Thursday, 18 May 2023

Matrimandir at Auroville

 


അമ്മ മന്ദിരം
ചെന്നൈ നഗരത്തിന്റെ തിരക്കില് നിന്നും രണ്ടുദിവസം മാറിനില്ക്കണം എന്നു തോന്നിയാല് അപ്പോള് മനസിലേക്ക് വരുന്ന ഇടമാണ് ഓറോവില്. തമിഴ്നാടിന്റെയും പുതുശ്ശേരിയുടെയും അതിര്ത്തിയിലുള്ള ശാന്തമായ ഇടം. ഓരോ യാത്രയിലും ഓരോ തരം അനുഭവം നല്കുന്ന ഇടം. ആദ്യമായി പുതുശ്ശേരിയില് പോയപ്പോള് ഓറോവില് പരിസരത്താണ് താമസിച്ചതെങ്കിലും അതിനുള്ളിലൂടെ ഒരു രാത്രിയാത്ര മാത്രമാണ് നടത്തിയത്. കൂടുതല് സമയവും വൈറ്റ്ടൌണിലും സെറിനിറ്റി ബീച്ചിലുമൊക്കെയായി ചിലവഴിച്ചു.
രണ്ടാമത് യാത്രയില് ഓറോവില് നടന്നു കണ്ടെങ്കിലും അമ്മ മന്ദിരം ദൂരെ നിന്ന് വീക്ഷിച്ചതല്ലാതെ അകത്ത് കടന്നിരുന്നില്ല. എന്നാല് മൂന്നാം യാത്രയില് അത് സംഭവിച്ചു.
വിഷ്ണുവും ഞാനും അവിടത്തെ മുനിസിപ്പല് കമ്മീഷണറും കൂടിയാണ് പോയത്. രാവിലെ എട്ടു മുപ്പതിന് ഓറോവില് റിസപ്ഷനില് എത്തി. അവിടത്തെ റസ്റ്ററന്റില് നിന്നും ഇഡലിയും കോക്കനട്ട് കേക്കും കഴിച്ച് ചായയും കുടിച്ചു. മാതൃ മന്ദിറിന്റെ വീഡിയോ കണ്ടു. ശേഷം ഇലക്ട്രിക് വാഹനത്തില് മാതൃമന്ദിര് റിസപ്ഷനില് എത്തി. എഴുപതിന് മുകളില് പ്രായമുള്ള ഒരു ഫ്രഞ്ചുകാരനായിരുന്നു ഗൈഡ്. അദ്ദേഹം മന്ദിറിന്റെ സങ്കല്പ്പം, നിര്മ്മാണം,പാലിക്കേണ്ട അച്ചടക്കം ഒക്കെ വിശദീകരിച്ചു.
പന്ത്രണ്ട് വയസില് താഴെയുള്ള കുട്ടികള്ക്ക് മന്ദിറില് പ്രവേശനമില്ല. അതിന് മുകളില് പ്രായമുള്ള എല്ലാ കാറ്റഗറിയില്പെട്ട മനുഷ്യരും ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു. അന്പത് ആളുകള് അടങ്ങുന്ന ബാച്ചുകളായാണ് പ്രവേശനം. പുറമെ നിന്ന് നോക്കിയാല് ഒരു സ്വര്ണ്ണഗോളമാണ് മന്ദിരം. ചുറ്റിനും പൂന്തോട്ടങ്ങളും ജലമൊഴുകുന്ന കനാലുകളും.ഉള്ളില് കടുത്ത നിശബ്ദത. തൂവെള്ള നിറം. ഒരു ഗോളത്തിനുള്ളില് ഒഴുകി നടക്കുന്നപോലെ കയറാനും ഇറങ്ങാനും പാതകള്. നിറം മങ്ങിയ വെളിച്ചം. ചെരുപ്പുകള് പുറത്ത് ഉപേക്ഷിച്ചാണ് അകത്തക്ക് കടക്കുക. പിന്നീട് അവിടെ വൃത്തിയായി മടക്കി വച്ചിരിക്കുന്ന വെളുത്ത സോക്സുകള് ധരിക്കണം.
പിന്നെ മുകളിലേക്ക്,മുകളിലേക്ക് നടന്ന്, നിശബ്ദതയുടെ കവാടത്തിന് മുന്നില് കാത്തുനില്ക്കണം. അകത്ത് അപ്പോഴുള്ള മുഴുവന് ആളുകളും മറുവശത്തുകൂടി പോയി എന്നുറപ്പാക്കിയശേഷം ഞങ്ങളെ അകത്തുകടത്തി. ഇരുപത് മിനിട്ട് അവിടെ നിശബ്ദമായി ഇരിക്കണം. യോഗയോ ദീര്ഘശ്വാസമോ ഉറക്കമോ മെഡിറ്റേഷനോ ഒന്നും പാടില്ല. വെറും ശ്വാസമെടുത്ത്, ഒന്നും ചിന്തിക്കാതെയും എന്നാല് പലതും ചിന്തിച്ചുമുള്ള ഇരുപ്പ്. തറയില് വിരിച്ചിട്ട ടവലുകളിലോ കസേരയിലോ ഇരിക്കാം. ലളിതവും മനോഹരവുമായ ഡിസൈനുകളാണ് മന്ദിറിനുള്ളത്. ഹാളിന്റെ നെറുകയില് വീഴുന്ന സൂര്യപ്രകാശത്തെ അവിടെനിന്നും ആവാഹിച്ച് താഴേക്ക് കൊണ്ടുവരുംവിധമാണ് ഡിസൈന്. ആ പ്രകാശം മാതൃമന്ദിര് കടന്ന് ഏറ്റവും താഴെ എത്തും. ഒരു മനുഷ്യന്റെ നെറുകയില് നിന്നും തുടങ്ങി പാദത്തിലൂടെ പുറത്തേക്കൊഴുകുന്ന ഒരു ഊര്ജ്ജം പോലെ. ഹാളില് നിന്നും പുറത്തേക്ക് വരുമ്പോള് സോക്സ് ഊരിയിടാനുള്ള ബാസ്ക്കറ്റ് വച്ചിട്ടുണ്ട്. അവ അതില് നിക്ഷേപിക്കണം. വിദേശികളും സ്വദേശികളുമായ കുറച്ചു സന്നദ്ധസേവകരാണ് അവിടെ ഉള്ളത്. പുറത്തുകടന്ന് മന്ദിറിന്റെ അടിയിലെത്താം. അവിടെ ഒരു താമരപ്പൂവിന്റെ ആകൃതിയില് നടുക്ക് ഒരു ചെറു ജലാശയം. അതിന് ചുറ്റും അതിന് പിന്നിലായി ഒരുക്കിയിട്ടുള്ള തവിട്ടുനിറത്തിലുള്ള വലിയ താമരദളങ്ങളിലും ആളുകള്ക്ക് ഇരിക്കാവുന്നതാണ്. നല്ല തണുത്ത അന്തരീക്ഷമാണ്. വീല്ചെയറില് വരുന്ന പ്രായം ചെന്ന മനുഷ്യരെയുമൊക്കെ അവിടെ കണ്ടു.
പുറത്ത് ഞങ്ങള് കുറേസമയം ചുറ്റിത്തിരിഞ്ഞു. ഓറോവില്ലിന്റെ കേന്ദ്രസ്ഥാനമായി നിശ്ചയിച്ചിട്ടുള്ള ഇടത്തായി അനേകം വലിയ വേരുകളാഴ്ത്തി പന്തലിച്ചു നില്ക്കുന്നൊരു ആല്മരമുണ്ട്. അതിനടുത്തായാണ് മന്ദിരം നില്ക്കുന്നത്. ആല്മരത്തിന്റെ തണലിലെ ബഞ്ചുകളില് ആളുകള് ഇടം പിടിച്ചിട്ടുണ്ട്. മണിക്കൂറുകളോളം അവിടെ വിശ്രമിക്കുന്നവരെയും കാണാം. വലിയ സ്വസ്ഥത നല്കുന്ന ഇടമാണ് ഇവിടം. ഡിജിറ്റല് ഉപകരണങ്ങളൊന്നും കൈയ്യിലില്ലാതെ, തികച്ചും സ്വതന്ത്രരായ മനുഷ്യര്. ഞങ്ങളും കുറച്ചു സമയം കൂടി അങ്ങിനെ ഇരുന്നു. നല്ലൊരു പ്രഭാതത്തിന്റെയും മികച്ചൊരു നിര്മ്മിതിയുടെയും സുഖങ്ങള് ആസ്വദിച്ച സംതൃപ്തിയില് വണ്ടിയില് കയറി ഞങ്ങള് താമസസ്ഥലത്തേക്ക് മടങ്ങി🥰

Tuesday, 16 May 2023

Specks to view nakedness

 

ആളുകളെ നഗ്നരായി കാണാന്‍

1984 ല്‍ ഫാസില്‍ സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായ ചിത്രമാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്. പത്മിനിയും അന്ന് പുതുമുഖ നടിയായി രംഗത്തുവന്ന നാദിയാ മൊയ്തുവും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ആ ചിത്രത്തില്‍ നാദിയ വച്ചിരിക്കുന്ന കണ്ണടയിലൂടെ മനുഷ്യരെ നഗ്നരായി കാണാം എന്നു പറയുമ്പോള്‍ തന്‍റെ നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്‍റെ ഭാവങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ല. ആ കാലത്ത് ഇത്തരം കണ്ണടയുണ്ട് എന്നും വെറും സാങ്കല്‍പ്പിക കഥയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. എങ്കിലും ലോകകമ്പോളം പരിചിതമല്ലാതിരുന്ന, ആഗോളവത്ക്കരണത്തിനും സ്വകാര്യവത്ക്കരണത്തിനും മുന്നെയുള്ള ആ കാലത്ത്, ഗള്‍ഫില്‍ നിന്നും വന്ന കറുത്ത കണ്ണടക്കാരെ സംശയത്തോടെയായിരുന്നു പലരും വീക്ഷിച്ചിരുന്നത്. പ്രത്യേകിച്ചും തുറിച്ചുനോട്ടത്തിന് കേസ്സെടുക്കുന്ന കാലമല്ലാതിരുന്നതിനാല്‍, സ്ത്രീകളെ തുറിച്ചുനോക്കുന്ന കണ്ണടക്കാരുടെ എണ്ണവും ധാരാളമായിരുന്നു. പിന്നീട് ഇടയ്ക്കിടെ ഇത്തരം വാര്‍ത്തകളും ഗോസിപ്പുകളും വരിക പതിവായിരുന്നു.

  ഇങ്ങിനെ ഒരു കണ്ണട സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല. പ്രത്യേകിച്ചും അധ്വാനിക്കാതെ ലഭിച്ച പണമുള്ളവര്‍ക്ക്. ഈ ദൌര്‍ബ്ബല്യത്തെ ചൂഷണം ചെയ്യുന്നവരുണ്ടാകാം. പലരും പറ്റിക്കപ്പെട്ടിട്ടും ഉണ്ടാകും. അത്തരത്തിലുള്ള ഒരു സംഘം ഈയിടെ ചെന്നൈയില്‍ പിടിയിലായി. ബംഗലൂരുവാസിയായ സൂര്യയാണ് ആസൂത്രകന്‍.സഹായികള്‍ മലയാളികളും. തൃശൂര്‍ നിന്നുള്ള ഗുബൈബും വൈക്കത്തുകാരന്‍ ജിത്തുവും മലപ്പുറത്തുകാരന്‍ ഇര്‍ഷാദും. കണ്ണടയ്ക്ക് ഒരു കോടി രൂപയാണ് വിലയിട്ടിരുന്നത്. കണ്ണടയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് നഗ്നരായ മോഡലുകളെ വച്ച് തയ്യാറാക്കിയ വീഡിയോയും നിര്‍മ്മിച്ചിരുന്നു. അഡ്വാന്‍സ് തുകവാങ്ങി മുങ്ങുന്നതാണ് രീതി. ആരും പരാതിപ്പെടില്ലല്ലോ.

പക്ഷെ പിടിവീണത് മറ്റൊരു കേസിലാണ്. പുരാവസ്തുക്കള്‍ നല്‍കാം എന്ന് പറഞ്ഞ് തമിഴ്നാട്ടിലെ തിരുവാണ്‍മിയൂര്‍കാരന്‍ നാഗരാജനില്‍ നിന്നും അഞ്ച് ലക്ഷം വാങ്ങിയ കേസില്‍ അയാള്‍ പരാതി നല്‍കി. കക്ഷികള്‍ വലയിലുമായി. മിന്നലേറ്റാല്‍ അത്ഭുതശക്തി ലഭിക്കുന്ന ഇറിഡിയം പാത്രവും ഇവരുടെ തട്ടിപ്പിന്‍റെ ഭാഗമായിരുന്നു.

ഇത്തരം തട്ടിപ്പുകള്‍ അനുസ്യൂതം തുടരും എന്നുറപ്പ്. നമ്മുടെ മോന്‍സണ്‍ മാവുങ്കലിന്‍റെ കൈയ്യില്‍ അകപ്പെട്ടിരുന്നത് രാഷ്ട്രീയക്കാരും ബിസിനസുകാരും മാത്രമായിരുന്നില്ലല്ലോ, പ്രസിദ്ധ ഗായകന്‍ എം.ജി.ശ്രീകുമാറും ചാനല്‍ നേതാക്കളും വരെയുണ്ടായിരുന്നു എന്നോര്‍ക്കുക 😆


Thursday, 11 May 2023

Tragic events and suspects

 

ദാരുണ സംഭവങ്ങളും പ്രതികളും

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ രണ്ട് ദാരുണ സംഭവങ്ങളുടെ ഷോക്കില്‍ നിന്നും സാധാരണ ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ഷോക്ക് അബ്സോര്‍ബറുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കുറ്റകരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കും ഇതെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമാകാം. ഇനി അവരുടെ തത്രപ്പാട് തെറ്റുകള്‍ എങ്ങിനെ മൂടാം,നടപടികളില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നതൊക്കെയാകും.

22 ജീവനുകള്‍ നഷ്ടമായ താനൂരിലെ ബോട്ടപകടത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും സ്ഥലത്തെ ജനപ്രതിനിധിക്കും ഉള്ളതാണ്. താനൂര്‍ എംഎല്‍എ സംസ്ഥാന ഫിഷറീസ്-സ്പോര്‍ട്ട്സ് മന്ത്രിയും അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിന്‍റെ സുഹൃത്തും കൂടിയാകുമ്പോള്‍ അദ്ദേഹം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അപ്പോള്‍ തന്നെ രാജിവയ്ക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ശബ്ദമുയര്‍ത്തുകയും ചെയ്തില്ല. മീന്‍പിടുത്ത ബോട്ടിനെ പുനക്രമീകരിച്ച് യാത്രാബോട്ടാക്കി ,വിനോദസഞ്ചാരത്തിന് ഉപയോഗിച്ചു എന്നത് വലിയ തെറ്റാണ്. ബോട്ടിന്‍റെ നിലതെറ്റിയ ഓട്ടത്തെക്കുറിച്ച് പലരും പരാതിപ്പെട്ടിട്ടും അതിന്‍റെ യാത്ര നിര്‍ത്തിവയ്ക്കുകയോ വേണ്ടത്ര ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയോ കപ്പാസിറ്റിക്ക് മുകളില്‍ ആളിനെ കയറ്റുന്നുണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യാതിരുന്ന ഉദ്യോഗസ്ഥരും ബോട്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയവരും ഈ വിഷയത്തില്‍ പ്രതികളാണ്. അവര്‍ നിലവില്‍ ചെയ്യുന്ന ജോലികളില്‍ തുടരാന്‍ യോഗ്യരല്ല എന്ന് വ്യക്തം.ബോട്ടുടമ, അയാള്‍ക്ക് സഹായം ചെയ്ത ജനപ്രതിനിധി,ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട പാവങ്ങള്‍ക്കായി നല്‍കുകയും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

ജുഡീഷ്യല്‍ അന്വേഷണം ഇവര്‍ക്കെല്ലാം വലിയൊരാശ്വാസമായി എന്നു പറയാം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാറി മാറി ഭരിച്ച കാലത്തെല്ലാം ബോട്ടപകടങ്ങളും ജുഡീഷ്യല്‍ അന്വേഷണവും നടന്നിട്ടുണ്ട്. ലക്ഷങ്ങള്‍ ഇതിനായി മുടക്കിയിട്ടുമുണ്ട്.നിയമവിദഗ്ധരും മേഖലയില്‍ പ്രാവീണ്യമുള്ളവരും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ത്തന്നെയാണ്. കൊലപാതകത്തില്‍ പ്രത്യക്ഷമായി ബന്ധമില്ലാത്ത, എന്നാല്‍ പരോക്ഷമായി ബന്ധമുള്ള പ്രതികള്‍ തന്നെയാണ് രണ്ട് മുന്നണികളും

എന്നാല്‍ കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടതില്‍ പ്രധാനപ്രതി പോലീസ് തന്നെയാണ്. ക്രമിനല്‍ സ്വഭാവമുള്ള ഒരുവനെ ആസ്പത്രിയില്‍ കൊണ്ടുവന്നത് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബിയും സിവില്‍ പോലീസ് ഓഫീസര്‍ ബിജീഷും ഹോംഗാര്‍ഡ് അലക്സും ചേര്‍ന്നാണ്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ മണിലാലും ഉണ്ടായിരുന്നു. നാല് പോലീസുകാര്‍. സന്ദീപിനെ തളയ്ക്കുന്നതിനിടയില്‍ ഇതിലാര്‍ക്കെങ്കിലും മൃത്യു സംഭവിച്ചിരുന്നെങ്കില്‍ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു പ്രാപിച്ചു എന്നഭിമാനിക്കാമായിരുന്നു. എന്നാല്‍ സന്ദീപെന്ന മാനസികരോഗിയായ ഒരധ്യാപകനെ ഭയന്ന് വിറപിടിച്ചോടുകയും നിസഹായരായ ഡോക്ടറന്മാരെയും ആശുപത്രി ജീവനക്കാരെയും ഈ മാനസികവിഭ്രാന്തിയുള്ള വ്യക്തിക്ക് ഇരയായി നല്‍കുകയും ചെയ്ത പോലീസുകാരെ എത്ര മോശപ്പെട്ട വിശേഷണപദം നല്‍കി വിളിക്കണം എന്നറിയില്ല.

എങ്ങോട്ടുപോകണം എന്നറിയാതെ പകച്ചുനിന്ന ഒരു പെണ്‍കുട്ടിയെ കടന്നാക്രമിച്ച ഭ്രാന്തനില്‍ നിന്നും ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹഡോക്ടര്‍ മുഹമ്മദ് ഷിബിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പോലീസ് വകുപ്പിലെ ഡിജിപി പോലും നാണിക്കേണ്ടി വരും. മുഴുവന്‍ പോലീസ് ഫോഴ്സിനും വലിയ നാണക്കേടുണ്ടാക്കിവച്ച ഈ പോലീസുകാര്‍ സ്വയം കാക്കി അഴിച്ചു വയ്ക്കണം. അല്ലെങ്കില്‍ അഴിച്ചുവാങ്ങണം.

സര്‍ക്കാരിനും പോലീസ് വകുപ്പിനും ഇത്തരമൊരു നടപടിയിലൂടെ പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കാന്‍ കഴിയും. ഒപ്പം വേണ്ടത് എല്ലാ പോലീസുകാര്‍ക്കും മാസത്തില്‍ അഞ്ചു ദിവസമെങ്കിലും കരാട്ടെ, കളരി തുടങ്ങിയ അഭ്യാസങ്ങളിലും ആയുധാഭ്യാസത്തിലും നിരന്തര പരിശീലനം നല്‍കുക എന്നതാണ്. അല്ലെങ്കില്‍ ആത്മവീര്യമില്ലാത്ത ഇത്തരം ഭീരുക്കള്‍ മാത്രമെ വകുപ്പിലുണ്ടാവുകയുള്ളു. അവര്‍ക്ക് പാവങ്ങളെ പേടിപ്പിച്ചും ഗുണ്ടകളെ ഭയന്നും ജീവിക്കാനെ കഴിയൂ. എത്രയോ മിടുക്കന്മാരും ധൈര്യശാലികളുമായ പോലീസുകാര്‍ നമുക്കുണ്ട്. അവര്‍ക്കെല്ലാം അപമാനമാണ് ഇത്തരം ഉദ്യോഗസ്ഥര്‍ എന്നതില്‍ സംശയമില്ല. 

Monday, 8 May 2023

2018 - a master craft of Jude Anthony

 


2018

മലയാള സിനിമയില്‍ കണ്ട വെള്ളപ്പൊക്ക ദുരന്തങ്ങളില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നവ വെള്ളവും പുറപ്പാടുമാണ്. വെള്ളം അനേകകാലം മാറ്റിവയ്ക്കുകയും ഒടുവില്‍ ചെയ്ത് തീര്‍ക്കുകയും ചെയ്ത ചിത്രമാണ്. അഞ്ച് വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. 1985 ലാണത് പ്രദര്‍ശനത്തിന് വന്നത്. എന്‍.എൻ.പിഷാരടിയുടെ നോവലിനെ അടിസ്ഥാനമാക്കി എംടി തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം. കാമറ മെല്ലി ഇറാനിയും എഡിറ്റിംഗ് എം.എസ് മണിയുമായിരുന്നു. നിര്‍മ്മാതാവ് ദേവന്‍ സാമ്പത്തികമായി പാപ്പരായ ചിത്രം. പിന്നെ നടനായി രംഗത്തുവന്നാണ് രക്ഷപെട്ടത്.

പുറപ്പാട് 1990 ല്‍ ഇറങ്ങിയ ചിത്രമാണ്. ജോണ്‍ പോള്‍ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ചിത്രം. കാമറ വിപിന്‍ ദാസും എഡിറ്റിംഗ് കെ.ശങ്കുണ്ണിയുമായിരുന്നു. രണ്ടും ആ കാലത്തെ അത്ഭുത ചിത്രങ്ങളായിരുന്നു.

എന്നാല്‍ 2018 ലെ വെള്ളപ്പൊക്കം നമ്മള്‍ ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കണ്ടറിഞ്ഞ ദൃശ്യങ്ങളാണ്. അതിനെ സിനിമയാക്കി മാറ്റി അത്ഭുതപ്പെടുത്തുക എന്ന കര്‍മ്മമാണ് ജൂഡ് ആന്‍റണി ജോസഫ് ചെയ്തത്. ഒരു നിമിഷം പോലും ഡോക്യുമെന്‍ററി തലത്തിലേക്ക് വീഴാതെ ഒരു റിയല്‍ ലൈഫ് ദുരന്തത്തെ, വളരെ കൃത്യമായ രീതിയില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും വളര്‍ത്തിയെടുത്ത് അവതരിപ്പിച്ചു എന്നത് എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള ചിത്രമൊക്കെ ഹോളിവുഡില്‍ വന്നിട്ടുണ്ടാകാം. അവ സാങ്കേതികത്തികവ് കൂടിയതുമാകാം. പക്ഷെ മലയാളത്തിന്‍റെ സാമ്പത്തിക പരിമിതികളില്‍ നിന്നുകൊണ്ട് ഇത്തരം കഥ പറയുക, സാങ്കേതികത്തികവ് പൂര്‍ണ്ണമായും സൂക്ഷിക്കുകയും സിനിമയ്ക്ക് ഹൃദയവും ആത്മാവും നല്‍കുകയും ചെയ്യുക എന്നത് പ്രത്യേകമായ ഇന്‍റലിജന്‍സാണ്. അതാണ് ജൂഡും സംഘവും തെളിയിച്ചതും.

അഖില്‍.പി.ധര്‍മ്മരാജനാണ് തിരക്കഥയില്‍ ജൂഡിനൊപ്പമുണ്ടായിരുന്നത്. അഖില്‍ ജോര്‍ജ്ജിന്‍റെ കാമറയും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും നോബിള്‍ പോളിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടി. ടൊവിനോയും ലാലുമാണ് മികച്ച കഥാപാത്രങ്ങളെ കിട്ടിയവര്‍. സുധീഷും അയാളുടെ ഭാര്യയായി അഭിനയിച്ച നടിയും മകനും ഓര്‍മ്മയില്‍ നിറയുന്ന കഥാപാത്രങ്ങളാണ്.വലുതും ചെറുതുമായ റോളുകളിലെത്തിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ഇത്തരമൊരു സംരംഭത്തിന് ഇറങ്ങി പുറപ്പെട്ട നിര്‍മ്മാതാക്കളായ വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാര്‍,ആന്‍റോ ജോസഫ് എന്നിവരും പ്രത്യേകമായ അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രമാണ് 2018 എന്നതില്‍ സംശയമില്ല. ഒടിടിയില്‍ കാണുന്നതിലും മികവ് തീയറ്ററില്‍ തന്നെയാണ്.


Monday, 1 May 2023

Are Nuclear power plants dangerous ?

 


ആണവ നിലയങ്ങള്‍ ഭീഷണിയോ ?

കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന അതിദീര്‍ഘമായ സമരം വളരെ ശ്രദ്ധേയമായിരുന്നു. എന്നിട്ടും ആണവനിലയം വരുകയും തമിഴ്നാട്ടിലെ ഊര്‍ജ്ജപ്രതിസന്ധി അവസാനിക്കുകയും ചെയ്തു. 2008 ലെ ഇന്ത്യ-യുഎസ്  സിവില്‍ ആണവക്കരാറില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്താണ് ഈ വിഷയമൊന്നുപോലും മനസിലായതേയില്ല. അതുകൊണ്ടുതന്നെ അതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍  ആ വിഷയം ചര്‍ച്ച ആയതുമില്ല. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ അധികാരത്തില്‍ തിരിച്ചെത്തുകയും ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. ഇത്തരം വിഷയങ്ങള്‍ കാരണം ആണവനിലയങ്ങള്‍ സംബ്ബന്ധിച്ച വാര്‍ത്തകള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒന്നായി.

കൂടംകുളം ആയിരം മെഗാവാട്ട് വീതം ഊര്‍ജ്ജം ഉത്പ്പാദിപ്പിക്കുന്ന അതിന്‍റെ മൂന്ന് മുതല്‍ ആറ് വരെയുള്ള പ്ലാന്‍റുകളുടെ പണി ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് ജര്‍മ്മനി അവരുടെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.ലോകം സൌരോര്‍ജ്ജത്തിലേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതിയിലേക്കും കടക്കുമ്പോള്‍ അപകടകരവും വിലയേറിയതുമായ ആണവോര്‍ജ്ജം ആവശ്യമോ എന്ന ചോദ്യം ന്യായമാണ് താനും. ഈ ചോദ്യത്തിന് ശരിയായ ഉത്തരമാണ് ബംഗളൂരു ദേശീയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ആര്‍.ശ്രീകാന്തും ന്യൂഡല്‍ഹി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ഇക്കണോമിക് പ്രോഗ്രസിലെ രാഹുല്‍ തൊഗാഡിയയുമായി ഹിന്ദുവിലെ ജേക്കബ് കോശി നടത്തിയ സംഭാഷണം.

ജര്‍മ്മനി ആണവഊര്‍ജ്ജത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഉക്രയിന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയും യൂറോപ്പിലെ മിക്ക രാജ്യങ്ങളും ആണവനിലയങ്ങളുടെ എണ്ണം കൂട്ടുകയാണ്. ദക്ഷിണകൊറിയ 2030 ഓടെ മൊത്തം ഊര്‍ജ്ജത്തിന്‍റെ മുപ്പത് ശതമാനം ആണവോര്‍ജ്ജമാക്കാന്‍ പദ്ധതിയിടുകയാണ്. ഫുക്കുഷിമ അപകടത്തില്‍ 15000 പേര്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ജപ്പാനിലെ പത്ത് ആണവനിലയങ്ങളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പുതുതായി പത്തെണ്ണം ആരംഭിക്കുകയാണ്. അവര്‍ക്ക് ഇതല്ലെങ്കില്‍ പിന്നെ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയേയോ സിഎന്‍ജിയേയോ ആശ്രയിക്കേണ്ടിവരും. കല്‍ക്കരിയേക്കാളും സിഎന്‍ജിയേക്കാളും കുറഞ്ഞ കാര്‍ബണ്‍ എമിഷനേ ഇതുവഴി ഉണ്ടാകൂ എന്നതാണ് ജപ്പാന്‍റെ മനം മാറ്റത്തിന് കാരണം. മാത്രമല്ല കാറ്റിനേയും സൌരോര്‍ജ്ജത്തെയും എപ്പോഴും ആശ്രയിക്കാനും കഴിയില്ല എന്ന തിരിച്ചറിവും ഇതിനൊരു കാരണമാണ്.

കൂടംകുളത്ത് തന്നെ ആയിരം മെഗാവാട്ട് ഉത്പ്പാദിപ്പിക്കാന്‍ 25 ടണ്‍ ലോ എന്‍ റിച്ച്ഡ് യുറേനിയം മതിയാകും, എന്നാല്‍ കല്‍ക്കരി വഴി ഇത്രയും ഉത്പ്പാദനം നടത്താന്‍ അഞ്ച് ദശലക്ഷം ടണ്‍ കല്‍ക്കരി വേണ്ടിവരും. അതുവഴി ഉണ്ടാകുന്ന ചാരം പ്രകൃതിക്ക് വരുത്തുന്ന നാശം ഭീകരവുമാണ്. ഇന്ത്യക്ക് ഇനിയും ജലവൈദ്യുത പദ്ധതികള്‍ കൂട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി അതിന് അനുഗുണമല്ലെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ കല്‍ക്കരിക്ക് ബദല്‍ ആണവോര്‍ജ്ജം തന്നെ എന്നവര്‍ അടിവരയിടുന്നു. ഇപ്പോള്‍ കല്‍ക്കരിയിലൂടെ ലഭിക്കുന്ന 210 ജിഗാവാട്ടസ് നമ്മുടെ മൊത്തം വൈദ്യുതിയുടെ എഴുപത്തി മൂന്ന് ശതമാനമാണ്. ഇന്ത്യ ഉത്പ്പാദിപ്പിക്കുന്ന ആണവോര്‍ജ്ജം വെറും 3.2 ശതമാനം മാത്രമാണ്. ഇത് വര്‍ദ്ധിപ്പിക്കാന്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാത്രം വിചാരിച്ചാല്‍ നടക്കില്ല എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്‍ടിപിസിക്കും കൂടി ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കണം എന്നാണ് അവര്‍ പറയുന്നത്. 2070 ല്‍ കാര്‍ബണ്‍ എമിഷന്‍ നെറ്റ്സീറോ ആകണമെങ്കില്‍  ആണവോര്‍ജ്ജം 2050 ഓടെ 100 ജിഗാവാട്ട്സ് ആക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. ഇതിനായി ചെറിയ റിയാക്ടറുകളും വലിയ റിയാക്ടറുകളും സ്ഥാപിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു🙌