ലേഖനം
മലയാള ഭാഷാ ബില്ലും കുറെ ഭാഷാ
ചിന്തകളും
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെ
ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ അവരോട് മലയാളം പഠിക്കണം എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, എന്തിനാ
അങ്കിളെ ഞങ്ങള്‍ മലയാളം പഠിക്കുന്നത്.ഞങ്ങളാരും നാട്ടിലേക്ക് വരുന്നില്ല, അഥവാ
വന്നാലും ജോലി തേടുന്നതിന് മലയാളം നിര്‍ബ്ബന്ധമല്ലല്ലോ. അത്യാവശ്യം
സംസാരിക്കാനൊക്കെയുള്ള മലയാളം ഞങ്ങളുടെ കൈയ്യിലുണ്ട്.ഇവിടെ ജീവിക്കാന്‍ ഹിന്ദിയും
ഇംഗ്ലീഷും മതി. മലയാളം പഠിക്കുന്നതിനു പകരം ജര്‍മ്മനോ ഫ്രഞ്ചോ പഠിച്ചാല്‍ ആ
രാജ്യത്ത് നല്ലൊരു ജോലിയെങ്കിലും സമ്പാദിക്കാം. ഇങ്ങനെയൊക്കെയായിരുന്നു അവരുടെ
വാദങ്ങള്‍.
അവരുടെ
വാദങ്ങള്‍ ശരിയാണെന്നിരിക്കെ അധികമൊന്നും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആ
മലയാളിക്കുട്ടികളോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ സ്വപ്നം കാണുന്നത് ഏത് ഭാഷയിലാണ്.
അത് മലയാളത്തിലാണ് എന്നായിരുന്നു മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് വീട്ടില്‍
കൂടുതലും സംസാരിക്കുന്ന ഭാഷ മലയാളമായതുകൊണ്ടാകാം എന്നായിരുന്നു അവരുടെ മറുപടി.
നമ്മള്‍ സ്വപ്നം കാണുന്ന ഭാഷയാണ് നമ്മുടെ മാതൃഭാഷ, അതിനെ സ്നേഹിക്കണം എന്നും ആ ഭാഷ
എഴുതാനും വായിക്കാനും പഠിക്കണമെന്നും
പറഞ്ഞു കൊടുത്തപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി. അവര്‍
മലയാളത്തെ പ്രണയിച്ചു തുടങ്ങി.
ഇപ്പോള്‍
ഇതോര്‍ക്കാന്‍ കാരണം കേരള നിയമസഭ പാസ്സാക്കിയ മലയാള ഭാഷാ ബില്ലാണ്. പിഎസ്സി
പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബ്ബന്ധമാക്കിയില്ലെങ്കിലും മലയാളം പഠിക്കാതെ
കേരളത്തില്‍ ജീവിക്കുക ബുദ്ധിമുട്ടാകും എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്.
മാതൃഭാഷയ്ക്ക് വേണ്ടി വളരെ വൈകിയെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന പരമായ
നടപടി എന്നിതിനെ വിശേഷിപ്പിക്കാം. എന്നാല്‍ നമ്മുടെ അയല്‍ക്കാരായ
തമിഴ്നാട്ടുകാരെപോലെ ഭാഷാഭ്രാന്ത് നമുക്കാവശ്യമില്ല എന്നാണ് എന്‍റെ അഭിപ്രായം.
മലയാളി എന്നും വിവിധ ഭാഷകളെയും സംസ്ക്കാരത്തെയും
സ്വീകരിച്ച് വളര്‍ന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും വ്യത്യസ്തമായി യൂറോപ്യന്‍
നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുള്ളതും. ഇംഗ്ലീഷും ഹിന്ദിയും അറബിയും ഉള്‍പ്പെടെ
ഏത് ഭാഷയും സ്വന്തം ഭാഷപോലെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍.
ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നും മലയാളവും ഇംഗ്ലീഷും ഒരുപോലെ കരഗതമാക്കിയ
തലമുറകളായിരുന്നു നമുക്കുണ്ടായിരുന്നത്. പിന്നീടതിന് ശോഷണം സംഭവിച്ചു. അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും മൂല്യശോഷണമുണ്ടായി. മാറിമാറിവന്ന സര്‍ക്കാരുകള്‍
വിദ്യാഭ്യാസരംഗത്ത് നടത്തിയ
പരിഷ്ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം പിറകോട്ടടിച്ചു. ഇപ്പോള്‍ അക്ഷരങ്ങള്‍
പെറുക്കിവച്ചാല്‍ പോലും ഒരു കുട്ടി ജയിച്ചുകയറുന്ന അവസ്ഥയില്‍ കാര്യങ്ങള്‍
എത്തിനില്‍ക്കുന്നു. ആ വിഷയത്തിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എങ്കിലും വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
കരുനാഗപ്പള്ളിയിലെ
ബോയ്സ് ഹൈസ്കൂളില്‍ മലയാളം മീഡിയം സ്കൂളില്‍ പത്താംതരം വരെ പഠിച്ചശേഷം തിരുവനന്തപുരം
മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രിക്ക് വന്നു ചേര്‍ന്ന ഞാന്‍ അനുഭവിച്ച
ഭാഷാപരമായ പ്രശ്നങ്ങള്‍ പുതിയ തലമുറയ്ക്ക് മനസ്സിലാകുമോ എന്നറിയില്ല.
ക്ലാസ്സിലുള്ള തൊണ്ണൂറു ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുള്ളവര്‍.
അവരുടെ നിലവാരത്തില്‍ മാത്രം ക്ലാസ്സുകള്‍
കൈകാര്യം ചെയ്യുന്ന അധ്യാപകര്‍. മലയാളത്തിനുവേണ്ടി വാദിക്കുന്ന നമ്മുടെ
പ്രഗത്ഭരായ പല സാഹിത്യകാരന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കള്‍
അന്നവിടെയുണ്ടായിരുന്നു. അവരെല്ലാം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്
വന്നവരായിരുന്നു. അവരുടെ മക്കളും
അത്തരത്തില്‍ തന്നെയാവും പഠിച്ചിട്ടുണ്ടാവുക. പലരും ജീവിക്കുന്നത്
വിദേശരാജ്യങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊരു
കാര്യമായതിനാല്‍ മലയാളികളുടെ മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍
ആഗ്രഹിക്കുന്നില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാന്‍ കഴിയാതിരുന്നതിന്‍റെ
വേദനയിലാണ് മാര്‍ ഇവാനിയോസില്‍ തുടര്‍ന്നുള്ള പഠനകാലം കഴിഞ്ഞുകൂടിയത്. ഇംഗ്ലീഷ്
മീഡിയക്കാര്‍ക്കൊപ്പം എത്താന്‍ കഴിയാത്തതിനാല്‍ ഉഴപ്പന്മാരുടെ സംഘത്തില്‍ കൂടുകയും
രണ്ടാം വര്‍ഷം ടിസി വാങ്ങി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് മാറുകയും
ചെയ്തു.അപ്പോഴാണ് ഭാഷയുടെ ശുദ്ധവായു
ശ്വസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷ് കുറേയൊക്കെ വഴങ്ങിയെങ്കിലും ഇപ്പോഴും
ഭയത്തോടെ മാത്രമെ ആ ഭാഷയെ സമീപിക്കാന്‍ കഴിയുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇതു
പറയുമ്പോള്‍ രസകരമായ ഒരു സംഭവം കൂടി ഓര്‍മ്മവരുകയാണ്. മുന്‍മന്ത്രി മാത്യു.ടി.തോമസ്സ്
പറഞ്ഞതാണ്. അദ്ദേഹത്തെ കാണാനായി ഒരു ദിവസം കുറെ അധ്യാപകര്‍ വന്നു. സര്‍ക്കാര്‍
സ്കൂളില്‍ പഠിപ്പിക്കുന്നവരാണ് . സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതുകൊണ്ട്
ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്നുവെന്നും അവരെല്ലാം ജോലി നഷ്ടപ്പെടും എന്ന
ഭീഷണിയിലാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമൊക്കെയാണ് അവര്‍ക്ക്
പറയാനുണ്ടായിരുന്നത്. അദ്ദേഹം ചായയൊക്കെ കൊടുത്ത് പൊതുപ്രശ്നങ്ങളൊക്കെ
പറഞ്ഞിരിക്കെ അവരുടെ കുട്ടികളെക്കുറിച്ച് ചോദിച്ചു. കുട്ടികള്‍ എവിടെ പഠിക്കുന്നു
എന്ന ചോദ്യത്തിന് അവരെല്ലാം നല്‍കിയ മറുപടി കുട്ടികള്‍ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം
സ്കൂളുകളിലാണ് പഠിക്കുന്നത് എന്നായിരുന്നു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്‍റെ
കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്.
നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ത്ത്
പഠിപ്പിക്കാതിരിക്കുകയും മറ്റുള്ളവരുടെ കുട്ടികള്‍ നിങ്ങളുടെ സ്കൂളില്‍
പഠിക്കണമെന്നു പറയുകയും ചെയ്യുന്നതിന്‍റെ ലോജിക് മനസ്സിലാകുന്നില്ല. ആദ്യം
നിങ്ങളുടെ സ്കൂളുകള്‍ പഠനത്തിന് കൊള്ളാമെന്ന് ബോധ്യപ്പെടേണ്ടത് നിങ്ങള്‍ക്കാണ്.
നിങ്ങള്‍ മാതൃക കാട്ടിയശേഷം മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുക എന്നവരെ
ഉപദേശിച്ച് അയയ്ക്കുകയും ചെയ്തു. മലയാള ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണെന്ന്
നമുക്ക് മനസ്സിലാക്കാം. നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയം
സ്കൂളില്‍ ചേര്‍ത്തശേഷം മതി ഈ ഭാഷാപ്രേമം എന്നു നമ്മള്‍ സാധാരണക്കാര്‍ ആവശ്യപ്പെട്ടാല്‍
ഒരുപക്ഷെ ഭാഷാപ്രേമികളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും അപ്രത്യക്ഷരാകാനുള്ള
സാധ്യതയാണ് ഞാന്‍ കാണുന്നത്.
മാതൃഭാഷയോട്
പ്രണയം വേണ്ട എന്നല്ല ഞാന്‍ പറയുന്നത്, ഭാഷാഭ്രാന്ത് വേണ്ട എന്നാണ് . ഔദ്യോഗിക
ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബ്ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള
ഭാഷ(വ്യാപനവും പരിപോഷണവും)ബില്‍ ഈ ഒരു മര്യാദ നിലനിര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍,എയ്ഡഡ്
സ്കൂളുകളില്‍ ഒന്നാം ക്ലാസ്സുമുതല്‍ പത്താംക്ലാസ്സ് വരെ മലയാളം നിര്‍ബ്ബന്ധിത
ഒന്നാംഭാഷയായി മാറുമെന്നത് ഭാഷയ്ക്ക് ഗുണം ചെയ്യും. ഇത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും
നിയമപരമായി ബാധമാക്കാന്‍ നപടി കൈക്കൊള്ളേണ്ടതുണ്ട്. കേരളം ഒരു ബഹുഭാഷാ സംസ്ഥാനമായി
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അന്യഭാഷക്കാര്‍ക്കും ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷ പഠിക്കാനുള്ള അവസരം നല്കാനും പ്രത്യേക ശ്രദ്ധ
ആവശ്യമാണ്.
ബില്ലുകളും
നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും
മലയാളത്തിലാവുകയാണ് എന്നത് സവിശേഷമായ വസ്തുതയാണ്. പ്രധാന കേന്ദ്ര നിയമങ്ങളും
സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും.
കീഴ്ക്കോടതിയിലെ കേസ്സുകളും വിധിന്യായങ്ങളും പെറ്റിക്കേസ്സുകളിലെ വിധിന്യായവും അര്‍ദ്ധ
ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാവും. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,സഹകരണം,പൊതുമേഖലാ
സ്ഥാപനങ്ങള്‍ എന്നിവയുടെ പേര്,ഉദ്യോഗസ്ഥരുടെ പേര്,ഉദ്യോഗപ്പേര് എന്നിവ
രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ വാഹന ബോര്‍ഡുകള്‍ എന്നിവ
മലയാളത്തിലും കൂടി രേഖപ്പെടുത്തേണ്ടി വരും. വാണിജ്യ,വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍,ട്രസ്റ്റുകള്‍,കൌണ്‍സിലിംഗ്
സെന്‍ററുകള്‍,ആശുപത്രികള്‍,ലബോറട്ടറികള്‍,വിനോദകേന്ദ്രങ്ങള്‍,ഹോട്ടലുകള്‍
എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യ പകുതി മലയാളത്തിലാകും. സര്‍ക്കാരില്‍ നിന്നോ തദ്ദേശ
സ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍,പരസ്യങ്ങള്‍,രസീതുകള്‍,ബില്ലുകള്‍
, അറിയിപ്പുകള്‍ എന്നിവയും മലയാളത്തിലാകും. സംസ്ഥാനത്ത് നിര്‍മ്മിക്കുകയോ വില്‍ക്കുകയോ
ചെയ്യുന്ന വ്യവസായിക ഉത്പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി
രേഖപ്പെടുത്തണം. കേരളത്തിനകത്ത് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും
മലയാളത്തിലാകും. പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍
പരസ്യങ്ങളിലും ഒരു നിശ്ചിത ശതമാനം മലയാളത്തിലായിരിക്കണം. സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ
സംവിധാനങ്ങളും വികസിപ്പിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര
സര്‍ക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദേശരാജ്യങ്ങള്‍, മറ്റു
സംസ്ഥാനങ്ങള്‍,ഹൈക്കോടതി,സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക്
ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക
കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആവശ്യപ്പെട്ടാല്‍ അതിനും ബില്ലില്‍
വ്യവസ്ഥ ചെയ്യുന്നുണ്ട് . മാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്‍ക്ക് അവരുടെ
മാതൃഭാഷയ്ക്ക് പുറമെ മലയാളം കൂടി പഠിക്കാന്‍
അവസരം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും
കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളെ ഒമ്പത് ,പത്ത്
ക്ലാസ്സുകളിലും ഹയര്‍ സെക്കണ്ടറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ ഗുണപരമായ
കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് പാസ്സാക്കിയിരിക്കുന്നത്.
അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുമെന്നും
ബില്ല് അവതരിപ്പിച്ച മന്ത്രി.കെ.സി.ജോസഫ് പറയുകയുണ്ടായി. അത് അനിവാര്യമാണുതാനും.
മലയാളം
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബ്ബന്ധമാക്കിയ ഈ സമയം ഓര്‍മ്മ വരുന്ന ചില അനുഭവങ്ങള്‍ കൂടി പങ്കുവെയ്ക്കാമെന്നു
കരുതുന്നു. ഒരിക്കല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്‍റെ ഒരു
കത്ത് അന്നത്തെ കേരള മുഖ്യമന്ത്രി ഈ.കെ.നായനാര്‍ക്ക് ലഭിച്ചു. കത്ത് ഹിന്ദിയിലാണ്.
ഹിന്ദി അറിയുന്നവരെ കണ്ടെത്തി ഉള്ളടക്കം മനസ്സിലാക്കി മറുപടി അയച്ചു,മലയാളത്തില്‍.
ഓനും ഇത്തിരി കഷ്ടപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്. ഡല്‍ഹിയില്‍
ജോലി ചെയ്യുന്ന കാലത്ത് ചില ഓഫീസുകളില്‍ നിന്നും അപേക്ഷാഫോറവും മറ്റും
ഹിന്ദിയിലാണ് കിട്ടിയിരുന്നത്. അന്ന് ആ സംവിധാനത്തെ കുറ്റപ്പെടുത്താതിരിക്കാന്‍
കഴിഞ്ഞിരുന്നില്ല. ഇവരുടെ ഒരു ഭാഷാഭ്രാന്ത് എന്നും പറഞ്ഞിരുന്നു. ലക്ഷക്കണക്കിന്
അന്യ ഭാഷക്കാരുള്ള കേരളത്തിലും ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഭാഷാ ന്യൂനപക്ഷത്തിന്‍റെ
ഭാഗത്തുനിന്നും ഉണ്ടാകാം.
മലയാള
ഭാഷയെ ഔദ്യോഗികമായി നിലനിര്‍ത്താന്‍ ബില്ല് ഉപകരിക്കുമെങ്കിലും ഭാഷയെ സ്നേഹിക്കാന്‍
ഇതൊന്നും ഉപകരിക്കില്ല എന്നത് സത്യം. പ്രണയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലല്ലോ,
അത് ഉള്ളില്‍ നിന്നും വരേണ്ടതാണ്. മലയാള സാഹിത്യം വായിക്കാനും പത്രമാസികകള്‍
വായിക്കാനുമുള്ള താത്പ്പര്യം ഒരാളില്‍ ജനിപ്പിക്കാന്‍ നിയമത്തിന് കഴിയില്ല.
അതിനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്താനുള്ള ഉത്തരവാദിത്തം
ഭാഷാപ്രേമികള്‍ക്കുള്ളതാണ്. മലയാളത്തിന് മാര്‍ക്ക് നല്‍കുന്നതില്‍ വലിയ
പിശുക്കുകാട്ടുന്ന അധ്യാപകരായിരുന്നു പണ്ട് കാലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട്
രണ്ടാം ഭാഷയായി ഹിന്ദി എടുത്തവരുടെ കൂട്ടത്തിലുള്ള ഒരാളാണ് ഞാന്‍. ലാറ്റിനും
ഫ്രഞ്ചുമൊക്കെയെടുത്ത് നൂറു ശതമാനം മാര്‍ക്ക് നേടിയ വിരുതന്മാരുമുണ്ടായിരുന്നു ആ
കാലത്ത്. ഇപ്പോള്‍ മലയാളത്തിന് മാര്‍ക്കു നല്കുന്നതിലെ പിശുക്ക് മാറിയിട്ടുണ്ട്.
അതുപോലെ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം ഓപ്ഷണല്‍ വിഷയമായി
എടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം നല്‍കുന്നത് ചില നല്ല
സൂചനകളാണ്.
ഭാഷയുടെ
വളര്‍ച്ചയ്ക്ക് ശാസ്ത്ര പദങ്ങളുടെ കൃത്യമായ വിവര്‍ത്തനമുണ്ടാകണം എന്ന് പ്രൊഫസര്‍
സച്ചിദാനന്ദന്‍ ഉള്‍പ്പെടെ പലരും പറയുന്നതുകേട്ടിട്ടുണ്ട്. ഇതുകോള്‍ക്കുമ്പോള്
തന്നെ ഭയം തോന്നാറുമുണ്ട്. പ്രകാശ വിശ്ലേഷണം എന്നൊക്കെ പത്താംതരം വരെ പഠിച്ചിട്ട് പ്രീഡിഗ്രിക്ക് പോയി ഇതുതന്നെയാണ്
ഫോട്ടോസിന്തസിസ് എന്നു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിവന്ന ശ്രമം
ചെറുതല്ല. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിച്ചാല്‍ മരണം വരെയും അതു മതിയാകും
എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ഇംഗ്ലീഷ്
ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നിരിക്കെ ശാസ്ത്ര വാക്കുകള്‍ മലയാളീകരിച്ച് (അത്
പലപ്പോഴും മണിപ്രവാളമാണെന്നത് മറ്റൊരു കാര്യം) കുട്ടികളെ പീഡിപ്പിക്കരുത് എന്നാണ്
എന്‍റെ അഭ്യര്‍ത്ഥന. തമിഴ് ഭാഷയിലെ വാക്കുകള്‍ കുറേക്കൂടി വേഗം മനസ്സിലാക്കാന്‍
കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബോയിലിംഗ് പോയിന്‍റിന് ക്വദനാങ്കം എന്നു
പറയുന്നതിനേക്കാള്‍ നല്ലത് തിളനില എന്ന പദമാണ്. ബോയിലിംഗ് പോയിന്‍റ് എന്നു പഠിക്കുന്നതാണ്
ഉത്തമം.
തമിഴ്നാടുകാരുടെ
ഭാഷാ പ്രേമത്തെ പുകഴ്ത്തുന്നവരോട് എനിക്ക് ഒട്ടും യോജിപ്പില്ല. അത്
ഭാഷാപ്രേമമല്ല,ഭാഷാ ഭ്രാന്താണ്. ഭാഷാ പ്രേമമാണെങ്കില്‍ എല്ലാ ഭാഷകളെയും
പ്രണയിക്കണം, ഹിന്ദി കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കേണ്ടതില്ല. തമിഴ്നാട്ടില്‍
പോയാല്‍ സ്ഥലം മനസ്സിലാക്കാന്‍ കഴിയാതെ നമ്മള്‍ വിഷമിക്കും. തമിഴില്‍ മാത്രമാണ്
ബോര്‍ഡുകള്‍. അത് ഇവിടെയും വേണമെന്നു പറയുന്നവര്‍ക്ക് എന്തോ പ്രശ്നമുണ്ട് എന്നു
ചിന്തിക്കേണ്ടി വരും. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രദര്‍ശിപ്പിക്കണം എന്ന ബില്ലിലെ
നിഷ്ക്കര്‍ഷ അഭിനന്ദനാര്‍ഹമാണ്.
ഭാഷ
വളരണമെന്നു പറയുകയും തികച്ചും യാഥാസ്ഥിതികനായിരിക്കുകയും ചെയ്യുന്ന
ഭാഷാപ്രേമികളല്ല നമുക്ക് വേണ്ടത്. മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ചാണ്
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ വളരുന്നത്. നമുക്കും ആ നിലപാടാണ് കരണീയം. ഈ
കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയും.
ഇംഗ്ലീഷ് ഭാഷ പുതിയ വാക്കുകള്‍ സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ സമീപനമുണ്ട്. ആ പാത
നമുക്കും സ്വീകരിക്കാവുന്നതാണ്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പുതുതായി ഭാഷയിലേക്ക്
കൊണ്ടുവരേണ്ട വാക്കുകള്‍ കൂട്ടിച്ചേര്‍ത്തും തീരെ ഉപയോഗിക്കാത്ത വാക്കുകള്‍
ഒഴിവാക്കിയും ശബ്ദതാരാവലി പുതുക്കേണ്ടതുണ്ട്. ഈ പുതുക്കലിലൂടെ ഭാഷയെ
ശക്തിപ്പെടുത്താനുള്ള സമീപനം ആവശ്യമാണ്.
വാല്‍ക്കഷണം.. മലയാള ഭാഷയ്ക്കായി എന്നും ശബ്ദിക്കുന്ന ഒരു
പ്രമുഖന്‍റെ വീട്ടില്‍ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍
ഒരിക്കല്‍ പോയി. അപ്പോള്‍ രണ്ട് കുട്ടികള്‍ അവിടെ ഇംഗ്ലീഷില്‍ സംസാരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
അദ്ദേഹം സന്തോഷത്തോടെ അവരെ പരിചയപ്പെടുത്തി, എന്‍റെ കൊച്ചുമക്കളാണ്.
No comments:
Post a Comment