Saturday, 20 January 2024

Chanakyaneeti -part -2 - Spiritual wisdom- Stanzas- 21-30

 ചാണക്യനീതി -ഭാഗം-2- ആത്മീയ ജ്ഞാനം- ശ്ലോകം 21 മുതല്‍ 30 വരെ
========================================
-വി.ആര്‍.അജിത് കുമാര്‍
===================
2.21
ആയിരക്കണക്കിന് പശുക്കള്‍ക്കിടയില്‍ പശുക്കുട്ടി അതിന്‍റെ അമ്മയെ പിന്തുടരുന്നപോലെ ഒരുവന്‍റെ മുന്‍കാല പ്രവര്‍ത്തികള്‍ അവനെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.

2.22
കാരിമുള്ള് ചെടിയില്‍ ഇലയുണ്ടാകാത്തതിന് വസന്തകാലത്തെ പഴിച്ചിട്ട് കാര്യമുണ്ടോ? പകല്‍വെളിച്ചത്തില്‍ മൂങ്ങയ്ക്ക് കാഴ്ച ലഭിക്കാത്തത് സൂര്യന്‍റെ തെറ്റാണോ? ആകാശത്തുനിന്നും ഉതിരുന്ന മഴവെള്ളം കുയിലിന്‍റെ വായില്‍ വീഴാത്തിന് മേഘത്തെ പഴിക്കണമോ ? ഒരുവന്‍റെ ശിരസ്സില്‍ കുറിച്ചിട്ട വിധിയെ തുടച്ചുമാറ്റാന്‍ ആര്‍ക്കാണധികാരമുള്ളത് ?

2.23
ഒരുവന്‍റെ ആയുസ്സും തൊഴിലും സ്വത്തും വിദ്യാഭ്യാസവും മരണവും അവന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴേ നിശ്ചയിക്കപ്പെടുന്നു.

2.24
സമയമാണ് ജീവജാലങ്ങളെ പാകപ്പെടുത്തുന്നത്, സമയമാണ് ഒരുവനെ നിഗ്രഹിക്കുന്നതും. എല്ലാവരും ഉറങ്ങുമ്പോഴും സമയം ജാഗ്രത്തായിരിക്കുന്നു. സമയത്തെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല.

2.25
ഈശ്വരേച്ഛയ്ക്കനുസരിച്ചാണ് ഒരുവന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഒരുവന്‍റെ പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത് ഈശ്വരേച്ഛയാണ്. ഈശ്വരനിശ്ചയം കൊണ്ടാണ് ഒരുവനെ സഹായിക്കാന്‍ ആളുകള്‍ ഉണ്ടാകുന്നതും.

2.26
തലയിലെഴുത്ത് നന്നായാല്‍ താഴ്ന്ന നിലയിലുള്ള ഒരുവന് രാജാവാകാന്‍ കഴിയും, മോശമെങ്കില്‍ രാജാവ് എല്ലാം നശിച്ചവനായും തീരാം. സമ്പന്നന്‍‍ ദരിദ്രനാകുന്നതും ദരിദ്രന്‍ സമ്പന്നനാകുന്നതും വിധികൊണ്ടുതന്നെ.

2.27
ഒരാളും സ്വര്‍ണ്ണമാനിനെ നിര്‍മ്മിച്ചിട്ടില്ല.ആരും കണ്ടിട്ടുമില്ല,കേട്ടിട്ടുമില്ല. എന്നിട്ടും ശ്രീരാമന്‍ സ്വര്‍ണ്ണമാന്‍ എന്നുകേട്ട് ഭ്രമിച്ചു. മോശം സമയത്ത് ഒരുവന്‍റെ മനോനില ശരിയാംവണ്ണം പ്രവര്‍ത്തിക്കില്ല എന്നോര്‍ക്കുക.

2.28
സത്യമാണ് ഭൂമിയെ താങ്ങിനിര്‍ത്തുന്നത്. സത്യമാണ് സൂര്യനെ ജ്വലിപ്പിക്കുന്നത്, സത്യമാണ് കാറ്റിനെ ചലിപ്പിക്കുന്നത്, സത്യമാണ് ഓരോരുത്തരെയും നിലനിര്‍ത്തുന്നത്.

2.29
ആത്മാവ് സ്വയം ചലിക്കുന്ന ഒന്നാണ്. സ്വയം നേട്ടങ്ങള്‍ ആസ്വദിക്കുകയും ലോകമാകെ ചുറ്റിനടക്കുകയും ഒടുവില്‍ മുക്തി നേടുകയും ചെയ്യുന്ന ഒന്ന്.

2.30
കൃഷ്ണനെ പൂജിക്കാത്തവനെ കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു. രാധാറാണിയുടെ കഥ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവനെ കുറിച്ചും നാണം തോന്നുന്നു. ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ കേള്‍ക്കാന്‍ കാത് നല്‍കാത്തവനില്‍ എനിക്ക് മതിപ്പില്ല. കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോഴുള്ള മൃദംഗത്തിന്‍റെ ധിക്-താം,ധിക്-താം, ധിഗതം കേട്ട് അതിശയപ്പെടാത്തവനും സമൂഹത്തിന് കളങ്കമാണ്.

(ഇവിടെ വീണ്ടും എഴുത്തുകാരനിലെ ഭക്തി ഉണരുന്നു.)✍️

No comments:

Post a Comment