2018
മലയാള സിനിമയില്‍ കണ്ട വെള്ളപ്പൊക്ക ദുരന്തങ്ങളില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നവ വെള്ളവും പുറപ്പാടുമാണ്. വെള്ളം അനേകകാലം മാറ്റിവയ്ക്കുകയും ഒടുവില്‍ ചെയ്ത് തീര്‍ക്കുകയും ചെയ്ത ചിത്രമാണ്. അഞ്ച് വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. 1985 ലാണത് പ്രദര്‍ശനത്തിന് വന്നത്. എന്‍.എൻ.പിഷാരടിയുടെ നോവലിനെ അടിസ്ഥാനമാക്കി എംടി തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം. കാമറ മെല്ലി ഇറാനിയും എഡിറ്റിംഗ് എം.എസ് മണിയുമായിരുന്നു. നിര്‍മ്മാതാവ് ദേവന്‍ സാമ്പത്തികമായി പാപ്പരായ ചിത്രം. പിന്നെ നടനായി രംഗത്തുവന്നാണ് രക്ഷപെട്ടത്.
പുറപ്പാട് 1990 ല്‍ ഇറങ്ങിയ ചിത്രമാണ്. ജോണ്‍ പോള്‍ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ചിത്രം. കാമറ വിപിന്‍ ദാസും എഡിറ്റിംഗ് കെ.ശങ്കുണ്ണിയുമായിരുന്നു. രണ്ടും ആ കാലത്തെ അത്ഭുത ചിത്രങ്ങളായിരുന്നു.
എന്നാല്‍ 2018 ലെ വെള്ളപ്പൊക്കം നമ്മള്‍ ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കണ്ടറിഞ്ഞ ദൃശ്യങ്ങളാണ്. അതിനെ സിനിമയാക്കി മാറ്റി അത്ഭുതപ്പെടുത്തുക എന്ന കര്‍മ്മമാണ് ജൂഡ് ആന്‍റണി ജോസഫ് ചെയ്തത്. ഒരു നിമിഷം പോലും ഡോക്യുമെന്‍ററി തലത്തിലേക്ക് വീഴാതെ ഒരു റിയല്‍ ലൈഫ് ദുരന്തത്തെ, വളരെ കൃത്യമായ രീതിയില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും വളര്‍ത്തിയെടുത്ത് അവതരിപ്പിച്ചു എന്നത് എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള ചിത്രമൊക്കെ ഹോളിവുഡില്‍ വന്നിട്ടുണ്ടാകാം. അവ സാങ്കേതികത്തികവ് കൂടിയതുമാകാം. പക്ഷെ മലയാളത്തിന്‍റെ സാമ്പത്തിക പരിമിതികളില്‍ നിന്നുകൊണ്ട് ഇത്തരം കഥ പറയുക, സാങ്കേതികത്തികവ് പൂര്‍ണ്ണമായും സൂക്ഷിക്കുകയും സിനിമയ്ക്ക് ഹൃദയവും ആത്മാവും നല്‍കുകയും ചെയ്യുക എന്നത് പ്രത്യേകമായ ഇന്‍റലിജന്‍സാണ്. അതാണ് ജൂഡും സംഘവും തെളിയിച്ചതും.
അഖില്‍.പി.ധര്‍മ്മരാജനാണ് തിരക്കഥയില്‍ ജൂഡിനൊപ്പമുണ്ടായിരുന്നത്. അഖില്‍ ജോര്‍ജ്ജിന്‍റെ കാമറയും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും നോബിള്‍ പോളിന്‍റെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടി. ടൊവിനോയും ലാലുമാണ് മികച്ച കഥാപാത്രങ്ങളെ കിട്ടിയവര്‍. സുധീഷും അയാളുടെ ഭാര്യയായി അഭിനയിച്ച നടിയും മകനും ഓര്‍മ്മയില്‍ നിറയുന്ന കഥാപാത്രങ്ങളാണ്.വലുതും ചെറുതുമായ റോളുകളിലെത്തിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ഇത്തരമൊരു സംരംഭത്തിന് ഇറങ്ങി പുറപ്പെട്ട നിര്‍മ്മാതാക്കളായ വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാര്‍,ആന്‍റോ ജോസഫ് എന്നിവരും പ്രത്യേകമായ അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രമാണ് 2018 എന്നതില്‍ സംശയമില്ല. ഒടിടിയില്‍ കാണുന്നതിലും മികവ് തീയറ്ററില്‍ തന്നെയാണ്.
No comments:
Post a Comment