2024 ഏപ്രില് 14-21 ലക്കം കലാകൌമുദിയില് പ്രസിദ്ധീകരിച്ച പറന്നുയരുമോ കെജ്രിവാള് എന്ന ലേഖനം-ഭാഗം-4
--------
വി.ആര്.അജിത് കുമാര്
------
പാളിപ്പോയ മദ്യനയം
മദ്യവര്ജ്ജകനായ അരവിന്ദ് കെജ്രിവാളിന് മദ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം നന്നായറിയാമായിരുന്നു. പാര്ട്ടിക്കും മദ്യവില്പ്പനക്കാര്ക്കും മദ്യപാനികള്ക്കും ഗുണമുണ്ടാകുംവിധമായിരുന്നു മദ്യനയം രൂപീകരിച്ചത്.എന്നാല് അതിന് പിന്നില് നടന്ന ഇടപാടുകളാണ് ആംആദ്മി പാര്ട്ടിയെ കുരുക്കിയത്. 2019 ല് ആര്ട്ടിക്കിള് 370 എടുത്തുകളഞ്ഞതിനെ പിന്തുണച്ചതിന്റെ സ്നേഹമൊന്നും ബിജെപി കാണിച്ചില്ല.അല്ലെങ്കിലും സ്നേഹശൂന്യമാണല്ലോ രാഷ്ട്രീയം. ഒരു നയം രൂപീകരിക്കുന്നിടത്ത് എങ്ങിനെ അഴിമതിയുണ്ടാകും,ഡല്ഹി സര്ക്കാരുണ്ടാക്കുന്ന നയത്തില് തെലങ്കാന മുഖ്യമന്തിയുടെ മകള് എങ്ങിനെ ഭാഗമാകും എന്നതൊക്കെ സാമാന്യമായി ഉയരുന്ന ചോദ്യങ്ങളാണ്. അതിന്റെ ചുരുളുകള് അഴിയുന്നത് ഇങ്ങിനെയാണ്.മദ്യവില്പ്പന സര്ക്കാര് നേരിട്ട് നടത്തേണ്ട വ്യവസായമാണ് എന്ന് ചാണക്യന് അര്ത്ഥശാസ്ത്രത്തില് പറയുന്നുണ്ട്. ഡല്ഹിയില് വര്ഷങ്ങളായി മദ്യവില്പ്പന നടത്തിവന്നതും സര്ക്കാര് ഏജന്സികളാണ്.തലസ്ഥാന നഗരത്തിലെത്തുന്ന വിദേശികളുള്പ്പെടെയുള്ളവര്ക്കും സാധാരണക്കാര്ക്കും സര്ക്കാരിനും ഗുണകരമാകാന് മദ്യവില്പ്പന സ്വകാര്യവത്ക്കരിക്കുന്നതാണ് നല്ലത് എന്ന് ആംആദ്മി പാര്ട്ടി തീരുമാനിച്ചു. അതിനായി മദ്യനയം പുതുക്കാന് സര്ക്കാര് തീരുമാനിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യശാലകളായിരുന്നു ലക്ഷ്യം. 2020 സെപ്തംബറിലാണ് ഇതിനായി സമിതി രൂപീകരിച്ചത്.എക്സൈസ് കമ്മീഷണര് ചെയര്മാനും എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്,അസിസ്റ്റന്റ് കമ്മീഷണര്(ട്രേയ്ഡ് ആന്റ് ടാക്സസ്) എന്നിവര് അംഗങ്ങളുമായിരുന്നു. സംസ്ഥാന എക്സൈസ് നികുതി വരുമാനം വർധിപ്പിക്കുക, മദ്യത്തിന്റെ വിലനിർണ്ണയ സംവിധാനം ലളിതമാക്കുക, മദ്യവ്യാപാരത്തിലെ ക്രമക്കേടുകളും തീരുവ ഒഴിവാക്കലും പരിശോധിക്കുക, മദ്യലഭ്യതയിലെ തുല്യത ഉറപ്പാക്കുക, ദേശീയ തലസ്ഥാനത്തിന്റെ മാറുന്ന സ്വഭാവത്തിന് അനുസൃതമായി മദ്യവ്യാപാരത്തിന്റെ സ്വഭാവം മാറ്റുക എന്നിവയായിരുന്നു ലക്ഷ്യം. 2020 ഒക്ടോബര് 13 ന് സമിതി പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ചു. 2020 ഡിസംബര് 31 ന് പൊതുജനാഭിപ്രായത്തിനായി പബ്ളിക് ഡൊമയിനില് കൊടുത്തു. പൊതുജനങ്ങളും വിദഗ്ധരും അഭിപ്രായങ്ങള് രേഖപ്പെടുത്തി. 14671 അഭിപ്രായങ്ങളാണ് ലഭിച്ചത്. ഫെബ്രുവരി 5ന് നിര്ദ്ദേശങ്ങള് കാബിനറ്റില് വച്ചു. കാബിനറ്റ് മന്ത്രിമാരുടെ ഉപസമിതിയുണ്ടാക്കി. എക്സൈസ് മന്ത്രി മനീഷ് സിസോദിയ അധ്യക്ഷനും നഗരവികസന മന്ത്രി സത്യേന്ദ്ര ജയിനും റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ടും അംഗങ്ങളുമായ സമിതി സമര്പ്പിച്ച റിപ്പോര്ട്ട് 2021 മാര്ച്ച് 22 ന് കാബിനറ്റ് അംഗീകരിച്ചു. 2021 നവംബര് 17 ന് പോളിസി നടപ്പിലാക്കി.
എല്ലാം സുതാര്യമായിത്തന്നെയാണ് നടന്നത് എന്ന് പൊതുബോധം.
എന്നാല് എന്ഫോഴ്മെന്റ് ഡയറക്ടറേറ്റ് നല്കുന്ന വ്യാഖ്യാനം ഇങ്ങിനെയാണ്. ആംആദ്മി പാര്ട്ടിയുടെ സോഷ്യല് മീഡിയ ഇന് ചാര്ജ്ജ് വിജയ് നായര് ഹൈദരാബാദിലെ ബിസ്സിനസ്സുകാരനായ അരുണ് രാമചന്ദ്രന് പിള്ളയെ ബന്ധപ്പെട്ട് രണ്ടുകൂട്ടര്ക്കും പ്രയോജനകരമായ ഒരു ഇടപാട് സംസാരിക്കുന്നു.അരുണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള് കവിതയുമായി അടുപ്പമുള്ള വ്യക്തിയാണ്. ഡല്ഹി സര്ക്കാര് പുതിയ മദ്യ നയം നടപ്പിലാക്കാന് ആലോചിക്കുന്നു. സ്വകാര്യവത്ക്കരണം നല്ല നേട്ടമുണ്ടാക്കാനുള്ള അവസരമാണ് എന്നായിരുന്നു അവരുടെ സംഭാഷണം. കവിത ഈ പദ്ധതിയിലേക്ക് ആകര്ഷിക്കപ്പെടുകയും മികച്ച നേട്ടം കൊയ്യാന് കഴിയുംവിധം പോളിസി തയ്യാറാക്കാന് ഇടപെടുകയും ചെയ്തു. ഈ സമയത്താണ് ആന്ധ്രയിലെ വൈഎസ്ആര് കോണ്ഗ്രസ് എംപിയും മദ്യവ്യവസായിയുമായ മാഗുണ്ട ശ്രീനിവാസുലു റഡ്ഡി ഡല്ഹിയിലെ മാറിയ സാഹചര്യം പ്രയോജനപ്പെടുത്താനായി കെജ്രിവാളിനെ സമീപിക്കുന്നത്. 2021 മാര്ച്ച് പതിനാറിനായിരുന്നു കൂടിക്കാഴ്ച. കവിതയും കൂട്ടരും ഇപ്പോള് രംഗത്തുണ്ടെന്നും പാര്ട്ടിക്ക് നൂറു കോടി അവര് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവരുമായി സംസാരിക്കാനും കെജ്രിവാള് നിര്ദ്ദേശിച്ചു. അടുത്ത ദിവസം കവിത മാഗുണ്ടറെഡ്ഡിയെ ഫോണില് ബന്ധപ്പെടുന്നു.ഹൈദരബാദില് നടന്ന കൂടിക്കാഴ്ചയില് അവര് പങ്കാളിത്തം ഉറപ്പിക്കുകയും ആപ്പിന് നല്കാനുള്ള 100 കോടിയില് 50 കോടി നല്കാന് ആവശ്യപ്പെടുകയും ചെയ്യുന്നു. കവിതയുടെ ചാര്ട്ടേഡ് അക്കൊണ്ടന്റ് ബുച്ചി ബാബു ബന്ധപ്പെടുമെന്നും എംപിയുടെ മകന് രാഘവ് മാഗുണ്ടയുമായി ചേര്ന്ന് ഡീല് ഉറപ്പിക്കട്ടെ എന്നും പറഞ്ഞു.
അടുത്ത ദിവസം 30 കോടിക്ക് ഡീല് ഉറപ്പിച്ചു. 25 കോടി കവിതയുടെ അസ്സോസിയേറ്റായ അഭിഷേക് ബോയിന്പള്ളിയും ബുച്ചി ബാബുവും ചേര്ന്ന് കളക്ട് ചെയ്യുന്നു. ഈ സമയം അരബിന്ദോ ഫാര്മ ഡയറക്ടര് ശരത്ചന്ദ്ര റെഡ്ഡി കവിതയുടെ ടീമിനോട് ചേരുന്നു. അങ്ങിനെ ഡല്ഹിയില് മദ്യവ്യവസായം നടത്താനായി സൌത്ത് ഗ്രൂപ്പ് രൂപീകരിക്കുന്നു. അവര് തുടര്ന്ന് മദ്യവ്യവസായി സമീര് മഹേന്ദ്രുവിന്റെ ഇന്ഡോ സ്പിരിറ്റുമായി പങ്കാളിത്തമുണ്ടാക്കി. അരുണ് പിള്ളയെ ബിനാമിയാക്കി കവിത ഇന്ഡോ സ്പിരിറ്റില് 33 ശതമാനം ഷെയര് സ്വന്തമാക്കി. സൌത്ത് ഗ്രൂപ്പില് കവിതയുടെ പ്രതിനിധികള് അഭിഷേക് ബോയിന്പള്ളിയും ബുച്ചി ബാബുവുമാണ്. ആപ്പിന് നല്കിയ 100 കോടി തിരിച്ചുപിടിക്കുന്നത് സംബ്ബന്ധിച്ച് ന്യൂഡല്ഹി ഹോട്ടല് ഒബ്റോയ് മെയ്ഡന്സില് യോഗം ചേര്ന്നു. കവിത,അരുണ് പിള്ള,വിജയ് നായര്, വ്യവസായി ദിനേശ് അറോറ എന്നിവര് പങ്കെടുത്തു. 100 കോടി നല്കിയത് ഹവാല വഴിയും ഷെല് കമ്പനികള് വഴിയുമാണ്. ആപ്പിന് ലഭിച്ച തുകയില് 45 കോടി ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു. കവിതയുടെ ജോലിക്കാരാണ് ദിനേശ് അറോറയുടെ ഓഫീസില് നിന്നും രണ്ട് ബാഗ് നിറയെ പണം വാങ്ങി സിസോദിയയുടെ അസോസിയേറ്റ് വിനോദ് ചൌഹാന് നല്കിയത്. 2022 ജൂണ് 22 ന് ന്യൂ ഇന്ത്യന് എക്സ്പ്രസാണ് ഈ സ്റ്റോറി ആദ്യം പുറത്തുവിട്ടത്. സംഗതി കൈവിട്ടുപോയി എന്ന് മനസിലാക്കിയ കെജ്രിവാള് ജൂലൈ 31 ന് പോളിസി റദ്ദാക്കി.
എന്നാല് ഡല്ഹി ലഫ്റ്റനന്റ് ഗവര്ണ്ണര് വിനയ് കുമാര് സക്സേന കേന്ദ്ര ആഭ്യന്തര വകുപ്പിനോട് പോളിസി രൂപീകരണത്തിലെ ഗൂഢാലോചന അന്വേഷിക്കാന് ആവശ്യപ്പെട്ടു. സിബിഐ ആഗസ്റ്റ് 17 ന് എഫ്ഐആറിട്ടു. എക്സൈസ് മന്ത്രിയും ഡപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെയും അരുണ്പിള്ളയേയും പ്രതി ചേര്ത്തു. 2022 സെപ്തംബറില് എന്ഫോഴ്മെന്റ് ഡയറക്ടറേറ്റ് സമീര് മഹേന്ദ്രുവിനെയും നവംബറില് അഭിഷേക് ബോയില്പള്ളിയേയും ശരത്ചന്ദ്ര റെഡ്ഡിയേയും വിജയ് നായരേയും അറസ്റ്റു ചെയ്തു. ഡിസംബര് 11 ന് സിബിഐ കവിതയെ ചോദ്യം ചെയ്തു. 2023 മാര്ച്ച് 9ന് ഹാജരാകാന് കവിതയ്ക്ക് ഈഡി സമണ്സ് അയച്ചു.മാര്ച്ച് 11 നും 21 നും അവര് ഈഡിക്കു മുന്നില് ഹാജരായി. ഈഡി അവരുടെ സ്റ്റേറ്റ്മെന്റ് എടുക്കുകയും ഫോണുകള് വാങ്ങുകയും ചെയ്തു. തുടര്ന്ന് സെപ്തംബറിലും 2024 ജനുവരിയിലും ലഭിച്ച നോട്ടീസുകള് അവര് അവഗണിച്ചു. മാര്ച്ച 15 ന് ഈഡി കവിതയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സൌത്ത് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വ്യവസായികള് അപ്രൂവേഴ്സ് ആയതോടെ കവിത ഒറ്റപ്പെട്ടു. അവര് ഈഡിക്ക് കൈമാറിയ 10 ഫോണുകളിലെയും രേഖകള് നശിപ്പിക്കുകയും ഫോണുകള് ഫോര്മാറ്റ് ചെയ്യുകയും ചെയ്തെന്നാണ് ഈഡി പറയുന്നത്. അവ ഇപ്പോള് ദേശീയ ഫോറന്സിക് സയന്സസ് സര്വ്വകലാശാലയില് ഡേറ്റ എക്സ്ട്രാക്ഷന് കൊടുത്തിരിക്കയാണ് ഈഡി.
കേന്ദ്ര സര്ക്കാരുമായി ബന്ധപ്പെട്ടും വിവിധ സംസ്ഥാനങ്ങളിലും ഇത്തരത്തില് അഴിമതിയും ഇടപാടുകളും നിരന്തരം നടക്കുന്നുണ്ട്. അതില് ആരെ കുരുക്കണം ,ആരെ ഒഴിവാക്കണം എന്നതെല്ലാം രാഷ്ട്രീയ താത്പ്പര്യങ്ങളാണ്. അതിന്റെ ആവശ്യം കഴിയുമ്പോള് ഭരണാധികാരികളും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും പൊതുജനങ്ങളും ഇതൊക്കെ മറക്കും.കേരളത്തിലെ ചാരക്കേസും സോളാര് കേസുമൊക്കെ ഉദാഹരണം. (തുടരും)
No comments:
Post a Comment