2024 ജനുവരി 22 ന് അയോധ്യയില് പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രം ഉത്ഘാടനം ചെയ്യുകയാണല്ലൊ. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബാബ്റി മസ്ജിദ് പൊളിച്ചത്. ഞാന്‍ എഴുതി പ്രഭാത് ബുക്ക്ഹൌസ് 2017 ല്‍ പ്രസിദ്ധീകരിച്ച “ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍” എന്ന നോവലില്‍ ഇത് സംബ്ബന്ധിച്ച് എഴുതിയ ഭാഗം ഇത്തരുണത്തില്‍ പ്രസക്തമാണ് എന്ന തോന്നലില്‍ ഇവിടെ രേഖപ്പെടുത്തുന്നു.
രാഷ്ട്രീയം ഉപേക്ഷിച്ച്,കിടക്ക മടക്കി സ്വന്തം നാട്ടിലേക്ക് പോയതാണ് ജനാര്‍ദ്ദന ദാസ്. എന്നാല്‍ ഈ വന്ദ്യവയോധികന്‍റെ പേരാണ് ദേശപാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ് വന്നത്. അമ്മവീട്ടില്‍ നിന്നും പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. ക്രമേണ ദാസ് ഭരണത്തിലും പാര്‍ട്ടിയിലും ശക്തനായി. വാര്‍ത്ത അറിയിപ്പുകാരുമായി അധികം ബന്ധമില്ലാതിരുന്നതിനാല്‍ ഭരണം ഒരുവിധം മുന്നോട്ടുപോയി.
ഇങ്ങനെ സ്വസ്ഥമായി മുന്നോട്ടുപോകുമ്പോഴാണ് ക്ഷേത്രഭാരവാഹികള്‍ വഴിമുടക്കിന് പദ്ധതിയിട്ടത്. വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു തര്‍ക്കം കുറേക്കൂടി തീവ്രമാക്കുകയാണ് അവര് ചെയ്തത്. പള്ളി പൊളിച്ച് അവിടത്തന്നെ വിശ്വമറിയുന്ന ക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രക്കാര്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷമതവികാരമിളക്കിവിടാന്‍ ഈ ആയുധം പ്രയോഗിക്കും. ഇടത് തീവ്രവാദികളും മിതവാദികളും ഇതിനെതിരായ ആയുധവും പ്രയോഗിക്കും.എന്നാല്‍ ഭൂരിപക്ഷം ഈ കരുനീക്കത്തിന് വശംവദരാകാറില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ അധികാര ചെങ്കോല്‍ ക്ഷേത്രക്കാര്‍ സ്വന്തമാക്കിയേനെ. മതമല്ല,മനുഷ്യനാണ്, മനുഷ്യസ്നേഹമാണ് വലുതെന്ന് ഇടത് തീവ്രവാദികള്‍ തെരുവുകളില്‍ പാടിനടന്നു. എല്ലാവര്‍ക്കും ആഗ്രഹം ഒന്നുതന്നെയായിരുന്നു. ആ പഴയ കൂടാരം അവിടെ നിലനിര്‍ത്തണം,അതിനെ ആയുധമാക്കി വോട്ടുപിടിക്കണം.
ആളുകള്‍ തീരെ മറന്നു കഴിഞ്ഞിരുന്ന ഈ പഴയ കൂടാരത്തില്‍ ക്ഷേത്രക്കാര്‍ക്ക് പൂജ നടത്താന്‍ അവസരം കൊടുത്തത് കുമാരനായിരുന്നു. അത് കുമാരന്‍റെ പിഴ. അദ്ദേഹത്തിന്‍റെ അപ്പുപ്പന്‍ കൂടാരം പൂട്ടി താക്കോല്‍ പുഴയിലേക്ക് വലിച്ചെറിയൂ എന്നാഹ്വാനം ചെയ്തയാളാണ്. പക്ഷെ ചെറുമകന് തെറ്റുപറ്റി. തെറ്റ് മനുഷ്യ സഹജം. ദാസിന് ഒരുകാര്യം ഉറപ്പായിരുന്നു. ഈ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം നാടിന് സ്വസ്ഥതയുണ്ടാവില്ല. ഭരണക്കാര്‍ക്ക് പൊളിച്ചുമാറ്റാനും കഴിയില്ല. ഇനിയെങ്ങാനും ക്ഷേത്രക്കാര്‍ അതിന് തുനിഞ്ഞാല്‍ മിണ്ടാതിരിക്കുക. അതോടെ തീരും തര്‍ക്കം. മനുഷ്യമനസിനെ എന്തിന് ശിലയാക്കണം. ശിലകള്‍ പോകട്ടെ,ഹൃദയം തുടിക്കട്ടെ എന്നദ്ദേഹം മന്ത്രിച്ചു, കാറ്റിന് പോലും വ്യക്തമാകാത്തത്ര പതുക്കെ. ഈ മന്ത്രം ഒരു സംഗീതമായി അന്തരീക്ഷത്തില്‍ നിലനില്‍ക്കെത്തന്നെയാണ് ക്ഷേത്രക്കാര്‍ അധികാരത്തിന്‍റെ കസേരയും ദേശത്തപ്പന്‍റെ കൂടാരവും ഒന്നിച്ച് സ്വപ്നം കണ്ടത്.
ജ്യോതിഷികള്‍ കവടി നിരത്തി പ്രവചിച്ചു. രഥോത്സവം കൊണ്ടാടുക, ദേശത്തപ്പന്‍ പ്രസാദിച്ചിരിക്കുന്നു. കേട്ടപാതി, കേള്‍ക്കാത്ത പാതി, മാധവന്‍ രഥത്തിലെ പൊടിതട്ടി അതില്‍ കയറിയിരുപ്പായി. കല്ലും കട്ടയും മണ്ണും പൊടിയുമായി എല്ലാ വിശ്വാസികളും ദേശത്തപ്പന്‍റെ ജന്മനാട്ടിലേക്ക് യാത്രയാവുക, അവിടെ നമുക്ക് ദേശത്തപ്പനെ വാഴിക്കാം എന്ന് ക്ഷേത്രക്കാര് വിളംബരം ചെയ്തു. രഥസാരഥി ശംഖ് വിളിച്ചു.ഉറങ്ങിക്കിടന്ന ഭക്തജനങ്ങളും ഒപ്പം ചേര്‍ന്ന കള്ളന്മാരും കൊള്ളക്കാരുമെല്ലാം കറുത്ത വസ്ത്രമണിഞ്ഞ് തലയില്‍ കല്ലും ചൂടി ശരണമന്ത്രങ്ങളുമായി പുറപ്പെട്ടു. കുറേനാള്‍ മുന്‍പ് പ്രഭാകരന് തോന്നിയ ആവേശമൊന്നും തനിക്കുണ്ടാവില്ലെന്നും ക്ഷേത്രക്കാരന്‍റെ മലര്‍പ്പൊടി തൂവിപ്പോകുമെന്നും ദാസ് കണക്കുകൂട്ടി.
രഥം വരുന്നതിനും
നാളുകള്‍ക്ക് മുന്‍പ് കൌടില്യനും ചന്ദ്രഗുപ്തനും ദേശത്തപ്പന്‍റെ നാട്ടിലെത്തി.
ചാന്ദ്രദേശമൊട്ടാകെ നടക്കുന്ന കോളിളക്കങ്ങളൊന്നും ആ നാട്ടുകാര് അറിഞ്ഞിരുന്നില്ല.
അവരില്‍ അതൊരാവേശവും ഉണര്‍ത്തിയതുമില്ല. നിത്യചിലവുകള്‍ക്കുള്ള തൊഴിലുകള്‍
അന്വേഷിച്ചും സൌകര്യമുള്ളപ്പോള്‍ ആരാധനാ കേന്ദ്രങ്ങളില് കയറി പൂജകള്‍ ചെയ്തും
പ്രാര്‍ത്ഥിച്ചും അവര്‍ സൂര്യ ചന്ദ്രന്മാര്‍ക്കൊപ്പം പകലും രാവും കഴിച്ചു.
കൌടില്യന്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. താന്‍ നല്‍കിയ ഉപദേശം പോലെ കാര്യങ്ങള്‍
നടക്കും എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്ര സ്മാരകമാണ് നഷ്ടപ്പെടാന്‍
പോകുന്നത്, പക്ഷെ ഒരു ദേശത്തെ ജനതയെ എക്കാലത്തും വേര്‍പെടുത്തി നിര്‍ത്താനും
തമ്മിലടിപ്പിക്കാനും ക്ഷേത്രഭാരവാഹികള് ഇതിനെ ആയുധമാക്കുമെന്ന്
കൌടില്യനറിയാമായിരുന്നു. ആയുധം തകര്‍ത്തില്ലാതാക്കിയാല്‍ പിന്നെങ്ങനെ അടരാടും.
ആയുധം നഷ്ടപ്പെടരുത്,രാകി മൂര്‍ച്ച വരുത്തി വയ്ക്കണമെന്നേ രഥസാരഥിക്ക്
ആഗ്രഹമുണ്ടായിരുന്നുള്ളു.ഇടയ്ക്
എന്നാല്‍ കൂര്‍മ്മബുദ്ധികളായ നേതാക്കളുടെ സ്വഭാവമല്ലല്ലോ അണികള്‍ക്ക്. അവര്‍ കേട്ട പ്രസംഗങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് , ഊര്‍ജ്ജമെടുത്തുവന്നവരാണ്. അവര്‍ക്ക് ഒറ്റ ലക്ഷ്യമെയുണ്ടായിരുന്നുള്ളു. ദേശത്തപ്പന്‍റെ മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരാതനമായ ആലയം പൊളിക്കുക, അവിടെ ദേശത്തപ്പന്‍ ക്ഷേത്രം പണിയുക.കാക്കിക്കാരോടെല്ലാം കാഴ്ചക്കാരായി നില്‍ക്കാനാണ് ദാസ് നിര്‍ദ്ദേശിച്ചിരുന്നത്. ഇത് ഇന്നുകൊണ്ടു തീരണം. ഒരിക്കലും ക്ഷേത്രക്കാര്‍ ഇതിന്‍റെ പേരില്‍ വോട്ടുപിടിക്കരുത്. കിംകരയിലെ ശീതീകരിച്ച മുറിയില്‍ കട്ടന്‍ ചായയും കുടിച്ചിരുന്ന് ദാസ് ആ കാഴ്ച കണ്ടു. വിശ്വാസികള്‍ ആവേശത്തോടെ വന്നടുക്കുന്നതും കെട്ടിടം പൊളിക്കുന്നതുമായ കാഴ്ച. തണുപ്പിന്‍റെ മൂടലുള്ള ആ പകലില്‍, തൊട്ടടുത്തുനിന്ന് ചന്ദ്രഗുപ്തനും ആ കാഴ്ച കണ്ടു. മറക്കാനാവാത്ത ആവേശത്തിന്‍റെ,ഭ്രാന്തമായ കാഴ്ച.
കൌടില്യന്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു,”ഇതല്ലാതെ വേറെ വഴിയില്ല, ചന്ദ്രാ,ദുര്‍ഘടംപിടിച്ച ചില വഴികള്‍ സുഗമമാക്കാന്‍ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരും.”
കെട്ടിടം തകര്‍ന്നടിയുന്ന കാഴ്ച കണ്ട് മനംനൊന്ത ന്യൂപക്ഷങ്ങളും ആഹ്ലാദിച്ച ക്ഷേത്രക്കാരും ചാന്ദ്രദേശത്തിന്‍റെ വിവിധ കോണുകളില് ഏറ്റുമുട്ടി, എന്തിനെന്നുപോലുമറിയാതെ പോരടിച്ചു മരിച്ചു. വേര്‍തിരിക്കാന് കഴിയാത്തവിധം ആ ചോരച്ചാലുകള്‍ ഇടകലര്‍ന്ന് തളംകെട്ടി. രക്തബലിയില്‍ ക്രൂരദൈവങ്ങള്‍ ആഹ്ലാദിച്ചു. ലോകം ഈ കാഴ്ചകള്‍ ദൃശ്യോത്സവമാക്കി പരസ്യപ്പെടുത്തി. ദേശനേതാവിനെ പലരും കുറ്റപ്പെടുത്തി. അദ്ദേഹം മഹാമൌനത്തിന്‍റെ വാത്മീകത്തില്‍ ഇരുന്ന് അതെല്ലാം കേട്ടു. ക്ഷേത്രകക്ഷി നേതാക്കളും ഇടത് തീവ്രവാദികളും അമ്പരന്നു. മുന്നോട്ടു പോകാനുള്ള ആയുധം നഷ്ടമായിരിക്കുന്നു. ഇനിയെന്ത്?
No comments:
Post a Comment