2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയുമോ കെജ്രിവാള് എന്ന ലേഖനം -ഭാഗം -3
-----------------
-വി.ആര്.അജിത് കുമാര്
-------------------
ആംആദ്മി പിറക്കുന്നു
----------------------
ജനപ്രതിനിധികള്ക്കും മുകളില് ലോക്പാല് വരാന് പാടില്ല എന്ന വാദം ശക്തമായതോടെയാണ് അരവിന്ദും കൂട്ടരും രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2012 നവംബറില് ആം ആദ്മി പാര്ട്ടി രൂപീകരിച്ചു. അരവിന്ദ് കെജ്രിവാള് ദേശീയ കണ്വീനറായി. എന്നാല് പാര്ട്ടി രൂപീകരിച്ചതോടെ അണ്ണാ ഹസ്സാരെ അരവിന്ദുമായി അകന്നു. 2013 ലെ ഡല്ഹി അസംബ്ലി തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ അരവിന്ദ് മത്സരിച്ചു ജയിച്ചു. ആ തെരഞ്ഞെടുപ്പില് ബിജെപിക്ക് മുപ്പത്തിയൊന്നും ആം ആദ്മിക്ക് ഇരുപത്തിയെട്ടും സീറ്റുകള് കിട്ടി. കോണ്ഗ്രസും ജനതദളും സ്വതന്ത്രനും ആപ്പിനെ പിന്താങ്ങി.2013 ഡിസംബര് ഇരുപത്തിയെട്ടിനായിരുന്നു അരവിന്ദ് മുഖ്യമന്ത്രിയായി ചാര്ജ്ജെടുത്തത്. 2014 ജനുവരിയില് ജന്ലോക്പാല് ബില്ല് പാസാക്കിയില്ലെങ്കില് സര്ക്കാരില് നിന്നും രാജിവയ്ക്കും എന്ന് അരവിന്ദ് പ്രഖ്യാപിച്ചു.ഫെബ്രുവരിയില് ബില്ല് അസംബ്ലിയില് അവതരിപ്പിക്കാന് കഴിയാതെ വന്നതില് പ്രതിഷേധിച്ച് രാജിവയ്ക്കുകയും സഭ പിരിച്ചുവിടുകയും ചെയ്തു. 2015 ലെ തെരഞ്ഞെടുപ്പില് എഴുപതില് അറുപത്തിയേഴ് സീറ്റും ആപ്പ് നേടി.മൂന്ന് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.2015 ഫെബ്രുവരി 14 ന് ചാര്ജ്ജെടുത്ത ആംആദ്മി പാര്ട്ടി സര്ക്കാര് ജന്ലോക്പാല് ബില്ല് പാസ്സാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചു.സംസ്ഥാന സര്ക്കാരിന് അധികാരങ്ങള് പരിമിതമായ ഡല്ഹിയില് ലഫ്റ്റനന്റ് ഗവര്ണ്ണറുമായി നിരന്തര സംഘര്ഷത്തിലായിരുന്നു അരവിന്ദ്.ജനങ്ങള് തെരഞ്ഞെടുത്ത പ്രതിനിധികളും കേന്ദ്രസര്ക്കാര് തെരഞ്ഞെടുത്ത പ്രതിനിധികളും തമ്മിലുള്ള സംഘര്ഷമായി ഇത് ചിത്രീകരിക്കപ്പെട്ടു.പലപ്പോഴും അധികാരങ്ങള്ക്കായി ഡല്ഹി സര്ക്കരിന് കോടതിയെ സമീപിക്കേണ്ടതായും വന്നു.
ആംആദ്മിയുടെ ജനകീയ പരിപാടികളില് ഒന്നായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകള്. 2019 ല് സ്ത്രീകള്ക്ക് ഡല്ഹി ട്രാന്സ്പോര്ട്ട് ബസുകളില് സൌജന്യ യാത്ര അനുവദിച്ചു.പാവപ്പെട്ടവര്ക്ക് സൌജന്യ വൈദ്യുതി,കുടിവെള്ളം എന്നതൊക്കെ വലിയ ആകര്ഷണങ്ങളായി. 2020 ലെ തെരഞ്ഞെടുപ്പില് 62 സീറ്റുകള് നേടിയ ആംആദ്മിയുടെ മുഖ്യമന്ത്രിയായി കെജ്രിവാള് മൂന്നാം തവണ അധികാരമേറ്റത് 2020 ഫെബ്രുവരി പതിനാറിനാണ്. 2020-21 കോവിഡ് കാലം ആശുപത്രികളില് ആവശ്യത്തിന് ഓക്സിജന് സ്റ്റോറേജ് ഉറപ്പാക്കിയില്ലെന്നും വന്തോതില് പരസ്യം നല്കി പണം ചിലവഴിച്ചെന്നും കോണ്ഗ്രസ് ആരോപിച്ചു. ഡല്ഹിയിലെ ആശുപത്രികളില് ഓക്സിജന്റെ കുറവുമൂലമുണ്ടായ മരണങ്ങള്ക്ക് ഉത്തരവാദി കെജ്രിവാളാണ് എന്ന ആരോപണം ശ്കതമായിരുന്നു. 2022 മാര്ച്ചില് ബിജെപി പ്രവര്ത്തകര് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില് ആക്രമണവും നടത്തി.
എന്ഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഒന്പത് സമന്സുകള്ക്കും ഹാജരാകാതിരുന്ന കെജ്രിവാളിനെ 2024 മാര്ച്ച് 21 ന് ഇഡി അറസ്റ്റു ചെയ്തു. ഡല്ഹി ഹൈക്കോടതി മുന്കൂര് ജാമ്യം നിഷേധിച്ചതോടെയായിരുന്നു ഇത്. അങ്ങിനെ ഇന്ത്യ ചരിത്രത്തില് ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയായി കെജ്രിവാള് മാറി. ദല്ഹി മദ്യ നയം കള്ളപ്പണം വെളുപ്പിക്കല് കേസിലാണ് അറസ്റ്റ്. (തുടരും)
No comments:
Post a Comment