ചാണക്യനീതി – 10 - ശരിയായ ചെയ്തികള്-ശ്ലോകം 1 മുതല് 10 വരെ
=====================
- വി.ആര്.അജിത് കുമാര്
====================
10-1
ഔദാര്യം, എളിമ, ധൈര്യം, വിജ്ഞാനം, മര്യാദ, ജ്ഞാനം, ഇവയുള്ളവര് പൊങ്ങച്ചം പറഞ്ഞു നടക്കേണ്ടതില്ല. ഭൂമിയില് ഇത്തരം ഗുണങ്ങളുള്ള രത്നങ്ങള് ധാരാളമായുണ്ട് എന്നോര്ക്കണം.
10.2
ശരീരത്തിന് ആരോഗ്യമുള്ളപ്പോഴും മരണം അകന്നുനില്ക്കുമ്പോഴും ആത്മാവിന് ഉപകാരപ്രദമായ കർമ്മങ്ങൾ ചെയ്യുക. മരണം വാതിൽക്കൽ ആയിരിക്കുമ്പോൾ, നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
10.3
വിഷത്തിൽ നിന്ന് പോലും അമൃത് വേർതിരിച്ചെടുക്കാം. അഴുക്കിൽ നിന്നും സ്വർണ്ണം കണ്ടെത്താം. താണസമൂഹത്തില് പിറന്നവനില് നിന്നുപോലും അറിവ് നേടാം. ദുഷ്പേരുള്ള കുടുംബത്തിൽ ജനിച്ചാലും പെൺകുട്ടിക്ക് സദ്ഗുണമുണ്ടാകാം.
10.4
ഒരു ശ്ലോകമോ അതിന്റെ പകുതിയോ കാല്ഭാഗമോ അതല്ലെങ്കില് ഒരു വാക്കെങ്കിലുമോ പഠിക്കാതെയും , ജീവകാരുണ്യമോ, പഠനമോ, നിശ്ചയിക്കപ്പെട്ട ജോലിയോ ചെയ്യാതെയും ഒരു ദിവസം പോലും കടന്നുപോകാന് അനുവദിക്കരുത്.
10.5
കരിമ്പ്, വെള്ളം, പാൽ, മുള്ളങ്കി, വെറ്റില, പഴങ്ങള്,ഔഷധസസ്യങ്ങൾ ഇവ കഴിച്ചാലും കുളിയും ജപവും പതിവുപോലെ ചെയ്യണം.
10.6
നേട്ടങ്ങൾക്കായി ചെയ്യുന്ന എല്ലാ ജീവകാരുണ്യങ്ങളും ത്യാഗങ്ങളും താൽക്കാലിക ഫലം മാത്രമേ നൽകൂ, എന്നാൽ അർഹതയുള്ളവർക്ക് നൽകുന്ന സമ്മാനങ്ങളും എല്ലാ ജീവജാലങ്ങൾക്കും നൽകുന്ന സംരക്ഷണവും ഒരിക്കലും നശിക്കില്ല.
10.7
മനസ്സിൽ രൂപപ്പെടുത്തുന്ന ഒരു പദ്ധതി പരസ്യപ്പെടുത്തരുത്, അത് ഒരു മന്ത്രം പോലെ രഹസ്യമായി സൂക്ഷിക്കുകയും അനുയോജ്യമായ സമയത്ത് മാത്രം വെളിപ്പെടുത്തുകയും വേണം.
10.8
നിങ്ങളുടെ സ്വന്തം ഭാര്യ, ലഭ്യമാകുന്ന ഭക്ഷണം, ലഭ്യമാകുന്ന പണം ഈ മൂന്നിലും സംതൃപ്തി കണ്ടെത്തുക.എന്നാല് പഠനം, ധ്യാനം, ദാനം എന്നിവയില് പരിമിതി വയ്ക്കുകയും ചെയ്യരുത്.
10.9
വ്രതം ഏകനായി ചെയ്യേണ്ടതാണ്.പഠനം രണ്ടുപേർ ചേര്ന്ന് ചെയ്യുന്നതാകും ഉചിതം. മൂന്നുപേർ ചേര്ന്ന് പാടുന്നതും നാലുപേർ ചേര്ന്ന് യാത്ര ചെയ്യുന്നതും നല്ലതാണ്. കൃഷിക്ക് അഞ്ചു പേരെങ്കിലും ഉണ്ടാകണം.യുദ്ധരംഗത്ത് ഒരു സൈന്യം തന്നെ വേണ്ടിവരും.
10.10
വളയണിഞ്ഞ കൈകളല്ല ദാനം നൽകുന്ന കൈകളാണ് മനോഹരമാകുന്നത്.ശരീരത്ത് തേക്കുന്ന ചന്ദനമിശ്രിതമല്ല,കുളിയാണ് ശരീരത്തെ ശുദ്ധീകരിക്കുന്നത്.നമ്മള് ഒരാള്ക്ക് നല്കുന്ന ബഹുമാനമാണ് അയാളില് സംതൃപ്തി കൊണ്ടുവരുന്നത്,അയാള്ക്ക് നല്കുന്ന ലഘുഭക്ഷണമല്ല.ഒരാളുടെ അലങ്കാരങ്ങളും പദവികളുമല്ല,അറിവാണ് അയാള്ക്ക് സായൂജ്യം നല്കുക
No comments:
Post a Comment