Monday, 29 April 2024

Will Kejriwal emerge from ashes - last part

 

2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയരുമോ കെജ്രിവാള് എന്ന ലേഖനം- അവസാന ഭാഗം
------------
വി.ആര്.അജിത് കുമാര്
-----------
ചില കറുത്ത പൊട്ടുകള്
-------------------
ഒരു വ്യക്തിയും പ്രസ്ഥാനവും നൂറ് ശതമാനം സത്യസന്ധമാകുക സാധ്യമല്ലതന്നെ. ഉണ്ടാകുന്ന ചെറിയ തെറ്റുകളേയും സ്വഭാവവൈകല്യങ്ങളേയും പോലും ഉയര്ത്തിക്കാട്ടുക സ്വാഭാവികവും.ഇത്തരത്തിലുള്ള ആരോപണങ്ങളില് നിന്നും കെജ്രിവാളും മുക്തനല്ല.2014 ലെ ഒരു ഇന്റര്വ്യൂവില് പത്രപ്രവര്ത്തകനായ പുണ്യ പ്രസൂന് ബാനര്ജിയോട് 2014 ലെ തന്റെ രാജി ഭഗത്സിംഗിന്റെ ത്യാഗത്തിന് തുല്യമാണ് എന്നു പറയാന് പ്രേരിപ്പിക്കുന്നതും വ്യവസായങ്ങളുടെ സ്വകാര്യവത്ക്കരണത്തില് ഇടത്തരക്കാര്ക്ക് എതിര്പ്പ് തോന്നാം എന്നതിനാല് ഇന്റര്വ്യൂവില് നിന്നും ആ ഭാഗം ഒഴിവാക്കണമെന്നും നിര്ദ്ദേശിച്ചത് ലീക്കായി. അത് കെജ്രിവാളിന്റെ മിസ്റ്റര് ക്ലീന് ഇമേജിന് കോട്ടമുണ്ടാക്കി. 2021 മെയില് സിംഗപ്പൂരില് കുട്ടികളില് പടരുന്ന ഒരു കൊറോണ വേരിയന്റ് വന്നിട്ടുണ്ട് എന്ന മട്ടില് തെറ്റായ സന്ദേശം പ്രചരിപ്പിച്ചു എന്ന അപഖ്യാതിയും ഉണ്ടായി. 2022 ല് കോവിഡ് കാലത്ത് ഡല്ഹി ആശുപത്രിയിലേക്ക് ആവശ്യമുള്ള ഓക്സിജന്റെ അളവ് പെരുപ്പിച്ചുകാട്ടി എന്ന ആരോപണവും ഉണ്ടായി. 2023 ഏപ്രിലില് വീടിന്റെ അറ്റകുറ്റപ്പണിക്ക് വലിയ തുക ചിലവഴിച്ചു എന്ന ആരോപണം വന്നു. 52.71 കോടിയാണ് ചിലവഴിച്ചത്. ഈ കേസ്സില് സിബിഐ അന്വേഷണം നടക്കുകയാണ്.
 
2014 ല് അരവിന്ദ് ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ലിസ്റ്റില് ഇടംപിടിച്ച നിതിന് ഗഡ്കരി കേസ്സിന് പോയി. അരവിന്ദ് മാപ്പുപറഞ്ഞ് തടിയൂരി. കബില് സിബലിനോടും മാപ്പുപറയേണ്ടിവന്നു. 2017 ല് പഞ്ചാബിലെ റവന്യൂ മന്ത്രി ബിക്രം മജീദിയ മയക്കുമരുന്നു കച്ചവടത്തിന്റെ ഭാഗമാണെന്നു പറഞ്ഞു. മന്ത്രി കേസ് കൊടുത്തു. 2018 മാര്ച്ചില് മാപ്പു പറഞ്ഞു. ഡല്ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനില് നടന്ന ക്രമക്കേടുകളില് ധനമന്ത്രി അരുണ് ജയ്റ്റ്ലി പങ്കാളിയാണ് എന്നാരോപിച്ചു. അരുണ് പത്ത് കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. 2018 ഏപ്രിലില് മാപ്പുപറഞ്ഞ് ഒത്തുതീര്പ്പാക്കി. തുടക്കത്തില് ഒപ്പമുണ്ടായിരുന്ന മേധാ പട്ക്കര്,ഗാന്ധിജിയുടെ ചെറുമകൻ ഗോപാല്കൃഷ്ണ ഗാന്ധി,റോയല് ബാങ്ക് ഓഫ് സ്കോട്ലന്റ് കണ്ട്രി ചീഫ് മീര സന്ന്യാല്, ചിലവ് കുറഞ്ഞ എയര്ലൈന്സ് ആരംഭിച്ച ക്യാപ്റ്റന് ഗോപിനാഥ്,ലാല് ബഹദൂര് ശാസ്ത്രിയുടെ ചെറുമകന് ആദര്ശ് ശാസ്ത്രി,പ്രശാന്ത് ഭൂഷണ്,യോഗേന്ദ്ര യാദവ് എന്നിവര് അരവിന്ദില് നിന്നും അകന്നത് മറ്റ് രാഷ്ട്രീയക്കാരില് നിന്നും വ്യത്യസ്തനല്ല അരവിന്ദ് എന്ന് മനസിലാക്കിയതാനാലും സ്വേച്ഛാധിപത്യ സമീപനത്താലുമാണ് എന്ന് വിലയിരുത്തപ്പെടുന്നു.അധികാര വഴികളില് ആരം തടസ്സമാകാതിരിക്കാന് അരവിന്ദ് ശ്രദ്ധിച്ചിരുന്നു.2015 ല് അത്തരത്തിലുള്ള ഒരു നീക്കത്തിലാണ് യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പാര്ട്ടിയില് നിന്നും ഒഴിവാക്കിയത്. അരവിന്ദിന്റെ വിശ്വസ്തരായ ചിലര് ഒപ്പം നില്ക്കുമെന്ന് ഉറപ്പുള്ള ചില എംഎല്എമാരുമായി ചേര്ന്ന് ദേശീയ കണ്വെന്ഷന് മുന്നെ രഹസ്യയോഗം ചേരുകയും ദേശീയ കണ്വെന്ഷനില് യോഗേന്ദ്രയെയും പ്രശാന്തിനേയും അതിനിശിതമായി വിമര്ശിക്കാന് തീരുമാനിക്കുകയും അത്തരത്തിലുള്ള ഒരു നാടകം അരങ്ങേറുകയും ചെയ്തു. തുടര്ന്ന് അവര് പാര്ട്ടി വിട്ടു.
പഞ്ചാബ് പിടിച്ചത് ഖാലിസ്ഥാന്റെ സഹായത്തോടെയാണ് എന്നൊരാരോപണവും നിലവിലുണ്ട്. 2017 തെരഞ്ഞെടുപ്പിന് മുന്നെ കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും അരവിന്ദ് ഉള്പ്പെട്ട ആപ്പ് ടീം പര്യടനം നടത്തിയിരുന്നു. ടൊറന്റോയിലെയും മറ്റും ഗുരുദ്വാരകളില് ഖാലിസ്ഥാന് നേതാവ് ഭിന്ദ്രന്വാല, അമൃത്സര് വെടിവെയ്പില് മരണപ്പെട്ട രക്തസാക്ഷികള് എന്നിവരുടെ ചിത്രങ്ങള്ക്ക് മുന്നിലിരുന്നായിരുന്നു ചര്ച്ചകള്. കൂടെവന്ന ചില നേതാക്കള് അത് ചൂണ്ടിക്കാട്ടിയപ്പോള് പണം സ്വരൂപിക്കുന്നതില് ശ്രദ്ധിക്കൂ എന്നാണ് കെജ്രിവാള് നിര്ദ്ദേശിച്ചത് എന്നൊരാരോപണം നിലവിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ചുക്കാന് പിടിച്ചതും ഖാലിസ്ഥാന് അനുകൂലികളായിരുന്നു എന്നതാണ് മറ്റൊരാരോപണം. വിജയം ഉറപ്പിച്ച കെജ്രിവാള് വോട്ടെണ്ണും മുന്നെതന്നെ പ്രധാന നേതാക്കളെ ചാനല് ചര്ച്ചകള്ക്കും അയച്ചിരുന്നു. എന്നാല് ഫലം അനുകൂലമല്ല എന്നറിഞ്ഞതോടെ ഈവിഎമ്മിനെ കുറ്റം പറഞ്ഞ് തടിയൂരാനായിരുന്നു നിര്ദ്ദേശം. എന്നാല് അടുത്ത നിയമസഭ തെരഞ്ഞടുപ്പില് അരവിന്ദ് വിജയം ഉറപ്പിച്ചു. ഒടുവിലുണ്ടായ പരാതി ഭഗത്സിംഗിന്റെ ചെറുമകനില് നിന്നായിരുന്നു. അംബദ്ക്കര്ക്കും ഭഗത്സിംഗിനുമൊപ്പം കെജ്രിവാളിന്റെ ചിത്രം ഓഫീസില് വച്ച്, അതിന് മുന്നിലിരുന്ന് അരവിന്ദിന്റെ ഭാര്യ വീഡിയോ എടുത്ത് പ്രസിദ്ധീകരിച്ചതിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
----------------------------------------------
അരവിന്ദും ഇന്ത്യ മുന്നണിയും നേരിടുന്ന പ്രതിസന്ധി
----------------------------------------
പത്ത് വര്ഷം മുന്നെ കോണ്ഗ്രസിന്റെയും ഷീല ദീക്ഷിത്ത് നേതൃത്വം കൊടുത്ത ഡല്ഹി സര്ക്കാരിന്റെയും അഴിമതികള്ക്കെതിരെ ശബ്ദമുയര്ത്തിയും പ്രക്ഷോഭം സംഘടിപ്പിച്ചും അധികാരത്തിലെത്തിയ അരവിന്ദിന് തന്റെയും പാര്ട്ടിയുടേയും സത്യസന്ധത(ഖട്ടര് ഇമാന്ദാര്)തെളിയിക്കേണ്ട സമയം വന്നിരിക്കയാണ്.അസംബ്ലിയില് ഒറ്റ സീറ്റുപോലും ഇല്ലാത്ത, ഒരു പാര്ലമെന്റ് അംഗം പോലും ഡല്ഹിയില് നിന്നില്ലാത്ത കോണ്ഗ്രസ് ഇപ്പോള് ആപ്പിന്റെ തെരഞ്ഞെടുപ്പ് പങ്കാളിയാണ്. ഇപ്പോള് മൂന്ന് സീറ്റില് മത്സരിക്കുന്നു.ആപ്പിന് മുന്നെ പതിനഞ്ച് വര്ഷം തുടര്ച്ചയായി ഡല്ഹി ഭരിച്ച പാര്ട്ടിയാണ് കോണ്ഗ്രസ്.ഡല്ഹിയില് സുഹൃത്തുക്കളായ ഈ പാര്ട്ടികള് പഞ്ചാബില് ശത്രുക്കളാണ്.അവിടെ 2022 ല് കോണ്ഗ്രസിനെ തോല്പ്പിച്ചാണ് ആപ്പ് ഭരണത്തിലെത്തിയത്. രണ്ടുകൂട്ടര്ക്കും അണികളെ ഒന്നിപ്പിക്കാന് ഏകമുദ്രാവാക്യം ബിജെപി വിരുദ്ധത മാത്രമാണ്,ബാക്കിയെല്ലാം വൈരുധ്യങ്ങളാണ്.
 
മാര്ച്ച് 21 രാത്രിയില് അരവിന്ദിനെ അറസ്റ്റു ചെയ്യുന്നത് ഡല്ഹി കോണ്ഗ്രസ് പ്രസിഡന്റ് അനില് കുമാര് മദ്യനയ അഴിമതിക്കെതിരെ നല്കിയ പരാതിയിലാണ്. മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്ക്ക് വലിയ തുക മുടക്കി എന്ന് ആരോപണം ഉന്നയിച്ചത് കോണ്ഗ്രസ് നേതാവ് അജയ് മാക്കനാണ്.ആ കേസ്സാണ് സിബിഐ അന്വേഷിക്കുന്നത്. പ്രണാബ് കുമാര് മുഖര്ജിയുടെ മകളും കോണ്ഗ്രസ് നേതാവുമായ ശര്മ്മിഷ്ഠ പറഞ്ഞത് കെജ്രിവാളിനെ അദ്ദേഹത്തിന്റെ കര്മ്മങ്ങള് വേട്ടയാടുകയാണ് എന്നാണ്.കോണ്ഗ്രസിന്റെയും ഷീല ദീക്ഷിത്തിന്റെയും അഴിമതികള് സംബ്ബന്ധിച്ച് പെട്ടിക്കണക്കിന് രേഖകള് കൈവശമുണ്ട് എന്ന് പറഞ്ഞിരുന്ന അരവിന്ദ് പത്ത് വര്ഷത്തിനിടയില് ഒരു പെട്ടിയും പുറത്തെടുത്തിട്ടില്ല എന്നും ശര്മ്മിഷ്ഠ ആരോപിച്ചിരുന്നു.അതുകൊണ്ടുതന്നെ കടുത്ത സമ്മര്ദ്ദമാണ് കോണ്ഗ്രസ് അഭിമുഖീകരിക്കുന്നത്. എന്നുമാത്രമല്ല, പലപ്പോഴായി അഴിമതിക്കാര് എന്ന് അരവിന്ദിന്റെ ആരോപണം ഏറ്റുവാങ്ങിയ പല ദേശീയ പ്രാദേശിക നേതാക്കള്ക്കും മോദിക്കെതിരെ അരവിന്ദ് കെജ്രിവാളിനെ ഉയര്ത്തികാട്ടേണ്ട സാഹചര്യമാണ് രൂപപ്പെട്ട് വന്നിട്ടുള്ളത്. ജയിലിലാണെങ്കിലും ഈ സാഹചര്യം അരവിന്ദിന് സന്തോഷം പകരുന്നുണ്ടാവും.ഇന്ത്യ ഗ്രൂപ്പിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികളെയും ഒരേ വേദിയില് കൊണ്ടുവരാനും താന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്ക്ക് നല്കുന്ന വാഗ്ദാനങ്ങള് എന്തെന്ന് ഭാര്യ സുനിതയുടെ ശബ്ദത്തില് വിളിച്ചുപറയാനും ഇന്ത്യ ഗ്രൂപ്പിലെ നേതാക്കളെ പങ്കെടുപ്പിച്ച വേദി ഉപയോഗിക്കാന് കെജ്രിവാളിന് കഴിഞ്ഞു. തിഹാര് ജയിലില് നിന്നും ഭരണം നടത്തുകയാണ് ഇപ്പോള് കെജ്രിവാള്. പാര്ട്ടിയില് എതിര്ശബ്ദങ്ങളുണ്ടാവാതെയും ബദ്ധശത്രുക്കളായ ആപ്പ്-കോണ്ഗ്രസ് അണികളെ ഒന്നിപ്പിച്ച് നിര്ത്തി ഡല്ഹിയിലെ സീറ്റുകള് തിരിച്ചുപിടിക്കുന്നതിലും പഞ്ചാബില് പരമാവധി സീറ്റ് നേടുന്നതിലും വിജയിക്കുകയാണെങ്കില് കെജ്രിവാള് എണ്ണപ്പെട്ട ദേശീയ നേതാവായി തുടരും. അതല്ല പാര്ട്ടിയിലും സഖ്യത്തിലും വിള്ളലുകള് ഉണ്ടാവുകയും ജയില് ജീവിതം തുടരുകയും ചെയ്യേണ്ടിവന്നാല് അണ്ണ ഹസാരെ പറഞ്ഞപോലെ അരവിന്ദ് ഇതുവരെ ചെയ്ത കര്മ്മങ്ങളാകും അദ്ദേഹത്തെ വേട്ടയാടുക!!( അവസാനിച്ചു)🙏

Friday, 26 April 2024

Will Kejriwal emerge from ashes ? -Part-4

 

2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയരുമോ കെജ്രിവാള് എന്ന ലേഖനം-ഭാഗം-4
--------
വി.ആര്.അജിത് കുമാര്
------
പാളിപ്പോയ മദ്യനയം
-----------
മദ്യവര്ജ്ജകനായ അരവിന്ദ് കെജ്രിവാളിന് മദ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം നന്നായറിയാമായിരുന്നു. പാര്ട്ടിക്കും മദ്യവില്പ്പനക്കാര്ക്കും മദ്യപാനികള്ക്കും ഗുണമുണ്ടാകുംവിധമായിരുന്നു മദ്യനയം രൂപീകരിച്ചത്.എന്നാല് അതിന് പിന്നില് നടന്ന ഇടപാടുകളാണ് ആംആദ്മി പാര്ട്ടിയെ കുരുക്കിയത്. 2019 ല് ആര്ട്ടിക്കിള് 370 എടുത്തുകളഞ്ഞതിനെ പിന്തുണച്ചതിന്റെ സ്നേഹമൊന്നും ബിജെപി കാണിച്ചില്ല.അല്ലെങ്കിലും സ്നേഹശൂന്യമാണല്ലോ രാഷ്ട്രീയം. ഒരു നയം രൂപീകരിക്കുന്നിടത്ത് എങ്ങിനെ അഴിമതിയുണ്ടാകും,ഡല്ഹി സര്ക്കാരുണ്ടാക്കുന്ന നയത്തില് തെലങ്കാന മുഖ്യമന്തിയുടെ മകള് എങ്ങിനെ ഭാഗമാകും എന്നതൊക്കെ സാമാന്യമായി ഉയരുന്ന ചോദ്യങ്ങളാണ്. അതിന്റെ ചുരുളുകള് അഴിയുന്നത് ഇങ്ങിനെയാണ്.മദ്യവില്പ്പന സര്ക്കാര് നേരിട്ട് നടത്തേണ്ട വ്യവസായമാണ് എന്ന് ചാണക്യന് അര്ത്ഥശാസ്ത്രത്തില് പറയുന്നുണ്ട്. ഡല്ഹിയില് വര്ഷങ്ങളായി മദ്യവില്പ്പന നടത്തിവന്നതും സര്ക്കാര് ഏജന്സികളാണ്.തലസ്ഥാന നഗരത്തിലെത്തുന്ന വിദേശികളുള്പ്പെടെയുള്ളവര്ക്കും സാധാരണക്കാര്ക്കും സര്ക്കാരിനും ഗുണകരമാകാന് മദ്യവില്പ്പന സ്വകാര്യവത്ക്കരിക്കുന്നതാണ് നല്ലത് എന്ന് ആംആദ്മി പാര്ട്ടി തീരുമാനിച്ചു. അതിനായി മദ്യനയം പുതുക്കാന് സര്ക്കാര് തീരുമാനിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യശാലകളായിരുന്നു ലക്ഷ്യം. 2020 സെപ്തംബറിലാണ് ഇതിനായി സമിതി രൂപീകരിച്ചത്.എക്സൈസ് കമ്മീഷണര് ചെയര്മാനും എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്,അസിസ്റ്റന്റ് കമ്മീഷണര്(ട്രേയ്ഡ് ആന്റ് ടാക്സസ്) എന്നിവര് അംഗങ്ങളുമായിരുന്നു. സംസ്ഥാന എക്സൈസ് നികുതി വരുമാനം വർധിപ്പിക്കുക, മദ്യത്തിന്റെ വിലനിർണ്ണയ സംവിധാനം ലളിതമാക്കുക, മദ്യവ്യാപാരത്തിലെ ക്രമക്കേടുകളും തീരുവ ഒഴിവാക്കലും പരിശോധിക്കുക, മദ്യലഭ്യതയിലെ തുല്യത ഉറപ്പാക്കുക, ദേശീയ തലസ്ഥാനത്തിന്റെ മാറുന്ന സ്വഭാവത്തിന് അനുസൃതമായി മദ്യവ്യാപാരത്തിന്റെ സ്വഭാവം മാറ്റുക എന്നിവയായിരുന്നു ലക്ഷ്യം. 2020 ഒക്ടോബര് 13 ന് സമിതി പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ചു. 2020 ഡിസംബര് 31 ന് പൊതുജനാഭിപ്രായത്തിനായി പബ്ളിക് ഡൊമയിനില് കൊടുത്തു. പൊതുജനങ്ങളും വിദഗ്ധരും അഭിപ്രായങ്ങള് രേഖപ്പെടുത്തി. 14671 അഭിപ്രായങ്ങളാണ് ലഭിച്ചത്. ഫെബ്രുവരി 5ന് നിര്ദ്ദേശങ്ങള് കാബിനറ്റില് വച്ചു. കാബിനറ്റ് മന്ത്രിമാരുടെ ഉപസമിതിയുണ്ടാക്കി. എക്സൈസ് മന്ത്രി മനീഷ് സിസോദിയ അധ്യക്ഷനും നഗരവികസന മന്ത്രി സത്യേന്ദ്ര ജയിനും റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ടും അംഗങ്ങളുമായ സമിതി സമര്പ്പിച്ച റിപ്പോര്‌ട്ട് 2021 മാര്ച്ച് 22 ന് കാബിനറ്റ് അംഗീകരിച്ചു. 2021 നവംബര് 17 ന് പോളിസി നടപ്പിലാക്കി. 
 
എല്ലാം സുതാര്യമായിത്തന്നെയാണ് നടന്നത് എന്ന് പൊതുബോധം.
എന്നാല് എന്ഫോഴ്മെന്റ് ഡയറക്ടറേറ്റ് നല്കുന്ന വ്യാഖ്യാനം ഇങ്ങിനെയാണ്. ആംആദ്മി പാര്ട്ടിയുടെ സോഷ്യല് മീഡിയ ഇന് ചാര്ജ്ജ് വിജയ് നായര് ഹൈദരാബാദിലെ ബിസ്സിനസ്സുകാരനായ അരുണ് രാമചന്ദ്രന് പിള്ളയെ ബന്ധപ്പെട്ട് രണ്ടുകൂട്ടര്ക്കും പ്രയോജനകരമായ ഒരു ഇടപാട് സംസാരിക്കുന്നു.അരുണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള് കവിതയുമായി അടുപ്പമുള്ള വ്യക്തിയാണ്. ഡല്ഹി സര്ക്കാര് പുതിയ മദ്യ നയം നടപ്പിലാക്കാന് ആലോചിക്കുന്നു. സ്വകാര്യവത്ക്കരണം നല്ല നേട്ടമുണ്ടാക്കാനുള്ള അവസരമാണ് എന്നായിരുന്നു അവരുടെ സംഭാഷണം. കവിത ഈ പദ്ധതിയിലേക്ക് ആകര്ഷിക്കപ്പെടുകയും മികച്ച നേട്ടം കൊയ്യാന് കഴിയുംവിധം പോളിസി തയ്യാറാക്കാന് ഇടപെടുകയും ചെയ്തു. ഈ സമയത്താണ് ആന്ധ്രയിലെ വൈഎസ്ആര് കോണ്ഗ്രസ് എംപിയും മദ്യവ്യവസായിയുമായ മാഗുണ്ട ശ്രീനിവാസുലു റഡ്ഡി ഡല്ഹിയിലെ മാറിയ സാഹചര്യം പ്രയോജനപ്പെടുത്താനായി കെജ്രിവാളിനെ സമീപിക്കുന്നത്. 2021 മാര്ച്ച് പതിനാറിനായിരുന്നു കൂടിക്കാഴ്ച. കവിതയും കൂട്ടരും ഇപ്പോള് രംഗത്തുണ്ടെന്നും പാര്ട്ടിക്ക് നൂറു കോടി അവര് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവരുമായി സംസാരിക്കാനും കെജ്രിവാള് നിര്ദ്ദേശിച്ചു. അടുത്ത ദിവസം കവിത മാഗുണ്ടറെഡ്ഡിയെ ഫോണില് ബന്ധപ്പെടുന്നു.ഹൈദരബാദില് നടന്ന കൂടിക്കാഴ്ചയില് അവര് പങ്കാളിത്തം ഉറപ്പിക്കുകയും ആപ്പിന് നല്കാനുള്ള 100 കോടിയില് 50 കോടി നല്കാന് ആവശ്യപ്പെടുകയും ചെയ്യുന്നു. കവിതയുടെ ചാര്ട്ടേഡ് അക്കൊണ്ടന്റ് ബുച്ചി ബാബു ബന്ധപ്പെടുമെന്നും എംപിയുടെ മകന് രാഘവ് മാഗുണ്ടയുമായി ചേര്ന്ന് ഡീല് ഉറപ്പിക്കട്ടെ എന്നും പറഞ്ഞു. 
 
        അടുത്ത ദിവസം 30 കോടിക്ക് ഡീല് ഉറപ്പിച്ചു. 25 കോടി കവിതയുടെ അസ്സോസിയേറ്റായ അഭിഷേക് ബോയിന്പള്ളിയും ബുച്ചി ബാബുവും ചേര്ന്ന് കളക്ട് ചെയ്യുന്നു. ഈ സമയം അരബിന്ദോ ഫാര്മ ഡയറക്ടര് ശരത്ചന്ദ്ര റെഡ്ഡി കവിതയുടെ ടീമിനോട് ചേരുന്നു. അങ്ങിനെ ഡല്ഹിയില് മദ്യവ്യവസായം നടത്താനായി സൌത്ത് ഗ്രൂപ്പ് രൂപീകരിക്കുന്നു. അവര് തുടര്ന്ന് മദ്യവ്യവസായി സമീര് മഹേന്ദ്രുവിന്റെ ഇന്ഡോ സ്പിരിറ്റുമായി പങ്കാളിത്തമുണ്ടാക്കി. അരുണ് പിള്ളയെ ബിനാമിയാക്കി കവിത ഇന്ഡോ സ്പിരിറ്റില് 33 ശതമാനം ഷെയര് സ്വന്തമാക്കി. സൌത്ത് ഗ്രൂപ്പില് കവിതയുടെ പ്രതിനിധികള് അഭിഷേക് ബോയിന്പള്ളിയും ബുച്ചി ബാബുവുമാണ്. ആപ്പിന് നല്കിയ 100 കോടി തിരിച്ചുപിടിക്കുന്നത് സംബ്ബന്ധിച്ച് ന്യൂഡല്ഹി ഹോട്ടല് ഒബ്റോയ് മെയ്ഡന്സില് യോഗം ചേര്ന്നു. കവിത,അരുണ് പിള്ള,വിജയ് നായര്, വ്യവസായി ദിനേശ് അറോറ എന്നിവര് പങ്കെടുത്തു. 100 കോടി നല്കിയത് ഹവാല വഴിയും ഷെല് കമ്പനികള് വഴിയുമാണ്. ആപ്പിന് ലഭിച്ച തുകയില് 45 കോടി ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു. കവിതയുടെ ജോലിക്കാരാണ് ദിനേശ് അറോറയുടെ ഓഫീസില് നിന്നും രണ്ട് ബാഗ് നിറയെ പണം വാങ്ങി സിസോദിയയുടെ അസോസിയേറ്റ് വിനോദ് ചൌഹാന് നല്കിയത്. 2022 ജൂണ് 22 ന് ന്യൂ ഇന്ത്യന് എക്സ്പ്രസാണ് ഈ സ്റ്റോറി ആദ്യം പുറത്തുവിട്ടത്. സംഗതി കൈവിട്ടുപോയി എന്ന് മനസിലാക്കിയ കെജ്രിവാള് ജൂലൈ 31 ന് പോളിസി റദ്ദാക്കി.
 
എന്നാല് ഡല്ഹി ലഫ്റ്റനന്റ് ഗവര്ണ്ണര് വിനയ് കുമാര് സക്സേന കേന്ദ്ര ആഭ്യന്തര വകുപ്പിനോട് പോളിസി രൂപീകരണത്തിലെ ഗൂഢാലോചന അന്വേഷിക്കാന് ആവശ്യപ്പെട്ടു. സിബിഐ ആഗസ്റ്റ് 17 ന് എഫ്ഐആറിട്ടു. എക്സൈസ് മന്ത്രിയും ഡപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെയും അരുണ്പിള്ളയേയും പ്രതി ചേര്ത്തു. 2022 സെപ്തംബറില് എന്ഫോഴ്മെന്റ് ഡയറക്ടറേറ്റ് സമീര് മഹേന്ദ്രുവിനെയും നവംബറില് അഭിഷേക് ബോയില്പള്ളിയേയും ശരത്ചന്ദ്ര റെഡ്ഡിയേയും വിജയ് നായരേയും അറസ്റ്റു ചെയ്തു. ഡിസംബര് 11 ന് സിബിഐ കവിതയെ ചോദ്യം ചെയ്തു. 2023 മാര്ച്ച് 9ന് ഹാജരാകാന് കവിതയ്ക്ക് ഈഡി സമണ്സ് അയച്ചു.മാര്ച്ച് 11 നും 21 നും അവര് ഈഡിക്കു മുന്നില് ഹാജരായി. ഈഡി അവരുടെ സ്റ്റേറ്റ്മെന്റ് എടുക്കുകയും ഫോണുകള് വാങ്ങുകയും ചെയ്തു. തുടര്ന്ന് സെപ്തംബറിലും 2024 ജനുവരിയിലും ലഭിച്ച നോട്ടീസുകള് അവര് അവഗണിച്ചു. മാര്ച്ച 15 ന് ഈഡി കവിതയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സൌത്ത് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വ്യവസായികള് അപ്രൂവേഴ്സ് ആയതോടെ കവിത ഒറ്റപ്പെട്ടു. അവര് ഈഡിക്ക് കൈമാറിയ 10 ഫോണുകളിലെയും രേഖകള് നശിപ്പിക്കുകയും ഫോണുകള് ഫോര്മാറ്റ് ചെയ്യുകയും ചെയ്തെന്നാണ് ഈഡി പറയുന്നത്. അവ ഇപ്പോള് ദേശീയ ഫോറന്സിക് സയന്സസ് സര്വ്വകലാശാലയില് ഡേറ്റ എക്സ്ട്രാക്ഷന് കൊടുത്തിരിക്കയാണ് ഈഡി.
 
           കേന്ദ്ര സര്ക്കാരുമായി ബന്ധപ്പെട്ടും വിവിധ സംസ്ഥാനങ്ങളിലും ഇത്തരത്തില് അഴിമതിയും ഇടപാടുകളും നിരന്തരം നടക്കുന്നുണ്ട്. അതില് ആരെ കുരുക്കണം ,ആരെ ഒഴിവാക്കണം എന്നതെല്ലാം രാഷ്ട്രീയ താത്പ്പര്യങ്ങളാണ്. അതിന്റെ ആവശ്യം കഴിയുമ്പോള് ഭരണാധികാരികളും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും പൊതുജനങ്ങളും ഇതൊക്കെ മറക്കും.കേരളത്തിലെ ചാരക്കേസും സോളാര് കേസുമൊക്കെ ഉദാഹരണം. (തുടരും)

Thursday, 25 April 2024

Will Kejriwal emerge from ashes ?-Part -3

 

2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയുമോ കെജ്രിവാള് എന്ന ലേഖനം -ഭാഗം -3
-----------------
-വി.ആര്.അജിത് കുമാര്
-------------------
ആംആദ്മി പിറക്കുന്നു
----------------------
ജനപ്രതിനിധികള്ക്കും മുകളില് ലോക്പാല് വരാന് പാടില്ല എന്ന വാദം ശക്തമായതോടെയാണ് അരവിന്ദും കൂട്ടരും രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2012 നവംബറില് ആം ആദ്മി പാര്ട്ടി രൂപീകരിച്ചു. അരവിന്ദ് കെജ്രിവാള് ദേശീയ കണ്വീനറായി. എന്നാല് പാര്ട്ടി രൂപീകരിച്ചതോടെ അണ്ണാ ഹസ്സാരെ അരവിന്ദുമായി അകന്നു. 2013 ലെ ഡല്ഹി അസംബ്ലി തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ അരവിന്ദ് മത്സരിച്ചു ജയിച്ചു. ആ തെരഞ്ഞെടുപ്പില് ബിജെപിക്ക് മുപ്പത്തിയൊന്നും ആം ആദ്മിക്ക് ഇരുപത്തിയെട്ടും സീറ്റുകള് കിട്ടി. കോണ്ഗ്രസും ജനതദളും സ്വതന്ത്രനും ആപ്പിനെ പിന്താങ്ങി.2013 ഡിസംബര് ഇരുപത്തിയെട്ടിനായിരുന്നു അരവിന്ദ് മുഖ്യമന്ത്രിയായി ചാര്ജ്ജെടുത്തത്. 2014 ജനുവരിയില് ജന്ലോക്പാല് ബില്ല് പാസാക്കിയില്ലെങ്കില് സര്ക്കാരില് നിന്നും രാജിവയ്ക്കും എന്ന് അരവിന്ദ് പ്രഖ്യാപിച്ചു.ഫെബ്രുവരിയില് ബില്ല് അസംബ്ലിയില് അവതരിപ്പിക്കാന് കഴിയാതെ വന്നതില് പ്രതിഷേധിച്ച് രാജിവയ്ക്കുകയും സഭ പിരിച്ചുവിടുകയും ചെയ്തു. 2015 ലെ തെരഞ്ഞെടുപ്പില് എഴുപതില് അറുപത്തിയേഴ് സീറ്റും ആപ്പ് നേടി.മൂന്ന് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.2015 ഫെബ്രുവരി 14 ന് ചാര്ജ്ജെടുത്ത ആംആദ്മി പാര്ട്ടി സര്ക്കാര് ജന്ലോക്പാല് ബില്ല് പാസ്സാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചു.സംസ്ഥാന സര്ക്കാരിന് അധികാരങ്ങള് പരിമിതമായ ഡല്ഹിയില് ലഫ്റ്റനന്റ് ഗവര്ണ്ണറുമായി നിരന്തര സംഘര്ഷത്തിലായിരുന്നു അരവിന്ദ്.ജനങ്ങള് തെരഞ്ഞെടുത്ത പ്രതിനിധികളും കേന്ദ്രസര്ക്കാര് തെരഞ്ഞെടുത്ത പ്രതിനിധികളും തമ്മിലുള്ള സംഘര്ഷമായി ഇത് ചിത്രീകരിക്കപ്പെട്ടു.പലപ്പോഴും അധികാരങ്ങള്ക്കായി ഡല്ഹി സര്ക്കരിന് കോടതിയെ സമീപിക്കേണ്ടതായും വന്നു.
 
ആംആദ്മിയുടെ ജനകീയ പരിപാടികളില് ഒന്നായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകള്. 2019 ല് സ്ത്രീകള്ക്ക് ഡല്ഹി ട്രാന്സ്പോര്ട്ട് ബസുകളില് സൌജന്യ യാത്ര അനുവദിച്ചു.പാവപ്പെട്ടവര്ക്ക് സൌജന്യ വൈദ്യുതി,കുടിവെള്ളം എന്നതൊക്കെ വലിയ ആകര്ഷണങ്ങളായി. 2020 ലെ തെരഞ്ഞെടുപ്പില് 62 സീറ്റുകള് നേടിയ ആംആദ്മിയുടെ മുഖ്യമന്ത്രിയായി കെജ്രിവാള് മൂന്നാം തവണ അധികാരമേറ്റത് 2020 ഫെബ്രുവരി പതിനാറിനാണ്. 2020-21 കോവിഡ് കാലം ആശുപത്രികളില് ആവശ്യത്തിന് ഓക്സിജന് സ്റ്റോറേജ് ഉറപ്പാക്കിയില്ലെന്നും വന്തോതില് പരസ്യം നല്കി പണം ചിലവഴിച്ചെന്നും കോണ്ഗ്രസ് ആരോപിച്ചു. ഡല്ഹിയിലെ ആശുപത്രികളില് ഓക്സിജന്റെ കുറവുമൂലമുണ്ടായ മരണങ്ങള്ക്ക് ഉത്തരവാദി കെജ്രിവാളാണ് എന്ന ആരോപണം ശ്കതമായിരുന്നു. 2022 മാര്ച്ചില് ബിജെപി പ്രവര്ത്തകര് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില് ആക്രമണവും നടത്തി.
 
 
                      എന്ഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഒന്പത് സമന്സുകള്ക്കും ഹാജരാകാതിരുന്ന കെജ്രിവാളിനെ 2024 മാര്ച്ച് 21 ന് ഇഡി അറസ്റ്റു ചെയ്തു. ഡല്ഹി ഹൈക്കോടതി മുന്കൂര് ജാമ്യം നിഷേധിച്ചതോടെയായിരുന്നു ഇത്. അങ്ങിനെ ഇന്ത്യ ചരിത്രത്തില് ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയായി കെജ്രിവാള് മാറി. ദല്ഹി മദ്യ നയം കള്ളപ്പണം വെളുപ്പിക്കല് കേസിലാണ് അറസ്റ്റ്. (തുടരും)

Will Kejriwal emerge from ashes? -Part -2

 

2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച "പറന്നുയരുമോ കെജ്രിവാള്"എന്ന ലേഖനം -ഭാഗം -2
==================================
കെജ്രിവാള് എന്ന ആക്ടിവിസ്റ്റ്
----------------------------------------
 
ഹരിയാനയിലെ ഭിവാനി ജില്ലയിലെ സിവാനില് 1968 ആഗസ്റ്റ് 16 ന് ഗോവിന്ദ് റാം കെജ്രിവാളിന്റെയും ഗീതാദേവിയുടെയും മൂത്തപുത്രനായി ജനിച്ച അരവിന്ദ്, സോണിപ്പട്ടിലും ഗാസിയാബാദിലും ഹിസാറിലുമായാണ് കുട്ടിക്കാലം ചിലവഴിച്ചത്. ബിര്ള ഇന്സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില് നിന്നും ഇലക്ട്രിക്കല് എന്ജിനീയറിംഗില് ബിരുദം നേടിയിരുന്ന അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഈ മാറ്റങ്ങള്. ഹിസാറിലെ അഗ്രികള്ച്ചര് സര്വ്വകലാശാലയിലെ കാമ്പസ് സ്കൂളില് പഠനം നടത്തിയ അരവിന്ദ് 1985 ല് ഐഐടി-ജെഇഇ പരീക്ഷയില് ദേശീയ തലത്തില് അഞ്ഞൂറ്റി അറുപത്തിമൂന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഖരക്പൂര് ഐഐടിയില് മെക്കാനിക്കല് എന്ജിനീയറിംഗിന് ചേര്ന്നത്. 1989 ല് ജാംഷഡ്പൂരിലെ ടാറ്റാ സ്റ്റീല് പ്ലാന്റില് ജോയിന് ചെയ്തെങ്കിലും 1992 ല് ജോലി രാജിവച്ച് സിവില് സര്വ്വീസ് പരീക്ഷ എഴുതി. ഐപിഎസായിരുന്നു ലക്ഷ്യമെങ്കിലും 1995 ല് ഇന്ത്യന് റവന്യൂ സര്വ്വീസിലാണ് നിയമനം ലഭിച്ചത്. സര്വ്വീസില് ഇരിക്കുമ്പോള്തന്നെ 1999 ഡിസംബറില് പത്രപ്രവര്ത്തകനായ മനീഷ് സിസോദിയയുമായി ചേര്ന്ന് ഡല്ഹി സുന്ദര് നഗര് കേന്ദ്രീകരിച്ച് പരിവര്ത്തന് എന്ന പ്രസ്ഥാനം തുടങ്ങി. 2000 ജാനുവരിയില് അവധിയെടുത്ത് പരിവര്ത്തനില് സജീവമായി. പൊതുവിതരണ സംവിധാനം,മരാമത്ത്,സാമൂഹ്യക്ഷേമ പദ്ധതികള്,ആദായനികുതി,ഇലക്ട്രിസിറ്റി എന്നിവയുമായി ബന്ധപ്പെട്ട പൊതുജന പരാതികള് ഏറ്റെടുക്കുകയായിരുന്നു പരിവര്ത്തന് ചെയ്തത്. 
 
വ്യക്തികള് നല്കുന്ന സംഭാവനകള് ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായിരുന്നു പരിവര്ത്തന്. 2000 ത്തില് ആദായനികുതി വകുപ്പിലെ പൊതുഇടപാടുകളില് സുതാര്യത ആവശ്യപ്പെട്ട് പരിവര്ത്തന് ഒരു പൊതുതാത്പര്യ ഹര്ജി കൊടുക്കുകയും ചീഫ് കമ്മീഷണറുടെ ഓഫീസിന് മുന്നില് സത്യാഗ്രഹം നടത്തുകയും ചെയ്തു.ഇലക്ട്രിസിറ്റി ഓഫീസുകള്ക്ക് മുന്നില് തമ്പടിച്ച് സന്ദര്ശകരോട് കൈക്കൂലി നല്കരുത് എന്നാഹ്വാനം ചെയ്യുകയും അവരുടെ ആവശ്യങ്ങള് നേടിയെടുക്കാന് അവരെ സഹായിക്കുകയും ചെയ്തു. 2001 ല് ഡല്ഹി സര്ക്കാര് അറിയുവാനുള്ള അവകാശ നിയമം കൊണ്ടുവന്നു. ചെറിയ ഫീസ് നല്കി സര്ക്കാര് രേഖകള് പരിശോധിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. പരിവര്ത്തന് ഈ സൌകര്യം പ്രയോജനപ്പെടുത്തി കൈക്കൂലി നല്കാതെ ജനങ്ങളുടെ ആവശ്യങ്ങള് നിറവേറ്റുന്നതില് വിജയിച്ചു.2002 ല് 68 മാരാമത്ത് പണികള് സംബ്ബന്ധിച്ച ഔദ്യോഗിക രേഖകള് വിവരാവകാശം വഴി അവര് സ്വന്തമാക്കി.എന്നിട്ട് ഒരു ജനകീയ ഓഡിറ്റ് നടത്തി.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. 2002 ഡിസംബര് 14 ന് പരിവര്ത്തന് ഒരു പൊതുവിചാരണ സംഘടിപ്പിച്ചു. അവിടെ ജനങ്ങള് അവരുടെ പ്രദേശത്തെ വികസനമില്ലായ്മ സംബ്ബന്ധിച്ച് സംസാരിക്കുകയും ഉദ്യോഗസ്ഥരും നേതാക്കളുമാണ് ഇതിന് കാരണം എന്ന് തുറന്നടിക്കുകയും ചെയ്തു. 2003 ല് റേഷന് കട നടത്തിപ്പുകാരും ഉദ്യേഗസ്ഥരും ചേര്ന്ന് സബ്സിഡി ഭക്ഷ്യധാന്യം തിരിമറി നടത്തുന്നത് പരിവര്ത്തന് പുറത്തുകൊണ്ടുവന്നു. 
 
2004 ല് ആര്ടിഐ ഉപയോഗിച്ച് ജലവിതരണം സ്വകാര്യവത്ക്കരിക്കാനുള്ള ലോകബാങ്കും സര്ക്കാര് ഏജന്സികളും തമ്മിലുള്ള കത്തിടപാടുകളുടെ കോപ്പികള് സംഘടിപ്പിച്ചു.പദ്ധതിക്ക് വേണ്ടിവരുന്ന വലിയ തുക പിന്നീട് വെള്ളക്കരം പത്തിരട്ടി ഉയരാന് ഇടയാക്കുമെന്നും പാവപ്പെട്ടവര്ക്ക് കുടിവെള്ളം നിഷേധിക്കുമെന്നും വാദിക്കുകയും അത് ചര്ച്ചാവിഷയമാക്കുകയും ചെയ്തു. അതോടെ സര്ക്കാരിന് പദ്ധതി നിര്ത്തിവയ്ക്കേണ്ടി വന്നു.പരിവര്ത്തന് നടത്തിയ മറ്റൊരു പ്രക്ഷോഭം സര്ക്കാര് ഭൂമി സബ്സിഡി നിരക്കില് ലഭിക്കുന്ന സ്വകാര്യ സ്കൂളുകള് പാവപ്പെട്ട കുട്ടികള്ക്ക് സൌജന്യ പഠനം നല്കണം എന്നതായിരുന്നു.ഓരോ സ്കൂളും 700 പാവപ്പെട്ട കുട്ടികള്ക്ക് സൌജന്യവിദ്യാഭ്യാസം നല്കണം എന്ന കോടതി വിധി സംഘടിപ്പിക്കാനും പരിവര്ത്തന് കഴിഞ്ഞു.
 
പരിവര്ത്തന് വലിയ വിജയമായതോടെ 2005 ല് അരവിന്ദും മനീഷും ചേര്ന്ന് കബീര് എന്നൊരു എന്ജിഓ രജിസ്റ്റര് ചെയ്തു.അറിയുവാനുള്ള അവകാശവും പങ്കാളിത്ത ഭരണവുമായിരുന്നു ഫോക്കസ് ഏരിയകള്.കബീറിന്റെ പ്രവര്ത്തനങ്ങള്ക്ക് സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിച്ചിരുന്നു.മനീഷിനായിരുന്നു മേല്നോട്ടം. ദേശീയ തലത്തില് അറിയുവാനുള്ള അവകാശനിയമം സാധിതമാക്കുന്നതിന് നേതൃത്വം കൊടുത്ത അണ്ണാ ഹസാരെ ,അരുണ റോയ്,ശേഖര് സിംഗ് എന്നിവര്ക്കൊപ്പം അരവിന്ദും സ്ഥാനം പിടിച്ചു. 2006 ഫെബ്രുവരിയില് ജോലി രാജിവച്ചു.ആ വര്ഷം തന്നെ പരിവര്ത്തന് പ്രവര്ത്തനങ്ങളെ അധികരിച്ച് ഉയര്ന്നു വരുന്ന നേതാക്കള്ക്ക് നല്കുന്ന രമണ് മഗ്സാസെ പുരസ്ക്കാരം അരവിന്ദിന് ലഭിച്ചു. 2012 ല് പരിവര്ത്തന് പ്രവര്ത്തനങ്ങള് അവസാനിച്ചതോടെ സുന്ദര് നഗറിലെ അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചുവന്നു. ഇത്തരം പ്രവര്ത്തനങ്ങള്ക്ക് അല്പ്പായുസ്സേയുള്ളു എന്ന് അരവിന്ദ് മനസിലാക്കി. 
 
2006 ഡിസംബറില് മനീഷും അഭിനന്ദന് സെഖ്രിയുമായി ചേര്ന്ന് പബ്ളിക് കാസ് റിസര്ച്ച് ഫൌണ്ടേഷന് തുടങ്ങി.മഗ്സസെ പുരസ്ക്കാരം വഴി ലഭിച്ച തുക അതിനായി സംഭാവന ചെയ്തു.പ്രശാന്ത് ഭൂഷണും കിരണ് ബേദിയും ട്രസ്റ്റികളായി. അതോടെ പരിവര്ത്തനിലെ പ്രവര്ത്തകര്ക്ക് ശമ്പളം കൊടുത്തു തുടങ്ങി.
ആര്ടിഐ ഉപയോഗിച്ച് വിവിധ വകുപ്പുകളിലെ അഴിമതികള് പുറത്തുകൊണ്ടുവന്നു. 2010 ലെ കോമണ്വെല്ത്ത് ഗയിംസിലെ അഴിമതികള് പുറത്തുകൊണ്ടുവന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.കേന്ദ്ര വിജിലന്സ് കമ്മീഷനും സിബിഐയും അഴിമതിക്കെതിരെ പൊരുതാനുള്ള സ്വാതന്ത്ര്യമില്ലാത്ത സര്ക്കാര് സംവിധാനങ്ങളായതിനാല് ഒരു സ്വതന്ത്രമായ പൊതുജന ഓംബുഡ്സ്മാന് വേണമെന്ന് വാദിച്ചു.കേന്ദ്രത്തില് ലോക്പാലും സംസ്ഥാനങ്ങളില് ലോകായുക്തയും എന്നതായിരുന്നു വാദം. ഈ നീക്കം 2011 ല് അണ്ണാ ഹസാരെ,കിരണ് ബേദി എന്നിവര്ക്കൊപ്പം ചേര്ന്നുള്ള അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രസ്ഥാനത്തിന് വഴിവച്ചു.ജന് ലോക്പാല് ബില്ല് പാസ്സാക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.
1991 ല് തന്നെ അഴിമതിക്കെതിരെ മഹാരാഷ്ട്രയില് പോരാട്ടം നടത്തിവന്ന നേതാവാണ് അണ്ണ ഹസാരെ.അദ്ദേഹത്തിന്റെ സമരം മഹാരാഷ്ട്രയിലെ പല മന്ത്രിമാരുടെയും രാജിക്ക് വഴിയൊരുക്കിയിരുന്നു.2000 തുടക്കത്തിലായിരുന്നു വിവരാവകാശ നിയമത്തിനായുള്ള അണ്ണ ഹസാരെയുടെ പോരാട്ടം.അണ്ണായുടെ പങ്കാളിത്തം ഡല്ഹി സമരത്തിന് വലിയ ഊര്ജ്ജമാണ് പകര്ന്നത്.2011 ഏപ്രില് അഞ്ചിനാണ് ലോക്പാല് പാസ്സാക്കാനായി അണ്ണ നിരാഹാര സമരം തുടങ്ങിയത്. 
 
150 പ്രമുഖര് ഒപ്പം നിരാഹാരമനുഷ്ടിച്ചു. സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. രാഷ്ട്രീയക്കാരെ പൂര്ണ്ണമായും മാറ്റിനിര്ത്തിയ സമരത്തിന് ശ്രീശ്രീ രവിശങ്കറും ബാബ രാംദേവും സ്വാമി അഗ്നിവേശും കപില്ദേവുമെല്ലാം പിന്തുണയ്ക്കാനെത്തി. ജനകീയ ഡ്രാഫ്റ്റ് തയ്യാറാക്കിയത് സുപ്രിംകോടതി ജഡ്ജിയായിരുന്ന സന്തോഷ് ഹെഗ്ഡെയും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണും അരവിന്ദും ചേര്ന്നായിരുന്നു. പ്രധാനമന്ത്രിയേയും ലോക്പാലിന്റെ പരിധിയില്കൊണ്ടുവരുന്ന രീതിയിലായിരുന്നു ഡ്രാഫ്റ്റ്.
കേന്ദ്രം ഭരിച്ചിരുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലയന്സ് സര്ക്കാരിനെ നിയന്ത്രിച്ചിരുന്ന ദേശീയ ഉപദേശകസമിതി മറ്റൊരു ഡ്രാഫ്റ്റും തയ്യാറാക്കിയിരുന്നു. സോണിയ ഗാന്ധിയായിരുന്നു അധ്യക്ഷന്. എന്നാല് പ്രധാനമന്ത്രിയെയും പ്രധാന ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയെയും ലോക്പാലിന്റെ പരിധിയില് നിന്നും ഒഴിവാക്കിയാണ് അവര് ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഇതിനെ ആന്റി കറപ്ഷന് മൂവ്മെന്റ് എതിര്ത്തു. ലോക്പാലിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്,സുതാര്യതാ വ്യവസ്ഥകള്,പൊതുജനങ്ങളുടെ പരാതി പരിഗണിക്കാന് ലോക്പാലിന് അനുവാദമില്ല തുടങ്ങിയ അപാകതകള് ചര്ച്ചയായി.ഒടുവില് ജന്ലോക്പാല് കരട് ഉണ്ടാക്കാന് സര്ക്കാര് സമിതിയുണ്ടാക്കി. ധനമന്ത്രി പ്രണാബ് മുഖര്ജി,ആഭ്യന്തരമന്ത്രി ചിദംബരം,നിയമ നീതികാര്യ മന്ത്രി എം.വീരപ്പ മൊയ്ലി,മാനവവിഭവശേഷി മന്ത്രി കപില് സിബല്,ജലവിഭവ മന്ത്രി സല്മാന് ഖുര്ഷിത് എന്നിവര് സര്ക്കാര് പ്രതിനിധികളും അണ്ണ ഹസാരെ,എന്.സന്തോഷ് ഹെഗ്ഡെ,ശാന്തി ഭൂഷണ്,പ്രശാന്ത് ഭൂഷണ്,അരവിന്ദ് എന്നിവര് പ്രക്ഷോഭകരുടെ പ്രതിനിധികളുമായിരുന്നു.എന്നാല് സമിതിയില് പുറത്തുനിന്നുള്ള പ്രതിനിധികളുടെ വാദങ്ങള് മന്ത്രിമാരും ഉദ്യോഗസ്ഥരും കേള്ക്കുന്നില്ല എന്ന് അരവിന്ദ് പരാതിപ്പെട്ടു.ജനപ്രതിനിധികളെ ഹൈജാക്കുചെയ്യാന് അനുവദിക്കില്ലെന്ന് സര്ക്കാരും ജനപ്രതിനിധികള് ഏകാധിപതികളാകാന് പാടില്ലെന്ന് അരവിന്ദും വാദിച്ചു. ഒടുവില് വിഷയം പൊതുചര്ച്ചയായി.
ജനപ്രതിനിധികള്ക്കും മുകളില് ലോക്പാലിന് അധികാരം വരുന്നതിനെ ജനാധിപത്യവിരുദ്ധം എന്ന് ചിലര് വിമര്ശിച്ചു. ഇന്ത്യയുടെ നയരൂപീകരണത്തെ സ്വാധീനിക്കാനുള്ള വിദേശ ഇടപെടലാണ് ഇതെന്നായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് വിശേഷിപ്പിച്ചത്. 
 
മഗ്സസെ പുരസ്ക്കാരത്തിന് ഫണ്ട് ചെയ്തത് ഫോര്ഡ് ഫൌണ്ടേഷനാണെന്നും അരവിന്ദിന്റെ എന്ജിഓ ആയ കബീറിന് 3,97,000 ഡോളര് സഹായവും ഫോര്ഡില് നിന്നും ലഭിച്ചിട്ടുണ്ട് എന്നും അവര് ആരോപിച്ചു. എന്നാല് വിവരാവകാശ കാമ്പയിന് സഹായിക്കാനാണ് പണം നല്കിയതെന്ന് ഫോര്ഡ് അവകാശപ്പെട്ടു. കോണ്ഗ്രസിനെതിരായ ആര്എസ്എസ് അജണ്ടയാണ് സമരം എന്നും വാദമുണ്ടായി. 2012 ജനുവരിയില് ശക്തമായ അധികാരങ്ങളോടെയുള്ള ജന്ലോക്പാല് എന്നതില് നിന്നും സര്ക്കാര് പിറകോട്ടുപോയി. സമരം വീണ്ടും ശക്തമായി.അത് വലിയ ജനകീയ കൂട്ടായ്മയായി മാറി. അണ്ണാ ഹസാരെ 2012 ജൂലൈ 28ന് വീണ്ടും നിരാഹാരം തുടങ്ങി. കോണ്ഗ്രസിനും ബിജെപിക്കുമെതിരെ ദേശീയതലത്തില് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്നും അണ്ണ പ്രഖ്യാപിച്ചു. 2012 ആഗസ്റ്റ് രണ്ടിന് ഒരു പുതിയ പാര്ട്ടി രൂപീകരിക്കുന്നതില് തെറ്റില്ല എന്നും അണ്ണ പറഞ്ഞു(തുടരും)

Tuesday, 23 April 2024

Will Kejriwal emerge from the ashes ? -Part-1

 

2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച "പറന്നുയരുമോ കെജ്രിവാള്"എന്ന ലേഖനം -ഭാഗം -1
==================================
പറന്നുയരുമോ കെജ്രിവാള് ?
======================
- വി.ആര്.അജിത് കുമാര്
====================
അരവിന്ദ് കെജ്രിവാള് ഫീനിക്സ് പക്ഷിയെപോലെ തീയില് നിന്നും പറന്നുയരുമോ അതോ അമാവാസിയില് മറഞ്ഞ ചന്ദ്രനാകുമോ? ഇപ്പോള് നടക്കുന്ന ചര്ച്ചകളില് ഉയര്ന്നു വരുന്ന പ്രധാനപ്പെട്ട ചോദ്യം ഇതാണ്. ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മലക്കം മറിയലും ജാര്ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ അറസ്റ്റും കഴിഞ്ഞതോടെ അരവിന്ദ് കെജ്രിവാളിന് കുരുക്കു മുറുകും എന്ന തോന്നല് സജീവമായിരുന്നു. എന്ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസുകള് നിരന്തരം അവഗണിച്ച കെജ്രിവാള് ആദ്യമേതന്നെ ഇഡിക്ക് മുന്നില് ഹാജരായിരുന്നെങ്കില് ഇപ്പോള് ഒരു പക്ഷെ ജാമ്യം നേടി പുറത്തുവരാന് കഴിഞ്ഞേനെ. അതൊരു സാധ്യത മാത്രമാണ് എങ്കിലും പുറത്തുനില്ക്കുന്ന കെജ്രിവാളാണോ ജയിലിലുള്ള കെജ്രിവാളാണോ കൂടുതല് ശക്തന് എന്നത് പാര്ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ജൂണ് നാല് നമുക്ക് മനസിലാക്കിതരും. അഴിമതിക്കെതിരെ പോരാടുകയാണ് ഇന്ത്യ എന്ന് മോദി രാവുംപകലും പറഞ്ഞു നടന്നത് പൊള്ളയാണെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലിലൂടെ ജനം അറിഞ്ഞു കഴിഞ്ഞു. എസ്ബിഐ ബോണ്ടുകളില് പകുതിയിലധികം കിട്ടിയ ബിജെപി കരാറു നല്കുന്നതിന് കൈക്കൂലി വാങ്ങി എന്നുമാത്രമല്ല എന്ഫോഴ്മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പണം നേടി എന്നും തെരഞ്ഞെടുപ്പ് ബോണ്ടിലെ മറനീക്കിയപ്പോള് വെളിപ്പെട്ടു. അതിലെ ഏറ്റവും വലിയ ഹാസ്യം ഈഡി അന്വേഷിക്കുന്ന ഡല്ഹി മദ്യനയ അഴിമതിക്കേസില് ബന്ധപ്പെട്ടിട്ടുള്ള ബിസിനസുകാരും കേസ് അന്വേഷണം തുടങ്ങിയ ശേഷം ബിജെപിക്ക് ബോണ്ടിലൂടെ വലിയ തുക സംഭാവന ചെയ്തു എന്നതാണ്.
 
            അമ്പുകൊള്ളാത്തവരില്ല കുരുക്കളില് എന്ന് പറയുംപോലെ അഴിമതിയുടെ കറപുരളാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇല്ല എന്ന സത്യമാണ് ഇവര്ക്ക് വോട്ട് ചെയ്യേണ്ടിവരുന്ന ജനങ്ങള് ഇപ്പോള് മനസിലാക്കുന്നത്. എല്ലാവരും മോശക്കാരാണെങ്കില് സ്വയംവരത്തിന് ആരെ സ്വീകരിക്കാം എന്ന വധുവിന്റെ ഗതികേടിലാണ് ജനം. കണ്ണ് കെട്ടിക്കൊണ്ട് ഒരാളെ തൊടാം അല്ലെങ്കില് തമ്മില് ഭേദം തൊമ്മന് എന്നൊരു തീരുമാനമെടുക്കാം. അതിന് ജാതിയും മതവും ബന്ധവും ഒക്കെ പിടിവള്ളിയാകാം. വളരെ സാധാരണക്കാരായ മനുഷ്യരുടെ ചിന്ത മറ്റൊരു വിധത്തിലാണ്. നമുക്ക് തത്ക്കാലം എന്ത് കിട്ടും എന്നുനോക്കി വോട്ട് ചെയ്യാം എന്ന സമീപനം. അതിന് തടയിടുക എന്നതാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതല. ഒഴുക്കാന് എല്ലാവരുടേയും കൈയ്യില് അഴിമതിപ്പണമുണ്ട്. അത് വോട്ടറെ സ്വാധീനിക്കാനായി ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രം. ആദര്ശരാഷ്ട്രീയമൊക്കെ അസ്തമിച്ചു കഴിഞ്ഞു, അല്ലെങ്കില് അങ്ങിനെയൊന്ന് ഉണ്ടായിരുന്നോ എന്നും സംശയിക്കണം. ഇവിടെയും കോണ്ഗ്രസിന് വര്ഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ഉദാസീനമായ പിഴവിനെ ബിജെപി ചൂഷണം ചെയ്തു.ഇന്കംടാക്സ് കണക്കുകള് നല്കിയതിലെ പിഴവിന് പലിശയും പിഴപ്പലിശയുമൊക്കെയായി വലിയ തുക പിഴയിട്ടു. അവരുടെ അക്കൌണ്ടുകള് മരവിപ്പിച്ചു. ചിലവഴിക്കാന് പണമില്ലാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്.ഇതെല്ലാം സൂചിപ്പിക്കുന്നത് ബിജെപിക്ക് വലിയ വിജയം എന്ന പ്രതീക്ഷ നിറവേറ്റാന് അവര് ഇറക്കുന്ന തരംതാണ സമ്മര്ദ്ദ അടവുകളാണ് ഇതെല്ലാം എന്നതാണ്.ഇതിനെയെല്ലാം ജനം എങ്ങിനെ കാണുന്നു എന്നറിയാന് ഒരു ചെറിയ കാത്തിരിപ്പേ ഇനി ആവശ്യമുള്ളു.
 
 
          ആദര്ശരാഷ്ട്രീയം പുറമെയെങ്കിലും പറയുക രാഷ്ട്രീയ അടവാണ്. മതേതരത്വം എന്നതാണ് കോണ്ഗ്രസിന്റെയും മിക്ക പ്രതിപക്ഷ പാര്ട്ടികളുടെയും ആദര്ശം. അത് ലക്ഷ്യമിടുന്നത് ഉറച്ച ന്യൂനപക്ഷ വോട്ടിലുമാണ്. അത് ആര്ക്ക് എത്രമാത്രം ലഭിക്കുന്നു എന്നത് വളരെ നിര്ണ്ണായകമാണ്. ബിജെപിക്ക് ഭൂരിപക്ഷ വോട്ട് ലക്ഷ്യമിടുന്ന മതാധിഷ്ടിത ആദര്ശമാണ് ഉള്ളത്. എന്നാല് ആദര്ശങ്ങളില് വിശ്വസിക്കാത്ത നേതാവാണ് കെജ്രിവാള്. അദ്ദേഹം പറയുന്നത് ഇരുപത് ശതമാനം വരുന്ന ന്യൂനപക്ഷ വോട്ട് നിലവിലുള്ള മതേതരപ്രസ്ഥാനങ്ങള് വസൂലാക്കി കഴിഞ്ഞു. അതില് കണ്ണുനട്ടിട്ട് കാര്യമില്ല. 80 ശതമാനം വരുന്ന ഹിന്ദു വോട്ടിലാകണം കണ്ണ്. വോട്ട് നേടുക,അധികാരത്തിലെത്തുക എന്നതിനപ്പുറം ആശയമൊന്നും വേണ്ട എന്ന അരവിന്ദ് കെജ്രിവാളിന്റെ സമീപനത്തെയാണ് ബിജെപി ഭയക്കുന്നത്. ഡല്ഹി പിടിച്ചതിന് പുറമെ പഞ്ചാബില് പ്രധാന പാര്ട്ടികളെ ഞെട്ടിക്കുകയും ഗോവയില് ബിജെപിയെ ഭയപ്പെടുത്തുകയും ഗുജറാത്തിലേക്ക് ഒരു പാലമിടുകയും ചെയ്ത കെജ്രിവാളിനെ ബിജെപി ഭയക്കുന്നതിന് കാരണം മറ്റൊന്നുമല്ല,ബിജെപിയുടെ അതേ പാതയിലാണ് അരവിന്ദും. ഏത് വിധേനയും അധികാരം നേടുക, ലക്ഷ്യം മാര്ഗ്ഗത്തെ സാധൂകരിക്കും എന്നതാണ് നിലപാട്. 
 
                 കെജ്രിവാളിന്റെ വേരുകളാകും നരേന്ദ്രമോദിയെ ഏറെ ഭയപ്പെടുത്തുന്നത്. കച്ചവട സമൂഹമായ ബനിയ ജാതിയില് പെട്ട അഗര്വാളാണ് അരവിന്ദ്. ബനിയകളെ കുറിച്ച് അംബദ്ക്കര് പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്. “ബനിയകള് പണസമ്പാദനം മാത്രം ലക്ഷ്യമിട്ട് ജീവിക്കുന്ന സമൂഹമാണ്. സമ്പാദിക്കുക,അത് അടുത്ത തലമുറയ്ക്ക് കൈമാറുക, അത് മാത്രമെ അവര്ക്കറിയൂ. മതം,ഭൂമി,സംസ്ക്കാരം ഒന്നും അവരെ ബാധിക്കില്ല.നല്ല ജീവിതം പോലും അവര് ആഗ്രഹിക്കുന്നില്ല.പണത്തിനുവേണ്ടി എന്ത് ക്രൂരകൃത്യവും അവര് ചെയ്യും. എന്നാല് ഇതില് നിന്നും വ്യത്യസ്തമായി അവര് പണം ചിലവിടുന്നത് രാഷ്ട്രീയത്തിന് മാത്രമാണ്. അതും ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുണ്ടായ ഒരു ചിന്താപദ്ധതിയാണ്.ശരിക്കും രാഷ്ട്രീയ താത്പ്പര്യം കൊണ്ടല്ല അവര് ഈ രംഗത്തേക്കിറങ്ങിയത് എന്നു വ്യക്തം. പൊതുതാത്പ്പര്യത്തിലൂടെ സ്വകാര്യനേട്ടമാണ് അവര് ലക്ഷ്യമിടുന്നത്.”
 
              എന്നാല് മഹാത്മഗാന്ധി ഇതില് നിന്നും വ്യത്യസ്തനായിരുന്നു എന്ന് നമുക്ക് കാണാം. ഗാന്ധിജിയെപോലെ തന്നെ സസ്യഭുക്കായ അരവിന്ദും തികഞ്ഞ ഹിന്ദുവും വിപാസന രീതിയില് വലിയ വിശ്വാസം പുലര്ത്തുന്ന ആളുമാണ്. ജനകീയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായാണ് ഗാന്ധിജി കോണ്ഗ്രസിലെ ചോദ്യം ചെയ്യാന് കഴിയാത്ത നേതാവായതെങ്കില് കെജ്രിവാളും അതേ പാതയിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധേയനായതും ആംആദ്മി പാര്ട്ടിയുടെ ഏക അധികാര കേന്ദ്രമായി മാറിയതും. അവിടെതീരുന്നു അവര് തമ്മിലുള്ള സാമ്യം. പിന്നെയുള്ളതെല്ലാം രാഷ്ട്രീയ അടവുകളും തന്ത്രങ്ങളും വലിയ ആഗ്രഹങ്ങളുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന് യോഗ്യനാണെന്ന് സ്വയം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കളില് ഒരാള് കെജ്രിവാളാണല്ലോ. (തുടരും)

Tuesday, 16 April 2024

Is India Artificial Intelligence Ready?

 Is India Artificial Intelligence Ready?

-V.R.Ajith kumar

India, with its burgeoning tech sector and ambitious goals, stands at the forefront of the global Artificial Intelligence (AI) landscape. Hosting the inaugural global summit on AI and chairing the Global Partnership on AI (GPAI), India has positioned itself as a key player in shaping the future of this transformative technology. With a target of reaching a $500 billion AI business by 2025, India's aspirations are nothing short of monumental. However, amidst this drive for early adoption and innovation, the critical question remains: Is India truly ready for the ethical implications and regulatory challenges that accompany AI advancement?

While India's vision for AI-driven growth is commendable, it is imperative to recognize the need for a robust framework to guide its ethical expansion. Regulations within the AI sector must be prioritized, with a particular emphasis on addressing the needs of children and adolescents, who constitute a vital demographic in this context. Failure to establish comprehensive regulations risks leaving vulnerable populations exposed to the potential harms of unchecked AI development.

One of the foremost concerns in the realm of AI regulation is the proliferation of opaque algorithms and dark patterns, which can exploit impressionable young minds. The unchecked deployment of AI-powered digital services poses significant risks, including issues of addiction, mental health, and overall safety. Moreover, the emergence of deepfake technology presents a new frontier of threats, with malicious actors capable of creating and distributing morphed, sexually explicit content targeting young individuals.

To navigate these challenges, India can draw upon international best practices and guidance. Organizations such as UNICEF advocate for principles that prioritize children's well-being, inclusion, fairness, and transparency in AI deployments. Similarly, initiatives like the Californian Code emphasize the importance of clear communication, default privacy settings, and the assessment of potential harm to children in digital services.

India should also invest in research to gather evidence on the benefits and risks of AI for children and adolescents. By establishing a baseline understanding, policymakers can work towards crafting age-appropriate regulations tailored to India's unique socio-cultural context.

Taking inspiration from models such as Australia's Online Safety Youth Advisory Council, India can foster greater collaboration between policymakers and youth representatives. These councils provide invaluable insights into the specific challenges faced by young people in their interactions with AI systems, ensuring that regulatory efforts remain responsive and adaptive.

In conclusion, while India's ambitions in the field of AI are laudable, they must be accompanied by a steadfast commitment to ethical governance and regulatory oversight. By prioritizing the well-being and safety of its citizens, particularly its youth, India can chart a course towards AI-driven growth that is both sustainable and inclusive. Only then can India truly claim to be ready for the transformative power of Artificial Intelligence.