Thursday, 18 May 2023

Matrimandir at Auroville

 


അമ്മ മന്ദിരം
ചെന്നൈ നഗരത്തിന്റെ തിരക്കില് നിന്നും രണ്ടുദിവസം മാറിനില്ക്കണം എന്നു തോന്നിയാല് അപ്പോള് മനസിലേക്ക് വരുന്ന ഇടമാണ് ഓറോവില്. തമിഴ്നാടിന്റെയും പുതുശ്ശേരിയുടെയും അതിര്ത്തിയിലുള്ള ശാന്തമായ ഇടം. ഓരോ യാത്രയിലും ഓരോ തരം അനുഭവം നല്കുന്ന ഇടം. ആദ്യമായി പുതുശ്ശേരിയില് പോയപ്പോള് ഓറോവില് പരിസരത്താണ് താമസിച്ചതെങ്കിലും അതിനുള്ളിലൂടെ ഒരു രാത്രിയാത്ര മാത്രമാണ് നടത്തിയത്. കൂടുതല് സമയവും വൈറ്റ്ടൌണിലും സെറിനിറ്റി ബീച്ചിലുമൊക്കെയായി ചിലവഴിച്ചു.
രണ്ടാമത് യാത്രയില് ഓറോവില് നടന്നു കണ്ടെങ്കിലും അമ്മ മന്ദിരം ദൂരെ നിന്ന് വീക്ഷിച്ചതല്ലാതെ അകത്ത് കടന്നിരുന്നില്ല. എന്നാല് മൂന്നാം യാത്രയില് അത് സംഭവിച്ചു.
വിഷ്ണുവും ഞാനും അവിടത്തെ മുനിസിപ്പല് കമ്മീഷണറും കൂടിയാണ് പോയത്. രാവിലെ എട്ടു മുപ്പതിന് ഓറോവില് റിസപ്ഷനില് എത്തി. അവിടത്തെ റസ്റ്ററന്റില് നിന്നും ഇഡലിയും കോക്കനട്ട് കേക്കും കഴിച്ച് ചായയും കുടിച്ചു. മാതൃ മന്ദിറിന്റെ വീഡിയോ കണ്ടു. ശേഷം ഇലക്ട്രിക് വാഹനത്തില് മാതൃമന്ദിര് റിസപ്ഷനില് എത്തി. എഴുപതിന് മുകളില് പ്രായമുള്ള ഒരു ഫ്രഞ്ചുകാരനായിരുന്നു ഗൈഡ്. അദ്ദേഹം മന്ദിറിന്റെ സങ്കല്പ്പം, നിര്മ്മാണം,പാലിക്കേണ്ട അച്ചടക്കം ഒക്കെ വിശദീകരിച്ചു.
പന്ത്രണ്ട് വയസില് താഴെയുള്ള കുട്ടികള്ക്ക് മന്ദിറില് പ്രവേശനമില്ല. അതിന് മുകളില് പ്രായമുള്ള എല്ലാ കാറ്റഗറിയില്പെട്ട മനുഷ്യരും ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു. അന്പത് ആളുകള് അടങ്ങുന്ന ബാച്ചുകളായാണ് പ്രവേശനം. പുറമെ നിന്ന് നോക്കിയാല് ഒരു സ്വര്ണ്ണഗോളമാണ് മന്ദിരം. ചുറ്റിനും പൂന്തോട്ടങ്ങളും ജലമൊഴുകുന്ന കനാലുകളും.ഉള്ളില് കടുത്ത നിശബ്ദത. തൂവെള്ള നിറം. ഒരു ഗോളത്തിനുള്ളില് ഒഴുകി നടക്കുന്നപോലെ കയറാനും ഇറങ്ങാനും പാതകള്. നിറം മങ്ങിയ വെളിച്ചം. ചെരുപ്പുകള് പുറത്ത് ഉപേക്ഷിച്ചാണ് അകത്തക്ക് കടക്കുക. പിന്നീട് അവിടെ വൃത്തിയായി മടക്കി വച്ചിരിക്കുന്ന വെളുത്ത സോക്സുകള് ധരിക്കണം.
പിന്നെ മുകളിലേക്ക്,മുകളിലേക്ക് നടന്ന്, നിശബ്ദതയുടെ കവാടത്തിന് മുന്നില് കാത്തുനില്ക്കണം. അകത്ത് അപ്പോഴുള്ള മുഴുവന് ആളുകളും മറുവശത്തുകൂടി പോയി എന്നുറപ്പാക്കിയശേഷം ഞങ്ങളെ അകത്തുകടത്തി. ഇരുപത് മിനിട്ട് അവിടെ നിശബ്ദമായി ഇരിക്കണം. യോഗയോ ദീര്ഘശ്വാസമോ ഉറക്കമോ മെഡിറ്റേഷനോ ഒന്നും പാടില്ല. വെറും ശ്വാസമെടുത്ത്, ഒന്നും ചിന്തിക്കാതെയും എന്നാല് പലതും ചിന്തിച്ചുമുള്ള ഇരുപ്പ്. തറയില് വിരിച്ചിട്ട ടവലുകളിലോ കസേരയിലോ ഇരിക്കാം. ലളിതവും മനോഹരവുമായ ഡിസൈനുകളാണ് മന്ദിറിനുള്ളത്. ഹാളിന്റെ നെറുകയില് വീഴുന്ന സൂര്യപ്രകാശത്തെ അവിടെനിന്നും ആവാഹിച്ച് താഴേക്ക് കൊണ്ടുവരുംവിധമാണ് ഡിസൈന്. ആ പ്രകാശം മാതൃമന്ദിര് കടന്ന് ഏറ്റവും താഴെ എത്തും. ഒരു മനുഷ്യന്റെ നെറുകയില് നിന്നും തുടങ്ങി പാദത്തിലൂടെ പുറത്തേക്കൊഴുകുന്ന ഒരു ഊര്ജ്ജം പോലെ. ഹാളില് നിന്നും പുറത്തേക്ക് വരുമ്പോള് സോക്സ് ഊരിയിടാനുള്ള ബാസ്ക്കറ്റ് വച്ചിട്ടുണ്ട്. അവ അതില് നിക്ഷേപിക്കണം. വിദേശികളും സ്വദേശികളുമായ കുറച്ചു സന്നദ്ധസേവകരാണ് അവിടെ ഉള്ളത്. പുറത്തുകടന്ന് മന്ദിറിന്റെ അടിയിലെത്താം. അവിടെ ഒരു താമരപ്പൂവിന്റെ ആകൃതിയില് നടുക്ക് ഒരു ചെറു ജലാശയം. അതിന് ചുറ്റും അതിന് പിന്നിലായി ഒരുക്കിയിട്ടുള്ള തവിട്ടുനിറത്തിലുള്ള വലിയ താമരദളങ്ങളിലും ആളുകള്ക്ക് ഇരിക്കാവുന്നതാണ്. നല്ല തണുത്ത അന്തരീക്ഷമാണ്. വീല്ചെയറില് വരുന്ന പ്രായം ചെന്ന മനുഷ്യരെയുമൊക്കെ അവിടെ കണ്ടു.
പുറത്ത് ഞങ്ങള് കുറേസമയം ചുറ്റിത്തിരിഞ്ഞു. ഓറോവില്ലിന്റെ കേന്ദ്രസ്ഥാനമായി നിശ്ചയിച്ചിട്ടുള്ള ഇടത്തായി അനേകം വലിയ വേരുകളാഴ്ത്തി പന്തലിച്ചു നില്ക്കുന്നൊരു ആല്മരമുണ്ട്. അതിനടുത്തായാണ് മന്ദിരം നില്ക്കുന്നത്. ആല്മരത്തിന്റെ തണലിലെ ബഞ്ചുകളില് ആളുകള് ഇടം പിടിച്ചിട്ടുണ്ട്. മണിക്കൂറുകളോളം അവിടെ വിശ്രമിക്കുന്നവരെയും കാണാം. വലിയ സ്വസ്ഥത നല്കുന്ന ഇടമാണ് ഇവിടം. ഡിജിറ്റല് ഉപകരണങ്ങളൊന്നും കൈയ്യിലില്ലാതെ, തികച്ചും സ്വതന്ത്രരായ മനുഷ്യര്. ഞങ്ങളും കുറച്ചു സമയം കൂടി അങ്ങിനെ ഇരുന്നു. നല്ലൊരു പ്രഭാതത്തിന്റെയും മികച്ചൊരു നിര്മ്മിതിയുടെയും സുഖങ്ങള് ആസ്വദിച്ച സംതൃപ്തിയില് വണ്ടിയില് കയറി ഞങ്ങള് താമസസ്ഥലത്തേക്ക് മടങ്ങി🥰

No comments:

Post a Comment