ചാണക്യനീതി –ഭാഗം -11 – അരുതാത്തവ-ശ്ലോകം 1 മുതല് 10 വരെ
==================
-വി.ആര്.അജിത് കുമാര്
===================
11.1
വെട്ടിയിട്ടാലും ചന്ദനമരത്തിന് സുഗന്ധം നഷ്ടപ്പെടുന്നില്ല. പ്രായമായാലും ആന തന്റെ കായികക്ഷമത കൈവിടുന്നില്ല. യന്ത്രത്തിൽ അമർത്തിയാലും കരിമ്പിന് മധുരം നഷ്ടപ്പെടുന്നില്ല. ഉന്നത കുലജാതന് ദരിദ്രനായി മാറിയാലും തന്റെ മാന്യത ഉപേക്ഷിക്കുന്നില്ല.
11.2
വലിയ കടല്ക്ഷോഭത്തില് സമുദ്രങ്ങൾ അവയുടെ അതിരുകൾ മറികടക്കുകയും മാറ്റത്തിന് വിധേയമാകുകയും ചെയ്യും. എന്നാല് ഒരു മാന്യൻ ഏത് അത്യാപത്തിലും അചഞ്ചലനായി നില്ക്കും.
11.3
ഒരു യുഗാവസാനത്തിൽ മേരു പർവ്വതം കുലുങ്ങിയേക്കാം, ഒരു കൽപ്പത്തിനൊടുവിൽ സപ്തസമുദ്രങ്ങളും ഇളകിയേക്കാം, എന്നാൽ മുനി ഒരിക്കലും തന്റെ ധാര്മ്മികതയുടെ പാതയിൽ നിന്ന് പിന്മാറുകയില്ല.
(ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം എന്ന് വിളിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഹിന്ദു പുരാണങ്ങളിൽ പറയുന്നത് മേരു പ്രപഞ്ചത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു പര്വ്വതമാണെന്നാണ്. ആര്യഭടീയമനുസരിച്ച് കാലത്തിന്റെ ഒരു മാത്രയാണ് കല്പം. 1008 യുഗങ്ങള് ചേർന്ന കാലയളവാണിത്.)
11.4
ബന്ധുക്കളെ നിന്ദിക്കുന്നത് വിനാശത്തിന് കാരണമാകും. മറ്റുള്ളവരെ അവഹേളിക്കുകയോ അവരുമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ധനനഷ്ടത്തിന് കാരണമാകും. രാജാവിനോടുള്ള ശത്രുത സ്വന്തം പതനത്തിന് കാരണമാകുന്നു. ബ്രാഹ്മണന്റെ വിദ്വേഷം മുഴുവൻ കുടുംബത്തിനും നാശമുണ്ടാക്കുന്നു.
11.5
നിങ്ങളോട് സൗഹൃദമില്ലാത്തവനെ ഒരിക്കലും വിശ്വസിക്കരുത്, ഒരു സാധാരണ സുഹൃത്തിനെപോലും അമിതമായി വിശ്വസിക്കരുത്, കാരണം അവൻ ഏതെങ്കിലും അവസരത്തില് നിങ്ങളോട് പിണങ്ങിയാല് നിങ്ങളുടെ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും.
11.6
ബുദ്ധിമാനായ ഒരു മനുഷ്യൻ തന്റെ ധനനഷ്ടം, മനസ്സിന്റെ വേദന, ഭാര്യയുടെ മോശം പെരുമാറ്റം, മറ്റുള്ളവരുടെ വഞ്ചന, അനുഭവിച്ച അധിക്ഷേപങ്ങൾ എന്നിവ ആരോടും വെളിപ്പെടുത്തില്ല.
11.7
ബുദ്ധിമാനായ ഒരുവന് താൻ തയ്യാറാക്കിയ മരുന്നിന്റെ ഫോർമുല, താൻ ചെയ്ത ജീവകാരുണ്യപ്രവർത്തനം, കുടുംബത്തിലെ അസ്വാരസ്യങ്ങൾ, ഭാര്യയുമായുള്ള സ്വകാര്യജീവിതം, തനിക്ക് ലഭിച്ച മോശമായ ഭക്ഷണം, താൻ കേട്ട അപകീർത്തികരമായ സംസാരങ്ങൾ എന്നിവ ആരോടും വെളിപ്പെടുത്തില്ല.
11.8
നൂറ് ശതമാനവും ധര്മ്മിഷ്ഠനായി ജീവിക്കാന് ശ്രമിക്കരുത്. വനത്തില് പോയി നോക്കൂ, നേരെ നില്ക്കുന്ന മരങ്ങളെ ആദ്യം തന്നെ വെട്ടിമാറ്റുന്നത് കാണാം. വളവും തിരിവുമുള്ളവ അവിടെത്തന്നെ നില്ക്കും.
11.9
അഗ്നി, ഗുരു, ബ്രാഹ്മണൻ, പശു, കന്യക, ശിശു, വൃദ്ധൻ എന്നിവരെ ഒരു സാഹചര്യത്തിലും കാലുകൊണ്ട് സ്പര്ശിക്കാന് ഇടവരുത്തരുത്.
11.10
സുന്ദരിയായ സ്ത്രീയില് ആകൃഷ്ടനാകുന്ന, വിഡ്ഢിയായ മനുഷ്യൻ അവളുടെ വശീകരണത്തില്പെട്ട് ഒരു വളര്ത്തു പക്ഷിയെപ്പോലെ അവളുടെ താത്പ്പര്യത്തിനൊത്ത് താളംതുള്ളും.
No comments:
Post a Comment