Friday 15 April 2016

katha -- Daivathintae thozhi

കഥ
ദൈവത്തിന്‍റെ തോഴി
                     -  വി.ആര്‍.അജിത് കുമാര്‍
       ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളില്‍ നിന്നും തലയാട്ടുന്ന പാവക്കുട്ടിയെ രശ്മി കൈയ്യിലെടുത്തു. അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം നിഴലിട്ടു നിന്നിരുന്നു. കളിക്കൂട്ടുകാരില്ലാത്ത രശ്മിക്ക് പാവകളും ഏകാന്തതയുമായിരുന്നു കൂട്ടുകാര്‍.മേശപ്പുറത്തിരിക്കുന്ന അഴകുള്ള വൃക്ഷത്തിന്‍റെ ശിഖരത്തില്‍ നൂല്‍കെട്ടി താഴെ കുരുക്കിടുകയായിരുന്നു അവള്‍.അതിനുശേഷം പാവക്കുട്ടിയെ കുരുക്കിലിട്ട് അവള്‍ തൂക്കി നിര്‍ത്തി പൊട്ടിച്ചിരിച്ചു.
സുമം ഈ കാഴ്ച കണ്ടുകൊണ്ടാണ് മുറിയിലേക്ക് പ്രവേശിച്ചത്. അവള്‍ കുറേ നേരം മകളെ നോക്കി നിന്നു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഇന്നലെ അമ്മ പറഞ്ഞില്ലെ തൂങ്ങി മരിക്കുന്നത് ഒരു രസമാണെന്ന്.പിന്നെന്തിനാ കരയുന്നേ,അവള്‍ ചോദിച്ചു.
ഒന്നുമില്ല മോളെ,അമ്മ വെറുതെ- ഓരോന്നോര്‍ത്ത്.. അമ്മ ഇപ്പം കുളിച്ചുവരാം, എന്നിട്ട് നമുക്കമ്പലത്തില്‍ പോകാം. മോള് വേഗം റഡിയാകണം കേട്ടോ,അവള്‍ കണ്ണീര്‍ തുടച്ച് എഴുന്നേറ്റു.മേശപ്പുറത്തിരുന്ന വിവാഹഫോട്ടോയിലേക്ക് നോക്കി അവള്‍ കുറേസമയം കണ്ണടച്ചു നിന്നു. കണ്ണില്‍ നിന്നും നീര്‍കണങ്ങള്‍ അടര്‍ന്നു താഴേക്കൊഴുകി.
പ്രഭാകരന്‍ നാട്ടില്‍ വന്നിട്ട് രണ്ടുവര്‍ഷത്തിലേറെയായി.ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ക്ക് കഴിഞ്ഞ യാത്രയില്‍ ഭാര്യയേയും കുട്ടിയേയും കാണണമെന്നുപോലും തോന്നിയില്ല.അതായിരുന്നു പ്രഭാകരന്‍. ആരെന്തുപറഞ്ഞാലും വിശ്വസിക്കുന്നവന്‍. അവന്‍ സുമയെക്കുറിച്ചും ചിലതൊക്കെ കേട്ടിരുന്നു. കേട്ടതൊക്കെ വിശ്വസിക്കുകയും ചെയ്തു. നാട്ടില്‍ പെങ്ങളുടെ വീട്ടില്‍ വരുകയും  തിരികെ പോവുകയും ചെയ്തപ്പോഴും വീടിനു ചുറ്റിലുമുള്ള പാദചലനങ്ങളും കതകിനുള്ള മുട്ടുകളും കേട്ട് ഭയന്ന് മകളെ മാറോടടുക്കി കിടക്കുകയായിരുന്നു സുമ.
പകല്‍ കണ്ടാല്‍ ചിരിക്കാത്ത പലരും രാത്രിയുടെ മറവില്‍ സുമയെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. ആ കറുത്ത ചിരി കാണാന്‍ അവള്‍ ആഗ്രഹിച്ചില്ല.പ്രഭാകരനുവേണ്ടി കാതോര്‍ത്തിരുന്നു.പക്ഷെ അയാള്‍ വന്നില്ല. കിഴക്ക് പ്രകാശത്തിന്‍റെ വെള്ളിരേഖകള്‍  തെളിയുമ്പോള്‍ മുതല്‍ രാത്രിയില്‍ ചുവപ്പിന്‍റെ പതനം വരെ സുമയ്ക്ക് ഒന്നിനേയും ഭയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇരുട്ടിന്‍റെ ചീവീടുകള്‍ നിരന്തരം ചിലക്കുമ്പോള്‍ ,കൂമന്‍ പരിഹസിച്ച് കൂവുമ്പോള്‍ അവളുടെ സ്വസ്ഥത നഷ്ടപ്പെടുകയായിരുന്നു. എങ്കിലും രശ്മിമോള്‍ക്കുവേണ്ടി അവള്‍ കഥ പറഞ്ഞു,ചിരിച്ചു.
രാത്രിയുടെ ചാഞ്ചല്യവും പകലിന്‍റെ കാപട്യവുമുള്ളവര്‍ അവള്‍ക്കെതിരെ അസ്ത്രങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി.പോര്‍ക്കളത്തില്‍ അവള്‍ ഒരു റാണിയെപോലെ നിന്നു പോരാടി. നിലനില്പ്പിനായുള്ള സമരം. വിരുദ്ധാശയങ്ങളുടെ ഏറ്റുമുട്ടലില്‍ നന്മ അടിയറവു പറയുന്ന കഥകളാണല്ലോ കൂടുതലും. ഇവിടെയും മറ്റെന്തു സംഭവിക്കാന്‍ !
ആഗ്രഹങ്ങള്‍ക്കൊത്ത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ത്രീയെ വെറുമൊരു പിണ്ഡമാക്കി മാറ്റാനുള്ള പുരുഷന്‍റെ കഴിവ് ഇവിടെയും പ്രകടമാക്കപ്പെട്ടു.രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാധീനങ്ങളിലൂടെ അവര്‍ സുമത്തിനെതിരെ അപമാനത്തിന്‍റെ  കൊടുങ്കാറ്റഴിച്ചു വിട്ടു. അതിനെ പ്രതിരോധിക്കാനുള്ള കെല്‍പ്പ് അവള്‍ക്കില്ലാതായി. എങ്ങുനിന്നും ഒരു സഹായഹസ്തം അവള്‍ക്ക് ലഭിച്ചില്ല.
ഒടുവില്‍ ജീവിതമാര്‍ഗ്ഗമായ തൊഴില്‍കൂടി നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിയപ്പോള്‍ ,പരസ്യമായിത്തന്നെ അവള്‍ പ്രഖ്യാപിച്ചു,ഞാനും എന്‍റെ മോളും ആത്മഹത്യ ചെയ്താലും ഒരാളുടെയും താത്പ്പര്യത്തിന് വഴങ്ങില്ല,ഇത് സത്യം,അവളുടെ വാക്കുകള്‍ ദൃഢമായിരുന്നു, പാറപോലെ ഉറച്ചതും. ചിലര്‍ അത് കാര്യമായെടുത്തു. മറ്റു ചിലര്‍ പുച്ഛിച്ചു തള്ളി.മറ്റൊരു കൂട്ടര്‍ അവരുടെ കൈകളിലേക്ക് സുമം വന്നുവീഴുന്ന നിമിഷം സ്വപ്നം കണ്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ജീവിക്കാനുള്ള പ്രേരണ എന്തായിരുന്നു എന്ന് ആരോടുചോദിച്ചാലും വ്യക്തമായ ഒരുത്തരം ലഭിക്കുകയില്ല. അതുപോലെ തന്നെ സംഭവിച്ചു സുമയുടെ കാര്യത്തിലും. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍,അവള്‍ ആഭരണങ്ങളും പഴയ പാത്രങ്ങളും വരെ വിറ്റ് ജീവിച്ചു. എന്നിട്ടും മാനം വില്ക്കുന്ന പെണ്ണായി മാറാന്‍ അവള്‍ തയ്യാറായില്ല. മഹത്വത്തിന്‍റെ നേര്‍ത്തരേഖകള്‍ അവളുടെ നെറ്റിയില്‍ നിഴലിട്ടുനിന്നിരുന്നു. അവള്‍ പകയോടെ മാത്രം സമൂഹത്തെ കണ്ടു. ആരോടും എതിര്‍ത്തുമാത്രം സംസാരിച്ചു. ഒടുവില്‍ ഭൂരിപക്ഷസമൂഹം വിധിയെഴുതി. സുമത്തിന് ഭ്രാന്താണ്, മുഴുഭ്രാന്ത്. ഭൂരിപക്ഷാഭിപ്രയത്തിന് മാത്രം വിലകല്പ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതി നാട്ടിലെ ഓരോ പൌരനേയും ഇത്തരത്തില്‍ സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുകയാണല്ലോ.
സുമം നാള്‍ക്കുനാള്‍ നിശബ്ദയാകുകയായിരുന്നു. ഒന്നു പൊട്ടിത്തെറിക്കാന്‍  വെമ്പുന്ന അഗ്നിപര്‍വ്വതത്തിന്‍റെ നിശബ്ദത.ഉള്ളില്‍ ലാവ ഉരുകിത്തിളയ്ക്കുകയായിരുന്നു. തിളച്ചൊഴുകുന്ന ലാവയില്‍ മനസ്സുരുകി ചാവുന്ന കുറെ ചപല ജീവികളുടെ രോദനം മാത്രം സ്വപ്നം കണ്ട് അവളുറങ്ങി.രശ്മിമോള്‍,അവള്‍ ഈ സമൂഹത്തില്‍ എന്തിനു വളരണം. അവളും ഒരു മാനിനെപ്പോലെ വേട്ടയാടപ്പെടുകയില്ലെ. ഉറക്കത്തില്‍ സ്വപ്നം കണ്ട് ചിരിക്കുന്ന കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് അവളില്‍ പലപ്പോഴും പ്രേരണയുണ്ടായി. വളര്‍ന്നുവരുന്ന അവള്‍ തീര്‍ച്ചയായും തന്നെക്കാളേറെ സഹിക്കേണ്ടിവരും എന്ന് സുമത്തിനറിയാം. പീഡിപ്പിക്കപ്പെട്ട മകളുടെ ചിത്രമാണ് ഉറക്കത്തില്‍ അവളിലെപ്പോഴുമുണ്ടാവുക. അതുകൊണ്ടുതന്നെ അവള്‍ ഉറക്കത്തെ ഭയന്നു. രാവും പകലും ഉറക്കാമില്ലാതിരുന്ന് അവളുടെ തല ചൂടുപിടിച്ചു.  ചൂടുപിടിച്ച തലയില്‍ പുതിയ പുതിയ കഥകള്‍ രൂപപ്പെട്ടു. അതെല്ലാം അവള്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തു. എല്ലാ കഥകളിലും രാജാവും രാജ്ഞിയും രാജകുമാരിയും മാലാഖയുമുണ്ടായിരുന്നു. അങ്ങിനെ അവളും സ്വപ്നലോകത്ത് ജീവിക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു. സുഖലോലുപനായ രാജാവ്.ചെറുപ്പകാലത്തുതന്നെ എല്ലാത്തരം സുഖങ്ങളും രാജാവ് അനുഭവിച്ചറിഞ്ഞു.രാജാവിന് ഒരു പുത്രനുണ്ടായിരുന്നു.അവന്‍ ബാല്യകാല വികൃതികള്‍ കാട്ടിനടക്കുന്ന കാലം.ഒരു ദിനം രാജാവ് സ്വന്തം കുട്ടിക്കാലം മുതലുള്ള തന്‍റെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ഓര്‍ത്തുനോക്കി.താന്‍ ചെയ്ത ക്രൂരതകള്‍ ഓരോന്നായി ഓര്‍ത്തെടുത്ത രാജാവ് ഒടുവില്‍ സ്വന്തം മനസ്സിനെ ശപിച്ചു. ദുഷ്ടതകള്‍ നിറഞ്ഞ മനസ്സാണ് എല്ലാ അസ്വസ്ഥതകള്‍ക്കും കാരണമെന്ന് രാജാവിന് തോന്നി.തന്‍റെ മകനും ഇതുപോലെയായിത്തീരും എന്ന ഭയവും രാജാവിനുണ്ടായി. രാജാവ് ഉടന്‍ തന്നെ മകനെ വിളിച്ചു വരുത്തി അവന്‍റെ ശിരസ്സ് ഛേദിച്ചു “,സുമം പറഞ്ഞു നിര്‍ത്തി.
പാവം രാജകുമാരന്‍,ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ടി വന്നല്ലോ, രശ്മിമോള്‍ പറഞ്ഞു. നിഷ്ക്കളങ്കമായ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാന്‍ സുമം അല്പ്പം പ്രയാസപ്പെട്ടു. എങ്കിലും അവള്‍ തുടര്‍ന്നു,മോള്‍ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. നമ്മളെല്ലാം ജീവിക്കുന്നത് ദൈവസന്നിധിയില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ്.വേഗം അവിടെ എത്തുന്നവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. രാജകുമാരന്‍ ദൈവത്തിന്‍റെ പ്രിയതോഴനായിരുന്നു. അതുകൊണ്ടാണ് ദൈവം അവനെ വേഗം തിരിച്ചുവിളിച്ചത്. മോള്‍ക്ക് ദൈവത്തിന്‍റെ തോഴിയാവാന്‍ ആഗ്രഹമില്ലെ?, അമ്മയുടെ ചോദ്യത്തിന്‍റെ പൊരുളറിയാതെ രശ്മിമോള്‍ ചിരിച്ചു. ദൈവത്തിന്‍റെ തോഴിയുടെ ചിരി.
നിയമത്തിന്‍റെ വാതിലുകളില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി മേലധികാരികള്‍ സുമത്തിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. സത്യസന്ധമായും കൃത്യമായും ജോലിചെയ്യുന്നതില്‍ താത്പ്പര്യമുള്ള അവള്‍ ദിവസവും ഓഫീസില്‍ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ പോലെയായിരുന്നു ജീവിതം. ഒരു വിള്ളല്‍ മതി പൊട്ടിത്തകരാന് എന്ന നിലയിലായിരുന്നു അവള്‍.
സഹപ്രവര്‍ത്തകരോട് സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കാന്‍ അവള്‍ മറന്നിരുന്നു. അവരില്‍ നിന്നുതന്നെ പഠിച്ച വെറുപ്പിന്‍റെ ഭാഷയാണ് ,ദ്വേഷത്തിന്‍റെ ഭാഷയാണ് പലപ്പോഴും സുമം ഉപയോഗിച്ചിരുന്നത്. അതില്‍ രോഷാകുലരായിരുന്ന അവര്‍ ഒരിക്കല്‍ ചെന്നായ്ക്കളെപോലെ അവള്‍ക്കുനേരെ ചാടുകയായിരുന്നു. സുമം,നീയൊരഭിസാരികയാണ്,ഓമന അവളോട് പറഞ്ഞതിങ്ങനെയാണ്. തിരിച്ചുപ്രതികരിക്കാനുള്ള ശക്തി ഏറെ ചോര്‍ന്ന ഒരു നിമിഷമായിരുന്നു. അവള്‍ നിര്‍ന്നിമേഷയായി ഓമനയെ നോക്കിനിന്നു.ഓമനയുടെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് നന്നായറിയുന്ന സുമം കണ്ണീരിനിടയിലും ചിരിച്ചുപോയി. ഇതുവരെ എല്ലാം സഹിച്ചുനിന്ന സുമത്തിന്‍റെ മനസ്സില്‍ ഒരു ചെറിയ സൂചികൊണ്ടതുപോലെയായിരുന്നു ഓമനയുടെ ജല്പനം. സുമത്തെ ജീവിതം തുടരുന്നതിലുള്ള വ്യര്‍ത്ഥത ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുകയായിരുന്നു ഓമന. കഥയിലെ രാജാവിന്‍റേതുപോലുള്ള ചിന്തകള്‍ അവളിലും കടന്നുകൂടി. ജീവിതത്തിലെ പലേ ക്രൂരതകളും അനുഭവിക്കാനായി ഈ ദുഷ്ട ജീവികള്‍ക്ക് എന്‍റെ മകളെ ഞാന്‍ വിട്ടുകൊടുക്കില്ല.അതവള്‍ ഉറപ്പിച്ചു.രശ്മിമോള്‍ക്ക് മരണത്തിന്‍റെ സുഖത്തേക്കുറിച്ചും വ്യര്‍ത്ഥമായ ജീവിതത്തെക്കുറിച്ചും ഹീനരായ മനുഷ്യരെക്കുറിച്ചും സുമം പറഞ്ഞുകൊടുത്തു. ഒടുവില്‍-- ഒടുവില്‍ പാവയുടെ മരണം കണ്ട് രശ്മി ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. അവള്‍ ദൈവത്തിന്‍റെ തോഴിയാവാന്‍ വ്യഗ്രത പൂണ്ടു.
സുമം മാനസ്സികരോഗിയാണെന്ന് നാട്ടുകാര്‍ മുദ്രകുത്തി. അവള്‍ക്കതില്‍ ദുംഖം തോന്നിയില്ല. മറ്റുള്ളവരില്‍ നിന്നും എന്തായാലും വ്യത്യസ്തയാണല്ലോ,നല്ലത്. നീ ഒരഭിസാരികയാണ് എന്ന ഓമനയുടെ വാക്കുകള്‍ കാതില്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. അതിനൊപ്പം ഓമനയുടെ പൂര്‍വ്വകാല ജീവിതവും .

അന്നും പതിവുപോലെ സുമം രശ്മിയോടൊപ്പം ക്ഷേത്രത്തില്‍ പോയി. ഏറെ നേരം പ്രാര്‍ത്ഥിച്ചു. എന്തൊക്കെയോ പ്രതിജ്ഞയെടുത്തപോലെ. അവിടെ നിന്നും മടങ്ങിയ സുമം അന്ന് ജോലിക്ക് പോയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ആ വീട് അടഞ്ഞു കിടന്നു. എന്നിട്ടും അയല്‍ക്കാരാരും ശ്രദ്ധിച്ചില്ല.  സ്വന്തം ജീവിതത്തില്‍ മാത്രം ഒതുങ്ങിക്കൂടുന്ന സങ്കുചിത മാനസ്സങ്ങള്‍ക്ക് ഒരു സുമവും രശ്മിയും പുല്‍ച്ചാടികള്‍ മാത്രമായിരുന്നു. പുല്ലില്‍ ചാടി നടക്കുന്ന കീടങ്ങള്‍.ഒരു ദിനം ചിലന്തിക്ക് ഭക്ഷണമാകുന്നു അല്ലെങ്കില്‍ പുല്ലില്‍ ചലനമറ്റ് കിടക്കുന്നുണ്ടാകും. സുമയും രശ്മിയും ദൈവത്തിന്റെ തോഴികളാവുകയായിരുന്നു. ചിറകുവച്ച് അവര്‍ പറന്നുയര്‍ന്നു. ഉയരത്തില്‍ ,ഭൂമിയും ആകാശവും സമ്മേളിക്കുന്നിടത്ത്, പ്രപഞ്ച രഹസ്യം അറിയാത്ത വിഡ്ഢികളില്‍ നിന്നകന്ന്,ദുഷിച്ച വായുവില്‍ നിന്ന്,ദുര്‍ഗന്ധം നിറഞ്ഞ നാലതിരുകളില്‍ നിന്നും അകലത്തേക്ക്, ശിരസ്സ് നഷ്ടപ്പെട്ട രാജകുമാരനെ പോലെ... 

No comments:

Post a Comment