2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച "പറന്നുയരുമോ കെജ്രിവാള്"എന്ന ലേഖനം -ഭാഗം -2
==================================
കെജ്രിവാള് എന്ന ആക്ടിവിസ്റ്റ്
----------------------------------------
ഹരിയാനയിലെ ഭിവാനി ജില്ലയിലെ സിവാനില് 1968 ആഗസ്റ്റ് 16 ന് ഗോവിന്ദ് റാം കെജ്രിവാളിന്റെയും ഗീതാദേവിയുടെയും മൂത്തപുത്രനായി ജനിച്ച അരവിന്ദ്, സോണിപ്പട്ടിലും ഗാസിയാബാദിലും ഹിസാറിലുമായാണ് കുട്ടിക്കാലം ചിലവഴിച്ചത്. ബിര്ള ഇന്സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില് നിന്നും ഇലക്ട്രിക്കല് എന്ജിനീയറിംഗില് ബിരുദം നേടിയിരുന്ന അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഈ മാറ്റങ്ങള്. ഹിസാറിലെ അഗ്രികള്ച്ചര് സര്വ്വകലാശാലയിലെ കാമ്പസ് സ്കൂളില് പഠനം നടത്തിയ അരവിന്ദ് 1985 ല് ഐഐടി-ജെഇഇ പരീക്ഷയില് ദേശീയ തലത്തില് അഞ്ഞൂറ്റി അറുപത്തിമൂന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഖരക്പൂര് ഐഐടിയില് മെക്കാനിക്കല് എന്ജിനീയറിംഗിന് ചേര്ന്നത്. 1989 ല് ജാംഷഡ്പൂരിലെ ടാറ്റാ സ്റ്റീല് പ്ലാന്റില് ജോയിന് ചെയ്തെങ്കിലും 1992 ല് ജോലി രാജിവച്ച് സിവില് സര്വ്വീസ് പരീക്ഷ എഴുതി. ഐപിഎസായിരുന്നു ലക്ഷ്യമെങ്കിലും 1995 ല് ഇന്ത്യന് റവന്യൂ സര്വ്വീസിലാണ് നിയമനം ലഭിച്ചത്. സര്വ്വീസില് ഇരിക്കുമ്പോള്തന്നെ 1999 ഡിസംബറില് പത്രപ്രവര്ത്തകനായ മനീഷ് സിസോദിയയുമായി ചേര്ന്ന് ഡല്ഹി സുന്ദര് നഗര് കേന്ദ്രീകരിച്ച് പരിവര്ത്തന് എന്ന പ്രസ്ഥാനം തുടങ്ങി. 2000 ജാനുവരിയില് അവധിയെടുത്ത് പരിവര്ത്തനില് സജീവമായി. പൊതുവിതരണ സംവിധാനം,മരാമത്ത്,സാമൂഹ്യക്ഷേമ പദ്ധതികള്,ആദായനികുതി,ഇലക്ട്രിസിറ്റി എന്നിവയുമായി ബന്ധപ്പെട്ട പൊതുജന പരാതികള് ഏറ്റെടുക്കുകയായിരുന്നു പരിവര്ത്തന് ചെയ്തത്.
വ്യക്തികള് നല്കുന്ന സംഭാവനകള് ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായിരുന്നു പരിവര്ത്തന്. 2000 ത്തില് ആദായനികുതി വകുപ്പിലെ പൊതുഇടപാടുകളില് സുതാര്യത ആവശ്യപ്പെട്ട് പരിവര്ത്തന് ഒരു പൊതുതാത്പര്യ ഹര്ജി കൊടുക്കുകയും ചീഫ് കമ്മീഷണറുടെ ഓഫീസിന് മുന്നില് സത്യാഗ്രഹം നടത്തുകയും ചെയ്തു.ഇലക്ട്രിസിറ്റി ഓഫീസുകള്ക്ക് മുന്നില് തമ്പടിച്ച് സന്ദര്ശകരോട് കൈക്കൂലി നല്കരുത് എന്നാഹ്വാനം ചെയ്യുകയും അവരുടെ ആവശ്യങ്ങള് നേടിയെടുക്കാന് അവരെ സഹായിക്കുകയും ചെയ്തു. 2001 ല് ഡല്ഹി സര്ക്കാര് അറിയുവാനുള്ള അവകാശ നിയമം കൊണ്ടുവന്നു. ചെറിയ ഫീസ് നല്കി സര്ക്കാര് രേഖകള് പരിശോധിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്. പരിവര്ത്തന് ഈ സൌകര്യം പ്രയോജനപ്പെടുത്തി കൈക്കൂലി നല്കാതെ ജനങ്ങളുടെ ആവശ്യങ്ങള് നിറവേറ്റുന്നതില് വിജയിച്ചു.2002 ല് 68 മാരാമത്ത് പണികള് സംബ്ബന്ധിച്ച ഔദ്യോഗിക രേഖകള് വിവരാവകാശം വഴി അവര് സ്വന്തമാക്കി.എന്നിട്ട് ഒരു ജനകീയ ഓഡിറ്റ് നടത്തി.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. 2002 ഡിസംബര് 14 ന് പരിവര്ത്തന് ഒരു പൊതുവിചാരണ സംഘടിപ്പിച്ചു. അവിടെ ജനങ്ങള് അവരുടെ പ്രദേശത്തെ വികസനമില്ലായ്മ സംബ്ബന്ധിച്ച് സംസാരിക്കുകയും ഉദ്യോഗസ്ഥരും നേതാക്കളുമാണ് ഇതിന് കാരണം എന്ന് തുറന്നടിക്കുകയും ചെയ്തു. 2003 ല് റേഷന് കട നടത്തിപ്പുകാരും ഉദ്യേഗസ്ഥരും ചേര്ന്ന് സബ്സിഡി ഭക്ഷ്യധാന്യം തിരിമറി നടത്തുന്നത് പരിവര്ത്തന് പുറത്തുകൊണ്ടുവന്നു.
2004 ല് ആര്ടിഐ ഉപയോഗിച്ച് ജലവിതരണം സ്വകാര്യവത്ക്കരിക്കാനുള്ള ലോകബാങ്കും സര്ക്കാര് ഏജന്സികളും തമ്മിലുള്ള കത്തിടപാടുകളുടെ കോപ്പികള് സംഘടിപ്പിച്ചു.പദ്ധതിക്ക് വേണ്ടിവരുന്ന വലിയ തുക പിന്നീട് വെള്ളക്കരം പത്തിരട്ടി ഉയരാന് ഇടയാക്കുമെന്നും പാവപ്പെട്ടവര്ക്ക് കുടിവെള്ളം നിഷേധിക്കുമെന്നും വാദിക്കുകയും അത് ചര്ച്ചാവിഷയമാക്കുകയും ചെയ്തു. അതോടെ സര്ക്കാരിന് പദ്ധതി നിര്ത്തിവയ്ക്കേണ്ടി വന്നു.പരിവര്ത്തന് നടത്തിയ മറ്റൊരു പ്രക്ഷോഭം സര്ക്കാര് ഭൂമി സബ്സിഡി നിരക്കില് ലഭിക്കുന്ന സ്വകാര്യ സ്കൂളുകള് പാവപ്പെട്ട കുട്ടികള്ക്ക് സൌജന്യ പഠനം നല്കണം എന്നതായിരുന്നു.ഓരോ സ്കൂളും 700 പാവപ്പെട്ട കുട്ടികള്ക്ക് സൌജന്യവിദ്യാഭ്യാസം നല്കണം എന്ന കോടതി വിധി സംഘടിപ്പിക്കാനും പരിവര്ത്തന് കഴിഞ്ഞു.
പരിവര്ത്തന് വലിയ വിജയമായതോടെ 2005 ല് അരവിന്ദും മനീഷും ചേര്ന്ന് കബീര് എന്നൊരു എന്ജിഓ രജിസ്റ്റര് ചെയ്തു.അറിയുവാനുള്ള അവകാശവും പങ്കാളിത്ത ഭരണവുമായിരുന്നു ഫോക്കസ് ഏരിയകള്.കബീറിന്റെ പ്രവര്ത്തനങ്ങള്ക്ക് സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിച്ചിരുന്നു.മനീഷിനായിരുന്നു മേല്നോട്ടം. ദേശീയ തലത്തില് അറിയുവാനുള്ള അവകാശനിയമം സാധിതമാക്കുന്നതിന് നേതൃത്വം കൊടുത്ത അണ്ണാ ഹസാരെ ,അരുണ റോയ്,ശേഖര് സിംഗ് എന്നിവര്ക്കൊപ്പം അരവിന്ദും സ്ഥാനം പിടിച്ചു. 2006 ഫെബ്രുവരിയില് ജോലി രാജിവച്ചു.ആ വര്ഷം തന്നെ പരിവര്ത്തന് പ്രവര്ത്തനങ്ങളെ അധികരിച്ച് ഉയര്ന്നു വരുന്ന നേതാക്കള്ക്ക് നല്കുന്ന രമണ് മഗ്സാസെ പുരസ്ക്കാരം അരവിന്ദിന് ലഭിച്ചു. 2012 ല് പരിവര്ത്തന് പ്രവര്ത്തനങ്ങള് അവസാനിച്ചതോടെ സുന്ദര് നഗറിലെ അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചുവന്നു. ഇത്തരം പ്രവര്ത്തനങ്ങള്ക്ക് അല്പ്പായുസ്സേയുള്ളു എന്ന് അരവിന്ദ് മനസിലാക്കി.
2006 ഡിസംബറില് മനീഷും അഭിനന്ദന് സെഖ്രിയുമായി ചേര്ന്ന് പബ്ളിക് കാസ് റിസര്ച്ച് ഫൌണ്ടേഷന് തുടങ്ങി.മഗ്സസെ പുരസ്ക്കാരം വഴി ലഭിച്ച തുക അതിനായി സംഭാവന ചെയ്തു.പ്രശാന്ത് ഭൂഷണും കിരണ് ബേദിയും ട്രസ്റ്റികളായി. അതോടെ പരിവര്ത്തനിലെ പ്രവര്ത്തകര്ക്ക് ശമ്പളം കൊടുത്തു തുടങ്ങി.
ആര്ടിഐ ഉപയോഗിച്ച് വിവിധ വകുപ്പുകളിലെ അഴിമതികള് പുറത്തുകൊണ്ടുവന്നു. 2010 ലെ കോമണ്വെല്ത്ത് ഗയിംസിലെ അഴിമതികള് പുറത്തുകൊണ്ടുവന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.കേന്ദ്ര വിജിലന്സ് കമ്മീഷനും സിബിഐയും അഴിമതിക്കെതിരെ പൊരുതാനുള്ള സ്വാതന്ത്ര്യമില്ലാത്ത സര്ക്കാര് സംവിധാനങ്ങളായതിനാല് ഒരു സ്വതന്ത്രമായ പൊതുജന ഓംബുഡ്സ്മാന് വേണമെന്ന് വാദിച്ചു.കേന്ദ്രത്തില് ലോക്പാലും സംസ്ഥാനങ്ങളില് ലോകായുക്തയും എന്നതായിരുന്നു വാദം. ഈ നീക്കം 2011 ല് അണ്ണാ ഹസാരെ,കിരണ് ബേദി എന്നിവര്ക്കൊപ്പം ചേര്ന്നുള്ള അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രസ്ഥാനത്തിന് വഴിവച്ചു.ജന് ലോക്പാല് ബില്ല് പാസ്സാക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.
1991 ല് തന്നെ അഴിമതിക്കെതിരെ മഹാരാഷ്ട്രയില് പോരാട്ടം നടത്തിവന്ന നേതാവാണ് അണ്ണ ഹസാരെ.അദ്ദേഹത്തിന്റെ സമരം മഹാരാഷ്ട്രയിലെ പല മന്ത്രിമാരുടെയും രാജിക്ക് വഴിയൊരുക്കിയിരുന്നു.2000 തുടക്കത്തിലായിരുന്നു വിവരാവകാശ നിയമത്തിനായുള്ള അണ്ണ ഹസാരെയുടെ പോരാട്ടം.അണ്ണായുടെ പങ്കാളിത്തം ഡല്ഹി സമരത്തിന് വലിയ ഊര്ജ്ജമാണ് പകര്ന്നത്.2011 ഏപ്രില് അഞ്ചിനാണ് ലോക്പാല് പാസ്സാക്കാനായി അണ്ണ നിരാഹാര സമരം തുടങ്ങിയത്.
150 പ്രമുഖര് ഒപ്പം നിരാഹാരമനുഷ്ടിച്ചു. സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. രാഷ്ട്രീയക്കാരെ പൂര്ണ്ണമായും മാറ്റിനിര്ത്തിയ സമരത്തിന് ശ്രീശ്രീ രവിശങ്കറും ബാബ രാംദേവും സ്വാമി അഗ്നിവേശും കപില്ദേവുമെല്ലാം പിന്തുണയ്ക്കാനെത്തി. ജനകീയ ഡ്രാഫ്റ്റ് തയ്യാറാക്കിയത് സുപ്രിംകോടതി ജഡ്ജിയായിരുന്ന സന്തോഷ് ഹെഗ്ഡെയും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണും അരവിന്ദും ചേര്ന്നായിരുന്നു. പ്രധാനമന്ത്രിയേയും ലോക്പാലിന്റെ പരിധിയില്കൊണ്ടുവരുന്ന രീതിയിലായിരുന്നു ഡ്രാഫ്റ്റ്.
കേന്ദ്രം ഭരിച്ചിരുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലയന്സ് സര്ക്കാരിനെ നിയന്ത്രിച്ചിരുന്ന ദേശീയ ഉപദേശകസമിതി മറ്റൊരു ഡ്രാഫ്റ്റും തയ്യാറാക്കിയിരുന്നു. സോണിയ ഗാന്ധിയായിരുന്നു അധ്യക്ഷന്. എന്നാല് പ്രധാനമന്ത്രിയെയും പ്രധാന ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയെയും ലോക്പാലിന്റെ പരിധിയില് നിന്നും ഒഴിവാക്കിയാണ് അവര് ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഇതിനെ ആന്റി കറപ്ഷന് മൂവ്മെന്റ് എതിര്ത്തു. ലോക്പാലിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്,സുതാര്യതാ വ്യവസ്ഥകള്,പൊതുജനങ്ങളുടെ പരാതി പരിഗണിക്കാന് ലോക്പാലിന് അനുവാദമില്ല തുടങ്ങിയ അപാകതകള് ചര്ച്ചയായി.ഒടുവില് ജന്ലോക്പാല് കരട് ഉണ്ടാക്കാന് സര്ക്കാര് സമിതിയുണ്ടാക്കി. ധനമന്ത്രി പ്രണാബ് മുഖര്ജി,ആഭ്യന്തരമന്ത്രി ചിദംബരം,നിയമ നീതികാര്യ മന്ത്രി എം.വീരപ്പ മൊയ്ലി,മാനവവിഭവശേഷി മന്ത്രി കപില് സിബല്,ജലവിഭവ മന്ത്രി സല്മാന് ഖുര്ഷിത് എന്നിവര് സര്ക്കാര് പ്രതിനിധികളും അണ്ണ ഹസാരെ,എന്.സന്തോഷ് ഹെഗ്ഡെ,ശാന്തി ഭൂഷണ്,പ്രശാന്ത് ഭൂഷണ്,അരവിന്ദ് എന്നിവര് പ്രക്ഷോഭകരുടെ പ്രതിനിധികളുമായിരുന്നു.എന്നാല് സമിതിയില് പുറത്തുനിന്നുള്ള പ്രതിനിധികളുടെ വാദങ്ങള് മന്ത്രിമാരും ഉദ്യോഗസ്ഥരും കേള്ക്കുന്നില്ല എന്ന് അരവിന്ദ് പരാതിപ്പെട്ടു.ജനപ്രതിനിധികളെ ഹൈജാക്കുചെയ്യാന് അനുവദിക്കില്ലെന്ന് സര്ക്കാരും ജനപ്രതിനിധികള് ഏകാധിപതികളാകാന് പാടില്ലെന്ന് അരവിന്ദും വാദിച്ചു. ഒടുവില് വിഷയം പൊതുചര്ച്ചയായി.
ജനപ്രതിനിധികള്ക്കും മുകളില് ലോക്പാലിന് അധികാരം വരുന്നതിനെ ജനാധിപത്യവിരുദ്ധം എന്ന് ചിലര് വിമര്ശിച്ചു. ഇന്ത്യയുടെ നയരൂപീകരണത്തെ സ്വാധീനിക്കാനുള്ള വിദേശ ഇടപെടലാണ് ഇതെന്നായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് വിശേഷിപ്പിച്ചത്.
മഗ്സസെ പുരസ്ക്കാരത്തിന് ഫണ്ട് ചെയ്തത് ഫോര്ഡ് ഫൌണ്ടേഷനാണെന്നും അരവിന്ദിന്റെ എന്ജിഓ ആയ കബീറിന് 3,97,000 ഡോളര് സഹായവും ഫോര്ഡില് നിന്നും ലഭിച്ചിട്ടുണ്ട് എന്നും അവര് ആരോപിച്ചു. എന്നാല് വിവരാവകാശ കാമ്പയിന് സഹായിക്കാനാണ് പണം നല്കിയതെന്ന് ഫോര്ഡ് അവകാശപ്പെട്ടു. കോണ്ഗ്രസിനെതിരായ ആര്എസ്എസ് അജണ്ടയാണ് സമരം എന്നും വാദമുണ്ടായി. 2012 ജനുവരിയില് ശക്തമായ അധികാരങ്ങളോടെയുള്ള ജന്ലോക്പാല് എന്നതില് നിന്നും സര്ക്കാര് പിറകോട്ടുപോയി. സമരം വീണ്ടും ശക്തമായി.അത് വലിയ ജനകീയ കൂട്ടായ്മയായി മാറി. അണ്ണാ ഹസാരെ 2012 ജൂലൈ 28ന് വീണ്ടും നിരാഹാരം തുടങ്ങി. കോണ്ഗ്രസിനും ബിജെപിക്കുമെതിരെ ദേശീയതലത്തില് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്നും അണ്ണ പ്രഖ്യാപിച്ചു. 2012 ആഗസ്റ്റ് രണ്ടിന് ഒരു പുതിയ പാര്ട്ടി രൂപീകരിക്കുന്നതില് തെറ്റില്ല എന്നും അണ്ണ പറഞ്ഞു(തുടരും)
No comments:
Post a Comment