കിട്ടിയിരുന്നത്. അന്ന് ആ സംവിധാനത്തെ കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ഒരു ഭാഷാഭ്രാന്ത് എന്നും പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അന്യ ഭാഷക്കാരുള്ള കേരളത്തിലും ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഭാഷാ ന്യൂനപക്ഷത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാം.
മലയാള ഭാഷയെ ഔദ്യോഗികമായി നിലനിര്‍ത്താന്‍ ബില്ല് ഉപകരിക്കുമെങ്കിലും ഭാഷയെ സ്നേഹിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല എന്നത് സത്യം. പ്രണയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലല്ലോ, അത് ഉള്ളില്‍ നിന്നും വരേണ്ടതാണ്. മലയാള സാഹിത്യം വായിക്കാനും പത്രമാസികകള്‍ വായിക്കാനുമുള്ള താത്പ്പര്യം ഒരാളില്‍ ജനിപ്പിക്കാന്‍ നിയമത്തിന് കഴിയില്ല. അതിനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്താനുള്ള ഉത്തരവാദിത്തം ഭാഷാപ്രേമികള്‍ക്കുള്ളതാണ്. മലയാളത്തിന് മാര്‍ക്ക് നല്‍കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന അധ്യാപകരായിരുന്നു പണ്ട് കാലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് രണ്ടാം ഭാഷയായി ഹിന്ദി എടുത്തവരുടെ കൂട്ടത്തിലുള്ള ഒരാളാണ് ഞാന്‍. ലാറ്റിനും ഫ്രഞ്ചുമൊക്കെയെടുത്ത് നൂറു ശതമാനം മാര്‍ക്ക് നേടിയ വിരുതന്മാരുമുണ്ടായിരുന്നു ആ കാലത്ത്. ഇപ്പോള്‍ മലയാളത്തിന് മാര്‍ക്കു നല്കുന്നതിലെ പിശുക്ക് മാറിയിട്ടുണ്ട്. അതുപോലെ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം ഓപ്ഷണല്‍ വിഷയമായി എടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം നല്‍കുന്നത് ചില നല്ല സൂചനകളാണ്.
ഭാഷയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്ര പദങ്ങളുടെ കൃത്യമായ വിവര്‍ത്തനമുണ്ടാകണം എന്ന് പ്രൊഫസര്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെ പലരും പറയുന്നതുകേട്ടിട്ടുണ്ട്. ഇതുകോള്‍ക്കുമ്പോള്‌‍ തന്നെ ഭയം തോന്നാറുമുണ്ട്. പ്രകാശ വിശ്ലേഷണം എന്നൊക്കെ പത്താംതരം വരെ  പഠിച്ചിട്ട് പ്രീഡിഗ്രിക്ക് പോയി ഇതുതന്നെയാണ് ഫോട്ടോസിന്തസിസ് എന്നു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിവന്ന ശ്രമം ചെറുതല്ല. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിച്ചാല്‍ മരണം വരെയും അതു മതിയാകും എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ഇംഗ്ലീഷ് ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നിരിക്കെ ശാസ്ത്ര വാക്കുകള്‍ മലയാളീകരിച്ച് (അത് പലപ്പോഴും മണിപ്രവാളമാണെന്നത് മറ്റൊരു കാര്യം) കുട്ടികളെ പീഡിപ്പിക്കരുത് എന്നാണ് എന്‍റെ അഭ്യര്‍ത്ഥന. തമിഴ് ഭാഷയിലെ വാക്കുകള്‍ കുറേക്കൂടി വേഗം മനസ്സിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബോയിലിംഗ് പോയിന്‍റിന് ക്വദനാങ്കം എന്നു പറയുന്നതിനേക്കാള്‍ നല്ലത് തിളനില എന്ന പദമാണ്. ബോയിലിംഗ് പോയിന്‍റ് എന്നു പഠിക്കുന്നതാണ് ഉത്തമം.
തമിഴ്നാടുകാരുടെ ഭാഷാ പ്രേമത്തെ പുകഴ്ത്തുന്നവരോട് എനിക്ക് ഒട്ടും യോജിപ്പില്ല. അത് ഭാഷാപ്രേമമല്ല,ഭാഷാ ഭ്രാന്താണ്. ഭാഷാ പ്രേമമാണെങ്കില്‍ എല്ലാ ഭാഷകളെയും പ്രണയിക്കണം, ഹിന്ദി കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കേണ്ടതില്ല. തമിഴ്നാട്ടില്‍ പോയാല്‍ സ്ഥലം മനസ്സിലാക്കാന്‍ കഴിയാതെ നമ്മള്‍ വിഷമിക്കും. തമിഴില്‍ മാത്രമാണ് ബോര്‍ഡുകള്‍. അത് ഇവിടെയും വേണമെന്നു പറയുന്നവര്‍ക്ക് എന്തോ പ്രശ്നമുണ്ട് എന്നു ചിന്തിക്കേണ്ടി വരും. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രദര്‍ശിപ്പിക്കണം എന്ന ബില്ലിലെ നിഷ്ക്കര്‍ഷ അഭിനന്ദനാര്‍ഹമാണ്.
ഭാഷ വളരണമെന്നു പറയുകയും തികച്ചും യാഥാസ്ഥിതികനായിരിക്കുകയും ചെയ്യുന്ന ഭാഷാപ്രേമികളല്ല നമുക്ക് വേണ്ടത്. മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ വളരുന്നത്. നമുക്കും ആ നിലപാടാണ് കരണീയം. ഈ കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷ പുതിയ വാക്കുകള്‍ സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ സമീപനമുണ്ട്. ആ പാത നമുക്കും സ്വീകരിക്കാവുന്നതാണ്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പുതുതായി ഭാഷയിലേക്ക് കൊണ്ടുവരേണ്ട വാക്കുകള്‍ കൂട്ടിച്ചേര്‍ത്തും തീരെ ഉപയോഗിക്കാത്ത വാക്കുകള്‍ ഒഴിവാക്കിയും ശബ്ദതാരാവലി പുതുക്കേണ്ടതുണ്ട്. ഈ പുതുക്കലിലൂടെ ഭാഷയെ ശക്തിപ്പെടുത്താനുള്ള സമീപനം ആവശ്യമാണ്.

വാല്‍ക്കഷണം.. മലയാള ഭാഷയ്ക്കായി എന്നും ശബ്ദിക്കുന്ന ഒരു പ്രമുഖന്‍റെ വീട്ടില്‍ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ഒരിക്കല്‍ പോയി. അപ്പോള്‍ രണ്ട് കുട്ടികള്‍ അവിടെ ഇംഗ്ലീഷില്‍ സംസാരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം സന്തോഷത്തോടെ അവരെ പരിചയപ്പെടുത്തി, എന്‍റെ കൊച്ചുമക്കളാണ്.