Tuesday, 19 April 2016

Ivan Alekseyevich Bunin

ലേഖനം
ബുനിന്‍  ,മലയാളി അറിയാത്ത റഷ്യന്‍  എഴുത്തുകാരന്‍                            
റഷ്യന്‍ സാഹിത്യകാരന്മാര്‍  മലയാളികള്‍ക്ക്  എന്നും പ്രിയപ്പെട്ടവരാണ്. കമ്മ്യൂണിസം പ്രിയപ്പെട്ട തത്വസംഹിതയായതുപോലെ തന്നെ കമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമം നടത്തിയ റഷ്യയെയും അവര്‍ നെഞ്ചിലേറ്റി . വളരെ കുറഞ്ഞ വിലയ്ക്ക് മനോഹരമായ അച്ചടിയില്‍ പ്രഭാതിലൂടെ ലഭിച്ചിരുന്ന  വിവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍,സോവിയറ്റ് യൂണിയന്‍,സോവിയറ്റ് ലാന്‍ഡ് തുടങ്ങിയ മാസികകള്‍ ഒക്കെയും കേരളത്തിലെ രണ്ട് തലമുറകള്‍ക്ക്  ഓര്‍മ്മപ്പുസ്തകങ്ങളാണ്. ടോള്‍സ്റ്റോയിയും ചെക്കോവും പുഷ്കിനും മാക്സിം ഗോര്‍ക്കിയുമൊക്കെ വരച്ചുകാട്ടിയ ലോകവും ആശയങ്ങളും സ്വപ്നങ്ങളില്‍ പോലും മദിച്ച കാലം. അന്നൊന്നും ആരും കേട്ടിട്ടില്ലാത്ത എഴുത്തുകാരനാണ് ഇവാന്‍ അലക്സിയേവിച്ച് ബുനിന്‍. ഇന്നും ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത  റഷ്യന്‍ എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ഒരു പുസ്തകം പോലും ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇംഗ്ലീഷിലെ വിവര്‍ത്തനവും ലഭ്യമാണോ എന്നു സംശയമാണ്.
റഷ്യന്‍ ഭരണകൂടത്തിന് അഭിമതരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ മാത്രമാണ് നമ്മെ പരിചയപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആന്‍റി ബോള്‍ഷെവിക്കായിരുന്ന ബുനിന്‍ റഷ്യയില് നിന്നുള്ള ആദ്യ നോബല്‍ സമ്മാന ജേതാവാണ് എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ ആന്‍റി ബോള്‍ഷെവിക്  പരിവേഷമാകാം നോബല്‍ സമിതിക്ക് ഇവാന്‍ പ്രിയങ്കരനാകാന്‍ കാരണമായതും. ഏതായാലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ നമ്മള്‍ പരിചയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല.
1870 ഒക്ടോബര്‍ 22ന് അലക്സി നിക്കോളേവിച്ച് ബുനിന്‍റെയും  ലുദ്മിള അലക്സാന്‍ട്രോവ്ന ബുനിനായുടെയും മൂന്നാമത്തെ പുത്രനായി റഷ്യന്‍ സാമ്രാജ്യത്തിലെ വൊറോവൊഷിലാണ്  ബുനിന്‍ ജനിച്ചത്. യുളിയും യെവ്ജനിയും മൂത്ത സഹോദരന്മാരും മാഷയും നാദിയയും ഇളയ സഹോദരിമാരുമായിരുന്നു. പോളിഷ് വേരുകളുള്ള കര്‍ഷക കുടുംബമായിരുന്നു ബുനിന്‍റേത്. കവികളായ അന്ന ബുനിനായും വാസിലി ഷുക്കാവ്സ്കിയും ബന്ധുക്കളായിരുന്നു. അച്ഛന്‍ ചൂതാട്ടത്തിന് അടിമപ്പെട്ടവനും ദേഷ്യക്കാരനുമായിരുന്നു. ക്രിമിയന്‍ യുദ്ധത്തിന് പോയശേഷം അദ്ദേഹം തികഞ്ഞ മദ്യപാനിയായി മാറി. അമ്മ ലുദ്മിളയാണ് റഷ്യന്‍ നാടോടിക്കഥകളിലൂടെ ബുനിനെ സാഹിത്യലോകം പരിചയപ്പെടുത്തിയത്. അപാരമായ നിരീക്ഷണ പാടവമുണ്ടായിരുന്ന കുട്ടിയായിരുന്നു ബുനിന്‍. മറ്റുള്ളവര്‍ കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും കഴിയുന്ന ഒരു ശക്തി അവന് കിട്ടിയിരുന്നു. അത് എഴുത്തില്‍ ബുനിനെ വ്യത്യസ്തനാക്കി. അധ്യാപകരായ റൊമാഷ്ക്കോവും യൂളി ബുനിനും വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്ക് ബുനിനെ കൈപിടിച്ചു നടത്തി. ഒരു ചിത്രകാരന്‍റെ മനസ്സായിരുന്നു ബുനിന്‍റേത്. അത് എഴുത്തിന്‍റെ കാന്‍വാസ് മികച്ചതാക്കാന്‍ സഹായിച്ചു. അച്ഛന്‍റെ ചൂതാട്ടവും മദ്യപാനവും കൊണ്ട് തകര്‍ന്ന കുടുംബ സാഹചര്യത്തില്‍ ബുനിന്‍റെ  വിദ്യാഭ്യാസം  1886ല്‍ അവസാനിച്ചു.
1887ല്‍ വില്ലേജ് പാപ്പേഴ്സ് എന്ന ആദ്യ കവിത പ്രകാശിപ്പിച്ചു. 1889ല്‍ സര്‍ക്കാര്‍ ക്ലാര്‍ക്കായി ജോലിയിലും പ്രവേശിച്ചു. 1891ലാണ് കണ്‍ട്രി സ്കെച്ച് എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചത്. ഈ കാലത്ത് പ്രാദേശിക പത്രത്തില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍,ലൈബ്രേറിയന്‍, കോടതിയില്‍ സ്റ്റാറ്റിറ്റീഷ്യന്‍ എന്നീ  ജോലികള്‍ നോക്കി. ഈ ജോലികളിലൊന്നിലും സംതൃപ്തി കിട്ടാതിരിക്കെ ഒര്‍ലോവ്സ്കി വെസ്നിക് എന്ന പത്രത്തിന്‍റെ പത്രാധിപരായി. ഈ കാലത്താണ് എഴുത്ത് ശക്തമായത്. വര്‍വാര പാഷ്ചെങ്കോവിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും ഈ കാലത്താണ്. 1892-ഓടെ അവര്‍  പോള്‍ട്ടാവയിലെത്തി സഹോദരനൊപ്പം താമസമാക്കി. 1894ല്‍ അവിടെനിന്നും ഉക്രയിനിലേക്ക് പോയി. ടോള്‍സ്റ്റോയിയെ പരിചയപ്പെടുന്നതും അക്കാലത്താണ്. 1895ലാണ് ബുനിന്‍ റഷ്യന്‍ തലസ്ഥാനം സന്ദര്‍ശിക്കുന്നത്. ആന്‍റണ്‍ ചെക്കോവുമായുള്ള സൌഹൃദം തുടങ്ങുന്നത് അവിടെവച്ചാണ്. 1899ല്‍ മാക്സിം ഗോര്‍ക്കിയെയും പരിചയപ്പെട്ടു. 1903ലും 1909ലും സാഹിത്യത്തിനുള്ള പുഷ്കിന്‍ സമ്മാനം നേടി.1906ല്‍ വെറ മുറോസേവയുമായുള്ള  സൌഹൃദം തുടങ്ങി. അവളുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അവര്‍ ഈജിപ്ത്, പാലസ്തീന്‍,മിഡില്‍ ഈസ്റ്റ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു.
1909ലാണ് ദ വില്ലേജ് എന്ന നോവല്‍ എഴുതിയത്. മാക്സിം ഗോര്‍ക്കിയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചെറു നോവല്‍ 1905ലെ വിപ്ലവ പശ്ഛാത്തലത്തില്‍ സ്വന്തം ഗ്രാമത്തിന്‍റെ കഥ പറയുകയായിരുന്നു. മദ്യപാനിയായ ഒരു കര്‍ഷകനും മാന്യനായ അയാളുടെ സഹോദരനും കേന്ദ്ര കഥാപാത്രങ്ങളായ ഈ നോവല്‍ അന്ന് റഷ്യയില്‍ ജീവിച്ചിരുന്ന മുഴുവന്‍ കര്‍ഷകരുടെയും  ദുരിതങ്ങളും ആശങ്കകളുമാണ് പങ്കുവച്ചത്. ഈ നോവല്‍ എഴുതുന്ന കാലം ഊണും ഉറക്കവുമില്ലാതെ ഭ്രാന്തമായ ഒരവസ്ഥയിലായിരുന്നു ബുനിന്‍. പലപ്പോഴും ഹൃദയം നിലച്ചുപോകും എന്നു തോന്നിയിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലെ അഗ്നി കെടുംമുന്‍പെ എഴുതി തീര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു. എഴുതിയത് മനസ്സിന് പൂര്‍ണ്ണ തൃപ്തി നല്കിയില്ലെങ്കില്‍ മാറ്റി എഴുതുന്ന രീതിയായിരുന്നു ബുനിന്‍റേത്. ദ മോണിംഗ് എന്ന ആദ്യ ഭാഗം പ്രസിദ്ധീകരിച്ച ശേഷം തുടര്‍ന്നുള്ള  ഭാഗം അടുത്ത മാസം നല്കാമെന്ന് പത്രാധിപര്‍ക്ക് ഉറപ്പു നല്കിയ ബുനിന്‍ വടക്കേ ആഫ്രിക്കയിലേക്ക് യാത്രപോയി. തിരികെ എത്തുമ്പോള്‍ അമ്മയ്ക്ക് അസുഖമായി. ചികിത്സ നല്‍കിയെങ്കിലും അമ്മ മരിച്ചു. ഇതെല്ലാം തുടര്‍ന്നുള്ള എഴുത്തിന് തടസ്സമായി. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ദ വില്ലേജ് പൂര്‍ത്തിയാക്കിയപ്പോള്‍  റഷ്യന്‍ സാഹിത്യത്തിലെ ഉജ്ജ്വല രചനയായി അത്  മാറി.
ചെക്കോവിന്‍റെയും തര്‍ജ്ജനോവിന്‍റെയും മറ്റും രചനകളില്‍ കാണുന്ന ശുഭാപ്തിയുടെ  നേരിയ വെളിച്ചം പോലും ഇവാന്‍റെ രചനയില്‍ കാണുന്നില്ല എന്ന് നിരൂപകര്‍ കുറ്റപ്പെടുത്തി. ഈ നോവലിന്‍റെ ഒറ്റ ദൌര്‍ബ്ബല്യം അതിന്‍റെ സാന്ദ്രതയാണ്. ഒരു പാട് മറ്റീരിയല്‍, ഓരോ പേജും ഒരു മ്യൂസിയം പോലെ തോന്നും.എന്നായിരുന്നു ഗോര്‍ക്കി അഭിപ്രായപ്പെട്ടത്. ഈ വാക്കുകള്‍ കൃതിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു.  1912ലാണ് ഡ്രൈവാലി പ്രസിദ്ധീകരിച്ചത്. ഇതും ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്. ഇവാന്‍റെ അടുത്ത ബന്ധുക്കള്‍ തന്നെ കഥാപാത്രങ്ങളാകുന്ന നോവലാണിത്. 1912-14ലെ ശൈത്യകാലം ഗോര്‍ക്കിക്കൊപ്പം കാപ്റി ദ്വീപില് കഴിഞ്ഞ ബുനിന്‍  1920ലാണ് ഫ്രാന്‍സിലേക്ക് പോകുന്നത്. അവിടെവച്ചാണ് ആത്മാംശം നിറഞ്ഞദ ലൈഫ് ഓഫ് അര്‍സനേവ് എഴുതിയത് .12 വര്‍ഷം  എടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്.1927ല്‍ ഒന്നും രണ്ടും ഭാഗവും 28ല്‍ മൂന്നാം ഭാഗവും 29ല്‍ നാലാം ഭാഗവും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് തിരുത്തിയെഴുത്തും യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പേരുമാറ്റവും ഒക്കെയായി നോവലിനെ സ്ഫുടം ചെയ്തെടുത്തു. 1939ല്‍ അഞ്ചാം ഭാഗം പ്രസിദ്ധീകരിച്ചു. മരണവുമായുള്ള ഒരുവന്‍റെ മത്സരമാണ് ജീവിതം എന്ന് ബുനിന്‍ രേഖപ്പെടുത്തുന്നത് ഈ നോവലിലാണ്. 1917-18ലെ ഡയറിക്കുറിപ്പുകള്‍ കഴ്സ്ഡ് ഡേയ്സ് എന്ന പേരില്‍ 1926ല്‍ പ്രസിദ്ധീകരിച്ചു. കഴ്സ്ഡ് ഡേയ്സ് അപൂര്‍വ്വമായ ആന്‍റി ബോള്‍ഷെവിക് ഡയറികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ബോള്‍‍ഷെവിസത്തിന്‍റെ തകര്‍ച്ച സ്വപ്നം കണ്ടിരുന്ന എഴുത്തുകാരില്‍ പ്രമുഖനായിരുന്നു ബുനിന്‍.1933ലാണ് നോബല്‍ പുരസ്ക്കാരം ലഭിക്കുന്നത്. നോബല്‍ പ്രസംഗത്തിലും ചിന്താസ്വാതന്ത്ര്യം , മനസ്സാക്ഷിയോട് പുലര്‍ത്തേണ്ട നീതി എന്നിവയെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറയുന്നത്. ചെക്കോവിന്‍റെയും ടോള്‍സ്റ്റോയിയുടെയും പാതയില്‍ യഥാതഥ്യവാദം പിന്‍തുടര്‍ന്ന ബുനിനെ ആന്‍റി കമ്മ്യൂണിസ്റ്റുകള്‍ ഏറെ ബഹുമാനിച്ചപ്പോള്‍  ബുനിന്  നോബല്‍ സമ്മാനം നല്‍കിയ തീരുമാനത്തെ സാമ്രാജ്യത്വത്തിന്‍റെ  ഉപജാപം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചത്. റഷ്യന്‍ ഭരണ കൂടത്തെ വിമര്‍ശിക്കുന്ന കാലത്തും റഷ്യയിലെ വിദേശ ഇടപെടലുകളെ ബുനിന്‍ എതിര്‍ത്തിരുന്നു. നമ്മുടെ തോണി തകര്‍ന്നതാണെങ്കിലും നാമതിനെ സ്നേഹിക്കണം എന്നായിരുന്നു ബുനിന്‍റെ വാദം. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അമേരിക്ക ബുനിനെ അവിടേക്ക്  ക്ഷണിച്ചു. എന്നാല്‍ ക്ഷണം സ്വീകരിക്കാതെ ബുനിന്‍ ഫ്രാന്‍സിലെ ഒരു പര്‍വ്വത പ്രദേശത്ത് മാറിത്താമസിച്ചു. അവര്‍ ആറു പേരുണ്ടായിരുന്നു. തണുപ്പും ഭയവും പട്ടിണിയും താണ്ടാനായി അവര്‍ എപ്പോഴും എഴുതിക്കൊണ്ടേയിരുന്നതായി ബുനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍റി നാസിയായ  ഇവാന്‍ ഹിറ്റ്ലറേയും മുസോളിനിയേയും പേയിളകിയ കുരങ്ങന്മാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ജൂതന്മാരെയും റഷ്യക്കാരെയും കൂടെ താമസിപ്പിക്കാനും അദ്ദേഹം ധൈര്യം കാട്ടി. ഈ സമയം മുന്നൂറു മീറ്റര്‍ അകലെ ജര്‍മ്മന്‍കാര്‍ താവളമുറപ്പിച്ചിരിക്കയായിരുന്നു എന്നത് ബുനിന്‍റെ ധൈര്യം വിളിച്ചറിയിക്കുന്നു. 1945ല്‍ ബുനിന്‍ പാരീസില്‍ തിരിച്ചെത്തി. അവസാന കാലം റഷ്യയില്‍ കഴിയണം എന്ന ചിന്ത മനസ്സില്‍ ഉറവായെങ്കിലും ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇതിനിടെ ആസ്ത്മയും ന്യുമോണിയയും കടുത്തു. 1953 നവംബര്‍ 8ന് പ്രഭാതത്തില്‍ പാരീസിലെ ഫ്ലാറ്റില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. പാരീസില്‍ സൂക്ഷിച്ച ശരീരം 1954 ജാനുവരി 30ന് റഷ്യന്‍ സെമിത്തേരിയില്‍ അടക്കി. തുടര്‍ന്ന്  ബുനിന്‍റെ പുസ്തകങ്ങള്‍ റഷ്യയില്‍ പ്രകാശിപ്പിച്ചു. 1980 വരെ കഴ്സ്ഡ് ഡേയ്സിന് വിലക്കുണ്ടായിരുന്നു. തുടര്‍ന്ന് അതും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ 120ാം ജന്മദിനത്തിന് റഷ്യ സ്റ്റാമ്പിറക്കി. 125ാം ജന്മനാളില്‍ ബുനിന്‍റെ സ്മരണാര്‍ത്ഥം നാണയവും ഇറക്കി.

എഴുത്തില്‍ റഷ്യയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യം കാത്തുസൂക്ഷിച്ച ബുനിന്‍റെ അലങ്കാര ഭാഷയെ ബുനിന്‍ കസവുപട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്.റഷ്യന്‍ ഭാഷയിലെ ഏറ്റവും സമ്പന്നമായ പദപ്രയോഗങ്ങള്‍ സ്വന്തമായിരുന്ന  ബുനിന്‍റെ രചനകള് വായിക്കാന്‍ മലയാളികള്‍ക്കും അവസരം ലഭിക്കുമെന്ന നമുക്ക് പ്രതീക്ഷിക്കാം. 

katha --Midhya yukthi

കഥ
മിഥ്യായുക്തി

       കാത്തിരിപ്പ് പോലെ  നൊമ്പരമുണര്‍ത്തുന്ന  കാര്യങ്ങള്‍  ജീവിതത്തില്‍ കുറവാണെന്ന് ജോര്‍ജ്ജ് ഓര്‍ത്തു. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നുന്ന അവസ്ഥ. ദൂരെ നിന്നുള്ള ആരവം പോലെയുള്ള മുഴക്കം. പാളങ്ങളിലെ കിരുകിരുപ്പ്. പാറകളുടെ കുലുക്കം. എല്ലാം കൂടി ഒന്നാകുന്ന ആ നിമിഷം ; എല്ലാറ്റില്നിന്നും , പ്രത്യേകിച്ചും ഓര്മ്മകളില്നിന്നും മോചനം നേടുന്ന നിമിഷം.
എന്തായിരുന്നു പ്രചോദനം. മദ്യം ഇളക്കിവിട്ട കാമാന്ധത എന്നൊക്കെ പറയുന്നത് ശരിയാകില്ല. അതൊരു ഒഴിഞ്ഞുമാറലാണ്. അതിനും അപ്പുറത്ത് അതിഗൂഢമായ ഒരു വികാരമുണ്ടായിരുന്നിരിക്കാം. അങ്ങിനെ സംശയത്തിന് വിട്ടിട്ടും കാര്യമില്ലല്ലോ, ഒരു വികാരമുണ്ടായിരുന്നു എന്നുതന്നെ പറയണം.
പിറവിയുടെ ആദ്യനാള്‍ ആസ്പത്രി വരാന്തയില്‍ കാത്തുനില്ക്കുമ്പോഴും ഇതേപോലെതന്നെയായിരുന്നു മനസ്സ്.
കര്‍ത്താവെ,രണ്ട് പ്രാണനും കേടില്ലാതെ വേര്പെടുത്തിതരേണമേ  എന്നായിരുന്നു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടോ പ്രകൃതിയുടെ നിയോഗം കൊണ്ടോ അന്നയും കുഞ്ഞും പൊക്കിള്‍കൊടി മുറിഞ്ഞ് വേര്‍പെട്ടു. നഴ്സ് വന്ന് പെണ്‍കുഞ്ഞാണെന്നറിയിച്ചപ്പോള്‍ സന്തോഷം ഇരട്ടിച്ചു. തന്‍റെ ആഗ്രഹം അതായിരുന്നല്ലോ; അന്നയുടേയും.
കുഞ്ഞിനെ കാണാനുള്ള കൊതിയും ആകാംഷയുമായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങള്‍ക്ക് ചിറകേറ്റിയത്. അവളുടെ നിറം എന്താകും, ആരുടെ ലക്ഷണമാകും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവുക  എന്നിങ്ങനെ ചിന്തകള്‍ ചുറ്റിയടിക്കവെ കുട്ടിയെ കാണാനായി സിസ്റ്റര്‍ വിളിച്ചു. അന്നയുടെ നിറവും സൌന്ദര്യവുമുള്ള കുട്ടി. ദൈവമെ,നല്ല ബുദ്ധികൂടി കൊടുക്കണേ എന്‍റെ കുഞ്ഞിന് എന്നായിരുന്നു തുടര്‍ന്ന് മനസ്സില്‍ വന്നത്.
അവളുടെ കൈ വളര്,കാല്‍ വളര് എന്നു താലോലിച്ച് കടന്നുപോയ ദിവസങ്ങള്‍.മോണകാട്ടിയുള്ള ചിരിയിലും  അവ്യക്തമായ വാക്കുകളിലും ലോകം പൂര്‍ണ്ണമായെന്നു തോന്നിയ നാളുകള്‍. ജീവിതം മറ്റൊരു വിധത്തില്‍ വഴിതിരിയുകയായിരുന്നു.
രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ തനിക്ക് ശമ്പളത്തിനുപരിയായി  കിട്ടുന്ന കിമ്പളം എന്നും ആഘോഷങ്ങള്‍ക്കുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ സുഹൃത്തുക്കളേയും ധാരാളമായി കിട്ടി. മദ്യപാനവും ആഘോഷങ്ങളും ഉത്സവ പറമ്പുകളുമായി നടന്ന ജീവിതത്തിന് അന്ന വന്നതോടെ ചെറിയ മാറ്റമുണ്ടായെങ്കിലും പൂര്‍ണ്ണമായും മാറിയത് റൂബിമോളുടെ വരവോടെയായിരുന്നു.
ഞങ്ങള്ക്കും മക്കളൊക്കെയുണ്ടെട കൂവേ,നിന്റെ മട്ടുകണ്ടാല്തോന്നും ഭൂമിയിലാദ്യായിട്ടാ കുഞ്ഞു ജനിക്കുന്നേന്ന് , വറീതേട്ടന്‍റെ വാക്കുകളെ ചിരിച്ചു തള്ളാമായിരുന്നെങ്കിലും ഞാനത് ചെയ്തില്ല.
ഭൂമിയിലാദ്യായിട്ടല്ലേലും എനിക്കിതാദ്യത്തേതാ വറീതേട്ടാ, എനിക്ക് കളിച്ചുനില്ക്കാന്‍ സമയമില്ല,എന്‍റെ മോള്‍ടടുത്തെത്തണം, ഞാന്‍ നടന്നു.
എത്രയെത്ര കളിപ്പാട്ടങ്ങള്‍,പുത്തനുടുപ്പുകള്‍,വളകള്‍,മാലകള്‍. പിച്ചവയ്ക്കുന്ന കാലമായിരുന്നു ഏറ്റവും രസകരം. ഓരോ ചുവടും  ശ്രദ്ധിച്ച് ശ്രദ്ധിച്ച്
എന്നിട്ടും -- ?
മാമോദീസയുടെ  ഓര്‍മ്മകള്‍,പിറന്നാളുകള്‍. എല്ലാ പിറന്നാളിനും അയല്‍ക്കാര്‍ക്ക് ഊണ് കൊടുക്കുമായിരുന്നു. വലിയ സദ്യ,താറാവിറച്ചി സ്പെഷ്യലോടെ.
--- മ്മടെ  റൂബിമോള്ടെ  പിറന്നാളായില്ല്യോടാ ജോര്ജ്ജേ; --ച്ചി  താറാവെറച്ചി  തിന്നാന്‍  കൊതിയാവുന്നെടാ, വേലുമ്മാവന്ഇടയ്ക്കിടെ പറയും.
ആവുമ്പോ വിളിക്കാം മാമാ, മറക്കത്തില്ല,ഞാന്ചിരിച്ചുകൊണ്ട് മറുപടി പറയുമായിരുന്നു.
  ന്‍റെ  കുഞ്ഞ്, അവള്‍ക്ക് മൂന്നുവയസ്സുള്ളപ്പോഴാ  ടൈഫോയ്ഡ് വന്നെ. ഊണും ഉറക്കവുമില്ലാണ്ട് ഒറ്റയിരുപ്പായിരുന്നു ഞാന്.അന്നയ്ക്കുള്ളത്ര സമാധാനം പോലും എനിക്കില്ലായിരുന്നു. അവള്‍ ആശ്വസിപ്പിക്കാന് ശ്രമിക്കുമ്പോ ഞാന്‍ വിങ്ങിക്കരയുകയായിരുന്നു. ഡോക്ടര്‍ ഈയിടെ കണ്ടപ്പോഴും പറഞ്ഞു,ജോര്‍ജ്ജിന്‍റെ പ്രാര്‍ത്ഥനേടെ ഫലം കൂടിയാ കുട്ടീനെ രക്ഷിച്ചതെന്ന്. അതുകേട്ടപ്പൊ  മനസ്സിനുസുഖായിരുന്നു. എന്നിട്ട്- അതേ മനസ്സുതന്നെ
സ്കൂളില്‍ പോകാന് തുടങ്ങിയ കാലം ഓര്‍ക്കാന്‍ കുറേക്കൂടി രസം തോന്നുന്നുണ്ട്. സൈക്കിളില്‍ ഇരുത്തി ബാഗും പിറകില്‍ വച്ചുകെട്ടിയുള്ള യാത്ര. യാത്രക്കിടയില് നൂറുകൂട്ടം കഥകള്‍. കൂട്ടുകാരെക്കുറിച്ചും ടീച്ചര്‍മാരെക്കുറിച്ചുമുള്ള വിവരണങ്ങള്. എല്ലാ ടീച്ചര്‍മാര്‍ക്കും  പ്രിയങ്കരിയായിരുന്നു റൂബി. ഇപ്പോഴും അങ്ങിനെതന്നെയാണുതാനും.
ഇവള് വല്ല്യ മിടുക്കിയാവും ജോര്ജ്ജോ, ഏത് വിഷയമെടുത്താലും അവളതില്ഒന്നാമതെത്തും , മേരി സിസ്റ്റര്അത് പറയുമ്പോള്എവിടെയോ ഒരഹങ്കാരം നിറയുന്നുണ്ടായിരുന്നു.
എല്ലാ ക്ലാസ്സുകളിലും സ്കോളര്‍ഷിപ്പുള്ള  കുട്ടിയായി അവള്‍ മാറി. അഞ്ചാം ക്ലാസ്സിലെത്തിയതോടെയാണ്  പുതിയ സ്കൂളിലാക്കിയത്. കുറച്ചു ദൂരെയുള്ള സ്കൂള്. പിന്നെ യാത്ര സ്കൂള്‍ ബസ്സിലായി. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞു വന്നു. മോള്‍ക്ക് കളിച്ചു നടക്കാനും കൊച്ചു വര്‍ത്തമാനം പറയാനും നേരമില്ലാതായി. എപ്പോഴും പഠിത്തമാണ്.അതോടെയാണ് ഞാന്‍ പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചു പോയത്. അന്ന വിലക്കിയതുമില്ല. വൈകിട്ട് സുഹൃത്സദസ്സുകള്‍ക്കും ആഘോഷങ്ങള്‍ക്കും  ശേഷം വീട്ടിലെത്തി മിണ്ടാതെ കിടന്നുറങ്ങുന്നവനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരലോസരവുമുണ്ടായില്ല.
പെണ്ണു വളര്‍ന്നു വരികയാ,പൊന്നും പണവുമൊക്കെ കരുതേണ്ട കാലായീന്ന്  അന്ന ഓര്‍മ്മിപ്പിച്ചപ്പോ ഞാന്‍ പറഞ്ഞു, നീ എന്താ കരുതീരിക്കണെ എന്റന്നേ, പ്രവിഡന്റ് ഫണ്ടീ നല്ല കരുതലല്ലിയോ ചെയ്തിരിക്കണെ, പിന്നെ ചിട്ടികള്‍ എത്രാന്നാ നിന്‍റെ വിചാരം. ഭൂമി നമുക്ക് രണ്ടാള്‍ക്കുമില്ലെ, പിന്നെയീ വീടും. പുതിയ ഇനമൊന്നുമല്ലേലും നമ്മുടെ വീടിനെന്താ കുഴപ്പം. അവള് പിന്നൊന്നും പറഞ്ഞില്ല.
റൂബിമോള്‍  എട്ടിലായപ്പോഴാ അവള് ആധിയോടെ ഒരു കാര്യം പറഞ്ഞത്,   നമ്മടെ മോള് വലുതായി.- പ്പൊഴേ വലുതായി. കാലം മോശമാണ് ഇച്ചായാ, ട്യൂഷനൊക്കെ കഴിഞ്ഞ് വൈകിട്ട് തനിച്ച് വരുന്നത് ശരിയല്ല. ഇച്ചായന്‍  ഈ കൂട്ടൊക്കെ നിര്ത്തി  മോളെ കുറേക്കൂടി ശ്രദ്ധിക്കണം.
അന്ന അത് പറഞ്ഞശേഷാ  ഞാനെന്‍റെ കുഞ്ഞിനെ ശ്രദ്ധിച്ചേ, അവള് പറഞ്ഞത് നേരാ,റൂബിന്‍‍റെ മോള്  ഒരു മുട്ടത്തിയായിരിക്കുന്നു. എനിക്കുതന്നെ നേരെ നോക്കാന്‍ മടി തോന്നും വിധം അവള് വളര്‍ന്നിരിക്കുന്നു. ഞാന് വീണ്ടും പഴയപോലെയായി. കൂട്ടുകെട്ടുകള്‍ കുറച്ചു. കുഞ്ഞിനെ ട്യൂഷന് കൊണ്ടാക്കലും വിളിച്ചുകൊണ്ട് വരവുമൊക്കെയായി ജീവിതം മാറി. അതു പക്ഷെ കൊടുത്ത ജീവനെ കൊത്തണമാതിരിയാവുമെന്ന്  നിരീച്ചില്ല. മദ്യത്തിന്‍റെ  പുറത്ത്- ച്ഛെ- വീണ്ടും ഒരു ന്യായീകരണം--.
ഇച്ചായാന്താന്നറീല്ല, കുഞ്ഞിന് ഈയിടെയായൊരു മൌനം. പഠിത്തത്തിലും തീരെ ശ്രദ്ധയില്ല. എന്ത് ചോദിച്ചാലും ദേഷ്യാ. ന്‍റെ കുഞ്ഞിന് എന്തുപറ്റിയതാണോ ന്തോ. സ്കൂളിലെന്തെങ്കിലും പ്രശ്നമുണ്ടായതാണോ ന്തോ ? ഇച്ചായന്സ്കൂളി പോയൊന്നന്വേഷിക്കണം, അന്ന പറഞ്ഞു. ഞാന്മൂളി. ആ മൂളല്ഒരാധിയായി വളര്ന്ന് ശരീരമാകെ പടര്ന്നു. ശരീരം വിയര്ത്തു. നെഞ്ചിന്റെ  മിടിപ്പ് ഒറ്റയടിക്ക്  നിന്നിരുന്നെങ്കില്‍ എന്നു തോന്നിയ നേരം.
ഒരാഴ്ച കടന്നുപോയത് ഓരായിരം വര്‍ഷം പോലെയായിരുന്നു. റൂബിമോളോട്  ഞാന്‍ ഒന്നും തന്നെ സംസാരിച്ചില്ല. അന്നയോട് വെറുതെ കലഹിക്കുകയും ചെയ്തു. സ്കൂളില്‍ പോയോ എന്ന ചോദ്യം അവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നി പര്‍വ്വതത്തിന്‍റെ  ചൂട് അതിനുമാത്രമെ അറിയൂ എന്ന മട്ടിലായിരുന്നു ഞാന്‍. ഇന്ന്  ഉച്ച നേരത്താണ് അന്ന വിളിച്ചത്. ഇച്ചായാ,സ്കൂളീന്ന് ഹെഡ്മിസ്ട്രസ്സ് വിളിച്ചിരുന്നു.ഒന്നവിടെ വരെ ചെല്ലാന്‍ പറഞ്ഞു.എനിക്കാകെ പേടിയാവുന്നു ഇച്ചായാ. അപ്പനെ കൊണ്ടു വരണ്ട, കുട്ടീടമ്മ മാത്രം വന്നാമതീന്നാ പറഞ്ഞേ.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
ഇച്ചായനെന്താ മിണ്ടാത്തെ..
ഞാന് മുരടനക്കി ശബ്ദമുണ്ടാക്കിയെടുത്തു. നീ പോയിട്ടുവാ, ഞാന് പിറകെ വരാം. വീടിന്‍റെ താക്കോല്‍  ജനാലപ്പടിയില്‍ വച്ചേക്ക്.
ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് കുറേനേരം തളര്‍ന്നിരുന്നു.കരച്ചില്‍ വന്നില്ല. കരയേണ്ടവന്‍ ഞാനല്ലല്ലോ. ഓഫീസില്‍ നിന്നും ഉടനെ ഇറങ്ങി. അപ്പച്ചന്‍ പറഞ്ഞ ഒരു വാചകം മനസ്സിലുണ്ടായിരുന്നു. എടാ,മരിക്കുമ്പോ അന്തസ്സായി മരിക്കണം. എന്‍റെ മോഹം കസ്സേരയില്‍ ഇരുന്നു മരിക്കണമെന്നാ.
അപ്പച്ചന്‍റെ മോഹം നടന്നില്ല. ഒരു വര്‍ഷം ഒരേ കിടപ്പില്‍ കിടന്നിട്ടാണ് അപ്പച്ചന്‍ മരിച്ചത്. അങ്ങേരുടെ നടക്കാതെപോയ മോഹം ഈ ജോര്‍ജ്ജുകുട്ടിക്കെങ്കിലും സാധിക്കട്ടെ.
മനസ്സില്‍ നിന്നും എല്ലാ പാപബോധവും ഇറങ്ങിപ്പോയിരിക്കുന്നു.
ഇതെങ്ങനെ?
അറിയാന്‍ കഴിയുന്നില്ല.
സ്കൂട്ടറില്‍ വീട്ടിലെത്തി  മുറി തുറന്ന് ഒരു കസാലയെടുത്തു. അത് കയറുകൊണ്ട് സ്കൂട്ടറിനു പിന്നില്‍ കെട്ടിവച്ചു.മുറി പൂട്ടി താക്കോല്‍ വീണ്ടും ജനാലപ്പടിയില്‍  വച്ച ശേഷം യാത്ര ആരംഭിച്ചു. അത്  ഇവിടെയാണ് അവസാനിച്ചത്. ഈ വിജനമായ ഇടത്ത് സമാന്തരമായി പോകുന്ന രണ്ട് പാതകള്‍ക്ക് നടുവില്‍ കസേരയിട്ട് ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. പാതകള്‍ ഏറ്റുവാങ്ങുന്ന, പാറക്കഷണങ്ങള്‍ ഏറ്റുവാങ്ങുന്ന ആ കുലുക്കം ഞാനറിയുന്നു.
ഒന്ന്,രണ്ട് എന്ന് എണ്ണിത്തുടങ്ങിയാല്‍ നൂറിനപ്പുറം പോവില്ല.അതിനുമുന്‍പ്---
അന്ന എല്ലാം അറിയുന്നതിനു മുന്‍പ്---
അവളുടെ ശാപവാക്കുകള്‍ അന്തരീക്ഷത്തില്‍ നിറയുന്നതിനു മുന്‍പ്---
അമ്മയും മകളും പരസ്പ്പരം പുണര്‍ന്ന് കണ്ണീരില്‍ മുങ്ങുന്നതിനു മുന്‍പ്--
ഇരമ്പം അടുത്തു വരുന്നു.
ഞാന്‍  എണ്ണാന്‍  തുടങ്ങി.
ഒന്ന്---
രണ്ട്---

മൂന്ന്---

malayala bhasha billum kurae bhasha chinthakalum

ലേഖനം
മലയാള ഭാഷാ ബില്ലും  കുറെ ഭാഷാ ചിന്തകളും
 ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെ ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവരോട് മലയാളം പഠിക്കണം എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, എന്തിനാ അങ്കിളെ ഞങ്ങള്‍ മലയാളം പഠിക്കുന്നത്.ഞങ്ങളാരും നാട്ടിലേക്ക് വരുന്നില്ല, അഥവാ വന്നാലും ജോലി തേടുന്നതിന് മലയാളം നിര്‍ബ്ബന്ധമല്ലല്ലോ. അത്യാവശ്യം സംസാരിക്കാനൊക്കെയുള്ള മലയാളം ഞങ്ങളുടെ കൈയ്യിലുണ്ട്.ഇവിടെ ജീവിക്കാന്‍ ഹിന്ദിയും ഇംഗ്ലീഷും മതി. മലയാളം പഠിക്കുന്നതിനു പകരം ജര്‍മ്മനോ ഫ്രഞ്ചോ പഠിച്ചാല്‍ ആ രാജ്യത്ത് നല്ലൊരു ജോലിയെങ്കിലും സമ്പാദിക്കാം. ഇങ്ങനെയൊക്കെയായിരുന്നു അവരുടെ വാദങ്ങള്‍.
അവരുടെ വാദങ്ങള്‍ ശരിയാണെന്നിരിക്കെ അധികമൊന്നും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആ മലയാളിക്കുട്ടികളോട് ഞാന്‍ ചോദിച്ചു, നിങ്ങള്‍ സ്വപ്നം കാണുന്നത് ഏത് ഭാഷയിലാണ്. അത് മലയാളത്തിലാണ് എന്നായിരുന്നു മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് വീട്ടില്‍ കൂടുതലും സംസാരിക്കുന്ന ഭാഷ മലയാളമായതുകൊണ്ടാകാം എന്നായിരുന്നു അവരുടെ മറുപടി. നമ്മള്‍ സ്വപ്നം കാണുന്ന ഭാഷയാണ് നമ്മുടെ മാതൃഭാഷ, അതിനെ സ്നേഹിക്കണം എന്നും ആ ഭാഷ എഴുതാനും വായിക്കാനും പഠിക്കണമെന്നും  പറഞ്ഞു കൊടുത്തപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി. അവര്‍ മലയാളത്തെ പ്രണയിച്ചു തുടങ്ങി.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം കേരള നിയമസഭ പാസ്സാക്കിയ മലയാള ഭാഷാ ബില്ലാണ്. പിഎസ്സി പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബ്ബന്ധമാക്കിയില്ലെങ്കിലും മലയാളം പഠിക്കാതെ കേരളത്തില്‍ ജീവിക്കുക ബുദ്ധിമുട്ടാകും എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. മാതൃഭാഷയ്ക്ക് വേണ്ടി വളരെ വൈകിയെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന പരമായ നടപടി എന്നിതിനെ വിശേഷിപ്പിക്കാം. എന്നാല്‍ നമ്മുടെ അയല്‍ക്കാരായ തമിഴ്നാട്ടുകാരെപോലെ ഭാഷാഭ്രാന്ത് നമുക്കാവശ്യമില്ല എന്നാണ് എന്‍റെ അഭിപ്രായം. മലയാളി എന്നും വിവിധ ഭാഷകളെയും സംസ്ക്കാരത്തെയും  സ്വീകരിച്ച് വളര്‍ന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി  യൂറോപ്യന്‍ നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുള്ളതും. ഇംഗ്ലീഷും ഹിന്ദിയും അറബിയും ഉള്‍പ്പെടെ ഏത് ഭാഷയും സ്വന്തം ഭാഷപോലെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നും മലയാളവും ഇംഗ്ലീഷും ഒരുപോലെ കരഗതമാക്കിയ തലമുറകളായിരുന്നു നമുക്കുണ്ടായിരുന്നത്. പിന്നീടതിന് ശോഷണം സംഭവിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യശോഷണമുണ്ടായി. മാറിമാറിവന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്ത്  നടത്തിയ പരിഷ്ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം പിറകോട്ടടിച്ചു. ഇപ്പോള്‍ അക്ഷരങ്ങള്‍ പെറുക്കിവച്ചാല്‍ പോലും ഒരു കുട്ടി ജയിച്ചുകയറുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ആ വിഷയത്തിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.
കരുനാഗപ്പള്ളിയിലെ ബോയ്സ് ഹൈസ്കൂളില്‍ മലയാളം മീഡിയം സ്കൂളില്‍ പത്താംതരം വരെ പഠിച്ചശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രിക്ക് വന്നു ചേര്‍ന്ന ഞാന്‍ അനുഭവിച്ച ഭാഷാപരമായ പ്രശ്നങ്ങള്‍ പുതിയ തലമുറയ്ക്ക് മനസ്സിലാകുമോ എന്നറിയില്ല. ക്ലാസ്സിലുള്ള തൊണ്ണൂറു ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുള്ളവര്‍. അവരുടെ നിലവാരത്തില്‍ മാത്രം ക്ലാസ്സുകള്‍  കൈകാര്യം ചെയ്യുന്ന അധ്യാപകര്‍. മലയാളത്തിനുവേണ്ടി വാദിക്കുന്ന നമ്മുടെ പ്രഗത്ഭരായ പല സാഹിത്യകാരന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കള്‍ അന്നവിടെയുണ്ടായിരുന്നു. അവരെല്ലാം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് വന്നവരായിരുന്നു.  അവരുടെ മക്കളും അത്തരത്തില്‍ തന്നെയാവും പഠിച്ചിട്ടുണ്ടാവുക. പലരും ജീവിക്കുന്നത് വിദേശരാജ്യങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമായതിനാല്‍ മലയാളികളുടെ മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാന്‍ കഴിയാതിരുന്നതിന്‍റെ വേദനയിലാണ് മാര്‍ ഇവാനിയോസില്‍ തുടര്‍ന്നുള്ള പഠനകാലം കഴിഞ്ഞുകൂടിയത്. ഇംഗ്ലീഷ് മീഡിയക്കാര്‍ക്കൊപ്പം എത്താന്‍ കഴിയാത്തതിനാല്‍ ഉഴപ്പന്മാരുടെ സംഘത്തില്‍ കൂടുകയും രണ്ടാം വര്‍ഷം ടിസി വാങ്ങി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് മാറുകയും ചെയ്തു.അപ്പോഴാണ് ഭാഷയുടെ  ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷ് കുറേയൊക്കെ വഴങ്ങിയെങ്കിലും ഇപ്പോഴും ഭയത്തോടെ മാത്രമെ ആ ഭാഷയെ സമീപിക്കാന്‍ കഴിയുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇതു പറയുമ്പോള്‍ രസകരമായ ഒരു സംഭവം കൂടി ഓര്‍മ്മവരുകയാണ്. മുന്‍മന്ത്രി മാത്യു.ടി.തോമസ്സ് പറഞ്ഞതാണ്. അദ്ദേഹത്തെ കാണാനായി ഒരു ദിവസം കുറെ അധ്യാപകര്‍ വന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുന്നവരാണ് . സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതുകൊണ്ട് ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്നുവെന്നും അവരെല്ലാം ജോലി നഷ്ടപ്പെടും എന്ന ഭീഷണിയിലാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമൊക്കെയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അദ്ദേഹം ചായയൊക്കെ കൊടുത്ത് പൊതുപ്രശ്നങ്ങളൊക്കെ പറഞ്ഞിരിക്കെ അവരുടെ കുട്ടികളെക്കുറിച്ച് ചോദിച്ചു. കുട്ടികള്‍ എവിടെ പഠിക്കുന്നു എന്ന ചോദ്യത്തിന് അവരെല്ലാം നല്‍കിയ മറുപടി കുട്ടികള്‍ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത് എന്നായിരുന്നു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്‍റെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാതിരിക്കുകയും മറ്റുള്ളവരുടെ കുട്ടികള്‍ നിങ്ങളുടെ സ്കൂളില്‍ പഠിക്കണമെന്നു പറയുകയും ചെയ്യുന്നതിന്‍റെ ലോജിക് മനസ്സിലാകുന്നില്ല. ആദ്യം നിങ്ങളുടെ സ്കൂളുകള്‍ പഠനത്തിന് കൊള്ളാമെന്ന് ബോധ്യപ്പെടേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങള്‍ മാതൃക കാട്ടിയശേഷം മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുക എന്നവരെ ഉപദേശിച്ച് അയയ്ക്കുകയും ചെയ്തു. മലയാള ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണെന്ന് നമുക്ക് മനസ്സിലാക്കാം. നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്തശേഷം മതി ഈ ഭാഷാപ്രേമം എന്നു നമ്മള്‍ സാധാരണക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒരുപക്ഷെ ഭാഷാപ്രേമികളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും അപ്രത്യക്ഷരാകാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.
മാതൃഭാഷയോട് പ്രണയം വേണ്ട എന്നല്ല ഞാന്‍ പറയുന്നത്, ഭാഷാഭ്രാന്ത് വേണ്ട എന്നാണ് . ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബ്ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷ(വ്യാപനവും പരിപോഷണവും)ബില്‍ ഈ ഒരു മര്യാദ നിലനിര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ്സുമുതല്‍ പത്താംക്ലാസ്സ് വരെ മലയാളം നിര്‍ബ്ബന്ധിത ഒന്നാംഭാഷയായി മാറുമെന്നത് ഭാഷയ്ക്ക് ഗുണം ചെയ്യും. ഇത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും നിയമപരമായി ബാധമാക്കാന്‍ നപടി കൈക്കൊള്ളേണ്ടതുണ്ട്. കേരളം ഒരു ബഹുഭാഷാ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അന്യഭാഷക്കാര്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷ പഠിക്കാനുള്ള അവസരം നല്കാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാവുകയാണ് എന്നത് സവിശേഷമായ വസ്തുതയാണ്. പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. കീഴ്ക്കോടതിയിലെ കേസ്സുകളും വിധിന്യായങ്ങളും പെറ്റിക്കേസ്സുകളിലെ വിധിന്യായവും അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാവും. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,സഹകരണം,പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ പേര്,ഉദ്യോഗസ്ഥരുടെ പേര്,ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ വാഹന ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലും കൂടി രേഖപ്പെടുത്തേണ്ടി വരും. വാണിജ്യ,വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍,ട്രസ്റ്റുകള്‍,കൌണ്‍സിലിംഗ് സെന്‍ററുകള്‍,ആശുപത്രികള്‍,ലബോറട്ടറികള്‍,വിനോദകേന്ദ്രങ്ങള്‍,ഹോട്ടലുകള്‍ എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യ പകുതി മലയാളത്തിലാകും. സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ പ്രതിഫലം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍,പരസ്യങ്ങള്‍,രസീതുകള്‍,ബില്ലുകള്‍ , അറിയിപ്പുകള്‍ എന്നിവയും മലയാളത്തിലാകും. സംസ്ഥാനത്ത് നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യവസായിക ഉത്പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്ത് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തിലാകും. പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങളിലും ഒരു നിശ്ചിത ശതമാനം മലയാളത്തിലായിരിക്കണം.  സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദേശരാജ്യങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍,ഹൈക്കോടതി,സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആവശ്യപ്പെട്ടാല്‍ അതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് . മാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയ്ക്ക് പുറമെ മലയാളം കൂടി പഠിക്കാന്‍  അവസരം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളെ ഒമ്പത് ,പത്ത് ക്ലാസ്സുകളിലും ഹയര്‍ സെക്കണ്ടറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍  നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ ഗുണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് പാസ്സാക്കിയിരിക്കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുമെന്നും ബില്ല് അവതരിപ്പിച്ച മന്ത്രി.കെ.സി.ജോസഫ് പറയുകയുണ്ടായി. അത് അനിവാര്യമാണുതാനും.
മലയാളം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബ്ബന്ധമാക്കിയ ഈ സമയം ഓര്‍മ്മ വരുന്ന  ചില അനുഭവങ്ങള്‍ കൂടി പങ്കുവെയ്ക്കാമെന്നു കരുതുന്നു. ഒരിക്കല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്‍റെ ഒരു കത്ത് അന്നത്തെ കേരള മുഖ്യമന്ത്രി ഈ.കെ.നായനാര്‍ക്ക് ലഭിച്ചു. കത്ത് ഹിന്ദിയിലാണ്. ഹിന്ദി അറിയുന്നവരെ കണ്ടെത്തി ഉള്ളടക്കം മനസ്സിലാക്കി മറുപടി അയച്ചു,മലയാളത്തില്‍. ഓനും ഇത്തിരി കഷ്ടപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ചില ഓഫീസുകളില്‍ നിന്നും അപേക്ഷാഫോറവും മറ്റും ഹിന്ദിയിലാണ് കിട്ടിയിരുന്നത്. അന്ന് ആ സംവിധാനത്തെ കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ഒരു ഭാഷാഭ്രാന്ത് എന്നും പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അന്യ ഭാഷക്കാരുള്ള കേരളത്തിലും ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഭാഷാ ന്യൂനപക്ഷത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാം.
മലയാള ഭാഷയെ ഔദ്യോഗികമായി നിലനിര്‍ത്താന്‍ ബില്ല് ഉപകരിക്കുമെങ്കിലും ഭാഷയെ സ്നേഹിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല എന്നത് സത്യം. പ്രണയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലല്ലോ, അത് ഉള്ളില്‍ നിന്നും വരേണ്ടതാണ്. മലയാള സാഹിത്യം വായിക്കാനും പത്രമാസികകള്‍ വായിക്കാനുമുള്ള താത്പ്പര്യം ഒരാളില്‍ ജനിപ്പിക്കാന്‍ നിയമത്തിന് കഴിയില്ല. അതിനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്താനുള്ള ഉത്തരവാദിത്തം ഭാഷാപ്രേമികള്‍ക്കുള്ളതാണ്. മലയാളത്തിന് മാര്‍ക്ക് നല്‍കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന അധ്യാപകരായിരുന്നു പണ്ട് കാലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് രണ്ടാം ഭാഷയായി ഹിന്ദി എടുത്തവരുടെ കൂട്ടത്തിലുള്ള ഒരാളാണ് ഞാന്‍. ലാറ്റിനും ഫ്രഞ്ചുമൊക്കെയെടുത്ത് നൂറു ശതമാനം മാര്‍ക്ക് നേടിയ വിരുതന്മാരുമുണ്ടായിരുന്നു ആ കാലത്ത്. ഇപ്പോള്‍ മലയാളത്തിന് മാര്‍ക്കു നല്കുന്നതിലെ പിശുക്ക് മാറിയിട്ടുണ്ട്. അതുപോലെ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം ഓപ്ഷണല്‍ വിഷയമായി എടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം നല്‍കുന്നത് ചില നല്ല സൂചനകളാണ്.
ഭാഷയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്ര പദങ്ങളുടെ കൃത്യമായ വിവര്‍ത്തനമുണ്ടാകണം എന്ന് പ്രൊഫസര്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെ പലരും പറയുന്നതുകേട്ടിട്ടുണ്ട്. ഇതുകോള്‍ക്കുമ്പോള്‌‍ തന്നെ ഭയം തോന്നാറുമുണ്ട്. പ്രകാശ വിശ്ലേഷണം എന്നൊക്കെ പത്താംതരം വരെ  പഠിച്ചിട്ട് പ്രീഡിഗ്രിക്ക് പോയി ഇതുതന്നെയാണ് ഫോട്ടോസിന്തസിസ് എന്നു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിവന്ന ശ്രമം ചെറുതല്ല. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിച്ചാല്‍ മരണം വരെയും അതു മതിയാകും എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ഇംഗ്ലീഷ് ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നിരിക്കെ ശാസ്ത്ര വാക്കുകള്‍ മലയാളീകരിച്ച് (അത് പലപ്പോഴും മണിപ്രവാളമാണെന്നത് മറ്റൊരു കാര്യം) കുട്ടികളെ പീഡിപ്പിക്കരുത് എന്നാണ് എന്‍റെ അഭ്യര്‍ത്ഥന. തമിഴ് ഭാഷയിലെ വാക്കുകള്‍ കുറേക്കൂടി വേഗം മനസ്സിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബോയിലിംഗ് പോയിന്‍റിന് ക്വദനാങ്കം എന്നു പറയുന്നതിനേക്കാള്‍ നല്ലത് തിളനില എന്ന പദമാണ്. ബോയിലിംഗ് പോയിന്‍റ് എന്നു പഠിക്കുന്നതാണ് ഉത്തമം.
തമിഴ്നാടുകാരുടെ ഭാഷാ പ്രേമത്തെ പുകഴ്ത്തുന്നവരോട് എനിക്ക് ഒട്ടും യോജിപ്പില്ല. അത് ഭാഷാപ്രേമമല്ല,ഭാഷാ ഭ്രാന്താണ്. ഭാഷാ പ്രേമമാണെങ്കില്‍ എല്ലാ ഭാഷകളെയും പ്രണയിക്കണം, ഹിന്ദി കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കേണ്ടതില്ല. തമിഴ്നാട്ടില്‍ പോയാല്‍ സ്ഥലം മനസ്സിലാക്കാന്‍ കഴിയാതെ നമ്മള്‍ വിഷമിക്കും. തമിഴില്‍ മാത്രമാണ് ബോര്‍ഡുകള്‍. അത് ഇവിടെയും വേണമെന്നു പറയുന്നവര്‍ക്ക് എന്തോ പ്രശ്നമുണ്ട് എന്നു ചിന്തിക്കേണ്ടി വരും. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രദര്‍ശിപ്പിക്കണം എന്ന ബില്ലിലെ നിഷ്ക്കര്‍ഷ അഭിനന്ദനാര്‍ഹമാണ്.
ഭാഷ വളരണമെന്നു പറയുകയും തികച്ചും യാഥാസ്ഥിതികനായിരിക്കുകയും ചെയ്യുന്ന ഭാഷാപ്രേമികളല്ല നമുക്ക് വേണ്ടത്. മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ വളരുന്നത്. നമുക്കും ആ നിലപാടാണ് കരണീയം. ഈ കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷ പുതിയ വാക്കുകള്‍ സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ സമീപനമുണ്ട്. ആ പാത നമുക്കും സ്വീകരിക്കാവുന്നതാണ്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പുതുതായി ഭാഷയിലേക്ക് കൊണ്ടുവരേണ്ട വാക്കുകള്‍ കൂട്ടിച്ചേര്‍ത്തും തീരെ ഉപയോഗിക്കാത്ത വാക്കുകള്‍ ഒഴിവാക്കിയും ശബ്ദതാരാവലി പുതുക്കേണ്ടതുണ്ട്. ഈ പുതുക്കലിലൂടെ ഭാഷയെ ശക്തിപ്പെടുത്താനുള്ള സമീപനം ആവശ്യമാണ്.

വാല്‍ക്കഷണം.. മലയാള ഭാഷയ്ക്കായി എന്നും ശബ്ദിക്കുന്ന ഒരു പ്രമുഖന്‍റെ വീട്ടില്‍ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ഒരിക്കല്‍ പോയി. അപ്പോള്‍ രണ്ട് കുട്ടികള്‍ അവിടെ ഇംഗ്ലീഷില്‍ സംസാരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം സന്തോഷത്തോടെ അവരെ പരിചയപ്പെടുത്തി, എന്‍റെ കൊച്ചുമക്കളാണ്. 

Nanma thinmakaludae oram patti

നന്മ തിന്മകളുടെ  ഓരം  പറ്റി
കേരളം തെരഞ്ഞെടുപ്പിലേക്ക്  കടക്കുകയാണ്. അതുമായി ബന്ധപ്പെട്ടുള്ള ചൂടും ചൂരും എവിടെയും കാണാന്‍ കഴിയും. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന  ജാഥകളായിരുന്നു കഴിഞ്ഞ ഒരു മാസത്തെ  പ്രധാന കാഴ്ച. നവകേരള യാത്ര,ജനരക്ഷാ യാത്ര,ജനകീയ യാത്ര, വിമോചന  യാത്ര, ഹരിത കേരള യാത്ര എന്നിങ്ങനെ വലുതും ചെറുതുമായ പാര്‍ട്ടികളുടെ  ജാഥകള്‍. അണികളെ ഉഷാറാക്കാനും തെരഞ്ഞെടുപ്പ്  ഫണ്ട് സ്വരൂപിക്കാനും ലക്ഷ്യമിട്ടുള്ള യാത്രയില്‍ ഏറെ രസകരമായി തോന്നിയത്  എന്‍സിപിയുടെ  ഉണര്‍ത്തുയാത്രയാണ്. കേരളത്തില്‍ തീരെ ചെറിയൊരു പാര്‍ട്ടിയായ എന്‍സിപിയുടെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രവര്‍ത്തകരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനാകും ഈ ജാഥ സംഘടിപ്പിച്ചത്. ജാഥകള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്കുണ്ടാക്കിയ  ആഘാതം ചെറുതല്ല. ഏതാണ്ട് ഒരു ലക്ഷം ഫ്ളക്സെങ്കിലും  ഈ ജാഥകളുടെ ഭാഗമായി  തയ്യാറാക്കപ്പെട്ടിട്ടുണ്ടാകും. പൊതുവെ പരിസ്ഥിതി ദുര്‍ബ്ബലമായ നാടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുമപ്പുറമാണ്  ഈ  പബ്ളിസിറ്റി മറ്റീരിയലുകള്‍ എന്നു പറയാതെ വയ്യ. ഏകദേശം രണ്ടു ലക്ഷത്തിലേറെ ആളുകള്‍ വിവിധ സമാപന സമ്മേളനങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. ഇവര്‍ നഗരത്തിനേല്‍പ്പിച്ച  ക്ഷതവും ചില്ലറയല്ല. ഇത്തരം ശക്തി പ്രകടനങ്ങള്‍ക്ക്  അവധി കൊടുക്കേണ്ട കാലമായി എന്നു പറഞ്ഞാല്‍ അത് ജനാധിപത്യത്തിനെതിരായ  പ്രസ്താവനയായി കണക്കാക്കാന്‍ ഇടയുണ്ട്. ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കാലത്തും ഫ്ളക്സുകള്‍  ഒഴിവാക്കി  തുണിയിലും പേപ്പറിലും അച്ചടിച്ച  മറ്റീരിയലുകള്‍  മാത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയുള്ളു എന്നൊരു തീരുമാനം പാര്‍ട്ടികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ കേരളത്തിന് അതും ഒരു മാതൃകയായി  ലോകത്തിനു മുന്നില്‍  ഉയര്‍ത്തിക്കാട്ടാമായിരുന്നു. ഫ്ളക്സ്  ഉപയോഗിക്കാത്തവര്‍ക്ക്  എന്‍റെ വോട്ട് എന്ന വിധം സാമൂഹ്യമാധ്യമങ്ങളില്‍  ഒരു കാമ്പയിന്‍ ആരംഭിച്ചാല്‍ പോലും  ഒരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം.
തിരുവനന്തപുരം നഗരത്തില്‍  ഫെബ്രുവരി അവസാനം സ്ത്രീകളുടെ  മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല നടന്നു. എല്ലാ വര്‍ഷവും പ്ലാസ്റ്റിക്,പേപ്പര്‍,തെര്‍മോക്കോള്‍  കപ്പുകള്‍,പ്ലേറ്റുകള്‍  ഉള്‍പ്പെടെ  ടണ്‍ കണക്കിന് അജൈവ മാലിന്യം സൃഷ്ടിക്കുന്ന  ഒരൊത്തുകൂടലാണിത്. എന്നാല്‍ ഈ വര്‍ഷം ശുചിത്വ മിഷനും തിരുവനന്തപുരം കോര്‍പ്പറേഷനും സര്‍ക്കാരും പ്രദേശവാസികളും കൂട്ടായി  നടത്തിയ കാമ്പയിനിലൂടെ അജൈവ മാലിന്യം പരമാവധി കുറച്ച് മാതൃകകാട്ടി. സ്റ്റീല്‍ പ്ലേറ്റുകളും കപ്പുകളും പരമാവധി  ഉപയോഗിച്ചായിരുന്നു ഈ കാമ്പയിന്‍  വിജയിപ്പിച്ചത്. ഒറ്റയ്ക്ക്  നില്‍ക്കുമ്പോള്‍  മനുഷ്യര്‍ സ്വാര്‍ത്ഥരാണെങ്കിലും  കൂട്ടായ്മയില്‍ സ്വാര്‍ത്ഥത  മറന്ന്  വിശാലമായ സമീപനം കൈക്കൊള്ളും എന്നതിന്  ഉദാഹരണമായി ഈ മാതൃക. നഗരം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ വൃത്തിയാക്കി എന്നതും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച  നൂറുകണക്കിന്  ജീവനക്കാര്‍ക്കും നേതൃത്വം  നല്‍കിയവര്‍ക്കും  അഭിമാനിക്കാന്‍ വക നല്‍കുന്നു. മാലിന്യം കേന്ദ്രീകൃതമായി ചുട്ടെരിക്കുകയാകാം ചെയ്യുന്നത് എങ്കിലും നഗരത്തെ വേഗത്തില്‍ വൃത്തിയാക്കി എന്നത് നേട്ടം തന്നെയാണ്.
കേരളത്തില്‍ നടക്കുന്ന ശ്രദ്ധേയമായ മറ്റൊരു മാറ്റം സമൂഹത്തിലെ പാവപ്പെട്ടവരും ദുര്‍ബ്ബലരും ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭങ്ങളാണ്. ഇടതുപക്ഷം ഒഴിഞ്ഞുപോയ ഇടങ്ങളെല്ലാം ജാതി-ഉപജാതി പ്രസ്ഥാനങ്ങളും പുതിയ ഇനം പാര്‍ട്ടികളും കൈയ്യേറിയിരിക്കുന്നു. അതില്‍ ഏറ്റവും ഗൌരവമേറിയ പ്രക്ഷോഭം വെല്‍ഫെയര്‍ പാര്‍ട്ടിയുടേതായിരുന്നു. മണ്ണ്  അല്ലെങ്കില്‍  മരണം എന്ന മുദ്രാവാക്യമുയര്‍ത്തി  സെക്രട്ടേറിയറ്റ് പ്രതിരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ശരിക്കും നഗരത്തെ  ദുരിതപൂര്‍ണ്ണമാക്കി. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വാതിലുകളും  അടച്ചുള്ള പ്രതിഷേധമായിരുന്നു  അവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രധാന ഗേറ്റിലേക്കെത്താനുള്ള നാലു വഴികളില്‍ മൂന്നും മറ്റ് മൂന്നു ഗേറ്റുകളും പ്രക്ഷോഭകര്‍ കൈയ്യേറി. മണ്ണ് അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യത്തിന്  ഒരു ശക്തിയുണ്ട്. എന്നാല്‍ അതിനായി മുന്നിട്ടിറങ്ങിയവരുടെ  ലക്ഷ്യം കാലം തെളിയിക്കേണ്ടതാണ്. സമരങ്ങളുടെ രൂപ ഭാവങ്ങള്‍ മാറുകയാണ്. ജാതികളുടെയും ഉപജാതികളുടെയും  സമരങ്ങളോ സമ്മേളനങ്ങളോ ഇല്ലാത്ത ദിനങ്ങള്‍  തലസ്ഥാനത്ത്  ഇല്ലാതായിരിക്കുന്നു. എല്ലാം  വിലപേശല്‍ രാഷ്ട്രീയമാണ്. സംവരണമാണ്  ഏറ്റവും ആകര്‍ഷണീയമായ  മുദ്രാവാക്യമായി മാറിയിരിക്കുന്നത്. മുന്നോക്ക കോര്‍പ്പറേഷന്‍ തുലയട്ടെ, ബ്രാഹ്മണരെയും നായന്മാരെയും  ഓബിസിയില്‍ ഉള്‍പ്പെടുത്തൂ എന്നെഴുതിയ ഒരു ബോര്‍ഡും നഗരത്തില്‍ കണ്ടു. പട്ടേലര്‍മാരുടെയും ജാട്ടുകളുടെയും സമരത്തില്‍  നിന്നും ആവേശം ഉള്‍ക്കൊള്ളുകയാവും അവരും. സംവരണം  തുടരേണ്ട സാഹചര്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ നിന്നും ജാതിചിന്ത ഒരിക്കലും ഒഴിയില്ല എന്നത് ഒരു സത്യമായി മാറുന്നു. സംവരണ സാഹചര്യം മാറില്ല എന്നത് മറ്റൊരു സത്യവും. ഓരോ ജാതിയിലും ഉപജാതിയിലും സമ്പന്നരും പാവപ്പെട്ടവരും രണ്ട് സമൂഹമായി വളരുന്ന ആപത്ക്കരമായ മറ്റൊരു പ്രവണതയും കാണാതിരുന്നുകൂടാ.
ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍  തന്നെ നന്മയുടെ നാളങ്ങളും കാണാതിരിക്കാന് കഴിയില്ല. ഈയിടെ പരിചയപ്പെട്ട ചില ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ പങ്കുവച്ച  ചില കാര്യങ്ങള്‍ മനുഷ്യത്വം  നഷ്ടപ്പെടുന്നു  എന്ന  വ്യാകുലതയ്ക്ക്  അടിസ്ഥാനമില്ല എന്നതിന്  തെളിവായിരുന്നു. ഒരു ഗ്രാമത്തില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായി. ചില വീടുകള്‍  ഒഴുകിപ്പോയി. ചിലത് നാശാവസ്ഥയിലുമാണ്. വളരെ പാവപ്പെട്ട ഒരു വൃദ്ധദമ്പതികള്‍ താമസിക്കുന്ന വീടും തകരാവുന്ന അവസ്ഥയിലാണ്. എന്നാല്‍ തകര്‍ന്നിട്ടില്ല. അതില്‍ താമസിക്കുന്ന ഇവര്‍ക്ക് എപ്പേള്‍ വേണമെങ്കിലും ജീവഹാനി സംഭവിക്കാം. അടുത്ത ദിവസം ഉന്നതാധികാരികല്ള്‍ നഷ്ടം വിലയിരുത്താനായി സ്ഥലം സന്ദര്‍ശിക്കും. ആ വിലയിരുത്തലില്‍ ഈ വീട് ഉള്‍പ്പെടില്ല  എന്നതുറപ്പ്. ഉദ്യോഗസ്ഥ സുഹൃത്ത്  ഒരു സാഹസത്തിന്  മുതിര്‍ന്നു. അവരെ അവിടെനിന്നും ഒഴിപ്പിച്ച ശേഷം മറ്റു ചില സുഹൃത്തുക്കളുടെ സഹായത്തോടെ നനഞ്ഞു കുതിര്‍ന്ന വീടിന്‍റെ ഒരു ഭാഗം  ഇടിച്ചിട്ടു. അതുവഴി വീടുകെട്ടാനുള്ള പണം അവര്‍ക്ക്  സര്‍ക്കാരില്‍ നിന്നും ലഭിച്ചു. ഇതൊരു നിയമലംഘന പ്രശ്നമായി വേണമെങ്കില്‍ കാണാം,പക്ഷെ മാനുഷിക പ്രശ്നമെന്ന നിലയില്‍  മൂല്യവത്തായ പ്രവര്‍ത്തനമായി  മാത്രമെ ഇതിനെ മനുഷ്യത്വമുള്ളവര്‍ക്ക് വിലയിരുത്താന്‍ കഴിയൂ. മനുഷ്യത്വത്തെ പണം അപഹരിക്കുന്ന ആസുരകാലത്തെ വെളിച്ചമായി മാത്രം നമുക്കിതിനെ  കാണാം.
ഒരു വനിത വില്ലേജ് ഓഫീസര്‍ പറഞ്ഞ സംഭവം ഇങ്ങിനെ. ഒരു സ്ത്രീ  ഒരിക്കല്‍ ഓഫീസില്‍ വന്നു. തെങ്ങുകയറ്റത്തൊഴിലാളിയായ  ഭര്‍ത്താവ് മരത്തില്‍  നിന്നു വീണ് കിടപ്പാണ്. അയാളുടെ ചികിത്സയ്ക്കുള്ള സര്‍ക്കാര്‍  സാമ്പത്തിക സഹായത്തിനായാണ്  അവര്‍ വന്നത്. അവരോട് കൂടുതലായി സംസാരിച്ചപ്പോള്‍ അവര്‍ എത്തിനില്‍ക്കുന്ന  ദുരിതാവസ്ഥ ആ ഓഫീസര്‍ മനസ്സിലാക്കി. അവര്‍ നായര്‍ സമുദായത്തില്‍ പെട്ട  സ്ത്രീയാണ്. താണജാതിയില്പെട്ട തെങ്ങുകയറ്റക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പു കാരണം നാട്ടില്‍ നില്‍ക്കാന്‍  കഴിയാതെ അവര്‍ അന്യ നാട്ടില്‍ വന്നു ജീവിക്കുകയായിരുന്നു. ഒരു കുട്ടിയുമുണ്ട്. അപ്പോഴാണ് ദുരന്തമുണ്ടാകുന്നത്. മരിക്കാനായുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പുള്ള  ഒരന്വേഷണത്തിലായിരുന്നു അവര്‍. ജീവിതം മികച്ച ഒരു ദാനമാണെന്നും  വേണ്ട വിധം വിനിയോഗിക്കണമെന്നും   തൊഴിലന്വേഷിക്കണമെന്നുമുള്ള  ഉപദേശം അവര്‍ക്ക്  നല്‍കി  ഈ ഉദ്യോഗസ്ഥ. അത് അവരില്‍ ഒരൂര്‍ജ്ജം  പകര്‍ന്നു. അവര്‍ തൊഴിലന്വേഷിച്ചു. ഒടുവില്‍ ഒരു ലെതര്‍ കടയിലെ ജോലിക്കാരിയായി, അതോടെ ജീവിതം മാറിമറിഞ്ഞു. നമ്മള്‍ തിരക്കുകളുടെ പിന്നാലെ ഓടുമ്പോള്‍ അല്‍പ്പ സമയം ഒരു സാന്ത്വനവാക്കിനായി മാറ്റി വയ്ക്കുമ്പോള്‍ അതൊരു വ്യക്തിക്ക്  പുതുജീവനാണ് നല്‍കുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ്  ഇത് നല്‍കുന്നത്.കേരളം ഒരുപാട് മാറിയെങ്കിലും കാരുണ്യവും സ്നേഹവും നഷ്ടമായിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കാന്‍  വക നല്‍കുന്നതാണ് ഈ അറിവനുഭവങ്ങള്‍.
സാധാരണഗതിയില്‍ കേരളത്തില്‍ സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന  വര്‍ഷാദ്യ മാസങ്ങള്‍  കനത്തചൂടില്‍  പൊള്ളുകയാണ്. സൂര്യതാപത്തിന്‍റെ മാറ്റുയര്‍ത്തും വിധം കോണ്‍ക്രീറ്റും ടാറും കൊണ്ട് മണ്ണിനെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്ന മലയാളി മനസ്സില്‍ ഒരാധിയായി ഈ ചൂട് പടരുമെന്നു കരുതാം. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതിനും മണ്ണില്‍ പാദം തൊടാതിരിക്കുന്നതിനും മത്സരിക്കുന്ന മലയാളി മനസ്സ് മറന്നുപോകുന്ന ഒന്നുണ്ട്, കേരളം കാര്‍ഷികവൃത്തികൊണ്ട് നേട്ടം കൊയ്ത ഒരു സംസ്ഥാനമായിരുന്നു എന്നതാണ് അധികം പഴക്കമില്ലാത്ത ആ ഓര്‍മ്മ.
ഒരുപാട് നഷ്ടങ്ങള്‍ സാംസ്ക്കാരിക കേരളത്തിനുണ്ടാക്കിയ ഒരു മാസം കൂടിയായിരുന്നു ഫെബ്രുവരി. മലയാളിയുടെ പ്രിയ കവി ഓ എന്‍വി, പ്രമുഖ കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍,ഛായാഗ്രാഹകന്‍  ആനന്ദക്കുട്ടന്‍,സംഗീത സംവിധായകന്‍ രാജാമണി,നടി കല്‍പ്പന, ഗായിക ഷാന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെ നഷ്ടങ്ങള്‍. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുന്നേറ്റങ്ങളില്‍ നഷ്ടങ്ങള്‍ തുടര്‍ക്കഥകളാണെങ്കിലും  അതുയര്‍ത്തുന്ന വേദന മറക്കാന്‍ അത്ര എളുപ്പമല്ല.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവ് എന്ന 21 ദിവസത്തെ ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ സമാന്തര ഫെസ്റ്റിവല്‍ ഇതാദ്യമായി കേരളത്തിലെത്തി എന്നതായിരുന്നു സാംസ്ക്കാരിക കേരളത്തിന് ലഭിച്ച ഒരു പ്രത്യേക വിരുന്ന്. ആറ് നാടകങ്ങളാണ് നവീകരിച്ച  ടാഗോര്‍ തീയറ്ററില്‍ അരങ്ങേറിയത്. ശ്രീലങ്കയും റുവാണ്ടയും ചേര്‍ന്നവതരിപ്പിച്ച  ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലി  എന്ന നാടകം ഏറെ ശ്രദ്ധേയമായി. രണ്ട് രാജ്യങ്ങളും ആഭ്യന്തരയുദ്ധത്തിന്‍റെ വേദനകള് പങ്കിട്ടവരാണ്. അതിന്‍റെ തീവ്രത ഒട്ടും ചോരാതെ വേദിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബംഗ്ലാദേശിന്‍റെ ആമിന സുന്ദരിയും  കര്‍ണ്ണാടകയുടെ മരനായകനും  ഒറീസ്സയുടെ ഗിനുവയും തൃശൂരിന്‍റെ കുഴിവെട്ടുന്നവരും ആസ്ട്രേലിയയുടെ  സ്റ്റോറീസ് ഐ വാണ്ട് ടു ടെല്‍ യൂ ഇന്‍ പേഴ്സണുമായിരുന്നു അവതരിപ്പിച്ച മറ്റു നാടകങ്ങള്‍.ലോകനാടക വേദിയുടെ ഒരു പരിപ്രേഷ്യമെന്ന് വിശേഷിപ്പിക്കാം ഈ വിരുന്നിനെ.
വായിച്ച  ലേഖനങ്ങളിലും  കഥകളിലും ഏറ്റവും ശ്രദ്ധേയമായി തോന്നിയത്  ഫാസിസത്തെക്കുറിച്ച് ഡോ.പി.സോമന്‍ ജീവരാഗത്തില്‍ എഴുതിയ ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുന്നു എന്ന ലേഖനമാണ്. അതില്‍ മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. അവര്‍ ആദ്യം കമ്യൂണിസ്റ്റുകളെ തേടി വന്നു.ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നെ അവര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ തേടി വന്നു.ഞാന്‍ നിശബ്ദത പാലിച്ചു. കാരണം ഞാനൊരു സോഷ്യല്‍ ഡമോക്രാറ്റായിരുന്നില്ല. പിന്നെ അവര്‍ ജൂതന്മാര്‍ക്കുവേണ്ടി വന്നു. ഞാനൊന്നും സംസാരിച്ചില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല.ഒടുവില്‍ അവര്‍ എന്നെത്തേടി വന്നപ്പോള്‍  എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല. വളരെ ശക്തമായ ഒരോര്‍മ്മപ്പെടുത്തലായി നാമിതിനെ കാണേണ്ടതുണ്ട്.
വാല്‍ക്കഷണം- മാലിന്യം പ്ലാസ്റ്റിക് ബാഗില്‍ കെട്ടി പൊതുസ്ഥലങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നവരില്‍ ഭൂരിപക്ഷവും വിലകൂടിയ വാഹനങ്ങളില്‍ വരുന്നവരാണ് എന്നു കാണുന്നത് ലജ്ജാകരമാണ്. ഇവര്‍ പണം കൊണ്ട് സമ്പന്നരാണ് ,എന്നാല്‍ സാംസ്ക്കാരികമായി പാമരന്മാരാണ്. സ്വന്തം വീട്, പറമ്പ്,വാഹനം,ഓഫീസ് തുടങ്ങി സ്വന്തങ്ങളില്‍ മാത്രം വ്യാപരിക്കുന്നവര്‍. സ്വശരീരത്തിലെ ശ്വാസം നിലയ്ക്കുമ്പോള്‍ ഇവര്‍ എവിടേക്ക് പോകും എന്നതാണ് സ്വയം ചോദിക്കേണ്ട ചോദ്യം.
-----------------------------



Friday, 15 April 2016

katha -- Daivathintae thozhi

കഥ
ദൈവത്തിന്‍റെ തോഴി
                     -  വി.ആര്‍.അജിത് കുമാര്‍
       ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളില്‍ നിന്നും തലയാട്ടുന്ന പാവക്കുട്ടിയെ രശ്മി കൈയ്യിലെടുത്തു. അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം നിഴലിട്ടു നിന്നിരുന്നു. കളിക്കൂട്ടുകാരില്ലാത്ത രശ്മിക്ക് പാവകളും ഏകാന്തതയുമായിരുന്നു കൂട്ടുകാര്‍.മേശപ്പുറത്തിരിക്കുന്ന അഴകുള്ള വൃക്ഷത്തിന്‍റെ ശിഖരത്തില്‍ നൂല്‍കെട്ടി താഴെ കുരുക്കിടുകയായിരുന്നു അവള്‍.അതിനുശേഷം പാവക്കുട്ടിയെ കുരുക്കിലിട്ട് അവള്‍ തൂക്കി നിര്‍ത്തി പൊട്ടിച്ചിരിച്ചു.
സുമം ഈ കാഴ്ച കണ്ടുകൊണ്ടാണ് മുറിയിലേക്ക് പ്രവേശിച്ചത്. അവള്‍ കുറേ നേരം മകളെ നോക്കി നിന്നു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഇന്നലെ അമ്മ പറഞ്ഞില്ലെ തൂങ്ങി മരിക്കുന്നത് ഒരു രസമാണെന്ന്.പിന്നെന്തിനാ കരയുന്നേ,അവള്‍ ചോദിച്ചു.
ഒന്നുമില്ല മോളെ,അമ്മ വെറുതെ- ഓരോന്നോര്‍ത്ത്.. അമ്മ ഇപ്പം കുളിച്ചുവരാം, എന്നിട്ട് നമുക്കമ്പലത്തില്‍ പോകാം. മോള് വേഗം റഡിയാകണം കേട്ടോ,അവള്‍ കണ്ണീര്‍ തുടച്ച് എഴുന്നേറ്റു.മേശപ്പുറത്തിരുന്ന വിവാഹഫോട്ടോയിലേക്ക് നോക്കി അവള്‍ കുറേസമയം കണ്ണടച്ചു നിന്നു. കണ്ണില്‍ നിന്നും നീര്‍കണങ്ങള്‍ അടര്‍ന്നു താഴേക്കൊഴുകി.
പ്രഭാകരന്‍ നാട്ടില്‍ വന്നിട്ട് രണ്ടുവര്‍ഷത്തിലേറെയായി.ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ക്ക് കഴിഞ്ഞ യാത്രയില്‍ ഭാര്യയേയും കുട്ടിയേയും കാണണമെന്നുപോലും തോന്നിയില്ല.അതായിരുന്നു പ്രഭാകരന്‍. ആരെന്തുപറഞ്ഞാലും വിശ്വസിക്കുന്നവന്‍. അവന്‍ സുമയെക്കുറിച്ചും ചിലതൊക്കെ കേട്ടിരുന്നു. കേട്ടതൊക്കെ വിശ്വസിക്കുകയും ചെയ്തു. നാട്ടില്‍ പെങ്ങളുടെ വീട്ടില്‍ വരുകയും  തിരികെ പോവുകയും ചെയ്തപ്പോഴും വീടിനു ചുറ്റിലുമുള്ള പാദചലനങ്ങളും കതകിനുള്ള മുട്ടുകളും കേട്ട് ഭയന്ന് മകളെ മാറോടടുക്കി കിടക്കുകയായിരുന്നു സുമ.
പകല്‍ കണ്ടാല്‍ ചിരിക്കാത്ത പലരും രാത്രിയുടെ മറവില്‍ സുമയെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. ആ കറുത്ത ചിരി കാണാന്‍ അവള്‍ ആഗ്രഹിച്ചില്ല.പ്രഭാകരനുവേണ്ടി കാതോര്‍ത്തിരുന്നു.പക്ഷെ അയാള്‍ വന്നില്ല. കിഴക്ക് പ്രകാശത്തിന്‍റെ വെള്ളിരേഖകള്‍  തെളിയുമ്പോള്‍ മുതല്‍ രാത്രിയില്‍ ചുവപ്പിന്‍റെ പതനം വരെ സുമയ്ക്ക് ഒന്നിനേയും ഭയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇരുട്ടിന്‍റെ ചീവീടുകള്‍ നിരന്തരം ചിലക്കുമ്പോള്‍ ,കൂമന്‍ പരിഹസിച്ച് കൂവുമ്പോള്‍ അവളുടെ സ്വസ്ഥത നഷ്ടപ്പെടുകയായിരുന്നു. എങ്കിലും രശ്മിമോള്‍ക്കുവേണ്ടി അവള്‍ കഥ പറഞ്ഞു,ചിരിച്ചു.
രാത്രിയുടെ ചാഞ്ചല്യവും പകലിന്‍റെ കാപട്യവുമുള്ളവര്‍ അവള്‍ക്കെതിരെ അസ്ത്രങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി.പോര്‍ക്കളത്തില്‍ അവള്‍ ഒരു റാണിയെപോലെ നിന്നു പോരാടി. നിലനില്പ്പിനായുള്ള സമരം. വിരുദ്ധാശയങ്ങളുടെ ഏറ്റുമുട്ടലില്‍ നന്മ അടിയറവു പറയുന്ന കഥകളാണല്ലോ കൂടുതലും. ഇവിടെയും മറ്റെന്തു സംഭവിക്കാന്‍ !
ആഗ്രഹങ്ങള്‍ക്കൊത്ത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ത്രീയെ വെറുമൊരു പിണ്ഡമാക്കി മാറ്റാനുള്ള പുരുഷന്‍റെ കഴിവ് ഇവിടെയും പ്രകടമാക്കപ്പെട്ടു.രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാധീനങ്ങളിലൂടെ അവര്‍ സുമത്തിനെതിരെ അപമാനത്തിന്‍റെ  കൊടുങ്കാറ്റഴിച്ചു വിട്ടു. അതിനെ പ്രതിരോധിക്കാനുള്ള കെല്‍പ്പ് അവള്‍ക്കില്ലാതായി. എങ്ങുനിന്നും ഒരു സഹായഹസ്തം അവള്‍ക്ക് ലഭിച്ചില്ല.
ഒടുവില്‍ ജീവിതമാര്‍ഗ്ഗമായ തൊഴില്‍കൂടി നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിയപ്പോള്‍ ,പരസ്യമായിത്തന്നെ അവള്‍ പ്രഖ്യാപിച്ചു,ഞാനും എന്‍റെ മോളും ആത്മഹത്യ ചെയ്താലും ഒരാളുടെയും താത്പ്പര്യത്തിന് വഴങ്ങില്ല,ഇത് സത്യം,അവളുടെ വാക്കുകള്‍ ദൃഢമായിരുന്നു, പാറപോലെ ഉറച്ചതും. ചിലര്‍ അത് കാര്യമായെടുത്തു. മറ്റു ചിലര്‍ പുച്ഛിച്ചു തള്ളി.മറ്റൊരു കൂട്ടര്‍ അവരുടെ കൈകളിലേക്ക് സുമം വന്നുവീഴുന്ന നിമിഷം സ്വപ്നം കണ്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ജീവിക്കാനുള്ള പ്രേരണ എന്തായിരുന്നു എന്ന് ആരോടുചോദിച്ചാലും വ്യക്തമായ ഒരുത്തരം ലഭിക്കുകയില്ല. അതുപോലെ തന്നെ സംഭവിച്ചു സുമയുടെ കാര്യത്തിലും. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍,അവള്‍ ആഭരണങ്ങളും പഴയ പാത്രങ്ങളും വരെ വിറ്റ് ജീവിച്ചു. എന്നിട്ടും മാനം വില്ക്കുന്ന പെണ്ണായി മാറാന്‍ അവള്‍ തയ്യാറായില്ല. മഹത്വത്തിന്‍റെ നേര്‍ത്തരേഖകള്‍ അവളുടെ നെറ്റിയില്‍ നിഴലിട്ടുനിന്നിരുന്നു. അവള്‍ പകയോടെ മാത്രം സമൂഹത്തെ കണ്ടു. ആരോടും എതിര്‍ത്തുമാത്രം സംസാരിച്ചു. ഒടുവില്‍ ഭൂരിപക്ഷസമൂഹം വിധിയെഴുതി. സുമത്തിന് ഭ്രാന്താണ്, മുഴുഭ്രാന്ത്. ഭൂരിപക്ഷാഭിപ്രയത്തിന് മാത്രം വിലകല്പ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതി നാട്ടിലെ ഓരോ പൌരനേയും ഇത്തരത്തില്‍ സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുകയാണല്ലോ.
സുമം നാള്‍ക്കുനാള്‍ നിശബ്ദയാകുകയായിരുന്നു. ഒന്നു പൊട്ടിത്തെറിക്കാന്‍  വെമ്പുന്ന അഗ്നിപര്‍വ്വതത്തിന്‍റെ നിശബ്ദത.ഉള്ളില്‍ ലാവ ഉരുകിത്തിളയ്ക്കുകയായിരുന്നു. തിളച്ചൊഴുകുന്ന ലാവയില്‍ മനസ്സുരുകി ചാവുന്ന കുറെ ചപല ജീവികളുടെ രോദനം മാത്രം സ്വപ്നം കണ്ട് അവളുറങ്ങി.രശ്മിമോള്‍,അവള്‍ ഈ സമൂഹത്തില്‍ എന്തിനു വളരണം. അവളും ഒരു മാനിനെപ്പോലെ വേട്ടയാടപ്പെടുകയില്ലെ. ഉറക്കത്തില്‍ സ്വപ്നം കണ്ട് ചിരിക്കുന്ന കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് അവളില്‍ പലപ്പോഴും പ്രേരണയുണ്ടായി. വളര്‍ന്നുവരുന്ന അവള്‍ തീര്‍ച്ചയായും തന്നെക്കാളേറെ സഹിക്കേണ്ടിവരും എന്ന് സുമത്തിനറിയാം. പീഡിപ്പിക്കപ്പെട്ട മകളുടെ ചിത്രമാണ് ഉറക്കത്തില്‍ അവളിലെപ്പോഴുമുണ്ടാവുക. അതുകൊണ്ടുതന്നെ അവള്‍ ഉറക്കത്തെ ഭയന്നു. രാവും പകലും ഉറക്കാമില്ലാതിരുന്ന് അവളുടെ തല ചൂടുപിടിച്ചു.  ചൂടുപിടിച്ച തലയില്‍ പുതിയ പുതിയ കഥകള്‍ രൂപപ്പെട്ടു. അതെല്ലാം അവള്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തു. എല്ലാ കഥകളിലും രാജാവും രാജ്ഞിയും രാജകുമാരിയും മാലാഖയുമുണ്ടായിരുന്നു. അങ്ങിനെ അവളും സ്വപ്നലോകത്ത് ജീവിക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു. സുഖലോലുപനായ രാജാവ്.ചെറുപ്പകാലത്തുതന്നെ എല്ലാത്തരം സുഖങ്ങളും രാജാവ് അനുഭവിച്ചറിഞ്ഞു.രാജാവിന് ഒരു പുത്രനുണ്ടായിരുന്നു.അവന്‍ ബാല്യകാല വികൃതികള്‍ കാട്ടിനടക്കുന്ന കാലം.ഒരു ദിനം രാജാവ് സ്വന്തം കുട്ടിക്കാലം മുതലുള്ള തന്‍റെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ഓര്‍ത്തുനോക്കി.താന്‍ ചെയ്ത ക്രൂരതകള്‍ ഓരോന്നായി ഓര്‍ത്തെടുത്ത രാജാവ് ഒടുവില്‍ സ്വന്തം മനസ്സിനെ ശപിച്ചു. ദുഷ്ടതകള്‍ നിറഞ്ഞ മനസ്സാണ് എല്ലാ അസ്വസ്ഥതകള്‍ക്കും കാരണമെന്ന് രാജാവിന് തോന്നി.തന്‍റെ മകനും ഇതുപോലെയായിത്തീരും എന്ന ഭയവും രാജാവിനുണ്ടായി. രാജാവ് ഉടന്‍ തന്നെ മകനെ വിളിച്ചു വരുത്തി അവന്‍റെ ശിരസ്സ് ഛേദിച്ചു “,സുമം പറഞ്ഞു നിര്‍ത്തി.
പാവം രാജകുമാരന്‍,ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ടി വന്നല്ലോ, രശ്മിമോള്‍ പറഞ്ഞു. നിഷ്ക്കളങ്കമായ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാന്‍ സുമം അല്പ്പം പ്രയാസപ്പെട്ടു. എങ്കിലും അവള്‍ തുടര്‍ന്നു,മോള്‍ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. നമ്മളെല്ലാം ജീവിക്കുന്നത് ദൈവസന്നിധിയില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ്.വേഗം അവിടെ എത്തുന്നവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. രാജകുമാരന്‍ ദൈവത്തിന്‍റെ പ്രിയതോഴനായിരുന്നു. അതുകൊണ്ടാണ് ദൈവം അവനെ വേഗം തിരിച്ചുവിളിച്ചത്. മോള്‍ക്ക് ദൈവത്തിന്‍റെ തോഴിയാവാന്‍ ആഗ്രഹമില്ലെ?, അമ്മയുടെ ചോദ്യത്തിന്‍റെ പൊരുളറിയാതെ രശ്മിമോള്‍ ചിരിച്ചു. ദൈവത്തിന്‍റെ തോഴിയുടെ ചിരി.
നിയമത്തിന്‍റെ വാതിലുകളില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി മേലധികാരികള്‍ സുമത്തിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. സത്യസന്ധമായും കൃത്യമായും ജോലിചെയ്യുന്നതില്‍ താത്പ്പര്യമുള്ള അവള്‍ ദിവസവും ഓഫീസില്‍ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ പോലെയായിരുന്നു ജീവിതം. ഒരു വിള്ളല്‍ മതി പൊട്ടിത്തകരാന് എന്ന നിലയിലായിരുന്നു അവള്‍.
സഹപ്രവര്‍ത്തകരോട് സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കാന്‍ അവള്‍ മറന്നിരുന്നു. അവരില്‍ നിന്നുതന്നെ പഠിച്ച വെറുപ്പിന്‍റെ ഭാഷയാണ് ,ദ്വേഷത്തിന്‍റെ ഭാഷയാണ് പലപ്പോഴും സുമം ഉപയോഗിച്ചിരുന്നത്. അതില്‍ രോഷാകുലരായിരുന്ന അവര്‍ ഒരിക്കല്‍ ചെന്നായ്ക്കളെപോലെ അവള്‍ക്കുനേരെ ചാടുകയായിരുന്നു. സുമം,നീയൊരഭിസാരികയാണ്,ഓമന അവളോട് പറഞ്ഞതിങ്ങനെയാണ്. തിരിച്ചുപ്രതികരിക്കാനുള്ള ശക്തി ഏറെ ചോര്‍ന്ന ഒരു നിമിഷമായിരുന്നു. അവള്‍ നിര്‍ന്നിമേഷയായി ഓമനയെ നോക്കിനിന്നു.ഓമനയുടെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് നന്നായറിയുന്ന സുമം കണ്ണീരിനിടയിലും ചിരിച്ചുപോയി. ഇതുവരെ എല്ലാം സഹിച്ചുനിന്ന സുമത്തിന്‍റെ മനസ്സില്‍ ഒരു ചെറിയ സൂചികൊണ്ടതുപോലെയായിരുന്നു ഓമനയുടെ ജല്പനം. സുമത്തെ ജീവിതം തുടരുന്നതിലുള്ള വ്യര്‍ത്ഥത ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുകയായിരുന്നു ഓമന. കഥയിലെ രാജാവിന്‍റേതുപോലുള്ള ചിന്തകള്‍ അവളിലും കടന്നുകൂടി. ജീവിതത്തിലെ പലേ ക്രൂരതകളും അനുഭവിക്കാനായി ഈ ദുഷ്ട ജീവികള്‍ക്ക് എന്‍റെ മകളെ ഞാന്‍ വിട്ടുകൊടുക്കില്ല.അതവള്‍ ഉറപ്പിച്ചു.രശ്മിമോള്‍ക്ക് മരണത്തിന്‍റെ സുഖത്തേക്കുറിച്ചും വ്യര്‍ത്ഥമായ ജീവിതത്തെക്കുറിച്ചും ഹീനരായ മനുഷ്യരെക്കുറിച്ചും സുമം പറഞ്ഞുകൊടുത്തു. ഒടുവില്‍-- ഒടുവില്‍ പാവയുടെ മരണം കണ്ട് രശ്മി ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. അവള്‍ ദൈവത്തിന്‍റെ തോഴിയാവാന്‍ വ്യഗ്രത പൂണ്ടു.
സുമം മാനസ്സികരോഗിയാണെന്ന് നാട്ടുകാര്‍ മുദ്രകുത്തി. അവള്‍ക്കതില്‍ ദുംഖം തോന്നിയില്ല. മറ്റുള്ളവരില്‍ നിന്നും എന്തായാലും വ്യത്യസ്തയാണല്ലോ,നല്ലത്. നീ ഒരഭിസാരികയാണ് എന്ന ഓമനയുടെ വാക്കുകള്‍ കാതില്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. അതിനൊപ്പം ഓമനയുടെ പൂര്‍വ്വകാല ജീവിതവും .

അന്നും പതിവുപോലെ സുമം രശ്മിയോടൊപ്പം ക്ഷേത്രത്തില്‍ പോയി. ഏറെ നേരം പ്രാര്‍ത്ഥിച്ചു. എന്തൊക്കെയോ പ്രതിജ്ഞയെടുത്തപോലെ. അവിടെ നിന്നും മടങ്ങിയ സുമം അന്ന് ജോലിക്ക് പോയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ആ വീട് അടഞ്ഞു കിടന്നു. എന്നിട്ടും അയല്‍ക്കാരാരും ശ്രദ്ധിച്ചില്ല.  സ്വന്തം ജീവിതത്തില്‍ മാത്രം ഒതുങ്ങിക്കൂടുന്ന സങ്കുചിത മാനസ്സങ്ങള്‍ക്ക് ഒരു സുമവും രശ്മിയും പുല്‍ച്ചാടികള്‍ മാത്രമായിരുന്നു. പുല്ലില്‍ ചാടി നടക്കുന്ന കീടങ്ങള്‍.ഒരു ദിനം ചിലന്തിക്ക് ഭക്ഷണമാകുന്നു അല്ലെങ്കില്‍ പുല്ലില്‍ ചലനമറ്റ് കിടക്കുന്നുണ്ടാകും. സുമയും രശ്മിയും ദൈവത്തിന്റെ തോഴികളാവുകയായിരുന്നു. ചിറകുവച്ച് അവര്‍ പറന്നുയര്‍ന്നു. ഉയരത്തില്‍ ,ഭൂമിയും ആകാശവും സമ്മേളിക്കുന്നിടത്ത്, പ്രപഞ്ച രഹസ്യം അറിയാത്ത വിഡ്ഢികളില്‍ നിന്നകന്ന്,ദുഷിച്ച വായുവില്‍ നിന്ന്,ദുര്‍ഗന്ധം നിറഞ്ഞ നാലതിരുകളില്‍ നിന്നും അകലത്തേക്ക്, ശിരസ്സ് നഷ്ടപ്പെട്ട രാജകുമാരനെ പോലെ... 

Tuesday, 12 April 2016

palakkad- nelliyampathy trip



ചരിത്രവും  പ്രകൃതിരമണീയതയും  ഒന്നു ചേരുന്ന പാലക്കാട്.


മലമ്പുഴ   ഡാമിന്റെ   മറുഭാഗം


പാലക്കാടിന്റെ പച്ചപ്പ്

പാലക്കാട്  കോട്ട

പോത്തുണ്ടി  ഡാം

പാലക്കാട്  റോക്ക്  ഗാര്ഡന്

സീതാര്കുണ്ഡിലേക്കുള്ള വഴി

നെല്ലിയാമ്പതിയില്  നിന്നുള്ള  കാഴ്ച

കാനായിയുടെ  യക്ഷി

യാത്രകളെ പലപ്പോഴും ആസ്വാദ്യകരമാക്കുന്നത്  യാദൃശ്ചികതകളാണ്. അത്തരം യാദൃശ്ചികതകള്‍ കൊണ്ട് സമൃദ്ധമായിരുന്നു പാലക്കാടന്‍ യാത്രയും. തീവണ്ടിയില്‍ പാലക്കാട് വഴി കടന്നുപോയിട്ടുണ്ട് എന്നല്ലാതെ പാലക്കാട് കാണാനായി പോകുന്ന ആദ്യയാത്രകൂടിയായിരുന്നു ഇത്. 11.25നുള്ള കേരള എക്സ്പ്രസ്സിലാണ്  ടിക്കറ്റ് എടുത്തിരുന്നത്. ഞങ്ങള്‍ (ഞാനും  ജയശ്രീയും ശ്രീക്കുട്ടനും) തിരുവനന്തപുരത്തുനിന്നും കയറാനും സജീവ് ,വിജയശ്രീ,ഉണ്ണിക്കുട്ടന്‍,ഉണ്ണിക്കണ്ണന്‍ എന്നിവര്‍ വര്‍ക്കലയില്‍ നിന്നു കയറാനുമാണ് തീരുമാനിച്ചിരുന്നത്. തലേദിവസത്തെ സംസാരത്തിനിടെ സെലിന്‍ പറഞ്ഞു, ഞങ്ങളുമുണ്ട് കോട്ടയം വരെ. രാവിലെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവരുടെ വിളിവന്നു. "ടിക്കറ്റ് എടുത്തുവയ്ക്കണേ, വരാന്‍ വൈകും." ടിക്കറ്റ് എടുത്തു വച്ചു. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും  യാത്രപുറപ്പെട്ടു.സെലിന്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചും തമാശകള്‍ പങ്കിട്ടും കോട്ടയമെത്തിയത് അറിഞ്ഞില്ല. അവര്‍ക്ക് ക്രിസ്തുമസ്സ് ആശംസകള്‍ നേര്‍ന്ന്  യാത്രയാക്കി  ഞങ്ങളുടെ യാത്ര തുടര്‍ന്നു. വൈകിട്ട് ഏഴുമണിക്ക്  പാലക്കാട് ജംഗ്ഷനിലെത്തി. പഴയ ഒലവക്കോട് ജംഗ്ഷന്‍. സ്റ്റേഷന്‍ പുതുക്കി പണിത് മനോഹരമാക്കിയിരിക്കുന്നു. ലിഫ്റ്റ്  സൌകര്യവും വേണ്ടവര്‍ക്ക്  ലഭ്യമാണ്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി പ്രീപെയ്ഡ്  ഓട്ടോയ്ക്കായി ബുക്ക് ചെയ്തു. പതിനഞ്ചു മിനിട്ടോളം കാത്തു. തിരുവനന്തപുരത്തേത് പോലെയല്ല, പോലീസ് ഇടപെടലില്ല. ഓട്ടോകള്‍ വരുന്നു,അവര്‍ക്കിഷ്ടമുള്ളവരെ കയറ്റുന്നു, കൂപ്പണുള്ളവരും ഇല്ലാത്തവരും ഇതില്പെടും.അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു ബോധ്യപ്പെട്ടതോടെ റോഡിലേക്കിറങ്ങി. അവിടെയും ഓട്ടോകള്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലേക്ക് വരാന്‍ തയ്യാറല്ല. തൊട്ടടുത്ത് ബസ്റ്റാന്‍റ് ആണ്,ഇഷ്ടം പോലെ ബസ്സുണ്ട് എന്ന ഒരു സഹൃദയന്‍റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ നടന്നു. എല്ലാവര്‍ക്കും വിശപ്പുണ്ട്. ഹോട്ടല്‍ അന്വേഷിച്ചുള്ള യാത്ര എത്തിയത് ക്രൌണ്‍ ഹോട്ടലിലാണ്. അവിടെ നിന്നും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. ടാക്സി ലഭിക്കുമോ എന്ന് അവരോടുതന്നെ അന്വേഷിച്ചു. കടയുടെ മുന്നില്‍ തന്നെ ടാക്സികള് നിരന്നുകിടക്കുന്നു. ഏഴുപേരെ കയറ്റാന്‍ ഇപ്പോഴും നല്ലത് അംബാസഡര്‍ തന്നെയാണ്. 250 രൂപയ്ക്ക് ഗസ്റ്റ്ഹൌസില്‍ എത്തിക്കാമെന്ന് അഷ്റഫ് സമ്മതിച്ചു. ലഗേജ് നിറച്ചു. വണ്ടി കിടക്കുന്നതിന്‍റെ തൊട്ടുപിന്നില് ഓടയാണ്. അതിന് സ്ലാബിടാന്‍ അധികാരികള്‍ക്ക് തോന്നിയിട്ടില്ല. കഷ്ടം. വണ്ടി ചെറുതായി പിറകോട്ട് നിരങ്ങിയാല്‍ ഓടിയില്‍ വീഴും എന്നതാണ് അവസ്ഥ. ഏതായാലും അപകടമില്ലാതെ വാഹനം മുന്നോട്ടെടുത്തു.
പാലക്കാട് സിവില്‍ സ്റ്റേഷനടുത്താണ് ഗസ്റ്റ്ഹൌസ് എന്നറിയാം. അഷ്റഫ് വാഹനം ഇടറോഡിലേക്ക് കയറ്റി. അവിടെ ഗസ്റ്റ്ഹൌസ് എന്ന  കൈചൂണ്ടിയും കണ്ടു. നല്ല ഇരുട്ട്. വണ്ടി കോമ്പൌണ്ടിലേക്ക് കയറ്റി. അവിടെ ലൈറ്റുമില്ല,ഒരാളിനെയും കാണാനുമില്ല. ഇതുതന്നെയോ ഗസ്റ്റ്ഹൌസ് എന്നു സംശയിച്ച് ഞാനിറങ്ങി. ബോര്‍ഡ് നോക്കുമ്പോള്‍ ജില്ല പഞ്ചായത്ത് ഓഫീസ്. അതിനടുത്ത കോമ്പൌണ്ടിലാകും ഗസ്റ്റ്ഹൌസ്,നോക്കാം എന്നു പറഞ്ഞ് ഞാനും മോനും നടന്നു. ശരിതന്നെ,അടുത്ത കോമ്പൌണ്ടിലാണ്,പക്ഷെ ഗേറ്റ് പൂട്ടിയിരിക്കുന്നു. എന്നാല്‍ ഗസ്റ്റ്ഹൌസില്‍ ലൈറ്റുമുണ്ട്. പ്രധാന ഗേറ്റ് മറുവശത്താകും എന്നൂഹിച്ചു. അങ്ങിനെ വണ്ടി ആ പാതയിലേക്കെടുത്തു. ശരിതന്നെ. പ്രധാന കവാടത്തിലൂടെ ഉള്ളില്‍ കടന്നു. റിസപ്ഷനില്‍ ആളില്ല. അകത്തെ മെസ്സില്‍ വിപിനെ കണ്ടു. ബുക്കില് എഴുതി മുറിയെടുത്തു. താഴെ അടുത്തടുത്തുള്ള മുറികളില്‍ എയര്‍കണ്ടീഷന്‍ ഇല്ല എന്നതിനാല്‍ ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമായി നല്‍കാം എന്ന് കോഴിക്കോടുകാരന്‍ വിപിന്‍ പറഞ്ഞു. അങ്ങിനെ 104,202 മുറികള്‍ എടുത്തു. വലിയ മുറികളാണ്,നല്ല സൌകര്യവും. പഴയ കാല എയര്‍കണ്ടീഷനറാണ്. റിമോട്ടില്ല. കുളിമുറിയില്‍ ഗീസറുണ്ട്. വെള്ളം ചൂടാക്കി കുളിച്ച് ഉന്മേഷം വരുത്തി. പിന്നെ ഉറക്കമായി.
രാവിലെ എട്ടുമണിക്ക് വടക്കഞ്ചേരിയില്‍ താമസിക്കുന്ന സുഹൃത്ത് കുര്യാക്കോസ് എത്തി. ടാറ്റാ ഗ്രാന്‍ഡാണ് വാഹനം. എട്ടുപേര്‍ക്ക്  സുഖമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഗ്രാന്‍ഡ്. നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിടെ ആരംഭിച്ചു. ദേശീയ പാതയില്‍ കണ്ണാടിയിലെ കാഴ്ചപ്പറമ്പില്‍ എല്‍ സി  ഫാമിലി റസ്റ്റാറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചു. അവിടെ നിന്നുള്ള യാത്ര പാലക്കാടിന്‍റെ കാര്‍ഷിക സമൃദ്ധിയും സൌന്ദര്യവും വെളിവാക്കുന്നതായിരുന്നു. ചൂടു കൂടിയ വരണ്ട പ്രദേശം,തമിഴ് നാടിനോട് സാമ്യമുള്ള ഇടം എന്നൊക്കെയുള്ള അബദ്ധ ധാരണകള്‍ മാറ്റുന്ന കാഴ്ചകളായിരുന്നു എവിടെയും. നോക്കെത്താ ദൂരമുള്ള നെല്‍വയലുകള്‍, അവിടെ അധികം ഉയരം വയ്ക്കാത്ത  ഉമയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നതെന്ന് മികച്ച കര്‍ഷകന്‍ കൂടിയായ കുര്യാക്കോസ് പറഞ്ഞു. തേങ്കുറിശ്ശി,കയറുംകുളം,വിനയന്‍ ചാത്തനൂറ്,കുനിശ്ശേരി,ചേരാമംഗലം,കാളിയല്ലൂര്‍,നെന്മാറ വഴി നെല്ലിയാമ്പതിക്ക്. കരിമ്പനകളും തെങ്ങും കവുങ്ങും കുടപിടിക്കുന്ന നാടിന്‍റെ സൌന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ ധാരാളം കള്ളുഷാപ്പുകളും കാണാനുണ്ടായിരുന്നു. ഷാപ്പില്‍ നല്ല തിരക്കുള്ളതായും കാഴ്ചയില്‍ അനുഭവപ്പെട്ടു. നല്ല കള്ളല്ല കിട്ടുന്നതെന്ന് അറിയാമെങ്കിലും ലഹരി വേണ്ടവര്‍ അവിടെ വന്നടിയുകയാണ്.
നെന്മാറ നെല്ലിയാമ്പതി റോഡ് വളരെ ഇടുങ്ങിയതാണ്. ചില ഭാഗങ്ങളില്‍ രണ്ടു വാഹനം കടന്നുപോവുക തന്നെ പ്രയാസം. യാത്രയില് ശ്രീ നെല്ലിക്കുളം ഭഗവതിക്ഷേത്രത്തില് കയറി. നല്ലൊരു കുളവും ക്ഷേത്രത്തിനുണ്ട്. പോത്തുണ്ടി ഡാം അതിനടുത്തായിട്ടാണ്. മണ്ണുകൊണ്ടു നിര്‍മ്മിച്ചിട്ടുള്ളതാണ് പോത്തുണ്ടി ഡാം. അതിനു മുന്നിലായി ഒരു ചെറിയ പാര്‍ക്കുമുണ്ട്. പാര്‍ക്കില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി,അമ്മയും കുഞ്ഞും,മാന്‍,മീന്‍പിടുത്തക്കാരന്‍ തുടങ്ങി നിരവധി ശില്പ്പങ്ങള്‍, വിശ്രമിക്കാനുള്ള ബഞ്ചുകള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്. അനേകം പടികള്‍ ചവുട്ടി ഡാമിന് മുകളില്‍ കയറി കാഴ്ചകള്‍ കാണാന്‍ കഴിയും. മൂന്നു വശവും സ്വാഭാവിക മലയുള്ളതാണ് ഡാമിന്‍റെ പ്രത്യേകത. 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡാം ഇന്ത്യയിലെ പഴക്കമുള്ള ഡാമുകളില്‍ ഒന്നാണ്. 1971ല്‍ 23.425 ദശലക്ഷം രൂപ ചിലവഴിച്ച് ഡാം നവീകരിച്ചു. ചിറ്റൂരിലെയും ആലത്തൂരെയും 13500 ഏക്കറിലെ കൃഷിക്കും നെന്മാറ,അയിലൂര്‍,മേലാര്കോട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളവും നല്‍കുന്നത് പോത്തുണ്ടിയാണ്. ഡാമിന്‍റെ പ്രധാന ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത് കരുപ്പട്ടിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചാണ്. മീനച്ചിലാടി പുഴയ്ക്കും പാടിപ്പുഴയ്ക്കും കുറുകെയാണ് ഡാം പണിതിട്ടുള്ളത്. അയിലംപുഴയുടെ കൈവഴികളാണിവ. 107 അടി ഉയരവും 5510 അടി നീളവുമുണ്ട് ഡാമിന്. ആകെ 5,09,14,000 ക്യുബിക് മീറ്റര്‍ ജലം കൊള്ളുന്ന  ഡാമിന്‍റെ  വലത്തെ കനാലിന് 10 കിലോമീറ്ററും ഇടത്തെ കനാലിന് 8 മീറ്ററും നീളമുണ്ട്. 900 ഏക്കര്‍ പ്രദേശത്തായി ഉള്‍നാടന്‍ മത്സ്യകൃഷിയും നടക്കുന്നുണ്ട്. മൊരല്‍,മൊശി,സിലോപ്പിയ, രോഹു,ബാര്‍ബസ്,വരാല്‍,കാര്‍പ്പ്,മൃഗാള്‍,ഗോരാമി, കട്ല എന്നിവയാണ് മീന്‍കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് നിന്നും 42 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി. ഇവിടെ നിന്നും17 കിലോമീറ്റ്‍ താണ്ടിയാല്‍ നെല്ലിയാമ്പതിയായി.
നെല്ലിയാമ്പതിക്ക് പോകുന്ന വഴി  ആഴത്തിലേക്ക് ചൂണ്ടി കുര്യാക്കോസ് പറഞ്ഞു, അവിടെയാണ് ചെറുനെല്ലി ആദിവാസി കോളനി. അവിടെ സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിനായി പ്രത്യേക ഗുഹയുണ്ട്. പ്രസവമടുക്കുമ്പോള്‍ ഗര്‍ഭിണിയെയും വയറ്റാട്ടിയെയും ഗുഹയ്ക്കുള്ളിലാക്കും. പ്രസവം കഴിഞ്ഞെ മടങ്ങി വരൂ. ഭക്ഷണവും മരുന്നും വെള്ളവുമെല്ലാം അവിടെ എത്തിച്ചുകൊടുക്കും.   വാഹനം വളവുകള്‍ താണ്ടി ഓടിക്കൊണ്ടേയിരുന്നു. പത്ത് ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. പൊന്മുടിയിലും വയനാട്ടിലുമുള്ളപോലെ വളവുകളുടെ നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി. വഴിയില്‍ കാഴ്ചകള് കാണാനായി ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.തമിഴ് നാടിന്‍റെ ഭാഗങ്ങളും പാലക്കാട് ചുരവും അവിടെനിന്ന്  കാണുവാന്‍ കഴിയും. തണുത്ത കാറ്റേറ്റ് എത്ര നേരമിരുന്നാലും മുഷിവ് തോന്നില്ല. അത്തരമൊരു കാഴ്ചയ്ക്കായി ആളുകള്‍ ഇറങ്ങുന്നിടത്ത് ധാരാളം കച്ചവടക്കാരെ കാണാന്‍ കഴിഞ്ഞു. പുലയന്‍പാറക്കാരന്‍ ജബ്ബാറിന്‍റെ കടയില്‍ നിന്നും ചായയും ഓംലറ്റും കഴിച്ചു. ഉന്തുവണ്ടിയാണ്. അത് നില്‍ക്കുന്നിടത്തു നിന്നും ഒരിക്കല്‍ ഒരു ടാറ്റാ സുമോ കൊക്കയിലേക്ക് വീണ കഥ കുര്യാക്കോസ് പറഞ്ഞു. നാല് ഡോറും തുറന്ന് തെറിച്ചുവീണവര്‍ രക്ഷപെട്ടു. ബാക്കിയുണ്ടായിരുന്ന നാലുപേരുടെയും തരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അത്ര അഗാധതയിലേക്കാണ് വണ്ടി മറിഞ്ഞത്.
അയ്യപ്പന് തിട്ടിലും ഇറങ്ങി അല്പ്പസമയം ചിലവഴിച്ചു. ഒരു ചെറിയ അയ്യപ്പ ക്ഷേത്രവും അതിന് എതിര്‍വശം ഒരു പാറയുമുണ്ട്. ആ പാറയ്ക്കരുകിലുള്ള വറ്റാത്ത നീരൊഴുക്കില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള വെള്ളമെടുക്കുന്നത്. ഒരിക്കല്‍ ആ പാറപ്പുറത്ത് ഒരു പുലി വിശ്രമിക്കുന്നത് കുര്യാക്കോസ് കണ്ടിട്ടുണ്ട്. ആ പാറയില്‍ കയറി അല്പ്പനേരം ഞങ്ങളിരുന്നു. തുടര്‍ന്നുള്ള യാത്ര കൈകാട്ടിയിലേക്കായിരുന്നു. അവിടെനിന്നും പുലിയം പാറയിലേക്കും തുടര്‍ന്ന്  സീതാര്‍കുണ്ഡിലേക്കും. സീതാര്‍കുണ്ഡിലേക്കുള്ള യാത്ര ദീര്‍ഘമായതാണ്. അവിടെ എത്തിച്ചേരുക എളുപ്പമല്ല.100 മീറ്റര്‍ നീളമുള്ള വെള്ളച്ചാട്ടമാണ് സീതാര്‍കുണ്ഡ്. ഞങ്ങളും ദൂരെനിന്ന് വെള്ളച്ചാട്ടം കണ്ടുമടങ്ങുകയാണ് ചെയ്തത്. അഗാധമായ ആഴമാണ് മലയുടെ അതിരുകളില്‍. മനുഷ്യരെ പിടിച്ചു വലിക്കുന്ന ഒരാകര്‍ഷകത്വം  ആ താഴ്ചയ്ക്കുണ്ട്. ദൂരെ മുതലമട,കൊല്ലംകോട് തുടങ്ങിയ ഇടങ്ങളില്‍ മൂച്ചിത്തോട്ടങ്ങള്‍ കാണാം. മൂച്ചിത്തോട്ടമെന്നാല്‍ മാന്തോപ്പാണ്. കാട്ടുപോത്തിന്‍റെ കാല്‍പ്പാടുകള്‍ അവിടവിടെ കാണാന്‍ കഴിഞ്ഞു. അനേകം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണവിടം. കുരങ്ങന്മാരും ധാരാളം.ഫോട്ടോയ്ക്ക് പോസ്സു ചെയ്യുന്ന കുരങ്ങന്മാര്‍ രസകരമായ ഒരു കാഴ്ചയാണ്.  പോയബ്സ് ഗ്രൂപ്പിന്‍റെ തോട്ടത്തില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത്. ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നിട്ടുണ്ടാകും. 467 മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. കുറേ നാളത്തേക്ക് മനസ്സില്‍ നിന്നും മായാത്തവിധം ഇടം പിടിച്ച കാഴ്ച ആകാശത്തിലൂടെയുള്ള വേഴാമ്പലിന്‍റെ  യാത്രയായിരുന്നു. എന്തൊരു സൌന്ദര്യം,പ്രകൃതി കേരളത്തെ അനുഗ്രഹിച്ചപ്പോള്‍ വരമായി നല്‍കിയ നമ്മുടെ ദേശീയ പക്ഷി. പലപ്പോഴും മരത്തിലിരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും അത് പറക്കുന്നത് ആദ്യമായി കാണുകയായിരുന്നു.
കൃഷി വകുപ്പിന്‍റെ  ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാമിന്‍റെ കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. അതിനുശേഷം ഫാം കാണാന്‍ കയറി. സംസ്ഥാന ഹോര്‍ട്ടകള്‍ച്ചറല്‍ മിഷന്‍ ആരംഭിച്ച മാതൃകാ പൂകൃഷി യൂണിറ്റും മാതൃകാ നഴ്സറിയും ഉത്പ്പന്നങ്ങളുടെ സെയില്‍സ് കൌണ്ടറുമാണ് അവിടെയുള്ളത്. എന്നാല്‍‍ ആരംഭിച്ചത് സദുദ്ദേശത്തോടെയാകാമെങ്കിലും ഇപ്പോള്‍ എല്ലാം പേരിനു മാത്രമായി മാറിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. നാട്ടിലെ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സംഭവിച്ചിട്ടുള്ള ദുര്‍ഗ്ഗതി ഇതിനെയും ബാധിച്ചിട്ടുണ്ട്. എത്രയോ നഷ്ടം സഹിച്ചാവും ഇതിപ്പോള്‍ തുടര്‍ന്നു വരുന്നത്. ഇത്തം സ്ഥാപനങ്ങളെ ജീവനക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തമുള്ള സ്ഥാപനങ്ങളാക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലാഭകരമല്ലെങ്കില്‍ മറ്റു തരത്തില്‍ പുനരുദ്ധരിക്കേണ്ടതും അനിവാര്യമാണ്.
അവിടെനിന്നും ഞങ്ങള്‍ പോയത് ചന്ദ്രാമല എസ്റ്റേറ്റിലേക്കാണ്. അവിടെ അടുത്താണ് നൂറടിപ്പാലം. പാടഗിരി പോലീസ് സ്റ്റേഷനും എ വി ടി യുടെ  മണലാരു എസ്റ്റേറ്റും ആ ഭാഗത്തുതന്നെയാണ്. നൂറടിക്ക് സമീപമുള്ള അരുവിയില്‍ കുളിച്ച് ആ മോഹവും സാധിച്ചു.  ആയിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങളും മറ്റു കൃഷികളുമാണ് വന്‍കിട മുതലാളിമാരുടെ കൈവശമുള്ളത്. കാപ്പിയും ഏലവുമൊക്കെ കൃഷിയില്‍ ഉള്‍പ്പെടുന്നു.ഓറഞ്ച് കൃഷിയുമുണ്ട് എന്നാല്‍ പുളിപ്പ് കൂടിയ ഇനമാണ് ഇവിടെ ലഭിക്കുന്നത്. കേശവം പാറയിലും വലിയ തിരക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ മൃഗയ സിനിമയുടെ ഷൂട്ടിംഗിലൂടെ പ്രസിദ്ധമായ ഇടമാണ് കേശവം പാറ. മടക്കയാത്ര പല്ലാവൂര്‍ വഴിയായിരുന്നു. പല്ലാവൂര്‍ ദേവനാരായണനെയും അപ്പു മാരാരെയുമൊക്കെ ഓര്‍ത്തുകൊണ്ടുള്ള  യാത്ര. കൊടുവായൂരിലെ യാക്കര പുഴയും കടന്ന് രാത്രയില്‍ ഗസ്റ്റ് ഹൌസിലെത്തി. ഞാനും സജീവും കഞ്ഞിയും പയറും  മറ്റുള്ളവര്‍ ചപ്പാത്തിയും ചിക്കനും  കഴിച്ചു. ഒരു സിനിമ കാണണം എന്നെല്ലാവര്‍ക്കുമുണ്ടായിരുന്നു. പ്രധാന തീയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല. അങ്ങിനെയാണ് ബിപിഎല്‍ കൂട്ടുമുക്ക് ജീവാസില്‍  അമര്‍,അക്ബര്‍ അന്തോണി കാണാന്‍ തീരുമാനിച്ചത്. നെറ്റില്‍ നിന്നും നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് ടിക്കറ്റ് കിട്ടും എന്നുറപ്പാക്കി. 9 മണിക്ക് മുന്‍പ് തന്നെ എത്തി. എന്തോ പന്തികേട് തോന്നി. ആളുകള്‍ നന്നെ കുറവ്. ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയവരും കുറവായിരുന്നു. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് മാത്രമെയുള്ളു. 40 രൂപയാണ് നിരക്ക്. തീയറ്ററിനുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിപ്പേയി. ഒരു മുപ്പത് വര്‍ഷം മുന്‍പാകും ഇത്തരം തീയറ്ററില്‍ പടം കണ്ടിട്ടുണ്ടാവുക. തകര്‍ന്ന കസേരകള്‍, എയര്‍കണ്ടീഷനിംഗ് ഇല്ല. തീയറ്ററില്‍ ഇരുന്നു പുകവലിക്കുന്ന കാഴ്ചക്കാര്. ഒടുവില്‍ അവരെ പുറത്താക്കാന്‍ പരാതിപ്പെടേണ്ടി വന്നു. സ്ക്രീനിംഗും സൌണ്ടും നല്ലതായിരുന്നു. മെയിന്‍റനന്‍സ് നടത്തിയശേഷം നിരക്ക് വര്‍ദ്ധിപ്പിച്ച് നല്ല മേന്മയുള്ള തീയറ്ററാക്കി മാറ്റാവുന്നതാണ്. ഇല്ലെങ്കില്‍ വൈകാതെ അടച്ചുപൂട്ടേണ്ടി വരും എന്നതില്‍ സംശയമില്ല. ചിത്രം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ അന്തരീക്ഷം അനുഗുണമായില്ല എന്ന ദുഖം എല്ലാവര്‍ക്കുമുണ്ടായി.ആ രാത്രി അങ്ങിനെ അവസാനിച്ചു.
പ്രഭാതത്തില്‍ കുളിച്ച്, നടക്കാനിറങ്ങി. സിവില്‍ സ്റ്റേഷന് മുന്നിലൂടെ കോട്ട ചുറ്റി ,അവിടെയുള്ള ഹനുമാന്‍ സ്വാമിയെയും തൊഴുത് മടങ്ങി. നഗരം പൊതുവെ വൃത്തിയുള്ളതായി തോന്നി. ഇനിയും മെച്ചമാക്കാന്‍ നഗരസഭയ്ക്ക് കഴിയും. പ്രഭാത ഭക്ഷണത്തിന് കോങ്ങാട് എത്താമെന്ന് ഹരിദാസിന് വാഗ്ദാനം നല്കിയിരുന്നു. അതുകൊണ്ടുതന്നെ എട്ടരയോടെ പുറപ്പെട്ടു. ഡല്‍ഹി കേരള ഹൌസിലെ സുഹൃത്തായിരുന്നു ഹരിദാസ്. കുടുംബസമേതം കോങ്ങാട് താമസമാണ്. പുതിയ വീടുവച്ചിട്ട് കാലം കുറെയായി. എങ്കിലും ഒന്നു പോയി കാണാന്‍ കഴിഞ്ഞിരുന്നില്ല. മുണ്ടൂര്‍ വഴിയാണ് കോങ്ങാട് എത്തുക. യശോദ കല്യാണ മണ്ഡപം കഴിഞ്ഞ് ഇടത്തോട്ടുള്ള വഴിയില്‍ സംഗീതവിദ്യാലയമായ നാദലയയ്ക്കടുത്താണ് തിരുവോണം വീട്. സുഹൃത്തായ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റ് ഹരിസ്വാമി ഡിസൈന്‍ ചെയ്ത വീടാണ്. 10 സെന്‍റില്‍ നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു വീട്. ചന്ദ്രിക തയ്യാറാക്കിയ സ്വാദുള്ള ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും കൂട്ടി സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിച്ചു. ചന്ദ്രികയുടെ  കുടുംബ വീട്ടിലേക്കായിരുന്നു പിന്നീട് യാത്ര. വീടിനു മുന്നില്‍ വയലുകള്‍ നിറഞ്ഞു കിടക്കുന്നു. ദൂരെയായി പാറകളും കാണാം. പറമ്പിലുമുണ്ട് സമൃദ്ധി. തേങ്ങയൊക്കെ വീണു കിടക്കുന്ന പറമ്പ്. 200 വര്‍ഷം പഴക്കമുള്ള ഇരുനിലവീടാണ്. ഭിത്തിയും കതകുമൊക്കെ വലിയ വീതിയാലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മച്ച് തടി പാകിയതാണ്. ധാന്യപ്പുരയും അടുക്കളയോടു ചേര്‍ന്നുള്ള കിണറും ഒക്കെ പഴമ വിളിച്ചറിയിക്കുന്നു. അച്ഛന്‍ അധ്യാപകനായിരുന്നു. 86 വയസ്സ്. അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന കൂട്ടുകുടുംബം. ഒരു ചെറുമകളുടെ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ് അവിടെ. യാത്ര പറഞ്ഞിറങ്ങി ഇടവഴിയിലൂടെ പോരുമ്പോള്‍ നാടിന്‍റെ പഴമയെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സില്‍. സാമൂതിരിമാരും വള്ളുവക്കോനാതിരിയും  പാലക്കാട്ടുശ്ശേരി രാജാവും ടിപ്പു സുല്‍ത്താനും പിന്നീട് ബ്രിട്ടീഷുകാരും ഭരണം നടത്തിയിട്ടുള്ള നാട്. കൊങ്ങര്‍ എന്നു വിളിച്ചിരുന്ന തമിഴരുടെ കേരളത്തിലേക്കുള്ള പ്രവേശന ഗ്രാമം. അതുകൊണ്ടു തന്നെ കോങ്ങാട് എന്നറിയപ്പെട്ടു തുടങ്ങി. അനേകം ജന്മിമാരും കുടിയാന്മാരും വസിച്ചിരുന്ന ദേശം. നക്സലൈറ്റുകള്‍ തലവെട്ടി മാറ്റിയ കോങ്ങാട് നാരയണന്‍ കുട്ടി മേനോനെ ഓര്‍മ്മ വന്നു. മുണ്ടൂര്‍ രാവുണ്ണിയും ഭാസ്ക്കരനും ചാക്കോയും സദാശിവനും രാമനുണ്ണിയുമൊക്കെ കുട്ടിക്കാലത്ത് പേടി സ്വപ്നങ്ങളില്‍ വന്നു പോയവരാണ്. ജന്മിയല്ലായിരുന്നെങ്കിലും എപ്പോഴെങ്കിലും വീട്ടില്‍ വന്ന് തലയറുക്കുന്നവരെ സ്വപ്നം കണ്ട് പനിച്ച നാളുകള്‍. വലിയ സ്വപ്നങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവര്‍ ആരാധിച്ച മാവോയുടെ നാട് ഇന്ന് ഏകാധിപത്യവും മുതലാളിത്തവും യോജിപ്പിച്ച് ഭരണം നടത്തുന്നു. ഈ സഖാക്കളെല്ലാം നിരാശരായിരിക്കാം  ഇപ്പോള്‍.
മലമ്പുഴയാണ് അടുത്ത ലക്ഷ്യം. പാലക്കാട് നിന്നും 10 കിലോമീറ്ററാണ് ദൂരം.നല്ല ചൂടുള്ള ഉച്ച. അതുകൊണ്ടുതന്നെ ഡാമില്‍ കയറും മുന്‍പ് ഉച്ചഭക്ഷണം  ഓര്‍ഡര്‍ ചെയ്യാം എന്നു കരുതി ഒരു ഹോട്ടലിലേക്ക് കയറി. അവര്‍ക്ക് അന്ന് ഒരുപാട് തിരക്കുകള്‍ ഉണ്ടെന്നും മൂന്നു മണിക്ക് എത്തുമ്പോള്‍ ഊണുണ്ടാകും എന്നുറപ്പു പറയാന്‍ കഴിയില്ലെന്നും അറിയിച്ചു. അതോടെ ഞങ്ങള്‍ റോക്ക് ഗാര്‍ഡനിലേക്ക് കയറി. ഡിടിപിസിക്കാണ് മേല്‍നോട്ടം. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയും നിരക്ക്. ചാണ്ഡിഗഡിലെ ഗാര്‍ഡന്‍റെ മാതൃകയില്‍ അത് നിര്‍മ്മിച്ച ശില്പ്പി  നെക് ചന്ദ് സെയ്നി തന്നെയാണ്  മലമ്പുഴ റോക് ഗാര്‍ഡനും  തയ്യാറാക്കിയിട്ടുള്ളത്. പൊട്ടിയ ടൈലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങളും പ്രതിമകളുമുള്ള ഗാര്‍ഡനില്‍ തണല്‍ മരങ്ങള്‍ ഇല്ലാത്തത് ഒരു കുറവായി തോന്നി. മെയിന്‍റന്‍സ് തീരെയില്ല എന്നതും അപാകതയായി അനുഭവപ്പെട്ടു. ഇതിന്‍റെ മതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ ഉപയോഗിച്ചാണ്. കുറേക്കൂടി ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് റോക്ക് ഗാര്‍ഡന്‍.
അവിടെ നിന്നിറങ്ങി  ആനക്കല്‍ റോഡിലൂടെ യാത്ര തുടര്‍ന്നു. കാടും നാടും ഇടകലര്‍ന്ന ഇടം. ഡാമിന്‍റെ എതിര്വശത്ത് എത്തിയ ഞങ്ങള്‍ അവിടെ ഇറങ്ങി. വെള്ളത്തില്‍ ചെളിയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ കുളിച്ചില്ല. ഡാം ചുറ്റി മറുവശമെത്താം എന്നായിരുന്നു കണക്കുകൂട്ടല്‍. പോകും വഴി നല്ലൊരു അരുവി കണ്ടു. അവിടെയിറങ്ങി.ശുദ്ധമായ തണുത്ത ജലം. ഇത് മയിലാടിപ്പുഴ. ഒരു മണിക്കൂറോളം പുഴയില്‍ ചിലവഴിച്ചു. എല്ലാവിധ ക്ഷീണവുമകന്ന് ഉന്മേഷവാന്മാരായി. അവിടെ നിന്നും തുടര്‍യാത്ര കഴിയില്ലെന്നും രണ്ട് കിലോമീറ്റര്‍ ദൂരം പാറകള്‍ക്ക് മുകളിലൂടെ ഓടേണ്ടി വരുമെന്നും പറഞ്ഞതിനാല്‍ തിരികെ പോരുന്നു. വരും വഴി കോതമംഗലത്തുകാരിയുടെ കടയില്‍ കയറി ഊണുകഴിച്ചു. വളര്‍ത്തുമീനിന്‍റെ കറിയും ഉണ്ടായിരുന്നു. കുട്ടികള്‍ ദോശയും ചിക്കനും കഴിച്ചു.
 മലമ്പുഴ ജനനിബിഡമായിരുന്നു. ആദ്യം പാമ്പ് മ്യൂസിയത്തില്‍ കയറി. അവിടെ എയര്‍കണ്ടീഷന്‍ മുറികളില്‍ രാജവെമ്പാലകള്‍ വിഹരിക്കുന്നുണ്ടായിരുന്നു. മരങ്ങളില്‍ വിശ്രമിക്കുന്ന മലമ്പാമ്പും അണലി, മൂര്‍ഖന്‍,ശംഖുവരയന്‍,ചേര,കരിംചേര, പച്ചില പാമ്പ്, വിഷമില്ലാത്ത മറ്റിനം പാമ്പുകള്‍ ഒക്കെയും കാഴ്ചവസ്തുക്കളായി. വൃത്തിയായി സൂക്ഷിക്കുന്ന കേന്ദ്രം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് നിരക്ക്.അവിടെനിന്നും ഡാമിലേക്ക് നടന്നു. 25 രൂപയാണ് പ്രവേശന ഫീസ്. ഭാരതപ്പുഴയുടെ ഉപനദിയാണ്  മലമ്പുഴ.പശ്ചിമ ഘട്ട മലനിരകള്‍ക്ക്  മുന്നില്‍ കരുത്തിന്‍റെ പ്രതീകമായാണ് ഡാം നില്‍ക്കുന്നത്.തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജലസംഭരണിയാണ് മലമ്പുഴ അണക്കെട്ട്. മദ്രാസ് പ്രസിഡന്സിയുടെ ഭാഗമായിരുന്നതിനാല്‍ 1949ല്‍ മാര്‍ച്ച് 10ന് തമിഴ് നാട് പൊതുമരാമത്ത് മന്ത്രി കെ.ഭക്തവത്സലമാണ്  നിര്‍മ്മാണോത്ഘാടനം നടത്തിയത്. 1955 ഒക്ടോബര്‍ 9ന് തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പൂര്‍ത്തീകരിച്ച ഡാമിന് 145 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുണ്ട്. 236.69 ഘന അടി ജലസംഭരണശേഷിയുണ്ട് ഡാമിന്. പാലക്കാടിനും ചുറ്റുവട്ടത്തും കുടിവെള്ളമെത്തിക്കുന്നതിനു പുറമെ 42,090 ഹെക്ടര്‍ കൃഷിക്കും ഡാമിലെ ജലം ഉപയോഗിക്കുന്നു.1849 മീറ്റര്‍ കല്ലിലും 220 മീറ്റര്‍ മണ്ണിലും തീര്‍ത്ത ഡാമിന്‍റെ ഉയരം 355 അടിയാണ്.  വളരെ വിശാലമായ  പൂന്തോട്ടമാണ് മലമ്പുഴയ്ക്കുള്ളത്. അനേകം ശില്‍പ്പങ്ങളും ഫൌണ്ടനുകളും ലൈറ്റുകളും ചെടികളും കൊണ്ടു നിറഞ്ഞ പൂന്തോട്ടത്തില്‍ ദിശാബോധം നല്‍കും വിധമുള്ള ക്രമീകരണങ്ങളില്ല. പൂന്തോട്ടം വേണ്ടവിധം നോക്കുകയോ ചെടികള്‍ വെട്ടിവിടുകയോ ചെയ്യുന്നില്ല. സന്ദര്‍ശകര്‍ ഉപയോഗിച്ച പാത്രങ്ങളും അഴുക്കും തോന്നിയപോലെ വലിച്ചെറിയുന്നു. പടികള്‍ കയറി ഡാമിന് മുകളില്‍ എത്തുമ്പോള്‍ മദയാനയെപ്പോലെ ഇളകിയാടുന്ന ജലാശയം കാണാം. ഒരു മികച്ച കാഴ്ചതന്നെയാണത്. ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ നടന്നുകാണാന്‍ കഴിയും. അവിടെനിന്നിറങ്ങി നടക്കുമ്പോള്‍ കേടായ ഫൌണ്ടനുകളും കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ കെഎസ്ഇബി ചെറിയ തോതില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഒരറ്റത്തായി കാനായിയുടെ പ്രസിദ്ധമായ  യക്ഷിയെ കാണാം. കനാലിനു മുകളിലെ തൂക്കുപാലത്തിലൂടെ വേണം അവിടെയെത്താന്‍. രണ്ട് പാലങ്ങളുണ്ട്. ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി ഇറങ്ങുന്ന വിധം വണ്‍വേ ആക്കിയാല്‍ നല്ലതായിരുന്നു. യക്ഷിയും പായല്‍ പിടിച്ച് കറുത്തു. ഒന്നു മിനുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബോട്ടിംഗിനും റോപ്വേ യാത്രയ്ക്കും പോയില്ല. വലിയ തിരക്കായിരുന്നു അവിടെ. ക്രിസ്മസ്സ് ദിവസം രണ്ടുകോടിയിലേറെ വരുമാനമുണ്ടായി എന്നു പറയുന്ന മലമ്പുഴയില്‍ ആവശ്യമായ പണികള്‍ കൂടി കൃത്യമായി ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ദേശീയപാത 213ലാണ് മലമ്പുഴ നില്‍ക്കുന്നത്. മടങ്ങിയെത്തി പാലക്കാട് ടൌണില്‍ നൂര്‍ജഹാനില്‍ നിന്നും ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം. കുര്യാക്കോസ് രാത്രിയില്‍ തന്നെ മടങ്ങി. ഞങ്ങള്‍ ഉറങ്ങാനും കിടന്നു.
രാവിലെ  ഉണര്‍ന്ന് തയ്യാറായി വെറുതെ നടന്നു. വേപ്പിന്‍ചുവട് മാരിയമ്മന്‍ കോവിലില്‍ കയറി തൊഴുതു. മാരിയമ്മയും കാളിയമ്മയും കറുപ്പസ്വാമിയുമാണ് അവിടെയുള്ളത്. തിരികെ വന്ന് കാപ്പി കുടിച്ച ശേഷം തെട്ടടുത്തുള്ള കോട്ട കാണാനിറങ്ങി. സാമൂതിരിയുടെ ശാഖയില്‍പെട്ട പാലക്കാട് അച്ചന്‍ എന്ന പ്രാദേശിക ഭരണാധികാരിയുടെതായിരുന്നു ആദ്യ കോട്ട.എന്നാല്‍ പാലക്കാട് അച്ചന്‍ സാമൂതിരിയുമായി പിണങ്ങുകയും നാട് സംരക്ഷിക്കാന്‍ 1757ല്‍ ഹൈദരാലിയുടെ സഹായം തേടുകയും ചെയ്തു. പാലക്കാടിന്‍റെ പ്രാധാന്യം അറിയാവുന്ന ഹൈദര്‍ സഹായം വാഗ്ദാനം ചെയ്ത് കോട്ട സ്വന്തമാക്കി. 1766ല്‍ ഹൈദരാലിയാണ് കോട്ട പുതുക്കി പണിതത്. എന്നാല്‍ 1768ല്‍ ബ്രിട്ടീഷ് കേണല്‍ വുഡ് കോട്ട പിടിച്ചെടുത്തു.  മാസങ്ങള്‍ക്കകം ഹൈദര്‍ കോട്ട തിരിച്ചുപിടിച്ചെങ്കിലും 1783ല്‍ 11 ദിവസം നീണ്ട പോരിനൊടുവില്‍ കേണല്‍ ഫുള്ളാര്‍ട്ടന്‍റെ കൈയ്യിലായി കോട്ട. ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷുകാര്‍ കോട്ട ഉപേക്ഷിച്ചു. പിന്നീടൊരു ചെറിയ കാലം അവിടെ സാമൂതിരിപ്പട തമ്പടിച്ചു. എന്നാല്‍ 1790ല്‍ കേണല്‍ സ്റ്റുവര്‍ട്ട് കോട്ട തിരിച്ചുപിടിച്ച് പുതുക്കി പണിതു. ശ്രീരംഗ പട്ടണം തകര്‍ക്കും വരെ കോട്ടയില്‍ ശക്തമായ സൈനിക സാന്നിദ്ധ്യമുണ്ടായിരുന്നു. 19ാം നൂറ്റാണ്ടിന്‍റെ മധ്യം വരെ നിലനിന്ന സൈന്യം ക്രമേണ കുറഞ്ഞുവന്നു. 1900 തുടക്കത്തില്‍ ഇതിനെ താലൂക്കാഫീസാക്കി മാറ്റി. ഒരു കാലത്ത് കുതിരലായങ്ങളും ആനലായങ്ങളുമായിരുന്ന കോട്ടമൈതാനത്ത് ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും പ്രദര്‍ശനങ്ങളും പൊതുയോഗങ്ങളും നടക്കുന്നു. കുട്ടികള്‍ക്കുള്ള പാര്‍ക്കും രാപ്പാടി എന്ന ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഇതിന്‍റെ ഭാഗമാണ്. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കൈവശമുള്ള കോട്ടയില്‍ പ്രവേശനം സൌജന്യമാണ്. ജലം നിറഞ്ഞ വലിയ കിടങ്ങും അതിനു മുകളില്‍ പാലവും ഉള്ള കോട്ടയില്‍ പീരങ്കികള്‍ സ്ഥാപിക്കാനുള്ള ഇടങ്ങളും മറ്റും പ്രത്യേകമായുണ്ട്. ആഢ്യത്വം വിളിച്ചറിയിക്കുന്ന കോട്ടമൈതാനം ശുദ്ധവായു ലഭിക്കുന്ന ഒരിടം കൂടിയാണ്. കോട്ടയ്ക്കുള്ളില്‍ സ്പെഷ്യല്‍ സബ് ജയിലും മറ്റു ചില ഓഫീസുകളും  പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്നുകിടക്കുന്ന ചില കെട്ടിടങ്ങള്‍ ആര്‍ക്കിടെക്ച്ചറിന് പഠിക്കുന്നവര്‍ ഗവേഷണം നടത്തേണ്ടവയാണ്. പുതുക്കി പണിത് അതേ രീതിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതും നല്ലതാണ്. പുരാതന ചരിത്രത്തിന്‍റെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിയവും ശ്രദ്ധേയമാണ്. കുടക്കല്ലും നന്നങ്ങാടിയും തുടങ്ങി അനേകം ക്ഷേത്രങ്ങള്‍ സംബ്ബന്ധിച്ച അറിവും ലോകത്തിലെ മികച്ച ആര്‍ക്കയോളജിക്കല്‍ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ട് അതില്‍. കോട്ട കാണുന്നതിന് ഒരു ചെറുതുക ഈടാക്കുകയും അത് കോട്ടയും പരിസര പ്രദേശവും വൃത്തിയായി സൂക്ഷിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണെന്നു തോന്നി. ഉദ്യോഗസ്ഥര്‍ക്ക് പകരം ഇത്തരം സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ പരിശീലനം ലഭിച്ച നാട്ടുകാരാവും ഗുണപ്രദമാവുക. ആര്‍ക്കയോളജി വകുപ്പ് ഈ വിധം വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. കോട്ടയില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
ഗസ്റ്റ്ഹൌസില്‍ നിന്നും ഉച്ചയോടെ ഇറങ്ങി.ആട്ടോയില്‍ ഒലവക്കോടെത്തി. ക്രൌണ്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഗോഹട്ടി എക്സ്പ്രസ്സിലായിരുന്നു ടിക്കറ്റ്.2.40ന്‍റെ വണ്ടി 2.20ന് തന്നെയെത്തി. നിറയെ ബംഗാളികളും ആസാംകാരുമാണ്. ബോഗി നമ്പരും റിസര്‍വ്വേഷന്‍ ചാര്‍ട്ടും ഒന്നുമില്ലാത്ത ട്രെയിന്‍. ബോഗി കണ്ടുപിടിച്ച് കയറി. അവിടെ ഇരുന്നവരെ ഒഴിപ്പിച്ച് സീറ്റുപിടിച്ചു. തീരെ വൃത്തിയില്ലാത്ത ബോഗി. ടിടിഇ വന്നു. ഈ ട്രെയിന്‍ കുടുംബമായുള്ള യാത്രയ്ക്ക് നന്നല്ല എന്നുപദേശിച്ച് ടിക്കറ്റ് ചെക്കു ചെയ്തു. ഷില്ലോങ്ങില്‍ നിന്നും വരുകയായിരുന്ന പട്ടാളക്കാരന്‍ ഗിരീശന് ദേഷ്യം വന്നു. ഇവന്മാരാണ് ഇതെല്ലാം വഷളാക്കുന്നത്. 72 പേര്‍ക്കുള്ള ബോഗിയില്‍ 170 ഓളം ആളുണ്ട്. പണം വാങ്ങി ടിടിഇമാര്‍ മിണ്ടാതിരിക്കുന്നു. പോലീസും അങ്ങിനെ തന്നെ.ട്രെയിനിലെ ചായയും ഭക്ഷണവും നാള്‍ക്കുനാള്‍ മോശമാവുകയാണ്. ഒരാള്‍ക്കും ഒരു താത്പ്പര്യവുമില്ല. എവിടെയും അഴിമതിക്കറകളാണ്. അയാള്‍ പറഞ്ഞു. ഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ഈ മറുനാട്ടുകാര്‍ വളരെ മാന്യമായാണ് ഞങ്ങളോട് പെരുമാറിയത് എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. സിലിഗുഡിയില്‍ നിന്നുള്ളവരും ആസാംകാരും ആടുകള്‍ കൂട്ടമായി വഴി പിരിയുന്നപോലെ ഓരോ സ്റ്റേഷനിലും ഇറങ്ങുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. കേരളം എത്ര മാറിയിരിക്കുന്നു. തൊഴിലെടുക്കാന്‍ മലയാളികള്‍ അന്യനാടുകളിലേക്ക് പോയ പഴയകാല തീവണ്ടികള്‍ ഇല്ലാതായിരിക്കുന്നു. ഇന്ന് പണിയെടുക്കാന്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന പുതിയ തീവണ്ടികളാണ് നമ്മള്‍ കാണുന്നത്. വിയര്‍ക്കാതെ ഉണ്ണുന്ന നമുക്കായി വിയര്‍പ്പൊഴുക്കുന്നവര്‍. കേരളം വരെ വളരെ കൃത്യമായി ഓടിയെത്തിയ ട്രെയിന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. ദീര്‍ഘമായ യാത്ര അവസാനിപ്പിച്ച് ആട്ടോയില്‍ വീട്ടിലെത്തുമ്പോള്‍ രാത്രി 12 മണിയായിരുന്നു. അധികം വൈകാതെ സ്വപ്നങ്ങളുടെ കണ്ണാടിയിലേക്ക് മനസ്സ് മയങ്ങിവീണു. കണ്ണിനു മുന്നില് പാലക്കാടന്‍ കാഴ്ചകളുടെ വൈവിധ്യം മാത്രം ബാക്കിയായി.