2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച "പറന്നുയരുമോ കെജ്രിവാള്"എന്ന ലേഖനം -ഭാഗം -1
==================================
പറന്നുയരുമോ കെജ്രിവാള് ?
======================
- വി.ആര്.അജിത് കുമാര്
അരവിന്ദ് കെജ്രിവാള് ഫീനിക്സ് പക്ഷിയെപോലെ തീയില് നിന്നും പറന്നുയരുമോ അതോ അമാവാസിയില് മറഞ്ഞ ചന്ദ്രനാകുമോ? ഇപ്പോള് നടക്കുന്ന ചര്ച്ചകളില് ഉയര്ന്നു വരുന്ന പ്രധാനപ്പെട്ട ചോദ്യം ഇതാണ്. ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മലക്കം മറിയലും ജാര്ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ അറസ്റ്റും കഴിഞ്ഞതോടെ അരവിന്ദ് കെജ്രിവാളിന് കുരുക്കു മുറുകും എന്ന തോന്നല് സജീവമായിരുന്നു. എന്ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസുകള് നിരന്തരം അവഗണിച്ച കെജ്രിവാള് ആദ്യമേതന്നെ ഇഡിക്ക് മുന്നില് ഹാജരായിരുന്നെങ്കില് ഇപ്പോള് ഒരു പക്ഷെ ജാമ്യം നേടി പുറത്തുവരാന് കഴിഞ്ഞേനെ. അതൊരു സാധ്യത മാത്രമാണ് എങ്കിലും പുറത്തുനില്ക്കുന്ന കെജ്രിവാളാണോ ജയിലിലുള്ള കെജ്രിവാളാണോ കൂടുതല് ശക്തന് എന്നത് പാര്ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ജൂണ് നാല് നമുക്ക് മനസിലാക്കിതരും. അഴിമതിക്കെതിരെ പോരാടുകയാണ് ഇന്ത്യ എന്ന് മോദി രാവുംപകലും പറഞ്ഞു നടന്നത് പൊള്ളയാണെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലിലൂടെ ജനം അറിഞ്ഞു കഴിഞ്ഞു. എസ്ബിഐ ബോണ്ടുകളില് പകുതിയിലധികം കിട്ടിയ ബിജെപി കരാറു നല്കുന്നതിന് കൈക്കൂലി വാങ്ങി എന്നുമാത്രമല്ല എന്ഫോഴ്മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പണം നേടി എന്നും തെരഞ്ഞെടുപ്പ് ബോണ്ടിലെ മറനീക്കിയപ്പോള് വെളിപ്പെട്ടു. അതിലെ ഏറ്റവും വലിയ ഹാസ്യം ഈഡി അന്വേഷിക്കുന്ന ഡല്ഹി മദ്യനയ അഴിമതിക്കേസില് ബന്ധപ്പെട്ടിട്ടുള്ള ബിസിനസുകാരും കേസ് അന്വേഷണം തുടങ്ങിയ ശേഷം ബിജെപിക്ക് ബോണ്ടിലൂടെ വലിയ തുക സംഭാവന ചെയ്തു എന്നതാണ്.
അമ്പുകൊള്ളാത്തവരില്ല കുരുക്കളില് എന്ന് പറയുംപോലെ അഴിമതിയുടെ കറപുരളാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇല്ല എന്ന സത്യമാണ് ഇവര്ക്ക് വോട്ട് ചെയ്യേണ്ടിവരുന്ന ജനങ്ങള് ഇപ്പോള് മനസിലാക്കുന്നത്. എല്ലാവരും മോശക്കാരാണെങ്കില് സ്വയംവരത്തിന് ആരെ സ്വീകരിക്കാം എന്ന വധുവിന്റെ ഗതികേടിലാണ് ജനം. കണ്ണ് കെട്ടിക്കൊണ്ട് ഒരാളെ തൊടാം അല്ലെങ്കില് തമ്മില് ഭേദം തൊമ്മന് എന്നൊരു തീരുമാനമെടുക്കാം. അതിന് ജാതിയും മതവും ബന്ധവും ഒക്കെ പിടിവള്ളിയാകാം. വളരെ സാധാരണക്കാരായ മനുഷ്യരുടെ ചിന്ത മറ്റൊരു വിധത്തിലാണ്. നമുക്ക് തത്ക്കാലം എന്ത് കിട്ടും എന്നുനോക്കി വോട്ട് ചെയ്യാം എന്ന സമീപനം. അതിന് തടയിടുക എന്നതാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതല. ഒഴുക്കാന് എല്ലാവരുടേയും കൈയ്യില് അഴിമതിപ്പണമുണ്ട്. അത് വോട്ടറെ സ്വാധീനിക്കാനായി ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രം. ആദര്ശരാഷ്ട്രീയമൊക്കെ അസ്തമിച്ചു കഴിഞ്ഞു, അല്ലെങ്കില് അങ്ങിനെയൊന്ന് ഉണ്ടായിരുന്നോ എന്നും സംശയിക്കണം. ഇവിടെയും കോണ്ഗ്രസിന് വര്ഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ഉദാസീനമായ പിഴവിനെ ബിജെപി ചൂഷണം ചെയ്തു.ഇന്കംടാക്സ് കണക്കുകള് നല്കിയതിലെ പിഴവിന് പലിശയും പിഴപ്പലിശയുമൊക്കെയായി വലിയ തുക പിഴയിട്ടു. അവരുടെ അക്കൌണ്ടുകള് മരവിപ്പിച്ചു. ചിലവഴിക്കാന് പണമില്ലാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്.ഇതെല്ലാം സൂചിപ്പിക്കുന്നത് ബിജെപിക്ക് വലിയ വിജയം എന്ന പ്രതീക്ഷ നിറവേറ്റാന് അവര് ഇറക്കുന്ന തരംതാണ സമ്മര്ദ്ദ അടവുകളാണ് ഇതെല്ലാം എന്നതാണ്.ഇതിനെയെല്ലാം ജനം എങ്ങിനെ കാണുന്നു എന്നറിയാന് ഒരു ചെറിയ കാത്തിരിപ്പേ ഇനി ആവശ്യമുള്ളു.
ആദര്ശരാഷ്ട്രീയം പുറമെയെങ്കിലും പറയുക രാഷ്ട്രീയ അടവാണ്. മതേതരത്വം എന്നതാണ് കോണ്ഗ്രസിന്റെയും മിക്ക പ്രതിപക്ഷ പാര്ട്ടികളുടെയും ആദര്ശം. അത് ലക്ഷ്യമിടുന്നത് ഉറച്ച ന്യൂനപക്ഷ വോട്ടിലുമാണ്. അത് ആര്ക്ക് എത്രമാത്രം ലഭിക്കുന്നു എന്നത് വളരെ നിര്ണ്ണായകമാണ്. ബിജെപിക്ക് ഭൂരിപക്ഷ വോട്ട് ലക്ഷ്യമിടുന്ന മതാധിഷ്ടിത ആദര്ശമാണ് ഉള്ളത്. എന്നാല് ആദര്ശങ്ങളില് വിശ്വസിക്കാത്ത നേതാവാണ് കെജ്രിവാള്. അദ്ദേഹം പറയുന്നത് ഇരുപത് ശതമാനം വരുന്ന ന്യൂനപക്ഷ വോട്ട് നിലവിലുള്ള മതേതരപ്രസ്ഥാനങ്ങള് വസൂലാക്കി കഴിഞ്ഞു. അതില് കണ്ണുനട്ടിട്ട് കാര്യമില്ല. 80 ശതമാനം വരുന്ന ഹിന്ദു വോട്ടിലാകണം കണ്ണ്. വോട്ട് നേടുക,അധികാരത്തിലെത്തുക എന്നതിനപ്പുറം ആശയമൊന്നും വേണ്ട എന്ന അരവിന്ദ് കെജ്രിവാളിന്റെ സമീപനത്തെയാണ് ബിജെപി ഭയക്കുന്നത്. ഡല്ഹി പിടിച്ചതിന് പുറമെ പഞ്ചാബില് പ്രധാന പാര്ട്ടികളെ ഞെട്ടിക്കുകയും ഗോവയില് ബിജെപിയെ ഭയപ്പെടുത്തുകയും ഗുജറാത്തിലേക്ക് ഒരു പാലമിടുകയും ചെയ്ത കെജ്രിവാളിനെ ബിജെപി ഭയക്കുന്നതിന് കാരണം മറ്റൊന്നുമല്ല,ബിജെപിയുടെ അതേ പാതയിലാണ് അരവിന്ദും. ഏത് വിധേനയും അധികാരം നേടുക, ലക്ഷ്യം മാര്ഗ്ഗത്തെ സാധൂകരിക്കും എന്നതാണ് നിലപാട്.
കെജ്രിവാളിന്റെ വേരുകളാകും നരേന്ദ്രമോദിയെ ഏറെ ഭയപ്പെടുത്തുന്നത്. കച്ചവട സമൂഹമായ ബനിയ ജാതിയില് പെട്ട അഗര്വാളാണ് അരവിന്ദ്. ബനിയകളെ കുറിച്ച് അംബദ്ക്കര് പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്. “ബനിയകള് പണസമ്പാദനം മാത്രം ലക്ഷ്യമിട്ട് ജീവിക്കുന്ന സമൂഹമാണ്. സമ്പാദിക്കുക,അത് അടുത്ത തലമുറയ്ക്ക് കൈമാറുക, അത് മാത്രമെ അവര്ക്കറിയൂ. മതം,ഭൂമി,സംസ്ക്കാരം ഒന്നും അവരെ ബാധിക്കില്ല.നല്ല ജീവിതം പോലും അവര് ആഗ്രഹിക്കുന്നില്ല.പണത്തിനുവേണ്ടി എന്ത് ക്രൂരകൃത്യവും അവര് ചെയ്യും. എന്നാല് ഇതില് നിന്നും വ്യത്യസ്തമായി അവര് പണം ചിലവിടുന്നത് രാഷ്ട്രീയത്തിന് മാത്രമാണ്. അതും ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുണ്ടായ ഒരു ചിന്താപദ്ധതിയാണ്.ശരിക്കും രാഷ്ട്രീയ താത്പ്പര്യം കൊണ്ടല്ല അവര് ഈ രംഗത്തേക്കിറങ്ങിയത് എന്നു വ്യക്തം. പൊതുതാത്പ്പര്യത്തിലൂടെ സ്വകാര്യനേട്ടമാണ് അവര് ലക്ഷ്യമിടുന്നത്.”
എന്നാല് മഹാത്മഗാന്ധി ഇതില് നിന്നും വ്യത്യസ്തനായിരുന്നു എന്ന് നമുക്ക് കാണാം. ഗാന്ധിജിയെപോലെ തന്നെ സസ്യഭുക്കായ അരവിന്ദും തികഞ്ഞ ഹിന്ദുവും വിപാസന രീതിയില് വലിയ വിശ്വാസം പുലര്ത്തുന്ന ആളുമാണ്. ജനകീയ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായാണ് ഗാന്ധിജി കോണ്ഗ്രസിലെ ചോദ്യം ചെയ്യാന് കഴിയാത്ത നേതാവായതെങ്കില് കെജ്രിവാളും അതേ പാതയിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധേയനായതും ആംആദ്മി പാര്ട്ടിയുടെ ഏക അധികാര കേന്ദ്രമായി മാറിയതും. അവിടെതീരുന്നു അവര് തമ്മിലുള്ള സാമ്യം. പിന്നെയുള്ളതെല്ലാം രാഷ്ട്രീയ അടവുകളും തന്ത്രങ്ങളും വലിയ ആഗ്രഹങ്ങളുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന് യോഗ്യനാണെന്ന് സ്വയം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കളില് ഒരാള് കെജ്രിവാളാണല്ലോ. (തുടരും)
No comments:
Post a Comment