Thursday, 21 September 2023

Ambedkar's book on partition - last part -15- Want Pakistan ? Who will decide ?

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – (15) അവസാന ഭാഗം

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

 പാകിസ്ഥാന്‍ വേണമോ ? ആര് നിശ്ചയിക്കും ?

 ജിന്ന പാകിസ്ഥാനുവേണ്ടി വാദിക്കുന്നു. എന്നാല്‍ അതിര്‍ത്തി എങ്ങിനെയാവണം എന്നതിനെ കുറിച്ച് പറയുന്നില്ല. പാകിസ്ഥാന്‍ എന്ന നിലപാട് സ്വീകാര്യമായാലേ അതിര്‍ത്തി സംബ്ബന്ധിച്ച് ചര്‍ച്ച വേണ്ടതുള്ളു എന്നാണ് ജിന്നയുടെ നിലപാട്. ലീഗും ഹിന്ദുമഹാസഭയും സ്വയം നിര്‍ണ്ണയത്തിനാണ് വാദിക്കുന്നത്. ലീഗ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും മുസ്ലിം ഭരിക്കുന്ന ഇടങ്ങളും പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാശ്മീരും ഹൈദരാബാദും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുവും മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതുതന്നെയാണ്. എന്നാല്‍ ഈ നിലപാട് സ്വയം നിര്‍ണ്ണയത്തെ അട്ടിമറിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും സ്വയം നിര്‍ണ്ണയാവകാശം നല്‍കുകയാണെങ്കില്‍ നൂറു കണക്കിന് പാകിസ്ഥാനുകള്‍ ഇന്ത്യയ്ക്കുള്ളിലുണ്ടാകും. പഞ്ചാബിനെത്തന്നെ പല കഷണങ്ങളാക്കണം എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. 1942 ലെ ജിന്നയുടെ പ്രസംഗത്തില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലും സിന്ധിലും പോലും ഈ വിഭജനം വേണമെന്നു പറയുന്നു. പല ഹിന്ദുനേതാക്കളും സംശയിക്കുന്നത് പാകിസ്ഥാന്‍ എന്നത് പൊല്ലാപ്പിനെ ഗര്‍ഭം ധരിച്ച സംവിധാനമാണ് എന്നാണ്. പാകിസ്ഥാന്‍ വാദികളുടെ പെട്ടെന്നുള്ള ലക്ഷ്യം അയലത്തുള്ള മുസ്ലിം രാജ്യങ്ങളുമായി ചേര്‍ന്ന് മുസ്ലിം ഫെഡറേഷനുണ്ടാക്കുക എന്നതാണെന്നും അവരുടെ ആത്യന്തിക ലക്ഷ്യം മുസ്ലിം ഫെഡറേഷനിലൂടെ ഹിന്ദുസ്ഥാനെ ആക്രമിച്ച് പിടിച്ചെടുക്കുകയും വീണ്ടും മുസ്ലിം സാമ്രാജ്യമാക്കി മാറ്റുകയുമാണ് എന്നും അവര്‍ ഭയപ്പെടുന്നു. ഒരാള്‍ക്കും മുസ്ലിം മനസ് ആഴത്തില്‍ മനസിലാക്കാനോ പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനോ കഴിയുന്നില്ല. പാകിസ്ഥാന്‍ പൂര്‍ണ്ണമായും മതപരമായ തര്‍ക്കങ്ങളില്ലാത്ത ഇടമാകണം. എന്നാല്‍ ജിന്നയുടെ ഇപ്പോഴത്തെ അജണ്ട സംശയമുണര്‍ത്തുന്നതാണ്.

         പാകിസ്ഥാന്‍ രൂപീകരിക്കുമ്പോള്‍ ഏറ്റവും പ്രശ്‌നകരമായ വിഷയം അവിടത്തെ ന്യൂനപക്ഷത്തിന്‍റെ സുരക്ഷയാണ്. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ അവകാശങ്ങള്‍ രേഖപ്പെടുത്തണം.അല്ലെങ്കില്‍ അവരെ ഹിന്ദുസ്ഥാനിലേക്ക് മാറ്റണം. ഇതിനെ അമ്പരപ്പിക്കുന്നതും നടക്കാത്തതുമായ വിഷയമായിട്ടാണ് പലരും ചിത്രീകരിക്കുന്നത്. പഞ്ചാബും ബംഗാളും വിഭജിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളു. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന മുസ്ലിം പാകിസ്ഥാനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ മാറണമെന്ന് ലീഗും ആഗ്രഹിക്കുന്നില്ല. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സിലേയും സിന്ധിലേയും ബലൂചിസ്ഥാനിലേയും ഹിന്ദുക്കളും അവിടം വിടാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുകയാണ് പ്രധാനം. സ്ഥാവരസ്വത്തുക്കള്‍ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ. വില്‍ക്കുന്ന വസ്തുവിന് വില കിട്ടില്ല എന്ന ആശങ്കയുണ്ടാകും. പെന്‍ഷനും മറ്റു സഹായങ്ങളും നഷ്ടമാകുമോ എന്ന ആശങ്കയും സ്വാഭാവികം. കറന്‍സി ഫിക്‌സിംഗിലും ബുദ്ധിമുട്ടുണ്ടാകും. ഇതെല്ലാം പരിഹരിക്കാന്‍ കഴിയുംവിധം രണ്ട് രാജ്യങ്ങളിലെയും തുല്യ അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കണം എന്നാണ് അംബദ്ക്കര്‍ നിര്‍ദ്ദേശിക്കുന്നത്. എങ്കില്‍ മാത്രമെ കുഴപ്പമില്ലാതെ കുടിയേറ്റം ഉറപ്പിക്കാന്‍ കഴിയൂ. സ്ഥാവര വസ്തുക്കള്‍ക്ക് ന്യായമായ വില ലഭിക്കണം. തുകയുടെ നാലില്‍ ഒന്ന് അന്നാട്ടിലെ പണമായും നാലില്‍ മൂന്ന് ഭാഗം സ്വര്‍ണ്ണമായോ ഹ്രസ്വകാല സ്വര്‍ണ്ണബോണ്ടായോ നല്‍കണം. പെന്‍ഷന്‍ ലഭിച്ചുവന്നവര്‍ക്ക് അത് പുതിയ രാജ്യത്തും ലഭ്യമാക്കണം. കുടിയേറ്റം പ്രേരണയാല്‍ ആകരുത്, സ്വമേധയാ ആകണം. വംശീയമോ മതപരമോ ആയ വ്യത്യാസം കാരണം വിവേചനത്തിനോ ഇരകളാക്കപ്പെടാനോ സാധ്യതയുള്ള എല്ലാ ന്യൂപക്ഷങ്ങള്‍ക്കും കുടിയേറ്റത്തിന് സൗകര്യം ഒരുക്കണം. സ്ഥാവരസ്വത്തുക്കള്‍ക്ക് സര്‍ക്കാര്‍ മൂല്യം നിശ്ചയിക്കുന്ന രീതി അഞ്ചുവര്‍ഷത്തേക്ക് നല്‍കിയാല്‍ മതിയാകും. തുടര്‍ന്നും കുടിയേറുന്നവര്‍ സ്വന്തമായിത്തന്നെ അതെല്ലാം നിര്‍വ്വഹിക്കണം എന്നും നിയമം വേണം. ആദം സ്മിത്ത് പറഞ്ഞിട്ടുണ്ട്, കൊണ്ടുപോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചരക്ക് മനുഷ്യനാണെന്ന്. അത് ഇവിടെയും പ്രസക്തമാണ്.

 

  പാകിസ്ഥാന്‍റെ കാര്യത്തില്‍ വ്യക്തതയുണ്ടാകും വരെ സ്വാതന്ത്ര്യം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല എന്നു വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുണ്ട്. അതിലൊരാളാണ് ഞാന്‍ എന്ന് അംബദ്ക്കര്‍ പറയുന്നു. അനിവാര്യതയെ അഭിമുഖീകരിച്ചേ പറ്റൂ. ചുറ്റിനും നടക്കുന്നതെന്തന്നറിയാതിരിക്കാന്‍ തല മണലില്‍ പൂഴ്ത്തി വച്ചിട്ടു കാര്യമില്ല, കാരണം അതിന്‍റെ ശബ്ദം നിങ്ങളെ അസ്വസ്ഥതപ്പെടുത്തും.

    മൂന്ന് വര്‍ഷത്തെ തന്‍റെ ആലോചനയില്‍ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളെ ഇത്തരത്തിലൊരു നിയമമാക്കാം എന്ന് അംബദ്ക്കര്‍ രേഖപ്പെടുത്തുന്നു. മുസ്ലിം ഭൂരിപക്ഷ പ്രോവിന്‍സുകളിലെ പ്രതിനിധി സഭ കൂടി ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വേര്‍പിരിയണം എന്ന് തീരുമാനമെടുക്കണം. തുടര്‍ന്ന് അവിടെ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷ തീരുമാനം അറിയിക്കണം. പാകിസ്ഥാന്‍ രൂപീകരണത്തെ അനുകൂലിക്കുന്നുവോ ഇല്ലയോ എന്ന ഒറ്റ ചോദ്യമേ പാടുള്ളു. മുസ്ലിം-അമുസ്ലിം വോട്ടര്‍പട്ടിക പ്രത്യേകം വേണം. ഭൂരിപക്ഷ മുസ്ലിം വിഭജനം ആവശ്യപ്പെടുകയും ന്യൂനപക്ഷം എതിര്‍ക്കുകയും ചെയ്താല്‍ അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷനെ നിയമിക്കണം. അവര്‍ മുസ്ലിം ഭൂരിപക്ഷ ജില്ലകളും പ്രദേശങ്ങളും കണ്ടെത്തി പട്ടികജില്ലകളായി പ്രഖ്യാപിക്കണം. അവ ചേര്‍ത്ത് പാകിസ്ഥാന്‍ രൂപീകരിക്കുകയും ബാക്കിയുള്ളവ ഹിന്ദുസ്ഥാന്‍റെ ഭാഗമായി പ്രഖ്യാപിക്കുകയും വേണം. തുടര്‍ന്ന് പട്ടികജില്ലകളില്‍ ഒരു വോട്ടെടുപ്പ് കൂടി നടത്തണം. ഉടനടി വേര്‍പിരിയല്‍ വേണമോ കാലാവധി നിശ്ചയിച്ച് പിരിയണമോ എന്നതാകണം ചോദ്യം. ഉടന്‍ വേര്‍പരിയലിന് അനുകൂലമെങ്കില്‍ പാകിസ്ഥാനും ഹിന്ദുസ്ഥാനും രണ്ട് ഭരണഘടന ഉണ്ടാക്കണം. അതല്ല ഭൂരിപക്ഷ തീരുമാനം ഒന്നിച്ച് നില്‍ക്കണം എന്നാണെങ്കില്‍ അതിന് പറ്റിയ ഏകീകൃത ഭരണഘടന ഉണ്ടാക്കണം. പത്ത് വര്‍ഷത്തേക്ക് ഇതില്‍ മാറ്റം വരുത്തില്ല എന്നും നിശ്ചയിക്കണം.

 

 പാകിസ്ഥാനും ഹിന്ദുസ്ഥാനും വന്നു കഴിഞ്ഞാല്‍ ഒരു കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകരിച്ച് ഭരണഘടന രൂപപ്പെടുത്തണം. പാകിസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍ സര്‍ക്കാരുകളെയും നിയമനിര്‍മ്മാണ സഭകളെയും പരസ്പ്പരം ബന്ധിപ്പിക്കുന്നതാകണം കൗണ്‍സില്‍. പരസ്പ്പര ആശയവിനിമയം,പൊതുവിഷയങ്ങളിലെ ഏകീകരണം, ഭരണസംവിധാനം തുടങ്ങി യോജിക്കാവുന്ന മേഖലകളിലെ നടത്തിപ്പുകള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. കൗണ്‍സിലില്‍ ബ്രിട്ടന്‍ നിശ്ചയിക്കുന്ന പ്രസിഡന്‍റും പാകിസ്ഥാനിലെയും ഹിന്ദുസ്ഥാനിലെയും 20 അംഗങ്ങള്‍ വീതവും ഉണ്ടാകണം. ലോക്‌സഭ വേണം അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. രണ്ട് രാജ്യങ്ങള്‍, രണ്ട് ഭരണം,പൊതുവായി ഒരു കൗണ്‍സില്‍. ഈ സംവിധാനം ഗുണപ്രദമല്ല എന്നു കണ്ടാല്‍ പത്ത് വര്‍ഷത്തിന് ശേഷം വേര്‍പരിയാം. വേര്‍പിരിയുകയോ ഒന്നിക്കുകയോ ചെയ്യത്തക്കവിധം വാതില്‍ തുറന്നുവയ്ക്കാം. സ്റ്റാഫോര്‍ഡ് ക്രിപ്‌സ് മിഷന്‍ പ്രോവിന്‍സുകളെ കേന്ദ്രീകരിച്ചുള്ള ഡിവിഷനാണ് നിര്‍ദ്ദേശിച്ചത് . അംബദ്ക്കര്‍ പിന്‍തുണച്ചത് മതാടിസ്ഥാനത്തിലുള്ള ഡിവിഷനായിരുന്നു. തന്‍റെ പരിഹാര നിര്‍ദ്ദേശങ്ങള്‍ പല ബുദ്ധികേന്ദ്രങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നാണ് എന്ന് അംബദ്ക്കര്‍ പറയുന്നു. പരിഹാരത്തിന് നാല് വഴികള്‍ തെരഞ്ഞെടുക്കാം. ബ്രിട്ടന്‍ തീരുമാനം കൈക്കൊള്ളാനുളള അധികാരകേന്ദ്രമാകാം. അതല്ലെങ്കില്‍ ഹിന്ദു-മുസ്ലിം നേതാക്കള്‍ ചേര്‍ന്നിരുന്ന് തീരുമാനിക്കാം. അന്തര്‍ദ്ദേശീയ മാദ്ധ്യസ്ഥ സമിതിക്ക് വിടുക എന്നതാണ് മറ്റൊരു രീതി. അതല്ലെങ്കില്‍ ആഭ്യന്തര കലാപത്തിലൂടെ തീരുമാനിക്കുക .

 

 1942 ലെ അലഹബാദില്‍ നടന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയില്‍ ജഗത് നാരായണ്‍ ലാലിന്‍റെ  പ്രമേയത്തില്‍ ആവശ്യപ്പെട്ടത് പാകിസ്ഥാന്‍ രൂപീകരണം ഒരുകാരണവശാലും അംഗീകരിക്കരുത് എന്നാണ്. എങ്കില്‍ പിന്നെ രണ്ട് വഴിയേ ഉള്ളൂ. ഒന്ന് ജനങ്ങള്‍ നിശ്ചയിക്കുക എന്നതാണ്. രണ്ടാമത്തേത് അന്താരാഷ്ട്ര മാധ്യസ്ഥമാണ്. ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അംബദ്ക്കര്‍ വ്യക്തമാക്കുന്നു. ലീഗ് റഫറണ്ടം ആഗ്രഹിക്കുന്നില്ല. ബ്രിട്ടന്‍ അയര്‍ലന്‍റിനെ വിഭജിച്ച് വടക്കന്‍ അയര്‍ലന്‍റും തെക്കന്‍ അയര്‍ലന്‍റും ഉണ്ടാക്കിയ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. ബ്രിട്ടന് അതിനുള്ള പരമാധികാരവുമുണ്ട്. പക്ഷെ അവരത് പ്രയോഗിക്കുമോ എന്നതിലാണ് സംശയം. അങ്ങിനെ ചെയ്താല്‍ പോലും രണ്ട് രാജ്യങ്ങളും ശത്രുക്കളെപോലെ പെരുമാറുന്ന രീതി വരും. വോട്ടെടുപ്പാണെങ്കില്‍ അങ്ങിനെ സംഭവിക്കില്ല എന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു.

 

 ഇവിടെ നേതാക്കള്‍ക്ക് പൊതുവെ ഉള്ളത് ചരിത്രപരമായ ദേശസ്‌നേഹത്തിന്‍റെ ഒരു തെറ്റായ വികാരമാണ്. മറ്റൊന്ന് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേക ഉടമസ്ഥതയെക്കുറിച്ചുള്ള തെറ്റായ ആശയമാണ്. സ്വയം ചിന്തിക്കാനുള്ള കഴിവിന്‍റെ അഭാവമാണ് മറ്റൊരു കാര്യം. ഇവിടെ ഹിന്ദു ഭൂരിപക്ഷം കോണ്‍ഗ്രസ്  ഗ്രൂപ്പിലും കോണ്‍ഗ്രസ് ഗാന്ധിയുടെ കൈപ്പിടിയിലുമാണ് എന്ന സത്യത്തെ അംഗീകരിച്ചേ കഴിയൂ. ഗാന്ധി ശരിയായ നേതൃത്വമല്ല കൊടുക്കുന്നത്. ഗാന്ധി പറയുന്നത് വിഭജിക്കല്‍ ഒരു പാപമാണെന്നും അതില്‍ പങ്കുചേരില്ലെന്നുമാണ്. വിഭജനം ധാര്‍മ്മികമോ അധാര്‍മ്മികമോ അല്ല ,മറിച്ച് ജൈവീകമാണ് എന്ന് അംബദ്ക്കര്‍ കരുതുന്നു. അംബദ്ക്കര്‍ വോട്ടെടുപ്പ് വേണം എന്നു നിര്‍ദ്ദേശിക്കാന്‍ പ്രധാന കാരണം ലീഗ് മുഴുവന്‍ മുസ്ലിങ്ങളേയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ ശരിക്കും പാകിസ്ഥാന്‍ എന്നത് ജിന്നയുടെ ഒരു ഫാന്‍സിയാണ്. പ്രതിനിധിയായി സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വിശുദ്ധ ഖുറാനില്‍ മുത്തമിടുന്നതിനപ്പുറം ജിന്ന ഒരു തികഞ്ഞ ഇസ്ലാം ആയിരുന്നില്ലെന്ന് അംബദ്ക്കര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആളാകെ മാറി. അവരുടെ ക്വയ്ഡ്-ഇ-അസം അഥവാ ഉന്നത നേതാവായി മാറി. ഇപ്പോള്‍ വിശ്വാസി മാത്രമല്ല മതത്തിനായി മരിക്കാനും തയ്യാറാണ് എന്നു പറയുന്നു. വിഭജനം ഒഴിവാക്കാന്‍ ഗാന്ധി ലക്ഷ്യമിട്ടത് ദേശീയ മുസ്ലിമിനെയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പോലും പറയുന്നത് ലീഗ് മുസ്ലിമും കോണ്‍ഗ്രസ് മുസ്ലിമും തമ്മില്‍ വ്യത്യാസമില്ല എന്നാണ്. കോണ്‍ഗ്രസിനുള്ളിലെ ദേശീയ മുസ്ലിം വര്‍ഗ്ഗീയ മുസ്ലിമിന്‍റെ ഒരു ഔട്ട്‌പോസ്റ്റ് മാത്രമാണ്.

 

 ഗാന്ധിജിക്ക് പിഴച്ചത് ജിന്നയെയും ലീഗിനേയും കണക്കിലെടുക്കാതെ 1942 ആഗസ്റ്റ് എട്ടിന് ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയതാണ്. ന്യൂനപക്ഷ വിഷയത്തില്‍ ബ്രിട്ടനെ ഇടപെടുത്താതെ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം അതിലുണ്ടായിരുന്നു. അത് പരാജയപ്പെട്ടു. കോണ്‍ഗ്രസുകാര്‍തന്നെ തുടങ്ങിവച്ച ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് നഷ്ടങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് 21 ദിവസം ഗാന്ധി നിരാഹാരം കിടന്നു. 1943 മാര്‍ച്ച് ആയപ്പോഴേക്കും മുന്നോട്ടുപോകാനുള്ള ബസും റോഡും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഗാന്ധിയും കോണ്‍ഗ്രസും. തുടര്‍ന്നാണ് വൈസ്രോയിയുമായി ചര്‍ച്ച തുടങ്ങിയത്. ജിന്നയേയും കാണാന്‍ ഗാന്ധി തയ്യാറായി. 1944 ജൂലൈ 17 ന് ജിന്നയെ കാണാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു. സെപ്തംബര്‍ 9 ന് ബോംബെയില്‍ ജിന്നയുടെ വീട്ടില്‍ കൂടിക്കാഴ്ച നടന്നു. അതോടെ ഇതുവരെ കാണാതിരുന്ന വെളിച്ചം ഗാന്ധി കാണുകയായിരുന്നു. എന്നിട്ടും പതിനെട്ടു ദിവസം നീണ്ട ചര്‍ച്ച പരാജയപ്പെട്ടു.

 

 ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യസ്ഥന്‍ വഴിയുള്ള ഒത്തുതീര്‍പ്പും നല്ലതാണ്. ബ്രിട്ടീഷുകാരല്ലാത്ത വ്യക്തികള്‍ ആകണം അംഗങ്ങള്‍  എന്നു മാത്രം. അവരെ തെരഞ്ഞെടുക്കാന്‍ മുസ്ലിം, പട്ടികജാതി,സിഖ്,ക്രിസ്ത്യന്‍ എന്നിവര്‍ക്ക് അവകാശം കൊടുക്കണം.തീരുമാനം എല്ലാവരും അംഗീകരിക്കുകയും വേണം. ഇതെല്ലാം ഞാന്‍ മനസിലാക്കിയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഉത്തരങ്ങളാണ്. നമ്മള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെ തീരു. ഒരു പക്ഷെ ഞാന്‍ പറയുന്നതാകില്ല ഇവയ്ക്കുള്ള ഉത്തരം. എങ്കില്‍ പിന്നെ എന്ത്? ഏതായാലും കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തിയേ തീരു. ഒന്നു ഞാന്‍ പറയാം, കൃത്യതയുള്ളതും ഉറച്ചതും എല്ലാ കൂട്ടര്‍ക്കും സംതൃപ്തി നല്‍കുന്നതുമായ ഒരുത്തരം കണ്ടെത്താതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയില്ല.

    പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുകയാണ്. തുടര്‍ന്ന് എന്താണ് സംഭവിച്ചത് എന്നത് നമ്മുടെ കണ്‍മുന്നിലെ ചരിത്രമാണ്. അതിനെ ഓരോരുത്തരും ഓരോ തരത്തില്‍ വ്യാഖ്യാനിക്കുന്നു, വിശദീകരിക്കുന്നു. ഏതായാലും ഒന്നുറപ്പ്. അംബദ്ക്കറുടെ ഈ ഗവേഷണ ഗ്രന്ഥം വായിക്കാതെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം  ചരിത്രം മനസിലാക്കുന്നതും വിഭജനം സംബ്ബന്ധിച്ച് അഭിപ്രായം രൂപീകരിക്കുന്നതും മതേതര ഇന്ത്യയെ നോക്കിക്കാണുന്നതും ഇന്നത്തെ ഇന്ത്യയെ വിലയിരുത്തുന്നതും പാതിവെന്ത ഭക്ഷണം കഴിക്കുന്നപോലെയാകും. ദഹനപ്രക്രിയ പൂര്‍ത്തിയാകില്ല എന്നുറപ്പ് ( അവസാനിച്ചു )

No comments:

Post a Comment