2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയരുമോ കെജ്രിവാള് എന്ന ലേഖനം- അവസാന ഭാഗം
------------
വി.ആര്.അജിത് കുമാര്
-----------
ചില കറുത്ത പൊട്ടുകള്
ഒരു വ്യക്തിയും പ്രസ്ഥാനവും നൂറ് ശതമാനം സത്യസന്ധമാകുക സാധ്യമല്ലതന്നെ. ഉണ്ടാകുന്ന ചെറിയ തെറ്റുകളേയും സ്വഭാവവൈകല്യങ്ങളേയും പോലും ഉയര്ത്തിക്കാട്ടുക സ്വാഭാവികവും.ഇത്തരത്തിലുള്ള ആരോപണങ്ങളില് നിന്നും കെജ്രിവാളും മുക്തനല്ല.2014 ലെ ഒരു ഇന്റര്വ്യൂവില് പത്രപ്രവര്ത്തകനായ പുണ്യ പ്രസൂന് ബാനര്ജിയോട് 2014 ലെ തന്റെ രാജി ഭഗത്സിംഗിന്റെ ത്യാഗത്തിന് തുല്യമാണ് എന്നു പറയാന് പ്രേരിപ്പിക്കുന്നതും വ്യവസായങ്ങളുടെ സ്വകാര്യവത്ക്കരണത്തില് ഇടത്തരക്കാര്ക്ക് എതിര്പ്പ് തോന്നാം എന്നതിനാല് ഇന്റര്വ്യൂവില് നിന്നും ആ ഭാഗം ഒഴിവാക്കണമെന്നും നിര്ദ്ദേശിച്ചത് ലീക്കായി. അത് കെജ്രിവാളിന്റെ മിസ്റ്റര് ക്ലീന് ഇമേജിന് കോട്ടമുണ്ടാക്കി. 2021 മെയില് സിംഗപ്പൂരില് കുട്ടികളില് പടരുന്ന ഒരു കൊറോണ വേരിയന്റ് വന്നിട്ടുണ്ട് എന്ന മട്ടില് തെറ്റായ സന്ദേശം പ്രചരിപ്പിച്ചു എന്ന അപഖ്യാതിയും ഉണ്ടായി. 2022 ല് കോവിഡ് കാലത്ത് ഡല്ഹി ആശുപത്രിയിലേക്ക് ആവശ്യമുള്ള ഓക്സിജന്റെ അളവ് പെരുപ്പിച്ചുകാട്ടി എന്ന ആരോപണവും ഉണ്ടായി. 2023 ഏപ്രിലില് വീടിന്റെ അറ്റകുറ്റപ്പണിക്ക് വലിയ തുക ചിലവഴിച്ചു എന്ന ആരോപണം വന്നു. 52.71 കോടിയാണ് ചിലവഴിച്ചത്. ഈ കേസ്സില് സിബിഐ അന്വേഷണം നടക്കുകയാണ്.
2014 ല് അരവിന്ദ് ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ലിസ്റ്റില് ഇടംപിടിച്ച നിതിന് ഗഡ്കരി കേസ്സിന് പോയി. അരവിന്ദ് മാപ്പുപറഞ്ഞ് തടിയൂരി. കബില് സിബലിനോടും മാപ്പുപറയേണ്ടിവന്നു. 2017 ല് പഞ്ചാബിലെ റവന്യൂ മന്ത്രി ബിക്രം മജീദിയ മയക്കുമരുന്നു കച്ചവടത്തിന്റെ ഭാഗമാണെന്നു പറഞ്ഞു. മന്ത്രി കേസ് കൊടുത്തു. 2018 മാര്ച്ചില് മാപ്പു പറഞ്ഞു. ഡല്ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനില് നടന്ന ക്രമക്കേടുകളില് ധനമന്ത്രി അരുണ് ജയ്റ്റ്ലി പങ്കാളിയാണ് എന്നാരോപിച്ചു. അരുണ് പത്ത് കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. 2018 ഏപ്രിലില് മാപ്പുപറഞ്ഞ് ഒത്തുതീര്പ്പാക്കി. തുടക്കത്തില് ഒപ്പമുണ്ടായിരുന്ന മേധാ പട്ക്കര്,ഗാന്ധിജിയുടെ ചെറുമകൻ ഗോപാല്കൃഷ്ണ ഗാന്ധി,റോയല് ബാങ്ക് ഓഫ് സ്കോട്ലന്റ് കണ്ട്രി ചീഫ് മീര സന്ന്യാല്, ചിലവ് കുറഞ്ഞ എയര്ലൈന്സ് ആരംഭിച്ച ക്യാപ്റ്റന് ഗോപിനാഥ്,ലാല് ബഹദൂര് ശാസ്ത്രിയുടെ ചെറുമകന് ആദര്ശ് ശാസ്ത്രി,പ്രശാന്ത് ഭൂഷണ്,യോഗേന്ദ്ര യാദവ് എന്നിവര് അരവിന്ദില് നിന്നും അകന്നത് മറ്റ് രാഷ്ട്രീയക്കാരില് നിന്നും വ്യത്യസ്തനല്ല അരവിന്ദ് എന്ന് മനസിലാക്കിയതാനാലും സ്വേച്ഛാധിപത്യ സമീപനത്താലുമാണ് എന്ന് വിലയിരുത്തപ്പെടുന്നു.അധികാര വഴികളില് ആരം തടസ്സമാകാതിരിക്കാന് അരവിന്ദ് ശ്രദ്ധിച്ചിരുന്നു.2015 ല് അത്തരത്തിലുള്ള ഒരു നീക്കത്തിലാണ് യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പാര്ട്ടിയില് നിന്നും ഒഴിവാക്കിയത്. അരവിന്ദിന്റെ വിശ്വസ്തരായ ചിലര് ഒപ്പം നില്ക്കുമെന്ന് ഉറപ്പുള്ള ചില എംഎല്എമാരുമായി ചേര്ന്ന് ദേശീയ കണ്വെന്ഷന് മുന്നെ രഹസ്യയോഗം ചേരുകയും ദേശീയ കണ്വെന്ഷനില് യോഗേന്ദ്രയെയും പ്രശാന്തിനേയും അതിനിശിതമായി വിമര്ശിക്കാന് തീരുമാനിക്കുകയും അത്തരത്തിലുള്ള ഒരു നാടകം അരങ്ങേറുകയും ചെയ്തു. തുടര്ന്ന് അവര് പാര്ട്ടി വിട്ടു.
പഞ്ചാബ് പിടിച്ചത് ഖാലിസ്ഥാന്റെ സഹായത്തോടെയാണ് എന്നൊരാരോപണവും നിലവിലുണ്ട്. 2017 തെരഞ്ഞെടുപ്പിന് മുന്നെ കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും അരവിന്ദ് ഉള്പ്പെട്ട ആപ്പ് ടീം പര്യടനം നടത്തിയിരുന്നു. ടൊറന്റോയിലെയും മറ്റും ഗുരുദ്വാരകളില് ഖാലിസ്ഥാന് നേതാവ് ഭിന്ദ്രന്വാല, അമൃത്സര് വെടിവെയ്പില് മരണപ്പെട്ട രക്തസാക്ഷികള് എന്നിവരുടെ ചിത്രങ്ങള്ക്ക് മുന്നിലിരുന്നായിരുന്നു ചര്ച്ചകള്. കൂടെവന്ന ചില നേതാക്കള് അത് ചൂണ്ടിക്കാട്ടിയപ്പോള് പണം സ്വരൂപിക്കുന്നതില് ശ്രദ്ധിക്കൂ എന്നാണ് കെജ്രിവാള് നിര്ദ്ദേശിച്ചത് എന്നൊരാരോപണം നിലവിലുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ചുക്കാന് പിടിച്ചതും ഖാലിസ്ഥാന് അനുകൂലികളായിരുന്നു എന്നതാണ് മറ്റൊരാരോപണം. വിജയം ഉറപ്പിച്ച കെജ്രിവാള് വോട്ടെണ്ണും മുന്നെതന്നെ പ്രധാന നേതാക്കളെ ചാനല് ചര്ച്ചകള്ക്കും അയച്ചിരുന്നു. എന്നാല് ഫലം അനുകൂലമല്ല എന്നറിഞ്ഞതോടെ ഈവിഎമ്മിനെ കുറ്റം പറഞ്ഞ് തടിയൂരാനായിരുന്നു നിര്ദ്ദേശം. എന്നാല് അടുത്ത നിയമസഭ തെരഞ്ഞടുപ്പില് അരവിന്ദ് വിജയം ഉറപ്പിച്ചു. ഒടുവിലുണ്ടായ പരാതി ഭഗത്സിംഗിന്റെ ചെറുമകനില് നിന്നായിരുന്നു. അംബദ്ക്കര്ക്കും ഭഗത്സിംഗിനുമൊപ്പം കെജ്രിവാളിന്റെ ചിത്രം ഓഫീസില് വച്ച്, അതിന് മുന്നിലിരുന്ന് അരവിന്ദിന്റെ ഭാര്യ വീഡിയോ എടുത്ത് പ്രസിദ്ധീകരിച്ചതിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
----------------------------------------------
അരവിന്ദും ഇന്ത്യ മുന്നണിയും നേരിടുന്ന പ്രതിസന്ധി
----------------------------------------
പത്ത് വര്ഷം മുന്നെ കോണ്ഗ്രസിന്റെയും ഷീല ദീക്ഷിത്ത് നേതൃത്വം കൊടുത്ത ഡല്ഹി സര്ക്കാരിന്റെയും അഴിമതികള്ക്കെതിരെ ശബ്ദമുയര്ത്തിയും പ്രക്ഷോഭം സംഘടിപ്പിച്ചും അധികാരത്തിലെത്തിയ അരവിന്ദിന് തന്റെയും പാര്ട്ടിയുടേയും സത്യസന്ധത(ഖട്ടര് ഇമാന്ദാര്)തെളിയിക്കേണ്ട സമയം വന്നിരിക്കയാണ്.അസംബ്ലിയില് ഒറ്റ സീറ്റുപോലും ഇല്ലാത്ത, ഒരു പാര്ലമെന്റ് അംഗം പോലും ഡല്ഹിയില് നിന്നില്ലാത്ത കോണ്ഗ്രസ് ഇപ്പോള് ആപ്പിന്റെ തെരഞ്ഞെടുപ്പ് പങ്കാളിയാണ്. ഇപ്പോള് മൂന്ന് സീറ്റില് മത്സരിക്കുന്നു.ആപ്പിന് മുന്നെ പതിനഞ്ച് വര്ഷം തുടര്ച്ചയായി ഡല്ഹി ഭരിച്ച പാര്ട്ടിയാണ് കോണ്ഗ്രസ്.ഡല്ഹിയില് സുഹൃത്തുക്കളായ ഈ പാര്ട്ടികള് പഞ്ചാബില് ശത്രുക്കളാണ്.അവിടെ 2022 ല് കോണ്ഗ്രസിനെ തോല്പ്പിച്ചാണ് ആപ്പ് ഭരണത്തിലെത്തിയത്. രണ്ടുകൂട്ടര്ക്കും അണികളെ ഒന്നിപ്പിക്കാന് ഏകമുദ്രാവാക്യം ബിജെപി വിരുദ്ധത മാത്രമാണ്,ബാക്കിയെല്ലാം വൈരുധ്യങ്ങളാണ്.
മാര്ച്ച് 21 രാത്രിയില് അരവിന്ദിനെ അറസ്റ്റു ചെയ്യുന്നത് ഡല്ഹി കോണ്ഗ്രസ് പ്രസിഡന്റ് അനില് കുമാര് മദ്യനയ അഴിമതിക്കെതിരെ നല്കിയ പരാതിയിലാണ്. മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്ക്ക് വലിയ തുക മുടക്കി എന്ന് ആരോപണം ഉന്നയിച്ചത് കോണ്ഗ്രസ് നേതാവ് അജയ് മാക്കനാണ്.ആ കേസ്സാണ് സിബിഐ അന്വേഷിക്കുന്നത്. പ്രണാബ് കുമാര് മുഖര്ജിയുടെ മകളും കോണ്ഗ്രസ് നേതാവുമായ ശര്മ്മിഷ്ഠ പറഞ്ഞത് കെജ്രിവാളിനെ അദ്ദേഹത്തിന്റെ കര്മ്മങ്ങള് വേട്ടയാടുകയാണ് എന്നാണ്.കോണ്ഗ്രസിന്റെയും ഷീല ദീക്ഷിത്തിന്റെയും അഴിമതികള് സംബ്ബന്ധിച്ച് പെട്ടിക്കണക്കിന് രേഖകള് കൈവശമുണ്ട് എന്ന് പറഞ്ഞിരുന്ന അരവിന്ദ് പത്ത് വര്ഷത്തിനിടയില് ഒരു പെട്ടിയും പുറത്തെടുത്തിട്ടില്ല എന്നും ശര്മ്മിഷ്ഠ ആരോപിച്ചിരുന്നു.അതുകൊണ്ടുതന്നെ കടുത്ത സമ്മര്ദ്ദമാണ് കോണ്ഗ്രസ് അഭിമുഖീകരിക്കുന്നത്. എന്നുമാത്രമല്ല, പലപ്പോഴായി അഴിമതിക്കാര് എന്ന് അരവിന്ദിന്റെ ആരോപണം ഏറ്റുവാങ്ങിയ പല ദേശീയ പ്രാദേശിക നേതാക്കള്ക്കും മോദിക്കെതിരെ അരവിന്ദ് കെജ്രിവാളിനെ ഉയര്ത്തികാട്ടേണ്ട സാഹചര്യമാണ് രൂപപ്പെട്ട് വന്നിട്ടുള്ളത്. ജയിലിലാണെങ്കിലും ഈ സാഹചര്യം അരവിന്ദിന് സന്തോഷം പകരുന്നുണ്ടാവും.ഇന്ത്യ ഗ്രൂപ്പിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികളെയും ഒരേ വേദിയില് കൊണ്ടുവരാനും താന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്ക്ക് നല്കുന്ന വാഗ്ദാനങ്ങള് എന്തെന്ന് ഭാര്യ സുനിതയുടെ ശബ്ദത്തില് വിളിച്ചുപറയാനും ഇന്ത്യ ഗ്രൂപ്പിലെ നേതാക്കളെ പങ്കെടുപ്പിച്ച വേദി ഉപയോഗിക്കാന് കെജ്രിവാളിന് കഴിഞ്ഞു. തിഹാര് ജയിലില് നിന്നും ഭരണം നടത്തുകയാണ് ഇപ്പോള് കെജ്രിവാള്. പാര്ട്ടിയില് എതിര്ശബ്ദങ്ങളുണ്ടാവാതെയും ബദ്ധശത്രുക്കളായ ആപ്പ്-കോണ്ഗ്രസ് അണികളെ ഒന്നിപ്പിച്ച് നിര്ത്തി ഡല്ഹിയിലെ സീറ്റുകള് തിരിച്ചുപിടിക്കുന്നതിലും പഞ്ചാബില് പരമാവധി സീറ്റ് നേടുന്നതിലും വിജയിക്കുകയാണെങ്കില് കെജ്രിവാള് എണ്ണപ്പെട്ട ദേശീയ നേതാവായി തുടരും. അതല്ല പാര്ട്ടിയിലും സഖ്യത്തിലും വിള്ളലുകള് ഉണ്ടാവുകയും ജയില് ജീവിതം തുടരുകയും ചെയ്യേണ്ടിവന്നാല് അണ്ണ ഹസാരെ പറഞ്ഞപോലെ അരവിന്ദ് ഇതുവരെ ചെയ്ത കര്മ്മങ്ങളാകും അദ്ദേഹത്തെ വേട്ടയാടുക!!( അവസാനിച്ചു)
No comments:
Post a Comment