ഉത്തരാപഥത്തിലെ പൌരന്‍
=========================
-വി.ആര്.അജിത് കുമാര്‍
------------------------------------------
( 1991
ല്‍ എഴുതിയ കഥ)
-----------------------------------------------
മഴവെള്ളം
പെരുകുകയാണ്.കുന്നിന്‍ മുകളില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചിട്ടില്ല.ഓരോ ചുവട്
വയ്ക്കുമ്പോഴും വെള്ളത്തിന്‍റെ ഉയര്‍ച്ച കല്ലുവിനനുഭവപ്പെട്ടു.എങ്കിലും അവന്‍
ശ്രമം ഉപേക്ഷിച്ചില്ല.
നശിച്ച മഴ !
തോരാതെ പെയ്യാന്‍
തുടങ്ങിയിട്ട് എത്ര ദിവസമായി. ഭൂമിയില്‍ തണുപ്പ് മരവിപ്പിന്‍റെ വക്കോളമെത്തിനില്‍ക്കുന്നു.പട്ടിണിയുടെ
ദിനങ്ങള്‍ ശരീരത്തേയും മനസിനേയും തളര്‍ത്തിയെങ്കിലും അജ്ഞാതമായ ഏതോ പ്രേരണയാലാണീ
അന്വേഷണം.
മഴ ഒരാവേശമായി
പെയ്തിറങ്ങുകയാണ്. ഗോതമ്പുവയലുകള്‍, പിടിച്ചുനില്‍ക്കാന്‍ കഴിയാതെ,
ഒടിഞ്ഞിറങ്ങുന്നു. പാടങ്ങള്‍ കായല്‍പോലെ പരന്നു.കൃഷിപ്പണികള്‍ മുടങ്ങി.വീട്ടില്‍
കുട്ടികളുടെ നിര്‍ത്താത്ത കരച്ചില്‍. വയറ്റില്‍ അസഹ്യമായ എരിച്ചില്‍.
എല്ലാറ്റിനേയും പിടിച്ച്
വെള്ളത്തില്‍ മുക്കിക്കൊല്ലാനാണ് കല്ലുവിന് തോന്നിയത്. അല്ലെങ്കില്‍ അടിച്ചുകൊന്ന്
ചോര കുടിച്ചാല്‍ --- വിശപ്പിനൊരു ശമനം കിട്ടിയേനെ.
എന്തെങ്കിലുമൊന്നു
ചെയ്തുപോകുമെന്നു തോന്നിയപ്പോഴാണ് ഇറങ്ങിനടന്നത്.
അവന്‍ അന്വേഷണം തുടര്‍ന്നു.ഈറ്റപൊളികള്‍
ചേര്‍ത്ത് വരിഞ്ഞ ഒറ്റാലില്‍ വീണ്ടും തപ്പിനോക്കി. എന്തോ തടയുന്നു.
കല്ലുവിന്‍റെ മുഖത്ത്
കാര്‍മേഘമൊഴിഞ്ഞു.
അവന്‍റെ കൈകള്‍ കാറ്റിന്‍റെ
ഉഗ്രതാണ്ഡവം പോലെ വെള്ളത്തില്‍ കിടന്നുഴറി.അവന്‍ പിടിമുറുക്കി..വഴുതുന്ന മീനിന്‍റെ
ചെകിളയ്ക്കിടയില്‍ വിരലമര്‍ത്തി പുറത്തേക്കെടുത്തു.
ഒരു വരാല്‍
കാര്‍മേഘത്തുണ്ടുകള്‍
വീണ്ടുമുണര്‍ന്നു. കിട്ടിയ ഇരയെ തോള്‍സഞ്ചിയിലിട്ട്, അയാള്‍ വീണ്ടും ഒറ്റാല്‍
താഴ്ത്തി. സമയത്തെ കുറിച്ച് കല്ലുവിന് ഒന്നുമറിയില്ല. എങ്കിലും തളര്‍ച്ച
തോന്നിയപ്പോള്‍ അവന്‍ കരയ്ക്കുകയറി.
ഈയൊരു വരാലിനെ
എന്തു ചെയ്യാന്‍ ? വീട്ടില്‍
കൊണ്ടുപോയി കറിവയ്ക്കാന്‍ കഴിയില്ല. തീ കൂട്ടാന് വിറകുമില്ല. കുട്ടികള്‍ക്ക് ----
സഞ്ചിയില്‍
നിന്നും മീനിനെ എടുത്ത് പുറത്തിട്ട് അവന്‍ സൂക്ഷിച്ചുനോക്കി. ചെറിയ ശ്വാസമുണ്ട്.
കറുത്തിരുണ്ട നഖങ്ങള്‍ വന്യമായൊരാവേശത്തോടെ ചെകിളകളെ അടര്‍ത്തിയെറിഞ്ഞു.
കത്തികൊണ്ട് വാലും ചിറകും മുറിക്കുമ്പോഴും അതിന്‍റെ ശരീരം പിടയ്ക്കുകയായിരുന്നു.
മാംസത്തില് നിന്നും തൊലിവേര്‍പെടുത്താന്‍ വിരലുകള്‍ ശ്രമപ്പെടുമ്പോള്‍, വായില്‍
ഉമിനീര്‍ കെട്ടിക്കിടന്ന് അവനെ അസ്വസ്ഥനാക്കി.
നാവില്‍
വിവേചിച്ചറിയാനാകാത്ത ഏതോ സ്വാദ് നിറയുന്നു.സഞ്ചിയുടെ അടിത്തട്ടിലെവിടെയോ നിന്ന്
നാലഞ്ച് ഉപ്പുപരലുകള്‍ അവന്‍ കണ്ടെത്തി. തലയറ്റത്ത് ഒരു പരല്‍ വച്ച് അവന് അത്
കടിച്ച് വായിലാക്കി, ചവച്ചരച്ചു.മീനിന്‍റെ തലയസ്ഥികള്‍ ചതഞ്ഞരയുന്ന ശബ്ദം, വെള്ളം
തേകിമാറ്റുന്ന യന്ത്രത്തിന്‍റെ കരച്ചിലായി അവനു തോന്നി. നല്ല കുഴമ്പു
രൂപത്തിലാക്കി അവനത് നാക്കുകൊണ്ടുതള്ളി ഉള്ളിലാക്കി. ഇങ്ങനെ മൂന്നുനാല് തവണ ആവര്‍ത്തിച്ചപ്പോള്‍
ആ മത്സ്യം അവന്‍റെ ആമാശയത്തില്‍ ചലനമുണ്ടാക്കി. അവന്‍റെ വായില്‍ പച്ചമാംസത്തിന്‍റെയും
ചോരയുടെയും ഗന്ധം നിറഞ്ഞു. രണ്ടിറക്ക് മഴവെള്ളം മൊത്തിക്കുടിച്ച് ,ഒരിക്കല്‍ കൂടി
മുഖം കഴുകി, അവന്‍ ഒറ്റാലുമായി കുന്നുകയറി.
കുന്നിന്‍റെ
മുകളില്‍ നിന്നുകൊണ്ട് അകലെ ദിനേശ് സിംഗിന്‍റെ വീട് കാണാമായിരുന്നു. കല്ലുവിന്‍റെ
യജമാനനാണ് ദിനേശ് സിംഗ്. കാലവര്‍ഷത്തിന്‍റെ കേടും വരള്‍ച്ചയുടെ ദുരിതവും
അറിയേണ്ടാത്തവന്‍. വല്യയജമാനന്‍ ജീവിച്ചിരുന്ന കാലം, പട്ടിണി കിടക്കുന്നവര്‍ക്ക്
എന്തെങ്കിലുമൊക്കെ നല്‍കുമായിരുന്നു. ഇവന്‍ നാറി. ഓര്‍മ്മകളില്‍ നുരകുത്തിയെത്തിയ
ദേഷ്യം പറിഞ്ഞിറങ്ങി വന്നപ്പോള് കല്ലു നീട്ടിത്തുപ്പി.
നാടിന്‍റെ
വ്യവസ്ഥിതിയെപറ്റിയോ സാമൂഹ്യക്രമത്തെപ്പറ്റിയോ ഒന്നുമറിയില്ലെങ്കിലും കല്ലുവിന്
ജന്മിമാരോട് പുച്ഛമാണ്.വോട്ടുചോദിക്കാന്‍ വരുന്നവര്‍ അവന്‍റെ നോട്ടത്തില്‍
പട്ടികളാണ്. ജന്മിമാരുടെ ഉച്ഛിഷ്ടം തിന്നുന്നവര്‍.അവന്‍ വോട്ടുചെയ്യാറില്ല.
ദിനേശ്സിംഗിന്‍റെ
ഗുണ്ടകള്‍,കന്നാലിപ്പറ്റത്തെ എന്നപോലെ,ഗ്രാമവാസികളെ ആട്ടിത്തെളിച്ച്
വോട്ടുചെയ്യിക്കാന്‍ കൊണ്ടുപോകുമ്പോള്‍, അവന്‍ ഏതെങ്കിലും ഗുഹയില്‍ ഓടിയൊളിക്കും.
“പട്ടികള്‍”, അവന്‍റെ കലിയടങ്ങിയില്ല. കുന്നിന്‍ മുകളില്‍ നിന്നൊരു കല്ല് അവന്‍
വലിച്ചെറിഞ്ഞു.അതുരുണ്ട് താഴ്വാരത്തുകൂടി ,ജലം കെട്ടിനില്‍ക്കുന്ന വയലിലൂടെ,
ദിനേശ് സിംഗിന്‍റെ വാരന്തയിലെത്തി ഒന്നു കുതിച്ച് അയാളുടെ നെറ്റിയില്‍-------
കല്ലുവിന്‍റെ ചുണ്ടില്‍ പ്രകാശം പരന്നു.
അവന്‍ വയല്‍
ഉഴുത് മറിക്കുമ്പോള്‍,ജീപ്പില്‍ കാണാനെത്തുന്ന യജമാനന്‍, അവനെ നോക്കി സ്നേഹത്തോടെ
വിളിക്കും , “ ബേന്‍ ചോത് “.
കല്ലു ശബ്ദം
താഴ്ത്തി പറയും ,” നിന്‍റെ – “
അവനില്‍
സംതൃപ്തി നിറയുന്ന ചില മുഹൂര്‍ത്തങ്ങളില്‍ ഒന്ന്.
കല്ലു
പാറപ്പുറത്ത് മലര്‍ന്നു കിടന്നു.വിസ്മയങ്ങളുടെ കൊട്ടാരം അവനില്‍ നിറഞ്ഞു. ദിനേശ്സിംഗിന്‍റെ
വേഷം അവന് നന്നായിണങ്ങി. ചാട്ടവറുയര്‍ത്തി ദിനേശ് സിംഗെന്ന കര്‍ഷകത്തൊഴിലാളിയുടെ മുതുകില്‍ അവന്‍ ആഞ്ഞടിച്ചു.ഇടതുകൈയ്യിലെ ചങ്ങലയുടെ
അഗ്രത്ത് നാക്കുനീട്ടി നില്‍ക്കുന്ന പട്ടിക്ക് അവന് മാംസകഷണങ്ങള്‍
എറിഞ്ഞുകൊടുത്തു. ദിനേശ് സിംഗ് ആര്‍ത്തിയോടെ അത് നോക്കിനിന്നു.
കല്ലുവിന്‍റെ
സ്വപ്നങ്ങളിലെല്ലാം അവന്‍ പ്രഭുവായിരുന്നു.അടിമയായി ദിനേശ് സിംഗും. മയക്കത്തിന്‍റെ
പിടിയില്‍ നിന്നുണര്‍ന്ന കല്ലുവില്‍ വീണ്ടും ദു:ഖത്തിന്‍റെ ഉറവ പൊട്ടി.
വയറ്റില്‍ ശൂന്യത സൃഷ്ടിച്ചുകൊണ്ട് കുറച്ചുവായു പുറത്തേക്കു വന്നു. പച്ചമാംസത്തിന്‍റെ
ഗന്ധം വായില്‍ അസ്വസ്ഥതയുണര്‍ത്തി.
പഴുത്തുകലങ്ങിയ
സ്വന്തം ജന്മത്തെ പഴിച്ചുകൊണ്ട് അവന്‍ വീട്ടിലേക്ക് നടന്നു. കളിമണ്ണു
കുഴച്ചുണ്ടാക്കിയ വീട് മഴയില്‍ ഇടിഞ്ഞുവീണ് കിടക്കുകയാണ്.ചീരു മുറ്റത്ത് ഒരു
നോക്കുകുത്തിപോലെ ഇരുപ്പുണ്ട്. കുട്ടികള്‍ ഏതോ ഒരു കിഴങ്ങിനുവേണ്ടി പരസ്പ്പരം
കലഹിക്കുകയാണ്. പട്ടിണികൊണ്ട് ഉണങ്ങിവരണ്ടെങ്കിലും ചീരുവിന്‍റെ മുഖത്ത് തേജസ്
കെട്ടിട്ടില്ലായിരുന്നു. കല്ലു വിവാഹം കഴിക്കുമ്പോള്‍ അവള്‍ ഗ്രാമത്തിലെ
സുന്ദരിയായിരുന്നു. ചെറുപ്പക്കാരുടെ കണ്ണുകളില്‍ ഉടക്കിവീഴുന്ന സൌന്ദര്യം. കല്ലുവിന്‍റെ
താന്‍പോരിമയും കരുത്തും കണ്ടാണ് ചീരുവിന്‍റെ അച്ഛന്‍ അവളെ അവന് വിവാഹം
ചെയ്തുകൊടുത്തത്. വയലില് കൊയ്ത്തിനിറങ്ങിയ ഓരോ വസന്തകാലത്തും അവളുടെ വീര്‍ത്തവയര്‍
പെയ്തൊഴിഞ്ഞു. ചീരുവിന്‍റെ ആരോഗ്യം ക്ഷയിച്ചു. എട്ടുപെറ്റ ചീരുവിന് ഇനിയും
ജീവിച്ചിരിക്കുന്ന അഞ്ചുകുട്ടികള്‍. തോരാത്ത മഴയിലും കടുത്ത വരള്‍ച്ചയിലുമായി
മൂന്ന് കുട്ടികള്‍ മരിച്ചു. പക്ഷെ അവള്‍ ദുഖിച്ചില്ല, ആശ്വസിക്കുകയായിരുന്നു.
പട്ടിണി കിടന്നു കരയുന്ന ദൈന്യജീവിതങ്ങളുടെ എണ്ണം കുറയുമ്പോഴുള്ള സന്തോഷം!
കല്ലു
ആരോഗ്യവാനായിരുന്ന കാലം എല്ലാം കാര്യമായി നോക്കിനടത്തി. അനുസരണക്കേടിന് ജന്മിയുടെ
ഗുണ്ടകളില്‍ നിന്നും തല്ലുവാങ്ങി ചോരയുംനീരും വറ്റിയപ്പോള്‍ അവന്‍റെ മനസിന്‍റെ കനം
കുറഞ്ഞു. അവനില്‍ സ്വാര്‍ത്ഥത നിറഞ്ഞു. ഭാര്യയുടെയും കുട്ടികളുടെയും വിശപ്പ് അവനു
പ്രശ്നമല്ലാതായി. എത്ര കിട്ടിയാലും വിശപ്പുമാറാതെ അവന് ഭ്രാന്ത് ബാധിച്ചു.
കല്ലു വരുന്നത്
കണ്ടെങ്കിലും ചീരു അനങ്ങിയില്ല. ഒന്നെഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യം പോലും
അവള്‍ക്കില്ലായിരുന്നു. ബഹളം കൂട്ടുന്ന കുട്ടികള്‍ക്ക് നേരെ അയാള്‍ നടന്നു. അയാള്‍ക്ക്
വിശപ്പിന്‍റെ ബാധയുണ്ടായിരുന്നു. കുട്ടികളെ ഓരോന്നിനേയായി അയാള്‍ തൂക്കിയെറിഞ്ഞു.
എന്നിട്ട് കിഴങ്ങ് തട്ടിയെടുത്ത് ഒരു മൂലയിലേക്ക് മാറിയിരുന്ന് അയാള്‍ കുട്ടികളെ
നോക്കി കണ്ണുരുട്ടി. “ പൊയ്ക്കോ, വായിനോക്കികളെ “. അവര്‍
ഓടിപ്പോയി.കല്ലു കിഴങ്ങ് കടിച്ചു തിന്നാന്‍ തുടങ്ങി. കറുമുറാ ശബ്ദം കേട്ട് ചീരു
തിരിഞ്ഞുനോക്കി. അവളുടെ മുഖം ചുവന്നു. കല്ലുവിനോട് തോന്നിയ ദേഷ്യം കടിച്ചിറക്കി
അവള്‍ ഇമയനക്കാതെ അവനെ നോക്കി. അവന് ഒട്ടൊരു കുറ്റബോധം തോന്നിയെങ്കിലും
മുഖംതിരിച്ച് വീണ്ടും കിഴങ്ങുതിന്നാന്‍ തുടങ്ങി. ചീരുവിന് സഹിക്കാന്‍ കഴിഞ്ഞില്ല.
അവള്‍ ചാടിയെഴുന്നേറ്റ് അവന്‍റെ അരുകില്‍ ചെന്ന് കടിച്ചതിന്‍റെ ബാക്കി
കിഴങ്ങെടുത്ത് ദൂരേക്കെറിഞ്ഞു. അവള്‍ കോപംകൊണ്ട് വിറച്ചു. “വൃത്തികെട്ടവന്‍!”
ചീരുവിന് സമനില
വീണ്ടെടുക്കേണ്ടിയിരുന്നു. അവള്‍ എതിര്‍ദിശയിലേക്ക് നടന്നു. കല്ലുവിന് ദേഷ്യം
വന്നില്ല. അവന്‍ എഴുന്നേറ്റ് കിഴങ്ങ് കണ്ടുപിടിക്കാന്‍ ശ്രമം തുടങ്ങി. കരിയിലകള്‍ക്കിടയില്‍
നിന്നും കിഴങ്ങെടുത്തുകടിച്ചുകൊണ്ട് അവന്‍ വീണ്ടും കുന്നിറങ്ങി.
“ അരേ, ഓ –കല്ലൂ”, ശബ്ദം കേട്ട് അവന്‍ തരിഞ്ഞു നിന്നു.ലല്ലുവാണ്, നല്ല വേഷം,ചുണ്ടില്
പുഞ്ചിരി.
ഇവന്‍
കുറേക്കാലമായി എവിടെയായിരുന്നു. ഒരു വിശേഷവും അറിയാനില്ലായിരുന്നു. കുട്ടികളേയും
തള്ളയേയും കൂട്ടി ഒരു ദിവസം പോയതുമാത്രം അറിയാം. അവന് അടുത്തെത്തിക്കഴിഞ്ഞു. “ലല്ലു, നീ എവിടെയായിരുന്നു?”
അവന്‍ കണ്ണുകള്‍
ഇറുക്കിയടച്ച് ചിരിച്ചു. “
ഞാന്‍ ഒരുപാട് കറങ്ങി.പട്ടണങ്ങളിലും ഗ്രാമങ്ങളിലും
“
‘ നിനക്ക് പണി വല്ലതും
കിട്ടിയോ ലല്ലൂ “
“ ങ്ഹാ- പണി കിട്ടി.
മേലനങ്ങാതെ പണം കിട്ടുന്ന പണി.”
“ അതെന്ത് പണി”, കാര്യം പിടികിട്ടാതെ കല്ലു പരുങ്ങി.
“അതൊക്കെ പറയാം, ആദ്യം നീ
ഇതല്‍പ്പം കഴിക്ക്.നല്ല സാധനമാ”, ലല്ലു ചാരായക്കുപ്പി നീട്ടി.
താന്‍
പട്ടിണികൊണ്ട് പൊരിയുമ്പോള്‍ ഇവന്‍ ചാരായം കുടിച്ച് മദിക്കുന്നു.ഭാഗ്യവാന്‍ !!
കല്ലുവിന്‍റെ
ഹൃദയം വല്ലാതെ മിടിച്ചു. അവര്‍ ഒരിറക്ക് മദ്യം കഴിച്ചു. പട്ടിണി കിടക്കുന്ന
സിരകളിലേക്ക് മദ്യം വ്യാപിച്ചു.
“ ലല്ലൂ, നീ ഭാഗ്യവാനാ.
നിന്‍റെ ഭാര്യയും കുട്ടികളും എവിടെ?”
“ ഭാര്യയും കുട്ടികളും—“, ലല്ലു ഉറക്കെയുറക്കെ ചിരിച്ചു. ചിരിയുടെ അലകള്‍ അടങ്ങിയപ്പോള്‍ ശബ്ദം
താഴ്ത്തി അവന്‍ പറഞ്ഞു, “ അവളെ ഞാന്‍ വിറ്റുകാശാക്കി. കുട്ടികളെ ഒരാള്‍ ചോദിച്ചു,
ബലി കൊടുക്കാന്‍. കുറച്ചു പണം അയാളും തന്നു.”, വളരെ നിസ്സാരമായി
ലല്ലു ഇത്രയും പറഞ്ഞപ്പോള്‍ കല്ലുവിന്‍റെ തലച്ചോറില്‍ വൈദ്യുതതരംഗങ്ങള്‍ മിന്നി.
“പട്ടണത്തില്‍ പെണ്ണിന്
നല്ല വിലയല്ലെ. താമസിയാതെ ഞാന്‍ പണക്കാരനാകും.എന്നിട്ട് വേണം ദിനേശ് സിംഗിനെ ഒരു
പാഠം പഠിപ്പിക്കാന്‍”
മദ്യം
തലയ്ക്കുപിടിച്ച ഉന്മാദാവസ്ഥയിലും ദിനേശ് സിംഗെന്ന് കേട്ടപ്പോള്‍ കല്ലുവിന് രക്തം
തിളച്ചു. “ അയാളെ ഞാന്‍ കൊല്ലും”
ലല്ലു ചിരിച്ചു.” പട്ടിണി കിടന്നു നരകിക്കുന്ന നിന്നെക്കൊണ്ടാവില്ല അവനെ
കൊല്ലാന്.എനിക്കാവും. ഞാന്‍ കഴിഞ്ഞാഴ്ച ഒരുത്തനെ കൊന്ന് അഞ്ഞൂറുരൂപ തട്ടിയെടുത്തു.
ഇനി എനിക്കൊരു തോക്കുവാങ്ങണം.”
“ഉള്ളതാണോ ലല്ലൂ”, കല്ലുവിന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി.
“നീ എന്തിനാ
വിറയ്ക്കുന്നത്. നിന്നെക്കൊണ്ടിതൊന്നും പറ്റില്ല. നിനക്ക് വരാലിനെ കൊല്ലാനേ കഴിയൂ”
കല്ലു
വല്ലാതെയായി. “ഞാന്‍ വരാലിനെ കൊന്നില്ല.”
‘ നീ കൊല്ലും,തിന്ന്വേം
ചെയ്യും”, ലല്ലു ആവര്‍ത്തിച്ചു.ഏതോ രഹസ്യം പുറത്തായപോലെ കല്ലു
വിളറി. ഇവന്‍ അത് കണ്ടുകാണും. “ അത്- അത് –വിശപ്പ് സഹിക്കാന്‍ വയ്യാഞ്ഞ്--- “, കല്ലുവില്‍ വാക്കുകള്‍ ഗദ്ഗദങ്ങളായി.
“ എല്ലാം എനിക്കറിയാം
കല്ലൂ. പണമുണ്ടെങ്കില്‍ എല്ലാമായി.അതിനൊള്ള വഴിയാ നോക്കണ്ടെ”, ലല്ലു ചില അര്‍ത്ഥങ്ങള്‍ ഉള്ളിലൊതുക്കിയാണ് ഇത്രയും പറഞ്ഞത്.
കല്ലു കുറേനേരം
കുനിഞ്ഞിരുന്ന് ആലോചിച്ചു.അവന്‍ കല്ലുകള്‍ പെറുക്കി വെള്ളത്തിലിട്ടുകൊണ്ടിരുന്നു.
ഒടുവില്‍ അടഞ്ഞതും പതിഞ്ഞതുമായ ശബ്ദത്തില്‍ കല്ലു ചോദിച്ചു, “ ചീരുനെ ഞാന്‍ നിനക്കുതരാം. നീ എനിക്കെത്ര രൂപ തരും”. ഇത്രയും
പറഞ്ഞൊപ്പിച്ചപ്പോഴേക്കും അവന്‍റെ മനസില്‍ ഒരു തേങ്ങലുയര്‍ന്നു.തന്‍റെ എല്ലാ ദൌര്‍ബ്ബല്യങ്ങളും
കണ്ടില്ലെന്നു നടിച്ച്, സ്നേഹം പകരുന്ന ചീരു.അവളെ വില്ക്കുക. അതും സ്വന്തം വയറിന്‍റെ
വിശപ്പടക്കാന്‍. കൂടുതല്‍ ചിന്തിച്ചാല്‍ -- ഒന്നും നടക്കില്ല. ഒന്നും ഓര്‍ക്കാതിരിക്കുകയാണ്
നല്ലത്.
ലല്ലുവിന്‍റെ
മുഖം തെളിഞ്ഞു. സുന്ദരിയായ ചീരു.അവളുടെ നഗ്നത കണ്ടാസ്വദിക്കാന്‍ കുളക്കരയിലെ
കുറ്റിച്ചെടികള്‍ക്കിടയില്‍ എത്രനാള്‍ കാത്തിരുന്നിട്ടുണ്ട്. പലതവണ
പെറ്റൊഴിഞ്ഞവളെങ്കിലും സുഖദമായൊരോര്‍മ്മയായി ചാരു നിറയുന്നു. അവന്‍ കല്ലുവിന്‍റെ
തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, “നിനക്ക് ഞാന്‍ അഞ്ഞൂറ് രൂപ തരാം”
“ ങ്ഹേ-അഞ്ഞൂറ് രൂപയോ? “, ഒരവിശ്വസനീയ സംഖ്യയായി അത് അവന് അനുഭവപ്പെട്ടു.ജീവിതത്തില്‍ ഒരിക്കല്‍
പോലും ഇത്തരമൊരു സംഖ്യ കൈയ്യില്‍ വന്നിട്ടില്ല.
ലല്ലുവിന്‍റെ
മനസിലും വിപണന സാധ്യതകള്‍ ഇതള്‍ വിടര്‍ത്തി. അവള്‍ക്ക് കുറഞ്ഞത് ആയിരം
രൂപയെങ്കിലും കിട്ടും.യാത്രക്കിടയില്‍ അവളെ ഭോഗിക്കുകയും ചെയ്യാം. ലല്ലു ഒരിറക്ക്
ചാരായം കൂടി കുടിച്ചു.
അഞ്ഞൂറ്
രൂപയുംകൊണ്ട് ഗ്രാമം വിട്ട് എവിടെയെങ്കിലും പോയി ജീവിക്കണമെന്ന് കല്ലു ഉറച്ചു.
അവന്‍റെ കൈയ്യില്‍ രൂപ തിരുകികൊണ്ട് ലല്ലു പറഞ്ഞു, “ഇന്നുതന്നെ
കൊണ്ടുപോകണം.ഞാന്‍ കുറച്ചു കഴിഞ്ഞ് അങ്ങോട്ടു വരും.”
“ഇന്നുതന്നെ---
ഇന്നുതന്നെ – “, കല്ലു അബോധത്തിലെന്നവണ്ണം ഉരുവിട്ടു. കൈയ്യില്‍ കനമുള്ള
ഏതോ വസ്തുപോലെ ആ നോട്ടുകൊട്ടുകള്‍ അവന് അനുഭവപ്പെട്ടു. കുന്നു കയറിയതും
വീട്ടുമുറ്റത്തെത്തിയതും കല്ലു അറിഞ്ഞില്ല. ചീരു
മുറ്റത്തുതന്നെയുണ്ടായിരുന്നു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.കല്ലു ഒരു
കുറ്റവാളിയെപോലെ മുറ്റത്തു നിന്നു.ചീരു മുഖമുയര്‍ത്തി.” പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഞാന് അങ്ങിനെ
--- “, അവള്‍ വാക്കുകള്‍ക്കു പരതി.” കുട്ടികള്‍ വിശന്ന്
പരസ്പ്പരം കടിച്ചു കീറാന്‍ തുടങ്ങുന്നു. എത്രനാള്‍ ഇങ്ങനെ പട്ടിണി കിടക്കും?”
കല്ലുവിന്
ചീരുവിന്‍റെ ഈ സ്നേഹമാണ് സഹിക്കാനാവാത്തത്. ഇവള്‍ക്ക് തന്നോട് വെറുപ്പ്
തോന്നാത്തതെന്ത്? ഏതായാലും കച്ചവടം ഉറപ്പിച്ചു. ഇനി മാറാന്‍ കഴിയില്ല. “ ഞാനും ഇതൊക്കെ തന്നെ ചിന്തിക്കുകയായിരുന്നു.വിശപ്പു സഹിച്ച് ഇങ്ങനെ കൂടുതല്‍
കാലം കഴിയാനൊക്കില്ല.മരണം വിളിച്ചു വരുത്താന്‍ മനസും വരുന്നില്ല. എനിക്കും
നിനക്കും സുഖമായി കഴിയാനുള്ള ഒരു മാര്‍ഗ്ഗം ഞാന്‍ കണ്ടെത്തി. “. അവള്‍ ഒന്നും മനസിലാകാതെ അവനെ നോക്കിനിന്നു. ഗ്രാമത്തിന്‍റെ സത്യം
മാത്രമറിയുന്ന അവള്‍ക്ക് ഒന്നും മനസിലാകുമായിരുന്നില്ല. “ ഞാന്‍ നിന്നെ വില്‍ക്കാന്‍
പോവുകയാണ്. അഞ്ഞൂറ് രൂപ ലല്ലു തന്നു.നിന്നെ അവന്‍ പട്ടണത്തില്‍ കൊണ്ടുപോകും.
നിനക്ക് സുഖമായി ജീവിക്കാം. “ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു തീര്‍ത്ത്
കല്ലു നിശബ്ദനായി. ചീരുവിന്‍റെ തൊണ്ടയില്‍ നിന്നും ഒരവ്യക്ത ശബ്ദം പുറത്തുവന്നു.
കണ്ണുകളില്‍ ദൈന്യതയേറി. “
എന്‍റെ കുട്ടികള്‍-- “
“അവരെ ഞാന്‍
നോക്കിക്കൊള്ളാം. കുറേ പണം സമ്പാദിച്ച് നീ തിരിച്ചുവന്നാല്‍ മതി. നിന്നെ പട്ടിണിക്കിട്ടു
കൊല്ലുന്ന എന്നേക്കാള്‍ നല്ലവനാണ് ലല്ലു.”
ചീരുവിന് നില്‍ക്കുന്ന
ഇടം കറങ്ങുന്നപോലെ തോന്നി. അവള്‍ പിന്നാമ്പുറത്തേക്ക് ഓടി. മക്കളെ കെട്ടിപിടിച്ച്
ഒരുപാട് കരഞ്ഞു. മഴ പെയ്തുകൊണ്ടേയിരുന്നു. കാറ്റ് വീശിയടിച്ചു. എല്ലാം
നശിപ്പിക്കുന്ന ഒരു പേമാരിക്കായി അവള്‍ കാതോര്‍ത്തു.
മരിച്ചാല്‍
മതിയായിരുന്നു. ദൈവത്തേപോലെ കരുതി താന്‍ സ്നേഹിച്ചയാള്‍ ഇന്ന് തന്നെ വില്‍ക്കുകയാണ്.
തത്വചിന്തയുടെ ചിമിഴുകള്‍ തുറക്കാനറിയാത്ത ചീരുവിന് കരയാന്‍ മാത്രമെ അറിയൂ. അവള്‍
കരഞ്ഞുകൊണ്ടേയിരുന്നു.
ലല്ലു പറഞ്ഞ
സമയത്തുതന്നെ എത്തി. ചീരുവിന്‍റെ ഹൃദയം അലിഞ്ഞില്ലാതായ മുഹൂര്‍ത്തം. അവള്‍
നിസ്സംഗയായി. അവളുടെ മാതൃത്വം നഷ്ടപ്പെട്ടിരിക്കുന്നു. ജീവന്‍റെ എല്ലാ നന്മകളും ചിറകടിച്ചുയര്‍ന്നു
പോയിരിക്കുന്നു. ജീവന്‍റെ ഒരു തുടിപ്പ് മാത്രം ബാക്കി. അവള്‍ കീറത്തുണികള്‍
വാരിയടുക്കി ,ഒന്നും പറയാതെ, കുട്ടികളെപോലും തിരിഞ്ഞുനോക്കാതെ , അയാള്‍ക്കൊപ്പം
ഇറങ്ങിനടന്നു. കല്ലു പാറപോലെ അവിടെത്തന്നെ കുത്തിയിരുന്നു. കുട്ടികള്‍ അമ്മേ,അമ്മേ
എന്നു വിളിച്ച് കരഞ്ഞു. ചീരു ഒന്നും കേട്ടില്ല. അവള്‍ ഈ ലോകത്തുതന്നെയാണെന്ന്
മറന്നിരുന്നു.
കുന്നിറങ്ങി
ഇടവഴിയും കഴിഞ്ഞ് അവര്‍ മറഞ്ഞപ്പോള്‍ കല്ലു കുട്ടികളെ നോക്കി. ഇവരെയെന്തു ചെയ്യും ! ലല്ലു കുട്ടികളെ ബലി കൊടുക്കാന്‍ ഏല്‍പ്പിച്ച് പണം വാങ്ങി. കല്ലുവിന്
അങ്ങനെയൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. വയര്‍ എരിയുന്നു.തലയ്ക്ക് അടിയേറ്റപോലെ
ഒരു മന്ദത. കുട്ടികളുടെ കരച്ചില്‍ ഒരു വന്യതാളം പോലെ അലയടിച്ചു. കൈയ്യില്‍ ചുരുട്ടിപ്പിടിച്ച
നോട്ടുകളുമായി കല്ലു എഴുന്നേറ്റു. കുട്ടികളുടെ കരച്ചില്‍ ഒരസ്വസ്ഥതയായി സിരകളില്‍
ചൂട് പകരുന്നു. ഇനിയെന്ത് ?
വിവേചിച്ചറിയാന്‍
കഴിയാത്ത സിരാവ്യാപാരങ്ങളുടെ കെട്ടിളകിയപോലെ കല്ലു കുന്നിറങ്ങി. അവന്
ലക്ഷ്യമില്ലായിരുന്നു. മുന്നില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെ അവന്‍ നടന്നു.
അപ്പോഴും കുന്നിന്‍ മുകളില്‍ ചലിക്കുന്ന അഞ്ചു വളപ്പൊട്ടുകള്‍ കാണാമായിരുന്നു.
അവരുടെ കഴുത്തിന് നേരെ ഉയരുന്ന വാളിന്‍റെ തിളക്കം കണ്ട് അവന്‍റെ കണ്ണുകള്‍ അടഞ്ഞു.
🙏