അംബദ്ക്കറും ഇന്ത്യ വിഭജനവും – പരമ്പര – ഭാഗം - 14
-വി.ആര്‍.അജിത് കുമാര്‍
പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍
ന്യൂനപക്ഷം
മുസ്ലിങ്ങളില്‍ ന്യൂനപക്ഷം എന്ന വികാരം അരനൂറ്റാണ്ടായി നിലനിന്നതിനാല്‍ പ്രത്യേക രാജ്യം എന്നതിന് പകരം എപ്പോഴും ന്യൂനപക്ഷ സുരക്ഷ എന്നതിനായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. 1885 ല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനായിരുന്നല്ലൊ. 1885-1906 കാലത്ത് ഇത്തരമൊരു പോരാട്ടത്തില്‍ നിന്നും മുസ്ലിം മൊത്തമായി മാറിനിന്നു. 1906 ലാണ് രാഷ്ട്രീയ ഇടപെടല്‍ വേണം എന്ന് മുസ്ലിങ്ങള്‍ക്ക് തോന്നിയത്. അങ്ങിനെ മുസ്ലിംലീഗ് രൂപീകരിച്ചു. കോണ്‍ഗ്രസ്-ലീഗ് യോഗങ്ങള്‍ എപ്പോഴും ഒത്തുതീര്‍പ്പു ചര്‍ച്ചകളായിരുന്നു. ചിലപ്പോള്‍ വിജയിക്കുകയും മിക്കപ്പോഴും പരാജയപ്പെടുകയും ചെയ്യുന്ന ചര്‍ച്ചകള്‍. 1916 ലെ ചര്‍ച്ച വിജയിച്ചെങ്കില്‍ 1925 ല്‍ അത് പരാജയപ്പെട്ടു. ഖിലാഫത്തില്‍ ഒന്നിച്ചുനിന്നെങ്കിലും ആ ഐക്യം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇവിടെ പ്രസക്തമായ കാര്യം പാകിസ്ഥാന്‍ എന്ന വികാരമായിരുന്നു. സ്വതന്ത്ര ഇന്ത്യ ഒരു രാജ്യമായി തുടര്‍ന്നാല്‍ വിളര്‍ച്ചയും രോഗവും ബാധിച്ച് ജീവഛവമാകും, ഒരുതരത്തില്‍, മരിച്ചിട്ടും ശവമടക്കാത്ത മട്ട്. ഒരു ഭരണഘടനയ്ക്ക് കീഴില്‍ പരസ്പ്പര വിശ്വാസമില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഒട്ടും ഗുണകരമാകില്ല. തര്‍ക്കപരിഹാരത്തിന് എപ്പോഴും മൂന്നാംകക്ഷി വേണ്ടിവരും.
പാകിസ്ഥാന്‍ രൂപീകരണത്തിന് സാധ്യത പകരുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ഭൂരിപക്ഷം മുസ്ലിങ്ങള്‍ പ്രത്യേക ഇടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ വിഭജിക്കാന്‍ എളുപ്പമാണ്. ഇന്ത്യക്കാര്‍ തമ്മിലടിക്കുമെങ്കിലും അതിനൊരു ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയുണ്ട്. അതിന്‍റെ ഒത്തൊരുമയ്ക്ക് പ്രകൃതിയോളം പഴക്കവുമുണ്ട്.150 വര്‍ഷമായി ഇവിടത്തെ സംസ്‌ക്കാരം, രാഷ്ട്രീയം ,സാമ്പത്തികം ,നിയമം,ഭരണം എന്നിവ പൊതുവായിട്ടുള്ളതാണ്. എങ്കിലും ഇപ്പോള്‍ വിഭജനം അനിവാര്യമായിരിക്കുന്നു. 1920-35 കാലത്താണ് മതകലഹങ്ങള്‍ ഏറിയത്. 1935 ലെ ഗവണ്മെന്‍റ് ഓഫ് ഇന്ത്യ നിയമം വന്നതോടെ അത് സജീവമായി. ദേശീയതയുടെ ദോഷങ്ങള്‍ പറയുന്ന ഇക്കാലത്ത് ജിന്ന മുസ്ലിം ദേശീയതയുടെ ചാമ്പ്യനായത് സങ്കടമെന്ന് ചിലര്‍ പറയുന്നു. രണ്ട് സമുദായത്തിന്‍റെയും സമാനതകള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ ഒരു രാജ്യത്ത് രണ്ട് ദേശം വരും. വ്യത്യസ്തതകള്‍ നോക്കിയാല്‍ പ്രത്യേക രാജ്യങ്ങള്‍ വരും. ജിന്ന പറയുന്നത് ഇന്ത്യന്‍സ് ഒരു ജനത മാത്രമാണ് എന്നാണ്. അതൊരു ദേശമല്ല. ബ്രിട്ടീഷുകാരുടെ ചുവട് പിടിച്ചാണ് ജിന്ന സംസാരിക്കുന്നത്. ഒരു ദേശമായി ജീവിച്ചാല്‍ മുസ്ലിങ്ങളില്‍ ബാക്കിയുളള ഇസ്ലാമിക സംസ്‌ക്കാരവും നശിക്കും എന്ന് മുസ്ലിം നേതാക്കള്‍ ഭയപ്പെടുന്നു.
സ്വരാജ് എന്നാല്‍ ഹിന്ദുരാജ് എന്നാണ് പൊതുവായ വിശ്വാസം. ഹിന്ദുരാജാക്കന്മാരുടെ ഹിന്ദുരാജില്‍ ദശലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിലും അങ്ങിനെതന്നെ. ഇനി അത് സഹിക്കില്ല എന്നതാണ് മുസ്ലിം നിലപാട്. ഹിന്ദു സമൂഹം ജനാധിപത്യപരമല്ല എന്നത് സത്യമാണ്. അതില്‍ തൊട്ടുകൂടാത്തവരും ശൂദ്രരും ബ്രാഹ്‌മണര്‍ അല്ലാത്തവരും കഷ്ടപ്പെടുന്നു. വിദ്യാഭ്യാസം,പൊതുസേവനം,ഭരണപരിഷ്‌ക്കാരം തുടങ്ങി എല്ലാറ്റിന്‍റെയും ഗുണം ലഭിക്കുന്നത് പത്ത് ശതമാനത്തില്‍ താഴെ വരുന്ന ഉന്നതജാതികള്‍ക്കു മാത്രമാണ്. അപ്പോള്‍ ഹിന്ദു സമുദായത്തിലെ തന്നെ വലിയ പങ്കിന് നിഷേധിക്കുന്ന അവകാശം മുസല്‍മാന് എങ്ങിനെ കിട്ടും? തൊട്ടുകൂടാത്തവര്‍ക്ക് ഒരു രാഷ്ട്രീയ ഇളവും നല്‍കാന്‍ അനുവദിക്കാത്ത ഗാന്ധി മുസല്‍മാന് ബ്ലാങ്ക് ചെക്ക് എങ്ങിനെ നല്‍കും? സത്യത്തില്‍ ഹിന്ദു ഭരണവര്‍ഗ്ഗം ശൂദ്രനും തൊട്ടുകൂടാത്തവര്‍ക്കും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ മുസല്‍മാനുമായി പങ്കിടാന്‍ തയ്യാറാകുമെങ്കിലും ഹിന്ദുസമൂഹത്തിന്‍റെ ജനാധിപത്യവിരുദ്ധതയെപറ്റി പരാതി പറയാന്‍ മുസ്ലിമിന് കഴിയില്ല എന്നതാണ് സത്യം. ഭൂരിപക്ഷ ഹിന്ദുവിന്‍റെ ഭരണം വന്നാല്‍ ദുരന്തമാകും ഉണ്ടാവുക. കാരണം അത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയാണ്. അത് ജനാധിപത്യത്തിന് യോജിക്കുന്നതുമല്ല.
കാനഡ, ദക്ഷിണാഫ്രിക്ക,സ്വിറ്റ്‌സര്‍ലന്‍റ് തുടങ്ങിയ ഇടങ്ങളില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഇല്ല. ഇവിടെയും അത് അനുവദിക്കാന്‍ പാടില്ല. അങ്ങിനെ വന്നാല്‍ ഭൂരിപക്ഷ സമുദായം ഭരണം കൈയ്യാളും. മുസ്ലിം ഹിന്ദുമഹാസഭയെ എതിര്‍ക്കുന്നു. എന്നാല്‍ ഈ പ്രസ്ഥാനം ഉണ്ടാകാന്‍ കാരണം ആരാണ്? അത് ലീഗാണ് എന്നതവര്‍ മറക്കുന്നു. ലീഗ് രൂപീകരിച്ചപ്പോള്‍ അതിനോടുള്ള പ്രതികരണം മാത്രമായിരുന്നു മഹാസഭ. ലീഗ് പിരിച്ചുവിട്ട് ഒരു സ്വതന്ത്ര പാര്‍ട്ടിയുണ്ടാക്കുന്നതാണ് ഹിന്ദുരാജ് വരാതിരിക്കാന്‍ നല്ലത്. ഭരണഘടനാപരമായ സുരക്ഷിതത്വം വന്നാല്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കം തീരും. അതിന് സാധ്യതയുമുണ്ട്. അത് വന്നാല്‍ സമുദായപാര്‍ട്ടികളെ ഒഴിവാക്കി മിശ്രിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക- സാമ്പത്തിക പുനരുജ്ജീവനത്തിന് ശ്രമിക്കാം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന താണജാതിക്കാര്‍ ഉറപ്പായും മുസ്ലിങ്ങളുമായി കൈകോര്‍ക്കാന്‍ തയ്യാറാകും. ഈ സാധ്യത ഒരു സാഹസിക ചിന്തയല്ല, അതൊരു കൃത്യവും തെളിവുള്ളതുമായ പാതയാണ്. മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌ക്കാരത്തെ തുടര്‍ന്ന് മിക്ക പ്രോവിന്‍സുകളിലും 1920-37 കാലത്ത് മുസ്ലിങ്ങളും അബ്രാഹ്‌മണരും അടിച്ചമര്‍ത്തപ്പെട്ടവരും ഒന്നിച്ചുനിന്ന് പരിഷ്‌ക്കാരങ്ങള്‍ക്കായി വാദിച്ചിട്ടുണ്ട്. അത് തുടരാവുന്നതാണ്. ജിന്നയ്ക്ക് ഈ പാത എളുപ്പമാകും. ആ വഴിക്ക് ശ്രമിച്ചാല്‍ വിജയിക്കാന്‍ കഴിയുന്ന നേതാവാണ് ജിന്ന. സംഘാടകമികവും ദേശീയതാ പരിവേഷവും ഉണ്ട്. ഇതിനുള്ള ഒരാഹ്വാനം ജിന്നയില്‍ നിന്നുണ്ടായാല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹിന്ദുക്കളും ഒപ്പം കൂടും. എന്നാല്‍ 1937 ല്‍ ജിന്ന എടുത്തത് വിചിത്രമായ നിലപാടാണ്. ഏകദേശം മരണപ്പെട്ട ലീഗിനെ പുനരുജ്ജീവിപ്പിച്ചു. അവിടെ ഏക ആശ്വാസം ജിന്ന നേതൃത്വം കൊടുക്കുമ്പോള്‍ അത് വെറും മതപാര്‍ട്ടിയാകില്ല എന്നതു മാത്രമാണ്.
1939 ലാണ് അസാധാരണമായ തരത്തില്‍ പാകിസ്ഥാന്‍ സംബ്ബന്ധിച്ച പ്രമേയത്തിലേക്ക് ജിന്ന എത്തിയത്. അതോടെ ലീഗ് ,ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടാം ഫിഡില്‍ എന്ന നിലയില്‍ നിന്നും മാറുകയാണ്. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ഹിന്ദുരാജ് വരുന്നതിനെ തടയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇല്ല എന്നതാണ് ശരിയായ ഉത്തരം. മുസ്ലിം ഭൂരിപക്ഷമുള്ള പ്രോവിന്‍സുകളില്‍ പാകിസ്ഥാന്‍ രൂപീകരിച്ചില്ലെങ്കിലും ഹിന്ദുരാജ് വരില്ല എന്നതാണ് മറ്റൊരു സവിശേഷത.കാരണം അവിടെ മുസ്ലിം ഭൂരിപക്ഷമായിരിക്കുമല്ലോ ഭരിക്കുക.അപ്പോള്‍ പിന്നെ പാകിസ്ഥാന്‍ രൂപീകരണം കൊണ്ട് എന്താണ് ഗുണം?
പാകിസ്ഥാന്‍ രൂപീകരണത്തോടെ മുസ്ലിം ന്യൂനപക്ഷത്തെ സഹായിക്കാന്‍ രൂപീകൃതമായ ലീഗ് മുസ്ലിം ഭൂരിപക്ഷത്തിന്‍റെ വക്താവായി മാറുകയാണ് ചെയ്യുന്നത്. ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ഒരു രീതിയുണ്ട്. അവര്‍ തര്‍ക്കത്തിന് ഒരു ദിനം നിശ്ചയിക്കും. ക്രിസ്തുമതത്തെ പ്രതിനിധീകരിച്ച് മിഷനറിയും ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് ഒരു ബ്രാഹ്‌മണനും വരും. മതംമാറാന്‍ വരുന്നവര്‍ക്കു മുന്നില്‍ മതം സംബ്ബന്ധിച്ച തര്‍ക്കം നടക്കും. വിജയിക്കുന്നവരെ മറ്റവര്‍ സ്വീകരിക്കണം. പാകിസ്ഥാന്‍റെ കാര്യത്തിലും ഇത്തരമൊരു തര്‍ക്കത്തിന് അവസരം ഒരുക്കുന്നത് നല്ലതാണ്. പാകിസ്ഥാന്‍ രൂപീകരിക്കണമോ വേണ്ടയോ എന്നൊരു ചോദ്യം സമൂഹത്തിന് മുന്നില്‍ വയ്ക്കാം. രണ്ടു കൂട്ടരും വാദഗതികള്‍ നിരത്തട്ടെ. എന്നിട്ട് ജനങ്ങള്‍ക്ക് വേണ്ടത് സ്വീകരിക്കാം. എന്നാല്‍ ലീഗ് ഇത്തരമൊരു പ്രക്രിയയ്ക്ക് തയ്യാറാകുമെന്നു തോന്നുന്നില്ല.
സ്വാതന്ത്ര്യം എന്നതിനേക്കാള്‍ പ്രധാനമാണ് ലഭിച്ച സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നത്. അതില്‍ പ്രധാനം സേനയാണ്. രാജ്യത്തിനുവേണ്ടി ഏത് ഘട്ടത്തിലും പ്രവര്‍ത്തിക്കുന്ന സേന. ഒരു മിശ്രിത സേന അതിര്‍ത്തിയില്‍ നിന്നും ഒരു മുസ്ലിം ആക്രമണമുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കും ? ഇവിടെ ഇരട്ട രാഷ്ട്ര സിദ്ധാന്തം മുസ്ലിങ്ങളായ സേനാംഗങ്ങള്‍ക്ക് എത്രമാത്രം തലക്കുപിടിച്ചു എന്നത് പ്രധാനമാകും. അത് അവരെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ സേന സുരക്ഷിതമല്ല എന്നുറപ്പ്. രാഷ്ട്രീയ ചേരി ഉള്ള സൈന്യം എന്നത് സേന ഇല്ലാത്ത നിലയേക്കാള്‍ അപകടകരമാകും. മറ്റൊന്ന് മുസ്ലിം സമുദായത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഭരണഘടനയാണ് ഒന്നിച്ചുള്ള രാജ്യത്തിനായി തയ്യാറാക്കുന്നതെങ്കില്‍ അത് കടുത്ത ദുരന്തമാകും എന്നതാണ്. സ്ഥിരമായ ലഹളകളാകും ഫലം. ഇവിടെ അംബദ്ക്കര്‍ തന്‍റെ നിലപാടിന് കൂടുതല്‍ സുതാര്യത പകരുന്നു. ഞാന്‍ ഇന്ത്യയുടെ ഐക്യത്തേക്കാള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ മുസ്ലിം ഇന്ത്യ, അമുസ്ലിം ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്നതാണ് ഇരുവരുടെയും പ്രതിരോധത്തിനുള്ള ഏറ്റവും ഉറപ്പായതും സുരക്ഷിതമായതുമായ മാര്‍ഗ്ഗം എന്ന് അദ്ദേഹം കരുതുന്നു. ( തുടരും) 🙏
No comments:
Post a Comment