Thursday, 18 January 2024

Chanakyaneeti- Part 2- Spiritual Wisdom - Stanzas - 1 to 10

 


ചാണക്യനീതി -ഭാഗം-2

-വി.ആര്‍.അജിത് കുമാര്‍

ഭാഗം – 2 ആത്മീയ ജ്ഞാനം

2.1 ബുദ്ധിയുള്ള മനുഷ്യന്‍ ഒരു മരത്തെപോലെയായിരിക്കണം. പ്രാര്‍ത്ഥനയാകണം അതിന്‍റെ വേരുകള്‍. വേദങ്ങള്‍ ശാഖകളും പ്രവര്‍ത്തികള്‍ ഇലകളുമായിരിക്കണം. വേരുകള്‍ മുറിയാതെ നോക്കണം, അത് പോയാല്‍ ശാഖകളും ഇലകളുമെല്ലാം നശിക്കും.

(ഇവിടെ ചാണക്യന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുകയാണ്. പ്രാര്‍ത്ഥനയും വേദങ്ങളും നല്ല പ്രവര്‍ത്തികളുമാണ് ശരിയായ ജീവിതത്തിന് ആവശ്യം എന്ന് അദ്ദേഹം പറയുന്നു. അക്കാലത്ത് എല്ലാവര്‍ക്കും വേദം പഠിക്കാന്‍ അനുവാദമുണ്ടായിരുന്നോ എന്നത് സംശയമാണ്. അപ്പോള്‍ ഈ ഗ്രന്ഥം സാധാരണ ജനങ്ങള്‍ക്കായുള്ളതാണ് എന്നു പറയുമ്പോള്‍ അത് മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടിരുന്നില്ല എന്നത് പ്രസക്തമാണ്)

2.2  ഹരി ലോകത്തെ പരിപാലിക്കുമ്പോള്‍ എനിക്ക് ജീവിതത്തില്‍ വേവലാതിപ്പെടാന്‍ എന്താണുള്ളത്. ലോകത്തെ നിയന്ത്രിക്കാന്‍ ദൈവമില്ലെങ്കില്‍ പിറന്നുവീഴുന്ന കുഞ്ഞിനുവേണ്ടി അമ്മയുടെ മാറിടത്തില്‍ പാല് എങ്ങിനെയുണ്ടാകുന്നു? ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കുമ്പോള്‍, അല്ലയോ ദൈവമെ, യദുക്കളുടെയും ലക്ഷ്മീദേവിയുടെയും അധിപനായ    അങ്ങയുടെ പാദങ്ങളെ മാത്രം സേവിക്കുന്ന ഞാന്‍ സമയം കടന്നുപോകുന്നതുപോലും അറിയുന്നില്ല.

 (ചാണക്യന്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച വ്യക്തിത്വമായിരുന്നു എന്ന് ഈ ശ്ലോകം രേഖപ്പെടുത്തുന്നു. എല്ലാം ദൈവനിശ്ചയം എന്ന് കരുതിയാല്‍ സംതൃപ്തനായി ജീവിക്കാം എന്നാണ് ചാണക്യന്‍ അവകാശപ്പെടുന്നത്.പ്രകൃതി അമ്മയുടെ മാറില് പാല്‍ ഉത്പ്പാദിപ്പിക്കുന്നത് അതിശയത്തോടെ കാണുന്ന ചാണക്യന്‍ അത് ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തിയായി കാണുന്നു. )

2.3  യജ്ഞശാലയിലെ തീയില്‍ വഴിപാടുകള്‍ നടത്താതെ മന്ത്രം ചൊല്ലിയിട്ട് കാര്യമില്ല. പൂജാരിക്കും ഗുരുവിനും മുതിര്‍ന്നവര്‍ക്കുമെല്ലാം ദക്ഷിണ നല്‍കാത്ത മതചടങ്ങുകളും പൂര്‍ണ്ണമല്ല. വിശ്വാസമില്ലാതെ ഒരാള്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. വിശ്വാസമാണ് എല്ലാറ്റിന്‍റേയും കാര്യകാരണ ബന്ധം.

( മന്ത്രങ്ങള്‍ പഠിച്ചവനാണ് ബ്രാഹ്മണന്‍. അവനാണ് യജ്ഞം നടത്തുന്നത്. ചിലവ് വഹിക്കുന്നത് രാജാവും. പൂജാരിയുടെ ജീവിതം ഇവിടെ ചാണക്യന്‍ ഉറപ്പാക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൂജാരിക്ക് ജീവിതസൌകര്യങ്ങള്‍ ഒരുക്കണം. ദൈവവിശ്വാസമാണ് ഒരുവന് അതിപ്രധാനം എന്നും പറയുന്നു.)

2.4  പൂജാമന്ത്രങ്ങള്‍ അനുഷ്ഠിക്കാന്‍ പരിശീലനം ലഭിച്ച ഒരുവന് ദൈവത്തെ കാണുന്നത് യജ്ഞശാലയിലെ തീയിലാണ്. ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സംബ്ബന്ധിച്ചിടത്തോളം ദൈവം അവന്‍റെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ഒരു സാധാരണ ദൈവവിശ്വാസിയെ സംബ്ബന്ധിച്ചിടത്തോളം ദൈവം അവന്‍ കാണുന്ന വിഗ്രഹമാണ്. എന്നാല്‍ ബുദ്ധിയും തിരിച്ചറിവുമുള്ള നീതിമാന്‍ എന്തിലും ഏതിലും ദൈവത്തെ കാണുന്നു.

( ഈ ശ്ലോകത്തില്‍ ചാണക്യന്‍ ദൈവത്തെ സംബ്ബന്ധിച്ച് പുരോഗമനപരമായ ഒരു സമീപനമാണ് കൈക്കൊള്ളുന്നത്.)

2.5 മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കൊപ്പം അലിയുന്ന മനസുള്ള ഒരാള്‍ക്ക് പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവുകളൊന്നും വേണമെന്നില്ല. അതുതന്നെയാണ് ജ്ഞാനവും ഭക്തിയും മോക്ഷമാര്‍ഗ്ഗവും. അത്തരമൊരാള്‍ നെറ്റിയില്‍ കുറിതൊട്ടോ ജടാധാരിയായോ ഭക്തി പ്രകടിപ്പിക്കേണ്ടതില്ല

2.6 ലളിതമായ ജീവിതം നമുക്ക് സുഖം പകരും.അതിലും സുഖമാണ് ഏത് സാഹചര്യത്തിലും ശാന്തത കൈവിടാതിരിക്കുക എന്നത്. നമുക്കുള്ളതില്‍ സംതൃപ്തി കണ്ടെത്തുന്നതിനപ്പുറം സന്തോഷം മറ്റൊന്നില്ല. ഏതൊരു മാറാവ്യാധിയേക്കാളും വലുതാണ് ആര്‍ത്തി. ഏത് തരം ആര്‍ത്തിയും മാറാരോഗമാണ്. ഭൂമിയില്‍  ഏതൊരു മതത്തിനും ഉപരിയായി നില്‍ക്കുന്ന ഒന്നേയുള്ളു, അത് അനുകമ്പയാണ്.

2.7 കല്‍പ്പവൃക്ഷം വെറുമൊരു മരമാണ്,സുമേരു ഒരു പര്‍വ്വതവും. ചിന്താമണി വെറുമൊരു കല്ലാണ്,സൂര്യന്‍റെ രശ്മികള്‍ ചൂടാണ്, ചന്ദ്രന്‍ പകലില്‍ മറയുന്നതാണ്, കടല്‍വെള്ളം ഉപ്പാണ്, കാമദേവന്‍ രൂപമില്ലാത്തവനാണ്, ബാലി ഭൂതഗണത്തില്‍ പെടുന്നവനാണ്, കാമധേനു വെറുമൊരു മൃഗമാണ്, ഇവയെയൊന്നും രഘുപതേ,അങ്ങയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

(ഇവിടെ വീണ്ടും ദൈവത്തെ, ഇത്തരുണത്തില്‍ രാമനെയാണ് പുകഴ്ത്തുന്നത്)

2.8 മനുഷ്യന്‍ തടിയിലോ കല്ലിലോ ചെളിയിലോ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങളില്‍ ദൈവം കുടികൊള്ളുന്നില്ല. അതിനെ മനുഷ്യന്‍ ആരാധിക്കുമ്പോഴാണ് അതില്‍ ദൈവസാന്നിധ്യം ഉണ്ടാകുന്നത്. ചുരുക്കത്തില്‍ വിശ്വാസമാണ് പ്രധാനം. ദൈവമായി വിശ്വസിക്കുന്ന എന്തിലും അതിന്‍റെ സാന്നിധ്യം കാണാം.

2.9 മനസിന്‍റെ വ്യാപാരങ്ങള്‍ അനന്തമാണ്. എല്ലാമൊന്നും സാധിച്ചുകിട്ടില്ല. എല്ലാം ഒരുവന്‍റെ വിധിയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ലഭിച്ചതൊക്കെ അനുഗ്രഹമായികണ്ട് സന്തോഷിക്കുകയാണ് വേണ്ടത്.

2.10 ആത്മവിദ്യ ആര്‍ജ്ജിക്കുന്നവന് അഹംഭാവമുണ്ടാകില്ല. അങ്ങിനെയുള്ളവരുടെ മനസ് സഞ്ചരിക്കുന്നിടത്തെല്ലാം ദൈവവുമുണ്ടാകും🙏

No comments:

Post a Comment