Thursday, 28 September 2023

Naveen kumar - a good role model for corporation counsellors

 


നവീന്‍ കുമാര്‍ - കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ക്ക് ഒരു നല്ല മാതൃക. 

- വി.ആര്.അജിത് കുമാര്

   മുപ്പത്തിയഞ്ച് വയസുകാരനായ ജി.നവീന്‍ കുമാര്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അഞ്ചാം വാര്‍ഡായ വിളാംകുറിച്ചിയിലെ കൌണ്‍സിലറാണ്. രാഷ്ട്രീയമായി ഒരു കോണ്‍ഗ്രസുകാരന്‍. ഈ വര്‍ഡില്‍ അന്‍പത് സാനിറ്ററി വര്‍ക്കേഴ്സാണുള്ളത്. അവര്‍ സൂര്യനുദിക്കും മുന്നെ വീട്ടില്‍ നിന്നും ഇറങ്ങുന്നവരാണ്. രാവിലെ ഏഴുമണിക്ക് മിക്കവാറും വെറുംവയറ്റിലോ അതല്ലെങ്കില്‍ ഒരു ചായയുടെ ബലത്തിലോ ആകും അവര്‍ പണി തുടങ്ങുക. തലേദിവസം കഴിച്ചു തീര്‍ക്കാന്‍ കഴിയാതെ വലിച്ചെറിഞ്ഞ ഭക്ഷണമുള്‍പ്പെടെ നഗരവാസികളുടെ അഴുക്കുകളും ഉച്ഛിഷ്ടങ്ങളും വാരുന്ന ജോലിയില്‍ അവര്‍ ഏര്‍പ്പെടുന്നു. ഇവരുടെ ഈ ജീവിതാവസ്ഥ നവീനില്‍ ഒരു മുറിവായി വളര്‍ന്നു. ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ആഴത്തിലുണ്ടായി. അതില്‍ നിന്നാണ് ആഴ്ചയില്‍ ഒരു ദിവസം പോഷകകരമായ ഒരു പ്രഭാതഭക്ഷണം കൊടുക്കാം എന്ന് തീരുമാനിച്ചത്.

 

  കൌണ്‍സിലര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ ശമ്പളമൊന്നും നല്‍കില്ല എന്നതിനാല്‍ കൈയ്യില്‍ നിന്നും വേണം പണം ചിലവാക്കാന്‍. എല്ലാ ദിവസവും ഭക്ഷണം കൊടുക്കണം എന്നതാണ് നവീനിന്‍റെ സ്വപ്നമെങ്കിലും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ അതിന് അനുകൂലമല്ല. അതുകൊണ്ട് ബുധനാഴ്ച മാത്രമാണ് ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നത്. മില്ലറ്റ് പൊങ്കല്‍,റാഗി സേമിയ,ഗോതമ്പ് ഉപ്പുമാവ്,ഇഡ്ഡലി,വട,മുട്ട എന്നിവയാണ് പ്രഭാതഭക്ഷണമായി നല്‍കുന്നത്. ഇതിനായി ആഴ്ചയില്‍ 4500-5000 രൂപവരെ ചിലവാകുന്നുണ്ട്. കോവിഡ് വാരിയേഴ്സ് എന്ന് നമ്മള്‍ സ്നേഹിച്ചുവിളിക്കുന്ന സാനിറ്ററി ജോലിക്കാരോടുള്ള ആദരവാണ് ഈ പ്രഭാതഭക്ഷണമെന്ന് നവീന്‍ പറയുന്നു. മാസത്തില്‍ ഒരു ദിവസം ഉച്ചഭക്ഷണവും രണ്ട് മാസത്തിലൊരിക്കല്‍ നോണ്‍-വെജിറ്റേറിയന്‍ സദ്യയും നവീന്‍ ഒരുക്കുന്നുണ്ട്. നവീനിന്‍റെ താത്പ്പര്യപ്രകാരം ആ വാര്‍ഡില്‍ ജന്മദിനാഘോഷം,വിവാഹവാര്‍ഷികം തുടങ്ങിയവ നടത്തുന്ന കുടുംബങ്ങളും ആ ദിവസം ഇവര്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഈ നല്ല മാതൃക പിന്‍തുടരാന്‍ കോയമ്പത്തൂരിലെ മറ്റ് കൊണ്‍സിലര്‍മാരാരും തയ്യാറായിട്ടില്ല എങ്കിലും മാറ്റം വരും എന്നാണ് നവീനും സാനിറ്ററി വര്‍ക്കേഴ്സും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ബസ്റ്റ് പെര്‍ഫോമിംഗ് കൌണ്‍സിലര്‍ പുരസ്ക്കാരവും നവീനിന് ലഭിച്ചിരുന്നു. നവീന്‍ കുമാര്‍- മൊ- 9944555640,ഇമെയില്‍- naveekumar.iyc@gmail .com🙏

No comments:

Post a Comment