ഭക്ഷണവും പ്രായവും
വി.ആര്‍.അജിത് കുമാര്‍
പ്രായമേറും തോറും ഭക്ഷണരീതികളിലും മാറ്റം
വരുക സ്വാഭാവികമാണെന്നു തോന്നുന്നു. കുട്ടിക്കാലത്തൊക്കെ കറി എന്നാല് മീന്‍കറിയായിരുന്നു.
മീനില്‍ പ്രധാനം മത്തിയും. വില കുറയും ഗുണം കൂടും. കൂട്ടിന് പറമ്പിലുണ്ടാകുന്ന
ഏതെങ്കിലും പച്ചക്കറിയുമുണ്ടാകും. കടയില്‍ നിന്നും പച്ചക്കറി വാങ്ങുക അപൂര്‍വ്വം.
സ്കൂളിലും കോളേജിലും കൊണ്ടുപോകുന്ന ഉച്ചഭക്ഷണത്തില്‍ പ്രധാനം തേങ്ങാചമ്മന്തിയും
ഓംലറ്റുമായിരുന്നു. ഹോട്ടല്‍ ഭക്ഷണം തുടങ്ങിയതോടെയാണ് ചിക്കനും മട്ടനും ബീഫും
പ്രിയ ഭക്ഷണമായി മാറിയത്. അന്‍പതൊക്കെ കഴിഞ്ഞതോടെ മാംസഭക്ഷണത്തോടുള്ള പ്രിയം
കുറച്ചു കുറഞ്ഞു. അപ്പോഴാണ് പനീറും കൂണും സോയയുമൊക്കെ ഭക്ഷണത്തിലേക്ക്
കടന്നുവന്നത്. എങ്കിലും ഹോട്ടലുകളില്‍ പോകുമ്പോള്‍ മാംസാഹാരം തന്നെയാകും ആദ്യം
ചിന്തയിലെത്തുക.കേരളത്തിലാണെങ്കില്‍ ഞാന്‍ ആദ്യം അന്വേഷിക്കുക താറാവ് കിട്ടുമോ
എന്നാണ്. അതിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ ശിവഗംഗയില്‍ താമസമായതോടെ ചെട്ടിനാട്
ഭക്ഷണമാണ് കഴിക്കുന്നത്. നല്ല രുചിയും ഗുണമേന്മയുമുള്ള വെജിറ്റേറിയനും നോണ്‍
വെജിറ്റേറിയന്‍ ഭക്ഷണവും പാചകക്കാരന്‍ തയ്യാറാക്കും. എന്നാലും വെജിറ്റേറിയനാണ്
നാവിന് രുചിയേറ്റുക. വെളുത്തുള്ളിയും ചെറുള്ളിയും തക്കാളിയുമൊക്കെയാണ് പ്രധാന ചേരുവകകള്‍.
ഒപ്പം പുളിക്കാത്ത തൈരുമുണ്ടാകും. രാമനാഥപുരത്ത് നല്ല കൊഞ്ചും ഞണ്ടും കണവയും മീനും
കിട്ടും. അതും ഒഴിവാക്കാന്‍ കഴിയില്ലല്ലോ. അവയെല്ലാം വെജിറ്റേറിയന്‍ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍
കഴിയുമോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്!!
ഇന്ത്യയിലെ
എഴുപത്തിയേഴ് ശതമാനം ആളുകളും മിശ്രഭോജികളാണ് എന്നാണ് കണക്ക്. കേരളത്തില്‍ അത്
തൊണ്ണൂറ്റിയഞ്ച് ശതമാനമായേക്കും. എങ്കിലും നമ്മുടെ ഭക്ഷണരീതി മറ്റ് പല
ഏഷ്യന്,യൂറോപ്യന്,അമേരിക്കന്‍ രീതികളില് നിന്നും വ്യത്യസ്തമാണ്. അവിടെല്ലാം
മാംസകേന്ദ്രീകൃതമാണ് ഭക്ഷണരീതി. നമ്മള്‍ ശരിക്കും മിശ്രഭോജികളാണ് . ഏതായാലും
ഒന്നുറപ്പിച്ചു. ആട് ,മാട്,കോഴി ഇത്യാദികളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്.
കാര്യമായി ചിന്തിച്ചെടുത്ത തീരുമാനമാണ്. മീന്‍ എന്നത്തേക്ക് ഉപേക്ഷിക്കും
എന്നറിയില്ല.അതും സംഭവിച്ചേക്കാം. ഇത് അറുപത് കഴിഞ്ഞ എല്ലാവരുടേയും ചിന്തയാണോ അതോ
എന്‍റെ മാത്രമോ എന്നറിയില്ല!!😀
No comments:
Post a Comment