ചാണക്യനീതി -അവസാനഭാഗം==
ഭാഗം- 11-അരുതാത്തവ - ശ്ലോകം 11 മുതൽ 19 വരെയും ഭാഗം-12 -ശ്ലോകം ഒന്നും രണ്ടും
=========================
-വി. ആർ. അജിത് കുമാർ
=======================
11.11 അധാർമ്മികന്‍, ദുഷ്ടമാനസന്‍, വക്രബുദ്ധി,കഠിനഹൃദയന്‍ എന്നിവരുമായി ചങ്ങാത്തം കൂടുന്നവൻ സ്വയം നാശത്തെയാണ് വിളിച്ചുവരുത്തുന്നത്.
11.12 കടലില്‍ മഴ പെയ്യുന്നതും പകൽ വെളിച്ചത്തിൽ വിളക്ക് കത്തിക്കുന്നതും സമ്പന്നർക്ക് ദാനം ചെയ്യുന്നതും വിശപ്പില്ലാത്തവർക്ക് ഭക്ഷണം നല്‍കുന്നതും വ്യർത്ഥമാണ്
11.13 ക്ഷുരകന്‍റെ വീട്ടിൽ ക്ഷൗരം ചെയ്യുക, കല്ലിൽ ചന്ദനമോ കുന്തിരിക്കമോ പുരട്ടുക, വെള്ളത്തിൽ സ്വന്തം പ്രതിബിംബം കണ്ട് ആസ്വദിക്കുക എന്നിവ ഇന്ദ്രന്‍റെ ഐശ്വര്യം പോലും നഷ്ടപ്പെടുത്തും
11.14 രണ്ട് ബ്രാഹ്മണർക്കിടയിലോ ഒരു ബ്രാഹ്മണന്‍റെ അഗ്നി പൂജയ്ക്കിടയിലോ ദമ്പതികള്‍ക്കിടയിലോ ഒരു യജമാനനും അയാളുടെ ജോലിക്കാരനുമിടയിലോ കാളയ്ക്കും കലപ്പയ്ക്കുമിടയിലോ ചെന്നുപെടാന്‍ ഇടവരരുത്.
11.15 വിഷമുള്ള പാമ്പ്, രാജാവ്, കടുവ, കടന്നല്‍, കൊച്ചുകുട്ടി, മറ്റൊരാളുടെ നായ, വിഡ്ഢി ഇവര്‍ ഉറങ്ങുന്നത് കണ്ടാൽ അവരെ ഉണർത്തരുത്.
11.16 വാത്തകൾ വെള്ളമുള്ളിടത്തെല്ലാം വസിക്കുകയും അത് ഉണങ്ങുമ്പോൾ മറ്റൊരിടത്തേക്ക് പോകുകയും ചെയ്യും. വാത്തയിൽ നിന്ന് വ്യത്യസ്തമായി, ഒരു മനുഷ്യൻ തന്‍റെ ഇഷ്ടപ്രകാരം ഇടങ്ങള്‍ മാറുന്നത് ശരിയല്ല.
11.17 ആനന്ദം തേടുന്നവർ പഠനം ഉപേക്ഷിക്കുകയാണ് നല്ലത്. ഒരു വിദ്യാർത്ഥി ഉല്ലാസം ഉപേക്ഷിക്കണം. ആനന്ദം തേടുന്നയാൾക്ക് അറിവ് നേടാൻ കഴിയില്ല. അറിവ് തേടി നടക്കുന്നവര്‍ക്ക് ഉല്ലാസത്തിൽ സന്തോഷം കണ്ടെത്താനും കഴിയില്ല.
11.18 ഒരു വിദ്യാർത്ഥി കാമം, കോപം, അത്യാഗ്രഹം, ഭക്ഷണത്തോടുള്ള ഇഷ്ടം, ചമഞ്ഞുനടക്കല്‍, അമിതമായ ജിജ്ഞാസ, അമിതമായ ഉറക്കം, അമിതമായ പാദസേവ എന്നിവ ഒഴിവാക്കണം.
11.19 വിഡ്ഢിയായ ഒരാളെ ദിശാബോധം നല്‍കി നന്നാക്കാന് പ്രയാസമാണ്. മലയ പര്‍വ്വതത്തില്‍ ചന്ദനവും മുളയും അടുത്തടുത്ത് നിന്നിട്ടും മുള ചന്ദനമാകുന്നില്ലല്ലോ.
ചാണക്യനീതി ഭാഗം 12 – അവസാന ഭാഗം
12.1 ഹേ രാമാ, സദ്ഗുണം, പ്രസാദകരമായ സംസാരം, ദാനധർമ്മം ചെയ്യാനുള്ള ആഗ്രഹം, സുഹൃത്തുക്കളോടുള്ള ആത്മാർത്ഥത, ഗുരുക്കന്മാരോടുള്ള വിനയം, അഗാധമായ ജ്ഞാനം, ധാർമ്മിക വിശുദ്ധി, മഹിമ നേടാനുള്ള അത്യുത്സാഹം, വേദജ്ഞാനം, ആകര്‍ഷകമായ രൂപം , ശിവഭക്തി എന്നിവയാൽ എന്നെ അനുഗ്രഹിക്കണമേ. (ദൈവാനുഗ്രഹത്തിനുള്ള അപേക്ഷയോടെ ചാണക്യനീതി അവസാനിപ്പിക്കുന്നു.)
12.2 വിരുന്നിലേക്കുള്ള ക്ഷണം ഒരു ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നതുപോലെ, പുല്ല് പശുവിനെ സന്തോഷിപ്പിക്കുന്നപോലെ, സ്നേഹനിധിയായ ഭർത്താവിന്‍റെ സാന്നിദ്ധ്യം ഭാര്യയെ സന്തോഷിപ്പിക്കുന്നപോലെ , ഹേ കൃഷ്ണാ, ഞാൻ യുദ്ധക്കളത്തില്‍ സന്തോഷിക്കുന്നു. (ഒരു ക്ഷത്രിയന്‍റെ അപേക്ഷകളും ചിന്തകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് എന്നുവേണം മനസിലാക്കാന്‍ )
No comments:
Post a Comment