Tuesday, 19 April 2016

Nanma thinmakaludae oram patti

നന്മ തിന്മകളുടെ  ഓരം  പറ്റി
കേരളം തെരഞ്ഞെടുപ്പിലേക്ക്  കടക്കുകയാണ്. അതുമായി ബന്ധപ്പെട്ടുള്ള ചൂടും ചൂരും എവിടെയും കാണാന്‍ കഴിയും. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന  ജാഥകളായിരുന്നു കഴിഞ്ഞ ഒരു മാസത്തെ  പ്രധാന കാഴ്ച. നവകേരള യാത്ര,ജനരക്ഷാ യാത്ര,ജനകീയ യാത്ര, വിമോചന  യാത്ര, ഹരിത കേരള യാത്ര എന്നിങ്ങനെ വലുതും ചെറുതുമായ പാര്‍ട്ടികളുടെ  ജാഥകള്‍. അണികളെ ഉഷാറാക്കാനും തെരഞ്ഞെടുപ്പ്  ഫണ്ട് സ്വരൂപിക്കാനും ലക്ഷ്യമിട്ടുള്ള യാത്രയില്‍ ഏറെ രസകരമായി തോന്നിയത്  എന്‍സിപിയുടെ  ഉണര്‍ത്തുയാത്രയാണ്. കേരളത്തില്‍ തീരെ ചെറിയൊരു പാര്‍ട്ടിയായ എന്‍സിപിയുടെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രവര്‍ത്തകരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനാകും ഈ ജാഥ സംഘടിപ്പിച്ചത്. ജാഥകള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്കുണ്ടാക്കിയ  ആഘാതം ചെറുതല്ല. ഏതാണ്ട് ഒരു ലക്ഷം ഫ്ളക്സെങ്കിലും  ഈ ജാഥകളുടെ ഭാഗമായി  തയ്യാറാക്കപ്പെട്ടിട്ടുണ്ടാകും. പൊതുവെ പരിസ്ഥിതി ദുര്‍ബ്ബലമായ നാടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുമപ്പുറമാണ്  ഈ  പബ്ളിസിറ്റി മറ്റീരിയലുകള്‍ എന്നു പറയാതെ വയ്യ. ഏകദേശം രണ്ടു ലക്ഷത്തിലേറെ ആളുകള്‍ വിവിധ സമാപന സമ്മേളനങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ എത്തിയിരുന്നു. ഇവര്‍ നഗരത്തിനേല്‍പ്പിച്ച  ക്ഷതവും ചില്ലറയല്ല. ഇത്തരം ശക്തി പ്രകടനങ്ങള്‍ക്ക്  അവധി കൊടുക്കേണ്ട കാലമായി എന്നു പറഞ്ഞാല്‍ അത് ജനാധിപത്യത്തിനെതിരായ  പ്രസ്താവനയായി കണക്കാക്കാന്‍ ഇടയുണ്ട്. ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കാലത്തും ഫ്ളക്സുകള്‍  ഒഴിവാക്കി  തുണിയിലും പേപ്പറിലും അച്ചടിച്ച  മറ്റീരിയലുകള്‍  മാത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയുള്ളു എന്നൊരു തീരുമാനം പാര്‍ട്ടികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ കേരളത്തിന് അതും ഒരു മാതൃകയായി  ലോകത്തിനു മുന്നില്‍  ഉയര്‍ത്തിക്കാട്ടാമായിരുന്നു. ഫ്ളക്സ്  ഉപയോഗിക്കാത്തവര്‍ക്ക്  എന്‍റെ വോട്ട് എന്ന വിധം സാമൂഹ്യമാധ്യമങ്ങളില്‍  ഒരു കാമ്പയിന്‍ ആരംഭിച്ചാല്‍ പോലും  ഒരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം.
തിരുവനന്തപുരം നഗരത്തില്‍  ഫെബ്രുവരി അവസാനം സ്ത്രീകളുടെ  മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല നടന്നു. എല്ലാ വര്‍ഷവും പ്ലാസ്റ്റിക്,പേപ്പര്‍,തെര്‍മോക്കോള്‍  കപ്പുകള്‍,പ്ലേറ്റുകള്‍  ഉള്‍പ്പെടെ  ടണ്‍ കണക്കിന് അജൈവ മാലിന്യം സൃഷ്ടിക്കുന്ന  ഒരൊത്തുകൂടലാണിത്. എന്നാല്‍ ഈ വര്‍ഷം ശുചിത്വ മിഷനും തിരുവനന്തപുരം കോര്‍പ്പറേഷനും സര്‍ക്കാരും പ്രദേശവാസികളും കൂട്ടായി  നടത്തിയ കാമ്പയിനിലൂടെ അജൈവ മാലിന്യം പരമാവധി കുറച്ച് മാതൃകകാട്ടി. സ്റ്റീല്‍ പ്ലേറ്റുകളും കപ്പുകളും പരമാവധി  ഉപയോഗിച്ചായിരുന്നു ഈ കാമ്പയിന്‍  വിജയിപ്പിച്ചത്. ഒറ്റയ്ക്ക്  നില്‍ക്കുമ്പോള്‍  മനുഷ്യര്‍ സ്വാര്‍ത്ഥരാണെങ്കിലും  കൂട്ടായ്മയില്‍ സ്വാര്‍ത്ഥത  മറന്ന്  വിശാലമായ സമീപനം കൈക്കൊള്ളും എന്നതിന്  ഉദാഹരണമായി ഈ മാതൃക. നഗരം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ വൃത്തിയാക്കി എന്നതും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച  നൂറുകണക്കിന്  ജീവനക്കാര്‍ക്കും നേതൃത്വം  നല്‍കിയവര്‍ക്കും  അഭിമാനിക്കാന്‍ വക നല്‍കുന്നു. മാലിന്യം കേന്ദ്രീകൃതമായി ചുട്ടെരിക്കുകയാകാം ചെയ്യുന്നത് എങ്കിലും നഗരത്തെ വേഗത്തില്‍ വൃത്തിയാക്കി എന്നത് നേട്ടം തന്നെയാണ്.
കേരളത്തില്‍ നടക്കുന്ന ശ്രദ്ധേയമായ മറ്റൊരു മാറ്റം സമൂഹത്തിലെ പാവപ്പെട്ടവരും ദുര്‍ബ്ബലരും ഇപ്പോള്‍ നടത്തുന്ന പ്രക്ഷോഭങ്ങളാണ്. ഇടതുപക്ഷം ഒഴിഞ്ഞുപോയ ഇടങ്ങളെല്ലാം ജാതി-ഉപജാതി പ്രസ്ഥാനങ്ങളും പുതിയ ഇനം പാര്‍ട്ടികളും കൈയ്യേറിയിരിക്കുന്നു. അതില്‍ ഏറ്റവും ഗൌരവമേറിയ പ്രക്ഷോഭം വെല്‍ഫെയര്‍ പാര്‍ട്ടിയുടേതായിരുന്നു. മണ്ണ്  അല്ലെങ്കില്‍  മരണം എന്ന മുദ്രാവാക്യമുയര്‍ത്തി  സെക്രട്ടേറിയറ്റ് പ്രതിരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ശരിക്കും നഗരത്തെ  ദുരിതപൂര്‍ണ്ണമാക്കി. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വാതിലുകളും  അടച്ചുള്ള പ്രതിഷേധമായിരുന്നു  അവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രധാന ഗേറ്റിലേക്കെത്താനുള്ള നാലു വഴികളില്‍ മൂന്നും മറ്റ് മൂന്നു ഗേറ്റുകളും പ്രക്ഷോഭകര്‍ കൈയ്യേറി. മണ്ണ് അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യത്തിന്  ഒരു ശക്തിയുണ്ട്. എന്നാല്‍ അതിനായി മുന്നിട്ടിറങ്ങിയവരുടെ  ലക്ഷ്യം കാലം തെളിയിക്കേണ്ടതാണ്. സമരങ്ങളുടെ രൂപ ഭാവങ്ങള്‍ മാറുകയാണ്. ജാതികളുടെയും ഉപജാതികളുടെയും  സമരങ്ങളോ സമ്മേളനങ്ങളോ ഇല്ലാത്ത ദിനങ്ങള്‍  തലസ്ഥാനത്ത്  ഇല്ലാതായിരിക്കുന്നു. എല്ലാം  വിലപേശല്‍ രാഷ്ട്രീയമാണ്. സംവരണമാണ്  ഏറ്റവും ആകര്‍ഷണീയമായ  മുദ്രാവാക്യമായി മാറിയിരിക്കുന്നത്. മുന്നോക്ക കോര്‍പ്പറേഷന്‍ തുലയട്ടെ, ബ്രാഹ്മണരെയും നായന്മാരെയും  ഓബിസിയില്‍ ഉള്‍പ്പെടുത്തൂ എന്നെഴുതിയ ഒരു ബോര്‍ഡും നഗരത്തില്‍ കണ്ടു. പട്ടേലര്‍മാരുടെയും ജാട്ടുകളുടെയും സമരത്തില്‍  നിന്നും ആവേശം ഉള്‍ക്കൊള്ളുകയാവും അവരും. സംവരണം  തുടരേണ്ട സാഹചര്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ നിന്നും ജാതിചിന്ത ഒരിക്കലും ഒഴിയില്ല എന്നത് ഒരു സത്യമായി മാറുന്നു. സംവരണ സാഹചര്യം മാറില്ല എന്നത് മറ്റൊരു സത്യവും. ഓരോ ജാതിയിലും ഉപജാതിയിലും സമ്പന്നരും പാവപ്പെട്ടവരും രണ്ട് സമൂഹമായി വളരുന്ന ആപത്ക്കരമായ മറ്റൊരു പ്രവണതയും കാണാതിരുന്നുകൂടാ.
ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍  തന്നെ നന്മയുടെ നാളങ്ങളും കാണാതിരിക്കാന് കഴിയില്ല. ഈയിടെ പരിചയപ്പെട്ട ചില ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ പങ്കുവച്ച  ചില കാര്യങ്ങള്‍ മനുഷ്യത്വം  നഷ്ടപ്പെടുന്നു  എന്ന  വ്യാകുലതയ്ക്ക്  അടിസ്ഥാനമില്ല എന്നതിന്  തെളിവായിരുന്നു. ഒരു ഗ്രാമത്തില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായി. ചില വീടുകള്‍  ഒഴുകിപ്പോയി. ചിലത് നാശാവസ്ഥയിലുമാണ്. വളരെ പാവപ്പെട്ട ഒരു വൃദ്ധദമ്പതികള്‍ താമസിക്കുന്ന വീടും തകരാവുന്ന അവസ്ഥയിലാണ്. എന്നാല്‍ തകര്‍ന്നിട്ടില്ല. അതില്‍ താമസിക്കുന്ന ഇവര്‍ക്ക് എപ്പേള്‍ വേണമെങ്കിലും ജീവഹാനി സംഭവിക്കാം. അടുത്ത ദിവസം ഉന്നതാധികാരികല്ള്‍ നഷ്ടം വിലയിരുത്താനായി സ്ഥലം സന്ദര്‍ശിക്കും. ആ വിലയിരുത്തലില്‍ ഈ വീട് ഉള്‍പ്പെടില്ല  എന്നതുറപ്പ്. ഉദ്യോഗസ്ഥ സുഹൃത്ത്  ഒരു സാഹസത്തിന്  മുതിര്‍ന്നു. അവരെ അവിടെനിന്നും ഒഴിപ്പിച്ച ശേഷം മറ്റു ചില സുഹൃത്തുക്കളുടെ സഹായത്തോടെ നനഞ്ഞു കുതിര്‍ന്ന വീടിന്‍റെ ഒരു ഭാഗം  ഇടിച്ചിട്ടു. അതുവഴി വീടുകെട്ടാനുള്ള പണം അവര്‍ക്ക്  സര്‍ക്കാരില്‍ നിന്നും ലഭിച്ചു. ഇതൊരു നിയമലംഘന പ്രശ്നമായി വേണമെങ്കില്‍ കാണാം,പക്ഷെ മാനുഷിക പ്രശ്നമെന്ന നിലയില്‍  മൂല്യവത്തായ പ്രവര്‍ത്തനമായി  മാത്രമെ ഇതിനെ മനുഷ്യത്വമുള്ളവര്‍ക്ക് വിലയിരുത്താന്‍ കഴിയൂ. മനുഷ്യത്വത്തെ പണം അപഹരിക്കുന്ന ആസുരകാലത്തെ വെളിച്ചമായി മാത്രം നമുക്കിതിനെ  കാണാം.
ഒരു വനിത വില്ലേജ് ഓഫീസര്‍ പറഞ്ഞ സംഭവം ഇങ്ങിനെ. ഒരു സ്ത്രീ  ഒരിക്കല്‍ ഓഫീസില്‍ വന്നു. തെങ്ങുകയറ്റത്തൊഴിലാളിയായ  ഭര്‍ത്താവ് മരത്തില്‍  നിന്നു വീണ് കിടപ്പാണ്. അയാളുടെ ചികിത്സയ്ക്കുള്ള സര്‍ക്കാര്‍  സാമ്പത്തിക സഹായത്തിനായാണ്  അവര്‍ വന്നത്. അവരോട് കൂടുതലായി സംസാരിച്ചപ്പോള്‍ അവര്‍ എത്തിനില്‍ക്കുന്ന  ദുരിതാവസ്ഥ ആ ഓഫീസര്‍ മനസ്സിലാക്കി. അവര്‍ നായര്‍ സമുദായത്തില്‍ പെട്ട  സ്ത്രീയാണ്. താണജാതിയില്പെട്ട തെങ്ങുകയറ്റക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പു കാരണം നാട്ടില്‍ നില്‍ക്കാന്‍  കഴിയാതെ അവര്‍ അന്യ നാട്ടില്‍ വന്നു ജീവിക്കുകയായിരുന്നു. ഒരു കുട്ടിയുമുണ്ട്. അപ്പോഴാണ് ദുരന്തമുണ്ടാകുന്നത്. മരിക്കാനായുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പുള്ള  ഒരന്വേഷണത്തിലായിരുന്നു അവര്‍. ജീവിതം മികച്ച ഒരു ദാനമാണെന്നും  വേണ്ട വിധം വിനിയോഗിക്കണമെന്നും   തൊഴിലന്വേഷിക്കണമെന്നുമുള്ള  ഉപദേശം അവര്‍ക്ക്  നല്‍കി  ഈ ഉദ്യോഗസ്ഥ. അത് അവരില്‍ ഒരൂര്‍ജ്ജം  പകര്‍ന്നു. അവര്‍ തൊഴിലന്വേഷിച്ചു. ഒടുവില്‍ ഒരു ലെതര്‍ കടയിലെ ജോലിക്കാരിയായി, അതോടെ ജീവിതം മാറിമറിഞ്ഞു. നമ്മള്‍ തിരക്കുകളുടെ പിന്നാലെ ഓടുമ്പോള്‍ അല്‍പ്പ സമയം ഒരു സാന്ത്വനവാക്കിനായി മാറ്റി വയ്ക്കുമ്പോള്‍ അതൊരു വ്യക്തിക്ക്  പുതുജീവനാണ് നല്‍കുന്നതെന്ന ഓര്‍മ്മപ്പെടുത്തലാണ്  ഇത് നല്‍കുന്നത്.കേരളം ഒരുപാട് മാറിയെങ്കിലും കാരുണ്യവും സ്നേഹവും നഷ്ടമായിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കാന്‍  വക നല്‍കുന്നതാണ് ഈ അറിവനുഭവങ്ങള്‍.
സാധാരണഗതിയില്‍ കേരളത്തില്‍ സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന  വര്‍ഷാദ്യ മാസങ്ങള്‍  കനത്തചൂടില്‍  പൊള്ളുകയാണ്. സൂര്യതാപത്തിന്‍റെ മാറ്റുയര്‍ത്തും വിധം കോണ്‍ക്രീറ്റും ടാറും കൊണ്ട് മണ്ണിനെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്ന മലയാളി മനസ്സില്‍ ഒരാധിയായി ഈ ചൂട് പടരുമെന്നു കരുതാം. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതിനും മണ്ണില്‍ പാദം തൊടാതിരിക്കുന്നതിനും മത്സരിക്കുന്ന മലയാളി മനസ്സ് മറന്നുപോകുന്ന ഒന്നുണ്ട്, കേരളം കാര്‍ഷികവൃത്തികൊണ്ട് നേട്ടം കൊയ്ത ഒരു സംസ്ഥാനമായിരുന്നു എന്നതാണ് അധികം പഴക്കമില്ലാത്ത ആ ഓര്‍മ്മ.
ഒരുപാട് നഷ്ടങ്ങള്‍ സാംസ്ക്കാരിക കേരളത്തിനുണ്ടാക്കിയ ഒരു മാസം കൂടിയായിരുന്നു ഫെബ്രുവരി. മലയാളിയുടെ പ്രിയ കവി ഓ എന്‍വി, പ്രമുഖ കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍,ഛായാഗ്രാഹകന്‍  ആനന്ദക്കുട്ടന്‍,സംഗീത സംവിധായകന്‍ രാജാമണി,നടി കല്‍പ്പന, ഗായിക ഷാന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെ നഷ്ടങ്ങള്‍. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുന്നേറ്റങ്ങളില്‍ നഷ്ടങ്ങള്‍ തുടര്‍ക്കഥകളാണെങ്കിലും  അതുയര്‍ത്തുന്ന വേദന മറക്കാന്‍ അത്ര എളുപ്പമല്ല.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവ് എന്ന 21 ദിവസത്തെ ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ സമാന്തര ഫെസ്റ്റിവല്‍ ഇതാദ്യമായി കേരളത്തിലെത്തി എന്നതായിരുന്നു സാംസ്ക്കാരിക കേരളത്തിന് ലഭിച്ച ഒരു പ്രത്യേക വിരുന്ന്. ആറ് നാടകങ്ങളാണ് നവീകരിച്ച  ടാഗോര്‍ തീയറ്ററില്‍ അരങ്ങേറിയത്. ശ്രീലങ്കയും റുവാണ്ടയും ചേര്‍ന്നവതരിപ്പിച്ച  ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലി  എന്ന നാടകം ഏറെ ശ്രദ്ധേയമായി. രണ്ട് രാജ്യങ്ങളും ആഭ്യന്തരയുദ്ധത്തിന്‍റെ വേദനകള് പങ്കിട്ടവരാണ്. അതിന്‍റെ തീവ്രത ഒട്ടും ചോരാതെ വേദിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബംഗ്ലാദേശിന്‍റെ ആമിന സുന്ദരിയും  കര്‍ണ്ണാടകയുടെ മരനായകനും  ഒറീസ്സയുടെ ഗിനുവയും തൃശൂരിന്‍റെ കുഴിവെട്ടുന്നവരും ആസ്ട്രേലിയയുടെ  സ്റ്റോറീസ് ഐ വാണ്ട് ടു ടെല്‍ യൂ ഇന്‍ പേഴ്സണുമായിരുന്നു അവതരിപ്പിച്ച മറ്റു നാടകങ്ങള്‍.ലോകനാടക വേദിയുടെ ഒരു പരിപ്രേഷ്യമെന്ന് വിശേഷിപ്പിക്കാം ഈ വിരുന്നിനെ.
വായിച്ച  ലേഖനങ്ങളിലും  കഥകളിലും ഏറ്റവും ശ്രദ്ധേയമായി തോന്നിയത്  ഫാസിസത്തെക്കുറിച്ച് ഡോ.പി.സോമന്‍ ജീവരാഗത്തില്‍ എഴുതിയ ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുന്നു എന്ന ലേഖനമാണ്. അതില്‍ മാര്‍ട്ടിന്‍ നീമോളറുടെ വാക്കുകള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. അവര്‍ ആദ്യം കമ്യൂണിസ്റ്റുകളെ തേടി വന്നു.ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നെ അവര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ തേടി വന്നു.ഞാന്‍ നിശബ്ദത പാലിച്ചു. കാരണം ഞാനൊരു സോഷ്യല്‍ ഡമോക്രാറ്റായിരുന്നില്ല. പിന്നെ അവര്‍ ജൂതന്മാര്‍ക്കുവേണ്ടി വന്നു. ഞാനൊന്നും സംസാരിച്ചില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല.ഒടുവില്‍ അവര്‍ എന്നെത്തേടി വന്നപ്പോള്‍  എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല. വളരെ ശക്തമായ ഒരോര്‍മ്മപ്പെടുത്തലായി നാമിതിനെ കാണേണ്ടതുണ്ട്.
വാല്‍ക്കഷണം- മാലിന്യം പ്ലാസ്റ്റിക് ബാഗില്‍ കെട്ടി പൊതുസ്ഥലങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നവരില്‍ ഭൂരിപക്ഷവും വിലകൂടിയ വാഹനങ്ങളില്‍ വരുന്നവരാണ് എന്നു കാണുന്നത് ലജ്ജാകരമാണ്. ഇവര്‍ പണം കൊണ്ട് സമ്പന്നരാണ് ,എന്നാല്‍ സാംസ്ക്കാരികമായി പാമരന്മാരാണ്. സ്വന്തം വീട്, പറമ്പ്,വാഹനം,ഓഫീസ് തുടങ്ങി സ്വന്തങ്ങളില്‍ മാത്രം വ്യാപരിക്കുന്നവര്‍. സ്വശരീരത്തിലെ ശ്വാസം നിലയ്ക്കുമ്പോള്‍ ഇവര്‍ എവിടേക്ക് പോകും എന്നതാണ് സ്വയം ചോദിക്കേണ്ട ചോദ്യം.
-----------------------------



No comments:

Post a Comment