Sunday, 21 January 2024

Chanakyaneeti- Part -2- Spiritual wisdom - Stanzas 31 -40

 


ചാണക്യനീതി -ഭാഗം-2- ആത്മീയജ്ഞാനം- ശ്ലോകം 31 മുതല് 40 വരെ
========================================
-വി.ആര്.അജിത് കുമാര്
====================
2.31
ജീവിച്ചിരിക്കുന്ന ഒരു അവിശ്വാസി ശവശരീരത്തിന് തുല്യമാണ്. എന്നാല് ഭക്തനായ ഒരാള് മരണത്തിന് ശേഷവും ജീവിക്കും.
2.32
സ്വര്ഗ്ഗത്തില് നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നവര്ക്ക് നാല് തരം ഗുണമേന്മകളുണ്ടാകും. അവര് ദാനശീലരും മാന്യമായ ഭാഷ പ്രയോഗിക്കുന്നവരും തികഞ്ഞ ദൈവവിശ്വാസികളും ബ്രാഹ്മണര്ക്ക് സേവ ചെയ്യുന്നവരും ആയിരിക്കും.
(ബ്രാഹ്മണന് എന്നതുകൊണ്ട് വേദങ്ങളില് അറിവ് നേടിയവന് എന്നാണോ അതോ ജന്മം കൊണ്ടുള്ള ബ്രാഹ്മണത്തമാണോ ചാണക്യന് ഉദ്ദേശിക്കുന്നത് എന്നറിയില്ല. ഏതായാലും അഞ്ചുതരം മനുഷ്യരെ കുറിച്ച് പുസ്തകത്തില് പറയുന്നുണ്ട്. വേദപാണ്ഡിത്യമുള്ള, യജ്ഞവും പൂജയും ചെയ്യുന്ന ബ്രാഹ്മണന്, യോദ്ധാക്കളായ ക്ഷത്രിയര്, കച്ചവടം നടത്തുന്ന വൈശ്യര്, പലവിധ തൊഴിലുകള് ചെയ്യുന്ന ശൂദ്രര്, മൃഗങ്ങള്ക്കും പിന്നിലായി കണക്കാക്കപ്പെടുന്ന ചണ്ഡാളര്)
2.33
അതികോപിഷ്ടരും മോശം വാക്കുകള് പ്രയോഗിക്കുന്നവരും ബന്ധുജനങ്ങളോട് ശത്രുത പുലര്ത്തുന്നവരും അവിശ്വസ്തരും അശുദ്ധരുമായി സൌഹൃദം പുലര്ത്തുന്നവരും അപമാനകരമായ സേവനങ്ങള് ചെയ്യുന്നവരും നരകത്തില് നിന്നും ഭൂമിയില് എത്തിപ്പെട്ടവരാണ്.
2.34
മറ്റെല്ലാ ജീവികളേയുംപോലെ മനുഷ്യര്ക്കും വിശപ്പും ഉറക്കവും ഭയവും ഇണചേരലും പൊതുസ്വഭാവമാണ്. ബുദ്ധിയാണ് അവനെ മൃഗങ്ങളില് നിന്നും വേര്തിരിച്ചു നിര്ത്തുന്നത്. ബുദ്ധിയില്ലാത്തവന് മൃഗത്തിന് തുല്യനാണ്.
2.35
വിദ്യാഭ്യാസവും വ്രതവും അറിവും നല്ല സ്വഭാവഗുണങ്ങളും ദയാശീലവും ഇല്ലാത്തവന് മനുഷ്യരൂപം പൂണ്ട മൃഗമാണ്, അവന് ഭൂമിക്ക് ഭാരവുമാണ്.
2.36
മനുഷ്യനെ ബന്ധിച്ചുനിര്ത്തുന്ന വിചിത്രങ്ങളായ ചങ്ങലകള് അനേകമുണ്ട്. പ്രണയബന്ധമാണ് ഇതില് ശക്തമായത്. ഒരു തടിപോലും തുളയ്ക്കാന് ശക്തിയുള്ള വണ്ട് താമരയോടുള്ള ഭ്രമം കാരണം അതിന്റെ ഇതളുകളില് ഒതുങ്ങുന്നപോലെ, അസാധാരണ കഴിവുകളുള്ള പല മനുഷ്യരും ബന്ധപാശത്തില് കുരുങ്ങി ജീവിതം ഹോമിക്കുന്നു.
2.37
തിരിച്ചറിവുള്ള മഹത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ജീവിക്കുന്നവര്ക്ക് സംസാരസാഗരം നീന്തിക്കടക്കാന് സാധിക്കും. എന്നാല് സ്വന്തം അഹന്ത ഉപേക്ഷിക്കാത്തവന് ആ സാഗരത്തില് മുങ്ങിത്തന്നെ കിടക്കും.
2.38
നല്ല കര്മ്മങ്ങളാണ് ചെയ്യുന്നതെങ്കില് ആ ജീവിതം ഒരു നിമിഷത്തേക്കാണെങ്കില് പോലും ധന്യമാണ്. മറ്റുള്ളവര്ക്ക് ദുരിതം മാത്രം നല്കുന്നവന് എത്രകാലം ജീവിച്ചാലും അത് പ്രയോജനശൂന്യമാണ്.
2.39
ബ്രാഹ്മണന് കഴിച്ചതിന്റെ ബാക്കിയാണ് ശരിയായ ഭക്ഷണം, മറ്റുള്ളവരോട് കാട്ടുന്നതാകണം ശരിയായ സ്നേഹം, പാപത്തില് നിന്നും അകന്നുനില്ക്കുന്നതാണ് യഥാര്ത്ഥ ജ്ഞാനം. അഹങ്കാരമില്ലാതെ പരിപാലിക്കുന്നതാണ് യഥാര്ത്ഥ മതം.
(ശരിയായ മൂന്ന് കാര്യങ്ങള് പറയുന്നതോടൊപ്പം ബ്രാഹ്മണനെ ഇത്രമാത്രം ഉയര്ത്തികാട്ടുന്നത് ചാണക്യനെ ചെറുതാക്കുന്നതായി കാണാം. മനുഷ്യന് എത്ര ഉയര്ന്നവനാണെങ്കിലും പൂര്ണ്ണനല്ല എന്നത് നമ്മെ ബോധ്യമാക്കുന്നതാകാം ഇത്തരം പരാമര്ശങ്ങള്)
2.40
സമ്പാദിച്ചും ഭക്ഷണം കഴിച്ചും ഇണചേര്ന്നും മതി വരാതെ അനേകംപേര് മരണപ്പെട്ടുകഴിഞ്ഞു, ഇപ്പോഴും അത് തുടരുന്നു, വരുംകാലത്തും അത് തുടര്ന്നുകൊണ്ടേയിരിക്കും. ✍️

Ayodhya ram mandir- EEchakalum urumbukalum janadhipathyam kothikkumpol - part of the novel

 


2024 ജനുവരി 22 ന് അയോധ്യയില് പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രം ഉത്ഘാടനം ചെയ്യുകയാണല്ലൊ. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബാബ്റി മസ്ജിദ് പൊളിച്ചത്. ഞാന്‍ എഴുതി പ്രഭാത് ബുക്ക്ഹൌസ് 2017 ല്‍ പ്രസിദ്ധീകരിച്ച ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍ എന്ന നോവലില്‍ ഇത് സംബ്ബന്ധിച്ച് എഴുതിയ ഭാഗം ഇത്തരുണത്തില്‍ പ്രസക്തമാണ് എന്ന തോന്നലില്‍ ഇവിടെ രേഖപ്പെടുത്തുന്നു.

 രാഷ്ട്രീയം ഉപേക്ഷിച്ച്,കിടക്ക മടക്കി സ്വന്തം നാട്ടിലേക്ക് പോയതാണ് ജനാര്‍ദ്ദന ദാസ്. എന്നാല്‍ ഈ വന്ദ്യവയോധികന്‍റെ പേരാണ് ദേശപാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ് വന്നത്. അമ്മവീട്ടില്‍ നിന്നും പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. ക്രമേണ ദാസ് ഭരണത്തിലും പാര്‍ട്ടിയിലും ശക്തനായി. വാര്‍ത്ത അറിയിപ്പുകാരുമായി അധികം ബന്ധമില്ലാതിരുന്നതിനാല്‍ ഭരണം ഒരുവിധം മുന്നോട്ടുപോയി.

ഇങ്ങനെ സ്വസ്ഥമായി മുന്നോട്ടുപോകുമ്പോഴാണ് ക്ഷേത്രഭാരവാഹികള്‍ വഴിമുടക്കിന് പദ്ധതിയിട്ടത്. വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു തര്‍ക്കം കുറേക്കൂടി തീവ്രമാക്കുകയാണ് അവര് ചെയ്തത്. പള്ളി പൊളിച്ച് അവിടത്തന്നെ വിശ്വമറിയുന്ന ക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രക്കാര്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷമതവികാരമിളക്കിവിടാന്‍ ഈ ആയുധം പ്രയോഗിക്കും. ഇടത് തീവ്രവാദികളും മിതവാദികളും ഇതിനെതിരായ ആയുധവും പ്രയോഗിക്കും.എന്നാല്‍ ഭൂരിപക്ഷം ഈ കരുനീക്കത്തിന് വശംവദരാകാറില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ അധികാര ചെങ്കോല്‍ ക്ഷേത്രക്കാര്‍ സ്വന്തമാക്കിയേനെ. മതമല്ല,മനുഷ്യനാണ്, മനുഷ്യസ്നേഹമാണ് വലുതെന്ന് ഇടത് തീവ്രവാദികള്‍ തെരുവുകളില്‍ പാടിനടന്നു. എല്ലാവര്‍ക്കും ആഗ്രഹം ഒന്നുതന്നെയായിരുന്നു. ആ പഴയ കൂടാരം അവിടെ നിലനിര്‍ത്തണം,അതിനെ ആയുധമാക്കി വോട്ടുപിടിക്കണം.

ആളുകള്‍ തീരെ മറന്നു കഴിഞ്ഞിരുന്ന ഈ പഴയ കൂടാരത്തില്‍ ക്ഷേത്രക്കാര്‍ക്ക് പൂജ നടത്താന്‍ അവസരം കൊടുത്തത് കുമാരനായിരുന്നു. അത് കുമാരന്‍റെ പിഴ. അദ്ദേഹത്തിന്‍റെ അപ്പുപ്പന്‍ കൂടാരം പൂട്ടി താക്കോല്‍ പുഴയിലേക്ക് വലിച്ചെറിയൂ എന്നാഹ്വാനം ചെയ്തയാളാണ്. പക്ഷെ ചെറുമകന് തെറ്റുപറ്റി. തെറ്റ് മനുഷ്യ സഹജം. ദാസിന് ഒരുകാര്യം ഉറപ്പായിരുന്നു. ഈ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം നാടിന് സ്വസ്ഥതയുണ്ടാവില്ല. ഭരണക്കാര്‍ക്ക് പൊളിച്ചുമാറ്റാനും കഴിയില്ല. ഇനിയെങ്ങാനും ക്ഷേത്രക്കാര്‍ അതിന് തുനിഞ്ഞാല്‍ മിണ്ടാതിരിക്കുക. അതോടെ തീരും തര്‍ക്കം. മനുഷ്യമനസിനെ എന്തിന് ശിലയാക്കണം. ശിലകള്‍ പോകട്ടെ,ഹൃദയം തുടിക്കട്ടെ എന്നദ്ദേഹം മന്ത്രിച്ചു, കാറ്റിന് പോലും വ്യക്തമാകാത്തത്ര പതുക്കെ. ഈ മന്ത്രം ഒരു സംഗീതമായി അന്തരീക്ഷത്തില്‍ നിലനില്‍ക്കെത്തന്നെയാണ് ക്ഷേത്രക്കാര്‍ അധികാരത്തിന്‍റെ കസേരയും ദേശത്തപ്പന്‍റെ കൂടാരവും ഒന്നിച്ച് സ്വപ്നം കണ്ടത്.

ജ്യോതിഷികള്‍ കവടി നിരത്തി പ്രവചിച്ചു. രഥോത്സവം കൊണ്ടാടുക, ദേശത്തപ്പന്‍ പ്രസാദിച്ചിരിക്കുന്നു. കേട്ടപാതി, കേള്‍ക്കാത്ത പാതി, മാധവന്‍ രഥത്തിലെ പൊടിതട്ടി അതില്‍ കയറിയിരുപ്പായി. കല്ലും കട്ടയും മണ്ണും പൊടിയുമായി എല്ലാ വിശ്വാസികളും ദേശത്തപ്പന്‍റെ ജന്മനാട്ടിലേക്ക് യാത്രയാവുക, അവിടെ നമുക്ക് ദേശത്തപ്പനെ വാഴിക്കാം എന്ന് ക്ഷേത്രക്കാര് വിളംബരം ചെയ്തു. രഥസാരഥി ശംഖ് വിളിച്ചു.ഉറങ്ങിക്കിടന്ന ഭക്തജനങ്ങളും ഒപ്പം ചേര്‍ന്ന കള്ളന്മാരും കൊള്ളക്കാരുമെല്ലാം കറുത്ത വസ്ത്രമണിഞ്ഞ് തലയില്‍ കല്ലും ചൂടി ശരണമന്ത്രങ്ങളുമായി പുറപ്പെട്ടു. കുറേനാള്‍ മുന്‍പ് പ്രഭാകരന് തോന്നിയ ആവേശമൊന്നും തനിക്കുണ്ടാവില്ലെന്നും ക്ഷേത്രക്കാരന്‍റെ മലര്‍പ്പൊടി തൂവിപ്പോകുമെന്നും ദാസ് കണക്കുകൂട്ടി.

രഥം വരുന്നതിനും നാളുകള്‍ക്ക് മുന്‍പ് കൌടില്യനും ചന്ദ്രഗുപ്തനും ദേശത്തപ്പന്‍റെ നാട്ടിലെത്തി. ചാന്ദ്രദേശമൊട്ടാകെ നടക്കുന്ന കോളിളക്കങ്ങളൊന്നും ആ നാട്ടുകാര് അറിഞ്ഞിരുന്നില്ല. അവരില്‍ അതൊരാവേശവും ഉണര്‍ത്തിയതുമില്ല. നിത്യചിലവുകള്‍ക്കുള്ള തൊഴിലുകള്‍ അന്വേഷിച്ചും സൌകര്യമുള്ളപ്പോള്‍ ആരാധനാ കേന്ദ്രങ്ങളില് കയറി പൂജകള്‍ ചെയ്തും പ്രാര്‍ത്ഥിച്ചും അവര്‍ സൂര്യ ചന്ദ്രന്മാര്‍ക്കൊപ്പം പകലും രാവും കഴിച്ചു. കൌടില്യന്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. താന്‍ നല്‍കിയ ഉപദേശം പോലെ കാര്യങ്ങള്‍ നടക്കും എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്ര സ്മാരകമാണ് നഷ്ടപ്പെടാന്‍ പോകുന്നത്, പക്ഷെ ഒരു ദേശത്തെ ജനതയെ എക്കാലത്തും വേര്‍പെടുത്തി നിര്‍ത്താനും തമ്മിലടിപ്പിക്കാനും ക്ഷേത്രഭാരവാഹികള് ഇതിനെ ആയുധമാക്കുമെന്ന് കൌടില്യനറിയാമായിരുന്നു. ആയുധം തകര്‍ത്തില്ലാതാക്കിയാല്‍ പിന്നെങ്ങനെ അടരാടും. ആയുധം നഷ്ടപ്പെടരുത്,രാകി മൂര്‍ച്ച വരുത്തി വയ്ക്കണമെന്നേ രഥസാരഥിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളു.ഇടയ്ക്കിടെ എടുത്തുയര്‍ത്തി തിളക്കം കാട്ടണം,അതുകണ്ട് വിശ്വാസികള്‍ ആവേശം കൊള്ളണം,അതിനെ വോട്ടാക്കി മാറ്റണം.

എന്നാല്‍ കൂര്‍മ്മബുദ്ധികളായ നേതാക്കളുടെ സ്വഭാവമല്ലല്ലോ അണികള്‍ക്ക്. അവര്‍ കേട്ട പ്രസംഗങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് , ഊര്‍ജ്ജമെടുത്തുവന്നവരാണ്. അവര്‍ക്ക് ഒറ്റ ലക്ഷ്യമെയുണ്ടായിരുന്നുള്ളു. ദേശത്തപ്പന്‍റെ മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരാതനമായ ആലയം പൊളിക്കുക, അവിടെ ദേശത്തപ്പന്‍ ക്ഷേത്രം പണിയുക.കാക്കിക്കാരോടെല്ലാം കാഴ്ചക്കാരായി നില്‍ക്കാനാണ് ദാസ് നിര്‍ദ്ദേശിച്ചിരുന്നത്. ഇത് ഇന്നുകൊണ്ടു തീരണം. ഒരിക്കലും ക്ഷേത്രക്കാര്‍ ഇതിന്‍റെ പേരില്‍ വോട്ടുപിടിക്കരുത്. കിംകരയിലെ ശീതീകരിച്ച മുറിയില്‍ കട്ടന്‍ ചായയും കുടിച്ചിരുന്ന് ദാസ് ആ കാഴ്ച കണ്ടു. വിശ്വാസികള്‍ ആവേശത്തോടെ വന്നടുക്കുന്നതും കെട്ടിടം പൊളിക്കുന്നതുമായ കാഴ്ച. തണുപ്പിന്‍റെ മൂടലുള്ള ആ പകലില്‍, തൊട്ടടുത്തുനിന്ന് ചന്ദ്രഗുപ്തനും ആ കാഴ്ച കണ്ടു. മറക്കാനാവാത്ത ആവേശത്തിന്‍റെ,ഭ്രാന്തമായ കാഴ്ച.

കൌടില്യന്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു,ഇതല്ലാതെ വേറെ വഴിയില്ല, ചന്ദ്രാ,ദുര്‍ഘടംപിടിച്ച ചില വഴികള്‍ സുഗമമാക്കാന്‍ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരും.

കെട്ടിടം തകര്‍ന്നടിയുന്ന കാഴ്ച കണ്ട് മനംനൊന്ത ന്യൂപക്ഷങ്ങളും ആഹ്ലാദിച്ച ക്ഷേത്രക്കാരും ചാന്ദ്രദേശത്തിന്‍റെ വിവിധ കോണുകളില് ഏറ്റുമുട്ടി, എന്തിനെന്നുപോലുമറിയാതെ പോരടിച്ചു മരിച്ചു. വേര്‍തിരിക്കാന് കഴിയാത്തവിധം ആ ചോരച്ചാലുകള്‍ ഇടകലര്‍ന്ന് തളംകെട്ടി. രക്തബലിയില്‍ ക്രൂരദൈവങ്ങള്‍ ആഹ്ലാദിച്ചു. ലോകം ഈ കാഴ്ചകള്‍ ദൃശ്യോത്സവമാക്കി പരസ്യപ്പെടുത്തി. ദേശനേതാവിനെ പലരും കുറ്റപ്പെടുത്തി. അദ്ദേഹം മഹാമൌനത്തിന്‍റെ വാത്മീകത്തില്‍ ഇരുന്ന് അതെല്ലാം കേട്ടു. ക്ഷേത്രകക്ഷി നേതാക്കളും ഇടത് തീവ്രവാദികളും അമ്പരന്നു. മുന്നോട്ടു പോകാനുള്ള ആയുധം നഷ്ടമായിരിക്കുന്നു. ഇനിയെന്ത്?


Saturday, 20 January 2024

Chanakyaneeti -part -2 - Spiritual wisdom- Stanzas- 21-30

 ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം- ശ്ലോകം 21 മുതല്‍ 30 വരെ
========================================
-വി.ആര്‍.അജിത് കുമാര്‍
===================
2.21
ആയിരക്കണക്കിന് പശുക്കള്‍ക്കിടയില്‍ പശുക്കുട്ടി അതിന്‍റെ അമ്മയെ പിന്തുടരുന്നപോലെ ഒരുവന്‍റെ മുന്‍കാല പ്രവര്‍ത്തികള്‍ അവനെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.

2.22
കാരിമുള്ള് ചെടിയില്‍ ഇലയുണ്ടാകാത്തതിന് വസന്തകാലത്തെ പഴിച്ചിട്ട് കാര്യമുണ്ടോ? പകല്‍വെളിച്ചത്തില്‍ മൂങ്ങയ്ക്ക് കാഴ്ച ലഭിക്കാത്തത് സൂര്യന്‍റെ തെറ്റാണോ? ആകാശത്തുനിന്നും ഉതിരുന്ന മഴവെള്ളം കുയിലിന്‍റെ വായില്‍ വീഴാത്തിന് മേഘത്തെ പഴിക്കണമോ ? ഒരുവന്‍റെ ശിരസ്സില്‍ കുറിച്ചിട്ട വിധിയെ തുടച്ചുമാറ്റാന്‍ ആര്‍ക്കാണധികാരമുള്ളത് ?

2.23
ഒരുവന്‍റെ ആയുസ്സും തൊഴിലും സ്വത്തും വിദ്യാഭ്യാസവും മരണവും അവന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴേ നിശ്ചയിക്കപ്പെടുന്നു.

2.24
സമയമാണ് ജീവജാലങ്ങളെ പാകപ്പെടുത്തുന്നത്, സമയമാണ് ഒരുവനെ നിഗ്രഹിക്കുന്നതും. എല്ലാവരും ഉറങ്ങുമ്പോഴും സമയം ജാഗ്രത്തായിരിക്കുന്നു. സമയത്തെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല.

2.25
ഈശ്വരേച്ഛയ്ക്കനുസരിച്ചാണ് ഒരുവന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഒരുവന്‍റെ പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത് ഈശ്വരേച്ഛയാണ്. ഈശ്വരനിശ്ചയം കൊണ്ടാണ് ഒരുവനെ സഹായിക്കാന്‍ ആളുകള്‍ ഉണ്ടാകുന്നതും.

2.26
തലയിലെഴുത്ത് നന്നായാല്‍ താഴ്ന്ന നിലയിലുള്ള ഒരുവന് രാജാവാകാന്‍ കഴിയും, മോശമെങ്കില്‍ രാജാവ് എല്ലാം നശിച്ചവനായും തീരാം. സമ്പന്നന്‍‍ ദരിദ്രനാകുന്നതും ദരിദ്രന്‍ സമ്പന്നനാകുന്നതും വിധികൊണ്ടുതന്നെ.

2.27
ഒരാളും സ്വര്‍ണ്ണമാനിനെ നിര്‍മ്മിച്ചിട്ടില്ല.ആരും കണ്ടിട്ടുമില്ല,കേട്ടിട്ടുമില്ല. എന്നിട്ടും ശ്രീരാമന്‍ സ്വര്‍ണ്ണമാന്‍ എന്നുകേട്ട് ഭ്രമിച്ചു. മോശം സമയത്ത് ഒരുവന്‍റെ മനോനില ശരിയാംവണ്ണം പ്രവര്‍ത്തിക്കില്ല എന്നോര്‍ക്കുക.

2.28
സത്യമാണ് ഭൂമിയെ താങ്ങിനിര്‍ത്തുന്നത്. സത്യമാണ് സൂര്യനെ ജ്വലിപ്പിക്കുന്നത്, സത്യമാണ് കാറ്റിനെ ചലിപ്പിക്കുന്നത്, സത്യമാണ് ഓരോരുത്തരെയും നിലനിര്‍ത്തുന്നത്.

2.29
ആത്മാവ് സ്വയം ചലിക്കുന്ന ഒന്നാണ്. സ്വയം നേട്ടങ്ങള്‍ ആസ്വദിക്കുകയും ലോകമാകെ ചുറ്റിനടക്കുകയും ഒടുവില്‍ മുക്തി നേടുകയും ചെയ്യുന്ന ഒന്ന്.

2.30
കൃഷ്ണനെ പൂജിക്കാത്തവനെ കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു. രാധാറാണിയുടെ കഥ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവനെ കുറിച്ചും നാണം തോന്നുന്നു. ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ കേള്‍ക്കാന്‍ കാത് നല്‍കാത്തവനില്‍ എനിക്ക് മതിപ്പില്ല. കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോഴുള്ള മൃദംഗത്തിന്‍റെ ധിക്-താം,ധിക്-താം, ധിഗതം കേട്ട് അതിശയപ്പെടാത്തവനും സമൂഹത്തിന് കളങ്കമാണ്.

(ഇവിടെ വീണ്ടും എഴുത്തുകാരനിലെ ഭക്തി ഉണരുന്നു.)✍️

Friday, 19 January 2024

Chanakyaneethi - Part 2 - Spiritual wisdom - Stanzas 11 to 20

 

ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം-ശ്ലോകം 11 മുതല്‍ 20 വരെ
========================================
-വി.ആര്‍.അജിത് കുമാര്‍
====================

2.11
മനുഷ്യന്‍റെ മനസുതന്നെയാണ് അവന്‍റെ അടിമത്തത്തിനും സ്വാതന്ത്ര്യത്തിനും നിദാനം. ജീവിതസുഖങ്ങളോടുള്ള പ്രണയം നമ്മളെ അടിമകളാക്കുന്നു. അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.

2.12
ഒരാള്‍ക്ക് എന്തിലെങ്കിലും തോന്നുന്ന അമിതമായ അഭിനിവേശം അവനെ കര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മനസിന്‍റെ വ്യാമോഹങ്ങള്‍ പോലെ വലിയ ശത്രു വേറെയില്ല. കോപം പോലെ ദോഷകരമായി മറ്റൊന്നില്ല തന്നെ. പ്രബുദ്ധമായ മനസുപോലെ സന്തോഷം പകരുന്ന മറ്റൊന്നുമില്ല എന്നും അറിയുക.

2.13
കോപം മരണത്തിന്‍റെ അധികാരിയാണ്. ആര്‍ത്തി നരകത്തിലെ നദിയും. അറിവ് ആഗ്രഹങ്ങള്‍ സാധിച്ചുനല്‍കുന്ന പശുവാണ്. എന്നാല്‍ ആത്മസംതൃപ്തി എന്നത് സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തിന് സമാനമാണ്.

2.14
നമ്മുടെ ആത്മാവിനെ മനസിലാക്കാതെ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളുമൊക്കെ വായിക്കുകയോ ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. മധുരം വിളമ്പുന്ന സ്പൂണുപോലെയാണത്. സ്പൂണിന് മധുരം ആസ്വദിക്കാന്‍ കഴിയില്ലല്ലോ

2.15
പൂവിന്‍റെ മണം പോലെയും എള്ളിലെ എണ്ണ പോലെയും വിറകിലെ തീ പോലെയും പാലിലെ വെണ്ണപോലെയും കരിമ്പിലെ മധുരംപോലെയും ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവിനെ കണ്ടെത്താന്‍ കഴിയണം.

2.16
ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം.വെള്ളം കുടിക്കുന്നതിന് മുന്നെ അരിച്ച് ശുദ്ധമാക്കണം. സംസാരിക്കും മുന്നെ വേദഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നവിധമാണോ താന്‍ പറയുന്നത് എന്ന് ഉറപ്പാക്കണം.

2.17
ജനനത്തിലും മരണത്തിലും നാം തനിച്ചായിരിക്കും. മരണശേഷമുള്ള ജീവിതത്തെ നിശ്ചയിക്കുന്നത് പിറന്നശേഷം ചെയ്ത നന്മ തിന്മകളാണ്. പോകുന്നത് നരകത്തിലായും സ്വര്‍ഗ്ഗത്തിലായാലും അവിടെയും നീ തനിയെ ആയിരിക്കും.

2.18
ധനവും സുഹൃത്തുക്കളും ഇണയും ഭൂമിയുമൊക്കെ നഷ്ടപ്പെട്ടാലും വീണ്ടും ആര്‍ജ്ജിക്കാം, പക്ഷെ മനുഷ്യജന്മം ,അതൊരിക്കല്‍ മാത്രം ലഭിക്കുന്നതാണ്, അതിനെ നന്നായി വിനിയോഗിക്കുക

2.19
നമ്മുടെ സ്വയം കീഴ്പ്പെടലിന്‍റെ ഫലമായാണ് ദാരിദ്ര്യവും രോഗവും വിഷമതകളും ആസക്തിയും നമുക്ക് വന്നുചേരുന്നത്.

2.20
എവിടെ അമ്മ ലക്ഷ്മിയായും അച്ഛന്‍ വിഷ്ണുവായും ബന്ധുക്കള്‍ വിഷ്ണുഭക്തരായും കരുതപ്പെടുന്നുവോ ആ പുണ്യഭൂമി മൂന്ന് ലോകങ്ങളേയും പ്രതിനിധീകരിക്കുന്നു✍️

Thursday, 18 January 2024

Chanakyaneeti- Part 2- Spiritual Wisdom - Stanzas - 1 to 10

 


ചാണക്യനീതി -ഭാഗം-2

-വി.ആര്‍.അജിത് കുമാര്‍

ഭാഗം – 2 ആത്മീയ ജ്ഞാനം

2.1 ബുദ്ധിയുള്ള മനുഷ്യന്‍ ഒരു മരത്തെപോലെയായിരിക്കണം. പ്രാര്‍ത്ഥനയാകണം അതിന്‍റെ വേരുകള്‍. വേദങ്ങള്‍ ശാഖകളും പ്രവര്‍ത്തികള്‍ ഇലകളുമായിരിക്കണം. വേരുകള്‍ മുറിയാതെ നോക്കണം, അത് പോയാല്‍ ശാഖകളും ഇലകളുമെല്ലാം നശിക്കും.

(ഇവിടെ ചാണക്യന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുകയാണ്. പ്രാര്‍ത്ഥനയും വേദങ്ങളും നല്ല പ്രവര്‍ത്തികളുമാണ് ശരിയായ ജീവിതത്തിന് ആവശ്യം എന്ന് അദ്ദേഹം പറയുന്നു. അക്കാലത്ത് എല്ലാവര്‍ക്കും വേദം പഠിക്കാന്‍ അനുവാദമുണ്ടായിരുന്നോ എന്നത് സംശയമാണ്. അപ്പോള്‍ ഈ ഗ്രന്ഥം സാധാരണ ജനങ്ങള്‍ക്കായുള്ളതാണ് എന്നു പറയുമ്പോള്‍ അത് മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടിരുന്നില്ല എന്നത് പ്രസക്തമാണ്)

2.2  ഹരി ലോകത്തെ പരിപാലിക്കുമ്പോള്‍ എനിക്ക് ജീവിതത്തില്‍ വേവലാതിപ്പെടാന്‍ എന്താണുള്ളത്. ലോകത്തെ നിയന്ത്രിക്കാന്‍ ദൈവമില്ലെങ്കില്‍ പിറന്നുവീഴുന്ന കുഞ്ഞിനുവേണ്ടി അമ്മയുടെ മാറിടത്തില്‍ പാല് എങ്ങിനെയുണ്ടാകുന്നു? ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കുമ്പോള്‍, അല്ലയോ ദൈവമെ, യദുക്കളുടെയും ലക്ഷ്മീദേവിയുടെയും അധിപനായ    അങ്ങയുടെ പാദങ്ങളെ മാത്രം സേവിക്കുന്ന ഞാന്‍ സമയം കടന്നുപോകുന്നതുപോലും അറിയുന്നില്ല.

 (ചാണക്യന്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച വ്യക്തിത്വമായിരുന്നു എന്ന് ഈ ശ്ലോകം രേഖപ്പെടുത്തുന്നു. എല്ലാം ദൈവനിശ്ചയം എന്ന് കരുതിയാല്‍ സംതൃപ്തനായി ജീവിക്കാം എന്നാണ് ചാണക്യന്‍ അവകാശപ്പെടുന്നത്.പ്രകൃതി അമ്മയുടെ മാറില് പാല്‍ ഉത്പ്പാദിപ്പിക്കുന്നത് അതിശയത്തോടെ കാണുന്ന ചാണക്യന്‍ അത് ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തിയായി കാണുന്നു. )

2.3  യജ്ഞശാലയിലെ തീയില്‍ വഴിപാടുകള്‍ നടത്താതെ മന്ത്രം ചൊല്ലിയിട്ട് കാര്യമില്ല. പൂജാരിക്കും ഗുരുവിനും മുതിര്‍ന്നവര്‍ക്കുമെല്ലാം ദക്ഷിണ നല്‍കാത്ത മതചടങ്ങുകളും പൂര്‍ണ്ണമല്ല. വിശ്വാസമില്ലാതെ ഒരാള്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. വിശ്വാസമാണ് എല്ലാറ്റിന്‍റേയും കാര്യകാരണ ബന്ധം.

( മന്ത്രങ്ങള്‍ പഠിച്ചവനാണ് ബ്രാഹ്മണന്‍. അവനാണ് യജ്ഞം നടത്തുന്നത്. ചിലവ് വഹിക്കുന്നത് രാജാവും. പൂജാരിയുടെ ജീവിതം ഇവിടെ ചാണക്യന്‍ ഉറപ്പാക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൂജാരിക്ക് ജീവിതസൌകര്യങ്ങള്‍ ഒരുക്കണം. ദൈവവിശ്വാസമാണ് ഒരുവന് അതിപ്രധാനം എന്നും പറയുന്നു.)

2.4  പൂജാമന്ത്രങ്ങള്‍ അനുഷ്ഠിക്കാന്‍ പരിശീലനം ലഭിച്ച ഒരുവന് ദൈവത്തെ കാണുന്നത് യജ്ഞശാലയിലെ തീയിലാണ്. ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സംബ്ബന്ധിച്ചിടത്തോളം ദൈവം അവന്‍റെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ഒരു സാധാരണ ദൈവവിശ്വാസിയെ സംബ്ബന്ധിച്ചിടത്തോളം ദൈവം അവന്‍ കാണുന്ന വിഗ്രഹമാണ്. എന്നാല്‍ ബുദ്ധിയും തിരിച്ചറിവുമുള്ള നീതിമാന്‍ എന്തിലും ഏതിലും ദൈവത്തെ കാണുന്നു.

( ഈ ശ്ലോകത്തില്‍ ചാണക്യന്‍ ദൈവത്തെ സംബ്ബന്ധിച്ച് പുരോഗമനപരമായ ഒരു സമീപനമാണ് കൈക്കൊള്ളുന്നത്.)

2.5 മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കൊപ്പം അലിയുന്ന മനസുള്ള ഒരാള്‍ക്ക് പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവുകളൊന്നും വേണമെന്നില്ല. അതുതന്നെയാണ് ജ്ഞാനവും ഭക്തിയും മോക്ഷമാര്‍ഗ്ഗവും. അത്തരമൊരാള്‍ നെറ്റിയില്‍ കുറിതൊട്ടോ ജടാധാരിയായോ ഭക്തി പ്രകടിപ്പിക്കേണ്ടതില്ല

2.6 ലളിതമായ ജീവിതം നമുക്ക് സുഖം പകരും.അതിലും സുഖമാണ് ഏത് സാഹചര്യത്തിലും ശാന്തത കൈവിടാതിരിക്കുക എന്നത്. നമുക്കുള്ളതില്‍ സംതൃപ്തി കണ്ടെത്തുന്നതിനപ്പുറം സന്തോഷം മറ്റൊന്നില്ല. ഏതൊരു മാറാവ്യാധിയേക്കാളും വലുതാണ് ആര്‍ത്തി. ഏത് തരം ആര്‍ത്തിയും മാറാരോഗമാണ്. ഭൂമിയില്‍  ഏതൊരു മതത്തിനും ഉപരിയായി നില്‍ക്കുന്ന ഒന്നേയുള്ളു, അത് അനുകമ്പയാണ്.

2.7 കല്‍പ്പവൃക്ഷം വെറുമൊരു മരമാണ്,സുമേരു ഒരു പര്‍വ്വതവും. ചിന്താമണി വെറുമൊരു കല്ലാണ്,സൂര്യന്‍റെ രശ്മികള്‍ ചൂടാണ്, ചന്ദ്രന്‍ പകലില്‍ മറയുന്നതാണ്, കടല്‍വെള്ളം ഉപ്പാണ്, കാമദേവന്‍ രൂപമില്ലാത്തവനാണ്, ബാലി ഭൂതഗണത്തില്‍ പെടുന്നവനാണ്, കാമധേനു വെറുമൊരു മൃഗമാണ്, ഇവയെയൊന്നും രഘുപതേ,അങ്ങയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

(ഇവിടെ വീണ്ടും ദൈവത്തെ, ഇത്തരുണത്തില്‍ രാമനെയാണ് പുകഴ്ത്തുന്നത്)

2.8 മനുഷ്യന്‍ തടിയിലോ കല്ലിലോ ചെളിയിലോ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങളില്‍ ദൈവം കുടികൊള്ളുന്നില്ല. അതിനെ മനുഷ്യന്‍ ആരാധിക്കുമ്പോഴാണ് അതില്‍ ദൈവസാന്നിധ്യം ഉണ്ടാകുന്നത്. ചുരുക്കത്തില്‍ വിശ്വാസമാണ് പ്രധാനം. ദൈവമായി വിശ്വസിക്കുന്ന എന്തിലും അതിന്‍റെ സാന്നിധ്യം കാണാം.

2.9 മനസിന്‍റെ വ്യാപാരങ്ങള്‍ അനന്തമാണ്. എല്ലാമൊന്നും സാധിച്ചുകിട്ടില്ല. എല്ലാം ഒരുവന്‍റെ വിധിയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ലഭിച്ചതൊക്കെ അനുഗ്രഹമായികണ്ട് സന്തോഷിക്കുകയാണ് വേണ്ടത്.

2.10 ആത്മവിദ്യ ആര്‍ജ്ജിക്കുന്നവന് അഹംഭാവമുണ്ടാകില്ല. അങ്ങിനെയുള്ളവരുടെ മനസ് സഞ്ചരിക്കുന്നിടത്തെല്ലാം ദൈവവുമുണ്ടാകും🙏

Wednesday, 17 January 2024

Chanakyaneethi - Part 1

 


ചാണക്യനീതി 

=============

 -വി.ആര്.അജിത് കുമാര്

=======================

ആമുഖം

=========

ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനും ഭരണാധികാരിയും രാഷ്ട്രീയ ബുദ്ധിജീവിയുമായിരുന്നു ചാണക്യന്‍. ചാണക്യന്‍റെ അച്ഛന്‍ ചണക് രാഷ്ട്രമീമാംസ പണ്ഡിതനായിരുന്നു. മഗധ രാജാവായിരുന്ന ധനനന്ദന്‍റെ ഉപേദശകനായിരുന്നു ചണക്. സുഖലോലുപനായ ധനനന്ദനെ നാട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. അതകൊണ്ടുതന്നെ രാജാവിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ചണക് ശ്രമിച്ചു.ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വധിച്ചു. ബാലനായ ചാണക്യന്‍ മഗധയില്‍ നിന്നാല്‍ തന്‍റെ ജീവനും നഷ്ടപ്പെടും എന്ന് മനസിലാക്കി അവിടെനിന്നും രക്ഷപെട്ടു. അവന്‍ തക്ഷശിലയിലെത്തി പഠനം തുടര്‍ന്നു. രാഷ്ട്രമീമാംസയില്‍ പഠനം പൂര്‍ത്തിയാക്കിയ ചാണക്യന്‍ അച്ഛന്‍റെ പാതപിന്‍തുടര്‍ന്ന് അധ്യാപകനായി. എന്നാല്‍ ആ ജീവിതം അയാള്‍ക്ക് സംതൃപ്തി നല്കിയില്ല, എന്നുമാത്രമല്ല അച്ഛനെ കൊല ചെയ്ത ധനനന്ദനോടുള്ള കടുത്ത പകയും മനസില്‍ ഉണ്ടായിരുന്നു. അയാള്‍ മഗധയുടെ തലസ്ഥാനമായ പാടലീപുത്രയിലെത്തി,അവിടെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് രാഷ്ട്രമീമാംസയും നേതൃപാടവവും പഠിപ്പിച്ചു. തുടര്‍ന്ന് അവരുടെ സഹായത്തോടെ ധനനന്ദനെ അധികാരത്തില്‍ നിന്നും പുറത്താക്കി. ശിഷ്യരില്‍ മിടുക്കനായ ചന്ദ്രഗുപ്തനെ മഗധയിലെ രാജാവാക്കി. ചാണക്യന്‍റെ തന്ത്രങ്ങളുടെ ഫലമായി അലക്സാണ്ടർ പിടിച്ചെടുത്ത ഇടങ്ങളെല്ലാം തിരിച്ചു പിടിക്കാനും കഴിഞ്ഞു.

ഭാരതത്തിലെ പതിനാറ് ദേശങ്ങളിലേയും രാജാക്കന്മാരെ തോല്‍പ്പിച്ച് അഖണ്ഡ ഭാരതം സ്ഥാപിച്ചത് ചന്ദ്രഗുപ്തനാണ്.അതിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രം ചാണക്യനായിരുന്നു. ചാണക്യന്‍ അധികാരം സംബ്ബന്ധിച്ച തന്‍റെ കാഴ്ചപ്പാടുകള്‍ ക്രോഡീകരിച്ചാണ് അര്‍ത്ഥശാസ്ത്രം രചിച്ചത്. ഇതില്‍ ആറായിരം ശ്ലോകങ്ങളാണുള്ളത്. ഇന്നും പല വിഷയങ്ങളിലും പ്രസക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ അര്‍ത്ഥശാസ്ത്രത്തിന് കഴിയുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ചാണക്യന്‍ ജീവിച്ചിരുന്ന കാലത്തെ ജനങ്ങള്‍ എങ്ങിനെ ജീവിക്കണം എന്നതായിരുന്നു ചാണക്യനീതി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ചാണക്യന്‍ പഠിപ്പിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പിന്നീട് ക്രോഡീകരിച്ചതാണ് ചാണക്യനീതി എന്നും അഭിപ്രായമുണ്ട്. ആ കാലത്ത് ജാതി ശക്തമായിരുന്നു എന്നുമാത്രമല്ല സ്ത്രീസ്വാതന്ത്ര്യവും കുറവായിരുന്നു.ശൂദ്രരിലും താഴെയുള്ള മനുഷ്യര്‍ക്ക് മൃഗങ്ങളുടെ മൂല്യം പോലും നല്‍കിയിരുന്നില്ല. ആ കുറവുകള്‍ ചാണക്യനീതിയിലും പ്രതിഫലിക്കുന്നത് കാണാം.

ചാണക്യന്‍ വലിയ ഈശ്വരവിശ്വാസിയായിരുന്നു. സ്വര്‍ഗ്ഗം ,ഭൂമി, പാതാളം എന്ന് മൂന്ന് ലോകമുണ്ടെന്നും അവയുടെ അധിപന്‍ വിഷ്ണുവാണെന്നും അദ്ദേഹം കരുതിയിരുന്നു. ആ ദൈവത്തിന്‍റെ അനുവാദം വാങ്ങിയും നാളിതുവരെ എഴുതിയിട്ടുള്ള വേദങ്ങളേയും ചിന്തകളേയും സ്വാംശീകരിച്ചുമാണ് അദ്ദേഹം ചാണക്യനീതി എഴുതിയത്. ജനങ്ങളെ ക്ഷേമകാര്യങ്ങളില്‍ ബോധമുള്ളവരും മികച്ച പൌരന്മാരുമാക്കി മാറ്റാന്‍ പുസ്തകം ഉപകരിക്കും എന്ന് ചാണക്യന്‍ വിശ്വസിച്ചു.

ചാണക്യന്‍ ഈ പുസ്തകം എഴുതിയ കാലം വരെ ഉണ്ടായിട്ടുള്ള മഹത്തായ കൃതികളില്‍ പറയുന്നതെല്ലാം ഉള്‍ക്കൊണ്ടാണ് ചാണക്യനീതി എഴുതിയിരിക്കുന്നത് എന്നദ്ദേഹം അവകാശപ്പെടുന്നു. ഇത് വായിക്കുന്ന ആളിന് യഥാര്‍ത്ഥ്യങ്ങള്‍ തരിച്ചറിയാന്‍ കഴിയുമെന്നും അവ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിയുമെന്നും ചാണക്യന്‍ പറയുന്നു.ജീവിതത്തില്‍ ഉണ്ടാകാവുന്ന  ശരിതെറ്റുകള്‍ മനസിലാക്കാനും അതില്‍ എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്തുകൂടാ എന്നും സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്നുമുള്ള അറിവും പുസ്തകം പകര്‍ന്നു നല്‍കും എന്നാണ് അവകാശപ്പെടുന്നത്.

തുടക്കം

ശ്ലോകം 1.1 ആദ്യമായി,മൂന്ന് ലോകത്തിന്‍റെയും അധിപനായ വിഷ്ണുവിന് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു. നാളിതുവരെ ലഭ്യമായ വേദഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും രാജോചിതമായ ശീലങ്ങള്‍ രൂപപ്പെടുത്താനായി രേഖപ്പെടുത്തിയിട്ടുള്ള ധര്‍മ്മസംഹിതകളാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

ശ്ലോകം 1.2 ജനങ്ങളുടെ ക്ഷേമത്തിന് അനിവാര്യമായ കാര്യങ്ങളാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതിനെ ശാസ്ത്രീയമായി മനസിലാക്കുന്ന ഒരാള്‍ക്ക് എല്ലാറ്റിനെകുറിച്ചും ബോധമുള്ളവനായിരിക്കാന്‍ കഴിയും.

ശ്ലോകം 1.3 ഈ ഗ്രന്ഥം പഠിക്കുന്നതുവഴി ഒരു വ്യക്തിക്ക് ഓരോ വിഷയത്തിലേയും സത്യം കണ്ടെത്താന്‍ കഴിയും. വേദഗ്രന്ഥങ്ങളിലെ ശ്രദ്ധേയമായ അറിവുകള്‍ മനനം ചെയ്യാനാകും. ഓരോ വിഷയത്തിലേയും ശരിതെറ്റുകള്‍ കണ്ടെത്താന്‍ കഴിയും, ഗുണദോഷങ്ങളെ അറിയാനും കഴിയും

(തുടരും)

 

Tuesday, 9 January 2024

Diet and age connection


 

ഭക്ഷണവും പ്രായവും

വി.ആര്‍.അജിത് കുമാര്‍

പ്രായമേറും തോറും ഭക്ഷണരീതികളിലും മാറ്റം വരുക സ്വാഭാവികമാണെന്നു തോന്നുന്നു. കുട്ടിക്കാലത്തൊക്കെ കറി എന്നാല് മീന്‍കറിയായിരുന്നു. മീനില്‍ പ്രധാനം മത്തിയും. വില കുറയും ഗുണം കൂടും. കൂട്ടിന് പറമ്പിലുണ്ടാകുന്ന ഏതെങ്കിലും പച്ചക്കറിയുമുണ്ടാകും. കടയില്‍ നിന്നും പച്ചക്കറി വാങ്ങുക അപൂര്‍വ്വം. സ്കൂളിലും കോളേജിലും കൊണ്ടുപോകുന്ന ഉച്ചഭക്ഷണത്തില്‍ പ്രധാനം തേങ്ങാചമ്മന്തിയും ഓംലറ്റുമായിരുന്നു. ഹോട്ടല്‍ ഭക്ഷണം തുടങ്ങിയതോടെയാണ് ചിക്കനും മട്ടനും ബീഫും പ്രിയ ഭക്ഷണമായി മാറിയത്. അന്‍പതൊക്കെ കഴിഞ്ഞതോടെ മാംസഭക്ഷണത്തോടുള്ള പ്രിയം കുറച്ചു കുറഞ്ഞു. അപ്പോഴാണ് പനീറും കൂണും സോയയുമൊക്കെ ഭക്ഷണത്തിലേക്ക് കടന്നുവന്നത്. എങ്കിലും ഹോട്ടലുകളില്‍ പോകുമ്പോള്‍ മാംസാഹാരം തന്നെയാകും ആദ്യം ചിന്തയിലെത്തുക.കേരളത്തിലാണെങ്കില്‍ ഞാന്‍ ആദ്യം അന്വേഷിക്കുക താറാവ് കിട്ടുമോ എന്നാണ്. അതിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ ശിവഗംഗയില്‍ താമസമായതോടെ ചെട്ടിനാട് ഭക്ഷണമാണ് കഴിക്കുന്നത്. നല്ല രുചിയും ഗുണമേന്മയുമുള്ള വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും പാചകക്കാരന്‍ തയ്യാറാക്കും. എന്നാലും വെജിറ്റേറിയനാണ് നാവിന് രുചിയേറ്റുക. വെളുത്തുള്ളിയും ചെറുള്ളിയും തക്കാളിയുമൊക്കെയാണ് പ്രധാന ചേരുവകകള്‍. ഒപ്പം പുളിക്കാത്ത തൈരുമുണ്ടാകും. രാമനാഥപുരത്ത് നല്ല കൊഞ്ചും ഞണ്ടും കണവയും മീനും കിട്ടും. അതും ഒഴിവാക്കാന്‍ കഴിയില്ലല്ലോ. അവയെല്ലാം വെജിറ്റേറിയന്‍ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്!!

ഇന്ത്യയിലെ എഴുപത്തിയേഴ് ശതമാനം ആളുകളും മിശ്രഭോജികളാണ് എന്നാണ് കണക്ക്. കേരളത്തില്‍ അത് തൊണ്ണൂറ്റിയഞ്ച് ശതമാനമായേക്കും. എങ്കിലും നമ്മുടെ ഭക്ഷണരീതി മറ്റ് പല ഏഷ്യന്,യൂറോപ്യന്,അമേരിക്കന്‍ രീതികളില് നിന്നും വ്യത്യസ്തമാണ്. അവിടെല്ലാം മാംസകേന്ദ്രീകൃതമാണ് ഭക്ഷണരീതി. നമ്മള്‍ ശരിക്കും മിശ്രഭോജികളാണ് . ഏതായാലും ഒന്നുറപ്പിച്ചു. ആട് ,മാട്,കോഴി ഇത്യാദികളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. കാര്യമായി ചിന്തിച്ചെടുത്ത തീരുമാനമാണ്. മീന്‍ എന്നത്തേക്ക് ഉപേക്ഷിക്കും എന്നറിയില്ല.അതും സംഭവിച്ചേക്കാം. ഇത് അറുപത് കഴിഞ്ഞ എല്ലാവരുടേയും ചിന്തയാണോ അതോ എന്‍റെ മാത്രമോ എന്നറിയില്ല!!😀