കേരളത്തിലെ
സേനകളും വിചിത്രമായ ജാതി ഉപജാതി ശൃംഘലകളും
-
വി.ആര്‍.അജിത് കുമാര്‍
കേരളത്തില്‍,
പ്രത്യേകിച്ചും മലബാറില്‍ ,നായന്മാര്‍ പൊതുവെ കര്‍ഷകരും യോദ്ധാക്കളുമായിരുന്നു.
ജനിച്ചപ്പോഴേ ആയുധവുമായി പിറന്നുവോ എന്നു
സംശയം തോന്നും വിധമായിരുന്നു അവരുടെ രീതിയും മട്ടും. ക്ഷത്രിയ സ്വഭാവമുണ്ടെങ്കിലും
ശൂദ്രഗണത്തില്‍ ഉള്‍പ്പെടുത്തി ബ്രാഹ്മണ
മതക്കാര്‍ ഒപ്പം നിര്‍ത്തിയവരാണ് ഈ കൂട്ടര്‍. നിയമപരമായ വിവാഹ ജീവിതം ഇവര്‍ക്കുണ്ടായിരുന്നില്ല.
കുട്ടികള്‍ അമ്മ വീട്ടിലാണ് വളര്‍ന്നിരുന്നത്.
ആചാരരീതികളില്‍ പലതും ക്ഷത്രിയരീതിയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. കുട്ടി
പിറക്കുമ്പോഴുള്ള ചടങ്ങുകളും ശവദാഹവുമായി
ബന്ധപ്പെട്ട ചടങ്ങുകളും ഉദാഹരണങ്ങളാണ്. പതിമൂന്നു വയസ്സാകുമ്പോള്‍ കുട്ടികളെ
ജാതിനിയമങ്ങള്‍ പഠിപ്പിച്ച് പരിശീലനം തുടങ്ങും. പതിനാറു വയസ്സില്‍ കുട്ടികള്‍
ആയുധമെടുക്കും. നായന്മാരെ പൊതുവായി ശൂദ്രര്‍ എന്നു വിളിച്ചിരുന്നെങ്കിലും അതില്‍
സമ്പന്നരും സാധാരണക്കാരും ഉണ്ടായിരുന്നു.
മലബാറിലെ നമ്പ്യാതി,നമ്പ്യാര്‍,വെള്ളാളര്‍,ബ്രാഹ്മണരുടെ ശവദാഹത്തിന് സഹായിക്കുന്ന
വിളക്കിത്തല നായര്‍,വെള്ളാള ശൂദ്രന്‍,ശൂദ്രന്‍ എന്നിവര്‍ ഉന്നത കുലജാതരായിരുന്നു.
ഇവര്‍ പറമ്പിലെ ഉത്പ്പന്നങ്ങള്‍ കച്ചവടം ചെയ്തിരുന്നില്ല. പരസ്പ്പരം കൈമാറുന്ന
ബാര്‍ട്ടര്‍ സംവിധാനമാണ് നിലനിന്നത്. ചിലര്‍ സ്വന്തം നാട്ടില്‍
പ്രഭുക്കളായിരുന്നു.രാജസേനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നായന്മാര്‍ക്ക് ദേശത്ത്
പ്രത്യേക മതിപ്പുണ്ടായിരുന്നു. അവര്‍ക്ക് പറമ്പില്‍ പണിയെടുക്കാന്‍ തലമുറ കൈമാറി
വരുന്ന അടിമകളായിരുന്നു പുലയര്‍. യുദ്ധകാലത്ത് കുടുംബച്ചിലവ് രാജാവ് നിര്‍വ്വഹിച്ചിരുന്നു.
ചില രാജാക്കന്മാര്‍ സേനയ്ക്ക് ശമ്പളം നല്കിയും നിലനിര്‍ത്തിയിരുന്നു. ദിവസം മൂന്നു
വെള്ളി നാണയം ശമ്പളമായി നല്‍കിവന്നു.
പട്ടാളത്തിനു പുറമെ റവന്യൂവിലും നായന്മാരെയാണ് നിയമിച്ചിരുന്നത്. യുദ്ധകാലം കഴിഞ്ഞാല്‍ മറ്റു തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്.
ചാക്യാരും ചക്കാലനായരും എണ്ണയാട്ടുകാരും നിലമുഴുന്നവരും തുന്നല്‍ക്കാരുമെല്ലാം
യുദ്ധകാലത്ത് സൈന്യത്തിലേക്ക് മാറേണ്ടിയിരുന്നു. മുക്കുവരും ആശാരിമാരും മേശരിമാരും തട്ടാന്മാരുമൊക്കെ മലബാറിലെ സേനകളില്‍ ഇടം പിടിച്ചിരുന്നു.
താണജാതിക്കാരെ നേര്‍ക്കുനേര്‍ കണ്ടാല്‍
അടിക്കുകയും വെട്ടുകയും ചെയ്യാന്‍
അധികാരമുള്ള നായന്മാര്‍ എപ്പോഴും വാള്‍ കൊണ്ടുനടക്കുമായിരുന്നു. അധികാര ചിഹ്നമെന്ന
നിലയില്‍ വീടുകളിലും വാളുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തോളിലെ റിബണില്‍
രണ്ടറ്റവും കൂര്‍ത്ത വാളോ ചെറുകത്തിയോ തൂക്കിയിട്ടാണ് നായര്‍ പടയാളികള്‍
സഞ്ചരിച്ചിരുന്നത്. തോലില്‍ തീര്‍ത്ത് വിവിധ നിറങ്ങള്‍ നല്‍കിയ പരിചയും വാളുമാണ് യുദ്ധത്തിനായി
ഉപയോഗിച്ചിരുന്നത്. ചില പരിചകളില്‍ കടുവാത്തോലും
കെട്ടിയിരുന്നു. അമ്പും വില്ലും ഉപയോഗിക്കുന്ന ആളുകളും ഉണ്ടായിരുന്നു. അവര്‍ മലകളില്‍
വസിക്കുന്നവരായിരുന്നു. കുതിരകള്‍ക്ക് അനുയോജ്യമായ ഭൂതലമല്ല കേരളത്തിന്‍റേത്.
കാടുപിടിച്ച് ചതുപ്പും നദികളുമായി കിടന്നിരുന്നതിനാല്‍ കുതിരകള്‍ക്ക് വേഗം മുന്നേറാന്‍
കഴിയില്ലായിരുന്നു. ചില പാതകള്‍ ഒറ്റയാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന
തരമായിരുന്നു.
യുദ്ധ സാമഗ്രികള്‍
കൊണ്ടുപോകുന്നതിനും തടി പടിക്കുന്നതിനും മറ്റു കഠിനജോലികള്‍ക്കും ആനകളെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍
ഉപയോഗിച്ചിരുന്ന തോക്കുകള്‍ക്ക് ഇരുമ്പിന്‍റെ അച്ചുകോലായിരുന്നതിനാല്‍ ബ്രിട്ടീഷ്
തോക്കിന്‍റെ റേഞ്ചുണ്ടായിരുന്നെങ്കിലും ഭാരം കൂടുതലായിരുന്നു. എന്നാല്‍ ഇവര്‍
ഉപയോഗിച്ചിരുന്ന വിവിധ ആകൃതിയിലുള്ള
ബുള്ളറ്റ് യൂറോപ്പുകാര്‍ ഉപയോഗിച്ചിരുന്ന
ബുള്ളറ്റിനേക്കാള്‍
വേദനയുളവാക്കുന്നതായിരുന്നു, മാത്രമല്ല ലക്ഷ്യം കൃത്യവുമായിരുന്നു. എന്നാല്‍ ഓരോ തവണയും നിറയ്ക്കേണ്ടതിനാല്‍ മിക്കവാറും ആദ്യത്തെ ബുള്ളറ്റ് പായിച്ച്
രണ്ടാമത്തേത് തയ്യാറാകും മുന്നേ എതിരാളി അവരെ നശിപ്പിച്ചു കഴിയും. പരമാവധി മൂന്നു വെടിവരെ വയ്ക്കാന്‍ കഴിഞ്ഞതായി
അനുഭവസ്ഥര്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിനും മൂക്കിനുമിടയില്‍ വിരല്‍
വച്ചാണ് വെടിവെക്കുക. മൂന്നാമത്തെ വെടിയോടെ മുഖത്ത് ആ ഭാഗത്തുള്ള തൊലി
പോയിട്ടുണ്ടാവും.
പൊതുവായി
പട്ടാളത്തിന് ഒരു നായകനുണ്ടാവും. എന്നാല്‍ ആ കാലത്തെ നായര്‍ പടയ്ക്ക് നേതൃത്വമോ
റാങ്കോ ഉണ്ടായിരുന്നില്ല. നായകനെ
അനുസരിക്കുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ
യുദ്ധം ചെയ്യുകയായിരുന്നു രീതി. അതുകൊണ്ടുതന്നെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം
നായന്മാരെ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ക്കുമായിരുന്നില്ല.
നായര്‍ പട്ടാളത്തെ പ്രത്യേകമായി നിലനിര്‍ത്തി വന്നു. ബാലിയില്‍ നിന്നും ജാവയില്‍
നിന്നുമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന
ബ്രിട്ടീഷ് പട്ടാളം നായര്‍ പടയെ ഛിന്നഭിന്നമാക്കിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
യുദ്ധത്തിനിടയില്‍ മരിച്ചുവീഴുന്ന ഭടനെ
കാണുന്നത് ജീവിച്ചിരിക്കുന്നവരുടെ വീര്യം
കെടുത്തുമെന്ന ഒരു വിശ്വാസം
നായന്മാര്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ മരിച്ച ഭടനെ അപ്പോള്‍ തന്നെ നീക്കം
ചെയ്തിരുന്നു. യുദ്ധത്തില്‍ നിന്നുള്ള ശ്രദ്ധ മരിച്ച ഭടനിലേക്ക് മാറുന്നതോടെ സേന
കൂടുതല്‍ ദുര്‍ബ്ബലമാകും എന്ന ചിന്ത നായര്‍
പടയ്ക്ക് ഉണ്ടായിരുന്നില്ല. അത് നഷ്ടത്തിന്‍റെ അളവ് കൂട്ടിയിരുന്നു എന്നതും
വാസ്തവമാണ്.
കോട്ട വളയുന്ന യുദ്ധശാസ്ത്രം , പീരങ്കി പ്രയോഗം,ബോംബ്, ഗ്രനേഡ് ഇതൊന്നും
നായര്‍ പടയ്ക്ക് പരിചിതമായിരുന്നില്ല. അഞ്ചുതെങ്ങിലെ യുദ്ധത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം
ഛിന്നഭിന്നമായി പോയിട്ടും കമ്പനി ജയിച്ചത് പീരങ്കിയുടെ ബലത്തിലായിരുന്നു.
സംരക്ഷിത ഗ്രാമങ്ങളും കോട്ടകളും രക്ഷിക്കാന്‍ നായര്‍ പടയ്ക്ക് മിടുക്കുണ്ടായിരുന്നെങ്കിലും തുറന്ന
യുദ്ധത്തില്‍ അവര്‍ പരാജയമായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ രാജാക്കന്മാര്‍
യൂറോപ്പുകാരെ സേനാനായകനാക്കാന്‍ താത്പ്പര്യം കാട്ടിയിരുന്നു. എന്നാല്‍ ഇവരില്‍ പലരും തോക്കുപോലും കണ്ടിട്ടില്ലാത്തവരായിരുന്നു
എന്നതായിരുന്നു സത്യം.
പഴയ കാലത്ത്
വീടുകള്‍ ഓലമേഞ്ഞവയായിരുന്നതിനാല്‍ ബോംബും
ഗ്രനേഡും കത്തുന്ന വസ്തുക്കളും ഉപയോഗിച്ച് യുദ്ധം നടത്തുന്നവര്‍ക്കായിരുന്നു മേല്‍ക്കൈ. വീടുകള്‍ക്ക് തീ പിടിക്കുന്നതോടെ
പട്ടാളം അങ്കലാപ്പിലാകും. ഇന്നു കാണുന്നവിധമുള്ള
യുദ്ധമായിരുന്നില്ല
നാട്ടുരാജാക്കന്മാര്‍ തമ്മില്‍
നടന്നുവന്നത്. ഇരുപത് പേര്‍ മരിക്കുന്ന ഒരു യുദ്ധത്തെ പ്രധാന യുദ്ധമായി
കണക്കാക്കിയിരുന്നു. പ്രബലനായ രാജാവിനെതിരെ രണ്ടുമൂന്ന് ചെറു രാജാക്കന്മാര്‍ ചേര്‍ന്ന് ആക്രമണം നടത്തുന്ന രീതിയും നിലനിന്നിരുന്നു.
നഗരം നശിപ്പിക്കല്‍,പശുക്കളെ കെട്ടഴിച്ചു വിടല്‍,സാധനങ്ങളുടെ ഗതാഗതം തടയല്‍,
പ്രജകളെ കഠിനമായി വേദനിപ്പിക്കല്‍ തുടങ്ങി യുദ്ധമുറകള്‍ വ്യത്യസ്തങ്ങളായിരുന്നു.
കോട്ടകളും പട്ടാളം കാവലുള്ള ഗ്രാമങ്ങളും
കുറവായിരുന്നതിനാല്‍ ഒരു അതിര്‍ത്തിയില്‍ തോല്‍ക്കുന്ന രാജാവ് മറുവശത്ത്
വിജയിക്കുന്ന വാര്‍ത്തകളും അപൂര്‍വ്വമായിരുന്നില്ല.
യുദ്ധത്തില്‍ ഒരു
രാജാവോ കുമാരന്മാരോ മരിച്ചാല്‍ ശത്രുരാജാവ് അവരുടെ കുടുംബത്തിന് ധനം നല്‍കി
രക്ഷിക്കണം എന്നൊരു രീതി നിലനിന്നിരുന്നു. മങ്ങാട്ടില്‍ രാജാ മൂന്ന്
രാജകുമാരന്മാരെ യുദ്ധത്തില്‍ വധിച്ചതിന്
ധര്‍മ്മരക്ഷയെന്ന നിലയില്‍ പകരം ധാരാളം
ഭൂമി നല്‍കിയിരുന്നതായി രേഖകളുണ്ട്. സ്വന്തം സേനയുടെ അംഗസംഖ്യ പെരുപ്പിച്ചു
പറയുന്ന രീതിയും സാധാരണമായിരുന്നു.
മലബാറിലെ മറ്റൊരു
യുദ്ധമുറക്കാര്‍ ചേകവന്മാരാണ്. സിലോണിലെ യോദ്ധാക്കളായിരുന്നു ഇവരെന്നും ഇവര്‍ മലബാറിലെത്തിയത്
തികച്ചും യാദൃശ്ചികമായാണെന്നും കഥകള്‍
പ്രചാരത്തിലുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ കാലത്ത് ഓരോ തൊഴിലും ചെയ്യുന്നവര്‍ക്ക്
ഉച്ചനീചത്വം നിലനിന്നിരുന്നു എന്നു പറയപ്പെടുന്നു. ഒരു വെളുത്തേടത്ത് സ്ത്രീ
ചാരവെള്ളത്തില്‍ തുണി കഴുകി വിരിക്കാന്‍ നോക്കുമ്പോള്‍ സഹായത്തിനായി വീട്ടിലാരെയും
കണ്ടില്ല. അപ്പോഴാണ് അടുത്തവീട്ടിലെ ആശാരിയുടെ മകളെ സഹായത്തിന് വിളിച്ചത്. അത്
ആചാര ലംഘനമാണെന്ന് കുട്ടിക്കറിയില്ലായിരുന്നു. കുറേ ദിവസം കഴിഞ്ഞ് വെളുത്തേടത്ത്
സ്ത്രീ ആശാരിയുടെ വീട്ടില്‍ കയറി. ആശാരി തട്ടിക്കയറിയപ്പോള്‍ നിന്‍റെ മകള്‍ എന്‍റെ
തുണിയില്‍ തൊട്ടതോടെ നാം ഒരു ജാതിയായി മാറിയെന്നും എനിക്കിനി അയിത്തമില്ലെന്നും പറഞ്ഞു.
സമൂഹത്തിന്‍റെ ഭ്രഷ്ട് ഭയന്ന് ആശാരി അവരെ കൊന്നു. വിവരമറിഞ്ഞ വെളുത്തേടത്തുകാര്‍
അധികാരിക്ക് പരാതി നല്‍കി. ശിക്ഷ ഭയന്ന്
ആശാരിമാര്‍ സംഘടിച്ച് സിലോണിലേക്ക് പോയി. മലബാറുകാരോട് ആദരവുള്ള കാന്‍ഡിയിലെ
രാജാ അവരെ സ്വീകരിച്ചു. ഈ സംഭവത്തോടെ
നാട്ടില്‍ ആശാരിയില്ലാതായി. ചേരമാന്‍ പെരുമാള്‍ ഏറെ വിഷമിച്ചു. വീടുണ്ടാക്കാന്‍ എന്നല്ല
ഒരു തവിപോലുമുണ്ടാക്കാന്‍ ആളില്ലാത്ത
അവസ്ഥ. അദ്ദേഹം ആശാരിമാരെ തിരികെ അയയ്ക്കാന്‍
കാന്‍ഡി രാജാവിനോട് അഭ്യര്‍ത്ഥിച്ചു. ഒരു തരത്തിലുള്ള ശിക്ഷയും
ഉണ്ടാകില്ലെന്ന് രാജാവ് ഉറപ്പു നല്‍കി. ആശാരിമാര്‍ക്ക് വിശ്വാസം വന്നില്ല. അവര്‍
കാന്‍ഡി രാജാവിനോട് അപേക്ഷിച്ചതനുസരിച്ച് രണ്ട് ചേകവ കുടുംബങ്ങളെ ഒപ്പമയച്ചു. ഒരു
വ്യവസ്ഥയും വച്ചു. കല്യാണം,മരണം തുടങ്ങിയ വിശേഷ അവസരങ്ങളില്‍ മുന്നാഴി അരി ചേകവന്മാര്‍ക്കും പിന്‍ഗാമികള്‍ക്കും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തീരെ പാവപ്പെട്ട ആശാരിയാണെങ്കില്‍ കടം
വാങ്ങി നല്‍കണം. അത് ചേകവന്‍ തിരികെ നല്‍കുമെന്നും വ്യവസ്ഥ
ചെയ്തു. ഈ രണ്ട് കുടുംബങ്ങളുടെ അനന്തര
തലമുറയാണ് മലബാറിലെ ചേകവന്മാര്‍ എന്നതാണ് ഐതീഹ്യം.
മലബാറില്‍ നായര്‍
പട്ടാളത്തിന്‍റെ കുറവ്
പരിഹരിക്കാനാണ് ചേകവന്മാരെ
പട്ടാളത്തിലെടുത്തതെന്ന്
പറയപ്പെടുന്നു. ചേകവരുടെ പ്രധാന ജോലി കള്ള്ചെത്താണ്. നായരും ചേകവരും
കഴിഞ്ഞാല്‍ അമ്പും വില്ലുമുണ്ടാക്കുന്ന കോലത്തിരിമാരാണ് വരുക. കണിയാനും ദുര്‍മന്ത്രവാദികളായ കൊറവരും
പാമ്പാട്ടികളും സമൂഹത്തിന്‍റെ ഭാഗമായിരുന്നു. മറ്റൊരു ജാതി മുക്കുവരായിരുന്നു.
അവര്‍ യൂറോപ്യന്‍ പ്രേരണയില്‍ പിന്നീട് റോമന്‍ ക്രിസ്ത്യാനികളായി മാറി.
അടിമജാതിയില്‍ മുഖ്യര്‍ പുലയരും കാണിക്കാരും വേട്ടുവരുമായിരുന്നു. പുലയര്‍ വിത്തുവിത,
ഞാറുനടീല്‍,കൊയ്ത്ത് എന്നിവ നിര്‍വ്വഹിച്ച്
ഉടമയില്‍ നിന്നും പത്തില്‍ ഒന്ന് പതം
വാങ്ങി ജീവിക്കുന്നവരായിരുന്നു. അടിമകളില്‍ മേല്‍ക്കോയ്മ പുലയര്‍ക്കായിരുന്നു. അവര്‍ക്ക് അവരുടേതായ
ക്ഷുരകനും ഉണ്ടായിരുന്നു. തലയില്‍ കെട്ടാനും മുട്ടൊപ്പം തുണിയുടുക്കാനും അവകാശം
നേടിയിരുന്നു. എന്നാല്‍ കാണിക്കാര്‍ക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പറയര്‍,ജാതിക്ക്
പുറത്തുള്ളവരായിരുന്നു. പതിരു നീക്കലും കുട്ട നിര്‍മ്മാണവും മൃഗവൈദ്യവും മരിച്ച
പശുവിന്‍റെ തോലെടുക്കലും മൃഗത്തെ കുഴിച്ചിടലും ഇവരുടെ ജോലിയായിരുന്നു. പച്ചമാംസം
പൂജാദ്രവ്യമാക്കാനും പശുമാംസം കഴിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു. തേനും
മെഴുകുമെടുക്കുന്ന ഒട്ടര്‍
കാട്ടുജാതിയായിരുന്നു. അവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ വാങ്ങി കച്ചവടക്കാര്‍
കയറ്റുമതി ചെയ്തു. ഈ കൂട്ടര് വസ്ത്രം ധരിക്കില്ലായിരുന്നു. കടുവയെ അമ്മാവനായി കരുതിയ
ഇവര്‍ കടുവ മരിക്കുമ്പോള്‍ തല മൊട്ടയടിച്ച് മൂന്നു ദിവസം വേവിച്ച ഭക്ഷണം കഴിക്കാതെ
കഴിയുമായിരുന്നു. കടുവ വേട്ടയാടി ഉപേക്ഷിച്ച ഇറച്ചിയായിരുന്നു ഇവരുടെ ഭക്ഷണം.
വേടനും നായാടിയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അരി ആഹാരം കഴിക്കാത്ത ഇവര്‍
ഇലയും വേരും ഭക്ഷണമാക്കിയിരുന്നു.
ദക്ഷിണേന്ത്യയിലെ
ആദിമ ജനത ചെറുമരും വേട്ടുവരും പുലയരും കാടരും മലയരും പറയരും കുറിച്യരും
കുറുമ്പരുമായിരുന്നു. നമ്പൂതിരിയും നായരും തീയ്യരും വന്നു താമസമാക്കിയവരാണെന്നും
കണക്കാക്കപ്പെടുന്നു. ശങ്കരാചാര്യരുടെ
ജാതിനിര്‍ണ്ണയപ്രകാരം ക്ഷത്രിയരും വൈശ്യരുമില്ലാത്ത കേരളത്തില്‍ എഴുപത്തിരണ്ട് ജാതികളാണ്
ഉണ്ടായിരുന്നത്. എട്ട് ബ്രാഹ്മണ ജാതികള്‍, രണ്ട് നിയുണ ജാതികള്‍, പന്ത്രണ്ട്
അന്തരാള ജാതികള്‍, പതിനെട്ട് ശൂദ്രന്മാര്‍, ആറ് ശില്‍പ്പികള്‍, പത്ത് പതിതര്‍,
എട്ട് നീച ജാതികള്‍, എട്ട് അധിക ജാതികള്‍ . ഇവര്‍ക്ക് തന്നെ ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു.
ബ്രാഹ്മണരില്‍
തമ്പ്രാക്കള്‍ ഭരണാധികാരികളും ഉയര്‍ന്ന പൂജാരികളുമായിരുന്നു. പ്രഭുക്കളും
വേദോപാസകരുമായിരുന്ന ആഢ്യന്‍. ഉന്നത വിദ്യാഭ്യാസവും കുലീനതയുമുള്ള വിശിഷ്ട ബ്രാഹ്മണന്‍, സാധാരണക്കാരായ സാമാന്യ
ബ്രാഹ്മണന്‍, നാമം കൊണ്ടു മാത്രം ബ്രാഹ്മണരായ ജാതിമാത്രേയന്‍, മലബാര്‍ വിട്ടു പോയ
ശേഷം തിരികെ വന്നവരായ സാങ്കേതികന്‍, പരശുരാമന്‍റെ ദൈവീകത്വം സംശയിക്കുന്ന
ശാപഗ്രസ്ഥന്‍, പരമ്പരാഗതമായി കുറ്റാരോപിതരായ പാപിഷ്ടന്‍ എന്നിവരാണ്
ബ്രാഹ്മണവിഭാഗങ്ങള്‍. ഇതില്‍ വിശിഷ്ട
ബ്രാഹ്മണന്‍ യാഗം ചെയ്യുന്നതിന്‍റെ നിലയനുസരിച്ച്
അക്കിത്തിരി,ചോമാതിരി,അത്തിത്തിരി എന്ന് മൂന്നു വിഭാഗമുണ്ട്. അഷ്ടവൈദ്യനും
ശാസ്ത്രംഗകാരനും ജാതിമാത്രേയന്മാരാണ്. സാങ്കേതികന്മാര്‍ ആറുതരമാണ്. ഇവരെ
അക്കരദേശി,ഇക്കരദേശി,തൃപ്പൂണിത്തുറ ദേശി, തിരുവല്ല ദേശി,കര്‍ണ്ണാടക ദേശി,തുളു
ദേശി എന്നിങ്ങനെ തരം തിരിച്ചിരുന്നു.
ബ്രാഹ്മണനും
ശൂദ്രനും ഇടയില്‍ വരുന്ന അമ്പലവാസികളാണ് അന്തരാളര്‍.അടികള്‍,പുഷ്പകന്‍,നമ്പീശന്‍,പൂപ്പള്ളി,പിഷാരടി,വാരിയര്‍,ചാക്യാര്‍,നമ്പ്യാര്‍,തീയ്യത്തുണ്ണി,
പിതാരന്‍,നാട്ടുപട്ടര്‍ എന്നിവരാണ് ഈ കൂട്ടര്‍. പതിനെട്ടു തരം
ശൂദ്രരാണുണ്ടായിരുന്നത്. കിരിയാത്തി നായര്‍,ഇല്ലക്കാര്‍,സ്വരൂപക്കാര്‍,പാദമംഗലം,ഇടശ്ശേരി,മാരാന്‍,ചെമ്പുകൊട്ടി,
ഒടാട്ടുനായര്‍, പള്ളിച്ചന്‍,മാതേവന്‍,കലംകൊട്ടി, ചക്കാലനായര്‍,അത്തിക്കുറിശ്ശി,ചെട്ടി,ചാലിയന്‍,വെളുത്തേടന്‍,ക്ഷുരകന്‍
എന്നിവരായിരുന്നു അക്കൂട്ടര്‍. ആശാരി,മൂശാരി,കല്ലാശാരി,തട്ടാന്‍,കൊല്ലന്‍,ഈര്‍ച്ചകൊല്ലന്‍
എന്നിവരായിരുന്നു ശില്‍പ്പികള്‍. കണിയാനും വില്‍കുറുപ്പും തോല്‍കുറുപ്പും വേലനും
പാണനും പറവനും തീയനും മുക്കുവനും പതിതരായിരുന്നു.പറയനും പുലയനും നായാടിയും ഉള്ളാടരും കുറവനും മലവേടനും
കണിയാനും നീചജാതിയില്‍പെട്ട മലവാസികളായിരുന്നു. പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരും
പൂണൂലിട്ട നമ്പിടിയും പൂണിലില്ലാത്ത നമ്പിടിയും പൊതുവാളും പ്ലാപ്പിള്ളിയും
സാമന്തനും കരിവേലത്തു നായരും നന്നനാട്ടു വെള്ളാളനും അധിക ജാതിക്കാരായിരുന്നു.
സംബ്ബന്ധം വഴിയാണ് നായരും
അന്തരാളരും സങ്കരവര്‍ഗ്ഗമായി മാറിയത്. നമ്പൂതിരിമാര്‍ക്ക് വേളി കഴിച്ച് നല്‍കുക
വഴി സങ്കരത വര്‍ദ്ധിച്ചു. ഇങ്ങനെ ബന്ധം കൂടിയ എമ്പ്രാന്തിരി ക്രമേണ നമ്പൂതിരിയായും
മാറി. സാമൂതിരി കുടുംബക്കാരായ ഏറാടികളും നിലമ്പൂര്‍ തിരുമുല്‍പ്പാടും മറ്റ്
ഉദാഹരണങ്ങളാണ്. പണവും പദവിയും ലഭിക്കുന്ന നായര്‍ നമ്പൂതിരിയുമായി അടുപ്പം കൂടി
പുതിയ ജാതിപ്പേരുണ്ടാക്കുക പതിവായി. എന്നിട്ട് സ്വയം വലുപ്പം ചമയുകയായി രീതി.
വടക്കേ മലബാര്‍ നായന്മാര്‍ക്ക് തെക്കേ മലബാര്‍,തിരു-കൊച്ചി നായന്മാര്‍ കുറഞ്ഞവരാണ്
എന്നായിരുന്നു വിചാരം. തെക്കര്‍ തിരിച്ചും ഇങ്ങനെതന്നെ കരുതി. വടക്കേ മലബാറുകാര്‍
വടക്ക് പെരുമ്പുഴയ്ക്കും തെക്ക് കേശപ്പുഴയ്ക്കും അപ്പുറം ബന്ധം വേണ്ടെന്നുവച്ചു.
തെക്കേ മലബാറുകാരുടെയും കൊച്ചിക്കാരുടെയും അതിര്‍ത്തി കൊല്ലമായിരുന്നു. പാശ്ചാത്യ
വിദ്യാഭ്യാസത്തോടെ ഇതെല്ലാം ലംഘിക്കപ്പെട്ടു. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍
പോലും ഉപജാതി ചിന്ത മാറാതെ നിന്നു. ബ്രാഹ്മണര്‍ ഓരോ കാലത്തും അവര്‍ക്കാവശ്യമുള്ളവരെ
ഉയര്‍ത്തിക്കൊണ്ടുവരുകയും നായരായി അംഗീകരിക്കുകയും ചെയ്തുവന്നു. ഇപ്പോള്‍ എത്രയിനം
ഉപജാതി നായന്മാര്‍ സമൂഹത്തിലുണ്ട് എന്ന് ആര്‍ക്കും വ്യക്തതയില്ലാത്തവിധം ഉപജാതികള്‍ വിവാഹങ്ങളിലൂടെ ഒന്നായി മാറി എന്നതാണ് സത്യം.
No comments:
Post a Comment