ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം-ശ്ലോകം 11 മുതല്‍ 20 വരെ
========================================
-വി.ആര്‍.അജിത് കുമാര്‍
====================
2.11
മനുഷ്യന്‍റെ മനസുതന്നെയാണ് അവന്‍റെ അടിമത്തത്തിനും സ്വാതന്ത്ര്യത്തിനും നിദാനം. ജീവിതസുഖങ്ങളോടുള്ള പ്രണയം നമ്മളെ അടിമകളാക്കുന്നു. അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.
2.12
ഒരാള്‍ക്ക് എന്തിലെങ്കിലും തോന്നുന്ന അമിതമായ അഭിനിവേശം അവനെ കര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മനസിന്‍റെ വ്യാമോഹങ്ങള്‍ പോലെ വലിയ ശത്രു വേറെയില്ല. കോപം പോലെ ദോഷകരമായി മറ്റൊന്നില്ല തന്നെ. പ്രബുദ്ധമായ മനസുപോലെ സന്തോഷം പകരുന്ന മറ്റൊന്നുമില്ല എന്നും അറിയുക.
2.13
കോപം മരണത്തിന്‍റെ അധികാരിയാണ്. ആര്‍ത്തി നരകത്തിലെ നദിയും. അറിവ് ആഗ്രഹങ്ങള്‍ സാധിച്ചുനല്‍കുന്ന പശുവാണ്. എന്നാല്‍ ആത്മസംതൃപ്തി എന്നത് സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തിന് സമാനമാണ്.
2.14
നമ്മുടെ ആത്മാവിനെ മനസിലാക്കാതെ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളുമൊക്കെ വായിക്കുകയോ ഹൃദിസ്ഥമാക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. മധുരം വിളമ്പുന്ന സ്പൂണുപോലെയാണത്. സ്പൂണിന് മധുരം ആസ്വദിക്കാന്‍ കഴിയില്ലല്ലോ
2.15
പൂവിന്‍റെ മണം പോലെയും എള്ളിലെ എണ്ണ പോലെയും വിറകിലെ തീ പോലെയും പാലിലെ വെണ്ണപോലെയും കരിമ്പിലെ മധുരംപോലെയും ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവിനെ കണ്ടെത്താന്‍ കഴിയണം.
2.16
ജീവിതത്തിലെ ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം.വെള്ളം കുടിക്കുന്നതിന് മുന്നെ അരിച്ച് ശുദ്ധമാക്കണം. സംസാരിക്കും മുന്നെ വേദഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നവിധമാണോ താന്‍ പറയുന്നത് എന്ന് ഉറപ്പാക്കണം.
2.17
ജനനത്തിലും മരണത്തിലും നാം തനിച്ചായിരിക്കും. മരണശേഷമുള്ള ജീവിതത്തെ നിശ്ചയിക്കുന്നത് പിറന്നശേഷം ചെയ്ത നന്മ തിന്മകളാണ്. പോകുന്നത് നരകത്തിലായും സ്വര്‍ഗ്ഗത്തിലായാലും അവിടെയും നീ തനിയെ ആയിരിക്കും.
2.18
ധനവും സുഹൃത്തുക്കളും ഇണയും ഭൂമിയുമൊക്കെ നഷ്ടപ്പെട്ടാലും വീണ്ടും ആര്‍ജ്ജിക്കാം, പക്ഷെ മനുഷ്യജന്മം ,അതൊരിക്കല്‍ മാത്രം ലഭിക്കുന്നതാണ്, അതിനെ നന്നായി വിനിയോഗിക്കുക
2.19
നമ്മുടെ സ്വയം കീഴ്പ്പെടലിന്‍റെ ഫലമായാണ് ദാരിദ്ര്യവും രോഗവും വിഷമതകളും ആസക്തിയും നമുക്ക് വന്നുചേരുന്നത്.
2.20
എവിടെ അമ്മ ലക്ഷ്മിയായും അച്ഛന്‍ വിഷ്ണുവായും ബന്ധുക്കള്‍ വിഷ്ണുഭക്തരായും കരുതപ്പെടുന്നുവോ ആ പുണ്യഭൂമി മൂന്ന് ലോകങ്ങളേയും പ്രതിനിധീകരിക്കുന്നു✍️
No comments:
Post a Comment