Friday, 22 September 2023

Haridas from Tiruvannamalai - a journey from juvenile home to a motivator

 


നമുക്കിന്ന് ഹരിദാസിനെ പരിചയപ്പെടാം.

തിരുവണ്ണാമലയില്‍ ഒരു പലചരക്കുകടയില്‍ ജോലിചെയ്യുന്ന അച്ഛനും സുഖമില്ലാത്ത അമ്മയും മാത്രമുള്ള ഹരിദാസിനെ അവന്‍റെ അമ്മാവന്‍ നിത്യാനന്ദനാണ് കാഞ്ചീപുരത്ത് കൊണ്ടുവന്നത്. അവന്‍ അവിടെ പച്ചയ്യപ്പാ സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. സിലംബാട്ടത്തില്‍ മിടുക്കാനായ അവന്‍ എന്‍സിസിയിലും മികച്ച കേഡറായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവന്‍റെ ജീവിതം കലങ്ങിമറിഞ്ഞത്. അവനും കൂട്ടുകാരും കൂടി ഒരു യാത്ര പോയി. ഒരു സുഹൃത്തിന്‍റെ മൊബൈലും കടം വാങ്ങിയായിരുന്നു യാത്ര. പോയവഴിയില്‍ മൊബൈല്‍ നഷ്ടമായി. ഭയവും നഷ്ടബോധവുമായി തിരികെ കാഞ്ചീപുരത്തെത്താന്‍ ധൈര്യമില്ലാതിരുന്ന അവന്‍ തരുവണ്ണാമലയ്ക്ക് മടങ്ങി. അമ്മാവന്‍ അവനെ അന്വേഷിച്ചില്ല. സുഖമില്ലാത്ത അമ്മയും ചെറിയജോലി ചെയ്ത് ജീവിക്കുന്ന അച്ഛനും അവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. സര്‍വ്വതന്ത്ര സ്വതന്ത്രനായ ഹരിദാസ് നാട്ടിലെ ചെറിയ കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ട് അടിപിടക്കേസുകളുമൊക്കെയായി നടന്നു. അങ്ങിനെ 2010 ല്‍ ഒരു കേസ്സില്‍പെട്ട് അവന്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത ഹരിദാസിനെ ഡിറ്റന്‍ഷന്‍ ഹോമിലാക്കി. അവിടെ എത്തി രണ്ട് മാസം കഴിഞ്ഞപ്പോഴായിരുന്നു ശിശുദിനം. അന്ന് അവന്‍ നടത്തിയ പ്രസംഗവും അവന്‍റെ ചിത്രപ്രദര്‍ശനവും ഇന്‍മേറ്റ്സിനെയും അധ്യാപകരേയും സ്വാധീനിച്ചു.

  ഇവന് മാറ്റമുണ്ടാകും എന്നുമാത്രമല്ല മറ്റുള്ളവരെമാറ്റിയെടുക്കാനും ഇവന് കഴിയും എന്ന് അവിടത്തെ ഹെഡ്മിസ്ട്രസ് കല്യാണിയമ്മയ്ക്ക് ബോധ്യമായി. അവര്‍ അവനെ പ്രോത്സാഹിപ്പിച്ചു. അവന്‍ പഠനം തുടങ്ങി. പതിനാറ് വയസില്‍ പോലീസ് അകമ്പടിയോടെ പരീക്ഷ എഴുതി. സ്പെഷ്യല്‍ ഹോമില്‍ നിന്നും ആ വര്‍ഷം പത്താംതരം പരീക്ഷ  എഴുതിയ ഏകവിദ്യാര്‍ത്ഥി അവനായിരുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ സംശയത്തോടെയും ഭയപ്പാടോടെയും അവനെ നോക്കി. അവന്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ പരീക്ഷ എഴുതി പാസ്സായി. കോടതിയില്‍ അവന്‍റെ കേസ് വന്നപ്പോള്‍ മജിസ്ട്രേറ്റ് സുന്ദര്‍ ജീവിതം നന്നാക്കാന്‍ അവന് അവസരം നല്‍കി. പിന്നീട് അവനെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചത് ഫാദര്‍ വിന്‍സന്‍റ് സേവ്യറായിരുന്നു. ഡിറ്റന്‍ഷന്‍ സെന്‍ററില്‍ നിന്നും ഇറങ്ങിയ അവന്‍ പ്ലസ് ടു പഠനം കഴിഞ്ഞ് യേലഗിരിയിലെ ഡോണ്‍ബോസ്കോ കോളേജില്‍ നിന്നും ബിരുദവും ചെന്നൈ ലയോളയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി.

 അതിനെതുടര്‍ന്ന് ജീവിതം എന്തിനാകണം എന്ന കൃത്യമായ കാഴ്ചപ്പാടോടെ ഹരിദാസ് തന്‍റെ കൌണ്‍സിലിംഗ് ആരംഭിച്ചു. ജുവനൈല്‍ ഹോമിലും ജയിലിലും കഴിയുന്ന കുട്ടികളെയും ചെറുപ്പക്കാരെയും മോട്ടിവേറ്റ് ചെയ്യുകയാണ് ഹരിദാസിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ കേന്ദ്രങ്ങളിലും സ്പെഷ്യല്‍ ഹോമിലും പ്രൊട്ടക്ടീവ് ഷെല്‍ട്ടറുകളിലും കഴിയുന്ന കുട്ടികളെ ലഹരിയില്‍ നിന്നും കുറ്റവാസനയില്‍ നിന്നും മോചിപ്പിക്കുകയാണ് ഇപ്പോള്‍ ഹരിദാസ് ചെയ്യുന്നത്. അവര്‍ക്ക് ഹരിദാസ് ഹരി അണ്ണനാണ്. ഇരുപത്തിയെട്ടുകാരനായ ഹരിദാസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പുഴല്‍ ജയിലിലെ രണ്ടായിരം ഇന്‍മേറ്റ്സിനെ കൌണ്‍സിലിംഗ് ചെയ്യുകയുണ്ടായി. അവരൊന്നും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഹരിദാസ് പറയുന്നു. പലരും അവരുടെ ഉള്ളിലെ കഴിവുകള്‍ മനസിലാക്കുകയും ജീവിതവിജയം നേടുകയും ചെയ്തു. വിശ്വാസവും ശ്രദ്ധയും സ്നേഹവും ഇതാണ് ഹരിദാസ് ഉപയോഗിക്കുന്ന രീതി. കുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാനം. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്നേഹത്തോടെ പെരുമാറുന്നതിലൂടെയും അവരില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് ഹരിദാസ് പറയുന്നു.

പ്രിസണേഴ്സ് റൈറ്റ്സ് ഇന്‍റര്‍വെന്‍ഷന്‍ സപ്പോര്‍ട്ട് മിഷന്‍ ആരംഭിച്ച പട്ടം പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയാണ് ഹരിദാസ് ഇപ്പോള്‍. സൈക്കോളജിസ്റ്റുകളും കൌണ്‍സിലേഴ്സും പരിശീലകരും ഉള്‍പ്പെടുന്ന ടീമാണ് കുറ്റം ചെയ്ത് ജയിലിലെത്തുന്ന ചെറുപ്പക്കാരെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ മോട്ടിവേറ്റ് ചെയ്യുന്നത്. പോലീസും കോടതിയും ജയില്‍ അധികാരികളും സംയുക്തമായാണ് ഈ പദ്ധതി വിജയകരമായി നടത്തിവരുന്നത്. ഇതിന് പുറമെ കോളേജുകളില്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കുകയും ഡ്രഗ് അഡിക്ടുകളെ കൌണ്‍സിലിംഗ് നടത്തുകയും ചെയ്യുന്നു. പേരന്‍റിംഗിലെ കുഴപ്പങ്ങളാണ് മിക്ക കുട്ടികളും തെറ്റായവഴിക്ക് പോകാന്‍ കാരണം എന്നാണ് ഹരിദാസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന വിഷയളില്‍ അറസ്റ്റ്, കേസ്,ശിക്ഷ തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് ഹരിദാസ് പറയുന്നു. അത് അവരെ നിരാശരും പ്രതീക്ഷനഷ്ടപ്പെട്ടരുമാക്കുമെന്ന് ഹരിദാസ് വിശ്വസിക്കുന്നു. ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലെ ഓരോരുത്തരോടും ഹരിദാസ് പറയുന്നത് ഇതാണ്, ഈ മതിലുകള്‍ക്കപ്പുറത്ത് അവസരങ്ങളുടെ ഒരു മനോഹരലോകം നിങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. അതാസ്വദിക്കാന്‍ നിങ്ങള്‍ തയ്യാറാകുക. ജീവിതത്തില്‍ നിരാശ ബാധിക്കുന്ന എല്ലാവര്‍ക്കുമായുള്ള ഒരു സന്ദേശമാണ് ഹരിദാസ് പകര്‍ന്നു നല്‍കുന്നത്.🙏

No comments:

Post a Comment