ചാണക്യനീതി- ഭാഗം- 10- ശരിയായ ചെയ്തികള്- ശ്ലോകം 11 മുതല് 21 വരെ
===================
- വി.ആര്.അജിത് കുമാര്
====================
10.11
പണമിടപാടുകളിലും വിജ്ഞാന സമ്പാദനത്തിലും ഭക്ഷണത്തിലും കച്ചവടത്തിലും ലജ്ജ ഒഴിവാക്കുന്നവനെ സംതൃപ്തി നേടാന് കഴിയൂ.
10.12
ഒരു നേരത്തെ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുന്നവനും, പതിനാറ് അനുഷ്ഠാനങ്ങള് പിന്തുടരുന്നവനും, ഭാര്യ ആരോഗ്യവതിയായിരിക്കുമ്പോൾ മാത്രം ഒപ്പം ശയിക്കുന്നവനുമാണ് യഥാർത്ഥ ബ്രാഹ്മണന്.
(പതിനാറ് അനുഷ്ഠാനങ്ങള് ഇവയാണ്- ഗര്ഭദാന്(ഗര്ഭധാരണം),പുംസവന(കുട്ടിയുടെ സുരക്ഷയ്ക്കുള്ള ചടങ്ങ്), സിമന്തോനയന(ഏഴാം മാസത്തെ ചടങ്ങ്),ജാതകര്മ്മ(ജനനം കഴിഞ്ഞ് ആറാം നാള് ചടങ്ങ്), നാമകരണ്(പേരിടീല് ചടങ്ങ്), നിഷ്ക്രമണ( കുട്ടിയെ പുറംലോകം കാണിക്കല്), അന്നപ്രഷാന( ചോറൂണ്), ചുടകരണ(മുടിയെടുക്കല്), കര്ണ്ണവേദ(കാത്കുത്ത്), വിദ്യാരംഭം, ഉപനയനം, വേദാരംഭം, കേശന്ദയും(യുവാവ് താടിവടിക്കുന്ന ചടങ്ങ്) ഋതുശുദ്ധിയും(യുവതിയുടെ ആദ്യആര്ത്തവം), സാമവര്ത്തന( പഠനം പൂര്ത്തിയാക്കല്), വിവാഹം, അന്ത്യേഷ്ടി( മരണാനന്തര ചടങ്ങ്)
10.13
നിങ്ങളുടെ മകളെ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുക. നിങ്ങളുടെ മകന് മികച്ച വിദ്യാഭ്യാസം നൽകുക. ശത്രുവിനെ കഴിവതും ഒഴിവാക്കുക,അവന് അവന്റെ തിന്മകളാൽ തന്നെ നശിച്ചുകൊള്ളും. ധര്മ്മബോധമുള്ള സുഹൃത്തുക്കളുമായി മാത്രം ഇടപഴകുക.
10.14
ജ്ഞാനികളായ മനുഷ്യർ തങ്ങളുടെ മക്കളെ സദ്‌ഗുണമുള്ളവരായി വളർത്തുന്നു. നല്ല പെരുമാറ്റവും ധാർമ്മികതയും ഉള്ള കുട്ടികൾ അവരുടെ കുടുംബത്തിലേക്ക് മഹത്വം കൊണ്ടുവരുന്നു.
10.15
പൂക്കൈത പാമ്പുകളുടെ വിഹാരഭൂമിയാണ്,അതില് നിന്നും ഗുണമുള്ള ഫലവും ലഭിക്കുന്നില്ല. അത് മുള്ളുള്ളതും വിരൂപവും ചെളിയില് വളരുന്നതുമാണ്.അവയെ എളുപ്പത്തിൽ സമീപിക്കാനും കഴിയില്ല, എന്നിട്ടും അതിന്റെ പൂക്കള് പരത്തുന്ന സുഗന്ധം കൊണ്ട് അത് എല്ലാവരേയും ആകർഷിക്കുന്നു! തീർച്ചയായും, ഒരു നല്ലഗുണം മറ്റെല്ലാ അപൂർണതകളെയും മറികടക്കുന്നു എന്നതാണ് സത്യം.
10.16
ശക്തരോട് അനുരഞ്ജനം നടത്തുക, ദുർബലരെ നേരിടുക. ശക്തിയിൽ തുല്യമായ ശത്രുവിനോട്, മര്യാദയോ ബലപ്രയോഗമോ ഏതാണ് ഉചിതമെന്ന് മനസിലാക്കി അത് പ്രയോഗിക്കുക.
10.17
ആനയെ കോലുകൊണ്ടും കുതിരയെ കുതിരക്കോപ്പുകൊണ്ടും കൊമ്പുള്ള മൃഗത്തെ വടികൊണ്ടും നീചനെ വാൾകൊണ്ടും നിയന്ത്രിച്ചു നിര്ത്തണം.
10.18
ഒരു വണ്ടിയിൽ നിന്ന് അഞ്ച് ഹസ്തങ്ങളും യുദ്ധരംഗത്ത് നില്ക്കുന്ന കുതിരയിൽ നിന്ന് പത്ത് ഹസ്തങ്ങളും ആനയിൽ നിന്ന് ആയിരം ഹസ്തങ്ങളും അകലം പാലിക്കണം.ഒരു നീചനായ മനുഷ്യന് പെരുമാറുന്ന ഇടത്തുനിന്നും പൂര്ണ്ണമായും മാറിനില്ക്കണം. (ഒരു ഹസ്തം എന്നാല് ഒരടി അകലം എന്നര്ത്ഥം)
10.19
കരിമ്പ്, എള്ള്, മടിയൻ, കാമുകിയായ സ്ത്രീ, സ്വർണ്ണം, മണ്ണ്, ചന്ദനം, തൈര്, വെറ്റില ഇവയെല്ലാം തിരുമ്മലിലൂടെ ഗുണം മെച്ചപ്പെടുന്നവയാണ്. (ഇവിടെ സ്ത്രീയെയും മടിയനെയും വസ്തുക്കളുടെ കൂട്ടത്തില് ഉള്പ്പെടുത്തിയിരിക്കുന്നു.മടിയനെ നിരന്തര സമ്മര്ദ്ദത്തിലൂടെയെ പണിയെടുപ്പിക്കാന് കഴിയൂ എന്നും കാമുകിക്ക് നിരന്തര സ്നേഹം കൊടുത്തേ സൌഹൃദം മുന്നോട്ടുകൊണ്ടുപോകാന് കഴിയൂ എന്നുമാകാം ഉദ്ദേശിക്കുന്നത്.)
10.20
വിദ്യാർത്ഥി, വേലക്കാരൻ, യാത്രക്കാരൻ, വിശക്കുന്നവൻ, ഭയന്നവൻ, കടക്കാരൻ, കാവൽക്കാരൻ, ഈ ഏഴുപേരും ഉറങ്ങുന്നതുകണ്ടാല്‍ ഉണർത്തണം.
10.21
ഒരു വർഷം മുഴുവനും നിശ്ശബ്ദമായി ഭക്ഷണം കഴിക്കുന്നവൻ സന്തോഷത്തോടെ വർഷങ്ങളോളം ജീവിക്കും
10.22
ഒരു കുടുംബത്തെ രക്ഷിക്കാൻ ഒരു അംഗത്തെ ഉപേക്ഷിക്കുക. ഒരു ഗ്രാമത്തെ രക്ഷിക്കാൻ കുടുംബത്തെ ഉപേക്ഷിക്കുക. രാജ്യത്തിനുവേണ്ടി ഒരു ഗ്രാമത്തെ ഉപേക്ഷിക്കുക, നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ ലോകത്തെത്തന്നെ ത്യജിക്കുക!

No comments:
Post a Comment