Friday, 9 April 2021

Kerala needs Social Security Force

 


 കേരളത്തിന് വേണം സാമൂഹിക സുരക്ഷ സേന

 *മുറിവേല്‍പ്പിച്ചും മര്‍ദ്ദിച്ചും രണ്ടാനച്ഛന്‍ അഞ്ചുവയസുകാരിയെ കൊന്നു,കൊലപ്പെടുത്തും മുന്‍പ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു
 *പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
 *മാനസിക പ്രശ്‌നങ്ങളുള്ള  പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
 *പതിനേഴുകാരനെ മര്‍ദ്ദിച്ച് വീഡിയോ സാമൂഹിക മാധ്യമത്തിലിട്ടു
 *പരീക്ഷ എഴുതാന്‍ പോയ യുവതി വഴിയില്‍ വെട്ടേറ്റ നിലയില്‍
 *പരീക്ഷപ്പേടിയില്‍ അത്മഹത്യ
 * കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു
 *മയക്കുമരുന്ന് ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു
 *മദ്യഉപയോഗത്തില്‍ കേരളം മുന്നില്‍

 ഇതെല്ലാം കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തലക്കെട്ടുകളാണ് .വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മറ്റ് സംസ്ഥനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുകന്ന കേരളം സാമൂഹിക സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കിയിട്ടും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമൂഹിക സുരക്ഷ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സാമൂഹിക സുരക്ഷ മിഷനൊക്കെ ബോധവത്ക്കരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതൊക്കെ എത്രമാത്രം ഫലപ്രദമാണ് എന്നു നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വീടുകളിലെയും ഓരോ വ്യക്തിയുടെയും സുരക്ഷ സംബ്ബന്ധിച്ച് ശ്രദ്ധിക്കാന്‍ നിലവിലുളള പോലീസ് ഫോഴ്‌സിന് കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായ അധികാരങ്ങളോടെ ഒരു സാമൂഹിക സുരക്ഷ സേന ഉണ്ടാകേണ്ടതുണ്ട്.

 സേനയുടെ ചുമതലകള്‍

1.ഭവന സന്ദര്‍ശനം, വീടുകളില്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍,വിവിധങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന, സര്‍ക്കാര്‍ നല്‍കേണ്ട സഹായങ്ങള്‍ എന്നിവ മനസിലാക്കുക, നടപടി സ്വീകരിക്കുക

2.മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് കൗണ്‍സിലിംഗ് ഒരുക്കുക, ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക, സാമ്പത്തിക പ്രശ്‌നമുള്ളവര്‍ക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ സാമ്പത്തികം ലഭ്യമാക്കുക

3. മദ്യവര്‍ജ്ജന ബോധവത്ക്കരണം എന്ന പേരില്‍ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഒരു ചലനവും അത് സൃഷ്ടിക്കുന്നില്ല. മദ്യവര്‍ജ്ജനം കേള്‍ക്കാന്‍ സുഖമുള്ള ഒരു ലോഗോ മാത്രമാണ്,നടപ്പിലാക്കേണ്ടത് അമിതമദ്യാപാനത്തിനെതിരായ ബോധവത്ക്കരണവും നടപടികളുമാണ്. കേരളം ഇന്നാവശ്യപ്പെടുന്നതും അതാണ്. അമിത മദ്യാപാനികള്‍ വീടിനും സമൂഹത്തിനും വിപത്താണ്. കുട്ടികളെയും ഭാര്യയേയും മാതാപിതാക്കളെപോലും ഉപദ്രവിക്കുന്ന ഇത്തരം മദ്യപാനികളെ ഐഡന്റിഫൈ ചെയ്യുകയും മദ്യോപയോഗത്തില്‍ പാലിക്കേണ്ട ആരോഗ്യപരമായ സമീപനം പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് അത് നല്‍കാനും പ്രശ്‌നകാരികള്‍ക്ക് ശിക്ഷ എന്ന നിലയില്‍ മദ്യം നല്‍കാതെ നിശ്ചിത ദിവസങ്ങളിലേക്ക് തടവ് നിശ്ചയിക്കാനുമൊക്കെ നിയമപരമായ അധികാരം സേനയ്ക്കുണ്ടാവണം.
 
4. മയക്കുമരുന്ന് കേരളത്തിലെ ചെറുപ്പക്കാരെ വലിയ ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ,മയക്കുമരുന്ന് വ്യാപനം തടയാനും സേനയ്ക്കുകഴിയണം. ബോധവത്ക്കരണം മാത്രമല്ല, കടുത്ത നടപടികളും ഇതിനാവശ്യമാണ്. മൈക്രോലെവലില്‍  മയക്കുമരുന്ന് വ്യാപനം തടയാന്‍ സുരക്ഷസേനയ്ക്ക് കഴിയും.

5. പോലീസിന് നല്‍കുന്നവിധമുള്ള പരിശീലനവും ഒപ്പം സാമൂഹിക സുരക്ഷ ലക്ഷ്യമിടുന്ന ആറുമാസം നീളുന്ന പരിശീലനവും ഇവര്‍ക്ക് നല്‍കാവുന്നതാണ്

 കേരളസമൂഹത്തില്‍ വലിയ മാറ്റത്തിന് ഇത് ഉപകരിക്കുമെന്നു കരുതുന്നു. ഒരു നിയമനിര്‍മ്മാണത്തിന് പുതിയ നിയമസഭയില്‍ ശ്രമമുണ്ടാകും എന്നു കരുതുന്നു


Thursday, 8 April 2021

Duty of polling officers - Kerala can follow Tamil Nadu model

 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദുരിതം ,തെരഞ്ഞെടുപ്പ് കമ്മീഷന് വരുംകാലം തമിഴ്‌നാട് മാതൃക സ്വീകരിക്കാം

 എന്റെ ബന്ധുക്കള്‍ നാല് പേര്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. 48 മണിക്കൂര്‍ നീണ്ട ദുരന്ത കഥയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അഞ്ചാം തീയതി വെളുപ്പിനെ വീട്ടില്‍ നിന്നും പുറപ്പെട്ടു. എട്ടുമണി മുതല്‍ പോളിംഗ് സാമഗ്രികള്‍ നല്‍കിത്തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഉത്സവപ്പറമ്പിലെ പോലെ തിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവിലയായിരുന്നു അവിടെ. മെഷീന്‍ നല്‍കുന്നിടത്ത് അഭയാര്‍ത്ഥികേന്ദ്രത്തിലെ പോലെ തിക്കും തിരക്കും ഉന്തും തള്ളുമായിരുന്നു. അവിടെ നിന്നും എല്ലാം കളക്ട് ചെയ്ത് വൈകിട്ടോടെ ബൂത്തുകളില്‍ എത്തി. ബൂത്തുകളുടെ എണ്ണം കൂട്ടിയതിനാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും ക്രമാതീതമായിരുന്നു.ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തിയുളള യാത്ര.പോളിംഗ് ബൂത്തിലെ ഒരുക്കങ്ങളും കവറുകള്‍ സജ്ജീകരിക്കലുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ തളര്‍ന്നു കിടന്നുറങ്ങി. ഇതില്‍ ഒരാള്‍ക്ക് കിട്ടിയ പോളിംഗ് സെന്ററര്‍ ചെറിയൊരു സ്‌കൂളായിരുന്നു. ്അവിടെ  5 ബൂത്തുകളും.ആകെ ഒരു ടോയ്‌ലറ്റാണുള്ളത്. അതുകൊണ്ടുതന്നെ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നു. രാവിലെ അഞ്ച് മണിക്ക് മോക്ക് പോളിംഗ് തുടങ്ങി. ഏഴിന് പോളിംഗും ആരംഭിച്ചു. രാത്രി ഏഴിനാണ് പോളിംഗ് അവസാനിച്ചത്. ഏതാണ്ട് പട്ടിണിയായിരുന്നു അന്നത്തെ അവസ്ഥ. പിന്നീട് വാഹനം കാത്തിരിപ്പ്. കളക്ഷന്‍ കേന്ദ്രത്തിലെത്തുന്നത് രാത്രി പത്തുമണിക്ക്.വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ .വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയില്‍ എല്ലാവരും ഞാന്‍ മുന്നെ, ഞാന്‍ മുന്നെ എന്ന നിലയില്‍ മറ്റീരിയല്‍ തിരികെ കൊടുക്കാനുളള തിക്കും തിരക്കും. എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിക്കൊക്കെയായിരുന്നു മടക്കം. വീട്ടിലെത്തിയത് വെളുപ്പിനെ. അടുത്ത ദിവസം തളര്‍ന്നുറങ്ങി ക്ഷീണം മാറ്റി. പോളിംഗ് ഡ്യൂട്ടിയിലായിരുന്ന മിക്കവര്‍ക്കും ഇതൊക്കെത്തന്നെയായിരുന്നു അനുഭവം.

 തമിഴ്‌നാട് മാതൃക ഇങ്ങിനെ. പോളിംഗ് ഉദ്യോഗസ്ഥര്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പോളിംഗ് നടക്കുന്ന സ്‌കൂളില്‍ എത്തി. ഒരു ഡപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുളള സ്വാഡ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും പേപ്പറുകളും അവിടെ എത്തിച്ചുകൊടുത്തു. പോളിംഗ് ഉദ്യോഗസ്ഥര്‍ അവ ഒത്തുനോക്കി വാങ്ങി ബോധ്യപ്പെട്ടു. കേന്ദ്രത്തില്‍ വളരെ റിലാക്‌സ് ചെയ്ത് സജ്ജീകരണങ്ങള്‍ ഒരുക്കി അവര്‍ ഭക്ഷണം കഴിച്ച് സ്വസ്ഥമായി ഉറങ്ങി. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് മോക്ക് പോളിംഗ്. രാവിലെ ഏഴിന് വളരെ ഫ്രഷ് ആയി പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴുമണിക്ക് പോളിംഗ് അവസാനിച്ച ശേഷം പേപ്പറെല്ലാം തയ്യാറാക്കി അവിടെത്തന്നെ ഇരുന്നു. പോളിംഗ് സാമഗ്രികള്‍ തലേദിവസം കൊണ്ടുനല്‍കിയ അതേ സ്വാഡ് തന്നെ സ്‌കൂളിലെത്തി ഏറ്റുവാങ്ങി.. ചിലയിടത്ത് സ്വാഡ് എത്തിയപ്പോള്‍ പത്തുമണിയൊക്കെ ആയെന്നു മാത്രം. അവരെ ഉപകരണങ്ങള്‍ ഏല്‍പ്പിച്ച് ബോധ്യപ്പെടുത്തി പോളിംഗ് ഉദ്യോഗസ്ഥര്‍  അവിടെ നിന്നു തന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങി.

 ഇതുവഴി നേട്ടങ്ങള്‍ ഇങ്ങിനെ. വലിയ ഉത്തരവാദിത്തമുള്ള ജോലി തീരെ ടെന്‍ഷനില്ലാതെയും അലച്ചിലില്ലാതെയും നിര്‍വ്വഹിക്കാം. കളക്ഷന്‍ കേന്ദ്രത്തില്‍ അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കാം. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ഇതുവഴി കഴിയുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉത്തരവാദപ്പെട്ടവരും ഇത് ശ്രദ്ധിക്കുമെന്നും ഈ മാതൃക പിന്‍തുടരുമെന്നും പ്രതീക്ഷിക്കുന്നു.

Sunday, 4 April 2021

Kattu yathra


 കാട്ടുയാത്ര

ഉണ്ണിക്കുട്ടന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും കാട്ടിലൂടെയുള്ള യാത്ര. രസകരമായ ഒരുപാടനുഭവങ്ങള്‍ക്ക് അത് അവസരമൊരുക്കും. അച്ഛന്റെ സ്‌കോര്‍പിയോ കാറിലാണ് അവന്‍ യാത്ര പോവുക. പോകുംവഴി ചിലപ്പോള്‍ മൃഗങ്ങളെ കാണും. അതല്ലെങ്കില്‍ താമസിക്കുന്നിടത്തെങ്കിലും മൃഗങ്ങള്‍ വരും. ഒരിക്കല്‍ മൂന്നാറില്‍ നിന്നും മറയൂരെത്തി ചിന്നക്കനാലിലേക്ക് ഒരു യാത്ര പോയി. അവിടെ നിന്നും കാട്ടിലൂടെ തായണ്ണന്‍ കുടിയിലും ചുള്ളിപ്പെട്ടിയിലുമെത്തി. കാടിന്റെ നടുക്ക് ഒരു ജനസമൂഹം താമസിക്കുന്നു. ആദിവാസിക്കുടിയാണ് ചുള്ളിപ്പെട്ടി. മൂപ്പനാണ് അവിടെ എല്ലാം നിശ്ചയിക്കുന്നയാള്‍. അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. അവിടെ ആദിവാസികള്‍ കവുങ്ങും തെങ്ങും നെല്ലും കൃഷി ചെയ്തിരിക്കുന്നത് കണ്ടു. പശുക്കളും ആടുകളുമുണ്ട് കുടിയില്‍. മൂപ്പന് കൂട്ടായി പതിനഞ്ച് പട്ടികളും. അവിടെ നല്ല മിനുസമുളള പ്രതലത്തോടുകൂടിയ ഒരു പാറയും അവന്‍ കണ്ടു. ആന സ്വന്തം ശരീരം ഉരസി രസിക്കുന്ന സ്ഥലമാണവിടം. അടുത്ത ദിവസം രാവിലെ ആന ശരീരം ഉരസുന്ന ആ കാഴ്ച കാണാനും ഉണ്ണിക്കുട്ടന് കഴിഞ്ഞു.

 ആ പ്രദേശത്ത് താമസിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നത് മുപ്പത് കിലോമീറ്റര്‍ നടന്ന് ചിന്നക്കനാല്‍ വന്നാണ് എന്നത് ഉണ്ണിക്കുട്ടനെ അത്ഭുതപ്പെടുത്തി. ഉണ്ണിക്കുട്ടന്‍  ഒരു ദിവസം ചുള്ളിപ്പെട്ടിയിലെ  ട്രീഹട്ടില്‍ താമസിച്ചു. രാത്രിയില്‍ ആ മരത്തിന് കീഴെ ഒരുപാട് മൃഗങ്ങള്‍ വന്നു. കുറേ സമയം ബഹളം വച്ചു കളിച്ച ശേഷം അവ മടങ്ങിപ്പോയി. ആ കൂട്ടത്തില്‍ ഒരു കരടിയും ഉണ്ടായിരുന്നു. അത് ഈയിടെ ഒരാളെ ആക്രമിച്ച കഥ ചുള്ളിപ്പെട്ടിക്കാരനായ ദാസന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു', മനുഷ്യരുടെ ചില സ്വഭാവങ്ങള്‍ കരടിക്കുമുണ്ട്. അത് പിറകിലൂടെ വന്ന് തോളില്‍ തട്ടി വിളിക്കുകയായിരുന്നു. ആരോ വിളിച്ചതാണെന്നു കരുതി അയാള്‍ മുഖം തിരിച്ചു. കരടിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയും മുന്നെ മുഖമടച്ച് അടികിട്ടി. കണ്ണുകള്‍ ഉള്‍പ്പെടെ മുഖത്തിന്റെ വലതുവശം ഇളകി പറിഞ്ഞുപോയി. കൂടെയുണ്ടായിരുന്നയാള്‍ സിഗററ്റ് ലൈറ്റര്‍ കത്തിച്ചു. അപ്പോള്‍തന്നെ കരടി ഓടിപ്പോയി. തീപ്പെട്ടി കത്തിച്ചാലും കരടി ഓടും. രോമങ്ങള്‍ നിറഞ്ഞ ശരീരമുള്ള കരടിക്ക് തീയെ വലിയ ഭയമാണ്', ദാസന്‍ പറഞ്ഞു.

 ഉണ്ണിക്കുട്ടന്റെ അച്ഛന്‍ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാന്‍ കാട്ടുപോത്തിന്റെ ചിത്രം എടുത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. ധാരാളം ചിത്രങ്ങള്‍ കിട്ടി. ഇടയിക്കിടെ അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം കഴിയുംമുന്നെ തല കുനിച്ചുപിടിച്ച് കൈകാലുകള്‍ ഇളക്കി അവന്‍ എന്റെ നേരെ പാഞ്ഞുവന്നു. ആ വരവില്‍ അവിടെ നിന്നു കൊടുത്താല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ ബാള്‍ തട്ടിയപോലെ ഞാന്‍ തെറിച്ചുപോയി ചിതറിയേനെ. പെട്ടെന്ന് അടുത്തുകണ്ട മരത്തിന്റെ മറവിലേക്ക് മാറി. കാട്ടുപോത്ത് വന്ന വേഗത്തില്‍ മുന്നോട്ടുതന്നെ പോയി. അതിന്റെ സ്വഭാവം അങ്ങിനെയാണ്. പിന്‍തിരിഞ്ഞുള്ള വരവൊന്നും ഉണ്ടാകില്ല', അച്ഛന്‍ പറഞ്ഞു നിര്‍ത്തി. ആ നിമിഷങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ച് അവന്‍ അത്ഭുതത്തോടെ അച്ഛനെ നോക്കി. അപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരനായ ഗോപി മാമന്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാനും കൂട്ടുകാരും കൂടി ജീപ്പില്‍ കാട്ടിലൂടെ യാത്ര പോവുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ജീപ്പിന് മുകളിലൂടെ ചാടി. കുറച്ചു മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ പുലിയുടെ പിന്നാലെ ഓടി. ഞങ്ങളും ഒപ്പം കൂടി. പുലി താഴെ വയിലിലേക്കാണ് ഓടിയത്. അത് കുറച്ചു ദൂരം പോയശേഷം തിരിഞ്ഞുനില്‍ക്കുകയാണ്. ഒരു മോഴയെ അവിടെ കൊന്നിട്ടിട്ടുണ്ട്. അതിന്റെ ഹൃദയവും കരളും ആദ്യം തന്നെ പുലി തിന്നു കഴിഞ്ഞിരുന്നു. ആ മോഴയെ എടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥരാണ് ഞങ്ങള്‍ എന്നാണ് പുലി കരുതിയത്. അത് ശവത്തിന് കാവലിരിക്കുമ്പോഴാണ് ജീപ്പ് വന്നത്. ഹൃദയവും കരളും തിന്ന ശേഷം ബാക്കിയായ ശരീരം രണ്ടു ദിവസം കിടന്ന് മയപ്പെട്ടശേഷമെ പുലി തുടയും മറ്റും കഴിക്കുകയുള്ളു. ഇതിനിടെ കുറുക്കനോ ചെന്നായോ വന്നാല്‍ അവരെ ഓടിക്കാനാണ് കാവലിരിപ്പ്', മാമന്‍ പറഞ്ഞുനിര്‍ത്തി. ഉണ്ണിക്കുട്ടന് കാട്ടില്‍ വച്ച് പുലിയെ കാണാന്‍ മോഹം തോന്നി. വളരുമ്പോള്‍ വനം വകുപ്പില്‍ ജോലി കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു.

 കാട്ടില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടം ചെയ്യുന്നത്. ആനകളാണെന്ന് അച്ഛന്‍ അവനോട് പറഞ്ഞു. ഒരിക്കല്‍ അവര്‍ വയനാട്ടിലെ മുത്തങ്ങയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവര്‍ അപ്പുക്കുട്ടന് കാട്ടാനയുടെ ഗന്ധം കിട്ടി. തൊട്ടടുത്ത മരമനങ്ങുന്നതും അപ്പുക്കുട്ടന്‍ കണ്ടു. വണ്ടി മുന്നോട്ടോടിച്ച് കുറച്ചകലെ കൊണ്ടുനിര്‍ത്തിയ ശേഷം അവര്‍ മടങ്ങിവന്നു. അപ്പോള്‍ കുട്ടിയാനകള്‍ ഉള്‍പ്പെട്ട വലിയ ഒരാനക്കൂട്ടം റോഡ് കടന്നുപോകുന്നത് അവര്‍ കണ്ടു. ആനക്കുട്ടികള്‍ മനുഷ്യരെ കണ്ടാല്‍ അടുത്തുവരും. ഇത് കാണുമ്പോള്‍ കുട്ടികളെ പിടിക്കാന്‍ വന്ന മനുഷ്യരാണെന്നു കരുതി അമ്മയാന ഉപദ്രവിക്കാന്‍ വരും. അതല്ലെങ്കില്‍ സാധാരണ കൂട്ടമായി പോകുന്ന ആനകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. ആനഗന്ധം അന്തരീക്ഷത്തിലുണ്ടെങ്കില്‍ വണ്ടിയുടെ മുന്നില്‍ കൈലേസ് കെട്ടി കാറ്റിന്റെ ഗതി നോക്കണം. കാറ്റ് വരുന്നിടത്താവും ആനയുണ്ടാവുക. മുത്തങ്ങയിലേക്ക് യാത്ര പോകണം എന്ന് ഉണ്ണിക്കുട്ടന്‍ വാശിപിടിച്ചപ്പോള്‍ അടുത്ത യാത്ര മുത്തങ്ങയിലേക്കാകാം എന്ന് അച്ഛന്‍ സമ്മതിച്ചു. അതോടെ കമ്പിളിപ്പുതപ്പ്  മൂടി അവന്‍ ഉറങ്ങാന്‍ കിടന്നു.

Friday, 2 April 2021

Malayalathinu abhimanikkan oru hindi sahithyakaaran -Prof.Chandrasekaran nair

 

മലയാളത്തിന് അഭിമാനിക്കാന്‍ ഒരു ഹിന്ദി സാഹിത്യകാരന്‍

( മഹാത്മഗാന്ധി കോളേജില്‍ ഹിന്ദി പ്രൊഫസറായിരുന്ന ചന്ദ്രശേഖരന്‍ നായരെ 1995 ല്‍ കേരള ഹൗസില്‍ ഇന്റര്‍വ്യൂ ചെയ്ത് 1995 മാര്‍ച്ച് 16- ഏപ്രില്‍ 1 ലക്കം ന്യൂഡല്‍ഹി ഇന്നില്‍ പ്രസിദ്ധീകരിച്ചത്.2020 ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു)

 തികഞ്ഞ ഗാന്ധിയന്‍,സാമൂഹ്യപ്രവര്‍ത്തകന്‍,പ്രിയങ്കരനായ അധ്യാപകന്‍,ചിത്രകാരന്‍.ഡോക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് ഇണങ്ങുന്ന വിശേഷണങ്ങള്‍ ധാരാളം. ഹിന്ദി പഠിക്കുക എന്നാല്‍ ദേശസേവനമാണ് എന്ന ഗാന്ധിജിയുടെ ഉപദേശം ഉള്‍ക്കൊണ്ട് ,രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഏറെ മുന്‍പ് ഹിന്ദി ഭാഷ പഠിക്കാന്‍ തുടങ്ങിയ ഡോക്ടര്‍ നായര്‍ ഇപ്പോള്‍ കേരള ഹിന്ദി സാഹിത്യ അക്കാദമി ചെയര്‍മാനാണ്. 45 ഗ്രന്ഥങ്ങളും നൂറ്റമ്പതില്‍ അധികം ചിത്രങ്ങളും രചിച്ച ഇദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു വരുന്നു. അദ്ദേഹവുമായുണ്ടായ കൂടിക്കാഴ്ചയില്‍ നിന്ന്:

* ഹിന്ദി ഭാഷ പഠിക്കാനുണ്ടായ സാഹചര്യം ?

്# സ്വാതന്ത്ര്യം കിട്ടുംമുമ്പ് ഹിന്ദി ഭാഷ പഠിക്കുക എന്നാല്‍ തിരുവിതാംകൂറില്‍ ദേശദ്രോഹമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഹിന്ദി ഭാഷാ പഠനം ദേശസേവനമാണെന്ന ഗാന്ധിജിയുടെ ഉപദേശം എന്നെ ആകര്‍ഷിച്ചു. അന്ന് അതിനുളള സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയാണ് എന്റെ ദേശം. കൊട്ടാരക്കര നിന്നുവന്ന കെ.രാഘവന്‍ എന്ന ഹിന്ദി പ്രചാരകനാണ് എന്നെ ഹിന്ദി പഠിപ്പിച്ചത്.

* എതിര്‍പ്പുകള്‍?

# പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായി. അതെല്ലാം അതിജീവിച്ച് പഠനം മുന്നോട്ടുപോയി. ശാസ്താംകോട്ടയിലെ റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.സി.ടി.ഈപ്പന്‍ 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച് ആഘോഷം നടത്തി. അന്ന് ദേശീയഗാനം പാടിയ കുട്ടി പിന്നീട് പ്രസിദ്ധ നാടകകൃത്ത് സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ഭാര്യയായി.

*സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ?

# ഉണ്ടായേനെ, അതിന് കാത്തുനില്‍ക്കാതെ അടുത്ത ദിവസം തന്നെ രാജിവച്ചു.

* തുടര്‍ന്ന് --- ?

# ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് എഴുതിയെടുത്തു. അപ്പോള്‍തന്നെ പ്രാക്കുളം,പുനലൂര്‍,കടമ്പനാട് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് സ്‌കൂളുകളില്‍ നിന്നും നിയമന ഉത്തരവുകള്‍ ലഭിച്ചു. പുനലൂര്‍ സ്‌കൂളില്‍ ജോലി സ്വീകരിച്ചു. അവിടെ ഇരുന്നുകൊണ്ട് മദ്രാസ് മെട്രിക്കുലേഷന്‍ പാസായി.

* ആ കാലത്തെ പ്രത്യേക ഓര്‍മ്മകള്‍ ?

# കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. ഇപ്പോഴത്തെ ഗതാഗത വകുപ്പു മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ശിഷ്യനായി അന്നവിടെ ഉണ്ടായിരുന്നു.

* പുനലൂരില്‍ നിന്ന് പിന്നീട് --?

# തിരുവനന്തപുരത്ത് ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലേക്ക് മാറി. അവിടെ പഠിപ്പിക്കുന്ന കാലത്ത് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിഎ പാസായി.

* എംജിയിലേക്കുള്ള മാറ്റം ?

# 1951 ഒക്ടോബറില്‍ തിരുവനന്തപുരം മഹാത്മഗാന്ധി കോളേജില്‍ ട്യൂട്ടറായി. തുടര്‍ന്ന് അലഹബാദിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും എംഎ എടുത്തു. 1967 വരെ എംജിയില്‍ തുടര്‍ന്നു. പിന്നീട് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ആറുകൊല്ലം പ്രൊഫസറായി സേവനമനുഷ്ടിച്ചു. അക്കാലത്ത് അവിടെ ഗാന്ധി വിജ്ഞാന്‍ ഭവന്‍ സ്ഥാപിച്ചു. സാമൂഹ്യതലത്തില്‍ ഏറെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്ന് സാധിച്ചു. ഗാന്ധി സെന്റിനറി കമ്മറ്റിയുടെ ഒറ്റപ്പാലം ഏരിയ ചെയര്‍മാനും പാലക്കാട് ജില്ല വൈസ് ചെയര്‍മാനുമായിരുന്നു. പിന്നീട് ഒരു വര്‍ഷം മട്ടന്നൂര്‍ കോളേജില്‍ തുടര്‍ന്നു.

* ഡോക്ടറേറ്റ്-- ?

# 1975 ല്‍ എംജി കോളേജില്‍ മടങ്ങിയെത്തി. ആ കാലത്ത് ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ചഡിക്ക് ചേര്‍ന്നു. ഹിന്ദിയിലേയും മലയാളത്തിലേയും രണ്ട് പ്രതീകവാദികളായ കവികള്‍(സുമിത്രാനന്ദന്‍ പന്തും ജി.ശങ്കരകുറുപ്പും) എന്നതായിരുന്നു വിഷയം. 1977 ല്‍ ഡോക്ടറേറ്റ് കിട്ടി. തീസിസ് യൂജിസി പ്രസിദ്ധീകരിക്കുകയും ചെയ്തു. സുമിത്രാനന്ദന്‍ പന്താണ് ഇതിന് ആമുഖമെഴുതിയത്. ഇത് ഹിന്ദി സാഹിത്യത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം ആമുഖത്തില്‍ പറയുന്നു.

* ഈ വിഷയം തെരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ?

# 1953 ല്‍ മലയാളി വിശേഷാല്‍ പതിപ്പില്‍ ജീയും പന്തും എന്നൊരു ലേഖനം എഴുതിയിരുന്നു. അന്നേ മനസില്‍ പതിഞ്ഞ വിഷയമായിരുന്നു ഇത്.

* ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ?

# 1961 ല്‍ മലയാളത്തിലാണ് ആദ്യത്തെ പുസ്തകം. ' ചെരുപ്പുകുത്തിയുടെ മകള്‍' എന്ന ചെറുകഥാസമാഹാരം. 1962 ല്‍ ' ദ്വിവേണി( രണ്ട് ധാരകള്‍) എന്ന ഹിന്ദി നാടകം. ഒരു മലയാളി എഴുതിയ ആദ്യത്തെ ഹിന്ദി നാടകമാണിത്. നിരവധി ഭാഷകളിലേക്ക് പിന്നീടിത് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഗുജറാത്തിയില്‍ നാല് വിവര്‍ത്തനങ്ങളുണ്ടായി.

* ഇതിന് പുറമെ ?

# 1962 ല്‍ തന്നെ ' കുരുക്ഷേത്ര് ജാഗ്താ ഹെ'( കുരുക്ഷേത്രം ഉണരുന്നു), എന്ന നാടക സമാഹാരം. 1965 ല്‍ ' ഹിമാലയ് ഗര്‍ജ് രഹാ ഹെ' ( ഹിമാലയം ഗര്‍ജ്ജിക്കുന്നു) എന്ന ഖണ്ഡകാവ്യം , തുടര്‍ന്ന് ജീവചരിത്രം, ചെറുകഥാ സമാഹാരം,നാടകം, ഖണ്ഡകാവ്യം എന്നീ വിവിധ സാഹിത്യ ശാഖകളിലായി 45 ഗ്രന്ഥങ്ങള്‍ രചിച്ചു.

* അംഗീകാരങ്ങള്‍ ?

# സുമിത്രനന്ദന്‍ പന്ത് ഉള്‍പ്പെടെ 14 സാഹിത്യകാരന്മാര്‍ ചേര്‍ന്ന് എന്റെ കൃതികളെ സംബ്ബന്ധിച്ച് തയ്യാറാക്കിയ പുസ്തകം എല്‍.കെ.അദ്വാനി മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പ്രകാശനം ചെയ്തു. ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് തയ്യാറാക്കിയ സമകാലീന ഭാരതീയ നാട്യസാഹിത്യം 1987 ഫെബ്രുവരിയില്‍ പി.വി.നരസിംഹറാവു പ്രകാശനം ചെയ്തു. ഇവയാണ് ഏറ്റവും വലിയ അംഗീകാരങ്ങള്‍.

* മറ്റ് അംഗീകാരങ്ങള്‍ ?

# അനേകം ലഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ്,അന്തര്‍ദേശീയ കുസുമ് അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതാണ്.

* പ്രധാന പദവികള്‍ ?

# കോഴിക്കോട് സര്‍വ്വകലാശാല ഹിന്ദി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സര്‍വ്വോദയ മണ്ഡല്‍ പാലക്കാട് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വിസിറ്റിംഗ് ലക്ചറര്‍, കേരള സ്‌കൂള്‍ സിലബസ് പരിഷ്‌ക്കരണ ഉപദേശക സമിതി അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം തുടങ്ങി അനേകം ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്

* ചിത്രരചന രംഗത്തെ താത്പ്പര്യം ?

# വലരെ ചെറുപ്പത്തിലെ ചിത്രരചനയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പെയിന്റിംഗ്,ഫ്രീഹാന്‍ഡ് പരീക്ഷകള്‍ പാസായി. 150 ല്‍ അധികം ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. അനേകം എക്‌സിബിഷനുകള്‍ നടത്തി. അനേകം അംഗീകാരങ്ങളും ലഭിച്ചു. പ്രസിദ്ധ ചിത്രകലാ നിരൂപകന്‍ കെ.പി.പത്മനാഭന്‍ തമ്പി ' ബുദ്ധിജീവിയായ ചിത്രകാരന്‍' എന്ന് അഭിന്ദിച്ചിട്ടുണ്ട്. അതാണ് ഈ രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

* ഏത് തരം ചിത്രങ്ങളോടാണ് താല്‍പ്പര്യം ?

# കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത,നിഗൂഢതകള്‍ നിറഞ്ഞ ചിത്രങ്ങള്‍ വരയ്ക്കാറില്ല. എന്നാല്‍ പ്രതീകാത്മകതയോട് താത്പ്പര്യമുണ്ട്. 'പ്രകൃതിയും പുരുഷനും', ' വിശ്വപുരുഷന്‍', 'സംഹാരവും സംരക്ഷണവും' തുടങ്ങിയ ചിത്രങ്ങളില്‍ അത് ഏറെ തെളിഞ്ഞുകാണാം. ' പ്രകൃതിയും പുരുഷനും' എന്ന ചിത്രം കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'റിഥം' മാസികയില്‍ അച്ചടിച്ചു വരുകയും ചെയ്തു.

 യോഗസിദ്ധിയുടെ ഊര്‍ജ്ജവും കര്‍മ്മനിരതയുടെ പ്രസരിപ്പും കൊണ്ട് ശക്തനായി നില്‍ക്കുന്ന ഈ എഴുപതുകാരനില്‍ നിന്നും രാജ്യത്തിന് ഇനിയും സാഹിത്യ-കലാ-സാമൂഹിക രംഗങ്ങളില്‍ ഏറെ കാര്യങ്ങള്‍ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഹ്രസ്വമായ ഈ കൂടിക്കാഴ്ച നല്‍കിയത്.  

Thursday, 1 April 2021

New Delhi Innu newspaper & Sathabhishekam drama

 


 ഡല്‍ഹിയില്‍ കെ.മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഇറക്കിയിരുന്ന ആഴ്ചപത്രമായിരുന്നു ന്യൂഡല്‍ഹി ഇന്ന്. ഒരിക്കല്‍ നിന്ന പത്രം രണ്ടാമത് പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും അധികകാലം നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് പലരും പത്രപരീക്ഷണം നടത്തിയിരുന്നു, എന്റെ സുഹൃത്ത് മാര്‍ട്ടിന്‍ ഉള്‍പ്പെടെ.ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം ശ്രമം ഉപേക്ഷിക്കയാണുണ്ടായത്. മനോരമയുടെയും മാതൃഭൂമിയുടെയും ഡല്‍ഹി  എഡിഷന്‍ വന്നതോടെ അത്തരം പ്രാദേശിക പത്രങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതായി. ഒരു പഴയ ഫയലില്‍കണ്ടെത്തിയ, ന്യൂഡല്‍ഹി ഇന്നില്‍ ഞാനെഴുതിയ ഒരാസ്വാദനം ഇവിടെ കുറിക്കട്ടെ. ആ കാലഘട്ടത്തില്‍ ഡല്‍ഹിയിലുണ്ടായിരുന്ന, പ്രത്യേകിച്ചും ജനസംസ്‌കൃതിക്കാര്‍ക്ക് ഓരോര്‍മ്മയുണര്‍ത്തലാകും

  ശതാഭിഷേകം വേദിയിലെത്തിയപ്പോള്‍

എസ്.രമേശന്‍ നായര്‍ രചിച്ച് കെ.എസ്.റാണാപ്രതാപന്‍ സംവിധാനം ചെയ്ത് ആകാശവാണി പ്രക്ഷേപണം ചെയ്ത നാടകമാണ് ശതാഭിഷേകം. ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഈ നാടകത്തിന്റെ രംഗാവിഷ്‌ക്കാരം ഈയിടെ ഡല്‍ഹിയില്‍ അരങ്ങേറി. കോപ്പര്‍ നിക്കസ് മാര്‍ഗ്ഗിലെ എല്‍ടിജി ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് എം.വി.സന്തോഷാണ്.

തറവാട് കാരണവരായ കിട്ടുമ്മാവന്‍,സ്വന്തം അധികാരം നിലനിര്‍ത്താനായി നടത്തുന്ന തന്ത്രങ്ങളാണ് നാടകത്തിന്റെ കേന്ദ്രബിന്ദു. ഭാര്യ ഭരണാക്ഷിയമ്മയും ആശ്രിതന്‍ ഏഷണികുമാരനും അജകുമാറും ചില അനന്തിരവരും അമ്മാവന് സ്തുതിപാടി തന്‍കാര്യം നേടുമ്പോള്‍, കുറേ അനന്തിരവന്മാര്‍ അമ്മാവന്റെ ഏകാധിപത്യ ഭരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പ് ശക്തിമത്തല്ല. കുറച്ചു പൊന്നും പണവും കൈയ്യില്‍ കിട്ടുമ്പോള്‍ അവര്‍ സംതൃപ്തരായി മടങ്ങുന്നു. അല്‍പ്പനാള്‍ കഴിയുമ്പോള്‍ വീണ്ടും അസ്വസ്ഥരായി ശബ്ദമുയര്‍ത്തുന്നു.

 പൊതുവെ ജനാധിപത്യ ഭരണക്രമത്തില്‍ കണ്ടുവരാറുള്ള താളങ്ങളും അവയുടെ ക്രമം തെറ്റലും ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തികാട്ടുന്ന ഈ നാടകത്തില്‍, മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടന്‍, കാലം കണ്ട സ്വേച്ഛാധിപതികളുടെ ദൗര്‍ബ്ബല്യത്തിന്റെ പ്രതീകമാകുന്നു.

 റേഡിയോ നാടകം , രംഗത്ത് അവതരിപ്പിക്കുക ഒട്ടേറെ വിഷമതകളുള്ള കാര്യമാണ്. ശബ്ദക്രമീകരണം കൊണ്ടുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന നാടകാന്തരീക്ഷത്തെ പ്രേക്ഷകന്റെ കണ്ണിനുമുന്നില്‍ എത്തിക്കുമ്പോള്‍ , മുഷിവ് കൂടാതെ ഒരു മണിക്കൂറിലധികം നാടകം കണ്ടുകൊണ്ടിരിക്കാന്‍ കഴിയുംവിധം അതിനെ സജ്ജമാക്കേണ്ടതുണ്ട്. സംവിധായകന്‍ സന്തോഷ് ഇക്കാര്യത്തില്‍ വിജയിച്ചു എന്ന് സംശയലേശമെന്യെ പറയാം.

 ഇരുപത്തിയഞ്ചോളം കഥാപാത്രങ്ങളെ മെരുക്കിയെടുത്ത് രംഗത്ത് കൊണ്ടുവരിക ശ്രമകരമായ ജോലിതന്നെയാണ്. കുടുംബപശ്ചാത്തലത്തില്‍ പറഞ്ഞുവരുന്ന കഥയാണെങ്കിലും ആധുനിക നാടകത്തിന്റെ ചിട്ടകളും സന്നിവേശിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

 കിട്ടുമ്മാവനായി രംഗത്തുവന്ന സന്തോഷ്, കിങ്ങിണിക്കുട്ടനെ അവതരിപ്പിച്ച രവി, ഏഷണികുമാരനായി വന്ന മുരളി, അനന്തിരവരായ പ്രദീപ്,സുനില്‍ തുടങ്ങിയവര്‍ മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചു. റേഡിയോ നാടകത്തില്‍ തിളങ്ങിനിന്ന ഭരണാക്ഷിയമ്മ രംഗത്ത് പരാജയമായി. വെളിച്ച ക്രമീകരണത്തിലെ ചില അപാകതകള്‍ ഒഴിച്ചാല്‍ , നാടകം പൊതുവെ നന്നായി. ഡല്‍ഹി മലയാളികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു നാടക സംഘമാണ് സന്തോഷിന്റേത്.

 ജനസംസ്‌ക്ൃതി കൊണാട്ട് പ്ലേസ് ഏരിയ 13ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്. വാര്‍ഷിക പരിപാടികള്‍ ജസ്റ്റീസ് പി.സുബ്രഹ്മണ്യന്‍ പോറ്റി ഉത്ഘാടനം ചെയ്തു. ജനസംസ്‌കൃതി വൈസ്പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷം വഹിച്ചു. സിന്ധു പരമേശ്വരന്‍, വിനീത് വിജയന്‍ എന്നിവര്‍ കഥകളിയും ഉഷാനായര്‍, വിജയലക്ഷ്മി എന്നിവര്‍ ഭരതനാട്യവും അവതരിപ്പിച്ചു.

Wednesday, 31 March 2021

Orikkal,orikkal mathram - hasya lekhanam

 


 
ഒരിക്കല്‍, ഒരിക്കല്‍ മാത്രം

(2006 മാര്‍ച്ചിലെ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ചത് . ഹാസ്യകൈരളി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നറിയില്ല )

 ഭാഗ്യനാഥനും കുടുംബവും അടുത്തിടെയാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മാറ്റമായി വന്നത്. നാട്ടിലെത്തിയപ്പോഴാണ് എന്തുകൊണ്ട് ഇവിടെ വസ്ത്രാലയങ്ങളും സ്വര്‍ണ്ണക്കടകളും പെറ്റുപെരുകുന്നതെന്ന സത്യം ഭാഗ്യനാഥന് ബോധ്യമായത്. കേരളത്തിലെ ഏറ്റവും മികച്ച ഉത്സവം കല്യാണമാണെന്നും മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ എടുപ്പുകുതിരകളെ ഒരുക്കി നിര്‍ത്തും പോലെ പെണ്ണുങ്ങളെ അണിയിച്ചൊരുക്കി (അതോ സ്വയം അണിഞ്ഞൊരുങ്ങിയോ) പ്രദര്‍ശിപ്പിക്കുന്ന അടിപൊളി പരിപാടിയാണിതെന്നും അയാളറിഞ്ഞു.

 വന്ന ആഴ്ച തന്നെ ഒരു ബന്ധുവീട്ടില്‍ വിവാഹമുണ്ടായിരുന്നു. അതിന് പോകുന്നതിനെ കുറിച്ചും വാങ്ങേണ്ട സാരി,ചെരുപ്പ്,കമ്മല്‍,മാല തുടങ്ങിയ വസ്തുക്കളെകുറിച്ചും ഭാഗ്യനാഥിന്റെ ഭാര്യ രേവതിയും അനുജത്തി രാധികയും തമ്മിലുള്ള ഫോണ്‍ ചര്‍ച്ചകള്‍ പലപ്പോഴും അരമണിക്കൂറോളം നീളുന്നത് അയാള്‍ ശ്രദ്ധിച്ചു. ഒടുവില്‍ രണ്ടുപേരും ചേര്‍ന്ന് സമയം നിശ്ചയിച്ച് ഒരു ദിവസം നഗരത്തിലേക്കിറങ്ങി. രാവിലെ പത്തുമണിക്ക് പോയവര്‍ തിരികെ എത്തിയപ്പോള്‍ ആറുമണിയായി. അവര്‍ സംതൃപ്തരാണെന്ന് മുഖം വിളിച്ചറിയിച്ചു. അവരുടെ കൈനിറയെ കവറുകളുണ്ടായിരുന്നു.വളരെ ഗമയില്‍ വയറും വീര്‍പ്പിച്ചുപോയ രണ്ടുപേരുടെയും പഴ്‌സുകളും ജലപാനം പോലും കിട്ടാതെപോയ വൃദ്ധന്റെ മട്ടിലാണ് തിരികെ എത്തിയത്. അടുത്ത ദിവസം ഒരു ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശനം കൂടി കഴിഞ്ഞതോടെ എല്ലാം റെഡി.

കല്യാണദിവസമായി. ഉടുത്ത വസ്ത്രങ്ങള്‍ക്ക് ഉടവുസംഭവിക്കാതെ കല്യാണകേന്ദ്രത്തില്‍ എത്താനും അവര്‍ ഏറെ പ്രയാസപ്പെട്ടു. അവിടെയെത്തുമ്പോള്‍ പല പ്രായത്തിലുളള സുന്ദരികള്‍ റഡിയായി നില്‍ക്കുന്നു. ഇരുപതിനും അറുപതിനുമിടയില്‍ പ്രായമുളള, വിവിധ ആകൃതിയിലും പ്രകൃതിയിലുമുള്ള സുന്ദരികള്‍. ഭാഗ്യനാഥന്റെ കണ്ണഞ്ചി. ആരെ നോക്കണം, ആരെ നോക്കാതിരിക്കണം. ഭാര്യയുടെ കണ്ണുവെട്ടിച്ചെ നോക്കാന്‍ പറ്റൂ. അത്ര കൃത്രിമിച്ച് നോക്കിയാല്‍ അന്യന്റെ മുന്നില്‍ ചീത്തയാകും. കുറച്ച് ബലം പിടിച്ചും പിടിക്കാതെയും അയാള്‍ അങ്ങിനെ നിന്നു.

 അതിനിടയില്‍ ,വര്‍ഷങ്ങള്‍ക്കുശേഷം പരസ്പരം കണ്ട രേവതിയും ബന്ധുക്കളും ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ സംബ്ബന്ധിച്ചും സാരിയുടെ പകിട്ടിനെപ്പറ്റിയും ചെരുപ്പിന്റെ സൗന്ദര്യം സംബ്ബന്ധിച്ചും മാലയുടെ ഡിസൈന്‍ ,കമ്മലിന്റെ നിറം തുടങ്ങി പ്ലക്ക് ചെയ്യപ്പെട്ട പുരികത്തിന്റെ ആകൃതിഭംഗിയുള്‍പ്പെടെ ശാരീരികശാസ്ത്രം സംബ്ബന്ധിച്ച് അതിവിപുലമായ ചര്‍ച്ച നടത്തി. കല്യാണകേന്ദ്രത്തില്‍ വിവാഹപ്പെണ്ണേത് എന്നറിയാന്‍ ആ കുട്ടി അലങ്കാരപ്പടിയില്‍ വന്നിരിക്കേണ്ടിവന്നു. ആ കുട്ടിയുടെ സാരി മറ്റുള്ളവരുടേതിന്റത്ര മെച്ചമാണോ എന്നൊരു സംശയവും ഭാഗ്യനാഥനുണ്ടായി. ആ തോന്നല്‍ ശരിയായേക്കാം. കാരണം അവളുടെ അമ്മയും നാത്തൂനും ഉടുത്തിരിക്കുന്ന സാരിയുടെ പകിട്ടിനു മുന്നില്‍, വീഡിയോ വെളിച്ചത്തിന്റെ റിഫ്‌ളക്ഷനില്‍ പുതുപ്പെണ്ണിന്റെ വസ്ത്രം ഒന്നു മങ്ങിയോ എന്ന് സംശയിക്കാതെ വയ്യ.

ഊണ് കഴിച്ചെന്നുവരുത്തി തിരികെ പോരുമ്പോള്‍ രേവതി സംതൃപ്തയായിരുന്നു. ' ഏതായാലും മൂവായിരം രൂപ മുടക്കിയതിന് ഫലമുണ്ടായി. എല്ലാവരും എന്റെ സാരിയെകുറിച്ച് അന്വേഷിച്ചു. നിങ്ങള് ശ്രദ്ധിച്ചോ?', അവള്‍ ചോദിച്ചു.

ഭാഗ്യനാഥന്‍ ഒന്നു ഞെട്ടി. എന്ത് ശ്രദ്ധിച്ചുവോ എന്നാണ് ഇവള്‍ ചോദിക്കാന്‍ പോകുന്നത്. വേണ്ടതുംവേണ്ടാത്തുമൊക്കെ ശ്രദ്ധിച്ചതാണ്. കുരിശാകുമോ എന്തോ?

 ' എന്താ നീ ചോദിച്ചേ?'

' അവിടെവന്ന പലരും ഉടുത്തിരുന്ന സാരികള്‍ക്ക് ഒരു പക്ഷെ എന്റെ സാരിയേക്കാള്‍ വില കണ്ടേക്കാം.പക്ഷെ എനിക്കുണ്ടായ ഭാഗ്യം എന്താന്നുവച്ചാ, ഈ ഡിസൈനില്‍ മറ്റൊരു സാരി അവിടെ ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ്', അവള്‍ പറഞ്ഞു.

 ' അതെ, അതെ,ഞാനത് പ്രത്യേം ശ്രദ്ധിച്ചു', അയാള്‍ പറഞ്ഞു.( എവിടെ ശ്രദ്ധിക്കാന്‍, നിന്നെ എന്നും കാണുന്നതല്ലെ.മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ തന്നെ നേരം തികഞ്ഞില്ല എന്ന് ആത്മഗതം)
' രാധികേടെ സാരീം നന്നായിരുന്നു', അവള്‍ തുടര്‍ന്നു പറഞ്ഞു.
' ഇനീപ്പൊ ഒരു വര്‍ഷത്തേക്ക് ഇതൊന്നും വാങ്ങേണ്ടല്ലോ--ല്ലെ ', അയാള്‍ ചോദിച്ചു.

 ' ചേട്ടന്‍ എന്തായീ പറയുന്നേ, ഒരു കല്യാണത്തിനുടുത്ത സാരി പിന്നെ വേറൊരു കല്യാണത്തിനുടുക്കാന്‍ പറ്റ്വോ. ഇതേ ആളുകളല്ലെ അവിടേം വരുന്നത്. ഇത് നീ സുഭദ്രേടെ കല്യാണത്തിനുടുത്തോണ്ടുവന്നതല്ലേന്നു ചോദിച്ചാ പിന്നെ സീത പോയപോലെ നിന്ന നില്‍പ്പില്‍ ഭൂമി പിളര്‍ന്നങ്ങു പോകുന്നതാ നല്ലത്. ഇനീപ്പൊ അടുത്തമാസം രാധാകൃഷ്ണന്റെ കല്യാണേഉള്ളു. ഇപ്പോഴത്തെപോലെ തിരക്കുപിടിക്കാതെ നേരത്തെ തന്നെ പോയൊരു സാരി വാങ്ങണം. ഈ റേഞ്ചിലുള്ളത് മതി,ഒരു മൂവായിരം മൂവായിരത്തഞ്ഞൂറ്. ഞാന്‍ രാധികയോട് പറഞ്ഞിട്ടുണ്ട്. അവള്‍ അടുത്താഴ്ച വരാന്നു പറഞ്ഞിട്ടുണ്ട്.

ഭാഗ്യനാഥന്‍  അവളെ ദയനീയമായൊന്നു നോക്കി. അവളുടെ കയ്യിലിരിക്കുന്ന വീര്‍ത്ത പഴ്‌സ് പെട്ടെന്ന് പട്ടിണി കിടക്കുന്ന ഒരു വൃദ്ധന്റെ രൂപം പൂണ്ടാതായി അയാള്‍ക്ക് തോന്നി.



Monday, 15 March 2021

kadha -dhanakaaryam

 
കഥ

ധനകാര്യം

       - വി.ആര്‍.അജിത് കുമാര്‍

(2014 ല്‍ എഴുതിയത് )


 സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊരു ചൊല്ലുണ്ട്. അത് വെറും വാക്കല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങള്‍ സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ക്കും പല ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. അത്തരമൊരനുഭവത്തിന്റെ നേര്‍സാക്ഷ്യവുമായാണ് സുധാകരന്‍ അന്ന് സുഹൃത്തായ പ്രകാശന്റെ അടുത്ത് വന്നത്. സുധാകരന്റെ വരവ് കാണുമ്പൊഴേ പ്രകാശന് ചിരി വരും. വ്യവസ്ഥിതിയെ കുറ്റം പറയാനുള്ള ഒരു പിടി കാര്യങ്ങളുമായിട്ടാവും അവന്‍ വരുക. ഈ സംവിധാനം ഉടച്ചുവാര്‍ക്കാതെ രക്ഷയില്ല പ്രകാശാ, ഒക്കെ കുഴപ്പാ എന്നു പറഞ്ഞുകൊണ്ടാവും തുടക്കം. പ്രകാശനും സര്‍ക്കാര്‍ സംവിധാനങ്ങളോട് വലിയ മതിപ്പൊന്നുമില്ല. കഴിവതും ഓരോഫീസിലും പോകാറുമില്ല. വില്ലേജാഫീസിലായാലും ആര്‍ടിഓയിലായാലും ഏജന്റുമാരുണ്ട്, അവരെ ഏല്‍പ്പിച്ച് കാര്യം നടത്തുക എന്നതാണ് പ്രകാശന്റെ സ്റ്റൈല്‍. കടയടച്ചിട്ട്, കൈക്കൂലിയും കൊടുക്കില്ലാന്നും പറഞ്ഞ് മത്സരിക്കാന്‍ നടന്നാല്‍ തന്റെ കഞ്ഞികുടി മുട്ടുമെന്ന് പ്രകാശനറിയാം.

 വ്യവസ്ഥിതിയെ ഇളക്കിമറിക്കാനൊന്നും ഈ നൂറ്റാണ്ടിലോ ഇനി വരാന്‍പോകുന്ന നൂറ്റാണ്ടിലോ കഴിയില്ല സുധാകരാ എന്നു പറഞ്ഞ് ഒരു ചൂട് ചായ കൊടുക്കുമ്പൊ സുധാകരന് ഒട്ടൊരു സമാധാനം വരും. അപ്പൊ മുഖത്തൊരു തെളിച്ചമൊക്കെ വരും. അതുകാണുമ്പൊ പ്രകാശന്‍ പറയും, സുധാകരാ, നമ്മള്‍ നന്നായാല്‍ മതി,നാടിനേം വ്യവസ്ഥിതിയെയും ഒന്നും നന്നാക്കാന്‍ നമ്മെക്കൊണ്ടാവില്ലെടോ. പോട്ടെ ,മക്കളെ നന്നാക്കാന്‍ പോലും നമ്മെക്കൊണ്ടാവില്ല, പിന്നല്ലെ, വ്യവസ്ഥിതി.

 ' ഇന്നിപ്പൊ എന്താ വിഷയമെന്നറിയില്ല, സുധാകരന്‍ ചാടിത്തുള്ളി വരുന്നുണ്ട് ', പ്രകാശന്‍ ചുണ്ടിനടിയില്‍ ഒളിപ്പിച്ച ചിരിയുമായി ആത്മഗതം ചയ്തു. കടയില്‍ അത്ര തിരക്കില്ലാത്ത സമയമാണ്. അവന്റെ കഥ കേള്‍ക്കാന്‍ തയ്യാറായി പ്രകാശന്‍ കസേരയില്‍ നിവര്‍ന്നിരുന്നു. കാറ്റുപോലെ കയറിവന്ന സുധാകരന്‍ ഒരു പേപ്പര്‍ മേശപ്പുറത്തേക്കിട്ടു. ' നീ ഇതൊന്നു നോക്കിയേ. ഈ ഉത്തരവൊക്കെ ഇറക്കുന്നവര്‍ക്ക് വട്ടല്ലാതെ പിന്നെന്താ? ', സുധാകരന്‍ കണ്ണട ഊരി മേശപ്പുറത്തു വച്ചു. കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു. കൊഴിഞ്ഞുതീരാറായ മുടി വിരലുകള്‍കൊണ്ട് പിന്നോട്ടാക്കി സ്റ്റൂളില്‍ ഇരുന്നു.

 പ്രകാശന്റെ ചുണ്ടുകള്‍ക്കിടയിലെ ചിരി സുധാകരന്‍ ശ്രദ്ധിച്ചു. ' നിനക്കെല്ലാം കളിയാണല്ലെ, എടാ ഇത് മുന്‍പൊക്കെ പറഞ്ഞമാതിരിയല്ല,ശരിക്കും ഇന്‍സള്‍ട്ടാണ്, ഇന്‍സള്‍ട്ട്. നീ ഇതൊന്നു വായിച്ചുനോക്ക്. എന്നിട്ടുമതി നിന്റെ ഈ വളിച്ച ചിരി'
 
 സുധാകരനെ കൂടുതല്‍ ബേജാറാക്കണ്ടാന്നു കരുതി പ്രകാശന്‍ ഗൗരവം നടിച്ചു. സര്‍ക്കാരിന്റെ ചിഹ്നമുള്ള പേപ്പറാണ് മേശപ്പുറത്ത് വച്ചിരിക്കുന്നത്. അതില്‍ നമ്പരും തീയതിയുമൊക്കെയുണ്ട്. സര്‍ക്കാര്‍ ശൈലിയില്‍ വിഷയവും സൂചനയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള കുറിപ്പില്‍ പറയുന്നതിതാണ്. ' മേല്‍ സൂചന പ്രകാരം തൃശൂരില്‍ നാടകോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ അസ്വാന്‍സായി നല്‍കിയിട്ടുണ്ട്. പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന്റെ ചിലവുകണക്കുകള്‍ ടി ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത് വകുപ്പ് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ടി പരിപാടിയുടെ ചിലവ് തുകയായ 21,25,303 രൂപ കഴിച്ച് ടി ഉദ്യോഗസ്ഥന്‍ തിരികെയടച്ചത് 3,74,697 രൂപയാണ്.ഫിനാന്‍ഷ്യല്‍ കോഡ് 99 പ്രകാരവും ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരവും അഡ്വാന്‍സ് എടുത്തതില്‍ തിരികെയടച്ച തുകയായ 3,74,697 രൂപയ്ക്ക് അഡ്വാന്‍സ് എടുത്ത ദിവസം മുതല്‍ കണക്ക് സമര്‍പ്പിച്ച ദിവസം വരെ 18 ശതമാനം പലിശയടച്ച് കണക്കുകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. '

 പ്രകാശന്റെ മുഖം ശരിക്കും ഗൗരവമാര്‍ന്നു. അയാള്‍ സുധാകരനെ നോക്കി ' സുധാകരാ, ഇത് നീ പറഞ്ഞത് നേരാ, ശരിക്കും മര്യാദകേട് തന്നെ. ഈ മണ്ടത്തരത്തിനൊക്കെ എന്താ മറുപടി പറയുക'

 സുധാകരന്‍ ഇങ്ങിനെ പറഞ്ഞ് അത് പൂര്‍ത്തിയാക്കി. ' പ്രകാശാ, സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്ന ഉത്തമബോധ്യത്തിന്റെ പുറത്ത് ഓരോ ഇനത്തിലും പരമാവധി ചിലവ് ചുരുക്കിയാണ് ഞാന്‍ നാടകോത്സവം സംഘടിപ്പിച്ചത്. എന്നാല്‍ അതൊന്നും ആരും അറിയാത്തവിധം മികച്ചനിലയില്‍ സംഘടിപ്പിക്കാനും കഴിഞ്ഞു. അഭിനന്ദനങ്ങളും കിട്ടി.എല്ലാറ്റിനുമൊന്നും ബില്ല് കിട്ടാത്തതിനാല്‍ കുറച്ചുപൈസ കൈയ്യില്‍ നിന്നും പോവുകയും ചെയ്തു. എന്നിട്ടിപ്പൊ- ഞാന്‍ പലിശയടയ്ക്കണമെന്ന്. ഉദ്യോഗസ്ഥരെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയല്ലെ പ്രകാശാ ഇത്. '

 ' ഈ സംവിധാനത്തിന് ഒരു മറുമരുന്നേയുള്ളു സുധാകരാ. ഞാനത് പറയുമ്പൊ നീ ദേഷ്യപ്പെടും എന്നെനിക്കറിയാം. അതിന് സമ്മതമല്ലെങ്കില്‍ നീ സര്‍ക്കാരിന് പലിശ നല്‍കി ജീവിതം മുന്നോട്ടുകൊണ്ടുപോവുക', പ്രകാശന്‍ പറഞ്ഞു. ' നീ പറയുന്നതെനിക്കു മനസിലാവുന്നില്ല പ്രകാശാ'  

 ' എടാ,നീ ഇനി മുതല്‍ അഡ്വാന്‍സെടുത്താല്‍ അധികതുക തിരിച്ചടയ്ക്കാതിരിക്കുക. അഡ്വാന്‍സിനേക്കാള്‍ ഒന്നോ രണ്ടോ രൂപ കൂട്ടിവച്ച് ബില്ലുകള്‍ തയ്യാറാക്കുക. എന്നിട്ടതങ്ങ് സമര്‍പ്പിക്കുക'

 ' കള്ളബില്ലുണ്ടാക്കാനൊന്നും എനിക്ക് കഴിയില്ല പ്രകാശാ. എന്നു മാത്രമല്ല ആ പണം ഞാനെന്തു ചെയ്യും'

പ്രകാശന്‍ ചിരിച്ചു,' നിനക്ക് വേണ്ടെങ്കില്‍ എനിക്ക് തന്നേരെ, കാശിന് നല്ല ആവശ്യമുള്ളവനാ ഞാന്‍'

 സുധാകരന് ദേഷ്യം വന്നു. ' നീ തമാശവിട്, സീരിയസാവ്'

' ഞാന്‍ സീരിയസാണ് സുധാകരാ. നീയും എടുക്കണ്ട,എനിക്കും തരണ്ട, ഇവിടെ ആശുപത്രികളിലും അനാഥാലയങ്ങളിലും കഴിയുന്ന അനേകം പാവങ്ങളുണ്ട്. നമുക്ക് ഈ പണംകൊണ്ട് അവരെ സഹായിക്കാം' . സുധാകരന്‍ മറുപടി പറയാതെ കുറേ സമയം ഇരുന്നു. ഒടുവില്‍ ഒന്നും പറയാതെ ഇറങ്ങി നടന്നു. അവന് സ്വസ്ഥതയില്ലായിരുന്നു. പലവിധ ആലോചനകള്‍ മനസിനെ മദിച്ചു. അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്തദിവസം പ്രഭാതത്തില്‍ സുധാകരന്‍ ഒരുറച്ച തീരുമാനം എടുത്തു. ആ തീരുമാനവുമായി രാവിലെ പ്രകാശനെ കാണാന്‍ പോയി. പ്രകാശന്‍ ആശങ്കയോടെ അവനെ നോക്കി. അവന്റെ മുഖത്തുനിന്നും ഒന്നും വായിച്ചെടുക്കാന്‍ പ്രകാശന് കഴിഞ്ഞില്ല. അവന്‍ സ്റ്റൂളില്‍ ഇരുന്നശേഷം കുറച്ചുനേരം പ്രകാശനെ നോക്കി ഒന്നും മിണ്ടാതെയിരുന്നു. പ്രകാശന് അസ്വസ്ഥത തോന്നി. അവന്‍ കടയിലെ ജോലികള്‍ ശ്രദ്ധിക്കുന്നതായി ഭാവിച്ചു. അപ്പോള്‍ തീരെ താഴ്ന്ന ശബ്ദത്തില്‍ സുധാകരന്‍ പറഞ്ഞു, ' പ്രകാശാ, നിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇനി ഏത് പദ്ധതിക്ക് പണമെടുത്താലും ബാക്കിതുക തിരിച്ചടയ്ക്കില്ല. ജനാധിപത്യത്തിലെ ഓഫീസ് ക്രയവിക്രയങ്ങളിലെ ഇത്തരം തെറ്റുകള്‍ തിരുത്താന്‍ നമുക്ക് കഴിയില്ല, എന്നാല്‍ അതിനെ നല്ലനിലയിലും മോശമായ നിലയിലും ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് നമുക്കിനി എടുക്കുന്ന അഡ്വാന്‍സുകളിലും ബാക്കിവരുന്ന തുക അനാഥര്‍ക്കും അശരണര്‍ക്കുമായി ചിലവഴിക്കാം. അത് തിരികെ അടയ്ക്കുമ്പോള്‍  പലിശ നല്‍കുക എന്ന അപമാനം ഇനി ഉണ്ടാവില്ല പ്രകാശാ'.

 ' നീ ഇപ്പൊഴാടാ ഒരു മനുഷ്യനായത്. ഇനി നീ നന്നാവും. ശരിക്കുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും'പ്രകാശന്‍ അങ്ങിനെ അനുഗ്രഹിച്ചു വിട്ടശേഷം സുധാകരന് പലിശയടയ്‌ക്കേണ്ടി വന്നിട്ടില്ല. എന്നുമാത്രമല്ല,അനേകം സാധുക്കളായ മനുഷ്യരെ സഹായിക്കാനും കഴിഞ്ഞു. അതിപ്പോഴും തുടരുന്നു. പ്രകാശനും സുധാകരനും ഇപ്പൊ സംതൃപ്തരാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു തകരാറുമില്ല എന്നാണിപ്പോള്‍  സുധാകരന്റെയും അഭിപ്രായം.