Monday, 15 March 2021

kadha -dhanakaaryam

 
കഥ

ധനകാര്യം

       - വി.ആര്‍.അജിത് കുമാര്‍

(2014 ല്‍ എഴുതിയത് )


 സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊരു ചൊല്ലുണ്ട്. അത് വെറും വാക്കല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങള്‍ സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ക്കും പല ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കുന്നവര്‍ക്കും ഉണ്ടാകാറുണ്ട്. അത്തരമൊരനുഭവത്തിന്റെ നേര്‍സാക്ഷ്യവുമായാണ് സുധാകരന്‍ അന്ന് സുഹൃത്തായ പ്രകാശന്റെ അടുത്ത് വന്നത്. സുധാകരന്റെ വരവ് കാണുമ്പൊഴേ പ്രകാശന് ചിരി വരും. വ്യവസ്ഥിതിയെ കുറ്റം പറയാനുള്ള ഒരു പിടി കാര്യങ്ങളുമായിട്ടാവും അവന്‍ വരുക. ഈ സംവിധാനം ഉടച്ചുവാര്‍ക്കാതെ രക്ഷയില്ല പ്രകാശാ, ഒക്കെ കുഴപ്പാ എന്നു പറഞ്ഞുകൊണ്ടാവും തുടക്കം. പ്രകാശനും സര്‍ക്കാര്‍ സംവിധാനങ്ങളോട് വലിയ മതിപ്പൊന്നുമില്ല. കഴിവതും ഓരോഫീസിലും പോകാറുമില്ല. വില്ലേജാഫീസിലായാലും ആര്‍ടിഓയിലായാലും ഏജന്റുമാരുണ്ട്, അവരെ ഏല്‍പ്പിച്ച് കാര്യം നടത്തുക എന്നതാണ് പ്രകാശന്റെ സ്റ്റൈല്‍. കടയടച്ചിട്ട്, കൈക്കൂലിയും കൊടുക്കില്ലാന്നും പറഞ്ഞ് മത്സരിക്കാന്‍ നടന്നാല്‍ തന്റെ കഞ്ഞികുടി മുട്ടുമെന്ന് പ്രകാശനറിയാം.

 വ്യവസ്ഥിതിയെ ഇളക്കിമറിക്കാനൊന്നും ഈ നൂറ്റാണ്ടിലോ ഇനി വരാന്‍പോകുന്ന നൂറ്റാണ്ടിലോ കഴിയില്ല സുധാകരാ എന്നു പറഞ്ഞ് ഒരു ചൂട് ചായ കൊടുക്കുമ്പൊ സുധാകരന് ഒട്ടൊരു സമാധാനം വരും. അപ്പൊ മുഖത്തൊരു തെളിച്ചമൊക്കെ വരും. അതുകാണുമ്പൊ പ്രകാശന്‍ പറയും, സുധാകരാ, നമ്മള്‍ നന്നായാല്‍ മതി,നാടിനേം വ്യവസ്ഥിതിയെയും ഒന്നും നന്നാക്കാന്‍ നമ്മെക്കൊണ്ടാവില്ലെടോ. പോട്ടെ ,മക്കളെ നന്നാക്കാന്‍ പോലും നമ്മെക്കൊണ്ടാവില്ല, പിന്നല്ലെ, വ്യവസ്ഥിതി.

 ' ഇന്നിപ്പൊ എന്താ വിഷയമെന്നറിയില്ല, സുധാകരന്‍ ചാടിത്തുള്ളി വരുന്നുണ്ട് ', പ്രകാശന്‍ ചുണ്ടിനടിയില്‍ ഒളിപ്പിച്ച ചിരിയുമായി ആത്മഗതം ചയ്തു. കടയില്‍ അത്ര തിരക്കില്ലാത്ത സമയമാണ്. അവന്റെ കഥ കേള്‍ക്കാന്‍ തയ്യാറായി പ്രകാശന്‍ കസേരയില്‍ നിവര്‍ന്നിരുന്നു. കാറ്റുപോലെ കയറിവന്ന സുധാകരന്‍ ഒരു പേപ്പര്‍ മേശപ്പുറത്തേക്കിട്ടു. ' നീ ഇതൊന്നു നോക്കിയേ. ഈ ഉത്തരവൊക്കെ ഇറക്കുന്നവര്‍ക്ക് വട്ടല്ലാതെ പിന്നെന്താ? ', സുധാകരന്‍ കണ്ണട ഊരി മേശപ്പുറത്തു വച്ചു. കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു. കൊഴിഞ്ഞുതീരാറായ മുടി വിരലുകള്‍കൊണ്ട് പിന്നോട്ടാക്കി സ്റ്റൂളില്‍ ഇരുന്നു.

 പ്രകാശന്റെ ചുണ്ടുകള്‍ക്കിടയിലെ ചിരി സുധാകരന്‍ ശ്രദ്ധിച്ചു. ' നിനക്കെല്ലാം കളിയാണല്ലെ, എടാ ഇത് മുന്‍പൊക്കെ പറഞ്ഞമാതിരിയല്ല,ശരിക്കും ഇന്‍സള്‍ട്ടാണ്, ഇന്‍സള്‍ട്ട്. നീ ഇതൊന്നു വായിച്ചുനോക്ക്. എന്നിട്ടുമതി നിന്റെ ഈ വളിച്ച ചിരി'
 
 സുധാകരനെ കൂടുതല്‍ ബേജാറാക്കണ്ടാന്നു കരുതി പ്രകാശന്‍ ഗൗരവം നടിച്ചു. സര്‍ക്കാരിന്റെ ചിഹ്നമുള്ള പേപ്പറാണ് മേശപ്പുറത്ത് വച്ചിരിക്കുന്നത്. അതില്‍ നമ്പരും തീയതിയുമൊക്കെയുണ്ട്. സര്‍ക്കാര്‍ ശൈലിയില്‍ വിഷയവും സൂചനയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള കുറിപ്പില്‍ പറയുന്നതിതാണ്. ' മേല്‍ സൂചന പ്രകാരം തൃശൂരില്‍ നാടകോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ അസ്വാന്‍സായി നല്‍കിയിട്ടുണ്ട്. പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന്റെ ചിലവുകണക്കുകള്‍ ടി ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത് വകുപ്പ് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ടി പരിപാടിയുടെ ചിലവ് തുകയായ 21,25,303 രൂപ കഴിച്ച് ടി ഉദ്യോഗസ്ഥന്‍ തിരികെയടച്ചത് 3,74,697 രൂപയാണ്.ഫിനാന്‍ഷ്യല്‍ കോഡ് 99 പ്രകാരവും ധനവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരവും അഡ്വാന്‍സ് എടുത്തതില്‍ തിരികെയടച്ച തുകയായ 3,74,697 രൂപയ്ക്ക് അഡ്വാന്‍സ് എടുത്ത ദിവസം മുതല്‍ കണക്ക് സമര്‍പ്പിച്ച ദിവസം വരെ 18 ശതമാനം പലിശയടച്ച് കണക്കുകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. '

 പ്രകാശന്റെ മുഖം ശരിക്കും ഗൗരവമാര്‍ന്നു. അയാള്‍ സുധാകരനെ നോക്കി ' സുധാകരാ, ഇത് നീ പറഞ്ഞത് നേരാ, ശരിക്കും മര്യാദകേട് തന്നെ. ഈ മണ്ടത്തരത്തിനൊക്കെ എന്താ മറുപടി പറയുക'

 സുധാകരന്‍ ഇങ്ങിനെ പറഞ്ഞ് അത് പൂര്‍ത്തിയാക്കി. ' പ്രകാശാ, സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്ന ഉത്തമബോധ്യത്തിന്റെ പുറത്ത് ഓരോ ഇനത്തിലും പരമാവധി ചിലവ് ചുരുക്കിയാണ് ഞാന്‍ നാടകോത്സവം സംഘടിപ്പിച്ചത്. എന്നാല്‍ അതൊന്നും ആരും അറിയാത്തവിധം മികച്ചനിലയില്‍ സംഘടിപ്പിക്കാനും കഴിഞ്ഞു. അഭിനന്ദനങ്ങളും കിട്ടി.എല്ലാറ്റിനുമൊന്നും ബില്ല് കിട്ടാത്തതിനാല്‍ കുറച്ചുപൈസ കൈയ്യില്‍ നിന്നും പോവുകയും ചെയ്തു. എന്നിട്ടിപ്പൊ- ഞാന്‍ പലിശയടയ്ക്കണമെന്ന്. ഉദ്യോഗസ്ഥരെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയല്ലെ പ്രകാശാ ഇത്. '

 ' ഈ സംവിധാനത്തിന് ഒരു മറുമരുന്നേയുള്ളു സുധാകരാ. ഞാനത് പറയുമ്പൊ നീ ദേഷ്യപ്പെടും എന്നെനിക്കറിയാം. അതിന് സമ്മതമല്ലെങ്കില്‍ നീ സര്‍ക്കാരിന് പലിശ നല്‍കി ജീവിതം മുന്നോട്ടുകൊണ്ടുപോവുക', പ്രകാശന്‍ പറഞ്ഞു. ' നീ പറയുന്നതെനിക്കു മനസിലാവുന്നില്ല പ്രകാശാ'  

 ' എടാ,നീ ഇനി മുതല്‍ അഡ്വാന്‍സെടുത്താല്‍ അധികതുക തിരിച്ചടയ്ക്കാതിരിക്കുക. അഡ്വാന്‍സിനേക്കാള്‍ ഒന്നോ രണ്ടോ രൂപ കൂട്ടിവച്ച് ബില്ലുകള്‍ തയ്യാറാക്കുക. എന്നിട്ടതങ്ങ് സമര്‍പ്പിക്കുക'

 ' കള്ളബില്ലുണ്ടാക്കാനൊന്നും എനിക്ക് കഴിയില്ല പ്രകാശാ. എന്നു മാത്രമല്ല ആ പണം ഞാനെന്തു ചെയ്യും'

പ്രകാശന്‍ ചിരിച്ചു,' നിനക്ക് വേണ്ടെങ്കില്‍ എനിക്ക് തന്നേരെ, കാശിന് നല്ല ആവശ്യമുള്ളവനാ ഞാന്‍'

 സുധാകരന് ദേഷ്യം വന്നു. ' നീ തമാശവിട്, സീരിയസാവ്'

' ഞാന്‍ സീരിയസാണ് സുധാകരാ. നീയും എടുക്കണ്ട,എനിക്കും തരണ്ട, ഇവിടെ ആശുപത്രികളിലും അനാഥാലയങ്ങളിലും കഴിയുന്ന അനേകം പാവങ്ങളുണ്ട്. നമുക്ക് ഈ പണംകൊണ്ട് അവരെ സഹായിക്കാം' . സുധാകരന്‍ മറുപടി പറയാതെ കുറേ സമയം ഇരുന്നു. ഒടുവില്‍ ഒന്നും പറയാതെ ഇറങ്ങി നടന്നു. അവന് സ്വസ്ഥതയില്ലായിരുന്നു. പലവിധ ആലോചനകള്‍ മനസിനെ മദിച്ചു. അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്തദിവസം പ്രഭാതത്തില്‍ സുധാകരന്‍ ഒരുറച്ച തീരുമാനം എടുത്തു. ആ തീരുമാനവുമായി രാവിലെ പ്രകാശനെ കാണാന്‍ പോയി. പ്രകാശന്‍ ആശങ്കയോടെ അവനെ നോക്കി. അവന്റെ മുഖത്തുനിന്നും ഒന്നും വായിച്ചെടുക്കാന്‍ പ്രകാശന് കഴിഞ്ഞില്ല. അവന്‍ സ്റ്റൂളില്‍ ഇരുന്നശേഷം കുറച്ചുനേരം പ്രകാശനെ നോക്കി ഒന്നും മിണ്ടാതെയിരുന്നു. പ്രകാശന് അസ്വസ്ഥത തോന്നി. അവന്‍ കടയിലെ ജോലികള്‍ ശ്രദ്ധിക്കുന്നതായി ഭാവിച്ചു. അപ്പോള്‍ തീരെ താഴ്ന്ന ശബ്ദത്തില്‍ സുധാകരന്‍ പറഞ്ഞു, ' പ്രകാശാ, നിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇനി ഏത് പദ്ധതിക്ക് പണമെടുത്താലും ബാക്കിതുക തിരിച്ചടയ്ക്കില്ല. ജനാധിപത്യത്തിലെ ഓഫീസ് ക്രയവിക്രയങ്ങളിലെ ഇത്തരം തെറ്റുകള്‍ തിരുത്താന്‍ നമുക്ക് കഴിയില്ല, എന്നാല്‍ അതിനെ നല്ലനിലയിലും മോശമായ നിലയിലും ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് നമുക്കിനി എടുക്കുന്ന അഡ്വാന്‍സുകളിലും ബാക്കിവരുന്ന തുക അനാഥര്‍ക്കും അശരണര്‍ക്കുമായി ചിലവഴിക്കാം. അത് തിരികെ അടയ്ക്കുമ്പോള്‍  പലിശ നല്‍കുക എന്ന അപമാനം ഇനി ഉണ്ടാവില്ല പ്രകാശാ'.

 ' നീ ഇപ്പൊഴാടാ ഒരു മനുഷ്യനായത്. ഇനി നീ നന്നാവും. ശരിക്കുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും'പ്രകാശന്‍ അങ്ങിനെ അനുഗ്രഹിച്ചു വിട്ടശേഷം സുധാകരന് പലിശയടയ്‌ക്കേണ്ടി വന്നിട്ടില്ല. എന്നുമാത്രമല്ല,അനേകം സാധുക്കളായ മനുഷ്യരെ സഹായിക്കാനും കഴിഞ്ഞു. അതിപ്പോഴും തുടരുന്നു. പ്രകാശനും സുധാകരനും ഇപ്പൊ സംതൃപ്തരാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു തകരാറുമില്ല എന്നാണിപ്പോള്‍  സുധാകരന്റെയും അഭിപ്രായം.

No comments:

Post a Comment